1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ മക്കളേ, ഈ ദിനങ്ങളിൽ വൻ പ്രതീക്ഷകളാണ് ഞാൻ പേറുന്നത്. ഒന്നു തീർച്ച. നമ്മൾ ഒന്നായിരിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. സമർപ്പണത്തെ സംബന്ധിച്ചുള്ള ദൈവഷ്ടത്തിൻ്റെ പ്രാധാന്യം പ്രസിദ്ധപ്പെടുത്തുക. കൃപയുടെ വെളിച്ചം എൻ്റെ മക്കളുടെ മേൽ വീശാൻ ഞാൻ കാത്തിരിക്കുന്നു. തുറവിയുള്ള ഹൃദയങ്ങൾ വഴിയായി, ലോകം, ബാഹ്യമായും ആന്തരികമായും ഒരു സുന്ദര പറുദീസായാകട്ടെ. ഞാൻ വരുന്നത് ലോകത്തിനു സമാധാനവും ആശ്വാസവും നല്കാനാണ്. അറിയിപ്പിതാണ്; പ്രിയകുഞ്ഞ, നീ എൻ്റെ കൂടെ ആയിരിക്കുക. എൻ്റെ ഹൃദയം ലോകത്തിൻ്റെ പ്രകാശമാണ്. അത് നിന്നിലും നിന്നിൽകൂടി ലോകത്തിലെത്തട്ടെ! എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങൾ എൻ്റെ പുത്രൻ്റെ സമാധാനത്തിൽ നിലനില്ക്കുക.
വഴികാട്ടി
ലോകരക്ഷ ആരംഭിച്ചത് നമ്മുടെ നാഥയിലൂടെയായിരുന്നു എന്ന് അറിയാമല്ലോ. അതു പൂർത്തീകരിക്കുന്നത് അമ്മയിലൂടെത്തന്നെ ആയിരിക്കും. പരിശുദ്ധ കന്യകയുടെ മഹത്വം ലോകത്തിൽ പരക്കെ അറിയപ്പെട്ടത് പരിശുദ്ധ റൂഹായുടെ പ്രവർത്തനത്താലാണ്. ഇതിനു മറ്റൊരു ലക്ഷ്യവുമുണ്ട്. അവളിലൂടെ ഈശോ അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും വേണം. കാലം കടന്നുപോയ ശേഷം, ഇപ്പോൾ സൃഷ്ടികളിൽ ഏറ്റം ശ്രേഷ്ഠവതിയായ തൻ്റെ പുത്രി മറിയം വഴി ദൈവം ലോകത്തിൽ മഹത്വീകരിക്കപ്പെടുവാനും സ്തുതിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. ഈശോ നമ്മുടെ ഇടയിലേക്കു വന്നത് മറിയത്തിൻ്റെ ഉദരമാകുന്ന സ്വർഗ്ഗവാതിൽ തുറന്നാണ്. യേശു ലോകത്തിൽ അംഗീകരിക്കപ്പെടുന്നതിനായി മറിയവും ബഹുമാനിക്കപ്പെടണം. നമ്മുടെ നാഥനെ, വിശുദ്ധിയിൽ വിളങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ആത്മാക്കളും കണ്ടുമുട്ടുന്ന സ്ഥലം അമ്മയുടെ വിമല ഹൃദയമാണ്. മറിയത്തെ ഹ്യദയം കൊണ്ട് അന്വേഷിക്കാത്ത ആരും കണ്ടുമുട്ടുകയില്ല. അന്വേഷിക്കുന്നവർ കണ്ടുമുട്ടാതിരിക്കയുമില്ല. ആകയാൽ, ദൈവത്തിൻ്റെ ഉപരിമഹത്വത്തിനായി നാം മറിയത്തെ ആദരിച്ച്, ദൈവേഷ്ടം നിറവേറ്റേണ്ടിയിരിക്കുന്നു.
പ്രവൃത്തിപഥം
ഉറക്കംവിട്ടുണരുന്ന ശിശു അതിൻ്റെ അമ്മയുടെ മുഖം അന്വേഷിക്കുന്നതുപോലെ, നാമും ഓരോ പ്രഭാതത്തിലും നമ്മുടെ നാഥയുടെ മുഖം തേടണം. അമ്മയുടെ മുഖം ദൃശ്യമാകുന്നില്ലെങ്കിൽ, കരഞ്ഞാൽ മതി, അമ്മ കുഞ്ഞിനെ എന്നവണ്ണം, വന്നു കണ്ടുകൊള്ളും. നാമോരുത്തരും ഇപ്രകാരമാണ് അമ്മയിൽ അണയണ്ടത്. അമ്മയെ കാണാൻ വേണ്ടി കരയാൻ ലജ്ജിക്കേണ്ടതില്ല. നാം ഒറ്റയ്ക്കാണെങ്കിൽ ഉടനെ അമ്മയെ വിളിക്കണം. അമ്മ വരുമ്പോൾ, കയ്യിൽ പിടിച്ച്, പിന്നീട് പിടിവിടാതെ സൂക്ഷിക്കണം. ലോകത്തിൻ്റെ കൂരിരുട്ടിൽ അമ്മയുടെ കെ കിട്ടാൻ സമർപ്പിക്കുകയേ വേണ്ടൂ.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, ഹ്യദയങ്ങളെ മാറ്റിമറിക്കാൻ അങ്ങു ശക്തയാണല്ലോ. എൻ്റെ ഹൃദയത്തെ മാറ്റണമേ. ഒരു ശിശുവിൻ്റെ ഹൃദയം എന്നിൽ നിർമ്മിക്കണമേ. അങ്ങനെ ഞാൻ അമ്മക്കിഷ്ടമുള്ള ശിശുവാകട്ടെ! പ്രതീക്ഷയോടെ എപ്പോഴും ഞാൻ അമ്മയുടെ മുഖത്ത് ദൃഷ്ടി ഉറപ്പിക്കട്ടെ! അമ്മയുടെ കാന്തിയുള്ള മുഖം ഓരോ പ്രഭാതത്തിലും ഞാൻ അന്വേഷിച്ചു കണ്ടെത്തട്ടെ! സമർപ്പണത്തിൽ ഞാൻ അമ്മയുടെ കൈയിൽ പിടിച്ചു. ഇനി എന്നും അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ജീവിക്കാൻ കൃപതരേണമേ.
വചനം
“മറിയം ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” (ലൂക്കാ 2:19)
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
