വിമലഹൃദയ പ്രതിഷ്ഠ – പതിനൊന്നാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ആത്മാക്കളിലേക്ക് അസാധാരണമായ കൃപകൾ വർഷിക്കപ്പെടാൻ പോകുന്നു. ആ സമയത്തെ പറ്റി മാത്രം നിങ്ങൾ ചിന്തിക്കുവിൻ. മംഗളവാർത്തയുടെ തിരുനാളിനു സമാനമായി വിശേഷാവസരങ്ങളിൽ, പിതാവിന്റെ കൃപകൾ മഴ പോലെ സ്വർഗ്ഗത്തിൽ നിന്നും വർഷിക്കപ്പെടും. എന്റെ അജഗണത്തെയും തെരഞ്ഞെടുക്കപ്പെട്ട ഇടയന്മാരേയും ഞാൻ ഒരുമിച്ചു ചേർക്കാൻ പോകുന്നു. നിങ്ങളിൽ ഹൃദയഐക്യം ഉണ്ടാകട്ടെ, എന്റെ ഹൃദയത്തിന്റെ വിജയത്തിനായിത്തന്നെ. പ്രിയ മക്കളെഅറിയുക ; നിങ്ങളിലാണ് എന്റെ വിശ്വാസം വച്ചിരിക്കുന്നത്. എന്റെ ഹൃദയം ഞാൻ നിങ്ങൾക്ക് തരുന്നു. മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനുള്ള കൃപ നിങ്ങളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു.

എന്റെ മകന്റെ പ്രതിപുരുഷനുവേണ്ടി ശക്തമായി പ്രാർത്ഥിക്കുക. നിങ്ങൾക്കു ഹൃദയഐക്യം ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ ദുരിതങ്ങളേയും സന്തോഷങ്ങളേയും ഒരു ബലിയായി സമർപ്പിക്കുക. നിങ്ങളുടെ സമർപ്പണത്തിന്റെ വിജയത്തിനായി നിങ്ങളെത്തന്നെ പുണ്യം കൊണ്ടു നിറയ്ക്കുവിൻ. മറ്റുള്ളവർക്കു നിങ്ങളെക്കാൾ മുൻഗണന നല്കുവിൻ. സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളുടെ ആത്മാവിന്റെ ഉള്ളിലുള്ളവ തിരിച്ചറിയുന്നു. നിങ്ങൾ കൊടുക്കുന്ന സ്നേഹവും കരുണയും പിതാവ് നിങ്ങൾക്ക് തിരികെ നല്കും. അതു പിതാവിന്റെ സ്നേഹവും കരുണയുമായിരിക്കും. നീതി അർഹിക്കുന്നിടത്ത് നീതി പിതാവ് നല്കും.

എന്റെ സമർപ്പിതരുടെ വ്യൂഹങ്ങളെ, ഒത്തുചേരുവിൻ. നമ്മുടെ മുമ്പിൽ ഒരു യുദ്ധം ഉണ്ട്. യുദ്ധം തുടങ്ങാൻ കുറഞ്ഞ സമയം മാത്രം ബാക്കിയുള്ളൂ. പ്രിയമുള്ളവരേ, ഞാൻ നിങ്ങളുടെ അമ്മയല്ലേ ? നിങ്ങൾ എന്റെ കുഞ്ഞുങ്ങളായിരിക്കുക. നിങ്ങളുടെ ഹൃദയങ്ങൾ എനിക്കു തരിക. എന്റെതു ഞാൻ നിങ്ങൾക്കു നല്കിക്കഴിഞ്ഞല്ലോ. നിങ്ങളെ തന്നെ എനിക്കു പൂർണ്ണമായും തരിക. ദൈവത്തിന്റെ പദ്ധതിയനുസരിച്ച് നിങ്ങളെ ഞാൻ രൂപപ്പെടുത്താം.

വഴികാട്ടി

കൃപയുടെ ശക്തികൊണ്ട് നമ്മുടെ ആത്മാക്കൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴാണ് മാതാവ് പറയുന്ന ആ സമയം – ഹൃദയങ്ങൾ മാറ്റപ്പെടുന്ന സമയം. സമർപ്പണം പൂർണ്ണമായി നടക്കുമ്പോൾ, ആത്മാവ് രൂപാന്തരപ്പെടുകതന്നെ ചെയ്യും. സമർപ്പണത്തിൽ ജീവിതം രൂപാന്തരപ്പെട്ടു എന്നത് വ്യക്തമാക്കുന്ന യഥാർത്ഥ മാറ്റം കാണാൻ സാധിക്കും. സമർപ്പണസമയത്തു വർഷിക്കപ്പെടുന്ന ശക്തിയും കൃപയും അത്ര അധികമാകയാൽ ഈ മാറ്റം വലുതായിരിക്കും; അനുഭവവേദ്യവുമായിരിക്കും. സ്വർഗ്ഗീയതലത്തിലാണ് പരമപിതാവ് മാറ്റങ്ങൾ സംഭവിപ്പിക്കുന്നത്. സമർപ്പണം ആഗ്രഹിക്കുന്നത് പിതാവു തന്നെയാണ് ; പൂർത്തിയാക്കുന്നതും പിതാവുതന്നെ.

പ്രവൃത്തിപഥം

ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം, ആത്മാവിനെ ദൈവസാന്നിധ്യത്തിൽ നിലനിർത്തുകയാണ്. ഇതിന്റെ ഫലങ്ങൾ മൂന്നാണ്. 1 ) പാപം ചെയ്യാതിരിക്കുക 2 ) പുണ്യം അഭ്യസിക്കുക 3 ) ദൈവവുമായി ഒന്നായിച്ചേരുക. ദൈവസാന്നിധ്യം ഇവ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതു സംഭവിക്കുന്നത് വിശുദ്ധമായ സ്നേഹത്താൽ തന്നെയാണ്. ഓരോ നിമിഷവും ദൈവം നമ്മെ ഉറ്റുനോക്കുന്നു എന്ന അവബോധം മതി, പരീക്ഷയിൽ വീഴാതിരിക്കാനും പാപം ചെയ്യാതിരിക്കാനും. ദൈവം നമ്മുടെ ചിന്തകൾ മനസ്സിലാക്കുന്നു ; നമ്മുടെ വാക്കുകളെല്ലാം ദൈവം കേൾക്കുന്നു. നമ്മുടെ പ്രവൃത്തികൾ ദൈവം കാണുന്നു. ദൈവസാന്നിധ്യത്തിൽ ജീവിക്കുന്ന ആത്മാവ് മറ്റുള്ളവരെ പ്രീതിപ്പെടുത്താനല്ല, ദൈവത്തെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. അപ്പോൾ ആത്മാവിൽ പുണ്യങ്ങൾ മുളപൊട്ടി വളരും. ദൈവൈക്യം വഴി ആത്മാവ് കൃപയിൽ വളർന്നുകൊണ്ടേയിരിക്കും. ഇതിനു കാരണം ഒരു സനാതന തത്വമാണ്. പരസ്പരം സ്നേഹിക്കുന്നവർ അടുത്തിരുന്നാൽ സ്നേഹം വളരും. നിങ്ങളുടെ സമർപ്പണം വഴി ഈ മൂന്നു കൃപകളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളായി നിങ്ങളിലെത്തും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, ശിഷ്ട ജീവിതം മുഴുവനും അമ്മയെ സ്നേഹിക്കാനുള്ള വരം തരണമേ. ഞാൻ എന്നും, മുഴുവനായും അമ്മയുടേതായിരിക്കട്ടെ ! എന്റെ ഹൃദയത്തെ അമ്മയുടെ പുത്രന്റെ സാന്നിധ്യത്തിലേക്ക് കൊണ്ടുപോകണമേ. അങ്ങനെ എന്റെ സ്നേഹത്തിന്റെ ജ്വാല ശക്തിപ്പെടട്ടെ ! പുണ്യസമ്പാദനത്തിൽ എന്നെ സഹായിക്കേണമേ. ഞാൻവഴി ലോകത്തിന് അമ്മയുടെ സാന്നിധ്യം നൽകാൻ തക്കവിധം ശക്തിയും ധൈര്യവും എന്റെ ഹൃദയത്തിനു നല്കണമേ. അങ്ങയുടെ വിജയത്തിന്റെ പോരാളിയാകുവാൻ വേണ്ട ശക്തി എന്റെ ആത്മാവിനു നല്കണമേ. അങ്ങയുടെ മറ്റു സമർപ്പിതർക്കൊപ്പം ഈ ലോകത്തിനു കൃപ ലഭിക്കട്ടെ ! സമർപ്പണ സമയത്ത് പരിശുദ്ധാത്മാവ് നല്കുന്ന ഈ കൃപയ്ക്കായി ഞാൻ ദാഹിക്കുന്നു.

വചനം

“ വിജനവും വരണ്ടപ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്വവും കാർമെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിന്റെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം, ദർശിക്കും. ‘ ‘ ( ഏശയ്യാ 35 : 1-2 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ വൈദികരിലൂടെ ഈശോയാണ് വി. കുർബാന അർപ്പിക്കുന്നത് എന്ന് ഞാൻ ഓർക്കുന്നു.
  • വാക്കിൽ: ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്കയും ചെയ്യുന്നവനു നിത്യജീവനുണ്ട്’. (യോഹ 6:54) എന്ന് 5 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: എന്റെ സഹനങ്ങൾ പിറുപിറുക്കാതെ സ്വീകരിക്കും. ഉപേക്ഷ വരുത്താതെ എതിർത്തു സംസാരിക്കാൻ തോന്നുമ്പോൾ മൗനം പാലിക്കും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!