വിമലഹൃദയ പ്രതിഷ്ഠ – പതിനാറാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നമുക്ക് ഒന്നാകാം. ഞാൻ ഉദ്ദേശിക്കുന്നത് ഹൃദയങ്ങളുടേയും ആത്മാക്കളുടേയും കൂട്ടായ്മയാണ്. ഞാൻ നിങ്ങളിൽ നിന്നും ആവശ്യപ്പെടുന്നതെല്ലാം ദൈവികസ്വഭാവമുള്ള കാര്യങ്ങളാണ്. എൻ്റെ മറ്റുകുഞ്ഞുങ്ങളേയും നിങ്ങൾ തീർച്ചയായും സഹായിക്കണം. അതിലും വലിയ കാര്യമിതാണ്. എന്നാൽ നിങ്ങൾ എൻ്റെ വിജയം ലോകത്തിലെത്തിക്കും ; ദൈവികകൃപയുടെ പദ്ധതിയും. നിങ്ങൾ, പ്രിയമക്കളേ , ആകാശത്തിലേക്കു തല ഉയർത്തി നോക്കുക. കാറ്റടിക്കുമ്പോൾ എല്ലാ മേഘങ്ങളും ഒരു പോലെ നീങ്ങുന്നത് കാണുന്നില്ലേ ? കാറ്റു മാത്രമാണതിനെ ചലിപ്പിക്കുന്നത്. ദൈവം ഇച്ഛിക്കുന്നിടത്ത് അതു നില്ക്കുന്നു, കാറ്റിൻ്റെ ചിറകുകളിൽ. പരിശുദ്ധാത്മാവ് നിങ്ങളിലെത്തുന്നത് ഇപ്രകാരമാണ് . പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാക്കളെ കൊണ്ടുപോകും. ദൈവമായിരിക്കും ആത്മാവിനെ സംവഹിക്കുന്നത്. എൻ്റെ ഹൃദയത്തോടൊപ്പം അതു ചലിക്കും, മേഘങ്ങളെപ്പോലെ.

മാതാവ് പറയുന്നു : – നിങ്ങളുടെ സമർപ്പണം വഴിയായി നിങ്ങൾ ലോകത്തിൽ നിന്നും സ്വതന്ത്രരാണ്. എന്നോടാണ് നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്. സമാധാനത്തിലും സ്നേഹത്തിലും പോവുക. പരിശുദ്ധാത്മാവിൻ്റെ പ്രചോദനപ്രകാരം സ്വയം വിട്ടുകൊടുക്കുക. ആത്മാവ് ആഗ്രഹിക്കുന്നത് ആയിത്തീരുക.

വഴികാട്ടി

നമ്മുടെ അമ്മ സമർപ്പണത്തിനുശേഷം നമ്മെ ഈശോയുടെ തിരുഹൃദയത്തിൻ്റെ ഭരണത്തിലേക്ക് കൊണ്ടുപോകും . ദൈവത്തിൻ്റെ പദ്ധതിയിൽ വിജയിക്കുന്ന അമ്മയുടെ പങ്ക് ഇതാണ്. തിരുഹൃദയത്തിൻ്റെ രക്ഷാകരകൃപ അങ്ങനെ നമുക്കു ലഭ്യമാകുന്നു. അവസാനകാലത്തിൻ്റെ ഈ കൃപ എല്ലാ ആത്മാക്കൾക്കും നല്കപ്പെടും. ദൈവ രാജ്യം ഭൂമിയിലേക്കു ഇറങ്ങിവരുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. അപ്പോൾ ഭൂമി, പാപരഹിതമായ ആരംഭ കാലത്ത് ഇരുന്നതുപോലെ, ആയിത്തീരും. ഈ അവസാന സമയത്തെ, നമ്മുടെ അമ്മ വിശേഷിപ്പിക്കുന്നത് “രണ്ടാം വരവ്” എന്നാണ്. ഈ സമയത്ത് ഈശോയുടേയും മാതാവിൻ്റെയും ഹൃദയങ്ങൾ ഒന്നായിചേർക്കപ്പെടും .

പ്രവൃത്തിപഥം

സമർപ്പിക്കപ്പെട്ട ആത്മാവിന് ആന്തരികമായി ഈ ലോകത്തെ ആവശ്യമില്ല. ലോകകാര്യങ്ങൾ അത് അവഗണിക്കുന്നു . ദൈവത്തിൻ്റെ സ്വന്തം എന്ന ഭാവം കാത്തു സൂക്ഷിക്കുന്നു. വിമലഹൃദയം വഴിയാണ് ഈശോ നിങ്ങളുടെ ആത്മാവിനെ സ്വന്തമാക്കിയത്. ആകയാൽ ഓരോ ദിവസവും പുതിയതുപോലെ , നമ്മെ ഈശോയുടെ ജോലി ചെയ്യാൻ സ്വയം സമർപ്പിക്കണം. നമ്മുടെ മനസ്സിനെ ദൈവേച്ഛക്കു സമർപ്പിക്കുകയാണ് യഥാർത്ഥ പരിത്യാഗം. തന്നിഷ്ടമാണല്ലോ ഏവർക്കും ഏറ്റം പ്രിയങ്കരം. ആകയാൽ ഈ “തന്നിഷ്ടത്തെ” ബലിയായി ദൈവം നമ്മിൽ നിന്നും ആവശ്യപ്പെടുന്നു. നാം കൊടുക്കുന്ന മറ്റൊന്നിലും ദൈവം തൃപ്തനാകുന്നില്ല. ഒരു വ്യക്തി തന്നിഷ്ടത്തെ ഇല്ലായ്മ ചെയ്ത് ആ സ്ഥാനത്തു ദൈവേഷ്ടം പ്രതിഷ്ഠിച്ചാൽ അയാൾ ഭാഗ്യവാൻ ആയിരിക്കും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ, ദൈവം നയിക്കുന്നിടത്തേക്ക് എൻ്റെ ആത്മാവ് സഞ്ചരിക്കുവാൻ അനുഗ്രഹിക്കണമേ. ദൈവത്തിനു പ്രീതികരമായത് ഏതെന്നു എനിക്ക് മനസ്സിലാക്കിത്തരേണമേ. ദൈവേച്ഛക്ക് എൻ്റെ ആത്മാവ് അടിമപ്പെടട്ടെ ! എൻ്റെ ഇച്ഛയെ ഞാൻ ഒരു ബലിയായി നല്കട്ടെ ! ഈ ബലി ദൈവത്തോടുള്ള എൻ്റെ ഐക്യത്തിൻ്റെ അടയാളമാകട്ടെ ! പരിശുദ്ധാത്മാവ് നയിക്കുന്നിടത്തേക്ക് എൻ്റെ ആത്മാവ് സഞ്ചരിക്കട്ടെ ! അങ്ങനെ ദൈവം ആഗ്രഹിക്കുന്നിടത്തുമാത്രം ഞാൻ ആയിരിക്കട്ടെ !

വചനം

“ ഇതാ , കർത്താവിൻ്റെ ദാസി ! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ ” ( ലൂക്കാ 1:38 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: ഞാൻ ഈശോയുടെ മാത്രം സ്വന്തമാണ് എന്ന് ഇപ്പോൾ ചിന്തിക്കുന്നു.
  • വാക്കിൽ: “ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും’. (1 യോഹ 3:1) എന്ന് 10 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: എന്നോട് തെറ്റ് ചെയ്യുന്ന ഒരാളോട് ഞാൻ ക്ഷമിക്കും.
  • ഉപേക്ഷ വരുത്താതെ: പ്രലോഭനങ്ങളെ ജയിക്കാൻ വിശ്വാസപ്രമാണം 2 പ്രാവശ്യം ചൊല്ലും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!