പരിശുദ്ധ കന്യകാമറിയം നല്‌കുന്ന സന്ദേശം
പ്രിയമക്കളേ, നിങ്ങളുടെ വിലയേറിയ പ്രതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു. എന്റെ വിമല ഹൃദയത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എന്റെ മക്കളാകാൻ. ഭാവിയിൽ നിങ്ങളുടെ ഹൃദയങ്ങൾ എന്റെ സന്തോഷമായിരിക്കും. നിങ്ങളുടെ ഹൃദയങ്ങളുമായി ഞാൻ ഐക്യപ്പെടുമല്ലോ. ഇപ്പോൾ നിങ്ങളെ നയിക്കാനും സംരക്ഷിക്കാനുമാണ് നിങ്ങളെ എന്നോടു ചേർത്തുപിടിക്കുന്നത്. കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക ; എന്റെ ഹൃദയത്തെ സ്വീകരിക്കുക. ഞാൻ പറയുന്നത് ശ്രദ്ധിക്കുക. എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ ; നിങ്ങളെ വിശുദ്ധിയിലെത്തിക്കുക എന്നതു മാത്രം. ഒന്നു മനസ്സിലാക്കുക. സ്വർഗ്ഗത്തിനും ഒരു ആഗ്രഹമുണ്ട്. അതു നിങ്ങളുടെ വിശുദ്ധിയാണ്. നിങ്ങളുടെ ഹൃദയത്തിന്റെ തുറവിയാണ് ഞാൻ ആവശ്യപ്പെടുന്നത്. ഇതിനായി നിങ്ങൾ പ്രാർത്ഥിക്കുവിൻ. നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടും. പ്രിയപ്പെട്ട മക്കളെ, നിങ്ങളുടെ അമ്മയുടെ ചാരത്തണയുക. നിങ്ങളുടെ ആഗ്രഹങ്ങളിലും ചിന്തകളിലും എന്റെ വിജയം നിറഞ്ഞു നിൽക്കട്ടെ.
വഴികാട്ടി
ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ഒതുങ്ങിക്കൂടാൻ സർവ്വശക്തനായ പുത്രൻ തമ്പുരാൻ തിരുമനസ്സായി. മറഞ്ഞിരിക്കുന്ന ഈ സ്ഥലത്തേക്ക് പുത്രൻ തമ്പുരാൻ തന്റെ മഹത്വം കൊണ്ടുവന്നു. അങ്ങനെ പിതാവിനെ മഹത്വപ്പെടുത്തി, മറഞ്ഞിരിക്കുന്ന ഗർഭപാത്രത്തിൽ സ്വന്തം ജീവൻ ഈ ദാസിയുടെ സംരക്ഷണത്തിന് വിട്ടുകൊടുത്തു. മുപ്പതുവർഷത്തെ രഹസ്യ ജീവിതം, കുരിശിന്റെ സഹനത്തോടുചേർത്തുവച്ചു. ഈ അമ്മയാണ് ദൈവകുമാരനെ ഉദരത്തിൽ വഹിച്ചതും, വളർത്തിയതും, സഹായിച്ചതും, അതിനുശേഷം ബലിയായി നല്കിയതും. അമ്മയുടെ യാചന സ്വീകരിച്ചുകൊണ്ടാണ് കാനായിൽ തന്റെ പരസ്യജീവിതം ഈശോ ആരംഭിച്ചത്. പരിശുദ്ധാത്മാവ് ഒരു എളിയ ദാസിയുടെ ഗർഭ പാത്രമാണ് പുത്രനു വേണ്ടി ഒരുക്കിയത്. പുത്രനെ ഭൂമിയിലേക്കയക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാമായിരുന്നു. കൃപയുടെ ഈ വലിയ രഹസ്യം, വിജ്ഞാനികളിൽനിന്നും മറക്കപ്പെട്ട്, ദാസിയിൽ സംഭവിച്ചു. ഇതൊക്കെ ദൈവതിരുമനസ്സാണ്. ഇക്കാര്യത്തിൽ നമുക്കു ഇടപെടാനാവില്ല. മാതാവിന്റെ വിമല ഹൃദയത്തിലെ രക്തമാണല്ലോ ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി എടുക്കപ്പെട്ടത് ! നമ്മോടും ദൈവം ആവശ്യപ്പെടുന്നത് ഇതാണ്. നമ്മൾ ഹൃദയങ്ങൾ തുറക്കണം. ഈശോ ആത്മീയമായി നമ്മുടെ ഹൃദയത്തിൽ ജനിച്ച് നമ്മിൽ കുടികൊള്ളും.
പ്രവൃത്തിപഥം
നമ്മുടെ അമ്മയിൽ ദൈവം സൃഷ്ടിച്ചിരിക്കുന്നത് കൃപകളുടെ ഉറവയാണ്. അമ്മയുടെ ഹൃദയ അറകളിൽ നിന്നും സകല മനുഷ്യർക്കും വേണ്ടി കൃപ ഒഴുക്കാൻ ദൈവം ആഗ്രഹിക്കുന്നു. മാതാവിന്റെ ഹൃദയത്തിലൂടെ തന്നെ മഹത്വപ്പെടുത്തണമെന്നാണ് ദൈവവും ആഗ്രഹിക്കുന്നത്. മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പണം ചെയ്യാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അമ്മയാകട്ടെ, വ്യക്തിപരമായി, സ്വകാര്യമായി ഒന്നും ആശിക്കുന്നില്ല. ദൈവേഷ്ടം നിറവേറണമെന്നുമാത്രം. ദൈവവുമായി ലോകത്തെ ഒരുമിപ്പിക്കാൻ അമ്മ ആഗ്രഹിക്കുന്നു. അമ്മയുടെ ഹൃദയത്തിലൂടെ ഈശോയോടു ചേരാനും അങ്ങനെ ചേരുന്നവരെല്ലാം ഒന്നാകാനും അമ്മ ആഗ്രഹിക്കുന്നു. സമർപ്പണത്തിലൂടെയുള്ള കൂട്ടായ്മ ദൈവകൃപയുടെ പ്രവൃത്തിയായി മാത്രം അമ്മ കാണുന്നു. നമുക്കു സങ്കല്പിക്കാൻ പറ്റാത്ത ഒരു നല്ലഭാവിക്കുവേണ്ടി അമ്മയെ ദൈവം നമ്മുടെ ഇടയിലേക്ക് അയക്കുന്നു. നമ്മെ വ്യക്തിപരമായി ഉപദേശിക്കാനും ഒരു സന്ദേശം വിളംബരം ചെയ്യാനും , പിതാവിന്റെ നിർദ്ദേശപ്രകാരം അമ്മ എത്തുന്നു. ഈശോ തന്റെ അമ്മയെ നമുക്കു തന്നത് നാമും ആ മൃദുല സ്പർശം അനുഭവിക്കാനാണ്. കൂടാതെ ദൈവീക ജീവനിൽ അമ്മ , നമ്മെ കൈപിടിച്ചു നടത്താനും. അമ്മയുടെ സ്പർശനംപോലെ കുഞ്ഞിനു മറ്റൊന്നില്ലല്ലോ.
പ്രാർത്ഥന
പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയമേ, അമ്മയുടെ മഹാവിജയത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ ഞങ്ങളെ വഴി നടത്തേണമേ. അമ്മയുടെ വിമലഹൃദയത്തിന്റെ മഹാവിജയത്തിൽ മാനവരാശി മുഴുവനും നിത്യതയിൽ ഒന്നാക്കപ്പെടട്ടെ ! സ്വർഗ്ഗവാതിലിലൂടെ മകന്റെ തിരുഹൃദയത്തിലേക്കു ഞങ്ങൾ പ്രവേശിക്കട്ടെ ! പുണ്യങ്ങളാൽ അലങ്കരിക്കപ്പെട്ട ഒരു വിശുദ്ധിയുള്ള ഹൃദയം എന്നിൽ നിർമ്മിക്കണമേ. പരീക്ഷകളിൽ എന്നെ ശക്തിപ്പെടുത്തുക ; എന്റെ ആത്മാവ് അങ്ങയുടെ ഊഷ്മളത അനുഭവിക്കട്ടെ. സന്തോഷത്തിന്റെ വരുംകാലത്ത് നമ്മുടെ പുഞ്ചിരി ഒന്നാകട്ടെ ! അമ്മേ, എന്റെ ഹൃദയം എടുത്തു അമ്മയുടേതാക്കണമേ .
വചനം
“ ആകയാൽ , മക്കളേ , എന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ ; എന്റെ മാർഗ്ഗങ്ങൾ പിന്തുടരുന്നവർ ഭാഗ്യവാന്മാരാണ് . ‘ ‘ ( സുഭാ . 8:32 )
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: എനിക്കും ഒരു വിശുദ്ധൻ/ വിശുദ്ധ ആകണമെന്ന് ആഗ്രഹിക്കുന്നു.
- വാക്കിൽ: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’. (മത്തായി 5:8) എന്ന് 5 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: ജീവിത വിശുദ്ധിക്ക് വേണ്ടി എന്റെ കണ്ണും നാവും നിയന്ത്രിക്കും.
- ഉപേക്ഷ വരുത്താതെ: ഞാൻ എന്നെ പുകഴ്ത്തി സംസാരിക്കുകയില്ല
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
