വിമലഹൃദയ പ്രതിഷ്ഠ – പത്തൊമ്പതാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മഹാവിജയത്തിൻ്റെ ഭാഗമാകുന്ന ഒരു കുഞ്ഞിന് ഹ്യദയത്തിൽ രൂപാന്തരീകരണം സംഭവിക്കും. ആത്മാവിൽ അസാധാരണമായ കൃപ നിലനിന്നാൽ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. ഈ കൃപയുണ്ടെങ്കിൽ, ദൈവികമായ ഒരു ഒന്നാകൽ സംഭവിക്കും – ഈശോയുടെ ഹൃദയവുമായി നടക്കുന്ന ഒന്നാകൽ.

ഹ്യദയങ്ങൾക്കുവേണ്ടിയുള്ള യുദ്ധം ആരംഭിച്ചു കഴിഞ്ഞു. നാം ഏതെങ്കിലും ഒരു പക്ഷം ചേർന്നേ മതിയാവുകയുള്ളൂ. രണ്ടിലും പെടാത്ത ഒരു സ്ഥലമില്ല. ഹൃദയം എനിക്കു നല്കപ്പെടുന്നില്ലെങ്കിൽ ഉടനെതന്നെ അതു സാത്താൻ്റെ വലയിൽ വീഴും. ഞാൻ ഉറപ്പിച്ചു പറയട്ടെ എൻ്റെ മഹാവിജയം ലോകത്തിൻ്റെ ഗതിമാറ്റുന്നതാണ്. മറ്റെന്തിനേക്കാളും ഇപ്പോൾ ലോകത്തിനാവശ്യം, പ്രാർത്ഥനയുടെ ഐക്യമാണ്. കൈകളല്ല; ഹൃദയങ്ങളാണ് ഒന്നുചേരേണ്ടത്. ഈ ദൈവിക പദ്ധതിയിൽ ചേരുന്ന കുഞ്ഞുങ്ങളെല്ലാവരും എന്നിലൂടെ, ഹൃദയം കൊണ്ട് ഒന്നായിരിക്കണം. എല്ലാവരുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇതാവശ്യമാണ്.

ഓർക്കുക. ഒരു കുഞ്ഞിൻ്റെ ഏറ്റം വലിയ ശത്രു അഹങ്കാരമാണ്. അഭിപ്രായവ്യത്യാസങ്ങളുടെ വിത്താണ് അഹങ്കാരം, അനാവശ്യമായ തോന്നലുകളുടെയും. മാറ്റങ്ങൾ വരേണ്ട സമയമാണിത്. ഈ ദിവസങ്ങളിൽ നിങ്ങളുടെ – ആത്മാർത്ഥശ്രമം എത്ര അത്യാവശ്യമാണ് എന്നറിയാമോ?

വഴികാട്ടി

നാം പരിപൂർണ്ണമാകണമെങ്കിൽ ഒരു മാർഗ്ഗമേയുള്ളൂ. ഈശോയോട് യോജിപ്പുള്ളവരാകുക. ഈശോയോട് ഒന്നാകുക. ഈശോയ്ക്ക് സമർപ്പിക്കുക. ഈശോയുമായി ഒന്നായി ഈശോയ്ക്ക് സമർപ്പിക്കപ്പെട്ട് ജീവിക്കണമെങ്കിൽ, അതിനായി ദൈവം നിർമ്മിച്ച വഴിയിലൂടെ നാം നീങ്ങണം. ഈശോയോട് ഏറ്റം താദാത്മ്യപ്പെട്ട വ്യക്തി മാതാവ് മാത്രമാണ്. സ്വാഭാവികമായും ദൈവവുമായി ഐക്യപ്പെടാൻ മാതാവ് വഴിയാണ് യാത്ര ചെയ്യേണ്ടത്. മാതാവു വഴി യാത്രചെയ്യണമെങ്കിൽ നാം സമർപ്പണം വഴി മാതാവുമായി ഐക്യപ്പെടണം. എത്രയധികം നാം മാതാവിനോട് ഇഴുകിച്ചേരുന്നുവോ അത്ര അധികം ദൈവവു മായി ഗാഢബന്ധത്തിൽ നാം എത്തിച്ചേരും. മാതാവിൻ്റെ വിമല ഹൃദയത്തിനു നാം സ്വയം സമർപ്പിക്കുമ്പോൾ, നാം ദൈവത്തിനു സമർപ്പിക്കപ്പെട്ടുകഴിഞ്ഞു.

പ്രവൃത്തിപഥം

സമർപ്പിക്കപ്പെട്ടു കഴിയുമ്പോൾ, അമ്മയുടെ വിജയത്തിനായി എല്ലാവരും ചെയ്യുന്ന നല്ല പ്രവർത്തികളിൽ നമുക്കു സന്തോഷിക്കാനാവും. അമ്മ നമുക്കു തന്ന സ്നേഹത്തിൻ്റെ മാർഗ്ഗത്തിൽ നിന്നും മാറിപ്പോയാൽ നാം ആ തെറ്റ് കണ്ടുപിടിക്കണം. മറ്റുള്ളവരുടെ വളർച്ചയിലല്ല ചിലപ്പോൾ നാം ദു:ഖിക്കുന്നത്. നാം സാമ്പത്തികമായി തളരുമ്പോഴാണ്. അർഹതയില്ല എന്നു നാം കരുതുന്ന മറ്റുള്ളവർ വളരുമ്പോൾ നാം ദുഖിക്കുന്നുണ്ടോ? അവർ നമ്മുടെ വഴി തടസ്സം ചെയ്യുന്നു എന്നു വിചാരിച്ചാണോ നാം ദുഖിക്കുന്നത്? അമ്മയ്ക്കുള്ള സമർപ്പണം വഴി മറ്റുള്ളവരുടെ ഉയർച്ചക്കുവേണ്ടി സന്തോഷിക്കാൻ അമ്മ പഠിപ്പിക്കുന്നു. മാതാവ് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു മാതൃകാ വ്യക്തിയാവാൻ നമുക്കു കഴിയുമ്പോൾ അമ്മയുടെ മഹാവിജയം സംഭവിക്കുന്നു. ഇതു നടക്കില്ലായെന്ന് നമുക്കു സാത്താൻ പഠിപ്പിച്ചുതരാൻ ശ്രമിക്കും. പരിശുദ്ധാത്മാവ് നമ്മിൽ വന്ന ആ സമയത്തിലെന്നപോലെ, നമുക്കു ലഭിച്ച കൃപ നമ്മുടെ ഹൃദയത്തെ ത്രസിപ്പിച്ചതുപോലെ, നാം ഓരോ ദിവസവും ജീവിക്കണം.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹ്യദയമേ, ഞാൻ കാണുന്നവർക്കെല്ലാം ദൈവസ്നേഹം കൊടുക്കുവാൻ സമർപ്പണസമയത്തന്നതുപോലെ എന്നെ സഹായിക്കണമേ. സാത്താൻ വളരെ വലുതാക്കി എനിക്കു കാണിച്ചു തരുന്ന മറ്റു മനുഷ്യരുടെ കുറ്റങ്ങളെല്ലാം ഞാൻ നിസ്സാരമാക്കി അവഗണിക്കട്ടെ! എല്ലാ മനുഷ്യരും അങ്ങു ലാളിക്കുന്ന കുഞ്ഞുമക്കളാണെന്ന് ഞാൻ മനസ്സിലാക്കട്ടെ! അങ്ങ് എന്നേയും ലാളിക്കുന്നുണ്ടല്ലോ. എൻ്റെ ഹൃദയത്തിൽനിന്ന് അഹങ്കാരത്തെ വേരോടെ പിഴുതെറിയണമേ. സാത്താൻ സൃഷ്ടിക്കുന്ന മായാവലയങ്ങളിൽ ഞാൻ നിപതിക്കാതിരിക്കട്ടെ.

മറ്റുള്ളവരുടെ ഹൃദയങ്ങളെ ഞാൻ, അമ്മയുടെ മഹാവിജയത്തിനായി അന്വേഷിക്കട്ടെ! സമർപ്പിതരുടെ ഹൃദയങ്ങൾ ഒന്നാവുകയും ഞങ്ങൾ ഒരുമിച്ച് അദ്ധ്വാനിക്കുകയും ചെയ്യുമാറാക്കണമേ. അമ്മയുടെ വിജയം സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും കൃപയാണെന്ന് ഞാൻ മനസ്സിലാക്കട്ടെ! ഞങ്ങളുടെ ഹൃദയത്തിന് രൂപാന്തരീകരണം നടത്താൻ പരിശുദ്ധാത്മാവ് നല്കുന്ന കൃപയാണല്ലോ ഇത്. ഭാഗ്യവതിയായ കന്യകേ, എൻ്റെ ഹൃദയത്തെ അങ്ങയുടെ ഹ്യദയത്തോടു ചേർത്തു വയ്ക്കണമേ. അപ്പോൾ സാത്താൻ്റെ കെണിയിൽ ഞാൻ വീഴുകയില്ല എന്ന് എനിക്കറിയാം.

വചനം

“നാം ദൈവത്തിൽ ജീവിക്കുന്നു; ചരിക്കുന്നു; നിലനിൽക്കുന്നു. (നടപടി 17:28)

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!