പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ ദൗത്യത്തിൻ്റെ കേന്ദ്ര ആശയം എല്ലാ ഹൃദയങ്ങളേയും ഒന്നാക്കുക തന്നെ. ഒന്നാക്കുക എന്നാൽ ഒറ്റ ഹൃദയം ആക്കുക എന്നതാണ്. എൻ്റെ വിമല ഹൃദയയത്തെ അനുകരിക്കുന്ന ഏക ഹൃദയം. എൻ്റെ ഈശാ എന്നിൽ നടപ്പിലാക്കിയ വിശുദ്ധിയിലേക്കുള്ള ഈ മാർഗ്ഗം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരുന്നു. കാര്യം ഇതാണ്, വിശുദ്ധമായതും നല്ലതുമായ എല്ലാറ്റിനെയും സ്നേഹിക്കുക. പാപത്തെപ്പറ്റി ചിന്തിക്കുക പോലും അരുത്. ഈ ദൗത്യത്തിൻ്റെ പ്രകാശമായ ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കുക. ആഴമായ ദൈവസ്നേഹവും സമാധാനവും ലഭിക്കാനാണ് ഇത്. എൻ്റെ വിജയത്തിൻ്റെ ആത്മാവ് – ദൗത്യത്തിൻ്റെ വെളിച്ചം – സമാധാനവും ഹൃദയങ്ങളുടെ മാറ്റവുമാണ്, ദൈവകൃപയുടെ ഈ പദ്ധതി നിങ്ങ ളിൽനിന്നും ഇതാണ് ആവശ്യപ്പെടുന്നത്.
വഴികാട്ടി
ഈശോയുടെ അമ്മയെ ഈശോ നിത്യമായി തെരഞ്ഞെടുത്തു. ഒരിക്കലും പിരിയാത്ത സഹകാരിയായി ജീവിതത്തിലും മരണത്തിലും മഹത്വത്തിലും. സ്വർഗ്ഗത്തിലെയും ഭൂമിയിലേയും എല്ലാ അധികാരങ്ങളുടേയും പങ്കാളിയും തനിക്കുള്ള എല്ലാ ആനുകൂല്യങ്ങൾക്ക് അവകാശിയുമാക്കി. ഈശോയുടേയും മാതാവിൻ്റെയും ഹൃദയങ്ങൾ ഒന്നായിരിക്കുന്നു, ഒന്നായി പ്രവർത്തിക്കുന്നു. അമ്മ അമലോത്ഭവയായതും ഇതുകൊണ്ടുതന്നെ. പരിശുദ്ധ തിത്വത്തിലെ ഒരാളായ പുത്രൻതമ്പുരാൻ തനിക്കുള്ള എല്ലാകൃപകളും അമ്മയുമായി പങ്കുവയ്ക്കുന്നു.
പ്രവൃത്തിപഥം
നിങ്ങളുടെ സമർപ്പണത്തിൽ സന്തോഷം കണ്ടെത്തുക. ഏറ്റവും ചെറിയ ആളായി തരം താഴ്ത്തപ്പെടുമ്പോൾ, പരിഹാസപാത്രമാകുമ്പോൾ, വിഡ്ഢിയാക്കപ്പെടുമ്പോൾ, ചെയ്യാത്ത കാര്യങ്ങൾക്കുവേണ്ടി വിധിക്കപ്പെടുമ്പോൾ, സ്വയം ന്യായീകരിക്കേണ്ട. മറ്റുള്ളവർ ന്യായീകരിക്കാൻ കാത്തിരിക്കുകയും വേണ്ട. നിങ്ങളുടെ കുറവുകൾ നിരത്തിവയ്ക്കപ്പെടുമ്പോൾ ആരാണ് അതിന് പിന്നിലെന്ന് നോക്കരുത്. ആരാണെന്ന് നിങ്ങൾ അറിഞ്ഞാൽ അവരെ ശാസിക്കരുത്. നിങ്ങൾക്കറിയാമെന്ന് ഭാവിക്കുകയുമരുത്, നിങ്ങൾ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുമ്പോൾ ഇവർക്കായി ആദ്യം പ്രാർത്ഥിക്കുക. എളിമയിൽ വേണം ദൈവവുമായുള്ള ഐക്യം ആഗ്രഹിക്കുവാൻ. സമർപ്പണത്തിൽ നിന്നും ലഭിക്കുന്ന കൃപയാൽ അമ്മയുടെ ദൗത്യവുമായി ഏകീഭവിക്കുക. വിമല ഹൃദയം നമ്മിൽ വിജയിക്കുന്നത് നമ്മുടെ താഴ്ചയിലാണ്. താഴ്ന്ന ഹൃദയങ്ങൾ അമ്മ ഉയർത്തി തന്നോട് ചേർക്കുന്നു.
പ്രാർത്ഥന
പരിശുദ്ധ കന്യാമറിയത്തിൻ്റെ വിമലഹൃദയമേ, എൻ്റെ ആത്മാവിന് എളിമ എന്ന കൃപ ലഭിക്കാൻ പ്രാർത്ഥിക്കണമേ. ദൈവം എന്നിൽ വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഞാൻ ദൈവസാന്നിദ്ധ്യത്തിൽ എളിമപ്പെടട്ടെ. പ്രിയപ്പെട്ട അമ്മേ, കഷ്ടപ്പാടുകളും അവഹേളനങ്ങളും പരിഹാസങ്ങളും ഞാൻ അനുഭവിക്കുമ്പോൾ അവയെല്ലാം അമ്മയുടെ വിജയത്തിനായി ഞാൻ സമർപ്പിക്കട്ടെ! സമർപ്പണത്തിൽ പൂർണ്ണ ശ്രദ്ധകൊടുത്തുകൊണ്ട്, അമ്മയുടെ ഹൃദയത്തിൽനിന്ന് പ്രവഹിക്കുന്ന കൃപകൾ ഞാൻ സ്വീകരി ക്കുന്നു. ഓരോ സങ്കടങ്ങളും വരുമ്പോൾ അമ്മയുടെ വിജയത്തിനുള്ള ദൈവീക പദ്ധതിയെ ഞാൻ ഓർമ്മിക്കട്ടെ! അമ്മയുടെ മകൻ്റെ ഹൃദയത്തിൻ്റെ ഭരണം പൂർണ്ണമാകാൻ എല്ലാ ഹൃദയങ്ങളും സമർപ്പണം നടത്തി അമ്മയുടെ ഹൃദയത്തിലൂടെ ഈശോയുടെ ഹൃദയവുമായി ഐക്യപ്പെടട്ടെ!
വചനം
“ക്രിസ്തുവിൻ്റെ നാമത്തപ്രതി നിങ്ങൾ നിന്ദിക്കപ്പെടുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ” (1 പത്രോ 4 : 14)
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: ഈശോ എന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നു.
- വാക്കിൽ: “ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്’. (ഗലാ 2 :20) എന്ന് 10 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: മറ്റുള്ളവരോട് ചേർന്ന് ഞാൻ ആരുടെയും കുറ്റം പറയുകയില്ല.
- ഉപേക്ഷ വരുത്താതെ: എന്റെ കുറ്റം പറഞ്ഞാൽ ഞാൻ അറിഞ്ഞതായി ഭാവിക്കുകയില്ല.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
