വിമലഹൃദയ പ്രതിഷ്ഠ – പതിനാലാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, സമർപ്പണത്തിന്റെ കേന്ദ്രബിന്ദുവും അടിസ്ഥാനവും പ്രാർത്ഥനയാണ്. പ്രാർത്ഥനയിൽ ദൈവവുമായി ഒന്നാകുമ്പോൾ, ഒരു പ്രത്യേക പാതയിലൂടെ നയിക്കാനും പഠിപ്പിക്കാനുമായി ദൈവം സ്വയം വെളിപ്പെടുത്തും. പ്രാർത്ഥനയിലൂടെയാണ് നമ്മെപ്പറ്റിയുള്ള ദൈവഹിതം വ്യക്തമാകുന്നത്.

സമർപ്പണത്തിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ കേന്ദ്രബിന്ദുവും പ്രാർത്ഥനയുടെ കൂട്ടായ്മ തന്നെ. പ്രാർത്ഥന ദൈവവും ആത്മാവും തമ്മിലുള്ള നിരന്തര സമ്പർക്കമാകണം. അപ്പോൾ ഏകാന്തത ആത്മാവിനെ തലോടും. എല്ലാം ദൈവത്തിന്റെ കരങ്ങൾ വഴി ലഭിക്കാൻ പ്രാർത്ഥിക്കുക ; എല്ലാ ഹൃദയഭാരങ്ങളും ഇറക്കിവയ്ക്കാനും സമാധാനവും ശാന്തിയും ലഭിക്കാനും പ്രാർത്ഥിക്കുക. ഏകാന്തതയുടെ അടിത്തട്ടിൽ ആയിരിക്കുമ്പോൾ ദൈവം നിങ്ങളുടെ ഹൃദയഭിത്തികളിൽ എഴുതി ത്തുടങ്ങും.

വഴികാട്ടി

അമ്മയുമായി അഭേദ്യബന്ധമുണ്ടാക്കുക എന്നതാണ് സമർപ്പണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. അമ്മയാകട്ടെ അമ്മയുമായി ബന്ധപ്പെടുന്ന എല്ലാ ആത്മാക്കളേയും മകനായ ഈശോയുമായി ബന്ധപ്പെടുത്തുന്നുണ്ട്. മാനവകുലത്തിന്റെ രക്ഷയാണ് ഈശോയുടെ ലക്ഷ്യം. രക്ഷാകരദൗത്യത്തിനു സംഭാവന നല്കുകയാണ് അമ്മ ചെയ്യുന്നത്. രക്ഷാകരപദ്ധതിയുടെ ഭാഗമാണ് അമ്മ. അതുവഴി കൃപ ദൈവജനത്തിലെത്തുന്നു. അങ്ങനെ അമ്മ സഹരക്ഷകയാകുന്നു. ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂർത്തിയാകണമെന്നുമാത്രമാണ് അമ്മയുടെ അഭിലാഷം. വിമല ഹൃദയത്തിന്റെ വിജയം അമ്മയുടെ സ്ഥാനം ഉറപ്പിക്കുന്നു. അമ്മയുടെ ഹൃദയത്തിനു സമർപ്പിക്കപ്പെട്ട ആത്മാക്കൾ ലോകത്തിന്റെ രക്ഷാപദ്ധതിയിൽ പങ്കുചേരുന്നു.

പ്രവൃത്തിപഥം

അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ് – അമ്മയെ കണ്ടെത്തുന്ന ആത്മാവ് കൃപ നിറഞ്ഞ ജീവിതവും നിത്യ മഹത്വവുമാണ് കണ്ടെത്തുന്നത്. അമ്മ സമുദ്രതാരമാണല്ലോ. തുറമുഖത്തേക്ക് അപകടമില്ലാതെ കപ്പലുകളടുപ്പിക്കുന്ന ഈ അമ്മ ആത്മാക്കളെ മകന്റെ അടുത്തേക്ക് അമ്മയുടെ ഹൃദയം വഴി അടുപ്പിക്കുന്നു. നമ്മുടെ നിയോഗങ്ങളും അപേക്ഷകളും, അമ്മയുടെ മാദ്ധ്യസ്ഥം വഴി സ്വർഗ്ഗത്തിലേക്കു പ്രത്യേക പരിഗണനയക്ക് എത്തുന്നു. അമ്മയുടെ മാദ്ധ്യസ്ഥശക്തി വലുതാകയാൽ അവ കേൾക്കപ്പെടാതെ ഇരിക്കുകയില്ല. അവ നിരസിക്കപ്പെടുകയുമില്ല. അമ്മ നിരന്തരം നമുക്കായി പ്രാർത്ഥിക്കുന്നതു കൊണ്ട്, നമുക്കു കൃപകൾ ലഭിച്ചുകൊണ്ടേയിരിക്കും. ഒരു ലക്ഷ്യമേ അമ്മയ്ക്കുള്ളൂ. അതു നമ്മുടെ വിശുദ്ധീകരണമാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ മാദ്ധ്യസ്ഥം ചോദിക്കാൻ നാം മടിക്കരുത്. അപേക്ഷകൾ ഉപേക്ഷിക്കുന്നവളല്ല ഈ അമ്മ. രക്ഷ ലഭിക്കാൻ അമ്മയുടെ സഹായം അഭ്യർത്ഥിച്ചാൽ മാത്രം മതി. സമർപ്പണം വഴി അമ്മ നമ്മുടെ മദ്ധ്യസ്ഥയാണ്. നമുക്കു ലഭിച്ചിരിക്കുന്ന കൃപവഴി അമ്മയുടെയും മകന്റെയും ഹൃദയങ്ങൾ നമ്മുടെ ഹൃദയത്തോടു ബന്ധിക്കപ്പെടുന്നു.

പ്രാർത്ഥന

പുത്രനായ ഈശോയിലൂടെ, പാപങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള അജയ്യശക്തിയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയമേ, അങ്ങയുടെ ശക്തിക്കുമുമ്പിൽ ആരും എതിർത്തു നില്ക്കുകയില്ലല്ലോ. കാരണം അമ്മയുടെ മകൻ അങ്ങയെ ശക്തയാക്കുന്നു. പ്രിയപ്പെട്ട അമ്മേ, പാപികളെ രക്ഷിക്കാൻ ദൈവത്തോടുചേർന്ന് അങ്ങു പ്രവർത്തിക്കുന്നുവല്ലോ. ഇപ്പോഴും എന്റെ മരണസമയത്തും എനിക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. എന്റെ അപേക്ഷകളെല്ലാം അമ്മയുടെ പാദത്തിൽ ഞാൻ വയ്ക്കുന്നു. അവയെ ഈശോയുടെ ഹൃദ യത്തിൽ സമർപ്പിക്കേണമെ. ഞാൻ ആക്രമിക്കപ്പെടുമ്പോൾ, എന്റെ സഹായത്തിനു വരണമെ. ഞാൻ നിരാശപ്പെടുമ്പോൾ എന്നെ സംരക്ഷിക്കണമെ. വേദനിക്കുന്ന എന്റെ ആത്മാവിന്റെമേൽ കരുണയായിരിക്കേണമേ. പരിശുദ്ധ കന്യകയെ, സ്വർഗ്ഗം വർഷിക്കുന്ന കൃപകൾക്കെല്ലാം മാധ്യസ്ഥേ, എന്റെ ഹൃദയത്തിൽ വാസമുറപ്പിക്കണമെ.

വചനം

“ ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തി രിക്കുന്നു. ” ( ലൂക്കാ 1:49 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: വരാനിരിക്കുന്ന നിത്യജീവിതത്തെ കുറിച്ച് സന്തോഷത്തോടെ ഓർക്കുന്നു.
  • വാക്കിൽ: “കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ് അവിടുത്തെ കാരുണ്യം അനന്തമാണ്’. (സങ്കീ 136:1) എന്ന് 5 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: പാവപ്പെട്ടവരെ/ ദുർബലരെ കൂടുതൽ സ്നേഹത്തോടെ പരിഗണിക്കും.
  • ഉപേക്ഷ വരുത്താതെ: ഇടർച്ച ഉണ്ടാക്കാത്ത വിധം ഞാൻ വസ്ത്രം ധരിക്കും

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!