ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച് നാശത്തിൻറെ വഴിയിലൂടെ അതിവേഗം പാഞ്ഞുപോയ് ക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും വിലപിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട പരിശുദ്ധ ‘അമ്മ ആസന്നമായ ശിക്ഷകളെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.
എഴുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് 1947 ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോണ്ടിചിയാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ ‘അമ്മ ‘റോസാ മിസ്റ്റിക്കാ മാതാവ്’ എന്ന പേരിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദുഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായി പിയെറിന കണ്ടു. പുരോഹിതരും സമർപ്പിതരും ദൈവവിളികൾ ഉപേക്ഷിക്കുന്നതായിരുന്നു ഒന്നാമത്തെ വാൾ. വൈദികരും സന്യസ്തരും അവിശ്വസ്തത കാണിക്കുന്നതും മാരകപാപങ്ങളിൽ ജീവിക്കുന്നതും ആണു രണ്ടാമത്തെ വാൾ സൂചിപ്പിച്ചത്. വിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുടെ പ്രതീകമായിരുന്നു മൂന്നാമത്തെ വാൾ. അന്ന് ‘അമ്മ പറഞ്ഞത് മൂന്നു വാക്കുകൾ മാത്രം . ” പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം”.
അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു. വെള്ളനിറം പ്രാർത്ഥനയെയും ചുവപ്പുനിറം പരിഹാരത്തെയും മഞ്ഞനിറം പ്രായശ്ചിത്തത്തെയും സൂചിപ്പിച്ചിരുന്നു. അങ്ങ് ആരാണ് എന്ന പിയെറിനയുടെ ചോദ്യത്തിന് ‘ഞാൻ യേശുവിൻറെയും നിങ്ങളുടെയും അമ്മയാണ്’ എന്നു മറുപടി പറഞ്ഞ പരിശുദ്ധ അമ്മ ദൈവവിളികൾ വർധിക്കാനും സമർപ്പിതർ വിശുദ്ധജീവിതം നയിക്കാനും തന്നോടുള്ള വണക്കം സഹായിക്കും എന്നറിയിച്ചു. എല്ലാ മാസവും പതിമൂന്നാം തിയതി മരിയൻ ദിനമായി ഓർമ്മിക്കപ്പെടണമെന്നും എല്ലാ വർഷവും ജൂലൈ 13ന് റോസാമിസ്റ്റിക്കാ മാതാവിൻറെ തിരുനാളായി ആചരിക്കപ്പെടണമെന്നും അമ്മ നിർദേശിച്ചു.
അടുത്ത പ്രത്യക്ഷീകരണത്തിൽ മനുഷ്യവംശം മാരകപാപങ്ങളിൽ തുടരുന്നതിനാൽ ദൈവത്തിൻറെ നീതി വെളിപ്പെടുക തന്നെ ചെയ്യും എന്ന് അമ്മ .മുന്നറിയിപ്പു നൽകി. വൈദികരടക്കം അനേകം പേർ സാക്ഷികളായിരുന്ന നാലാമത്തെ പ്രത്യക്ഷീകരണം സംഭവിച്ചത് മോണ്ടിചിയാരിയിലെ ദൈവാലയത്തിലായിരുന്നു. ശുദ്ധതയ്‌ക്കെതിരെ വർധിച്ചുവരുന്ന പാപങ്ങളെക്കുറിച്ചു താക്കീതു നൽകിയ അമ്മ പ്രാർത്ഥനയും പ്രായശ്ചിത്തവും പരിഹാരവും ചെയ്തില്ലെങ്കിൽ മനുഷ്യവർഗത്തിൻറെ മേൽ ശിക്ഷയുടെ പ്രളയം ഉണ്ടാവുക തന്നെ ചെയ്യുമെന്നു മുന്നറിയിപ്പു നൽകി. ലോകത്തിൻറെ മേൽ പതിക്കാനിരിക്കുന്ന വലിയ ശിക്ഷയെ തൻറെ പ്രിയപുത്രൻറെ പക്കലുള്ള തൻറെ മധ്യസ്ഥത്താലാണ് തടഞ്ഞുനിർത്തിയിരിക്കുന്നത് എന്നും അമ്മ പറഞ്ഞു.
അഞ്ചാം തവണയും അമ്മ ദൈവാലയത്തിൽ തന്നെയാണു പ്രത്യക്ഷപ്പെട്ടത്. പിയെറിനയോട് നാവുകൊണ്ടു നിലത്തു നാലുതവണ കുരിശുവരയ്ക്കാൻ പറഞ്ഞ ‘അമ്മ ശുദ്ധതയ്‌ക്കെതിരായ പാപങ്ങളെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുകയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിൻറെയും പരിഹാരത്തിൻറെയും പ്രാധാന്യം ഒരിക്കൽക്കൂടി എടുത്തുപറയുകയും ചെയ്തു. അനുദിനമുള്ള കൊച്ചുകൊച്ചു കുരിശുകളും സ്വന്തം ഉത്തരവാദിത്വങ്ങളും പ്രായശ്ചിത്തത്തിൻറെയും പരിഹാരത്തിൻറെയും അരൂപിയിൽ ഏറ്റെടുത്തു നിറവേറ്റുക എന്നതാണു താൻ ഉദ്ദേശിക്കുന്നതെന്നു മാതാവ് പിയെറിനയോടു പറഞ്ഞു. അതേ വർഷം ഡിസംബർ ഏഴിന് പ്രത്യക്ഷപ്പെട്ട അമ്മയുടെ വെള്ളവസ്ത്രത്തിൻറെ വിളുമ്പുകൾ പിടിച്ചുകൊണ്ട് രണ്ടു കൊച്ചുകുട്ടികൾ ഉണ്ടായിരുന്നു. അവർ ഫാത്തിമയിലെ ദർശകരായ ജസീന്തയും ഫ്രാൻസിസ്‌കോയും ആണെന്നു മാതാവ് പറഞ്ഞുകൊടുത്തു. തൻറെ വിമലഹൃദയത്തോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കപ്പെടണമെന്ന ഫാത്തിമയിലെ സന്ദേശം അമ്മ ഓർമ്മിപ്പിക്കുകയും ചെയ്തു. എല്ലാ വർഷവും ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെയുള്ള സമയം കരുണയുടെ മണിക്കൂറായി ആചരിക്കണമെന്നും അമ്മ നിർദേശിച്ചു. അമ്മ എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുമോ എന്നു ചോദിച്ച പിയെറിനയ്ക്കു കിട്ടിയ മറുപടി ഏറ്റവും വലിയ അത്ഭുതം വിശ്വാസം നഷ്ടപ്പെട്ടവർ വിശ്വാസത്തിലേക്കു തിരിച്ചുവരുന്നതായിരിക്കും എന്നായിരുന്നു.
1947ൽ ഏഴു തവണ പ്രത്യക്ഷപ്പെട്ട ‘അമ്മ ഡിസംബർ എട്ടാം തിയതി വിടപറയുന്നതിനുമുൻപേ താൻ തക്ക സമയത്തു വീണ്ടും വരും എന്നു പിയെറിന ഗില്ലിയ്ക്കു വാക്കു കൊടുത്തിരുന്നു. ആ വാഗ്ദാനം നിറവേറിയതു പത്തൊൻപതു വർഷങ്ങൾക്കു ശേഷം 1966 ലെ വസന്തകാലത്തായിരുന്നു. എന്നാൽ അതിനും എത്രയോ മുൻപുതന്നെ പിയെറിന ലോകവുമായുള്ള കെട്ടുപാടുകൾ ഉപേക്ഷിച്ച് പ്രാർത്ഥനാജീവിതത്തിലേക്ക് തിരിഞ്ഞിരുന്നു. ഏപ്രിൽ 16 നു മോണ്ടിചിയാരിയ്ക്കടുത്തുള്ള ഫോണ്ടനെല്ല എന്ന സ്ഥലത്തു പ്രത്യക്ഷപ്പെട്ട അമ്മ പാപങ്ങൾക്കുള്ള പരിഹാരമായി തൊട്ടടുത്തുള്ള നീരുറവയിലേക്കിറങ്ങുന്ന കൽപ്പടവുകൾ മൂന്നു തവണ ചുംബിക്കാൻ പിയെറിനയോടു പറഞ്ഞു. നിലത്തുനിന്നും ചെളി വാരി ദേഹത്തു പൂശാനും അതിനുശേഷം ഉറവയിലെ വെള്ളത്തിൽ പോയി കഴുകാനും പറഞ്ഞ ‘അമ്മ പാപത്തിൻറെ മാലിന്യത്തിൽ നിന്നും മനുഷ്യരെ ശുദ്ധീകരിക്കുന്ന കുമ്പസാരം എന്ന ദൈവികകൃപയുടെ ഉറവയെക്കുറിച്ച് ഓർമ്മിപ്പിക്കുകയായിരുന്നു.
ലോകം നിത്യനാശത്തിലേക്കുള്ള വഴിയിലൂടെയാണു സഞ്ചരിക്കുന്നത് എന്നും പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവകൊണ്ടുമാത്രമേ മനുഷ്യവംശത്തിനു രക്ഷപെടാൻ കഴിയുകയുളളൂ എന്നും വീണ്ടും പറഞ്ഞ ‘അമ്മ സകല മനുഷ്യരെയും തൻറെ മാതൃസംരക്ഷണത്തിലേക്കു ക്ഷണിക്കുന്നതിൻറെ അടയാളമായി തൻറെ വിടർത്തിയ മേലങ്കി പിയെറിനയെ കാണിച്ചു. 1966 ൽ നാലു തവണയാണു മാതാവ് പ്രത്യക്ഷപ്പെട്ടത്. സ്ഥലത്തെ മെത്രാനോട് റോസാമിസ്റ്റിക്കാ മാതാവിൻറെ പ്രത്യക്ഷീകരണത്തെക്കുറിച്ച് അറിയിച്ചപ്പോൾ ഇക്കാര്യത്തെക്കുറിച്ചു പരിപൂർണ്ണ നിശബ്ദത പാലിക്കാനാണ് അദ്ദേഹം പിയെറിനയോടു നിർദേശിച്ചത്. സമ്പൂർണ്ണമായ അനുസരണത്തിൻറെ നിദർശനമായ പിയെറിന അതിനുശേഷം നിശബ്ദയായി പ്രാർത്ഥനയിലേക്കു പിൻവാങ്ങി.
റോസാ മിസ്റ്റിക്കാ മാതാവ് ആവർത്തിച്ചു പറഞ്ഞ കാര്യം ഒന്നു മാത്രം. ‘പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം’. നാശത്തിൻറെ വഴിയിലൂടെ അതിശീഘ്രം ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിനു രക്ഷപെടാൻ ഇനി അവശേഷിച്ചിട്ടുള്ള വഴികളും അതുമാത്രമാണ്. അനർത്ഥങ്ങളുടെ ഈ നാളുകളിൽ നമുക്കും പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്ത-പരിഹാരപ്രവൃത്തികളിലൂടെയും ആത്മാക്കളെ നേടാം. അതോടൊപ്പം നമ്മുടെ ആത്മരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാം. മറ്റെന്തിനേക്കാളും ഉപരിയായി സ്വന്തം ആത്മരക്ഷയ്ക്കു മുൻഗണന കൊടുക്കേണ്ട കാലമാണിത് എന്ന് ഓർമ്മിപ്പിക്കുന്നു. അതിനായി ദൈവകരുണ നമ്മുടെ മേൽ സമൃദ്ധമായി വർഷിക്കപ്പെടട്ടെ.
നമുക്കു പ്രാർത്ഥിക്കാം.
പരിശുദ്ധ കന്യകാമറിയമേ, റോസാമിസ്റ്റിക്കാമാതാവേ, പരമപരിശുദ്ധരഹസ്യങ്ങൾ നിറഞ്ഞ പരിശുദ്ധയായ പനിനീർകുസുമമേ, യേശുവിൻറെ തിരുഹൃദയത്തിലൂടെ ദൈവത്തിൻറെ കരുണ ഞങ്ങൾക്കായി വാങ്ങിത്തരണമേ. അങ്ങയുടെ അമലോത്ഭവമാതൃഹൃദയം വഴിയായി ഞങ്ങൾക്ക് അനുതാപവും മാനസാന്തരവും സൗഖ്യവും ലഭിക്കുകയും ചെയ്യുമാറാകട്ടെ. ആമേൻ