വിമലഹൃദയം അഭയകേന്ദ്രം

‘അമ്മ  ഫാത്തിമയിൽ മൂന്നു ഇടയക്കുട്ടികൾക്ക്  പ്രത്യക്ഷപ്പെട്ടു   സന്ദേശങ്ങൾ നൽകിയിട്ട് ഒരു നൂറ്റാണ്ടു  പിന്നിട്ടുകഴിഞ്ഞു.  ഫാത്തിമയിലേക്ക് വീണ്ടും   തിരിഞ്ഞുനോക്കേണ്ട സമയമാണിത്.  ‘അമ്മ അവിടെ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നും അതു  നമ്മൾ ചെയ്യുന്നുണ്ടോ എന്നും ആത്മശോധന ചെയ്യേണ്ട സമയം. ഫാത്തിമയ്ക്കുശേഷം  വീണ്ടും പലയിടങ്ങളിലും  പ്രത്യക്ഷപ്പെട്ട ‘അമ്മ അവിടെയെല്ലാം  പറഞ്ഞത്  അഗാധമായ ഒരു മാനസാന്തരത്തിലേക്കു വരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചായിരുന്നു. പ്രാർത്ഥന, പ്രായശ്ചിത്തം, പരിത്യാഗം  എന്നിവയുടെ പ്രാധാന്യം  മാതാവു  പ്രത്യക്ഷപ്പെട്ടയിടങ്ങളിലെല്ലാം ആവർത്തിച്ചു പറഞ്ഞ സന്ദേശമാണ്. 

ഫാത്തിമയിൽ മാതാവിൻറെ പ്രത്യക്ഷീകരണത്തിനു മുൻപു തന്നെ  അതിനു വഴിയൊരുക്കാനായി  ഒരു മാലാഖ  പ്രത്യക്ഷപ്പെടുകയും  ലൂസിയെയും ഫ്രാൻസിസ്‌കോയെയും ജെസീന്തയെയും പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നു  പഠിപ്പിക്കുകയും  ചെയ്തിരുന്നു. ദൈവത്തിനെതിരെ ചെയ്യുന്ന  പാപങ്ങൾക്കു  പരിഹാരം ചെയ്തുകൊണ്ടു    പ്രാർത്ഥിക്കേണ്ടതിൻറെ പ്രാധാന്യവും പറഞ്ഞുകൊടുത്ത  മാലാഖ ആ കുഞ്ഞുങ്ങളെ വിശിഷ്ടമായ ഒരു പ്രാർത്ഥന പഠിപ്പിക്കുകയും ചെയ്തു.   

‘ഓ എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുകയും  ആരാധിക്കുകയും വിശ്വസിക്കുകയും അങ്ങയിൽ ശരണപ്പെടുകയും ചെയ്യുന്നു.  അങ്ങയെ   സ്നേഹിക്കുകയോ ആരാധിക്കുകയോ വിശ്വസിക്കുകയോ അങ്ങയിൽ ശരണപ്പെടുകയോ ചെയ്യാത്തവർക്കുവേണ്ടി  ഞാൻ  അങ്ങയോടു മാപ്പു ചോദിക്കുന്നു’.

മാലാഖ ഈ പ്രാർത്ഥന  മൂന്നുപ്രാവശ്യം ചൊല്ലി എന്നും  മൂന്നുതവണയും അത് മുട്ടുകുത്തി തലകുമ്പിട്ടു   നെറ്റി  നിലത്തുമുട്ടിച്ചുകൊണ്ട്  അത്യാദര പൂർവമാണു  ചൊല്ലിയത്  എന്നും ലൂസിയ തൻറെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

ജപമാലയുടെ ഓരോ ദശകങ്ങളുടെയും ഇടയിൽ ചൊല്ലുന്ന ‘ ഓ എൻറെ ഈശോയെ….’ എന്ന പ്രാർത്ഥനയും ലോകമെങ്ങുമുള്ള സക്രാരികളിൽ സന്നിഹിതമായിരിക്കുന്ന ഈശോയുടെ തിരുശരീരം  ദൈവത്തിനെതിരെ  ചെയ്യപ്പെടുന്ന പാപങ്ങൾക്ക് പരിഹാരമായി  സമർപ്പിച്ചുകൊണ്ടു  പാപികളുടെ  മനസാന്തരത്തിനായി  ചൊല്ലുന്ന പ്രാർത്ഥനയും അടക്കം  അഞ്ചു പ്രാർത്ഥനകൾ  ഫാത്തിമ ദർശനങ്ങളിലൂടെ നമുക്ക് നല്കപ്പെട്ടിട്ടുണ്ട്

1917  മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു   നൽകിയ ദർശനങ്ങളിലൂടെ പരിശുദ്ധ ‘അമ്മ  കുഞ്ഞുങ്ങളോടു  പറഞ്ഞതു  സമാധാനം സ്ഥാപിക്കപ്പെടാനായി  ജപമാല ചൊല്ലണമെന്നും തൻറെ  വിമലഹൃദയത്തോടു  മനുഷ്യർ ചെയ്യുന്ന  നിന്ദാപമാനങ്ങൾക്കു പരിഹാരമായി  ലോകമെങ്ങും വിമലഹൃദയഭക്തി പ്രചരിപ്പിക്കണം എന്നുമാണ്. മുള്ളുകളാൽ ചുറ്റപ്പെട്ട തൻറെ ഹൃദയം  കാണിച്ചുകൊടുത്തുകൊണ്ട്,   തന്നെ ആശ്വസിപ്പിക്കണമെന്നും  അമ്മ  കുഞ്ഞുങ്ങളോട് ആവശ്യപ്പെട്ടു.

നരകത്തിൻറെ ഒരു ദർശനവും ഫാത്തിമയിലെ ദർശകർക്കു   നൽകുക യുണ്ടായി. അതിനുശേഷം ‘അമ്മ ഇപ്രകാരം  പറഞ്ഞു. ‘ നിർഭാഗ്യപാപികൾ എത്തിച്ചേരുന്ന നരകം    നിങ്ങൾ കണ്ടുകഴിഞ്ഞു. അവരെ രക്ഷിക്കാനായി  എൻറെ അമലോത്ഭവഹൃദയത്തോടുള്ള  ഭക്തി ലോകമെങ്ങും  പ്രചരിപ്പിക്ക പ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ അനേകം ആത്മാക്കൾ രക്ഷപ്പെടുകയും   സമാധാനം  സ്ഥാപിക്കപ്പെടുകയും  ചെയ്യും’.

മനുഷ്യർ  തങ്ങളുടെ പാപങ്ങളിൽ നിന്നു  പിന്തിരിഞ്ഞില്ലെങ്കിൽ  യുദ്ധത്തിൻറെയും  ക്ഷാമത്തിൻറെയും സഭാപീഡനത്തിൻറെയും  രൂപത്തിൽ  ദൈവം  ശിക്ഷകൾ അനുവദിക്കും  എന്നു പറഞ്ഞ അമ്മ  റഷ്യയെ പ്രത്യേകമായി  തൻറെ അമലോത്ഭവഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടതിൻറെ ആവശ്യകത എടുത്തുപറഞ്ഞു. അങ്ങനെ ചെയ്യാത്ത പക്ഷം റഷ്യ തൻറെ തെറ്റുകൾ ലോകമെങ്ങും പരത്തുമെന്നും  യുദ്ധവും പീഡനങ്ങളും വർധിക്കുമെന്നും  പരിശുദ്ധപിതാവിനു വളരെയേറെ സഹിക്കേണ്ടിവരുമെന്നും അനേകം നിഷ്കളങ്കർ രക്തസാക്ഷികളാകുമെന്നും  പല രാജ്യങ്ങളും ഇല്ലാതാകുമെന്നും  പരിശുദ്ധ ‘അമ്മ വെളിപ്പെടുത്തി.

ഓരോരുത്തരും   വ്യക്തിപരമായി തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും മാതാവിൻറെ  വിമലഹൃദയത്തിനു പ്രതിഷ്ഠിക്കണമെന്നു നിർദേശിച്ച   മാതാവ് ആദ്യശനിയാഴ്ച ആചരിക്കേണ്ടതിൻറെ പ്രാധാന്യവും  വെളിപ്പെടുത്തി ക്കൊടുത്തു. 

‘എൻറെ വിമലഹൃദയം നിങ്ങളുടെ അഭയസ്ഥാനമായിരിക്കും. നിങ്ങളെ ദൈവത്തിലേക്കു നയിക്കുന്ന വഴിയും എൻറെ വിമലഹൃദയം തന്നെയായിരിക്കും’.  ഇങ്ങനെ പറഞ്ഞുകൊണ്ട്  ‘അമ്മ വിമലഹൃദയ പ്രതിഷ്ഠയുടെ പ്രാധാന്യം എടുത്തുപറയുകയാണ് ചെയ്യുന്നത്.

എന്താണ് വിമലഹൃദയപ്രതിഷ്ഠ? പ്രതിഷ്‌ഠ നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ   എന്തൊക്കെയാണ്?  1989  ജൂൺ മൂന്നാം തിയതി  മാതാവിൻറെ  വിമലഹൃദയത്തിൻറെ  തിരുനാൾ  ദിവസം  പരിശുദ്ധ ‘അമ്മ  ഫാ. സ്റ്റെഫാനോ ഗോബിയ്ക്ക് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തു. “സഭയും  മനുഷ്യരാശിയും  എൻറെ  വിമലഹൃദയത്തെ മഹത്വീകരിക്കുന്ന സമയം സമാഗതമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ  വിശ്വാസനിഷേധത്തിൻറെയും വിശുദ്ധീകരണ ത്തിൻറെയും ദുരന്തങ്ങളുടെയും ഈ കാലങ്ങളിൽ രക്ഷയുടെയും സമാധാനത്തിൻറെയുമായ  ദൈവസന്നിധിയിലേക്കു നയിക്കുന്ന ഒരേ ഒരു സങ്കേതവും  വഴിയും എൻറെ വിമലഹൃദയം മാത്രമാകുന്നു. സർവോപരി, ഭീകരനായ ചുവന്ന സർപ്പത്തിൻറെ  അനുയായികളും സൂര്യനാകുന്ന ഉടയാട ധരിച്ച സ്ത്രീയുടെ മക്കളും തന്നിലുള്ള ഘോരയുദ്ധത്തിൽ എൻറെ  വിമലഹൃദയമാണു  സുനിശ്ചിതമായ എൻറെ വിജയത്തിൻറെ  അടയാളമായി കാണപ്പെടുന്നത്’ ( ‘നമ്മുടെ  ദിവ്യനാഥ വൈദികരോടു  സംസാരിക്കുന്നു’ എന്ന ഗ്രന്ഥത്തിൽ നിന്ന്).

നമ്മുടെ  കർത്താവിൻറെ മഹത്വപൂർണ്ണമായ ദ്വിതീയാഗമനത്തിനു മുൻപുള്ള നാളുകളെക്കുറിച്ചാണ് ‘അമ്മ നമുക്കു  മുന്നറിയിപ്പു തരുന്നത്. അപ്പോൾ  ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താൻറെ സൈന്യത്തെ നേരിടാൻ  വെളിപാടിലെ  കന്യകയുടെ –  സൂര്യനെ ഉടയാടയാക്കിയ സ്ത്രീയുടെ –  മക്കൾക്കു  മാത്രമേ കഴിയുകയുള്ളൂ. അതിനുള്ള വഴിയാണു  നമ്മെത്തന്നെ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുക എന്നത്. 

ശാഠ്യപൂർവമുള്ള ദൈവനിഷേധത്തിൻറെയും  പരസ്യമായ പാപത്തിൻറെ  ആഘോഷങ്ങളുടെയും  ഈ നാളുകളിൽ  സാത്താനും അവൻറെ കല്പനയ്ക്കനുസരിച്ചു  നീങ്ങുന്ന ലോകവും വച്ചുനീട്ടുന്ന പ്രലോഭനങ്ങളിലും   കെണികളിലും വീഴാതെ  മുന്നോട്ടുപോകണമെങ്കിൽ  ആത്മാവിൽ ദൈവത്തിൻറെ പ്രകാശം നിറയണം.  ഈ നാളുകളിൽ അതിനുള്ള  വഴി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിക്കുകയാണ്.  1989 ലെ   യേശുവിൻറെ സമർപ്പണ തിരുനാൾ ദിവസം (ഫെബ്രുവരി 2)  ‘അമ്മ ഫാ. സ്റ്റെഫാനോ  ഗോബിയ്ക്കു  കൊടുത്ത സന്ദേശം  ഇപ്രകാരമായിരുന്നു. 

” മഹാദുരിതങ്ങളുടെ അന്ധകാരാവൃതമായ ഈ കാലയളവിൽ പുത്രസഹജമായ ആത്മസമർപ്പണത്തോടും അഗാധമായ അനുസരണത്തോടുംകൂടെ  നിങ്ങളെത്തന്നെ എൻറെ കരങ്ങളിൽ സംവഹിക്കപ്പെടുന്നതിനു   നിങ്ങൾ സമ്മതിക്കുന്നില്ലെങ്കിൽ എൻറെ ശത്രു നിങ്ങളുടെ മുൻപിൽ വയ്ക്കുന്ന  കാപട്യം നിറഞ്ഞ കെണികളിൽ നിന്നു  രക്ഷപ്പെടുക ശ്രമകരമായിരിക്കും. അവൻറെ ഈ വശീകരണ തന്ത്രങ്ങളിൽ നിന്ന് ആർക്കും രക്ഷപെടാൻ സാധ്യമാകാത്തവണ്ണം  അത്രയ്ക്ക്  ആപൽക്കരവും കുടിലത നിറഞ്ഞതുമായിത്തീർന്നിട്ടുണ്ട്, നിങ്ങളെ യേശുവിൽ നിന്നും എന്നിൽ നിന്നുമകറ്റുവാനായി  ഈ ശത്രു നിങ്ങളുടെ മുൻപിൽ വയ്ക്കുന്ന വശീകരണം. അതിൽ വഴുതിവീഴാൻ ഇടയാകത്തക്ക വണ്ണം അത് അത്രയ്ക്ക് അപകടപൂർണ്ണമാണ്.

ഈ കെണിയിൽ  എല്ലാവരും  വീഴാനുള്ള സാധ്യതയുണ്ട്.  വൈദികരും മെത്രാന്മാർ പോലും ഇതിൽ  നിപതിക്കാവുന്നതാണ്.  വിശ്വാസികളും ദൈവത്തിനായി സമർപ്പിക്കപ്പെട്ടവരും ഇതിൽ വീണുപോകാനിടയുണ്ട്.  പണ്ഡിതരും പാമരരും ഈ വലയിൽ  അകപ്പെട്ടുപോയേക്കാം. ശിഷ്യന്മാരും ഗുരുക്കന്മാരും ഈ ദുരന്തത്തിൽ അകപ്പെട്ടെന്നുവരും.

ഈ വിപത്തിൽ വീഴാത്തവർ ഇനി പറയുന്നവരാണ്. ശിശുക്കളും  എൻറെ വിമലഹൃദയത്തിനു സ്വയം സമർപ്പിക്കുകയും തങ്ങളെത്തന്നെ  എൻറെ  കരങ്ങളാൽ സംവഹിക്കപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നവരും മാത്രം.  ഇക്കാലയളവിലെന്നപോലെ ഈ ചെറിയ അജഗണം, മാർഗഭ്രംശത്തിൻറെ ഈ ദശാസന്ധിയിൽ യേശുവിനോടും അവിടുത്തെ സുവിശേഷത്തോടും വിശ്വസ്തത  പുലർത്തുമെന്നു   സഭയ്ക്കും ലോകത്തിനും കൂടുതൽ വ്യക്തമാകുന്നതാണ്. അവർ എൻറെ വിമലഹൃദയമാകുന്ന രക്ഷാസങ്കേതത്തിനുള്ളിൽ പൂർണ്ണമായി സുരക്ഷിതരായിരിക്കും”.

 ഫാത്തിമയിലെ  പ്രവചനങ്ങൾ  നിറവേറുന്ന   നാളുകളിലാണു   നാം ജീവിക്കുന്നത്. സ്വർഗത്തിലേക്കുള്ള വഴി കൂടുതൽ ഇടുങ്ങിയതും  ദുഷ്കരവുമായിക്കൊണ്ടിരിക്കുന്ന നാളുകൾ തന്നെ. ഇവിടെ രണ്ടുവഴികൾ മാത്രം നമുക്കു  മുൻപിൽ അവശേഷിക്കുന്നു. ഒന്ന് അതിവിശുദ്ധരാവുക.  പാപത്തിൻറെ കണികപോലും നമ്മെ  സ്പർശിക്കാൻ  അനുവദിക്കാതെ യേശുവിനോടുകൂടെ,  യേശുവിൽത്തന്നെ ഓരോ നിമിഷവും  ജീവിക്കുക. അത് എത്ര പേർക്കു  സാധിക്കും?  രണ്ടാമത്തെ വഴി മാതാവിൻറെ വിമലഹൃദയ ത്തിലൂടെ   ഈശോയുടെ അടുത്തെത്തുക എന്നതാണ്. അത് ആർക്കും    സാധിക്കുന്ന  കാര്യമാണുതാനും. 

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത്  ഇപ്രകാരമാണ്.  “പരിശുദ്ധാത്മാവിനോടു  സഹകരിച്ചുകൊണ്ടു  മറിയം  ഇതുവരെ ഉണ്ടായിട്ടില്ലാത്തതും  ഇനി  ഉണ്ടാകുകയില്ലാത്തതുമായ  മഹത്തമമായ ഒന്നിനെ ഉത്പാദിപ്പിച്ചു – ദൈവമനുഷ്യനെ!  യുഗാന്ത്യത്തിലും ഉത്കൃഷ്ടരായ വിശുദ്ധരെ അവൾ തന്നെയാണു  ജനിപ്പിക്കേണ്ടത്. ലോകാവസാനത്തിൽ  ഉണ്ടാകാനി രിക്കുന്ന  എല്ലാ മഹാവിശുദ്ധരുടെയും ശിക്ഷണവും  രൂപവൽക്കരണവും  സർവശക്തൻ അവൾക്കായി മാറ്റിവച്ചിരിക്കുകയാണ്’  (യഥാർത്ഥ മരിയഭക്തി – നമ്പർ 35 ).  ഇതെഴുതിയ ലൂയിസ്  മോൺഫോർട്ടിൻറെ മരണത്തിനു മൂന്നു നൂറ്റാണ്ടുകൾക്കുശേഷം  ഫാത്തിമയിലേ ദർശകർക്ക് ‘അമ്മ   യുഗാന്ത്യത്തെ ക്കുറിച്ചുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തു.  പിന്നെയും എഴുപത്തിയേഴു വർഷങ്ങൾ  കഴിഞ്ഞപ്പോൾ  അതേ  കാര്യം തന്നെ മാതാവ് ഫാ. സ്റ്റെഫാനോ ഗോബിയെ ഓർമ്മിപ്പിക്കുന്നത് ശ്രദ്ധിക്കുക.

‘ ഫാത്തിമയിലെ മൂന്നു കുട്ടികൾക്ക് ഞാൻ ദർശനം നൽകിയപ്പോൾ വെളിപ്പെടുത്തിയതും നാളിതുവരെ നിങ്ങൾക്കു  നിഗൂഢമായിരിക്കുന്നതുമായ മൂന്നാമത്തെ രഹസ്യം ഇനി  നടക്കാനിരിക്കുന്ന സംഭവങ്ങൾ വഴി  എല്ലാവർക്കും ബോധ്യമാകും.  ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വലിയ  (ശീശ്മ)  വിനാഴിക എപ്പോഴായിരിക്കുമെന്നു  സഭ മനസിലാക്കും.  തിന്മയുടെ മനുഷ്യൻ ദൈവത്തിൻറെ ആരാധനാലയത്തിലെ  ശ്രീകോവിലിനുള്ളിൽ  തന്നെ നുഴഞ്ഞുകയറുമ്പോൾ വിശ്വാസികളുടെ സമൂഹത്തിൽ  അവശേഷിക്കുന്ന ചെറിയ സംഘമാളുകൾ  ഏറ്റവും ബീഭത്സമായ പരീക്ഷണങ്ങൾക്കും ഞെരുക്കങ്ങൾക്കും വിധേയരാകുന്നതു  ലോകം കാണുകയും ചെയ്യും’.

അതേ, നാം  വെളിപാടു  ഗ്രന്ഥത്തിൽ  പ്രവചിക്കപ്പെട്ടിട്ടുള്ളതും  പരിശുദ്ധ അമ്മ തൻറെ ഒരോ പ്രത്യക്ഷീകരണത്തിലും  പരാമർശിച്ചിട്ടുള്ളതുമായ  വലിയ വിശ്വാസത്യാഗത്തിൻറെ നാളുകളിലേക്കു  പ്രവേശിച്ചുകഴിഞ്ഞു.  അതാകട്ടെ നമ്മുടെ കർത്താവിൻറെ   ദ്വിതീയാഗമനത്തിൻറെ മുന്നോടിയായി പ്രവചിക്കപ്പെട്ടിരിക്കുന്നതുമാണ്.  കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

ഇതാണു  മറിയത്തിൻറെ സൈന്യത്തിൽ ചേരാനുള്ള സമയം. ഇതാണ്  അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടാനുള്ള അന്തിമനിമിഷങ്ങൾ. മടങ്ങിവരുന്ന   ക്രിസ്തുവിനെ ആത്മവിശ്വാസത്തോടെ    എതിരേൽക്കാൻ ഇതിനേക്കാൾ നല്ലൊരു വഴി നിർദേശിക്കാനില്ല.  വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻറെ വാക്കുകൾ തന്നെ  ഉദ്ധരിക്കട്ടെ.

‘ക്രിസ്തുനാഥൻറെ പക്കലേക്കു പോകുവാൻ നിങ്ങൾ ഒരു  പുതിയ മാർഗം തുറന്നു എന്നിരിക്കട്ടെ. വിശുദ്ധരുടെ എല്ലാ യോഗ്യതകളും നിരത്തിയതും,  വീരോചിതമായ   സുകൃതങ്ങളാൽ  അലംകൃതവും, മാലാഖമാരുടെ പ്രഭ കൊണ്ടു  ശോഭനവും സൗന്ദര്യംകൊണ്ടു   രമ്യവുമായ ഒരു പാത. അതിലൂടെ  സഞ്ചരിക്കുന്നവരെ  രക്ഷിക്കുവാനും താങ്ങുവാനും അകമ്പടി സേവിക്കുവാനും എല്ലാ മാലാഖമാരും പുണ്യവാന്മാരും ആ വഴിയിലുണ്ടെന്നും   കരുതുക.  ഞാൻ ആയിരം പ്രാവശ്യം  ആണയിട്ടു തറപ്പിച്ചു പറയുന്നു, അത്ര ഉത്തമമായ ആ മാർഗം  ഉപേക്ഷിച്ച്,  മറിയത്തിൻറെ വിമല (ഹൃദയ) മാർഗമേ ഞാൻ തെരഞ്ഞെടുക്കൂ’ ( യഥാർത്ഥ മരിയ ഭക്തി – നമ്പർ 158).

നമ്മുടെ കർത്താവിൻറെ രണ്ടാം വരവിനായി നാം ആത്മീയമായി ഏറ്റവുമധികം ഒരുങ്ങിയിരിക്കേണ്ട  ഈ നാളുകളിൽ  നമ്മെയോരോരു ത്തരെയും നമ്മുടെ  പ്രിയപ്പെട്ടവരെയും ഇടവകയേയും സഭയെയും  ദേശത്തെയും  രാജ്യത്തെയും   ലോകത്തെ മുഴുവനും  തന്നെ പരിശുദ്ധ  അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കാം.   അതിനേക്കാൾ വലിയൊരു സംരക്ഷണം   ഇനി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കാരണം നാം ജീവിക്കുന്നത്  ചരിത്രത്തിൻറെ അവസാന നാളുകളിലാണ്. അവിടെ നടക്കാനിരിക്കുന്ന  – നടന്നുകൊണ്ടിരിക്കുന്ന- ഒരേയൊരു യുദ്ധം  സാത്താൻറെ അനുയായികളും മറിയത്തിൻറെ മക്കളും  തമ്മിലുള്ള യുദ്ധമാണ്. നാം കാണുന്ന മറ്റെല്ലാം അതിൻറെ  വകഭേദങ്ങൾ മാത്രം.

മുപ്പത്തിമൂന്നു ദിവസം  ഒരുങ്ങി  വിമലഹൃദയപ്രതിഷ്ഠ  നടത്താൻ നേരത്തെ സൂചിപ്പിച്ച ‘യഥാർത്ഥ മരിയ ഭക്തി’ എന്ന ഗ്രന്ഥം  സഹായിക്കും. കുറച്ചുകൂടി ലളിതമായ പ്രതിഷ്ടാ പുസ്തകങ്ങളും  മലയാളത്തിൽ ലഭ്യമാണ്.  വെളിപാടിലെ കന്യകയും ഫാത്തിമ നാഥയും  വിമലഹൃദയത്തിൻറെ ‘അമ്മയുമായ പരിശുദ്ധ കന്യകാമറിയം നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.