പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ്റെ ഹ്യദയത്തിലെ സന്തോഷം ഞാൻ നിനക്കായി കൊണ്ടു വരുന്നു. ഇതിനകം പൂർത്തിയായവയെക്കുറിച്ചു നമുക്കു സന്തോഷിക്കാം. സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവികക്യപയോട് തുറവിയുള്ളവരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നാം ഒന്നായിരുന്നാൽ, ദൈവ പദ്ധതിക്കെതിരായ, നാശത്തിൻ്റെ ആദ്യ ചുവടായ അഹങ്കാരം ജനിക്കുകയില്ല. സ്വർഗ്ഗത്തിൻ്റെ ദാനങ്ങളുടെ സമ്യദ്ധിയുമായി ഞാൻ വരുന്നു. വിലയേറിയ കൃപകൾ ആത്മാവിനു നല്കാൻ പിതാവായ ദൈവം എന്നെ അയച്ചിരിക്കുന്നു, പുണ്യങ്ങളുടെ ശോഭയാൽ അലംകൃതമായ വിശുദ്ധിയുടെ പ്രകാശവലയം ആത്മാവിനെ ധരിപ്പിക്കാൻ. സ്വന്തം ഹൃദയങ്ങൾ എനിക്കു സമർപ്പിക്കുവാൻ സന്നിധിയിൽ വരുന്ന എല്ലാവരുടേയും ശിരസ്സിൽ ഈ പ്രകാശവലയം ധരിപ്പിക്കാൻ ഞാൻ ആശിക്കുന്നു.
ത്രിയേക ദൈവത്തിൻ്റെ അടയാളമായി ലോകത്തിനു സ്വയം കാണിച്ചുകൊടുക്കുവാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. എൻ്റെ കൈകളിലൂടെ എല്ലാം സാധ്യമാക്കാം. പക്ഷേ, നിങ്ങൾ നിങ്ങളുടെ ഹ്യദയങ്ങളെ എനിക്കു സമർപ്പിക്കണം. ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കാൻ വേണ്ടതെല്ലാം ദൈവം ഒരുക്കും. ഈ കാലഘട്ടത്തിൻ്റെ ആവശ്യം ഗൗരവമായതാണ്. നമ്മുടെ ചിന്തകൾക്കപ്പുറത്തുള്ള മാറ്റങ്ങളാണ് ലോകത്തിനു വേണ്ടത്. ഭൂമിയുടെ മുകളിൽ സ്വർഗ്ഗം തുറക്കപ്പെടും. നരകവാതിലുകൾ അടയപ്പെടും, അവ എടുത്തുമാറ്റപ്പെടും. ഈശോയുടേയും എൻ്റെയും ഒന്നായ ഹൃദയങ്ങളോട് നിങ്ങളുടെ ഹൃദയങ്ങൾ ചേർക്കപ്പെടുമ്പോൾ ഇവ സംഭവിക്കും. അനുരഞ്ജനത്തിനും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയാണ് എൻ്റെ ക്ഷണം. ഇവയെല്ലാം എൻ്റെ ഹൃദയത്തിൽ നിങ്ങൾ കാണും.
വഴികാട്ടി
ദൈവിക കൃപയുടെ സമയമാണിത്. കൃപ നിങ്ങളുടെ മധ്യത്തിലുണ്ട്. ദൈവകരുണയുടെ പാൽപ്പായസം ആവോളം കുടിക്കുക. സ്നേഹസമ്പന്നനായ, അത്ഭുത ശക്തിയുള്ള, ഒരു പിതാവ് നമുക്കു ഒരു അമ്മയെ തന്നു. അമ്മയുടെ സ്പർശനവും തലോടലും ഉളവാക്കുന്ന, തരളിമ ആ പിതാവിന് നന്നായി അറിയാം, നിസ്സീമമായ വിജ്ഞാനത്തിൽ നിന്നും നമുക്കായി ഈ സമ്മാനം സ്വർഗ്ഗീയ പിതാവ് തെരഞ്ഞെടുത്തു.
ഈ അമ്മ ചിരിച്ചപ്പോൾ മകൻ ഈശോയുടെ ഹൃദയം എത്രയെത്ര പ്രാവശ്യം സന്തോഷത്താൽ ഇളകിമറിഞ്ഞെന്നറിയാമോ നിങ്ങൾക്ക്? ഈ അമ്മയുടെ കരവലയത്തിൽ ദൈവപുത്രൻ സ്വസ്ഥതയും സംരക്ഷണവും കണ്ടെത്തി അമ്മയുടെ വാക്കുകളിൽ ജ്ഞാനവും. എത വലിയ സ്നേഹമാണ് നമ്മുടെ കർത്താവു നമ്മാടു കാണിക്കുന്നത്, ഈ അമ്മയെ നമുക്കു തരുമ്പോൾ. വഴി തെറ്റുമ്പോൾ അമ്മ നേർവഴി കാട്ടുന്നു; സന്തോഷത്തിൻ്റെ സമയത്തു അമ്മ പുഞ്ചിരി വിതറുന്നു; കഷ്ടത്തിൻ്റെ കണ്ണീർ നിങ്ങൾ പൊഴിക്കുമ്പോൾ അമ്മയും കണ്ണീർ പൊഴിക്കുന്നു. അമ്മ നല്കുന്ന പാഠങ്ങൾ, ദൈവസ്നേഹത്തിൻ്റെ വലിയ ദാനങ്ങളല്ലേ? നമുക്കു ചേക്കേറാൻ ഒരു അമ്മയുടെ ഹൃദയം ഇതാ! നമ്മെ പരിപോഷിപ്പിക്കാനും സഹായിക്കാനും അമ്മയുണ്ട് കൂടെ. ഈ അമ്മ നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു, അമ്മയുടെ ഹ്യദയത്തിൻ്റെ ഉള്ളറകളിൽ പാർക്കാൻ. അമ്മയുടെ വിജയത്തിൽ നമുക്കു സഹകരിക്കാം. അമ്മയുടെ ക്ഷണം സ്വീകരിച്ച് നമുക്കു നമ്മെത്തന്നെ സമർപ്പിക്കാം.
പ്രവൃത്തിപഥം
നമ്മുടെ സമർപ്പണം നിത്യമായ ഒരു ഐക്യത്തിനുവേണ്ടിയാണ്. ഈ ദൗത്യത്തിലുണ്ടാകാവുന്ന കഷ്ടപ്പാടുകൾ നമ്മൾ സസന്തോഷം സ്വീകരിക്കുന്നു. സത്യത്തിൻ്റെ പ്രകാശം പരത്തുകയാണ്, ദൗത്യം. അവജ്ഞയും വെറുപ്പുമാണ് നമുക്കു ലഭിക്കാൻ പോകുന്ന പ്രതികരണങ്ങൾ. എല്ലാവരാലും കാണപ്പെടേണ്ടതിന് ശക്തമായ പ്രകാശമായി നാം മാറണം. അന്ധകാരത്തിൽ നടക്കുന്നവർക്ക് അവരുടെ പാതയിൽ നാം വെളിച്ചം നല്കണം. സത്യമേതെന്നും അസത്യമേതെന്നും ഈ വെളിച്ചം വ്യക്തമാക്കട്ടെ.നാം ശ്രദ്ധിക്കേണ്ട കാര്യമിതാണ്. നാം പൂർണ്ണ ഹൃദയത്തോടെയല്ല ദൗത്യത്തിൽ പങ്കു പറ്റുന്നതെങ്കിൽ ഒരു പ്രയോജനവും ലഭിക്കുന്നതല്ല. അമ്മയുടെ മഹാ വിജയത്തിൽ അചഞ്ചലമായ വിശ്വാസവും മനസ്സിൻ്റെ ഉറപ്പും നാം കാഴ്ചവയ്ക്കണം. ദിവസവും ഹൃദയങ്ങൾ പരിശോധിച്ച്, ആത്മാവിൻ്റെ നിശ്ചയദാർഢ്യം ഉറപ്പാക്കുക.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, അമ്മയുടെ വിജയത്തിൻ്റെ മഹിമയിൽ ഞാൻ ആശ്വാസം കണ്ടത്തട്ടെ! അനുരഞ്ജനത്തിനും ഐക്യത്തിനും മനസ്സിൻ്റെയും ഹൃദയത്തിൻ്റെയും സമാധാനത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അമ്മേ, എൻ്റെ പ്രാർത്ഥന പിതാവിനു സമർപ്പിക്കണമേ. എൻ്റെ ആത്മാവിൻ്റെ വിശുദ്ധിക്കായി ഞാൻ യാചിക്കുന്നു. വെൺ മഞ്ഞുപോലെ അതു കളങ്കമറ്റതാകട്ടെ! മനസ്സിൻ്റെ തിന്മയെ അതു മാറ്റട്ടെ! ഹൃദയം കൂടുതൽ തുറവിയുള്ളതാകട്ടെ! ഒരു വിനാഴിക പോലും അത് അടയാൻ അനുവദിക്കരുത്. ഹൃദയത്തിൻ്റെ ആഴങ്ങൾ തുറക്കപ്പെടട്ടെ! ന്യൂനതകൾ ഇല്ലാതാകട്ടെ! എൻ്റെ ഹൃദയത്തിൻ്റെ ഓരോ അണുവിലും വിജയം സംഭവിക്കട്ടെ. അങ്ങനെ ഞാൻ ലോകത്തിനു കൃപ കൊടുക്കട്ടെ.
വചനം
“നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും.’ (മത്തായി 7: 2).
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: ഞാൻ ദൈവത്തിൻ്റെ മകനാണ്/ മകളാണ് എന്ന് ഓർക്കുന്നു.
- വാക്കിൽ: “സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന 3 പ്രാവശ്യം ചൊല്ലും.
- പ്രവൃത്തിയിൽ: ഇന്ന് കണ്ടുമുട്ടുന്നവരോട് സന്തോഷത്തോടെ സംസാരിക്കും.
- ഉപേക്ഷ വരുത്താതെ: കൂടെയുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റി കൊടുക്കും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു ചൊല്ലി. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
