പരിശുദ്ധ ‘അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്, ലാസലേറ്റ്, ഫാത്തിമ എന്നിവ പോലെതന്നെ അക്കിത്ത എന്ന പേരും നമ്മിൽ പലർക്കും സുപരിചിതമാണ്. എന്നാൽ അവയിൽ നിന്നൊക്കെ അക്കിത്തയെ വ്യത്യസ്തമാക്കുന്നത് ആദ്യത്തെ സന്ദേശങ്ങൾ കിട്ടിയതിനുശേഷം നീണ്ട നാല്പത്തിയാറു വർഷങ്ങൾ കഴിഞ്ഞാണ് അവിടെ വീണ്ടും സന്ദേശങ്ങൾ ലഭിക്കുന്നതെന്നാണ്. അവയാകട്ടെ നാം ജീവിക്കുന്ന ഈ നാളുകളിൽ നാം ഭയത്തോടും വിറയലോടും കൂടി മാത്രം വായിച്ചു ധ്യാനിക്കേണ്ടവയാണ്. അതുതന്നെയാണ് ഈ ലേഖനം എഴുതാനുള്ള കാരണവും.
സിസ്റ്റർ ആഗ്നസ് സസഗാവ ബുദ്ധമതവിശ്വാസികളുടെ ഒരു കുടുംബത്തിൽ ജനിച്ചുവളർന്ന്, പിൽക്കാലത്തു ക്രിസ്തീയവിശ്വാസം സ്വീകരിച്ച വ്യക്തിയാണ്. ചെറുപ്പം മുതലേ നിരവധി ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്ന ആഗ്നസിൻറെ ശ്രവണശക്തി പൂർണ്ണമായി തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരന്നു. 1973 ജൂലൈ മാസം ആറാം തിയതി പരിശുദ്ധ ‘അമ്മ ആഗ്നസിനു പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞതു നിരന്തരം ജപമാല ചൊല്ലാനും പരിഹാരപ്രവൃത്തികൾ ചെയ്യാനുമായിരുന്നു. കൂടാതെ ശ്രവണശക്തി തിരിച്ചുകിട്ടാനായി ഒരു പ്രാർത്ഥനയും ‘അമ്മ പറഞ്ഞുകൊടുത്തു. അടുത്തവർഷം മുതൽ ശ്രവണശക്തിയിൽ പുരോഗതി കണ്ടുതുടങ്ങുകയും എട്ടുവർഷം കൊണ്ടു കൊണ്ട് പരിപൂർണ്ണസൗഖ്യം ലഭിക്കുകയും ചെയ്തു.
രണ്ടാമത്തെ പ്രത്യക്ഷീകരണ വേളയിൽ മാതാവു പറഞ്ഞത് ദാരിദ്ര്യവും സഹനവും ഏറ്റെടുത്തുകൊണ്ട് പരിഹാരം ചെയ്യാനായിരുന്നു. മൂന്നാമത്തെ പ്രത്യക്ഷീകരണം അതേ വർഷം ഒക്ടോബർ പതിമൂന്നിനായിരുന്നു. ഫാത്തിമയിലെ സൂര്യാത്ഭുതത്തിൻറെ വാർഷികദിനം തന്നെ തൻറെ സന്ദേശം നൽകാനായി ‘അമ്മ തെരഞ്ഞെടുത്തുവെന്നതു ഫാത്തിമ സന്ദേശനങ്ങളും അക്കിത്ത സന്ദേശങ്ങളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഇത്തവണ സിസ്റ്റർ ആഗ്നസിൻറെ കൂടെ സഹസന്യാസിനികളും മാതാവിൻറെ പ്രത്യക്ഷീകരണത്തിനു സാക്ഷികളായിരുന്നു. അവരുടെ മുൻപിലുണ്ടായിരുന്ന മൂന്നടി പൊക്കമുള്ളതും മരം കൊണ്ടു തീർത്തതുമായ മാതാവിൻറെ തിരുസ്വരൂപം ചലിക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു. അവിടെവച്ചു മാതാവു നൽകിയ സന്ദേശങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ്.
‘മനുഷ്യവംശം മാനസാന്തരപ്പെടുന്നില്ലെങ്കിൽ ഭയാനകമായ ഒരു മഹാശിക്ഷ ദൈവം അനുവദിക്കും. അതു പ്രളയത്തേക്കാൾ ഭീകരമായിരിക്കും. ആകാശത്തുനിന്ന് അഗ്നി വർഷിക്കപെടും. അതു മനുഷ്യവംശത്തിൻറെ നല്ലൊരു പങ്കിനെയും തുടച്ചുനീക്കും. നീതിമാന്മാരും ദുഷ്ടന്മാരും, പുരോഹിതരും വിശ്വാസികളും അതിൽപ്പെടും. ഈ മഹാശിക്ഷയെ അതിജീവിക്കുന്നവർ തികച്ചും നിരാശരും നിരാശ്രയരുമായിരിക്കും. അവർ മരിച്ചവരെ ഓർത്ത് അസൂയപ്പെടും. എല്ലാ ദിവസവും ജപമാല ചൊല്ലി മാർപാപ്പയ്ക്കും മെത്രാന്മാർക്കും വൈദികർക്കും വേണ്ടി പ്രാർത്ഥിക്കണം. പിശാചിൻറെ പ്രവൃത്തികൾ സഭയിൽ നുഴഞ്ഞുകയറും. കർദിനാൾ കർദിനാളിനെതിരെയും മെത്രാൻ മെത്രാനെതിരെയും പ്രവർത്തിക്കും. ദൈവമാതാവിനെ വണങ്ങുന്ന വൈദികരെ മറ്റുള്ളവർ പരിഹസിക്കും. ദൈവാലയങ്ങളും ബലിപീഠങ്ങളും കൊള്ളയടിക്കപ്പെടും. ഒത്തുതീർപ്പുകൾക്കു തയ്യാറാകുന്നവരെക്കൊണ്ടു സഭ നിറയും. അനേകം അഭിഷിക്തർ ദൈവവിളി ഉപേക്ഷിക്കും. അഭിഷിക്തരുടെ ആത്മാക്കൾക്കെതിരെ സാത്താൻ കൊടുംപകയോടെ ആഞ്ഞടിക്കും. പാപം ഇനിയും വർധിച്ചാൽ മാപ്പുലഭിക്കുക പ്രയാസമായിരിക്കും. നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ ഓർത്താണു ഞാൻ കണ്ണീരൊഴുക്കുന്നത്. നീ നിൻറെ മേലധികാരിയോട് ഈ കാര്യങ്ങൾ അറിയിക്കുക’.
സിസ്റ്റർ ആഗ്നസ് മാതാവു പറഞ്ഞ കാര്യങ്ങൾ അതേപടി തൻറെ രൂപതയുടെ മെത്രാനെ അറിയിച്ചു. അതിനുശേഷം മറ്റേതൊരു കന്യാസ്ത്രീയെയും പോലെ തന്നെ അവർ മഠത്തിൻറെ ആവൃതിയ്ക്കുള്ളിലേക്കു പിൻവലിഞ്ഞു. തുടർന്ന് 1975 മുതൽ മാതാവിൻറെ തിരുസ്വരൂപത്തിൽ നിന്നു കണ്ണീരൊഴുകിത്തുടങ്ങി. ഒന്നും രണ്ടുമല്ല, നൂറ്റിയൊന്നു തവണയാണ് മാതാവ് കണ്ണീരൊഴുക്കിയത്. അത് കന്യാസ്ത്രീകൾ കെട്ടിച്ചമച്ച കഥയൊന്നുമല്ല. ജപ്പാനിലെ ദേശീയ ടെലിവിഷൻ നെറ്റ് വർക്ക് തന്നെ കണ്ണീരൊഴുക്കുന്ന മാതാവിൻറെ ദൃശ്യം ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. അത് അവിശ്വാസികൾക്കുള്ള അടയാളമായിരുന്നു. 1968 മുതൽ മൂന്നുവർഷക്കാലം ഈജിപ്തിലെ സൈത്തൂണിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയെ കണ്ടവരിൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡണ്ടായിരുന്ന ഗമാൽ അബ്ദുൽ നാസറും ഉൾപ്പെട്ടിരുന്നു എന്നതുപോലെ തന്നെ മാതാവിൻറെ പ്രത്യക്ഷീകരണങ്ങളിൽ വിശ്വസിക്കാൻ മടി കാണിച്ചവർക്കായിട്ടാകണം അതു ടെലിവിഷനിലൂടെ ലൈവ് ആയി കാണുവാൻ ഈശോ അനുവദിച്ചത്
വിശദമായ അന്വേഷണങ്ങൾക്കുശേഷം 1984 ൽ രൂപതാമെത്രാൻ മാതാവിൻറെ പ്രത്യക്ഷീകരണത്തെ അംഗീകരിച്ചു. അപ്പോഴേയ്ക്കും അക്കിത്ത വലിയൊരു മരിയൻ തീർത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ക്രമേണ മാതാവിൻറെ സന്ദേശങ്ങൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കാം പശ്ചാത്തപിക്കുന്നില്ലെങ്കിൽ വരാനിരിക്കുന്ന മഹാശിക്ഷയെക്കുറിച്ച് മാതാവ് മുന്നറിയിപ്പ് കൊടുത്തിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലല്ലോ എന്നും പലരും ചിന്തിച്ചിരിക്കാം.
അങ്ങനെയിരിക്കെയാണ് 2019 ഒക്ടോബർ ആറാം തിയതി തനിക്കു സ്വർഗത്തിൽ നിന്നു ലഭിച്ച സന്ദേശം സിസ്റ്റർ ആഗ്നസ് വെളിപ്പെടുത്തിയത്. അപ്പോൾ വത്തിക്കാനിൽ ആമസോൺ സിനഡ് നടന്നു കൊണ്ടിരിക്കുക യായിരുന്നു. അതിനു രണ്ടു ദിവസം മുൻപാണ് മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ വത്തിക്കാൻ തോട്ടത്തിൽ വിജാതീയവിഗ്രഹമായ പച്ചമാമയെ സ്ഥാപിക്കുകയും തുടർന്ന് അതിനെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുപോകുകയും ചെയ്ത വിവാദപരമായ സംഭവം നടന്നത്.
സിസ്റ്റർ ആഗ്നസ് ലോകത്തോട് ചുരുക്കം വാക്കുകളേ പറഞ്ഞുള്ളൂ. “ചാരം പൂശി പരിഹാര ജപമാല ചൊല്ലുക”. ഈ സന്ദേശം കേൾക്കുന്നവരുടെ മനസിലേക്കു പെട്ടെന്നു തന്നെ കടന്നുവരുന്ന ചിത്രം നാല്പതുദിവസ ത്തിനുള്ളിൽ നിനെവെ നഗരം നശിപ്പിക്കപ്പെടും എന്ന യോനാ പ്രവാചകൻറെ മുന്നറിയിപ്പിനെത്തുടർന്ന് നിനെവേയിലെ രാജാവും ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി അനുതപിച്ച ചിത്രമായിരിക്കും. തികച്ചും യാദൃച്ഛികമെന്നു തോന്നാം, സിസ്റ്റർ ആഗ്നസിന് ഈ സന്ദേശം കിട്ടി നാൽപതു ദിവസം പൂർത്തിയാകുന്ന ദിവസം ( 15.11.2019) ലത്തീൻ കുർബാനയിലെ സുവിശേഷഭാഗം ലൂക്കാ 17:26-35 ആയിരുന്നു. നാം ശ്രദ്ധിച്ചുവായിക്കേണ്ട വചനങ്ങൾ തന്നെയാണവ. ഇരുപത്തൊൻപതാം തിരുവചനം ഇങ്ങനെ പറയുന്നു; ‘ ലോത്ത് സോദോമിൽ നിന്ന് ഓടിപ്പോയ ദിവസം സ്വർഗത്തിൽ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു’. അക്കിത്തയിൽ നാല്പത്താറു വർഷങ്ങൾക്കു മുൻപു മാതാവു പറഞ്ഞതും ആകാശത്തുനിന്ന് അഗ്നിയിറങ്ങും എന്നായിരുന്നുവല്ലോ. അതിൻറെ ഓർമ്മപ്പെടുത്തലായിരിക്കാം നമുക്കു യാദൃച്ഛികമെന്നു തോന്നുന്ന ഇക്കാര്യം. ഇങ്ങനെയൊരു സന്ദേശം പുറത്തുവിട്ടതിനെത്തുടർന്ന് സിസ്റ്റർ ആഗ്നസിനെതിരെ പലരും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അവരുടെ ലക്ഷ്യത്തെക്കുറിച്ച് നന്നായറിയാവുന്നതു കൊണ്ടാകാം സിസ്റ്റർ ഒന്നും പ്രതികരിച്ചിട്ടില്ല എന്നു തോന്നുന്നു.
അനുതപിച്ചില്ലെങ്കിൽ വരാനിരിക്കുന്ന മഹാശിക്ഷയെക്കുറിച്ചു പറയുമ്പോൾ മാതാവു മുന്നറിയിപ്പു നൽകുന്ന ഒരു കാര്യം മഹാശിക്ഷയ്ക്കുശേഷം ജീവനോടെയിരിക്കുന്നവർക്ക് അവശേഷിക്കുന്ന ആയുധങ്ങൾ ജപമാലയും തൻറെ പുത്രൻറെ അടയാളവും മാത്രമായിരിക്കും എന്നാണ്. മനുഷ്യപുത്രൻറെ അടയാളം എന്നത് മത്താ. 24:30 ലും നാം കാണുന്നുണ്ട്. മനുഷ്യപുത്രൻറെ അടയാളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുരിശടയാളം തന്നെയാണെന്നു ദൈവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ക്രിസ്ത്യാനികളുടെ എക്കാലത്തെയും ആശ്രയമായ പരിശുദ്ധ കുർബാനയെക്കുറിച്ച് അമ്മ ഒന്നും പറയുന്നില്ല എന്നതു ശ്രദ്ധേയമാണ്. മഹാപീഡനത്തിൻറെ ആ നാളുകളിൽ വിശ്വാസികൾക്കു പരിശുദ്ധകുർബാന ലഭ്യമാവുകയില്ല എന്നതാണോ അതിൻറെ അർത്ഥം? കോവിഡ് കാലത്തു പരിശുദ്ധ കുർബാനയും കൂദാശകളും കിട്ടാതെ പോയ നാളുകൾ നമ്മുടെ ഓർമ്മയിലുണ്ട്. അത് താൽക്കാലികമായിരുന്നു. ഇനി വരാനിരിക്കുന്ന മഹാപീഡന കാലത്തേയ്ക്കായി വിശുദ്ധജീവിതം നയിച്ചുകൊണ്ടും പ്രാർത്ഥനയിൽ ഉറച്ചുനിന്നുകൊണ്ടും ഒരുങ്ങുക എന്നുമാത്രമേ നമുക്കു ചെയ്യാനുള്ളൂ.
ഓർക്കുക. അക്കിത്തയിൽ മാതാവു മുന്നറിയിപ്പു നൽകിയിട്ട് നാൽപതു വർഷവും പിന്നെ ഒരു ഏഴു വർഷവും കഴിഞ്ഞിരിക്കുന്നു. ചാക്കുടുത്തു ചാരം പൂശി രാജാവും പ്രജകളും, വലിയവരും ചെറിയവരും, യുവാക്കളും വൃദ്ധരും മുട്ടിന്മേൽ വീണു പ്രാർത്ഥിക്കേണ്ട സമയം വന്നെത്തിയിരിക്കുന്നു. ലോക സുഖങ്ങളോടു വിടപറഞ്ഞ് ഉപവാസത്തിലും പരിഹാരപ്രവൃത്തികളിലും നാം വ്യാപൃതരാവേണ്ട സമയം. രക്ഷപ്പെടാനുള്ള വഴി അതൊന്നു മാത്രം.
ആസന്നമായ ദുരന്തങ്ങളിൽ നിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയുന്നത് എനിയ്ക്കു മാത്രമാണ് എന്നും എന്നിൽ ആശ്രയിക്കുന്നവർ രക്ഷപ്പെടും എന്നും വാഗ്ദാനം ചെയ്ത അമ്മയുടെഅടുക്കലേക്ക് നമുക്ക് ഓടിയണയാം. ‘അമ്മ പരിശുദ്ധാത്മാവിൻറെ അഭിഷേകം നമുക്കായി വാങ്ങിത്തരും എന്നുറപ്പാണ്. പരിശുദ്ധാത്മാവിൻറെ ശക്തമായ സഹായമില്ലാതെ ഇനിയുള്ള നാളുകൾ പിടിച്ചുനിൽക്കാനാവില്ല എന്ന് നമുക്കറിയാം. അതിനായി നമുക്ക് പ്രാർത്ഥിക്കാം; ‘ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങയുടെ പ്രിയ മണവാട്ടിയായ പരിശുദ്ധകന്യകാമറിയത്തിൻറെ വിമലഹൃദയത്തിൻറെ ശക്തമായ മധ്യസ്ഥതയാൽ എഴുന്നള്ളി വരണമേ. ഞങ്ങളിൽ വന്നു വസിക്കണമേ’