1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളെ, പ്രത്യേകമായ ഒരു ഹൃദയമാറ്റത്തിനാണ് ഈ ക്ഷണം. മംഗളവാർത്ത ഞാൻ സ്വീകരിച്ചതുപോലെ തന്നെ നിങ്ങൾ എൻ്റെ ഹൃദയത്തിനു സ്വയം സമർപ്പിക്കുക. അപ്രകാരം ചെയ്യുമ്പോൾ, സാധാരണക്കാരായ നിങ്ങൾ എൻ്റെ മകനെ മഹത്വപ്പെടുത്തുന്നത് വലിയ ഉപഹാരമായി ഈശോ കണക്കാക്കും. ആദ്യമായി, മനുഷ്യാവതാരത്തിനായി എൻ്റെ ഹൃദയത്തെ തെരഞ്ഞെടുത്തത് എൻ്റെ മകൻ തന്നെയാണ്. ഇപ്പോൾ എന്നിൽ വീണ്ടും ജനിക്കാൻ എൻ്റെ മകൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവം എൻ്റെ മകനായി ഗർഭത്തിൽ വന്ന അതേ സ്ഥലത്ത് വന്ന് ഈശോയെ കണ്ടുമുട്ടുവാൻ നിങ്ങൾക്കും ക്ഷണം നൽകപ്പെടുന്നു. എൻ്റെ ഹ്യദയത്തിൽ നിന്ന് ഒഴുകി എത്തിയ രക്തം, മാംസമായ ആ സ്ഥലത്തുവച്ച് എൻ്റെ പുത്രനായ ദൈവത്തെ കാണാൻ നിങ്ങൾക്കിതാ ക്ഷണം! ഇപ്പോൾ എൻ്റെ ഹൃദയമാകുന്ന സിംഹാസനത്തിൽ ആരുഢനാണ് പുത്രൻ തമ്പുരാൻ: മാംസമാകുന്നതിന് അനുവാദം കാത്ത് ഇരുന്ന അതേ സ്ഥലത്ത് പുത്രൻ തമ്പുരാൻ കാത്തിരിക്കുന്നു. ഈ സങ്കേതത്തിലേക്കു നിങ്ങളും വരുക; നിങ്ങളെ എൻ്റെ ഗർഭപാത്രത്തിലേക്കു കൊണ്ടുപോയി ഞാൻ നിങ്ങളു ടെ അമ്മയാകാം. നിങ്ങൾ ഓരോ വ്യക്തിയും എൻ്റെ പ്രിയപ്പെട്ട മക്കളും; എൻ്റെ വിമലഹൃദയത്തിൽനിന്നാണ് ഈ ക്ഷണം.
വഴികാട്ടി
ദൈവം, മാതാവിന് സ്വർഗത്തിൽ പ്രത്യകമായ സ്ഥാനമാണ് നല്കിയിരിക്കുന്നത് – അമ്മ മഹാറാണി. സ്വർഗ്ഗത്തിൻ്റെ ക്യപാവരങ്ങളെല്ലാം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും അമ്മയാണ്. ആർക്ക് എപ്പോൾ, എങ്ങനെ, ഏതളവിൽ എന്ന തീരുമാനം അമ്മയുടേതാണ്. പിതാവിൻ്റെ കൃപ, പുത്രൻ്റെ പുണ്യങ്ങൾ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ എല്ലാം അമ്മ വഴിവരുന്നു.
ഈ ലോകത്തിൽ ഒരു ശിശുവിനു ഒരു മാതാവും ഒരു പിതാവും ഉണ്ടായിരിക്കും. സ്വർഗ്ഗത്തിലും അപ്രകാരം തന്നെ. ദൈവം പിതാവിൻ്റെ സ്ഥാനത്തും കന്യകാമറിയം അമ്മയുടെ സ്ഥാനത്തും. തെരഞ്ഞെടുക്കപ്പെട്ടവരുടെ രാജാവിനു മാംസം നല്കിയ അമ്മയുടെ ഉത്തരവാദിത്തമാണ് തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിക്കൽ. ദൈവവുമായി ഐക്യം ആഗ്രഹിക്കുന്നവർ, കൃപയാൽ മറിയത്തെ അമ്മയായി സ്വീകരിക്കണം. അമ്മ കൃപയുടെ പൂർണ്ണതയാണല്ലോ! തെരഞ്ഞെടുക്കപ്പെട്ടവർക്കു കൃപ അമ്മയിൽ നിന്നും ലഭിക്കുന്നു. —
പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിൻ്റെ വധുവാണല്ലോ. ആത്മാവ് പ്രവർത്തിക്കുന്നത് അമ്മയിലും അമ്മയാലും അമ്മയുടെ കൂടെയുമാണ്. വചനം മാംസമായത് അപ്രകാരമാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്കു രൂപികരണം നല്കുന്ന റൂഹാ അമ്മയിലും അമ്മയുടെ കൂടെയും പ്രവർത്തിക്കുന്നു.
പ്രവൃത്തിപഥം
നമുക്ക് സമ്മതം നേടാൻ അമ്മയുടെ വിമലഹൃദയത്തിലേക്കു പോകണം. അപ്പോൾ നമുക്ക് ക്രിസ്തുവിൻ്റെ പ്രകാശത്തിലേക്ക് അമ്മയിലൂടെ ജനിക്കാം. അമ്മയുടെ സംരക്ഷണത്തിലൂടെ നമുക്ക് വിശുദ്ധിയിലേക്കു പോകാം. സമർപ്പണത്തിലൂടെ നമ്മുടെ ബലഹീനതകളും ഭയവുമെല്ലാം അമ്മക്കു കൊടുത്തു. അമ്മയിൽ നമ്മുടെ പ്രതീക്ഷകളും വിശ്വാസവും അർപ്പിച്ചു. പ്രതിദിനം നാം സമർപ്പണം പുതുക്കണം. അപ്പോൾ അമ്മയിൽ നിന്നും നമുക്കു നിർദ്ദേശങ്ങൾ ലഭിക്കും, ദു:ഖത്തിൽ സന്തോഷവും. അവസാനമായി, നമുക്കു നമ്മേ മറക്കാം. എല്ലാം നോക്കാൻ അമ്മയുണ്ടല്ലോ. നാം ചെയ്യുന്ന ജോലികളെല്ലാം അമ്മ മകൻ്റെ പാദത്തിങ്കൽ സമർപ്പിക്കും.
നമുക്കു അമ്മയുടെ വിജയത്തിനായി പ്രവർത്തിക്കാം. നമുക്കു ചെയ്യാവുന്ന കാര്യം ഇതു മാത്രമാണ്. അമ്മയുടെ മഹത്വത്തിനായി യത്നിക്കാം. മറ്റുള്ളവര് അമ്മയുടെ മഹത്വത്തെ വിലകുറച്ച് കാണിക്കുമ്പോൾ, നാമതിനെ കൂടുതൽ മഹത്വപ്പെടുത്തണം. അമ്മയുടെ സംരക്ഷണത്തിലേക്ക് എല്ലാ ആത്മാക്കളേയും കൂട്ടിക്കൊണ്ടു പോകാം. അമ്മ അധിക്ഷേപിക്കപ്പെടുമ്പോൾ അതിനെ എതിർക്കാം. അങ്ങനെ അമ്മയുടെ ഹൃദയത്തിലായിരിക്കാം.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ, എൻ്റെ ഹൃദയത്തിൻ്റെ ഭാവങ്ങളെല്ലാം അമ്മക്ക് ഏല്പിച്ചു തരുന്നു. പുണ്യങ്ങളും, വിശുദ്ധിയുമുള്ള ഒരു ആത്മാവും, ലളിതവും ശിശുസഹജവുമായ മനസ്സും, അതിനു നൽകണമേ. അമ്മയുടെ വിജയത്തെ പ്രഘോഷിക്കാൻ ശക്തി തരണമേ. ഒരു വിനാഴികയും ഞാൻ നഷ്ടപ്പെടുത്താതിരിക്കട്ടെ! പ്രാർത്ഥനയിൽ കുറവുണ്ടാകാതിരിക്കട്ടെ! അമ്മയുടെ നെഞ്ചോട് എന്നെ ചേർത്തുവയ്ക്കുക. അമ്മയുടെ നവജാതനെപ്പോലെ എൻ്റെ ആത്മാവിനെ സംരക്ഷിക്കേണമെ. എന്നെ എൻ്റെ എല്ലാ ബലഹീനതകളിൽനിന്നും രക്ഷിക്കേണമേ.
വചനം
“എന്നെ കൊണ്ടുപോവുക. നമുക്കു വേഗം പോകാം. രാജാവ് തൻ്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ആനന്ദിച്ചുല്ലസിക്കും.” (ഉത്തമഗീതം 1:4)
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
