വിശുദ്ധ മഗ്ദലന മറിയത്തോടുള്ള പ്രാർത്ഥന

അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലനാമറിയമേ, 

ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ 

പ്രാർഥന 

‘ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകുവാൻ  എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല ‘ എന്ന തിരുവചനത്തിൻറെ സാക്ഷ്യമായി മാറിയ  വിശുദ്ധ മഗ്ദലനാമറിയമേ, പ്രാർത്ഥന, പരിഹാരം പ്രായശ്ചിത്തം എന്നിവയിലൂടെ ദൈവസന്നിധിയിലെത്തിയ പുണ്യാത്മാവേ,

വിശുദ്ധിയിലും  വിശ്വാസത്തിലും എളിമയിലും സ്നേഹത്തിലും വളർന്നുവരുവാൻ ഞങ്ങളെ സഹായിക്കണമേ. അനുതാപക്കണ്ണുനീരാൽ പാപങ്ങളിൽ നിന്നു മോചനം നേടിയതുപോലെ ഞങ്ങളും ആവർത്തിക്കപ്പെടുന്ന പാപങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും മോചനം നേടുവാനും  ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന ദുഷ്ടാരൂപികളിൽ നിന്നും വിടുതൽ പ്രാപിക്കുവാനും, മരണം വരെ  യേശുവിൻറെ പാദാന്തികത്തിലിരുന്നു  വചനം ധ്യാനിക്കുവാനും, കാൽവരിയിൽ നാഥൻറെ കുരിശിൻ ചുവട്ടിൽ നിന്നതുപോലെ ഞങ്ങളും പരിശുദ്ധ അമ്മയോടും  അപ്പസ്തോലന്മാരോടും എല്ലാ വിശുദ്ധരോടും സകല മാലാഖമാരോടുമൊപ്പം ഭക്തിപൂർവ്വം  ബലിയർപ്പണത്തിൽ പങ്കുകൊള്ളുവാനും  പ്രതിസന്ധികളിൽ തളരാതെ ധൈര്യപൂർവം വിശുദ്ധിയിലും വിശ്വാസത്തിലും പ്രത്യാശയിലും  ഉറച്ചുനിന്നുകൊണ്ട് ഉത്ഥിതനെ പ്രഘോഷിക്കാനുമുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി  നിരന്തരം മാധ്യസ്ഥം പ്രാർഥിക്കണമേ.

ഈ ലോകജീവിതത്തിൽ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ കുരിശുകളെയും സന്തോഷത്തോടെ സ്വീകരിക്കുവാനും ഞങ്ങളുടെ മരണസമയത്തു  മഹത്വപൂർണനായ  യേശുവിൻറെ തിരുമുഖം ദർശിക്കുവാനുമുള്ള ഭാഗ്യം ലഭിക്കുന്നതിനായി ഞങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കണമേ .

ഞങ്ങൾ   സമർപ്പിക്കുന്ന   ഈ  യാചനകൾ ………….. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിൻറെ മുൻപിൽ  സമർപ്പിക്കണമേ. മരണശേഷം സകല വിശുദ്ധരുടെയും  രക്തസാക്ഷികളുടെയും  അപ്പസ്തോലന്മാരുടെയും കൂട്ടായ്മയിൽ    യേശുവിനോടൊപ്പം സ്വർഗീയഭാഗ്യം അനുഭവിക്കുവാൻ ഞങ്ങൾ യോഗ്യരാകുന്നതിനുവേണ്ടി,  അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലനാമറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ 

1 . സ്വർഗ. … 1 ദൈവകൃപ നിറഞ്ഞ …… 1 ത്രിത്വ.

( 2016  ജൂൺ 3 ന്  വത്തിക്കാനിൽ നിന്നു പുറപ്പെടുവിച്ച സുപ്രധാനമായ ഒരു രേഖ വഴിയായി വിശുദ്ധ മഗ്ദലനാമറിയത്തെ   അപ്പസ്തോലന്മാരുടെ അപ്പസ്തോല ( APOSTOLORUM  APOSTOLA) ആയി  ഫ്രാൻസിസ് പാപ്പാ  പ്രഖ്യാപിക്കുകയും ജൂലൈ  22 ന്  വിശുദ്ധമഗ്ദലനാമറിയത്തിൻറെ  തിരുനാൾ ദിനമായി നിശ്ചയിക്കുകയും ചെയ്തു)