പുതിയ വെളിപാടുകൾ

വെളിപാട് പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഒരു കാലത്താണു  നാം ജീവിക്കുന്നത് എന്നതിൽ  സംശയമില്ല.  കാരണം  യുഗാന്ത്യത്തിൽ സംഭവിക്കുമെന്നു വെളിപാട് പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും നമ്മുടെ കൺമുൻപിൽ  തന്നെ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്.  പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, യുദ്ധങ്ങൾ, ക്ഷാമം,  ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ,  ക്രിസ്ത്യാനികൾക്കെതിരെയുള്ള  ലോകവ്യാപകമായ  പീഡനങ്ങൾ, അനുദിനം വർധിച്ചുവരുന്ന വിശ്വാസത്യാഗം,  ഒരു ഏകലോക ഗവണ്മെൻറിലേക്കും ഏകലോക നാണയവ്യവസ്ഥയിലേക്കും ഏകലോകമതത്തിലേക്കുമുള്ള  ത്വരിതപ്രയാണം,  ജനങ്ങളെ നിയന്ത്രിക്കാനായി അവരുടെ  ശരീരത്തിൽ  ഘടിപ്പിക്കാവുന്ന മൈക്രോചിപ്പുകൾ   എന്നിങ്ങനെ  അന്ത്യകാലത്തിൻറേതായി  പരിശുദ്ധ ബൈബിൾ  പ്രവചിച്ചിട്ടുള്ള കാര്യങ്ങളെല്ലാം  നമ്മളാരും പ്രതീക്ഷിക്കാത്തത്ര വേഗതയിൽ  നിറവേറിക്കൊണ്ടിരിക്കുകയാണ്.

 കർത്താവീശോമിശിഹായുടെ ആസന്നമായ രണ്ടാം  വരവിനു   വേണ്ടി വിശ്വാസികളെയും ലോകം മുഴുവനെയും ഒരുക്കുന്ന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയാണല്ലോ തിരുസഭ.  എന്നാൽ  സഭയുടെ ഉള്ളിൽ നിന്നു  തന്നെ  വെളിപാട് പുസ്തകത്തെ ദുർവ്യാഖ്യാനം   ചെയ്യുന്ന രീതിയിലുള്ള  ചില പുസ്തകങ്ങളും പ്രസംഗങ്ങളും ക്‌ളാസുകളും ചർച്ചകളും ഒക്കെ  ഇന്നു  സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇത്   അന്ത്യകാല അടയാളങ്ങളെ ഗൗരവത്തിലെടുക്കുന്നതിൽ  നിന്നു ജനങ്ങളെ തടയുന്നു  എന്നതാണു  ദൗർഭാഗ്യകരമായ കാര്യം.  ഈ വിഷയത്തിൽ ജനങ്ങളെ  വഴിതെറ്റിക്കുന്ന പുസ്തകങ്ങൾ  രചിക്കുന്നതിലും  പ്രസംഗങ്ങളും  ക്‌ളാസുകളും  സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിലും മുൻപിൽ നിൽക്കുന്നത് ചില കത്തോലിക്കാ വൈദികർ തന്നെയാണെന്നത്  അതിലേറെ ദുഖകരം.   അതുകൊണ്ട് ഇക്കാര്യത്തിൽ  നാം കൂടുതൽ ജാഗ്രത പുലർത്തണം എന്ന ചിന്തയാണ് ഈ ലേഖനം എഴുതാനുള്ള പ്രചോദനം.

പ്രധാനമായും  ഇവർ  പഠിപ്പിക്കുന്ന അബദ്ധപ്രബോധനങ്ങൾ  താഴെപ്പറയുന്നവയാണ്.

1.  വെളിപാടു പുസ്തകം അങ്ങേയറ്റം ദുർഗ്രഹമാണ്.

2. അത്  ഏഷ്യാ മൈനറിലെ ഏഴു സഭകളെ വിശ്വാസത്തിൽ ഉറപ്പിക്കാനും പീഡനത്തിൽ  തളരാതെ പിടിച്ചുനിർത്താനും വേണ്ടി മാത്രം രചിക്കപ്പെട്ട ഒന്നാണ്.

3. വെളിപാടു പുസ്തകത്തിൽ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഒന്നുമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അവയെ പ്രവചനങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല.

4. വെളിപാട് പുസ്തകം  അപ്പോകാലിപ്റ്റിക് ശൈലിയിൽ  പ്രതീകങ്ങൾ  ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്നതുകൊണ്ടാണ് യുഗാന്ത്യത്തെക്കുറിച്ചു  പറയുന്നവർ  തങ്ങളുടെ  ആവശ്യാനുസരണം   അതിലെ  വചനങ്ങൾ വ്യാഖ്യാനിക്കുന്നത്.

5. പതിമൂന്നാം അധ്യായത്തിൽ  ‘കടലിൽ നിന്നു  കയറിവരുന്ന മൃഗം’ എന്നതു   റോമാ ചക്രവർത്തിയായിരുന്ന നീറോയെ മാത്രം സൂചിപ്പിക്കുന്നു.

6. അറുനൂറ്റി അറുപത്തിയാറ്  എന്ന സംഖ്യ  നീറോ കൈസർ എന്ന നാമത്തിൻറെ  ഹീബ്രുവിലുള്ള സംഖ്യാമൂല്യം മാത്രമാണ്. ആ  സംഖ്യയ്ക്കു  വേറെ  പ്രസക്തി ഒന്നുമില്ല.

7. ഭൂമിക്കടിയിൽ നിന്നു  കയറിവരുന്ന മൃഗം എന്നതു  നീറോയുടെ സാമ്രാജ്യത്തെയോ ഭരണവ്യവസ്ഥയെയോ മാത്രം  സൂചിപ്പിക്കുന്നു

8. 9. ഒരുപക്ഷേ നേരത്തെ പറഞ്ഞ രണ്ടു മൃഗങ്ങളും  ഒരു വ്യക്തി തന്നെയാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ അവർ രണ്ടു രാജാക്കന്മാരാകാം. ഏതായാലും ഒന്നാമത്തെ മൃഗം നീറോ  തന്നെയാണ്

9. ഈ പുസ്തകത്തിലെ പ്രവചനങ്ങൾ ഒന്നും അക്ഷരാർത്ഥത്തിൽ എടുക്കാൻ പാടില്ല.

10. കടലിനടിയിൽ നിന്നു  വന്നു  എന്നു  പറയുമ്പോൾ വിദേശത്തുനിന്നു വന്ന പാപചിന്തകൾ എന്നുമാകാം

11. നാല്പത്തിരണ്ടു മാസം എന്ന് പറഞ്ഞാൽ ഒരു നിശ്ചിതകാലയളവ് എന്ന പൊതുവായ അർഥം  മാത്രമേയുള്ളൂ.  

12. വെളിപാട് പുസ്തകം കൂടുതലായി ഉപയോഗിക്കുന്നത്  സെക്ടുകളും പ്രൊട്ടസ്റ്റൻറ് സഭകളുമാണ്  എന്നതു ശ്രദ്ധിക്കണം

13.   ശരീരത്തിൽ ഘടിപ്പിക്കുന്ന മൈക്രോചിപ്പ് എതിർക്രിസ്തുവിൻറെ മുദ്രയാകാം എന്നു  പറയുന്നതു  തെറ്റാണ്.  മൈക്രോചിപ്പ് ശരീരത്തിൽ പിടിപ്പിക്കുന്നതു  പാപകരമല്ല.  അതു  തിന്മയുടെ അടയാളമോ നന്മയുടെ അടയാളമോ എന്നാണു  നോക്കേണ്ടത്.

14. എവിടെയാണെകിലും യുദ്ധമോ ക്ഷാമമോ പ്രകൃതിക്ഷോഭമോ ഉണ്ടാകുമ്പോൾ അവയെല്ലാം യുഗാന്ത്യവുമായി ബന്ധപ്പെട്ടു  വ്യാഖ്യാനിക്കുന്നതു  ശരിയല്ല.

ഇത്രയും വായിച്ചപ്പോഴേക്കും കാര്യത്തിൻറെ  പോക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയിരിക്കുമല്ലോ.  വളരെ ഗുരുതരമായതും ദൈവവചനത്തിനു നിരക്കാത്തതുമായ ഇത്തരം  വ്യാഖ്യാനങ്ങൾ സാധാരണക്കാരെയും ദുർബലമായ വിശ്വാസം മാത്രമുള്ളവരെയും വഴിതെറ്റിക്കാൻ  പര്യാപ്തമാണ് എന്നിടത്താണ് ഇതിൻറെ അപകടം നാം കാണേണ്ടത്.

ഇനി നമുക്ക്  ഓരോ വിഷയങ്ങൾ ആയി എടുത്തു പരിശോധിക്കാം.

1. വെളിപാട് പുസ്തകം ദുർഗ്രഹമാണോ? അത് ദുർഗ്രഹം ആയിരുന്നു എന്നതു  സത്യം. ഒരു പരിധി വരെ  ഇപ്പോഴും ദുർഗ്രഹമാണെന്നതും സത്യം. എന്നാൽ അതിലെ പല കാര്യങ്ങളും കാലാകാലങ്ങളിൽ  ദൈവം   മനുഷ്യനു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.  ഉദാഹരണത്തിനു   കൈയിലോ നെറ്റിയിലോ പതിപ്പിക്കുന്ന മുദ്ര തന്നെ.   മൈക്രോ ചിപ്പും  QR  കോഡും  സ്മാർട്ട് കാർഡും ഒക്കെ  പ്രചാരത്തിലുള്ള  ഈ കാലത്തു   ശരീരത്തിൽ പതിപ്പിക്കുന്ന മുദ്ര എന്ന  പ്രവചനം  പ്രായോഗികമായി എങ്ങനെ നിറവേറും  എന്നു കൃത്യമായി മനസിലാക്കാൻ നമുക്കു  സാധിക്കും. എന്നാൽ നമ്മുടെ  മുൻതലമുറകൾക്ക്    അതു  സാധിക്കുമായിരുന്നില്ല. ദൈവം കാലത്തിൻറെ തികവിൽ  ഓരോ വചനത്തിൻറെയും    അർഥം നമുക്കു  വെളിപ്പെടുത്തിത്തരും. ഇരുപത്തിരണ്ടാം അധ്യായത്തിൽ പറയുന്നത് ‘ഈ ഗ്രന്ഥത്തിലെ  പ്രവചനങ്ങൾ നീ മുദ്രിതമായി സൂക്ഷിക്കേണ്ട. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു ‘(വെളി  22:10) എന്നാണ്.  കർത്താവിൻറെ രണ്ടാം വരവിൻറെ  സമയം ആണല്ലോ ഇവിടെ ഉദ്ദേശിക്കുന്നത്. അപ്പോൾ നമുക്കു  വെളിപാടിലെ മുദ്രകളുടെ  അർഥം  തുറന്നുകിട്ടുകതന്നെ ചെയ്യും.

2. വെളിപാട്  ഏഷ്യാമൈനറിലെ ഏഴു സഭകളെ വിശ്വാസത്തിൽ ഉറപ്പിക്കാനും പീഡനത്തിൽ  തളരാതെ പിടിച്ചുനിർത്താനും വേണ്ടി  മാത്രം രചിക്കപ്പെട്ട ഒന്നാണോ?

അല്ല എന്നാണു  ശരിയായ ഉത്തരം.   ഇതു  വെളിപാട് പുസ്തകം  ഒരാവർത്തി ശ്രദ്ധിച്ചു വായിക്കുന്ന  ഏതൊരാൾക്കും  മനസിലാകുന്ന കാര്യമാണ്.  ഏഴു സഭകൾക്കുള്ള സന്ദേശം പുസ്തകത്തിൻറെ  ഒരു ഭാഗം മാത്രമാണ്.  രണ്ടും മൂന്നും അദ്ധ്യായങ്ങളിലായി  നാം അതു  വായിക്കുന്നു. ആ സന്ദേശങ്ങൾ  ഏഴു സഭകൾക്കെന്നതുപോലെ തന്നെ ലോകത്തിലുള്ള എല്ലാ സഭകൾക്കും എല്ലാക്കാലത്തേക്കും ബാധകമാണ് എന്നതും മറക്കരുത്.  ബൈബിൾ പശ്ചാത്തലത്തിൽ  ഏഴ് പൂർണതയുടെ സംഖ്യയാണെന്നും   ഓർക്കുക.

നാലാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്.  ‘ഇതിനുശേഷം,  സ്വർഗത്തിൽ  ഒരു തുറന്ന വാതിൽ ഞാൻ കണ്ടു’ (വെളി  4:1). ഇതിനുശേഷം എന്നു  പറയുന്നത്  ഏഴു സഭകൾക്കുള്ള  സന്ദേശം നൽകിക്കഴിഞ്ഞതിനുശേഷമാണ്. അതിനുശേഷമുള്ള  പതിനെട്ട് അധ്യായങ്ങളിൽ ഒരിടത്തു പോലും ഈ ഏഴു സഭകളെയോ അതിൽ ഏതെങ്കിലുമൊന്നിനെയോ  പരാമർശിക്കുന്നില്ല.  അതിൻറെ  അർഥം തുടർന്നുവരുന്ന സന്ദേശങ്ങൾ എല്ലാം  സാർവലൗകികസ്വഭാവമുള്ളവയാണ് എന്നാണ്. വെളിപാട് പുസ്തകം മുഴുവനും ഏഴു സഭകളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ  വേണ്ടി മാത്രം എഴുതിയതാണെന്ന അബദ്ധധാരണ  ദയവുചെയ്ത് തിരുത്തുക. മാത്രവുമല്ല, ഏഴു സഭക്കൾക്കുള്ള കത്തുകളുടെ എല്ലാം അവസാനം  നാം കാണുന്ന വാക്യം ഇതാണ്. ‘ ആത്മാവ് സഭകളോട് അരുളിചെയ്യുന്നതെന്തെന്ന്   ചെവിയുള്ളവൻ കേൾക്കട്ടെ’.  ഈ വാക്യം വെളിപാടിൽ പിന്നീടൊരിക്കലും നാം കാണുന്നില്ല.  അതിൻറെയർത്ഥം ഏഴു സഭകൾക്കുള്ള കത്തുകളും തുടർന്നുള്ള ഭാഗങ്ങളും  വ്യത്യസ്ത ഉദ്ദേശങ്ങളോടെ രചിക്കപ്പെട്ടവയാണെന്നാണ്.

3. വെളിപാടു പുസ്തകത്തിൽ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഒന്നുമില്ല. അല്ലെങ്കിൽ  ആ പ്രവചനങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്ന വാദം അത്യന്തം അപകടകരമാണ്. കാരണം വെളിപാട് പുസ്തകം  പ്രധാനമായും  യുഗാന്ത്യകാലത്തേക്കു വിശ്വാസികളെ ഒരുക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ്.  ഏഴു സഭകൾക്കുള്ള സന്ദേശം നൽകുന്നതിന് മുൻപ് ദൂതൻ പറഞ്ഞ വാക്കുകൾ ഓർമ്മിക്കുക.  ‘അതുകൊണ്ട്, ഇപ്പോൾ ഉള്ളവയും ഭാവിയിൽ സംഭവിക്കാനിരിക്കുന്നവയുമായി നീ ദർശനത്തിൽ കാണുന്ന സകലതും രേഖപ്പെടുത്തുക’ (വെളി  1:19). അതായത് രണ്ടു കാര്യങ്ങളാണു  വെളിപാടിൻറെ വിഷയം. ആദ്യത്തേത്  ആ സമയത്തു  സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ. രണ്ടാമത്തേതു  ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ.  ഇതിൽ ആദ്യത്തെ ഭാഗമാണ് ഏഴു സഭകളെ സംബന്ധിച്ച സന്ദേശങ്ങൾ.  അവർ കടന്നുപൊയ്‌ക്കൊണ്ടിരുന്ന   മതപീഡനമാണ് അതിലെ പ്രതിപാദ്യവിഷയം. അത് എല്ലാക്കാലത്തേയും ക്രിസ്ത്യാനികൾ  അനുഭവിക്കാനിരിക്കുന്ന പീഡനങ്ങളുടെ മുന്നാസ്വാദനവുമാണ്.  

നാലാം അധ്യായം മുതൽ  വിവരിക്കുന്നതു  ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളാണ്. ദൂതൻ യോഹന്നാനോട് ആമുഖമായി പറയുന്ന വാക്കുകൾ  ശ്രദ്ധിക്കുക. ‘ഇങ്ങോട്ടു കയറിവരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു  ഞാൻ കാണിച്ചുതരാം’ (വെളി  4:1). കൂടാതെ വെളിപാട് പുസ്തകം തുടങ്ങുന്നതുതന്നെ  അത് ഭാവിയെക്കുറിച്ചുള്ള പ്രവചനം ആണെന്ന  വാക്കുകളോടെയാണ്. ‘ ആസന്നഭാവിയിൽ സംഭവിക്കാനിരിക്കുന്നവയെ  തൻറെ  ദാസന്മാർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു  നൽകിയ  വെളിപാട്’ (വെളി  1:1). വെളിപാടിലെ പ്രവചനങ്ങൾ ഭാവികാലത്തേക്കുവേണ്ടി യുള്ളതാണെന്നതിന്  ഇതിലപ്പുറം എന്തു  തെളിവാണു  വേണ്ടത്?  

ആറാമധ്യായത്തിലെ   മുദ്രകൾ തുറക്കുമ്പോൾ സംഭവിക്കുന്നവ യുദ്ധം, ക്ഷാമം, പകർച്ചവ്യാധി, വന്യമൃഗശല്യം, വിശുദ്ധരുടെ വരാനിരിക്കുന്ന സഹനങ്ങൾ, ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭൂകമ്പം എന്നിവയാണ് . ആ ഭൂകമ്പത്തിൽ   ആകാശം അപ്രത്യക്ഷമായി എന്നും   പർവതങ്ങളും ദ്വീപുകളും  അവയുടെ സ്ഥാനങ്ങളിൽ നിന്നു  മാറ്റപ്പെട്ടു എന്നും എഴുതിയിരിക്കുന്നു. ജനങ്ങൾ ഗുഹകളിലും  പാറക്കെട്ടുകളിലും  പോയി ഒളിക്കാൻ  തക്കവണ്ണം അത്ര ഭീകരമായിരിക്കും ആ ഭൂകമ്പം.  തുടർന്നങ്ങോട്ടുള്ള കാര്യങ്ങൾ എല്ലാം യുഗാന്ത്യത്തിൻറെ സൂചനകളാണ് എന്നു  മനസിലാക്കാൻ   ബുദ്ധിമുട്ടില്ല.

4. വെളിപാട് പുസ്തകം  അപ്പൊകാലിപ്റ്റിക് ശൈലിയിൽ  പ്രതീകങ്ങൾ  ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്നതുകൊണ്ടാണു  യുഗാന്ത്യത്തെക്കുറിച്ചു പറയുന്നവർ  തങ്ങളുടെ  ആവശ്യാനുസരണം   അതിലെ  വചനങ്ങൾ വ്യാഖ്യാനിക്കുന്നത് എന്ന വാദത്തിൽ  അല്പം സത്യം  ഉണ്ട്  എന്നു പറയാതിരിക്കാൻ വയ്യ.  എന്നാൽ  ശരിയായ വ്യാഖ്യാനം കൊടുക്കേണ്ട സഭയിലെ  ചില വൈദികരും പ്രഘോഷകരും  തന്നെ തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുമ്പോൾ നാം ആരെയാണു കുറ്റപ്പെടുത്തുക?

5. പതിമൂന്നാം അധ്യായത്തിൽ  ‘കടലിൽ നിന്ന് കയറിവരുന്ന മൃഗം’ എന്നതു   റോമാ ചക്രവർത്തിയായിരുന്ന നീറോയെ മാത്രം സൂചിപ്പിക്കുന്ന ഒന്നാണെന്ന വാദം  വ്യാജപ്രബോധനത്തിൻറെ  ഏറ്റവും  വലിയ തെളിവുകളിൽ ഒന്നാണ്. കാരണം  പതിമൂന്നാം അധ്യായം ഭാവിയെക്കുറിച്ചുള്ളതാണെന്നു  നാം നേരത്തെ കണ്ടുകഴിഞ്ഞു. രണ്ടും മൂന്നും അധ്യായങ്ങളിൽ റോമൻ ഭരണകാലത്തെക്കുറിച്ചു   പരാമർശിച്ചിട്ടുമുണ്ട്. അപ്പോൾ പതിമൂന്നാം അധ്യായത്തിലെ മൃഗം നീറോ അല്ല എന്നത് ഉറപ്പാണ്.  

വെളിപാട് പുസ്തകം രചിക്കപ്പെടുന്നത്  AD  95 ലോ  അതിനു ശേഷമോ ആണെന്ന് POC  ബൈബിളിൽ പറയുന്നു.  AD  180 ൽ  ഇരണേവൂസ് രേഖപ്പെടുത്തിയിരിക്കുന്നത് വെളിപാട് പുസ്തകത്തിൻറെ രചന  ഡൊമീഷ്യൻറെ ഭരണത്തിൻറെ  അവസാനകാലത്താണ് (അതായത് AD  96 ൽ) നടന്നത് എന്നാണ്.  നീറോ    സാമ്രാജ്യം  ഭരിച്ചതാകട്ടെ   AD  54-68  കാലഘട്ടത്തിലും!  അപ്പോൾ  മുപ്പതുവർഷം മുൻപ്  കഴിഞ്ഞുപോയ നീറോയുടെ മതമർദനത്തെ വിവരിക്കാൻ എന്തിനാണ് യോഹന്നാൻ  ഒരു പുസ്തകം രചിക്കുന്നത്?  നീറോയ്ക്കുശേഷമുള്ള  അഞ്ചാമത്തെ ചക്രവർത്തിയായ ഡൊമീഷ്യൻറെ കാലത്താണ് യോഹന്നാൻറെ  പ്രവാസവും  വെളിപാടിൻറെ  രചനയും സംഭവിക്കുന്നത്.  ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന കാര്യത്തിൽ   നീറോയുടെ പാത  തന്നെയാണു  ഡൊമീഷ്യനും പിന്തുടർന്നത്.  തന്നെ  ദൈവമായി ആരാധിക്കണമെന്നു   ഡൊമീഷ്യനും  കല്പന പുറപ്പെടുവിച്ചിരുന്നു.  അപ്പോൾ സ്വാഭാവികമായും യോഹന്നാൻ ആ കാലത്തേക്കു  വേണ്ടിയാണെങ്കിൽ  ഉദ്ദേശിച്ചിരുന്നത്  നീറോയെക്കാൾ   കൂടുതൽ ഡൊമീഷ്യനെ ആയിരിക്കില്ലേ?

ഇനി അതു  നീറോയെക്കുറിച്ചാണെങ്കിൽ  പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുന്നത് ആരെക്കുറിച്ചാണ്?  ‘ആ ദിവസത്തിനു  മുൻപു  വിശ്വാസ ത്യാഗമുണ്ടാവുകയും നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ  മനുഷ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.  ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവൻ എതിർക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും'( 2 തെസ  2:3-4). ചുരുക്കിപ്പറഞ്ഞാൽ   വെളിപാട് പുസ്തകത്തിൽ നീറോയുടെ ഒരു പ്രതിരൂപം  കാണാമെന്നതിനേക്കാൾ   ഉപരിയായി  എതിർക്രിസ്തുവിൻറെ  ഒരു പ്രതിരൂപം   നീറോയിൽ കാണാം എന്നതാണു  കൂടുതൽ ശരി.

6. അറുനൂറ്റി അറുപത്തിയാറ്  എന്ന സംഖ്യ  നീറോ കൈസർ എന്ന നാമത്തിൻറെ  ഹീബ്രുവിലുള്ള സംഖ്യാമൂല്യം മാത്രമാണെന്നും  ആ  സംഖ്യയ്ക്കു  വേറെ  പ്രസക്തി ഒന്നുമില്ല എന്നുമുള്ള  വാദം എത്രത്തോളം ശരിയാണ്  എന്നു   നോക്കാം.  തീർച്ചയായും   ഈ സംഖ്യ നീറോയുടെ നാമസംഖ്യ തന്നെയാണ്. എന്നാൽ മുപ്പതു വർഷം മുൻപ് ആത്മഹത്യ ചെയ്ത   ഒരു   ചക്രവർത്തിയുടെ   നാമസംഖ്യ യോഹന്നാൻ എന്തിനു  വിശ്വാസികളെ വീണ്ടും ഓർമ്മിപ്പിക്കണം? പ്രത്യേകിച്ചും  ക്രൂരതയിൽ അതിനോടു  കിടപിടിക്കുന്ന മറ്റൊരു ചക്രവർത്തി നാടു ഭരിക്കുമ്പോൾ? എന്തുകൊണ്ടാണ്  666 നു പകരം ഡൊമീഷ്യൻ എന്നതിൻറെ നാമസംഖ്യ  യോഹന്നാൻ ഉപയോഗിക്കാത്തത്?   ചുരുക്കിപ്പറഞ്ഞാൽ  ഈ സംഖ്യയെ നീറോയുടെ സംഖ്യ മാത്രമായി  അവതരിപ്പിക്കുന്നതിലൂടെ   വരാനിരിക്കുന്ന എതിർക്രിസ്തുവിൻറെ   നാമസംഖ്യയും അതുതന്നെയാണെന്ന  സത്യം  വിശ്വാസികളിൽ നിന്നു  മറച്ചുവയ്ക്കുകയല്ലേ ചെയ്യുന്നത്? നീറോ എതിർക്രിസ്തുവിൻറെ ആദിരൂപമായിരുന്നു എന്നതുകൊണ്ടുതന്നെ  നീറോയ്ക്കും എതിർക്രിസ്തുവിനും ഒരേ നാമസംഖ്യ ഉണ്ടാവുക എന്നതിൽ അത്ഭുതമില്ല.

7.    ഭൂമിക്കടിയിൽ നിന്നു  കയറിവരുന്ന മൃഗം എന്നതു  നീറോയുടെ സാമ്രാജ്യത്തെയോ ഭരണവ്യവസ്ഥയെയോ മാത്രം  സൂചിപ്പിക്കുന്നു എന്നതു  വളരെ വിചിത്രമായ  ഒരു   വാദമാണ്. എന്തിനാണ് ഒരു വ്യക്തിയെയും  ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന സംവിധാനത്തെയും  രണ്ടു വ്യത്യസ്തമൃഗങ്ങളായി  അവതരിപ്പിക്കുന്നത്?  മാത്രവുമല്ല ആ രണ്ടു മൃഗങ്ങളുടെയും  രൂപവും ഭാവവും പ്രവർത്തനങ്ങളും  അധികാരവും  അവർ എവിടെ നിന്ന് അധികാരം സ്വീകരിച്ചു എന്നതും  അവർ ആരുടെ സിംഹാസനത്തിൽ ഇരിക്കുന്നു എന്നതും  അവർ വരുന്ന  സ്ഥലവും  അവരുടെ കൊമ്പുകളുടെ എണ്ണവും  സംസാരരീതിയും  മനുഷ്യർ അവരെ സ്വീകരിച്ച രീതിയും അതിലൊരാൾ ചെയ്ത അത്ഭുതങ്ങളും എല്ലാം വ്യക്തമാക്കുന്നത് അവർ   രണ്ടു വ്യത്യസ്ത വ്യക്തികൾ ആണെന്നാണ്.   അവരെ വേദപണ്ഡിതർ യഥാക്രമം എതിർക്രിസ്തു എന്നും വ്യാജപ്രവാചകൻ എന്നും വിളിക്കുന്നു.

8. ഒരുപക്ഷേ നേരത്തെ പറഞ്ഞ രണ്ടു മൃഗങ്ങളും  ഒരു വ്യക്തി തന്നെയാകാൻ സാധ്യതയുണ്ടെന്നും അല്ലെങ്കിൽ അവർ രണ്ടു രാജാക്കന്മാരാകാമെന്നും  പറയുമ്പോൾ അതുതന്നെ    നേരത്തെ സൂചിപ്പിച്ചതിനെ ഖണ്ഡിക്കുന്ന പ്രസ്താവനയല്ലേ? നീറോ എന്ന ഒറ്റ വ്യക്തിയിൽ  വെളിപാടിനെ തളച്ചിടാനും അതിനപ്പുറത്തേക്ക് ( അതായതു   യുഗാന്ത്യത്തിൽ വരാനിരിക്കുന്ന എതിർക്രിസ്തുവിലേക്ക്) ആരും    ശ്രദ്ധ തിരിക്കാതിരിക്കാനും മാത്രമല്ലേ  ഈ വ്യാജപ്രബോധനം  ഉപകരിക്കുകയുള്ളൂ  എന്നു  ചിന്തിക്കുക.  മാത്രവുമല്ല രണ്ടാമത്തെ മൃഗം കാഴ്ചയിൽ കുഞ്ഞാടിനെപ്പോലെയും  സംസാരത്തിൽ സർപ്പത്തെപ്പോലെയുമാണ്. എന്നാൽ നീറോയോ    റോമൻ സാമ്രാജ്യമോ കുഞ്ഞാടിനെപ്പോലെ ഒരിക്കലും  തോന്നിച്ചിട്ടില്ല. അവർ ലോകത്തിലെ അക്കാലത്തെ ഏറ്റവും വലിയ സൈനിക-രാഷ്ട്രീയ ശക്തിയായിരുന്നു എന്നോർക്കണം.

9. ഈ പുസ്തകത്തിലെ പ്രവചനങ്ങൾ ഒന്നും അക്ഷരാർത്ഥത്തിൽ എടുക്കാൻ പാടില്ല എന്നതു പൂർണ്ണമായും ശരിയല്ല. അക്ഷരാർത്ഥത്തിൽ എടുക്കേണ്ടവയുണ്ട്, പ്രതീകാത്മകമായി മനസിലാക്കേണ്ടതുമുണ്ട്. ഉദാഹരണത്തിന്  മനുഷ്യപുത്രൻറെ  ദർശനം. ഇവിടെ യോഹന്നാൻ കണ്ടത്  അതേപടി രേഖപ്പെടുത്തിയിരിക്കുകയാണ്.  അവസാനവിധി അക്ഷരാർത്ഥത്തിൽ സംഭവിക്കാനിരിക്കുന്നു.  പുതിയ ആകാശം, പുതിയ ഭൂമി എന്നിവയെല്ലാം  സംഭവിക്കാനിരിക്കുന്നു. യുദ്ധം, ഭൂകമ്പം,  കന്മഴ  എന്നിവയും അക്ഷരാർത്ഥത്തിൽ  സംഭവിക്കാനുളളവയാണ്.

 എന്നാൽ ഒരുലക്ഷത്തിനാല്പതിനാലായിരം എന്നതു  പ്രതീകമാണ്. പടക്കോപ്പണിഞ്ഞ  കുതിരകളെപ്പോലെയുള്ള വെട്ടുകിളികൾ,  സൂര്യനെ ഉടയാടയും ചന്ദനെ പാദപീഠവും ആക്കിയ  സ്ത്രീ,  പത്തുകൊമ്പും ഏഴു തലയും ഉള്ള മൃഗം   എന്നിങ്ങനെ അനേകം പ്രതീകങ്ങളിലൂടെയും  വെളിപാട് പുസ്തകം നമ്മോടു സംസാരിക്കുന്നുണ്ട്.  അതുകൊണ്ടു  വെളിപാടുപുസ്തകം മുഴുവൻ പ്രതീകമെന്നു പറയുന്നതും മുഴുവൻ അക്ഷരാർത്ഥത്തിൽ എടുക്കണം എന്നു  പറയുന്നതും രണ്ടും ഒരുപോലെ അബദ്ധമാണ്.  വിവേചനം ഉപയോഗിക്കേണ്ട മേഖലയാണിത്.

10. കടലിനടിയിൽ നിന്നു  വന്നു  എന്നു  പറയുമ്പോൾ വിദേശത്തുനിന്നു വന്ന പാപചിന്തകൾ എന്നുമാകാം എന്നൊരു  മുടന്തൻ ന്യായവും   ഒരാൾ ഉന്നയിച്ചുകണ്ടു.  അവിടെയും സംഭവിക്കുന്നത്   എതിർക്രിസ്തുവിലേക്കു   ജനങ്ങളുടെ  ശ്രദ്ധ പോവുകയില്ല  എന്നതാണ് .  

11. നാല്പത്തിരണ്ടു മാസം എന്നു  പറഞ്ഞാൽ ഒരു നിശ്ചിതകാലയളവ് എന്ന പൊതുവായ അർഥം  മാത്രമേയുള്ളൂ എന്നത് അങ്ങേയറ്റം തെറ്റിദ്ധാരണയുളവാക്കുന്ന  ഒരു  വാദമാണ്. കാരണം ഈ കാലയളവ് ഒരുതവണ മാത്രമല്ല ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.  വെളി  11:2 , 13:5, ദാനി  12:7,  ദാനി 12:11   ഇങ്ങനെ അനേകം തവണ ഉപയോഗിച്ചിരിക്കുന്ന ഒന്നാണു മൂന്നര വർഷം  എന്ന കാലയളവ്. ദാനി  9:27 ൽ പറയുന്ന ഒരാഴ്ച എന്നത് ഏഴുവർഷത്തിൻറെ പ്രതീകമാണെന്നും  ‘പകുതി ആഴ്ചത്തേക്ക്  ബലിയും കാഴ്ചകളും നിരോധിക്കും’ എന്നതു മൂന്നര  വർഷത്തെക്കുറിച്ചാണെന്നും അത്  എതിർക്രിസ്തുവിൻറെ  കാലത്തു സംഭവിക്കാനിരിക്കുന്ന  മഹാപീഡനത്തെക്കുറിച്ചാണെന്നും വിശ്വസിക്കാൻ ശക്തമായ തെളിവുകൾ ഉള്ളപ്പോൾ   സഭയ്ക്കുള്ളിൽ നിന്ന് തന്നെ അതിനെ നിസാരവൽക്കരിക്കുന്ന വ്യാജവ്യാഖ്യാനങ്ങൾ പുറപ്പെടുന്നത് അത്യന്തം അപകടകരമാണ്.

12. വെളിപാട് പുസ്തകം കൂടുതലായി ഉപയോഗിക്കുന്നതു   സെക്ടുകളും പ്രൊട്ടസ്റ്റൻറ് സഭകളുമാണ്  എന്ന പ്രസ്താവനയിൽ സത്യമുണ്ട്.  അതിനു കാരണം  വെളിപാട് പുസ്തകത്തെക്കുറിച്ച്  കൂടുതലായി മറ്റാരും പറയാത്തതുകൊണ്ടല്ലേ??  തങ്ങളുടെ  ഇടവകയിൽ നിന്നോ രൂപതയിൽ നിന്നോ വെളിപാടിനെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചും കർത്താവിൻറെ രണ്ടാം വരവിനെക്കുറിച്ചും കൃത്യമായ പ്രബോധനങ്ങൾ  ലഭിക്കുന്ന ഒരു കത്തോലിക്കനും   ഇതുപോലുള്ള  സെക്ടുകളുടെ പിറകെ പോകില്ല എന്നുറപ്പാണ്. എന്നാൽ  യുഗാന്ത്യത്തെക്കുറിച്ചും  അതിനു മുൻപു  സംഭവിക്കാനിരിക്കുന്ന  എതിർക്രിസ്തുവിൻറെ നേതൃത്വത്തിലുള്ള മഹാപീഡനത്തെക്കുറിച്ചും  അവൻ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും അവൻ എപ്രകാരമാണു  സഭയുടെ അധികാരശ്രേണികളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ചും തുറന്നുപറയേണ്ടവർ അതിൽ  വിമുഖത കാണിക്കുന്നു എന്നതു  ഖേദകരെങ്കിലും സത്യമാണ്.

13. മൈക്രോ ചിപ്പ് ശരീരത്തിൽ ഘടിപ്പിക്കുന്നത്  എതിർക്രിസ്തുവിൻറെ മുദ്രയാകാം എന്നു  പറയുന്നതേ തെറ്റാണെന്ന് ഇക്കൂട്ടർ   പറയുമ്പോഴാണ്  ഇത്തരം വ്യാജവെളിപാടുവ്യഖ്യാനങ്ങളുടെ    അപകടം  എത്ര ഭയാനകമാണെന്നു  നാം മനസിലാക്കുന്നത്. അവരുടെയൊക്കെ ലക്‌ഷ്യം ഒന്നുതന്നെയാണെന്ന് ഇതുവഴിയായി  സ്ഥിരീകരിക്കപ്പെടുന്നു എന്നത് അതിലേറെ ഭയജനകമാണ്.

ഇനി എതിർക്രിസ്തുവിൻറെ (അഥവാ മൃഗത്തിൻറെ) മുദ്രയെക്കുറിച്ചു   വെളിപാടിൽ പറയുന്നത് എന്തൊക്കെയാണെന്നു  നോക്കാം.  

    –   എല്ലാ മനുഷ്യരും  ആ മുദ്ര സ്വീകരിക്കാൻ  നിർബന്ധിക്കപ്പെടും

   –   അതു  സ്വീകരിക്കേണ്ടതു  വലതുകൈയിലോ നെറ്റിയിലോ ആണ്

   – അതിൻറെ ഉദ്ദേശം  ആ മുദ്ര ഇല്ലാത്തവർക്കു  കൊടുക്കൽ വാങ്ങൽ  (അതായത് എല്ലാ സാമ്പത്തിക ഇടപാടുകളും)  നിഷേധിക്കുക എന്നതാണ്

– ഇതു  ജ്ഞാനം ഉള്ളവർക്കു മാത്രമേ മനസിലാവുകയുള്ളൂ

– ബുദ്ധി കൊണ്ടു കണക്കുകൂട്ടിയെടുക്കേണ്ട ഒരു സംഖ്യ  ആണത്

– അത് ഒരു  മനുഷ്യൻറെ സംഖ്യയാണ്

– അത്  അറുനൂറ്റി അറുപത്തിയാറ്‌  ആണ്

ഇത്രയും കാര്യങ്ങൾ  വെളി  13:16-18 ൽ  നിന്നു  വ്യക്തമാണ്. ഇതു  വായിച്ചിട്ടു  നിങ്ങൾക്ക് എന്തു  തോന്നുന്നു? ഒരു വ്യക്‌തിയെ തിരിച്ചറിയാൻ വേണ്ട  എല്ലാക്കാര്യങ്ങളും (അതായത് ആ മനുഷ്യൻറെ സംഖ്യ) ഇപ്പോൾ ഒരു നമ്പറിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആധാർ, പാസ്പോർട്ട്, പാൻ  കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, എടിഎം  കാർഡ്,  പെൻഷൻ,  വോട്ടർ കാർഡ്, എന്നിവയെല്ലാം  ഓരോ നമ്പറാണ്.  ഇതില്ലാതെ  സാമ്പത്തിക ഇടപാടുകൾ ഒന്നും നടക്കില്ല.  ഇതെല്ലം കൂടി ഒറ്റ കാർഡിൽ ആക്കിയാൽ എന്തെളുപ്പം? പല കാർഡുകളും  പാസ്‌പോർട്ടും പാസ്‌ബുക്കുകളും കൈയിൽ കൊണ്ടുനടക്കേണ്ടതില്ല . ഇനി ആ ഒറ്റക്കാർഡിൽ ഒരു ചിപ്പും കൂടി ഘടിപ്പിച്ചാൽ  കൂടുതൽ എളുപ്പമായി. മെഷീൻ നമ്മുടെ കാർഡ് സ്കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ എടുത്തുകൊള്ളും. ഇത്രയും നമുക്കു  സുപരിചിതമായ കാര്യങ്ങൾ.  

ഇനി ഈ കാർഡ് നഷ്ടപ്പെട്ടാൽ  പ്രശ്നമല്ലേ? അതിനെന്താണു  വഴി? അതിനുള്ള  എളുപ്പവഴിയാണ് ആ  കാർഡിലെ മൈക്രോചിപ്പ്  ശരീരത്തിൽ ഘടിപ്പിക്കുക എന്നത്. അപ്പോൾ കാർഡ് കൊണ്ടുനടക്കേണ്ട ആവശ്യമില്ല.  കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ     ശരീരത്തിലെ  ചിപ്പ് വായിക്കുന്ന സ്വൈപ്പിങ് മെഷീൻ പണം നമ്മുടെ അക്കൗണ്ടിൽ നിന്നു പിൻവലിച്ചുകൊള്ളും.  അപ്പോൾ ഈ ചിപ്പ് എവിടെയാണു വയ്ക്കുക എന്നല്ലേ!  സംശയമെന്ത്? വലതുകൈയിൽ  തന്നെ.  കാരണം  നമുക്ക്  ഏറ്റവും സൗകര്യം അതാണല്ലോ.  ഇനി അതിനേക്കാൾ എളുപ്പമുള്ള ഒരു സ്ഥലം    നമ്മുടെ നെറ്റിയാണ്. ഇതിനെല്ലാമുള്ള സാങ്കേതികവിദ്യ   ഇപ്പോൾ തന്നെ  നിലവിലുണ്ട്. ഇനി അത്  ഒരു സർക്കാർ   ഉത്തരവിലൂടെ നിർബന്ധമാക്കേണ്ട ആവശ്യമേയുള്ളൂ. അതാകട്ടെ ഏതു നിമിഷവും സംഭവിക്കാം.  അപ്പോൾ മൈക്രോചിപ്പ് ശരീരത്തിൽ ഘടിപ്പിക്കുന്നതിൽ കുഴപ്പമില്ല എന്ന വ്യാജോപദേശത്തിൽ   കുടുങ്ങിപ്പോകുന്നവർ  അതു രണ്ടുകൈയും നീട്ടി   സ്വീകരിക്കും എന്നതാണു  ദുരന്തം.

ഇത്രയും പറയുമ്പോൾ വ്യാജോപദേഷ്ടാക്കൾ പറയും :  ‘മൈക്രോചിപ്പ് ശരീരത്തിൽ പിടിപ്പിക്കുന്നത് പാപകരമല്ല.  അതു  തിന്മയുടെ അടയാളമോ നന്മയുടെ അടയാളമോ എന്നാണു  നോക്കേണ്ടത്’ എന്ന്. ഇങ്ങനെ പറയുന്ന ഒരു വ്യക്തിയുടെ  വീഡിയോയും  കാണാനിടയായി.  കൈയിലോ നെറ്റിയിലോ മുദ്ര സ്വീകരിക്കാത്തവർക്കു സാമ്പത്തിക ഇടപാടുകൾ  അസാധ്യമാക്കും എന്നു  വിശുദ്ധഗ്രന്ഥം വ്യക്തമായി പറഞ്ഞിരിക്കുന്നു.   എന്നിട്ടും സംശയിക്കുന്നവരോട് എന്തു  പറയാനാണ്?  ഏകലോക നാണയവ്യവസ്ഥയും ഏകലോക ഭരണവ്യവസ്ഥയും ഏകലോകമതവും  ഒക്കെ നമ്മുടെ കൺമുൻപിൽ  തന്നെ രൂപം കൊണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നു  കണ്ണു  തുറന്നു നോക്കിയാൽ കാണാവുന്നത്ര  പരസ്യമായാണ് അവർ അതിനുള്ള  പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.  ‘ലോകം മുഴുവൻ ദുഷ്ടൻറെ ശക്തിവലയത്തിലാണ്’  എന്നെഴുതിയതു  വെളിപാട്  എഴുതിയ യോഹന്നാൻ ശ്ലീഹാ തന്നെയാണ് ( 1 യോഹ 5:19). പണവും സമ്പത്തും  അധികാരവും  സൗകര്യങ്ങളും സുഖവും  എല്ലാം അവൻറെ കൈയിലാണ്.   അതു  കിട്ടണമെങ്കിൽ  കൈയിലോ നെറ്റിയിലോ  ഒരു മുദ്ര പതിക്കണമെന്നു  പറയുന്നതു  സാത്താനല്ലാതെ മറ്റാരായിരിക്കും? അതുകൊണ്ടു   ജാഗ്രത പുലർത്തുക. ഒരു കാരണവശാലും   എതിർക്രിസ്തുവിൻറെ മുദ്ര  ശരീരത്തിൽ സ്വീകരിക്കാതിരിക്കുക.

  ഈ വ്യാജോപദേഷ്ടാക്കൾ ആരും തന്നെ  ശരീരത്തിൽ എതിർക്രിസ്തുവിൻറെ  മുദ്ര സ്വീകരിച്ചാൽ   സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ചു പറയുന്നില്ല എന്നതു  ദുരൂഹമാണ്. അവർ പതിമൂന്നാം അധ്യായം  കൊണ്ട് അവരുടെ പ്രബോധനം   അവസാനിപ്പിക്കുകയാണ്!  പതിനാലാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു.  ‘ആരെങ്കിലും  മൃഗത്തെയോ അതിൻറെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്ര സ്വീകരിക്കുകയോ   ചെയ്താൽ അവൻ ദൈവകോപത്തിൻറെ പാത്രത്തിൽ അവിടുത്തെ ക്രോധത്തിൻറെ വീഞ്ഞ് കലർപ്പില്ലാതെ പകർന്നുകുടിക്കും.  അവരുടെ പീഡനത്തിൻറെ പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിൻറെ പ്രതിമയെയും  ആരാധിക്കുന്നവർക്കും അതിൻറെ നാമമുദ്ര സ്വീകരിക്കുന്നവർക്കും  രാപകൽ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല’ (വെളി  14 : 9-11). ഇനിയും വായിക്കുക. ‘അപ്പോൾ മൃഗത്തിൻറെ  മുദ്രയുള്ളവരും  അതിൻറെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തിൽ ദുർഗന്ധം വമിക്കുന്ന  വ്രണങ്ങളുണ്ടായി’ ( വെളി  15:2).

കാര്യങ്ങൾ വ്യക്തമായി  നിങ്ങളുടെ മുൻപിൽ  അവതരിപ്പിച്ചുകഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടതു  നിങ്ങളാണ്.   വ്യാജോപദേഷ്ടാക്കൾ നിങ്ങളുടെ മനസിനെ കീഴടക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

14. എവിടെയെങ്കിലും യുദ്ധമോ ക്ഷാമമോ പ്രകൃതിക്ഷോഭമോ ഉണ്ടാകുമ്പോൾ അവയെല്ലാം യുഗാന്ത്യവുമായി ബന്ധപ്പെടുത്തി   വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്ന  പ്രസ്താവന  കാടടച്ചുള്ള വെടിവയ്പ്പാണ്.  മുൻകാലങ്ങളിലെ യുദ്ധവും ക്ഷാമവും പ്രകൃതിക്ഷോഭവും  ഇപ്പോൾ സംഭവിക്കുന്നവയും തമ്മിലുള്ള വ്യത്യാസം  മനസിലാക്കിയാൽ  അതിനുള്ള ഉത്തരം ലഭിക്കും.  ഗർഭിണിയ്ക്കു  പ്രസവവേദന വരുന്നതുപോലെ (1 തെസ 5:3) എന്ന പ്രയോഗം  യുഗാന്ത്യത്തിലെ  സംഭവങ്ങളെക്കുറിച്ചാണെന്നതിൽ  സംശയമില്ലല്ലോ.  പ്രസവവേദനയുടെ തീവ്രതയും ആവൃത്തിയും (frequency)  പ്രസവത്തോടടുക്കുമ്പോൾ വർധിക്കും എന്നതും  നമുക്കറിയാം. അതുപോലെ തന്നെ മേൽപ്പറഞ്ഞ ദുരിതങ്ങളുടെയെല്ലാം  തീവ്രതയും ആവൃത്തിയും  യുഗാന്ത്യത്തിനു തൊട്ടുമുൻപായി  വർധിക്കും. അത്  ഇക്കാലത്ത് വ്യക്തമായി കാണുന്നതുകൊണ്ടുമാത്രമാണു   നാം അവയെ  യുഗാന്ത്യവുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്നത്.  മത്തായി  24,. മർക്കോസ് 13,  ലൂക്കാ 21  ഇതിലെല്ലാം  ഇതേ കാര്യങ്ങൾ തന്നെയാണു  പറഞ്ഞിരിക്കുന്നത്.  നിങ്ങൾക്കാരെയാണു  കൂടുതൽ വിശ്വാസം? അപ്പസ്തോലന്മാരായ മത്തായിയെയും മർക്കോസിനെയും  ലൂക്കായെയും യോഹന്നാനെയുമോ അതോ  തിരുവചനങ്ങളുടെ സത്യം  നിങ്ങളിൽ  നിന്നു  മറച്ചുവച്ചുകൊണ്ടു  നിങ്ങളെ വഴിതെറ്റിക്കുന്ന വ്യാജ ഉപദേശകരെയോ?  

 പറയുന്നവത്   ആരെന്നതല്ല, പറയുന്നത്  എന്താണെന്നാണു  ശ്രദ്ധിക്കേണ്ടത്.  അവസാനകാലത്ത് അനേകർ വിശ്വാസം ഉപേക്ഷിക്കും എന്നും   നിരവധി വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട്  അനേകരെ വഴിതെറ്റിക്കും എന്നും  പറഞ്ഞത് ( മത്തായി  24:10-11) എല്ലാം അറിയുന്ന കർത്താവ് തന്നെയാണ്.  ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ  സഹിഷ്ണുത കാണിക്കാതിരിക്കുകയും  തങ്ങളുടെ അഭിരുചിയ്ക്കു ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടുകയും ചെയ്യും ( 2  തിമോ  4:3) എന്ന്  അപ്പസ്തോലൻ പ്രവചിച്ച ഒരു കാലത്തിലാണു നാം ജീവിക്കുന്നത്  എന്നോർത്തുകൊണ്ടു  നമുക്കു   തിരുസഭയും  വിശുദ്ധരും സഭാപിതാക്കന്മാരും  കൃത്യമായി വ്യാഖ്യാനിച്ചുതരുന്ന വിശുദ്ധരഹസ്യങ്ങൾ എളിമയോടെ സ്വീകരിക്കുകയും  നമ്മുടെ കർത്താവിൻറെ  ആസന്നമായ രണ്ടാം വരവിനായി  വിശുദ്ധിയോടെ ഒരുങ്ങുകയും ചെയ്യാം.  
(www.divinemercychannel.com)