പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എന്നോടുള്ള നിങ്ങളുടെ സമര്‍പ്പണം വിശേഷവിധിയായി പുതുക്കുക. ഈ ദിവസം എൻ്റെ എല്ലാ മക്കളും എന്നോട് ഗാഢമായി ബന്ധപ്പെട്ട് നിലകൊള്ളണം. നിങ്ങള്‍ എൻ്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടവരായി ഒന്നാകുക. ഞാന്‍ നിങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന വരപ്രസാദവിഭവങ്ങള്‍ എത്രയധികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയില്ല. എൻ്റെ മാതൃകരങ്ങളില്‍ നിങ്ങളെ കോരിയെടുത്തു സ്വര്‍ഗ്ഗസ്ഥനായ പിതാവിന് സമര്‍പ്പിക്കുവാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുകയാണ്. എൻ്റെ ഈശോയ്ക്ക് ഞാന്‍ നിങ്ങളെ സമര്‍പ്പിക്കും. അവനാണല്ലോ നിങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയും, സത്യവും, ജീവനും. വഞ്ചനയും തിന്മയും സ്വാധീനിക്കുന്ന ഈ ലോകത്തിലേക്ക് നിറസാന്നിധ്യമായാണ് ഞാന്‍ എത്തുക. സുവിശേഷം നല്‍കുന്ന അറിവിൻ്റെ പൂര്‍ണതയിലേക്ക് നിങ്ങളെ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെ ക്രമപ്പെടുത്തണം. സ്വര്‍ഗ്ഗകിരീടം നിങ്ങള്‍ സ്വന്തമാക്കണം. എൻ്റെ കുഞ്ഞേ, ഞാന്‍ മുന്നറിയിപ്പ് തരുന്നു, ലോകം ഇരുട്ടിനു കീഴടങ്ങാന്‍ പോവുകയാണ്. വലിയ ദുരിതമാണ് അപ്പോള്‍ ഉണ്ടാകുവാന്‍ പോകുന്നത്.
വസ്ത്രത്തിലെ ഇഴകള്‍പോലെ എൻ്റെ വിശുദ്ധഹൃദയത്തോട് ചേര്‍ന്നിരിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്തെന്നാല്‍, ഇരുളിൻ്റെ ഇടയില്‍ നിന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ എന്നോട് ചേര്‍ന്നിരിക്കുക അത്യാവശ്യമാണ്. പ്രിയകുഞ്ഞുങ്ങളേ, സാത്താന്‍ നിങ്ങളെ കുടുക്കാന്‍ തയ്യാറാക്കുന്ന തിന്മയുടെ കെണിയില്‍നിന്നും രക്ഷപ്പെടുക എത്ര ദുഷ്കരമാണെന്നു നിങ്ങള്‍ക്കറിയില്ല. സാത്താൻ്റെ വശീകരണ തന്ത്രങ്ങൾ ആകര്‍ഷണീയവും തിരിച്ചറിയാന്‍ വിഷമകരവും ആയിക്കൊണ്ടിരിക്കുന്നു. അവയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ നിങ്ങളുടേയും എൻ്റെയും ഹൃദയങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കണം. അങ്ങനെ മാത്രമേ നിങ്ങള്‍ അപകടത്തില്‍നിന്നും രക്ഷപ്രാപിക്കുകയുള്ളു. ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുന്ന ഒരു സത്യമിതാണ്, എൻ്റെ ഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടവരും എൻ്റെ കൈകളില്‍ ഞാന്‍ വഹിക്കുന്നവരുമായ എൻ്റെ ആടുകള്‍, ഈ അവസാനനാളുകളില്‍ സുവിശേഷപ്രബോധനങ്ങളോടും ക്രിസ്തുവിൻ്റെ വികാരിയോടും പ്രതിബദ്ധതയുള്ളവരും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന എൻ്റെ പുത്രനെ ആരാധിക്കുന്നവരും ആയിരിക്കും. എൻ്റെ വിമലഹൃദയപ്രതിഷ്ഠവഴിയായി ഇവര്‍ എല്ലാവരും എൻ്റെ മേലങ്കിക്കുള്ളില്‍ പൊതിഞ്ഞു സംരക്ഷിക്കപ്പെടും. പരമ പരിശുദ്ധത്രിത്വത്തെ മഹത്വപ്പെടുത്തുവാന്‍ ഞാന്‍ നിങ്ങളെ വഴി നടത്താം. ഈ വഴി പോകുന്നത് എൻ്റെ ഹൃദയത്തിൻ്റെ വാതിലിലൂടെയാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കും. അങ്ങനെ ദൈവികപ്രഭയുടെ വെളിച്ചം നിങ്ങള്‍ വഹിക്കുകയും ചെയ്യും. നിങ്ങള്‍ വിതറാന്‍ പോകുന്ന ഈ വെളിച്ചം ലോകമെമ്പാടും എത്തികഴിയുമ്പോള്‍ എൻ്റെ ഈ ദൗത്യം പൂര്‍ണമായി നിറവേറ്റപ്പെട്ടിരിക്കും. അപ്പോള്‍ എൻ്റെ ഈശോയുടെ തിരുഹൃദയ വാഴ്ച ആരംഭിക്കും. ഈശോയുടെ രാജ്യം വീണ്ടും നിലവില്‍വരികയും ചെയ്യും. നിങ്ങളുടെ എളിയ പരിശ്രമമാണ് ഈ മഹത്വത്തെ പ്രസരിപ്പിക്കുവാന്‍ പോകുന്നത്. നമ്മുടെ രണ്ട് ഹൃദയങ്ങളുടെ വിജയവും ലോകമെമ്പാടുമുള്ള പ്രഘോഷങ്ങളും നിങ്ങളുടെ കൈകളിലാണ്.
വഴികാട്ടി
വിശുദ്ധീകരണത്തിനുള്ള ഒരുക്കം പ്രാധാന്യമുള്ളതാണ്. അസാധാരണമായ വരപ്രസാദം ലഭിക്കണമെങ്കില്‍ അത് സ്വീകരിക്കുവാനുള്ള കഴിവ് ആത്മാവിന് അത്യാവശ്യമാണ്. ഈ കഴിവ് ലഭിക്കുന്നത് ആത്മവിശുദ്ധീകരണത്തിലൂടെയാണ്. മുന്നൊരുക്കമാണ് വിശുദ്ധീകരണം നടത്തുന്നത്. ദൈവത്തില്‍നിന്നും സ്വീകരിക്കുവാന്‍ പോകുന്ന വരദാനത്തിന് ആനുപാതികമായ ഒരുക്കവും നടന്നിരിക്കണം. സമര്‍പ്പണമെന്നത് ആത്മീയമായ ഒത്തുചേരലാണ്. ഈശോയുമായുള്ള ഒന്നാകല്‍ മാതാവിൻ്റെ ഹൃദയത്തിലൂടെയാണ് സംഭവിക്കുന്നത്. ഇതു ഒരിക്കലും നിസ്സാരമായി പരിഗണിക്കരുത്. സമര്‍പ്പണത്തില്‍ ചേര്‍ന്നിരിക്കുന്ന വരദാനത്തിനു യോജിച്ച ആഴമായ അവബോധം നമുക്കുണ്ടാകണം. നമ്മുടെ അമ്മ പറയുന്നു: ഒരു ആത്മാവ് ഒരുങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ ദൈവം തരുന്ന കൃപ അതിൻ്റെ പൂര്‍ണതയില്‍ സ്വീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.
പ്രവ്യത്തിപഥം
ഒന്നാമതായി, പരിപൂര്‍ണതയില്‍ എത്താന്‍ തീവ്രമായി ആഗ്രഹിക്കുക. വിശുദ്ധി ആര്‍ജിക്കുവാനുള്ള ഉപാധി ഇതു തന്നെ. വിമലഹൃദയത്തോടുള്ള പ്രതിഷ്ഠ ആത്മാവിനെ പൂര്‍ണതയിലേക്ക് നയിക്കുന്നു. ഇപ്രകാരം നമ്മള്‍ പുണ്യത്തില്‍ അഭിവൃദ്ധി നേടുന്നു. വിശുദ്ധിയുടെ ഔന്നത്യം ലക്ഷ്യമാക്കുക. സ്വന്തം പരിശ്രമത്താല്‍ ലക്ഷ്യത്തെ നോക്കി മുന്നേറുക. ലോകത്തിൻ്റെ ബന്ധനങ്ങളില്‍ നിന്നുള്ള വിമുക്തിയാണ് നമ്മെ ഉയരങ്ങളിലേക്കു വഹിക്കുന്ന ചിറകുകള്‍. യഥാര്‍ത്ഥത്തില്‍ നമ്മുടെ ആത്മാര്‍ത്ഥമായ ആഗ്രഹങ്ങളാണ് ഇപ്രകാരം വിശുദ്ധിയുടെ കൊടുമുടിയിലേക്ക് പറന്നുയരാന്‍ നമ്മെ സഹായിക്കുന്നത്. ഈ ലോകത്തിനു നല്കാന്‍ കഴിയാത്ത സമാധാനം നമുക്കവിടെ കണ്ടെത്താന്‍ സാധിക്കും.
പ്രാര്‍ത്ഥന
പ്രാർത്ഥന പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എന്റെ ആത്മാവിനു പൂർണത ലഭിക്കാൻ എന്നെ സഹായിക്കേണമേ. ദൈവം എന്നിൽ ചൊരിയാൻ ആഗ്രഹിക്കുന്ന അനന്തകൃപ അങ്ങനെ ഞാൻ സ്വീകരിക്കാൻ ഇടയാക്കണമേ. എന്റെ ആത്മാവ് സ്വീകരിക്കാൻ പോകുന്ന അനന്തകൃപയ്ക്കായി ഞാൻ തയ്യാറെടുക്കട്ടെ! എനിക്ക് ഒരു അർഹതയും ഇല്ലാതിരിക്കെ, ദൈവം എനിക്ക് കൽപ്പിച്ചു നല്‌കുന്ന കൃപ സ്വീകരിക്കാൻ ആത്മാർത്ഥതയോടും എളിമയോടും വിശുദ്ധിയോടും കൂടെ ഞാൻ എന്നെ സമർപ്പിക്കുന്നു.
വചനം
“നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്.”
(1 തെസ. 4: 3)
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
വിചാരത്തിൽ
ഞാൻ മാതാവിൻ്റെ വിമലഹൃദയത്തിലാണ് എന്ന് ചിന്തിക്കുന്നു.
വാക്കിൽ
‘ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്’ (മത്താ 5:14) എന്ന് 10 പ്രാവശ്യം ആവർത്തിക്കും.
പ്രവർത്തിയിൽ
ഇഷ്ടമില്ലാത്ത ഒരു ജോലി ഈശോയ്ക്ക് വേണ്ടി ഏറ്റെടുത്ത് ചെയ്യും. ഉപേക്ഷ വരുത്താതെ ആരും ആവശ്യപ്പെടാതെ ഒരു എളിയ ജോലി ചെയ്യും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
