ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1846 സെപ്‌റ്റംബർ 19 നായിരുന്നു ഫ്രാൻസിലെ ലാസലെറ്റ് എന്ന കൊച്ചുഗ്രാമത്തിൽ Maximin Giraud, Melanie Calvat എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. അന്നൊരു ശനിയാഴ്ചയായിരുന്നു. ഗ്രാമത്തിനടുത്തുള്ള മലയിൽ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാൻ പോയ മാക്സിമിനും മെലാനിയും പുൽമേട്ടിൽ കിടന്ന് അല്പം മയങ്ങിപ്പോയി. ഉണർന്നെഴുന്നേറ്റപ്പോൾ തങ്ങളുടെ പശുക്കളെ തിരഞ്ഞുപോയ അവർ തിരിച്ചുവരുമ്പോളാണു പെട്ടെന്ന് ആ കാഴ്ച കണ്ടത്. അതാ,തങ്ങൾ കിടന്നുറങ്ങിക്കൊണ്ടിരുന്ന സ്ഥലത്ത് ഒരു ശക്തമായ പ്രകാശഗോളം. പതുക്കെപ്പതുക്കെ ആ പ്രകാശവലയത്തിനുള്ളിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുന്നു. മുത്തുകൾ കൊണ്ട് അലങ്കരിച്ച വെള്ളവസ്ത്രം ധരിച്ച അതീവസുന്ദരിയായ ഒരു സ്ത്രീയായിരുന്നു അത്. കൈമുട്ടുകൾ കാലുകളിൽ താങ്ങി മുഖം കൈകൾക്കിടയിൽ ചേർത്തുവച്ച ആ സ്ത്രീ കരയുകയായിരുന്നു. സ്വർണ്ണനിറമുള്ള ഏപ്രണും കഴുത്തിൽ ചെറിയൊരു കുരിശുമാലയും ധരിച്ച ആ സ്ത്രീ കുട്ടികളോട് ആദ്യം സംസാരിച്ചതു ഫ്രഞ്ച് ഭാഷയിലാണ്. എന്നാൽ പിന്നീട് അവർ സംസാരിച്ചതു ലാസലെറ്റിലെ പ്രാദേശികഭാഷയായ Occitanൽ ആയിരുന്നു.
ആ സുന്ദരിയായ സ്ത്രീ അവരോട് ഇങ്ങനെ പറഞ്ഞു. “എൻറെ മക്കളേ, ഭയപ്പെടാതെ അടുത്തേയ്ക്കു വരിക. ഞാൻ നിങ്ങളോടു വലിയ കാര്യങ്ങൾ പറയാനാണു വന്നിരിക്കുന്നത്”. ആ കുട്ടികൾ പിന്നീടു പറഞ്ഞതു തങ്ങളോടു സംസാരിച്ചുകൊണ്ടിരുന്ന സമയമത്രയും ആ സ്ത്രീ കരയുകയായിരുന്നു എന്നാണ്. ലാസലേറ്റിലെ മരിയൻ സന്ദേശങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
‘ എൻറെ ജനം ദൈവത്തിനു കീഴ്‌പ്പെടുന്നില്ലെങ്കിൽ എൻറെ പുത്രൻറെ കരം അവരുടെ മേൽ പതിക്കാൻ നിർബന്ധിതമാകും.ശക്തവും ഭാരമേറിയതുമായ ആ കരം ഇനിയും തടഞ്ഞുനിർത്താൻ എനിക്കു കഴിയില്ല. എത്ര കാലമായി ഞാൻ സഹിക്കുന്നു! എൻറെ പുത്രൻ നിങ്ങളെ തള്ളിക്കളയാതിരിക്കാനായി ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നിങ്ങൾ അതു ശ്രദ്ധിക്കുന്നില്ല.
നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും എന്തൊക്കെ ചെയ്താലും അതൊന്നും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യുന്നതിൻറെ പകരമാവില്ല. അധ്വാനിക്കാനായി ആറു ദിവസം നല്കപ്പെട്ടിട്ടുണ്ട്. ഏഴാം ദിവസം ദൈവത്തിനായി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. എന്നാൽ അവർ അതു ശ്രദ്ധിക്കുന്നില്ല. എൻറെ പുത്രൻറെ കരത്തിൻറെ ഭാരം കൂടാൻ കാരണമിതാണ്. വണ്ടിയോടിക്കുന്നവർക്കു പോലും എൻറെ പുത്രൻറെ നാമം ഉപയോഗിച്ചാലേ ആണയിടാൻ കഴിയൂ എന്നായിരിക്കുന്നു. ഇതും എൻറെ പുത്രൻറെ കരം കനത്തതാക്കുന്നു.
ഭൂമി വിളവു നൽകാത്തതിന് ഉത്തരവാദികൾ നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഞാൻ നിങ്ങൾക്ക് ഉരുളക്കിഴങ്ങിലൂടെ മുന്നറിയിപ്പു തന്നു. എന്നാൽ നിങ്ങൾ ശ്രവിച്ചില്ല എന്നു മാത്രമല്ല ഉരുളക്കിഴങ്ങു നശിച്ചുപോയപ്പോൾ എൻറെ മകൻറെ നാമം വൃഥാ ഉപയോഗിച്ചുകൊണ്ട് ആണയിടുകയാണ് നിങ്ങൾ ചെയ്തത്. അതുകൊണ്ട് കൃഷി ഇനിയും നശിക്കും. ക്രിസ്മസ് ആകുമ്പോഴേയ്ക്കും ഒന്നും അവശേഷിക്കില്ല.
നിങ്ങൾക്കു ഗോതമ്പ് ഉണ്ടെങ്കിലും അതു വിതയ്ക്കാൻ കൊള്ളാത്തതായിരിക്കും. വിതച്ചാലും അതു കീടങ്ങൾ തിന്നുനശിപ്പിക്കും. എന്തെങ്കിലും അവശേഷിച്ചാൽ തന്നെ അതു മെതിക്കുമ്പോൾ പതിരായിരിക്കും. വലിയൊരു ക്ഷാമം വരാനിരിക്കുന്നു. അതിനു മുൻപായി ഏഴു വയസിനു മുൻപുള്ള കുഞ്ഞുങ്ങൾ (രോഗബാധിതരായി) മരിക്കും. അവശേഷിക്കുന്നവർ ക്ഷാമം അനുഭവിച്ചു തന്നെ പരിഹാരം ചെയ്യും. വാൾനട്ട് കൃഷി നശിച്ചുപോകും, മുന്തിരി ചീഞ്ഞുപോകും.
അവർ മാനസാന്തരപ്പെടുകയാണെങ്കിൽ കല്ലും പാറയും ഗോതമ്പിൻറെ കൂനയായി മാറും. ഉരുളക്കിഴങ്ങ് തനിയെ മുളച്ചുവരും. നിങ്ങൾ നന്നായി പ്രാർഥിക്കണം. സമയം കിട്ടുന്നില്ലെങ്കിൽ ഉള്ള സമയത്തു നന്നായി പ്രാർഥിക്കുക. സമയം കിട്ടുമ്പോൾ കൂടുതൽ പ്രാർഥിക്കുക. പ്രായമുള്ള ചില സ്ത്രീകൾ മാത്രമാണ് ഞായറാഴ്ചകളിൽ ദൈവാലയത്തിൽ വരുന്നത്. മറ്റുള്ളവരെല്ലാം വേനൽക്കാലത്തു ഞായറാഴ്ചയും വേലയെടുക്കുന്നു. ശീതകാലത്തു മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടുമാത്രം അവർ കുർബാനയ്ക്കു വരുന്നു. അതു മതത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. നോമ്പുകാലത്താകട്ടെ അവർ പട്ടികളെപ്പോലെ ഇറച്ചിക്കടയിലേക്കു പോകുന്നു. ഈ കാര്യങ്ങൾ നിങ്ങൾ എല്ലാവരെയും അറിയിക്കുക’.
ഇതു പറയുമ്പോഴെല്ലാം മാക്സിമിനും മെലാനിയും നിർന്നിമേഷരായി, നിശ്ചലരായി നോക്കിനിൽക്കുകയായിരുന്നു. എന്നാൽ ആ സുന്ദരിയായ സ്ത്രീ മടങ്ങിപ്പോകാൻ ഭാവിക്കുകയാണെന്നു കണ്ടപ്പോൾ അവർ ഓടി അടുത്തെത്തി. അവരോടൊപ്പം ഏതാനും ചുവടുകൾ നടന്ന ആ സ്ത്രീ മുകളിലേക്കുയർന്ന് അപ്രത്യക്ഷയായപ്പോൾ മാക്സിമിനും മെലാനിയും രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു. ആ സ്ത്രീയുടെ പാദങ്ങൾ നിലത്തു മുട്ടിയിരുന്നില്ല എന്നതും കരച്ചിൽ അവസാനിപ്പിച്ചെങ്കിലും ആ മുഖം ദുഃഖസാന്ദ്രമായിരുന്നു എന്നതും.
തങ്ങൾ കാണുന്നത് ആരെയാണെന്നു മാക്സിമിനും മെലാനിയ്ക്കും അപ്പോൾ ഒരു ധാരണയും ഉണ്ടായിരുന്നില്ല. അവർ കരുതിയത് അത് ഏതോ ഒരു വിശുദ്ധ ആണെന്നായിരുന്നു. തങ്ങൾക്കുണ്ടായ അനുഭവം മറ്റുള്ളവരോടു വിവരിച്ചപ്പോൾ അവർ പറഞ്ഞതും തങ്ങൾ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു എന്നായിരുന്നു. അതു പരിശുദ്ധ അമ്മ തന്നെയായിരുന്നുവെന്നു പിന്നീടാണ് അവർക്കു മനസിലായത്. അമ്മ രണ്ടു കുട്ടികൾക്കും ഓരോ രഹസ്യം കൊടുത്തിരുന്നു. അതെന്താണെന്ന് അവർ പരസ്പരം അറിഞ്ഞിരുന്നുമില്ല.
വൈകുന്നേരം തങ്ങളുടെ യജമാനൻറെ വീട്ടിൽ തിരിച്ചെത്തിയ അവർ അവിടുത്തെ ഗൃഹനാഥയോടു സംഭവിച്ച കാര്യങ്ങൾ എല്ലാം വിവരിച്ചപ്പോൾ നല്ലൊരു വിശ്വാസിയായിരുന്ന ആ വൃദ്ധയ്ക്ക് അതു പരിശുദ്ധ അമ്മ തന്നെയാണെന്നതിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല, . എന്നാൽ അവരുടെ മകന് ഇതെല്ലം തമാശയായിട്ടാണ് തോന്നിയത്. നേരെചൊവ്വേ പ്രാർഥിക്കാൻ പോലും അറിയാത്ത ഈ പിള്ളേർക്ക് എങ്ങനെയാണു മാതാവ് പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു അവൻറെ സംശയം.
പിറ്റേന്നു രാവിലെ തന്നെ അവർ ഇടവകപ്പള്ളിയിലെ വികാരിയച്ചനെ കണ്ടു തങ്ങൾക്കുണ്ടായ അനുഭവം വിവരിക്കട്ടെ എന്നായിരുന്നു മുതിർന്നവരുടെ തീരുമാനം. അതനുസരിച്ച് അതിരാവിലെ അവർ പള്ളിമുറിയിൽ ചെന്നപ്പോൾ വാതിൽ തുറന്നുകൊടുത്ത അവിടുത്തെ അടുക്കളക്കാരിക്കു കാര്യങ്ങൾ എല്ലാം അറിഞ്ഞേ പറ്റൂ. അവർ അതെല്ലാം വിശദീകരിച്ചുകൊടുക്കുമ്പോൾ ഉള്ളിലെ മുറിയിൽ ഇരുന്ന വികാരിയച്ചൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. പുറത്തേക്കിറങ്ങിവന്ന അദ്ദേഹം കുട്ടികളോട് പറഞ്ഞത്
മാതാവിനെ കാണാൻ അവസരം ലഭിച്ച നിങ്ങൾ ഭാഗ്യം ചെയ്തവരാണ്’ എന്നായിരുന്നു. ഇത് പറഞ്ഞപ്പോഴേയ്ക്കും പരിശുദ്ധകുർബാനയ്ക്കു സമയമായതിനാൽ അച്ചൻ പള്ളിയിലേക്കു പോയി.
എന്നാൽ അന്നത്തെ അച്ചൻറെ പ്രസംഗം മുഴുവനും മാതാവിൻറെ പ്രത്യക്ഷീകരണത്തെക്കുറിച്ചായിരുന്നു. വികാരാധീനനായി, ഇടറിയ ശബ്ദത്തിൽ അച്ചൻ കുട്ടികൾക്കുണ്ടായ ദർശനം വിവരിച്ചതോടെ
വാർത്ത കാട്ടുതീ പോലെ പരന്നു. അന്നു വൈകുന്നേരം തന്നെ ലാസലേറ്റിലെ മേയർ മെലാനിയുടെ വീട്ടിലെത്തി. പല തവണ മെലാനിയെ ചോദ്യംചെയ്തു. ഭീഷണപ്പെടുത്തി, സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു. എന്നിട്ടും മെലാനി നേരത്തെ പറഞ്ഞതിൽ നിന്ന് ഒരു വാക്കുപോലും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്തില്ല. പിറ്റേന്നു തന്നെ അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന മാക്സിമിനെയും മേയർ ചോദ്യം ചെയ്തു. മെലാനി പറഞ്ഞ വാക്കുകളുടെ ആവർത്തനം മാത്രമേ മാക്സിമിനും പറയാനുണ്ടായിരുന്നുള്ളൂ. മേയർക്ക് നിരാശനായി മടങ്ങേണ്ടി വന്നു. അപ്പോഴേയ്ക്കും മാതാവിൻറെ പ്രത്യക്ഷീകരണത്തിൽ ചെറിയ താല്പര്യം തോന്നിത്തുടങ്ങിയ മെലാനിയുടെ വീട്ടുകാർ മെലാനി പറഞ്ഞ കാര്യങ്ങൾ എഴുതി സൂക്ഷിച്ചിരുന്നു.
സഭാധികാരികൾ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള അന്വേഷണനടപടികൾ ഉടനെ തന്നെ ആരംഭിച്ചു. 1951 സെപ്റ്റംബർ 19 ന് Grenoble ലെ മെത്രാൻ Philibert de Bruillard ലാസലേറ്റ് പ്രത്യക്ഷീകരണങ്ങളെ അംഗീകരിച്ചു. അദ്ദേഹത്തിനുശേഷം വന്ന മെത്രാൻ ചുരുങ്ങിയ വാക്കുകൾ ലാസലേറ്റിലെ പ്രത്യക്ഷീകരണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ” ലാസലെറ്റിലെ കുട്ടികളുടെ ദൗത്യം അവസാനിച്ചുകഴിഞ്ഞു. എന്നാൽ സഭയുടെ ദൗത്യം തുടങ്ങുന്നതേയുള്ളു”.
തീർച്ചയായും സഭയുടെ ദൗത്യം ഇന്നും തുടരുകയാണ്. അതു ലാസലെറ്റിൽ മാതാവു പറഞ്ഞതുപോലെ തന്നെ മാതാവിൻറെ സന്ദേശമനുസരിച്ചു ജനങ്ങളെ വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും കൊണ്ടുവരിക എന്നതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണു പ്രാർഥനയിൽ ശക്തിപ്പെടാനുള്ള ആഹ്വാനവും. രണ്ട് ഇടയക്കുട്ടികൾക്കു പ്രാർഥിക്കാൻ കിട്ടുന്ന സമയം വളരെ കുറവാണെന്നറിയാവുന്ന അമ്മ പറഞ്ഞതു രാവിലെയും വൈകുന്നേരവും നിർബന്ധമായും പ്രാർഥിക്കണമെന്നും പ്രാർഥിക്കുമ്പോൾ അതു നന്നായി ചെയ്യണം എന്നുമായിരുന്നു. സമയം ഉള്ളവർ കൂടുതൽ സമയം പ്രാർത്ഥിക്കണം എന്നും അമ്മ പറഞ്ഞു.
തിന്മ ഇനിയും പെരുകുകയാണെങ്കിൽ ദൈവത്തിൻറെ കരം മനുഷ്യരാശിയ്ക്കുമേൽ പതിക്കുമെന്നും അതു തടഞ്ഞുനിർത്താൻ തനിക്കു കഴിയില്ല എന്നും മാതാവ് ലാസലെറ്റിൽ പറഞ്ഞിട്ട് 175 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ചകളിൽ പോലും ജോലി ചെയ്തു പണം സമ്പാദിക്കാനുള്ള തിരക്കിൽ സാബത്ത് ആചരണം തന്നെ മറന്നുപോകുന്നവരെക്കുറിച്ചും നോമ്പ് ആചരിക്കാത്തതിനെക്കുറിച്ചും ദൈവത്തെ മറന്നുകളയുന്നതുകൊണ്ടു ഭൂമി വിളവു തരാത്തതിനെക്കുറിച്ചും വരാനിരിക്കുന്ന വലിയൊരു ക്ഷാമത്തെക്കുറിച്ചും കർത്താവിൻറെ നാമം വൃഥാ പ്രയോഗിക്കുന്നതിനെക്കുറിച്ചും ഒക്കെ മാതാവു മുന്നറിയിപ്പുതന്നിട്ടും അത്രയും കാലം ആയിരിക്കുന്നു. എന്നിട്ടും എത്ര പേർ അമ്മയുടെ വാക്കുകൾക്കു ചെവികൊടുക്കുന്നുണ്ട് എന്നു നാം ചിന്തിക്കണം.
ലാസലെറ്റ് പ്രത്യക്ഷീകരണങ്ങൾക്ക് ഒരു ശേഷഭാഗം കൂടിയുണ്ട്. 1851 ൽ അതായതു ദർശനത്തിനു അഞ്ചു വർഷങ്ങൾക്കുശേഷം മാക്സിമിനും മെലാനിയും അതേക്കുറിച്ചുള്ള ലഘുവിവരണം പോപ്പിനെ അറിയിക്കാനായി എഴുതിക്കൊടുത്തിരുന്നു. എന്നാൽ അപ്പോഴും അവർ മാതാവു തങ്ങളെ ഏല്പിച്ച രഹസ്യം എന്തെന്നു പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. മാക്സിമിൻ 40 വയസായപ്പോഴേയ്ക്കും മരിച്ചു. ഒരു കന്യാസ്ത്രീയാകാനുള്ള ദൈവവിളി സ്വീകരിച്ച മെലാനി 1904 ൽ ആണു മരിച്ചത്. തന്നെ ഏൽപിച്ച രഹസ്യങ്ങളെക്കുറിച്ച് പലസമയത്തായി പലരോടും വെളിപ്പെടുത്തിയ മെലാനി 1879 ൽ ലാസലെറ്റ് ദർശനങ്ങളെക്കുറിച്ചു കൂടുതൽ വിശദമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുപുസ്തകം പ്രസിദ്ധീകരിച്ചു. 1951ൽ മാർപ്പാപ്പക്കു കൊടുത്ത മൂന്നുപേജുള്ള കത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരണങ്ങൾ ഈ ബുക്ക് ലെറ്റിൽ ഉണ്ട്. ‘റോമിനു വിശ്വാസം നഷ്ടപ്പെടും എന്നും റോം എതിർക്രിസ്തുവിൻറെ ആസ്ഥാനമായിത്തീരും’ എന്നുമുള്ള വെളിപ്പെടുത്തലുകൾ ലാസലെറ്റ് സന്ദേശവുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്നത് ഇതിൻറെ വെളിച്ചത്തിലാണ്.
തീർച്ചയായും അന്ത്യനാളുകളിൽ വലിയൊരു വിശ്വാസത്യാഗം സംഭവിക്കും എന്നു വിശുദ്ധഗ്രന്ഥത്തിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളിൽ മനുഷ്യൻ ദൈവത്തിൻറെ സ്ഥാനത്തു തന്നെത്തന്നെ മഹത്വപ്പെടുത്തുമെന്നും എതിർക്രിസ്തു ദൈവത്തിൻറെ ആലയത്തിൽ സ്ഥാനം പിടിക്കുമെന്നും ഒക്കെ തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു റോമിനു വിശ്വാസം നഷ്ടപ്പെടുന്നതിനെക്കറിച്ചും കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സ്ഥിതിചെയ്യുന്ന റോമാനഗരത്തിൽ തന്നെ ക്രിസ്തുവിനെതിരായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുഷ്ടശക്തികൾ താവളമടിക്കുന്നതിനെക്കുറിച്ചും ലാസലെറ്റിൽ മാതാവു മുന്നറിയിപ്പു തന്നിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല.
എന്നാൽ നാം ചിന്തിക്കേണ്ടതു ലാസലെറ്റിലെ സന്ദേശങ്ങളുടെ അന്തസത്തയെക്കുറിച്ചാണ്. അത് നിരന്തരമായ പ്രാർഥന, വിശുദ്ധിയോടെയുള്ള സാബത്താചരണം, ദൈവഹിതത്തിനുള്ള വിധേയപ്പെടൽ, ആഴമായ അനുതാപം എന്നിവയാണ്. മാതാവു നമ്മോടു പറയുന്നതു റോമിനു വിശ്വാസം നഷ്ടപ്പെടുന്നുണ്ടോ എന്നു നോക്കിയിരിക്കാനല്ല, മറിച്ചു നമ്മുടെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ്.
ലാസലെറ്റ് മാതാവിനോടുള്ള പ്രാർഥന
————————————————————–
ഓ പ്രിയപ്പെട്ട ലാസലെറ്റ് നാഥേ, വ്യാകുലങ്ങളുടെ അമ്മേ, അങ്ങു എനിക്കായി കാൽവരിയിൽ ചിന്തിയ കണ്ണീർക്കണങ്ങൾ ഓർക്കണമേ. ദൈവത്തിൻറെ നീതിയിൽ നിന്ന് എന്നെ സംരക്ഷിക്കാനായി അങ്ങു നിരന്തരമായി പ്രവർത്തിക്കുന്നതിനെയും ഓർക്കണമേ. അങ്ങ് ആർക്കുവേണ്ടി ഇതൊക്കെയും ചെയ്തുവോ, അങ്ങയുടെ ആ കുഞ്ഞിനെ ഇപ്പോൾ തള്ളിക്കളയുവാൻ അങ്ങേയ്ക്കു കഴിയുമോ?
ഇതാ, എനിക്ക് ആശ്വാസം നൽകുന്ന ഈ ചിന്തയാൽ പ്രചോദിതനായി, എൻറെ അവിശ്വസ്തതയും കൃതഘ്നതയും കാര്യമാക്കാതെ, അങ്ങയുടെ പാദത്തിങ്കൽ എന്നെ സമർപ്പിക്കാനായി ഞാൻ വരുന്നു. ഓ അനുരഞ്ജനത്തിൻറെ കന്യകേ, എന്നെ മാനസാന്തരപ്പെടുത്തണമേ. എല്ലാ വസ്തുക്കളെക്കാളും ഉപരിയായി യേശുക്രിസ്തുവിനെ സ്നേഹിക്കാനും വിശുദ്ധജീവിതം നയിച്ചുകൊണ്ട് അങ്ങയെ സമാശ്വസിപ്പിക്കാനും അങ്ങനെ ഒരുനാൾ ഞാൻ അങ്ങയെ സ്വർഗത്തിൽ കണ്ടെത്തുവാനുമുള്ള കൃപ എനിക്കു വാങ്ങിത്തരണമേ. ആമേൻ.