വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, പൂർവ്വാധികം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഫാത്തിമായിൽ ആരംഭിച്ച കാര്യം നടപ്പാക്കാൻ ദൈവം ആഗ്രഹിക്കുന്നു. അഭൂത പൂർവ്വകമായി സ്വർഗ്ഗത്തിൽ നിന്നും കൃപ സ്വീകരിക്കുവാൻ പോവുകയാണ്, ഈ ലോകം. ഓരോ ആത്മാവിനും ഈ കൃപാ വർഷം സ്വീകരിക്കാൻ അവസരമുണ്ട്. എൻ്റെ മഹാവിജയം ഹൃദയങ്ങൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മയാണ്. കാണാനോ കേൾക്കാനോ സാധിക്കാത്ത കൃപയാണത്. പക്ഷേ, ആത്മാവിൽ അതു അനുഭവവേദ്യമാണ്. ഇതു സ്വർഗ്ഗീയ ഇടപെടലാണ്. ഇതിനോട് ഇഴുകിച്ചേരുക. മുമ്പത്തേക്കാളുപരി നിങ്ങളുടെ ഹ്യദയം എനിക്കാവശ്യമുണ്ട്. തുറവിയുള്ള ഹൃദയവുമായി കാത്തിരിക്കുന്ന എൻ്റെ എല്ലാ മക്കൾക്കും കൃപയുടെ ഒരു നീർച്ചാല് നിങ്ങളിലൂടെ ലഭിക്കാൻ പോകുന്നു. ഈ ചാലിലെ വേലിയേറ്റം ആത്മാവിനെ പൂർണ്ണമായും നിമഗ്നം ചെയ്യും. ആത്മാവ് ഒന്ന് ആഗ്രഹിച്ചാൽ മാത്രം മതി, എല്ലാ അശുദ്ധിയും നീക്കപ്പെടും, കൃപയുടെ കുത്തൊഴുക്കിൽ. നിങ്ങളുടെ ഹൃദയത്തിൽ നിന്നും പൂർണ്ണമനസ്സോടെ ആമ്മേൻ എന്നു പറയട്ടെ; അപ്പോൾ ഈ കൃപ സ്വീകരി ക്കാൻ അതിൻ്റെ താക്കോൽ ഞാൻ നിങ്ങൾക്കു തരും. നിങ്ങളുടെ ആമ്മേൻ ആത്മാവിനെ പുഷ്ടിപ്പെടുത്തും. പുണ്യങ്ങളിൽ നിങ്ങൾ വേരുറയ്ക്കും. പിതാവിൻ്റെ സ്നേഹ ക്ഷണത്തിന് പ്രത്യുത്തരം നല്കാൻ, അങ്ങനെ എൻ്റെ വിമല ഹൃദയത്തിനു സമർപ്പിക്കുവാൻ, ഞാൻ ക്ഷണിക്കുന്നു. ക്ഷണം സ്വീകരിക്കുകവഴി നിങ്ങളുടെ ഹൃദയം എൻ്റെ ഹൃദയത്തിലേക്കും പിതാവിൻ്റെ ഹൃദയത്തിലേക്കും തുറവി നേടുന്നു. സ്വർഗ്ഗത്തിൻ്റെ സ്നേഹക്ഷണം എല്ലാ ആത്മാക്കളിലും എത്തുവാൻ, ഒരു ആത്മാവുപോലും മാറി നില്ക്കാതിരിക്കാൻ, അക്ഷീണം പരിശ്രമിക്കുക. ലോകത്തിലെ ജനതതികളെയെല്ലാം ഈ പരിശുദ്ധ കൂട്ടായ്മയിലെ അംഗങ്ങളാക്കുക. പിതാവിൻ്റെ വലിയ ആഗ്രഹമാണ്. അഭൂതപൂർവ്വമായി ഒന്നു ചേരുക. ലോകജനതകളുടെ ഹൃദയങ്ങൾ ഒന്നാകട്ടെ! ഒരു ശബ്ദത്തിൽ ജനകോടികൾ ആർപ്പുവിളിച്ച് ആമ്മേൻ പറയട്ടെ! എൻ്റെ വിമലഹൃദയത്തിൻ്റെ സമർപ്പിതരെ എല്ലാം ഞാൻ മാറോടു ചേർക്കട്ടെ! ഞാൻ അവരുടെ എല്ലാം അമ്മയല്ലേ?

വഴികാട്ടി

സമർപ്പണം ഹൃദയങ്ങളുടെ അലൗകികകൂട്ടായ്മയാണ്. ഇത് മനസ്സുകളെ മാറ്റിമറിക്കുന്നു, രൂപാന്തരീകരണവും നടത്തുന്നു. കൃപ ആത്മാവിനെ അഭിഷേകം ചെയ്യുമ്പോൾ, അതിന് മാറ്റം സംഭവിച്ചേ പറ്റൂ. പുണ്യത്തിൻ്റെ വേലിയേറ്റത്തിൽ ആത്മാവ് കൃപാപൂരിതമാകും. ദൈവത്തെ പ്രീതിപ്പെടുത്താൻ ആത്മാവ് തീവ്രമായി ദാഹിക്കും. അതിന് ഒന്നേ ചെയ്യേണ്ടതുള്ളൂ. ഈ അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുക. അപ്പോൾ ആത്മാവിന് ലഭിക്കുന്നത് സംരക്ഷണമാണ്, ദൈവത്തെ തുടർന്നു സേവിക്കാൻ. ദൈവരാജ്യം മാതാവിൻ്റെ ഹൃദയത്തിൽ നിന്നാരംഭിക്കുന്നു. മാത്യഹൃദയത്തോടു നമ്മുടെ ഹൃദയങ്ങൾ ചേർന്നിരിക്കുന്നതിനാൽ, ദൈവികമായ ആ ബന്ധത്തിലേക്ക് നാമും ശക്തമായി ചേർക്കപ്പെടുന്നു. സമർപ്പണം വഴി, മാതൃ ഹൃദയത്തിലൂടെ സമർപ്പിതരുടെ ഹൃദയങ്ങളും ഒന്നാക്കപ്പെടുന്നു. ഇതു സാർവ്വലൗകികമായ ഹൃദയങ്ങളുടെ കൂട്ടായ്മയാണ്.

പ്രവൃത്തിപഥം

സമർപ്പണം ശക്തമായ അവബോധത്തോടെ മാത്രമേ നടത്താവൂ. കൃപയുടെ അതിസമൃദ്ധിസ്വീകരിക്കുന്ന ഹൃദയങ്ങൾ നന്ദി നിറഞ്ഞതായിരിക്കും. സമർപ്പണം ഓരോ ദിവസവും പുതുക്കണം. അതാതു ദിവസങ്ങൾ നല്കുന്ന വിവിധ വെല്ലുവിളികളെ നേരിടാൻ അമ്മയുടെ സഹായം തേടുകയും വേണം. അമ്മയുടെ മഹാവിജയം സംഭവിക്കാൻ കാത്തിരിക്കുന്ന ആത്മാക്കളെല്ലാം മാത്യഭക്തിയിലേക്കും സമർപ്പണത്തിലേക്കും വരുവാൻ നിങ്ങൾ ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ ഭൂഗോളം മുഴുവനും അമ്മയുടെ ക്ഷണത്തിനു പ്രത്യുത്തരം നൽകേണ്ടതാണ്. അങ്ങനെ അമ്മയുടെ ഹൃദയത്തിലൂടെ എല്ലാ ഹൃദയങ്ങളും ഒന്നാകട്ടെ. ഈ ക്ഷണം മനുഷ്യവർഗ്ഗത്തിനു മുഴുവനായി നല്കപ്പെടുകയാണ്. ഓരോ സമർപ്പണവും ആത്മാവിന് വിജയമാണ്-ഹർഷപൂരിത വിജയം. വിജയിച്ച ആത്മാവിനു ദൈവമഹത്വമാണ് പ്രധാന ലക്ഷ്യം. സ്വന്തം ആത്മാവിൻ്റെ വിശുദ്ധീകരണം ഒരു വലിയ നേട്ടമാണ്. മറ്റുള്ള ആത്മാക്കൾ ഈ നിലയിലേക്കുയരാൻ വേണ്ട പരിത്യാഗ പ്രവൃത്തികൾ ചെയ്യാൻ ആത്മാവ് തയ്യാറാകുകയും ചെയ്യും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, സത്യസന്ധത, വിശുദ്ധി, ലാളിത്യം എന്നീ പുണ്യങ്ങൾ സമ്പാദിക്കാൻ എൻ്റെ ആത്മാവിൻ്റെ മേൽ, കൃപ വർഷിക്കണമേ. അമ്മയ്ക്ക് സ്വയം സമർപ്പിച്ച എൻ്റെ ആത്മാവിന് പാപരഹിതമായിരിക്കാൻ ഈ പുണ്യങ്ങൾ അത്യാവശ്യമാണല്ലോ. എൻ്റെ സമർപ്പണതീക്ഷ്ണത കുറയാൻ ഇടവരുത്തരുതേ. ഞാൻ കണ്ടുമുട്ടുന്ന എല്ലാവർക്കും അമ്മയുടെ ഹ്യദയം നല്കാൻ എന്നെ ശക്തിപ്പെടുത്തണമേ. അമ്മയിൽനിന്നും എനിക്കു ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവർക്കും ഞാൻ കൊടുക്കാൻ ഇടയാക്കണമേ. അമ്മയുടെ വിമല ഹൃദയത്തോടു ഞാൻ യാചിക്കുന്നു, ശാന്തതയിലേക്കും സമാധാനത്തിലേക്കും എന്നെ നയിച്ചുകൊണ്ടിരിക്കണമേ

വചനം

“കർത്താവേ, ഈ മണിക്കൂറിൽ എന്നെ ശക്തിപ്പെടുത്തേണമേ.” (യൂദിത്ത് 13: 29)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!