അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ് കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും ( ഹബക്കുക്ക് 3:17-18).
കർത്താവിൽ ആനന്ദിക്കുകയും രക്ഷകനായ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസിയുടെ വാക്കുകളാണിവ. തീർച്ചയായും കേൾക്കാൻ ഇമ്പമുള്ള വചനങ്ങൾ തന്നെ. എല്ലായ്പ്പോഴും കർത്താവിൽ ആനന്ദിക്കാൻ പൗലോസ് ശ്ലീഹായും നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. അങ്ങനെ ആനന്ദിക്കാൻ താല്പര്യമുള്ളവർ ഹബക്കൂക്ക് പ്രവാചകന്റെ വാക്കുകൾ ഒരിക്കൽ കൂടി വായിച്ചുനോക്കുക. കൃഷി നശിക്കുമ്പോഴും ക്ഷാമം വരുമ്പോഴും സമ്പത്ത് നഷ്ടപ്പെടുമ്പോഴും വരുമാനമാർഗങ്ങൾ അടയുമ്പോഴും ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങൾ സന്ദർശനത്തിനെത്തുമ്പോഴും കർത്താവിൽ ആനന്ദിക്കാൻ പാകത്തിൽ തന്റെ മനസിനെ പാകപ്പെടുത്തിയ ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിന്നുയരുന്നതും ഉയരേണ്ടതുമായ പ്രാർത്ഥനയാണിത്.
ഇങ്ങനെ പ്രാർത്ഥിച്ച പലരെക്കുറിച്ചും നാം ബൈബിളിൽ വായിക്കുന്നുണ്ട്. പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ജോബിന് തന്റെ കഴുതകളെയും ആടുകളെയും ഒട്ടകങ്ങളെയും മാത്രമല്ല തന്റെ പത്തുമക്കളെയും വേലക്കാരെയും നഷ്ടപ്പെട്ടത് ഞൊടിയിടയിലായിരുന്നു. സ്വന്തം ഭാര്യക്കോ സുഹൃത്തുക്കളായ എലിഫാസിനോ, ബിൽദാദിനോ സോഫാറിനോ ആശ്വസിപ്പിക്കാവുന്നതിനും അപ്പുറമായിരുന്നു ജോബിന്റെ ദുരന്തങ്ങൾ. എന്നുമല്ല, അവരുടെ വാക്കുകൾ ജോബിന്റെ ദുഃഖം വർധിപ്പിക്കുന്നവയായിരുന്നു എന്നതാണ് സത്യം. അപ്പോഴും ആ മനുഷ്യന്റെ അധരങ്ങളിൽ നിന്ന് തിന്മയുടെ ഒരു വാക്കും പുറപ്പെടുന്നില്ല. ‘കർത്താവ് തന്നു; കർത്താവ് എടുത്തു. കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ’ എന്നു പറഞ്ഞ ജോബും ഹബക്കൂക്കിനെപ്പോലെ തന്നെ കർത്താവിൽ ആനന്ദിച്ചിരുന്ന വ്യക്തിയാണ്.
എണ്ണമറ്റവിധം പ്രഹരിക്കപ്പെടുകയും പല തവണ മരണവക്ത്രത്തിലകപ്പെടുകയും അഞ്ചുതവണ ഒന്നുകുറയെ നാൽപത് അടി കൊള്ളുകയും മൂന്നുപ്രാവശ്യം വടി കൊണ്ട് അടിക്കപ്പെടുകയും ഒരിക്കൽ കല്ലെറിയപ്പെടുകയും മൂന്നു പ്രാവശ്യം കപ്പലപകടത്തിൽ പെടുകയും ഒരു രാത്രിയും ഒരു പകലും കടലിൽ ഒഴുകിനടക്കുകയും ചെയ്ത പൗലോസ് ശ്ലീഹാ കഠിനാധ്വാനത്തിന്റെയും വിഷമസന്ധികളുടെയും നടുവിലായിരിക്കുമ്പോഴും ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും ഉപവാസത്തിലും നഗ്നതയിലും കൂടി കടന്നുപോകുമ്പോഴും ഒക്കെ കർത്താവിൽ ആനന്ദിച്ചിരുന്ന വ്യക്തിയായിരുന്നു.
ഇപ്രകാരം കർത്താവിൽ ആനന്ദിക്കുന്നവരെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ അസൂയ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ നല്ല ക്രിസ്ത്യാനികളാണ് എന്ന് പറയാം. കാരണം അങ്ങനെയൊരു തീക്ഷ്ണതയും സഹനങ്ങൾ നേരിടാനുള്ള വിശ്വാസദൃഢതയും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടുള്ള നാളുകളിൽ ക്രിസ്ത്യാനിയായി ജീവിക്കാൻ കഴിയൂ.
നെല്ലും തെങ്ങും വാഴയും കപ്പയും ഫലം തരാത്ത ദിനങ്ങൾ വരുന്നു. നമ്മുടെ പത്തായത്തിൽ മാത്രമല്ല, സർക്കാരിന്റെ ധാന്യപ്പുരകളിലും കരുതൽശേഖരം കുറഞ്ഞുവരുന്നു. നിനച്ചിരിക്കാതെ വരുമാനമാർഗങ്ങൾ അടഞ്ഞുപോകുന്നു. ജോലി നഷ്ടപ്പെടുന്നു. ജോബിന് ചൊറിയാൻ ഒരു ഓട്ടുകഷണമെങ്കിലും ഉണ്ടായിരുന്നു. രോഗത്തിന്റെയും പട്ടിണിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും യുദ്ധങ്ങളുടെയും നടുവിൽ ആശ്രയിക്കാൻ ഒന്നുമില്ലാതെ, ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലം താണ്ടുന്ന കോടിക്കണക്കിനു പേർ നമുക്കു ചുറ്റുമുണ്ട്. ഇന്നല്ലെങ്കിൽ നാളെ, നാമും തീർച്ചയായും അവരിൽ ഒരാളാകും.
ഇത് ആരെയും ഭയപ്പെടുത്താൻ വേണ്ടി പറയുന്നതല്ല. വരാനിരിക്കുന്ന നാളുകൾ കഠിനയാതനകളുടെയും തീവ്രവേദനകളുടെയും കാലമായിരിക്കും. അപ്പോഴും കർത്താവിൽ ആനന്ദിക്കാൻ നമുക്ക് കഴിയുമോ? വിശുദ്ധ തെരേസയുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, നമുക്ക് കഴിയും. കാരണം അന്ത്യനാളുകളിലെ വിശുദ്ധരെക്കുറിച്ച് മുൻകാലങ്ങളിൽ ജീവിച്ചിരുന്ന വിശുദ്ധർ അസൂയപ്പെടും എന്നാണ് ആ പുണ്യവതി പ്രവചിച്ചിരിക്കുന്നത്. അന്ത്യനാളുകളിലെ പീഡനം അത്രയധികമായിരിക്കും എന്നർത്ഥം.
അങ്ങനെയെങ്കിൽ നേരത്തെ പറഞ്ഞത് തിരുത്തിപ്പറയാൻ സമയമായിരിക്കുന്നു. ജോബിനെയും പൗലോസിനെയും ഓർത്തു നാം അസൂയപ്പെടേണ്ട. നമ്മെ നോക്കി അവർ സ്വർഗത്തിലിരുന്നു അസൂയപ്പെടട്ടെ.
എല്ലായ്പ്പോഴും കർത്താവിൽ ആനന്ദിക്കാൻ ഒരു എളുപ്പവഴിയുണ്ട്. അത് യേശുവിന്റെ കരുണയിൽ ആശ്രയിക്കുക എന്നതാണ്. കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കും എന്ന ഉറച്ച ബോധ്യത്തിൽ നിന്നാണ് കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ എന്ന് സങ്കീർത്തകൻ പാടുന്നത്. ‘ ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും കർത്താവ് കടാക്ഷിക്കുന്നു. അവിടുന്ന് അവരുടെ പ്രാണനെ മരണത്തിൽ നിന്ന് രക്ഷിക്കുന്നു: ക്ഷാമത്തിൽ അവരുടെ ജീവൻ നിലനിർത്തുന്നു'( സങ്കീ. 33.18-19).
ദുരിതങ്ങളുടെ കാലത്ത് കർത്താവിൽ ആശ്രയിക്കണമെങ്കിൽ അതിനുമുമ്പേ കർത്താവിനെ അറിഞ്ഞിരിക്കണം. യേശുവിനെ അറിയാത്ത ഒരാൾ എങ്ങനെയാണ് യേശുവിന്റെ കരുണയിൽ ആശ്രയിക്കുക? തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും നട്ടും പണിതും സന്തോഷമായിരിക്കുന്ന നാളുകളിൽ തന്നെ കഷ്ടതയുടെ കൊടുങ്കാറ്റ് ചക്രവാളത്തിൽ ഉയരുന്നതിന്റെ അടയാളങ്ങൾ തിരിച്ചറിയണം. ദുരന്തങ്ങൾ വന്നുപതിക്കുന്നതിനുമുൻപേ കർത്താവിലേക്ക് തിരിയണം.
‘ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക എന്ന് തിരുവചനം പറയുന്നതിന്റെ ( സഭാ. 12:1 ) അർത്ഥവും അതുതന്നെയാണ്.
വരുവിൻ! നമുക്ക് കർത്താവിൽ ആനന്ദിക്കാം. നമ്മുടെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കാം. പൂക്കാത്ത അത്തിമരങ്ങളുടെ നടുവിലൂടെ, കായ്ക്കാത്ത മുന്തിരിവള്ളികളുടെയും ഒലിവുതോട്ടങ്ങളുടെയും ഇടയിൽക്കൂടി, ധാന്യം വിളയാത്ത വയലുകളിൽക്കൂടി, ആട്ടിൻപറ്റം അറ്റുപോയ ആലകളിലൂടെ, കന്നുകാലികളൊഴിഞ്ഞ തൊഴുത്തിലൂടെ കർത്താവിൽ ആനന്ദിച്ചുകൊണ്ട് നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യനഗരത്തിലേക്ക് നമുക്ക് യാത്ര ചെയ്യാം. വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം യേശുവിന്റെ കരുണ നമ്മെ അനുഗമിക്കട്ടെ.