പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എങ്ങനെയാണ് നിങ്ങൾ എന്റെ വിമലഹൃദയത്തോടുള്ള സ്നേഹത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത് ? ലോക സമാധാനത്തിനുള്ള സന്ദേശം നിങ്ങൾക്കു നൽകാനാണ് ഞാൻ വരുന്നത്. എനിക്കു നിങ്ങളുടെ സഹകരണം ആവശ്യമുണ്ട്. ആയതിലേക്ക്, സമർപ്പണ ഫലമായി ഞാൻ നിങ്ങളിലും നിങ്ങൾ എന്നിലും വസിക്കണം. അങ്ങനെ എന്റെ മഹാവിജയത്തിൽ നിങ്ങൾക്ക് പങ്കുപറ്റാം. നമ്മുടെ ഹൃദയങ്ങൾ ഒന്നായി ചേർന്നുകഴിയുമ്പോൾ ലോകസമാധാനം എന്ന വിജയം നിങ്ങൾക്കും ലഭിക്കും. ലോകം മുഴുവനും എന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടണം എന്നതാണ് എന്റെ അഭിലാഷം. ഇതു നിറവേറ്റാൻ നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ, ആ നിയോഗം വയ്ക്കണം . എല്ലാ ദിവസവും നിങ്ങളോടൊന്നിച്ച് ആയിരിക്കുവാൻ ഞാൻ അത്യധികം ആഗ്രഹിക്കുന്നു. ഞാൻ പരിശുദ്ധാത്മാവിന്റെ കൃപകളുടെ സമൃദ്ധിയും ഹൃദയത്തിൽ പേറിക്കൊണ്ടാവും എത്തുക. നിങ്ങളുടെ സമർപ്പണം അപ്പോൾ സംഭവിക്കട്ടെ !
വഴികാട്ടി
നമ്മുടെ തീവ്രമായ ആഗ്രഹമാണ് സമർപ്പണത്തിന്റെ അടിത്തറ. ഈ ആഗ്രഹം നമ്മുടെ അമ്മയെ നമ്മിലേക്കു അടുപ്പിക്കുന്നു ; നമ്മെ അമ്മയിലേക്കും. ഈ പരസ്പര ആകർഷണം, സമർപ്പണത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നു. പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയുടെ ഹൃദയത്തിൽനിന്നും നമ്മുടെ ഹൃദയത്തിലേക്കു പറന്നെത്തുന്നു. നമ്മുടെ ഹൃദയങ്ങൾ പാകമായി കഴിയുമ്പോൾ പരിശുദ്ധാത്മാവ് ദൈവീക സ്നേഹം ശേഖരിക്കും. എല്ലാ ഹൃദയങ്ങളെയും മകനിലേക്കു അമ്മ എത്തിക്കുകയും ചെയ്യും. നമ്മുടെ ഹൃദയത്തിൽ വസിക്കാമെന്ന് അമ്മ ഉറപ്പുനല്കിയിട്ടുണ്ടല്ലോ. അമ്മയുടെ ഹൃദയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ സമർപ്പണത്തെ അഗ്നിയാൽ ഫലദായകമാക്കും .
പ്രവൃത്തിപഥം
എളിമ പുണ്യങ്ങളുടെ അടിസ്ഥാനമാണ്, അവയുടെ കാവൽക്കാരനും. ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുന്നു. എന്നാൽ അഹങ്കാരികളുടെ പ്രാർത്ഥന സ്വീകരിക്കുന്നില്ല ; അവരുടെ യാചനകൾ നിരസിക്കുകയും ചെയ്യുന്നു. ഹൃദയത്തിൽ താഴ്മയുള്ളവർക്കു ദൈവം കണക്കറ്റ ദാനം നല്കുന്നു. സമർപ്പണം ചെയ്തവരോടെല്ലാം ദൈവം ഇത്തരത്തിൽ പെരുമാറുന്നു. അങ്ങനെ നാം അമ്മയുടെ വിജയത്തിനു തറക്കല്ലിടുന്നു.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എന്നോടു കരുണ തോന്നണമേ . എന്റെ ആത്മാവിനെ പ്രകാശിപ്പിക്കേണമേ. എന്തെന്നാൽ അപ്രകാരം മാത്രമെ ഞാൻ എന്റെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുകയുള്ളൂ. ഈ ലോകത്തിന്റെ ഗതിവിഗതി ദുഃഖപര്യവസായിയെന്നു ഞാൻ കാണട്ടെ ! എന്റെ താഴ്ചയിൽ ഞാൻ സ്വർഗ്ഗത്തിന്റെ ഉന്നതി മനസ്സിലാക്കട്ടെ ! ദൈവത്തിന്റെ മഹത്വത്തിന്റെ മുമ്പിൽ, എന്റെ ഹൃദയത്തെയും ആത്മാവിനേയും എളിമപ്പെടുത്തുവാൻ പഠിപ്പിക്കേണമേ. എന്റെ സമർപ്പണ സമയത്ത് ഞാൻ എളിമയുള്ളവനായിത്തീരട്ടെ ! അങ്ങനെ കർത്താവിന്റെ ദാസിയെ ഞാൻ അനുകരിക്കട്ടെ !
വചനം
“ കർത്താവ് തന്റെ ദാസിയുടെ താഴ്ചയെ കടാക്ഷിച്ചു . ” ( ലൂക്ക 1:48 )
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: ആത്മാക്കളെ രക്ഷിക്കാൻ ഞാനും സഹനം സ്വീകരിക്കണം എന്ന് ഓർക്കുന്നു.
- വാക്കിൽ: “എന്നാൽ അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും’. (മത്താ 24:13) എന്ന് 5 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ഈശോയെ ഓർത്തു ഇന്ന് ഉപേക്ഷിക്കും.
- ഉപേക്ഷ വരുത്താതെ: രോഗികൾക്ക് വേണ്ടി 1 സ്വർഗ്ഗ. 1 നന്മ . 1 ത്രിത്വ. ചൊല്ലി പ്രാർത്ഥിക്കും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
