പരിശുദ്ധ കന്യകാമറിയം നല്‌കുന്ന സന്ദേശം
“പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, വിമല ഹൃദയത്തോടുള്ള പ്രതിഷ്ഠ ഞാൻ പറയുന്നതു പോലെയാണ് ചെയ്യേണ്ടത്. പ്രതിഷ്ഠാ വാക്കുകൾ ഉച്ചരിക്കുന്നതു കൊണ്ട് പ്രതിഷ്ഠയാവുകയില്ല; പ്രവൃത്തികൊണ്ടാണ് പ്രതിഷ്ഠ നടത്തേണ്ടത്. ഈ വ്യത്യാസം നിങ്ങൾ മനസ്സിലാക്കുന്നതിനാൽ ഞാൻ ആഹ്ലാദിക്കുന്നു. ഞാൻ വ്യക്തമാക്കട്ടെ, നിങ്ങളുടെ ഹൃദയങ്ങളാണ് നിങ്ങളുടെ ആത്മാവിന്റെ ജനാലകൾ. പ്രവൃത്തിയിലൂടെയുള്ള സമർപ്പണം ഈ ജനാല തുറക്കുന്നു. നിങ്ങളുടെ ആത്മാവ് ഒരു സ്‌ഫടികം ആണ്. ദൈവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ദൈവം തന്നെയാണ് ആ ആത്മാവിനു രൂപവും ഭാവവും നല്കിയത്. സ്ഫടികത്തിൽ അശുദ്ധി ഉണ്ടെങ്കിൽ ദൈവമഹത്വം പ്രതിഫലിക്കില്ല. അശുദ്ധി മാറ്റി ആത്മാവിന് ശുദ്ധി കൊടുക്കുവാൻ നിങ്ങൾ പ്രാർത്ഥിക്കുവിൻ. പ്രാർത്ഥന എല്ലാ അശുദ്ധിയും അലിയിച്ചു കളയുന്നു. പ്രിയമുള്ളവരേ, ശ്രദ്ധിക്കുക, എന്റെ ഹൃദയത്തിലേക്ക് നോക്കുക. ശ്രദ്ധിച്ച് നോക്കുമ്പോൾ അവിടെ പരിശുദ്ധത്രീത്വത്തെ മാത്രമേ നിങ്ങൾ കാണുകയുള്ളു. നിങ്ങളിലേക്ക് ദൈവസാന്നിധ്യം പ്രതിഫലിപ്പിക്കുവാൻ മാത്രമേ എന്റെ ഹൃദയത്തിനു കഴിയുകയുള്ളു. എന്റെ കുഞ്ഞുങ്ങളേ ശ്രദ്ധിക്കൂ! ദൈവത്തിന്റെ പ്രകാശം സ്വീകരിക്കുവാൻ നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുവിൻ; ദൈവത്തെ മാത്രം പ്രതിഫലിപ്പിക്കുവിൻ’.
വഴികാട്ടി
നമ്മുടെ അമ്മയുടെ ദൗത്യം മഹത്തായ വിജയമാണ് ലക്ഷ്യം വയ്ക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് അമ്മ നിങ്ങളെ ക്ഷണിക്കുന്നു. ദൗത്യം ആരംഭിക്കുന്നതു തന്നെ നാം മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുമ്പോൾ ആണ്. നമ്മെ നാം പ്രതിഷ്‌ഠിക്കുമ്പോൾ, വിശുദ്ധിയിലേക്കുള്ള മാതാവിന്റെ വിളി നാം സ്വീകരിക്കുന്നു. നമ്മിൽ തന്നെയും ലോകത്തിലും സമാധാനം സ്ഥാപിക്കാനുള്ള ക്ഷണം നാം ഏറ്റെടുക്കുന്നു. ഈ ക്ഷണം വ്യക്തിപരമായ മാറ്റത്തിനുള്ളതാണ്- ആത്മാവിന്റെയും ഹൃദയത്തിന്റെയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുവാൻ ഈ മാറ്റം സഹായിക്കുന്നു.
അമ്മ മുകളിൽ സൂചിപ്പിച്ചതുപോലെ പ്രതിഷ്ഠ ഒരു പ്രവൃത്തിയാണ്. പ്രവൃത്തി ഇതാണ്; നമ്മുടെ ഹൃദയങ്ങളെ മാതാവിന്റെ ഹൃദയത്തിലൂടെ അവിടുത്തെ പുത്രനുമായി നാം ബന്ധിക്കുന്നു. ഈ സംയോജനം പ്രത്യേകമായി നല്‌കപ്പെടുന്ന വരപ്രസാദത്തിലൂടെയാണ് സംഭവിക്കുന്നത്.
പ്രവൃത്തിപഥം
പ്രാർത്ഥനയാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം സൃഷ്ടിക്കുന്നത്. ഈ ഐക്യത്തിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് ദൈവം വരുന്നു. ദൈവത്തോട് നാം ഒന്നായി ചേരുന്നു. പ്രാർത്ഥനയിലൂടെ എല്ലാ അശുദ്ധിയും ദൈവത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ദൈവം അവയെ മാറ്റി ശുദ്ധമാക്കുന്നു. ആത്മാവിൽ സമാധാനം ഉണ്ടാകുന്നത്, ദൈവസാന്നിധ്യത്താൽ അത് നിറയപ്പെടുമ്പോഴാണ്. ആദ്യമായി നാം ദൈവവുമായി ഐക്യപ്പെടണം; അപ്പോൾ നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിനു കഴിയും.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എന്റെ ആത്മാവിന്റെ ജനാല തുറക്കുവാനും ആത്മാവ് നിർമ്മലമാകുവാനും എന്നെ സഹായിക്കേണമേ. എന്റെ ആത്മാവിന്റെ അശുദ്ധിയെല്ലാം കഴുകി മാറ്റിക്കളയണമേ. എന്റെ മാനസാന്തരവും, സമർപ്പണവും, സാക്ഷ്യവും വഴി ദൈവത്തിന് മഹത്വമുണ്ടാകട്ടെ! സ്നേഹമുള്ള അമ്മേ, ഞാൻ ഇപ്പോൾ ഉച്ചരിക്കുന്ന വാക്കുകൾ എല്ലാം ഫലമണിയാൻ ഇടയാകണമേ. എന്റെ ഹൃദയത്തെ തുറക്കേണമേ. അമ്മയുടെ മഹത്തായ വിജയത്തിന്റെ അടയാളമായി അത് ലോകത്തിൽ കാണപ്പെടട്ടെ! ആമ്മേൻ.
വചനം
“പിന്നെയോ, അവർ സ്വർഗ്ഗദൂതന്മാരെപ്പോലെയായിരിക്കും.” (മത്താ 22:30)
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: ഇമ്മാനുവേൽ-ദൈവം എന്നോട് കൂടെ ഉണ്ട് എന്ന് ഇപ്പോൾ ഓർക്കുന്നു.
- വാക്കിൽ: ‘ദാവീദിന്റെ പുത്രനായ യേശുവേ, പാപിയായ എന്നിൽ കനിയേണമേ’ (മർക്കോ 10:47) എന്ന് 10 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: ഈശോയോട് കൂടെ വീട്ടിലെ പ്രാർത്ഥനാസ്‌ഥലം വൃത്തിയാക്കും.
- ഉപേക്ഷ വരുത്താതെ: ശുദ്ധീകരണസ്‌ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി ഇഷ്ടമുള്ള ഒരു ഭക്ഷണം ഉപേക്ഷിക്കും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
