ദാഹിച്ചു നിന്നെ ഞാൻ തേടുന്നൂ….

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു  പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു  ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം.  കോവിഡ് രോഗബാധയുടെ  പശ്ചാത്തലത്തിൽ അനേകർക്കു ‌ ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാതെ വരികയും അവർ ഓൺലൈൻ  കുർബാനകൾ കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുന്ന ഇന്നത്തെ  സാഹചര്യത്തിൽ     ഏറെ  ചർച്ചചെയ്യപ്പെട്ട ഒരു വിഷയവുമാണ്   ഇത്.

എന്താണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം? ലളിതമായി പറഞ്ഞാൽ  നമ്മുടെ ആത്മാവിൽ ദിവ്യകാരുണ്യയേശുവിനെ  സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹത്തിൻറെ ബഹിർസ്ഫുരണമാണത്. വിശുദ്ധ തോമസ് അക്വിനാസ് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തെ  നിർവചിക്കുന്നത് ഇപ്രകാരമാണ്;   ‘ദിവ്യകാരുണ്യത്തിൽ  യേശുവിനെ സ്വീകരിക്കാനുള്ള  തീവ്രമായ അഭിലാഷവും  യേശുവിനെ സ്വീകരിച്ചുകഴിഞ്ഞാലെന്നപോലെയുള്ള  സ്നേഹാലിംഗനവുമാണത്’.

വിശുദ്ധ ജോൺ മരിയ വിയാനി പറയുന്നത്, ആത്മാവിനെ സംബന്ധിച്ചിടത്തോളം കെടാൻ പോകുന്ന തീയുടെ ചാരം മൂടിയ കനലുകൾ ഊതിക്കത്തിക്കുന്നതുപോലെയുള്ള ഒരു പ്രവൃത്തിയാണ് അതെന്നാണ്. യേശുവിനോടുള്ള  ആത്മബന്ധം തണുത്തുപോകുന്ന  വേളകളിൽ  അതിനെ ഉജ്ജ്വലിപ്പിക്കാൻ അരൂപിയിലുള്ള ദിവ്യകാരുണ്യം സഹായിക്കും. എപ്പോഴൊക്കെ   പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് യേശുവിനെ തിരുവോസ്തിയുടെയും  തിരുരക്തത്തിൻറെയും രൂപത്തിൽ സ്വീകരിക്കാൻ നമുക്കു  കഴിയാതെ പോകുന്നുവോ അപ്പോഴൊക്കെ അതിനു പകരമായി അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തെ ആശ്രയിക്കാം എന്നും അദ്ദേഹം പറയുന്നു,

വിശുദ്ധ ജോസ് മരിയ എസ്ക്രിവ   പറയുന്നു; ‘  അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു   കൃപയുടെ വലിയൊരു  സ്രോതസാണ്!  നിങ്ങളുടെ ജീവിതത്തിൽ ദൈവാനുഭവവും  ദൈവൈക്യബോധവും  വർധമാനമാകുവാനായി അത് ഇടയ്ക്കിടെ ചെയ്യുക. യേശുവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നു  പറയാൻ ഒരിക്കലും മറക്കരുത്, നമ്മോടൊത്തായിരിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന  യേശുവിനെതിരായി  നടത്തപ്പെടുന്ന  എല്ലാ  നിന്ദാപമാനങ്ങൾക്കും പരിഹാരമായി  ദിവസത്തിൽ ഒരു തവണയെങ്കിലും അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം  കാഴ്ചവയ്ക്കുക’.

വിശുദ്ധ തോമസ് അക്വിനാസിനെയും  വിശുദ്ധ അൽഫോൻസ്  ലിഗോരിയെയും  പോലുള്ള ദൈവശാസ്ത്രജ്ഞർ പറയുന്നത്  പരിശുദ്ധകുർബാനയിൽ യേശുവിനെ യഥാർത്ഥമായി സ്വീകരിക്കുന്നതിനു  സമാനമായ ഫലമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം കൊണ്ടും ലഭിക്കുന്നതെന്നാണ്. എന്നാൽ അതു  നമ്മുടെ ആത്മാവിൻറെ അവസ്ഥയെയും  ( വരപ്രസാദാവസ്ഥയിലായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്)  എത്ര തീക്ഷ്ണതയോടെയാണോ യേശുവിനെ തേടുന്നത് എന്നതിനെയും  എത്ര സ്നേഹത്തോടെയാണ്  നാം അവിടുത്തെ സ്വാഗതം ചെയ്യുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. യഥാർത്ഥത്തിലുള്ള ദിവ്യകാരുണ്യ സ്വീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ  അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനു  പരിമിതികളില്ല.   അത് ഒരു ദിവസം തന്നെ  എത്ര തവണ വേണമെങ്കിലും നടത്താവുന്നതാണ്.

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിന് അനുയോജ്യമായ നിരവധി പ്രാർത്ഥനകളിൽ നിന്ന്  ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാവുന്നതാണ്.  വിശുദ്ധ അൽഫോൻസ് ലിഗോരി ശുപാർശ ചെയ്യുന്നതു  താഴെക്കൊടുത്തിരിക്കുന്ന പ്രാർത്ഥനയാണ്.

‘എൻറെ യേശുവേ, ദിവ്യകാരുണ്യത്തിൽ  അങ്ങു സന്നിഹിതനാണെന്നു ഞാൻ സത്യമായും വിശ്വസിക്കുന്നു. ഞാൻ എല്ലാറ്റിനേക്കാളും ഉപരിയായി അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് എൻറെ ആത്മാവിൽ എഴുന്നള്ളിവരാൻ ഞാൻ ആഗ്രഹിക്കുന്നു.  കൂദാശയിൽ  അങ്ങയെ സ്വീകരിക്കാൻ എനിക്കു  സാധിക്കായ്കയാൽ  അങ്ങ് ആത്മീയമായെങ്കിലും എൻറെ ഹൃദയത്തിൽ  എഴുന്നള്ളിവരണമേ. അങ്ങ് എൻറെ  ഹൃദയത്തിൽ സന്നിഹിതനാണെന്നതുപോലെ ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും  എന്നെ  പൂർണ്ണമായും അങ്ങയോട്  ഐക്യപ്പെടുത്തുകയും ചെയ്യുന്നു.  അങ്ങയിൽ നിന്നു  വേർപിരിയാൻ  എന്നെ ഒരിക്കലും അനുവദിക്കരുതേ. ആമേൻ’. 

കോവിഡ് പകർച്ചവ്യാധിയുടെ  പശ്ചാത്തലത്തിൽ  പലരുടെയും മനസിലേക്കു  കടന്നുവന്നിട്ടുള്ള ഒരു ചിന്തയാണു   ദൈവാലയത്തിൽ പോയി  പരിശുദ്ധകുർബാനയിൽ പങ്കെടുത്ത്  അപ്പത്തിൻറെയും വീഞ്ഞിൻറെയും സാദൃശ്യത്തിൽ യേശുവിനെ സ്വീകരിക്കുന്നതിനു  പകരമുള്ള ഒരു സംവിധാനമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം എന്നത്.  ദിവ്യകാരുണ്യം നേരിട്ടു  സ്വീകരിക്കുന്നതിനു പകരം ഉപയോഗിക്കാനുള്ള  ഒരു  കുറുക്കുവഴിയല്ല  അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം. എന്തെങ്കിലും കാരണവശാൽ പരിശുദ്ധകുർബാന നേരിട്ടു  സ്വീകരിക്കാൻ സാധിക്കാതെ വരുമ്പോൾ അരൂപിയിൽ  യേശുവിനെ സ്വീകരിക്കാൻ സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നു.  എന്നാൽ അതിനേക്കാൾ കൂടുതലായി നാം മനസിലാക്കേണ്ട വസ്തുത  പരിശുദ്ധകുർബാനയിൽ  പങ്കെടുത്താലും  ഇല്ലെങ്കിലും, നമുക്കു  നമ്മുടെ സമയവും സൗകര്യവും അനുസരിച്ചു  ദിവസത്തിൽ എത്ര തവണ വേണമെങ്കിലും  ദിവ്യകാരുണ്യനാഥനെ  ആത്മനാ സ്വീകരിക്കാൻ .കഴിയും എന്നതാണ്. യേശുവിൻറെ വിശുദ്ധ തെരേസ പറയുന്നു. ‘ നിങ്ങൾ പരിശുദ്ധ  കുർബാനയിൽ പങ്കെടുക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും ഇരിക്കുമ്പോൾ  അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിക്കുക എന്നതു   വളരെയധികം  ഗുണകരമായ ഒരു ശീലമാണ്. അതുവഴിയായി  ദൈവസ്നേഹം നിങ്ങളിൽ കൂടുതൽ കൂടുതലായി  വർഷിക്കപ്പെടും’.

 സഭ വലിയ പീഡനങ്ങളിൽകൂടി കടന്നുപോയ്‌ക്കൊണ്ടിരുന്ന കാലഘട്ടങ്ങളിൽ, പരിശുദ്ധകുർബാനകൾ പരസ്യമായി അർപ്പിക്കാനോ  വിശ്വാസികൾക്ക് ഒരുമിച്ചുകൂടി പ്രാർത്ഥിക്കാനോ  സാധിക്കുമായിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ നിലനിർത്തിയത് അരൂപിയിലുള്ള  ദിവ്യകാരുണ്യ സ്വീകരണമായിരുന്നു. ഏതാനും പതിറ്റാണ്ടുകൾ മുൻപു  വരെ സോവിയറ്റു യൂണിയനിലും കിഴക്കൻ യൂറോപ്പിലെ  കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും  ദീർഘകാലം  പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ  സാധിക്കാതിരുന്ന   ക്രിസ്ത്യാനികളുടെ ഏക ആശ്രയവും  അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണമായിരുന്നു.

അനേകം വിശുദ്ധർ   സാധിക്കുമ്പോഴൊക്കെ അരൂപിയിലുള്ള  ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു എന്നു  നമുക്കറിയാം.  വിശുദ്ധ ജോൺ പോൾ  രണ്ടാമൻ പാപ്പാ 2003ൽ  പുറപ്പെടുവിച്ച  Ecclesia de Eucharistia  എന്ന ചാക്രികലേഖനത്തിൽ ഈ  വിഷയത്തേക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ദിവ്യകാരുണ്യത്തിൽ യേശുവിനെ സ്വീകരിക്കാനുള്ള  നിരന്തരമായ അഭിനിവേശം പരിശീലിക്കേണ്ടതിൻറെ  മൂലകാരണം  ദിവ്യകാരുണ്യത്തിൻറെ  പരമമായ സമ്പൂർണ്ണത തന്നെയാണെന്നാണ്.. എല്ലാ മാനുഷികാഭിലാഷങ്ങളുടെയും അന്തിമലക്ഷ്യം അതുതന്നെയാണല്ലോ’. 

പലർക്കും അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം ഒരു അനുഭവമാകുന്നില്ല. അതിനുകാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ നാം ചെന്നത്തുന്നത് അവർക്ക് ദിവ്യകാരുണ്യം  നേരിട്ടു  സ്വീകരിക്കുന്നതും  അനുഭവമാകുന്നില്ല എന്ന വസ്തുതയിലാണ്.  അതാകട്ടെ തക്കതായ  ഒരുക്കമില്ലാതെയോ, അല്ലെങ്കിൽ അയോഗ്യതയോടെയോ, അതുമല്ലെങ്കിൽ അശ്രദ്ധമായോ  പരിശുദ്ധകുർബാനയെ സമീപിക്കുന്നതാണ്.  

വിശുദ്ധ പാദ്രേ  പിയോ എങ്ങനെയാണ് പരിശുദ്ധ കുർബാനയെ സമീപിച്ചിരുന്നത് എന്ന് അദ്ദേഹം തന്നെ വിവരിക്കുന്നതു  നോക്കുക.  ‘ ഓരോ പ്രഭാതത്തിലും ദിവ്യകാരുണ്യത്തിൽ  യേശുവിനോട് ഒന്നായിച്ചേരുന്നതിനു മുൻപു തന്നെ ഏതോ ഒരു മഹാശക്തി എൻറെ ഹൃദയത്തെ അവിടേയ്ക്ക്  ആകർഷിക്കുന്നതായി എനിക്ക് അനുഭപ്പെട്ടിരുന്നു. യേശുവിനെ സ്വീകരിക്കാൻ എനിക്കുണ്ടായിരുന്ന ദാഹവും വിശപ്പും  കണക്കിലെടുത്താൽ  ഞാൻ ആകാംക്ഷ കൊണ്ടു   മരിച്ചുപോകാത്തതാണ് അത്ഭുതം. ബലിയർപ്പിക്കാനായി ഞാൻ തിടുക്കത്തിൽ എത്തുമായിരുന്നു. പരിശുദ്ധ കുർബാന  സമാപിച്ചതിനുശേഷവും  യേശുവിനു നന്ദി പറയാനായി ഞാൻ അവിടുത്തോടൊപ്പം സമയം ചെലവഴിച്ചിരുന്നു. കൂദാശയായി അവിടുത്തെ സ്വീകരിച്ചുകഴിഞ്ഞതിനുശേഷവും  എൻറെ ദാഹവും വിശപ്പും ഒട്ടും കുറഞ്ഞിരുന്നില്ല എന്നു  മാത്രവുമല്ല  യേശുവിനെ വീണ്ടും സ്വീകരിക്കാനുള്ള ആഗ്രഹം എൻറെ ഹൃദയത്തിൽ   വർധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഓ, സ്വർഗവുമായി  ഞാൻ ഇന്നു  പ്രഭാതത്തിൽ നടത്തിയ സംഭാഷണം  എത്ര മധുരമായിരുന്നു!  എൻറെ ഹൃദയവും യേശുവിൻറെ  ഹൃദയവും  ഒന്നായി ‘ഉരുകിച്ചേർന്നിരുന്നു’ എന്നു  പറയുമ്പോൾ നിങ്ങൾ ആ വാക്കുകൾ പ്രയോഗിച്ചതിനു എന്നോടു  ക്ഷമിക്കുക. അവ  വേറിട്ടു  മിടിക്കുന്ന  രണ്ടു ഹൃദയങ്ങളല്ല, ഒരേയൊരു  ഹൃദയം  തന്നെയായിരുന്നു. സമുദ്രത്തിൽ ഒരു തുള്ളിവെള്ളം എന്നതുപോലെ എൻറെ ഹൃദയം  അപ്രത്യക്ഷമായി’.

വിശുദ്ധ പാദ്രേ പിയോയെപ്പോലെ  യേശുവിനായി കാത്തിരിക്കുന്ന ഹൃദയങ്ങൾക്കേ  അരൂപിയിലുള്ള  ദിവ്യകാരുണ്യ സ്വീകരണത്തിൻറെ  (നേരിട്ടുള്ള ദിവ്യകാരുണ്യസ്വീകരണത്തിൻറെയും) ഫലം  ലഭിക്കുകയുള്ളൂ..   അതിനായി പാദ്രേ പിയോയും മറ്റനേകം വിശുദ്ധരും ചെയ്തതുപോലെ തീക്ഷ്ണമായി  യേശുവിനെ തേടുക. തീർച്ചയായും അവിടുന്നു  നമ്മുടെ ഹൃദയത്തിലും എഴുന്നള്ളിവരും.

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണത്തിനായി  വിശുദ്ധരെ അനുകരിച്ചു   നമുക്കും  പ്രാർത്ഥിച്ചൊരുങ്ങാം.  ദിവ്യകാരുണ്യയേശുവിനെ കൂദാശയിൽ സ്വീകരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക. അതിനു സാധിക്കാതെവരുമ്പോൾ മാത്രമല്ല നമുക്കു  സമയം കിട്ടുമ്പോഴൊക്കെ  അരൂപിയിൽ  അവിടുത്തെ സ്വീകരിക്കാനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുക. ഓർക്കുക, ഇത് ഒരു വഴിപാടായി ചൊല്ലിത്തീർക്കേണ്ട പ്രാർത്ഥനയല്ല.  ഹൃദയത്തിൽ യേശു എഴുന്നള്ളിവരാനുള്ള തീവ്രമായ ആഗ്രഹത്തോടെയാണ് അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി  നാം ഒരുങ്ങേണ്ടത്.

‘ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ 

സ്വർഗം തുറന്നിറങ്ങി നീ  വരണേ’

എന്നു  പ്രാർത്ഥിക്കുമ്പോൾ  യേശു നമ്മുടെ ഹൃദയത്തിലേക്ക് ഇറങ്ങിവരിക തന്നെ ചെയ്യും.  വരാനിരിക്കുന്ന മഹാപീഡനങ്ങളുടേയും  മഹാമാരികളുടെയും കാലത്ത്  വിശ്വാസത്തിലും  കൃപയിലും പിടിച്ചുനിൽക്കണമെങ്കിൽ   നമ്മിൽ പലർക്കും  അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം എന്ന ഒരേയൊരു ആശ്രയം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഇപ്പോഴേ മനസ്സിൽ കുറിച്ചുവയ്ക്കുക.  നിരന്തര ദഹനബലി  നിർത്തലാക്കപ്പെടുന്ന ഒരു കാലത്തേക്കുള്ള പ്രയാണത്തിലെ അവസാനപാദങ്ങളിലാണ് നാം ഇപ്പോൾ  എന്ന ബോധ്യം  ദിവ്യകാരുണ്യത്തിലേക്കു  നമ്മെയെല്ലാവരെയും കൂടുതൽ കൂടുതലായി അടുപ്പിക്കട്ടെ.

നമുക്കു  പ്രാർത്ഥിക്കാം.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും  ഉണ്ടായിരിക്കട്ടെ..