വിമലഹൃദയ പ്രതിഷ്ഠ – ഏഴാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമാധാനത്തിനുള്ള ഒരു ദൗത്യത്തിന് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരുന്നു. ഓരോ മാസത്തേയും എന്റെ ശനിയാഴ്ച ദിവസം, നിങ്ങളുടെ അടുത്തെത്തി, നിങ്ങളെ ഒരുക്കുകയും സമാധാനത്തിന്റെ ഈ പദ്ധതിയിൽ നിങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കിത്തരുകയും ചെയ്യും.

പ്രിയമുള്ളവരേ, ഞാൻ ആവശ്യപ്പെട്ടതെല്ലാം നിങ്ങൾ ചെയ്തു തീർക്കണം. സമാധാനത്തിനായുള്ള എന്റെ സന്ദേശത്തിന്റെപൂർത്തീകരണസമയമാണ് ഇപ്പോൾ. എന്റെ തിരുന്നാൾ ദിവസങ്ങളിൽ പിതാവായ ദൈവത്തിനു നമ്മെത്തന്നെ കൂട്ടായി സമർപ്പിക്കാം. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ അപ്പോൾ എനിക്ക് അവസരം ലഭിക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ട ഇടയന്മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്, നമുക്ക് ഒത്തുകൂടാം . വിശുദ്ധിയുടെ വിത്ത് ഞാൻ നിങ്ങളിൽ നിക്ഷേപിക്കാം. അതു വളർന്നു കൃപയും പുണ്യവും പുറപ്പെടുവിക്കും.

വഴികാട്ടി

സമർപ്പണത്തിന്റെ പ്രധാനലക്ഷ്യം ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കുകയാണ്. നമ്മുടെ അമ്മ അതിനുവേണ്ട കൃപ നല്കുന്നു. ഈ കൃപ സ്വീകരിക്കാൻ നാം ഒരുങ്ങിയിരിക്കണം. ഒരുക്കമില്ലെങ്കിൽ കൃപ അപൂർണ്ണമായിരിക്കും. വലിയ അളവ്, ചെറിയ പാത്രം ഉൾക്കൊള്ളുകയില്ലല്ലോ. ഈ കൃപയുടെ ലക്ഷ്യം നിങ്ങൾ മനസിലാക്കണം. എല്ലാ കൃപകൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ ; ദൈവത്തിന്റെ മഹത്വമാണത്.

പ്രവൃത്തിപഥം

നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ വിശുദ്ധിയിലെത്തിയില്ലെങ്കിൽ നിരാശപ്പെടേണ്ട. അപൂർണ്ണതകൾ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിച്ചാൽ മാത്രം മതി. നിരാശ സാത്താന്റെ സൃഷ്ടിയാണ്. പൂർണ്ണത ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്താൽ മതി. ദൈവാനുഗ്രഹം തീർച്ചയായും പുറകേ എത്തും. നാം നിരാശരാകരുത്. സമർപ്പണം ഉറപ്പുനല്കുന്ന ഒരു നിത്യമായ ബന്ധമുണ്ട്. ഉണ്ടാകട്ടെ എന്നു ദൈവം കല്പിക്കുമ്പോൾ അത് ഉണ്ടാകുകതന്നെ ചെയ്യും. സമർപ്പിതർ ദൈവത്തിന്റെ സ്വന്തമാണ് .

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയമേ, എന്നെ ഞാൻ അങ്ങേയ്ക്കു സമർപ്പിച്ചപ്പോൾ ലഭിച്ച ആത്മീയ പ്രകാശം കൂടുതൽ കൃപയിലേക്ക് എന്നെ നയിക്കുവാൻ സഹായിക്കേണമേ. അമ്മ ചെയ്തതുപോലെ ഞാനും ദൈവേഷ്ടം അന്വേഷിച്ചു കണ്ടെത്തട്ടെ!. ദൈവേഷ്ടം അറിഞ്ഞ ഞാൻ അതു പൂർണ്ണമായും നിറവേറ്റട്ടെ !. ലോകത്തിന്റെ എല്ലാ ബന്ധനങ്ങളിൽനിന്നും എന്നെ മോചിപ്പിക്കേണമേ. കുരിശിനെ സന്തോഷത്തോടെ ആലിംഗനം ചെയ്യാൻ ഇടയാക്കണമേ. വിമല ഹൃദയത്തിന്റെ വിജയത്തിനായുള്ള യുദ്ധത്തിൽ ഞാൻ എപ്പോഴും അങ്ങയോടൊപ്പമായിരിക്കാനും വിജയം ഉറപ്പുവരുത്തുവാനും എന്നെ സഹായിക്കണമേ.

വചനം

“ അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച് , അവമാനം വകവയ്ക്കാതെ , കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ”

( ഹെബ്ര. 12 : 2 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

വിചാരത്തിൽ

ഈശോയുടെ ശാന്തത എനിക്കും വേണം എന്ന് ആഗ്രഹിക്കുന്നു.

വാക്കിൽ

“ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ’. (മത്താ 11:29) എന്ന് 3 പ്രാവശ്യം ആവർത്തിക്കും.

പ്രവർത്തിയിൽ

ലോകസമാധാനത്തിനായി 10 മിനിറ്റ് സമയം സുവിശേഷം വായിക്കും.

ഉപേക്ഷ വരുത്താതെ

സ്നേഹം കോപിക്കുന്നില്ല. (1 കോറി 13.5) എന്ന വചനം ചൊല്ലിക്കൊണ്ട് കൊണ്ട് ദേഷ്യം തോന്നുന്ന അവസരങ്ങളെ ഇന്ന് ജയിക്കും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!