1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ വിമലഹൃദയത്തിന് ആത്മാക്കളെ പ്രതിഷ്ഠിക്കാൻ ഈ ലോകത്തിൽ ഇന്നും നിരവധി വഴികളുണ്ട്. അവയെ നീ കണ്ടുപിടിക്കുക. അനേകർ ഈ വിളി സ്വീകരിക്കാനും ആത്മാവിൽ വളരാനും കാത്തിരിപ്പുണ്ട്. ഈ കാലഘട്ടങ്ങളിൽ വിശുദ്ധിയിലേക്കുള്ള വിളിയും കൂടിയാണിത്. മാറ്റത്തിനും നവീകരണത്തിനും വേണ്ട കൃപ വിളി സ്വീകരിക്കു ന്നവർക്കു ലഭിക്കുന്നു. വിശുദ്ധി വ്യക്തിക്കും സമൂഹത്തിനും നേട്ടമുണ്ടാക്കും. എൻ്റെ വിജയത്തിൻ്റെ മാറ്റൊലി സഭയ്ക്കകത്തും പുറത്തും മുഴങ്ങും. എൻ്റെ മകൻ നല്കിയ രക്ഷയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കപ്പെടും. കൃപയും നീതിയും എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കും .
ഈ ദൗത്യം വളരെ പ്രധാനപ്പെട്ടതാണ് എന്നും, ദൗത്യം ഉടനെ പൂർത്തിയാക്കാൻ ഞാൻ ഗൗരവതരമായി ആഗ്രഹിക്കുന്നു എന്നും, എൻ്റെ ദൗത്യസംഘത്തിലെ അംഗങ്ങളെ ഓർമ്മിപ്പിക്കുക. ദൗത്യം എങ്ങനെ പര്യവസാനിപ്പിക്കുമെന്ന് ഒട്ടും ശങ്കിക്കേണ്ട. ദൗത്യസംഘത്തിലെ അംഗങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യുക. ഇതിനു താമസം വരുത്തരുത്, സ്വർഗ്ഗം അയയ്ക്കുന്ന ശക്തിക്കു മുമ്പിൽ ഭൂമി വിറകൊള്ളുകതന്നെ ചെയ്യും.
ഉടനെ യുദ്ധമുഖത്തെ ശബ്ദഘോഷങ്ങൾ ഭൂമിയിലും ആകാശത്തും കേൾക്കാറാകും. ഏതെങ്കിലും ഒരു ഭാഗത്തുചേരാത്ത ആരും ഉണ്ടായിരിക്കയില്ല. ഒന്നുകിൽ മനുഷ്യൻ്റെ ആത്മാവ് മാത്യഹൃദയത്തിലായിരിക്കും. അല്ലങ്കിൽ അതിനെ സാത്താൻ വിഴുങ്ങിയിരിക്കും. ആത്മാവിൻ്റെ സാധ്യതകൾ രണ്ടാണ്. ഒന്നുകിൽ കൃപയുടെ കോട്ടയ്ക്കുള്ളിൽ, അല്ലെങ്കിൽ തിന്മയുടെ പിടിയിൽ. എൻ്റെ ഹൃദയത്തിൻ്റെ സന്ദേശം കേൾക്കുന്നവരെല്ലാം ഇവ സഗൗരവം വിചിന്തനം ചെയ്യട്ടെ.
വഴികാട്ടി
തൻ്റെ അമ്മ കൂടുതൽ കൂടുതൽ അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ഈശോ അഭിലഷിക്കുന്നു. അമ്മയുടെ മക്കളെല്ലാം അമ്മയുടെ തേജസ്സ് അറിയുകയും സ്വയം സമർപ്പിക്കുകയും ചെയ്യണം. അപ്പോൾ അമ്മയുടെ നന്മ അവർ രുചിച്ചറിയും; മാത്യകരങ്ങളുടെ ആലിംഗനത്തിൽ സന്തോഷിക്കും; കരുണയുടെ നിറവ് ആസ്വദിക്കും. അമ്മയുടെ സഹായം ആവശ്യമെന്ന് മനസ്സിലാക്കുകയും ചെയ്യും. എല്ലാക്കാര്യങ്ങളിലും അവർ അമ്മയെ തേടും. അങ്ങനെ മാതാവിൻ്റെ സഹചാരികൾ ആധുനികകാലത്തിൻ്റെ ശ്ലീഹന്മാരാകും; മഹാവിജയത്തിൻ്റെ മുൻനിരനേതാക്കളും. ഇവർ കത്തുന്ന തീപ്പന്തങ്ങളാണ്; ദൈവസ്നേഹം ഇവർ ആളിപ്പടർത്തും. സമർപ്പിതരുടെ ഹൃദയങ്ങളുടെ അഗ്നി സ്ഫുലിംഗങ്ങൾകൊണ്ട് അമ്മ ശ്രതുവിൻ്റെ ഹൃദയങ്ങളെ തുളയ്ക്കും . അവർ മിന്നൽപ്പിണറുകളെ വഹിക്കുന്ന മേഘങ്ങൾപോലെ ആകാശത്തിൽ നിറഞ്ഞുനില്ക്കും. ലോകത്തിൻ്റെതല്ലാത്തവരായി അവർ ജീവിക്കും. അവരുടെ ഹൃദയങ്ങൾ ലോകത്ത ശ്രദ്ധിക്കുക പോലുമില്ല. അവര് ലോകത്തിലേക്കു സത്യത്തിൻ്റെ മഴ വർഷിക്കും. മാതാവിൻ്റെ വിമലഹൃദയത്ത അവർ എല്ലായിടത്തും എത്തിക്കും. നമുക്കും ഈ സേനയിൽ ചേരാൻ ക്ഷണം ലഭിക്കുന്നു. അവസാനയുദ്ധത്തിൽ നമുക്കും പങ്കുചേരാം. സമർപ്പണത്തിലൂടെ നമുക്ക് ഒന്നാകാം. നമ്മുടെ ബുദ്ധിക്ക് ആഗ്രഹിക്കാൻ പറ്റാത്തവണ്ണം വലുതായിരിക്കും ഇതിൻ്റെ ഫലങ്ങൾ.
പ്രവൃത്തിപഥം
ഈ കാലഘട്ടത്തിൻ്റെ ശ്ലീഹന്മാരാകാൻ നമുക്കു സമയം വരുന്നു അതായത് സത്യത്തിൻ്റെ പടവാൾ പിടിക്കുന്നവരാകാൻ, സമർപ്പണത്തിൻ്റെ അത്ഭുതഫലങ്ങൾ, ആഗ്രഹിക്കുന്നവർക്കെല്ലാം കൊടുക്കുന്നവരാകാൻ. അവർ പണമോ വസ്തുവകകളോ ഇല്ലാത്തവരായിരിക്കും. ഒരുവിധ ആകുലതകളും ഇല്ലാത്തവരായ ഇവരെ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വൈദികരുടെ മധ്യേ കാണും; ഇവർ പരിശുദ്ധാത്മാവിൻ്റെ പട നയിക്കും. അവർ വിശുദ്ധിയുടെ ചിറകുകളിൽ പറക്കുന്നു; ആത്മാക്കളെ രക്ഷിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന അവർ ആത്മാവ് നയിക്കുന്നിടത്തേക്കു പോകും. പരസ്നേഹമാണ് അവരുടെ പ്രഭാഷണവിഷയം. ദൈവസ്നേഹം അവർ കൊണ്ടുനടക്കും. അമ്മയുടെ മൃദുലഭാവങ്ങൾ വേണ്ടവർക്കെല്ലാം അവർ നല്കും.
(പാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, യുദ്ധത്തിൽ നീ തന്നെ എന്നെ നയിക്കേണമേ. അമ്മയുടെ വിജയത്തിൻ്റെ ശ്ലീഹായാക്കി എന്നെ മാറ്റണമേ. മകനായ ഈശോയെ വിശേഷവിധിയായി സേവിക്കുവാൻ മറ്റു പടയാളികളൊത്ത് എന്നെ നിർത്തണമേ. ലോകമാകുന്ന യുദ്ധഭൂമിയിലേക്ക് എന്നെ അയയ്ക്കണമേ. ഞാൻ ഒരു ആത്മാവിനെ എങ്കിലും നേടി, അമ്മയുടെ വിജയമായി അതിനെ പരമ പിതാവിനു സമർപ്പിക്കട്ടെ! സത്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന മറ്റുള്ളവരുമായി ഞാൻ ഹൃദയംകൊണ്ട് ഒന്നാകട്ടെ! പ്രിയ അമ്മേ, അല്പനേരത്തേക്കുപോലും ഞാൻ ചഞ്ചലചിത്തനാകാതിരിക്കട്ടെ. അമ്മയുടെ വിജയം സംഭവിക്കുന്നതുവരെ യുദ്ധം ചെയ്യാൻ വേണ്ട സ്ഥിരതയും ശക്തിയും നല്കി അനുഗ്രഹിക്കണമേ.
വചനം
“അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ടു. (ലൂക്കാ 22:43)
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
