വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയാറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

പ്രിയമക്കളേ, നിങ്ങളെ എനിക്കു ചുറ്റും ഒരുമിച്ചു കൂട്ടിയത്, സന്തോഷത്തിൻ്റെ സദ് വാർത്ത പങ്കുവയ്ക്കാനാണ്. നൂറ്റാണ്ടുകളിലൂടെ ഞാൻ നല്കിവന്നിരുന്ന വിളി നിങ്ങൾക്കും നൽകട്ടെ. എൻ്റെ വിജയം വഹിക്കാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഞാൻ നിങ്ങളിൽ വർഷിക്കുന്ന കൃപകൾ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ച് ആഘോഷിക്കുവിൻ. എൻ്റെ വിമല ഹൃദയത്തോടുള്ള ഭക്തി നിങ്ങൾ പ്രചരിപ്പിക്കുവിൻ. അതു നിങ്ങളുടെ സമർപ്പണത്തിലൂടെ സാധിക്കും. ഓർക്കുക. ഇത് ഒരു സ്വർഗ്ഗീയകൂട്ടായ്മയാണ്. സ്വർഗ്ഗത്തിലെ അമ്മയും ഭൂമിയിലെ കുഞ്ഞും ഒന്നാകുന്ന കൂട്ടായ്മ. എന്നെ നിങ്ങളുടെ ഹൃദയഗേഹത്തിലേക്കു കൊണ്ടുപോവുക. ലോകമെമ്പാടും, സാർവ്വതികമായും ആത്മീയമായും നിങ്ങൾ ഒത്തുചേരുക. എൻ്റെ വിമലഹൃദയത്തിൻ്റെ മഹാവിജയം പൂർത്തീകരിക്കപ്പെടാൻ, യാചനകൾ സ്വർഗ്ഗത്തിലേക്കുയരട്ടെ! ഞാൻ നിങ്ങളോടൊത്തുണ്ടായിരിക്കും. നിങ്ങളെ ഉള്ളിലേക്കു ക്ഷണിക്കാൻ ഞാൻ വിമലഹൃദയവാതില്ക്കൽ വരാം. എൻ്റെ കുഞ്ഞുങ്ങളേ, എൻ്റെ ഈ തീവ്രമായ ആഗ്രഹം നിങ്ങളാണ് നിറവേറ്റേണ്ടത്.

വഴികാട്ടി

ദൈവം പരിശുദ്ധ മറിയത്തെ സൃഷ്ടിച്ചത്, ദൈവത്തിനു വേണ്ടി മാത്രമാണ്. മറിയമാകട്ടെ സ്വന്തമായി ഒന്നും മാറ്റി വച്ചതുമില്ല. എല്ലാം ദൈവത്തിനു കാഴ്ചവച്ചു സമർപ്പിച്ചു. ദൈവവുമായി പരിപൂർണ്ണ ഐക്യത്തിലായി, അവളുടെ ശരീരവും ആത്മാവും ഒന്നായിരിക്കുന്നതുപോലെ.

നമ്മുടെ നാഥ ദൈവത്തിൻ്റെ പ്രതിധ്വനിയാണ്. അവളുടെ ഹ്യദയത്തിലൂടെ നാം ഈശോയോടു ചേർക്കപ്പെടുന്നു, ഈശോയിലൂടെ പിതാവിനോടും. ആത്യന്തികമായി നാം നിത്യരക്ഷ സ്വീകരിക്കുന്നു. ഈശോയ്ക്ക് ജീവൻ കൊടുത്ത മറിയം നമ്മുടെ ആത്മാക്കൾക്കും ജീവൻ നല്കുന്നു. മറിയം ചെയ്യുന്നതെല്ലാം ഫലം പുറപ്പെടുവിക്കുന്നു. ആത്മാവിന് ഹൃദയശുദ്ധിയും നല്ല ലക്ഷ്യവും അമ്മ നല്കുന്നു. കൂടാതെ ഫലദായകത്വവും. അമ്മയുടെ വിശുദ്ധമായ വിശ്വാസം വഴി നമ്മുടെ മനസ്സ് പ്രകാശപൂരിതമാകുന്നു. അമ്മയുടെ എളിമവഴി നമുക്കും എളിമ ലഭിക്കുന്നു. നമ്മുടെ ഹൃദയം അമ്മയുടെ പരസ്നേഹത്താൽ ജ്വലിക്കുന്നു. അമ്മയുടെ വിശുദ്ധിയാൽ നമ്മളും വിശുദ്ധീകരിക്കപ്പെടുന്നു. അമ്മയുടെ മാതൃസഹജമായ ആലിംഗനത്താൽ നമ്മുടെ ആത്മാവിനു മഹത്വവും ഉന്നതിയും ലഭിക്കുന്നു. സമർപ്പണഫലങ്ങളാണിവ.

പ്രവൃത്തിപഥം

നമ്മുടെ അമ്മയെ നാം സമീപിക്കേണ്ടത് നന്ദിനിറഞ്ഞ ഹൃദയത്തോടെയാണ്. നമ്മുടെ ആത്മാവിൽ സന്നിഹിതയായി അളവറ്റ കൃപകളും ദാനങ്ങളും ഈ അമ്മ നമ്മിലേക്ക് ഒഴുക്കുന്നു. സമർപ്പണത്തിലൂടെ നമുക്കു ലഭിക്കുന്ന പ്രധാന ലാഭം, മാനുഷിക അളവുകളിലൊതുങ്ങാത്ത, വലിയ മാതൃസ്നേഹമാണ്. അടുത്തതായി നമ്മുടെ ശിശു സമാനമായ ആത്മാവിനുവേണ്ട പരിചരണവും പോഷണവും അമ്മയിൽ നിന്നും ലഭിക്കുന്നു. ഓരോ ആത്മാവിനും ആവശ്യമുള്ള വ്യത്യസ്ത നിർദ്ദേശങ്ങളും പ്രോത്സാഹനവും അമ്മ നല്കുന്നു. ശത്രുക്കളിൽനിന്നും, നമ്മുടേതായ തിന്മകളിൽ നിന്നും, നമ്മുടെ ആത്മാക്കൾക്കു പ്രതിരോധവും സംരക്ഷണവും അമ്മ നല്കുന്നു. അവസാനമായി, സ്വർഗ്ഗീയ പിതാവിനു മുമ്പിൽ അമ്മയുടെ സംരക്ഷണത്തിലുള്ള എല്ലാ ആത്മാക്കൾക്കും വേണ്ടി കൃപ യാചിക്കുന്നു. ആത്മാക്കളെ മാതാവ് സംരക്ഷിക്കുന്നു, പരിചരിക്കുന്നു, അപകടങ്ങളിൽനിന്നും സംരക്ഷിക്കുന്നു. അതോടൊപ്പം വിമല ഹൃദയത്തിൻ്റെ കൃപ നമ്മുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്നു. സമർപ്പിത ഹ്യദയത്തിൽ മാതാവ് വസിക്കുന്നുണ്ട്.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, മാനസാന്തരത്തിനുവേണ്ടിയുള്ള എൻ്റെ അടങ്ങാത്ത ആഗ്രഹം ഞാൻ അമ്മക്കു സമർപ്പിക്കുന്നു. ദൈവസ്നേഹം എന്നിൽ വർദ്ധിപ്പിക്കേണമേ. അങ്ങ് മാലാഖമാരെ അയച്ച് ഈ അഗ്നി ജ്വലിപ്പിക്കേണമേ. എൻ്റെ ഹൃദയം സന്തോഷപൂരിതമാകട്ടെ. എൻ്റെ സമർപ്പണം ഫലദായകമാകട്ടെ! എല്ലാ സമയത്തും എന്നിൽ നിന്നും പ്രാർത്ഥന ഉയരട്ടെ! അങ്ങനെ ഈശോയുടെ മുമ്പിലായിരിക്കട്ടെ, ഞാൻ എപ്പോഴും. പരിശുദ്ധാത്മാവിനോട് എന്നെ ചേർത്തു പിടിക്കേണമേ. അങ്ങനെ വചനപ്രഘോഷണവും മധ്യസ്ഥപ്രാർത്ഥനയും നടത്താൻ വേണ്ട കൃപ, റൂഹാ എന്നിൽ ചൊരിയട്ടെ!

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!