വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിമൂന്നാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളെക്കുറിച്ചു എൻ്റെ പദ്ധതി എന്താണെന്നും നിങ്ങൾ ഏതു ദിശയിൽ മുമ്പോട്ടു പോകണമെന്നും ഞാൻ വ്യക്തമാക്കാം. എൻ്റെ ഉന്നതസ്ഥാനമോ ഞാൻ ജീവിച്ച നാടോ അല്ല നമ്മുടെ ശ്രദ്ധ ആകർഷിക്കേണ്ടത്. എൻ്റെ ദൗത്യം മാതമാണ് നമ്മുടെ ശ്രദ്ധ അർഹിക്കുന്നത്. എൻ്റെ വിമല ഹ്യദയത്തിനു സമർപ്പിക്കുകവഴി എല്ലാഹ്യദയങ്ങളേയും കൂട്ടിയിണക്കി ഒരു കൂട്ടായ്മ ഉണ്ടാക്കുക; അങ്ങനെ എല്ലാ ഹൃദയങ്ങളേയും എൻ്റെ പുത്രൻ്റെ കരവലയത്തിനുള്ളിലാക്കുക. ഈ പദ്ധതിയുടെ തുടക്കം സ്വർഗ്ഗത്തിലാണ്. ഈ പദ്ധതി വിജയിപ്പിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും. പക്ഷേ, നിങ്ങളുടെ ഹൃദയം നല്കേണ്ടതു നിങ്ങളാണ്. എൻ്റെ വിമല ഹൃദയത്തിൻ്റെയും അതിൻ്റെ വിജയത്തിൻ്റെയും കുടക്കീഴിൽ അണിനിരക്കുവാൻ നിങ്ങൾ, എല്ലാവരേയും ആഹ്വാനം ചെയ്യുവിൻ. ഞാൻ നിർദ്ദേശിക്കുന്നതുപോലെ നിങ്ങൾ അണിചേരുവിൻ. ഈ ദിവസങ്ങളിൽ എൻ്റെ ഹൃദയം, എങ്ങനെ ലോകത്തെ സ്വാധീനിക്കാൻ പോകുന്നുവെന്നു നിങ്ങൾക്ക് ഊഹിക്കാനേ സാധിക്കുകയില്ല. നിങ്ങളുടെമേൽ വർഷിക്കുവാൻ ഞാനാഗ്രഹിക്കുന്ന കൃപ സ്വീകരിച്ചാലും. നിങ്ങളുടെ സങ്കേതമാണ് ഞാൻ. ഇക്കാര്യങ്ങളെപ്പറ്റി നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട.

വഴികാട്ടി

വിമല ഹ്യദയത്തിനു സ്വയം പ്രതിഷ്ഠിക്കുവാനും അങ്ങനെ അഭൂതപൂർവ്വമായ വിളി സ്വീകരിക്കാനും, അപ്രകാരം ജീവിക്കുവാനും നമ്മെ അമ്മ ആഹ്വാനം ചെയ്യുന്നു. ഇന്നും അമ്മ ആഹ്വാനം ചെയ്യുന്നത് ഒരു കാര്യത്തിനാണ്, നമ്മുടെ ഹ്യദയങ്ങളെ തുറക്കാനും അങ്ങനെ സ്വർഗ്ഗീയ കൃപ സ്വീകരിക്കാനും, നാം സ്വീകരിച്ച കൃപ സമൃദ്ധമായി ഹൃദയങ്ങളിലൂടെ ഒഴുകുവാനും. അമ്മയുടെ ശബ്ദം ഘന ഗംഭീരമാണ്. കാരണം വ്യക്തമല്ലേ? ദൈവം ആഗ്രഹിക്കുന്ന കാര്യം വളരെ ഗൗരവമുള്ളതാണ്. നമുക്കു മനസ്സിലാക്കാവുന്നതിനപ്പുറമാണ് ഇതിൻ്റെ പ്രസക്തി. അമ്മ നമ്മെ ഉത്ബോധിപ്പിക്കുന്നത് ഈ കാലഘട്ടത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയാണ്. വലിയ കൃപയാണ് നാം സ്വീകരിക്കാൻ പോകുന്നത്. ഇപ്പോൾ നാം സ്വീകരിച്ചുകഴിഞ്ഞ കൃപയും അത്രമേൽ മഹത്തരമാണ്. നമ്മുടെ ഹൃദയങ്ങൾ, അമ്മയുടെ ഹൃദയവുമായി യോജിപ്പിക്കാൻ, അമ്മ ആവശ്യപ്പെടുന്നു. മുൻവിധിയോ, സംശയമോ, കൂടാതെ അമ്മയുടെ സംരക്ഷണത്തിൽ അവയെ വിട്ടുകൊടുക്കുക. നൂറ്റാണ്ടുകളായി അമ്മ ലോകത്തിനു നല്കിയ കൃപകൾ ഓർക്കാം. ഈ കാലഘട്ടത്തിൽ അമ്മയുടെ ഇടപെടലുകൾ ഓർക്കാം. അമ്മയുടെ സംരക്ഷണത്തിൽ അവ കൂടുതൽ സുരക്ഷിതമാണ്.

പ്രവൃത്തിപഥം

ശക്തിഹീനമായ നമ്മുടെ ഹൃദയങ്ങളുടെ കഴിവനുസരിച്ച്, ദൈവേഷ്ടം നിറവേറ്റാൻ സമർപ്പണത്തിലൂടെ നാം ക്ഷണിക്കപ്പെടുന്നു. വിശുദ്ധ കുർബാനയിൽനിന്നും നിർദ്ദേശങ്ങളും പ്രചോദനവും നാം സ്വീകരിക്കണം. നമ്മത്തന്നെ ദൈവസാന്നിധ്യത്തിൽ ദൈവഹിതത്തിനു സമർപ്പിക്കാം. സമർപ്പണത്തിലൂടെ ദൈവാത്മാവിൻ്റെ നിശ്വാസം നമ്മുടെ ഹൃദയത്തിലേക്കു നല്കപ്പെട്ടതിനെ ധ്യാനിക്കാം.

നമ്മുടെ ആത്മാവ് എത്ര വലിയ ഉയരങ്ങളിലേക്കാണ് പറക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത് ! പരമപിതാവിൻ്റെ കരങ്ങളിൽ നമ്മുടെ ആത്മാവിനെ സമർപ്പിക്കുമ്പോൾ, പിതാവ് അതിനെ ആശ്ലേഷിക്കും. സ്വർഗ്ഗത്തിൽ നടക്കാനിരിക്കുന്ന ഒരു കിരീടധാരണം തന്നെയാണത്. നമ്മുടെ ദുഖങ്ങളും സന്തോഷങ്ങളും നമ്മുടെ ആത്മാക്കളെ അലങ്കരിക്കട്ടെ! നമ്മുടെ ഹൃദയത്തിൻ്റെ സ്ഥിതി പിതാവിനു തുറന്നു കാട്ടാം. നമ്മുടെ ഇച്ഛയെ നമുക്ക് ഇല്ലായ്മ ചെയ്യാം. ആത്മാവ് ഇവയിൽ നിന്നെല്ലാം സ്വതന്ത്രമായ ശേഷം, ആത്മാവിൽ ദൈവകല്പനകൾമാത്രം സംരക്ഷിക്കപ്പെടും. പ്രതിദിനം നാം സ്വയം സമർപ്പിക്കുമ്പോൾ, നമ്മുടെ ആത്മാവ് കൃപയിലും പുണ്യങ്ങളിലും വളരുന്നത് നമുക്കു മനസ്സിലാകും. വിശുദ്ധമായ ആത്മാവിൽ ദൈവത്തിൻ്റെ കരസ്പർശം നാം അനുഭവിക്കും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, അമ്മയുടെ ആലിംഗനത്തിലൂടെ, ദൈവത്തിൽ എൻ്റെ ആത്മാവ് നിമഗ്നമാകട്ടെ. പ്രാർത്ഥനയിലൂടെ എൻ്റെ പുണ്യങ്ങൾ വളരട്ടെ! കൃപയിൽ ഞാൻ വളർന്നു അമ്മയെ പിൻചെല്ലട്ടെ! ദിനംപ്രതി എൻ്റെ ആത്മാവിനെ കൂടുതൽ ശോഭയുള്ളതാക്കേണമേ! ദൈവത്തിൻ്റെ പദ്ധതികൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ഇടയാക്കണമേ. നീതിക്കും സത്യത്തിനും വേണ്ടി എൻ്റെ ഹൃദയം ദാഹിക്കട്ടെ! എൻ്റെ ആത്മാവ് വിഹരിക്കേണ്ട ഉന്നതിയെപ്പറ്റി എന്ന ബോധവതി/ ബോധവാൻ ആക്കണമേ. ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ ഈ ലോകത്തിന് അനുരൂപരല്ലാതിരിക്കാനും സ്വാർഗ്ഗോന്മുഖരായിരിക്കാനും കൃപ തരേണമേ!

വചനം

“അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്’. (സങ്കീ. 119:105).

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: ഇന്ന് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ് എന്ന് ആലോചിക്കുന്നു.
  • വാക്കിൽ: “പിതാവേ, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ’! (ലുക്കാ 22:42) എന്ന് 10 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: മറ്റുള്ളവരുടെ നന്മ കണ്ടെത്തി അവരെ അഭിനന്ദിക്കും.
  • ഉപേക്ഷ വരുത്താതെ: പ്രാർത്ഥന ആവശ്യപ്പെട്ട ഒരാൾക്ക് വേണ്ടി “എത്രയും ദയയുള്ള മാതാവേ’ ചൊല്ലും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!