1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞുകവിയുന്നു. എൻ്റെ വിജയം വിളംബരം ചെയ്യപ്പെടുന്നു. ഞാൻ നിങ്ങളോടു പറഞ്ഞില്ലേ, എൻ്റെ വിജയം ആദ്യമേ അനുഭവവേദ്യമാകുന്നത് ഹ്യദയത്തിലാണെന്ന്! നമ്മുടെ ഹൃദയങ്ങൾ ഒന്നായതുകൊണ്ട്, നിങ്ങളുടെ ഹ്യദയങ്ങളിൽ ഞാൻ അതു അനുഭവിച്ചുകഴിഞ്ഞു. എന്നിൽ നിങ്ങൾ കൂടുതൽ ചേർന്നിരിക്കുന്നു. നിങ്ങൾ കൂടുതൽ ശക്തി സംഭരിച്ചിരിക്കുന്നു. ഇതെല്ലാം സമർപ്പണം മൂലമാണ് സംഭവിക്കുന്നത്. ഞാൻ മുമ്പു പറഞ്ഞതുപോലെ സമർപ്പണം ഫലപ്രദമാക്കുന്നത് പരിശുദ്ധാത്മാവാണ്.
സമർപ്പണം ഒരു പ്രവൃത്തിയാണ്. ആ പ്രവൃത്തി നമ്മുടെ ആത്മാവിനെ ദൈവാത്മാവോട് ചേർക്കുകയും അതിനുവേണ്ടി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി ദൈവത്തിൻ്റെ സമസ്ത സൃഷ്ടികളോടും ആത്മാവിനു തുറവി ഉണ്ടാകുന്നു. നിങ്ങൾ എൻ്റെ ആത്മാവിനെ മാത്രം ശ്രദ്ധിക്കുക. അപ്പോൾ ഞാൻ നിങ്ങളുടെ മുമ്പിലുണ്ടായിരിക്കും. നമ്മുടെ ഹൃദയങ്ങൾ ഒന്നാണല്ലോ. അങ്ങനെ നിങ്ങളുടെ ഹൃദയത്തിൽ തന്നെ നിങ്ങൾ ശക്തി കണ്ടെത്തും. എൻ്റെ കുഞ്ഞുങ്ങളേ, എൻ്റെ ഹൃദയവുമായുള്ള ബന്ധത്തിൽ തുടരുക. അങ്ങനെ മുന്നേറുക. ഞാൻ വാഗ്ദാനം ചെയ്യുന്ന സമ്മാനം കൃപയാണ്. ഞാൻ എല്ലാം തരാം എന്നു പറഞ്ഞിട്ടില്ലേ? അത് എൻ്റെ വാഗ്ദാനമാണ്.
എൻ്റെ ആത്മാവിൽ കാണുന്ന, പരിശുദ്ധ ത്രിത്വവുമായുള്ള പരിപൂർണ്ണ ഐക്യത്തിലേക്കാണ് അത് നിങ്ങളെ നയിക്കുന്നത്. എന്നിൽ നിങ്ങൾ വിശ്വസിക്കുക. എല്ലാ പ്രശ്നപരിഹാരങ്ങളും എൻ്റെ വിമലഹൃദയത്തിൽ കാണുക. ഇക്കാരണത്താലാണ്, ഞാൻ നിങ്ങളുടെ ആശ്രയമാകുന്നത്. കൃപയുടെ ശക്തി എല്ലാവരുടേയും കൂട്ടായ്മക്കായി, നിങ്ങളിലൂടെ ഞാൻ നല്കുന്നു. നിങ്ങളുടെ ബലവും നിങ്ങൾക്കുള്ള ലക്ഷ്യ ബോധവും എന്നിലൂടെ മാത്രമേ നിങ്ങൾക്കു ലഭിക്കുകയുള്ളൂ. ദിശാബോധവുമായി ഞാൻ എത്തിക്കഴിഞ്ഞു. ചുരുങ്ങിയ സമയത്തിൽ എല്ലാം പൂർണ്ണമായി ചെയ്യാൻ ഇപ്പോൾ നിങ്ങൾക്കു സാധിക്കും. ഇതെല്ലാം നിങ്ങളുടെ ബുദ്ധിക്കതീതമാണ്. ഞാൻ നിങ്ങളെ പഠിപ്പിച്ചതു മാത്രം അന്വേഷിക്കുക. ദൈവം നടത്തിത്തരുമ്പോൾ എല്ലാം പൂർണ്ണമാകുമല്ലോ. ഓർത്തു കൊള്ളുക, എന്നിലായിരിക്കുക എന്നാൽ എൻ്റെ വിമല ഹ്യദയത്തിൻ്റെ കൃപയിലായിരിക്കുക എന്നുതന്നെയാണ്. എൻ്റെ ഹൃദയകവാടം വഴി എൻ്റെ മകനായ ഈശോയുടെ ഹൃദയത്തിലും ആയിരിക്കുക എന്നുതന്നെ.
വഴികാട്ടി
സമർപ്പണം എന്നത്, നിങ്ങളുടെ ജ്ഞാനസ്നാനത്തിൻ്റെ ഒരു പരിപൂർണ്ണമായ പുതുക്കൽ ആകുന്നു. ജ്ഞാനസ്നാനത്തിനുമുമ്പ് നാം തിന്മയുടെ അടിമകളായിരുന്നു. സ്നാനത്തിലൂടെ നാം ഈശോയ്ക്ക് അടിമകളായി. ശക്തമായ സമർപ്പണത്തിലൂടെയും നവീകരണത്തിലൂടെയും, മാതാവു വഴിയായി നാം ഈശോയ്ക്ക് നല്കപ്പെടുന്നു. സമർപ്പണ മാർഗേ ലഭിച്ച അതിവിശുദ്ധിയിലാണ് ഈ കൊടുക്കൽ. സമർപ്പണം ദൈവം വിഭാവനം ചെയ്ത മാർഗ്ഗമാണ് – ദൈവത്തിലേക്കുള്ള മാർഗ്ഗം. സമർപ്പിതരായ നാം ഈശോയ്ക്ക് നല്കപ്പെടുകയും, തിന്മയും അതിൽ നിന്ന് ഉത്ഭവിച്ചവയെല്ലാം മനസ്സാ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജ്ഞാനസ്നാനത്തിലും നാം തിന്മയെ ഉപേക്ഷിച്ചതാണ്. ഇപ്പോൾ മാതാവ് വഴിയായി നാം ഈശോയ്ക്കു സ്വയം സമർപ്പിക്കുന്നു. ഇപ്രകാരം ഈശോയെ നമ്മൾ കൂടുതൽ മഹത്വപ്പെടുത്തുന്നു. എങ്ങനെയെന്നോ? ദൈവത്തിൻ്റെ സൃഷ്ടികളിൽ ഏറ്റം കൃപാപൂർണ്ണത, മാതാവിനല്ലേ? അപ്പോൾ മാതാവു വഴി ചെയ്യുന്നതെല്ലാം ദൈവത്തെ മഹത്വപ്പെടുത്തലാണ്. നാം മാതാവിൻ്റെതാകുമ്പോൾ പുത്രൻ്റെ സ്വന്തവുമാകുന്നു.
പ്രവൃത്തിപഥം
മനസ്സിനോടല്ല, ഹൃദയത്തോട് (ആത്മാവിനോട്) ആണ് ദൈവം സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്. മനസ്സ് നമ്മുടെ ഇച്ഛയുടെ ഇരിപ്പിടമാണ്. ഹൃദയമാണ് ആത്മാവിനോടു ബന്ധപ്പെട്ടിരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളെ തുറക്കാൻ അമ്മ നിർദ്ദേശിക്കുമ്പോൾ, കൃപ സ്വീകരിക്കാൻ വേണ്ടി, ആത്മാവിനെ തുറക്കാൻ നിർദ്ദേശിക്കുന്നു. സമർപ്പണംവഴി നാം മനസ്സിലാക്കുന്നത് ഇതാണ്. നമ്മുടെ ഹൃദയങ്ങളോടൊപ്പം മിടിക്കുന്ന അമ്മയുടെ ഹൃദയം നമുക്കു ശക്തിയും ബലവും തരുന്നു. അമ്മയ്ക്ക് ഇവ ലഭിച്ചത് അമ്മ സഹിച്ച് കഷ്ടപ്പാടുകളിലും പരീക്ഷകളിലും നിന്നാണ്. ഇപ്രകാരം നമുക്ക് ആന്തരിക മാറ്റം സംഭവിക്കുമ്പോൾ കൃപ സ്വീകരിക്കാൻ പാകത്തിനു നമ്മുടെ ഹൃദയം രൂപപ്പെടുന്നു. ഇപ്രകാരമാണല്ലോ നമ്മുടെ അമ്മയുടെ ഹൃദയവും രൂപപ്പെട്ടത്. വിമല ഹൃദയത്തിൽ കണ്ണുംനട്ടിരിക്കാനാണ് അമ്മ ആവശ്യപ്പെടുന്നത്. അങ്ങനെ നമുക്ക് അമ്മയുടെ സംരക്ഷണം ഉറപ്പാക്കാം. അമ്മയുടെ ആലിംഗനത്തിൽ ആയിരിക്കുകയും ചെയ്യാം. അമ്മയല്ലോ, നമ്മുടെ സങ്കേതം!
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ! എൻ്റെ ഹൃദയത്തിൻ്റെ തീവ്രആഗ്രഹം, അമ്മയിൽ എനിക്കു സങ്കേതം ലഭിക്കാനാണ്. എൻ്റെ എല്ലാ ആവശ്യങ്ങൾക്കും ഞാൻ അമ്മയുടെ പക്കൽ അണയും. എൻ്റെ ഐക്യദാർഢ്യവും ദിശാബോധവും അമ്മയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ഞാൻ തരുന്നു. എല്ലാ വിചാരത്തിലും വചനത്തിലും പ്രവർത്തിയിലും അമ്മയുടെ ഹൃദയം ഞാൻ തേടട്ടെ! അമ്മയുടെ മഹാവിജ യത്തിലുള്ള സന്തോഷം എൻ്റെ ഹൃദയത്തെ നിറയ്ക്കട്ടെ! ദുഖത്തിൻ്റെ കാലത്തു എനിക്കു ഈ വിജയം ബലം തരട്ടെ! സ്ഥിരതയില്ലാത്ത എൻ്റെ ആത്മാവിനെ അമ്മയുടെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ സൂക്ഷിച്ചു വയ്ക്കണമേ. അവിടെ പരിശുദ്ധ ത്രിത്വം നല്കുന്ന സ്നേഹവും ആശ്വാസവും കരുതലും ഞാൻ അനുഭവിക്കട്ടെ!
വചനം
“ക്രിസ്തു നിങ്ങൾക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് മാതൃക നൽകുകയും ചെയ്തിരിക്കുന്നു.” (1 പത്രോസ് 2:21)
2, വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന് പിറന്നു, പന്തിയോസ് പിലാത്തോസിൻ്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
3. പ്രതിഷ്ഠാ ജപം
എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കര്‍ത്താവിൻ്റെ മാലാഖ
കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.
ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന)
I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.
പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!
II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…
III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ് എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…
6. മാതാവിനോടുള്ള ജപം
പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!
7, പന്തക്കുസ്ത പ്രാര്‍ത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.
അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എൻ്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!