അപ്പസ്തോലൻമാരുടെ അപ്പസ്തോല-16

‘തന്നെ കാത്തിരിക്കുന്നവർക്കും  തന്നെ തേടുന്നവർക്കും   കർത്താവു നല്ലവനാണ്’ ( വിലാ. 3:25)

സാബത്തിലെ വിശ്രമം കഴിഞ്ഞു.    വിലാപത്തിൻറെയും  എന്നാൽ അതേ  സമയം പ്രത്യാശയുടെയും  സാബത്തായിരുന്നു അത്.  തലേരാത്രിയിൽ ഉറക്കമിളച്ചിരുന്നു  തയ്യാർ ചെയ്ത സുഗന്ധക്കൂട്ടുകളുമായി നേരം വെളുക്കുന്നതിനു മുൻപുതന്നെ മറിയം  കല്ലറ ലക്ഷ്യമാക്കി നടന്നു. യോഹന്നാനും പത്രോസും  മറ്റു ശിഷ്യന്മാരും സെഹിയോൻ മാളികമുറിയിൽത്തന്നെയായിരുന്നു. ആരെങ്കിലും തങ്ങളെ കാണുമെന്നും പട്ടാളക്കാർ  വഴിയിൽ  തടയുമെന്നുമൊക്കെയുള്ള  ഭയം മറിയത്തിൻറെ  കൂടെയുള്ള സ്ത്രീകൾക്കെല്ലാം  ഉണ്ടായിരുന്നു.  യഹൂദപ്രമാണികൾ കല്ലറയ്ക്കു കാവൽ നിർത്തിയ  കാര്യം അവർക്കും  അറിവുള്ളതാണല്ലോ.  അവരുടെ പരിഭ്രമം  മനസിലാക്കിയ മറിയം തനിയെ  പോകാൻ തീരുമാനിച്ചു. അവൾ പറഞ്ഞു; ”  ഞാൻ തനിയെ പോയിട്ടു വരാം. എന്തെങ്കിലും പ്രശ്ശങ്ങളുണ്ടെങ്കിൽ  ഞാൻ പെട്ടെന്നു  തിരിച്ചുവരും”.  മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ വേണ്ടിയാണ് അവൾ അങ്ങനെ പറഞ്ഞത്.  എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും യേശുവിൻറെ  കല്ലറയ്ക്കടുത്തു  പോകണമെന്ന് അവൾ  മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.  സ്നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ.  സുഗന്ധക്കൂട്ടുകൾ എടുത്തതിനൊപ്പം അവൾ ഒരു പണസഞ്ചിയും കൈയിൽ  കരുതിയിരുന്നു. ഏതെങ്കിലും കാരണവശാൽ പട്ടാളക്കാരോ  കാവൽക്കാരോ  തന്നെ തടഞ്ഞാൽ  പണംകൊടുത്തിട്ടാണെങ്കിലും  അനുവാദം വാങ്ങാമെന്ന് അവൾ ചിന്തിച്ചു.

കുറെ നേരം കാത്തുനിന്നിട്ടും  മറിയം  തിരിച്ചുവരുന്നില്ല. അതോടെ മറ്റു സ്ത്രീകൾക്കു ഭയം ഇരട്ടിച്ചു. അവർ തങ്ങളുടെ കൂട്ടുകാരി യോവാന്നയെ  ഓർത്തു. അവൾ കൂടെയുണ്ടെങ്കിൽ  ഭയപ്പെടാതെ പോകാം  എന്ന് അവർ കരുതി. കാരണം യോവാന്ന  ഹേറോദോസിൻറെ കാര്യസ്ഥനായ കൂസായുടെ ഭാര്യയായിരുന്നു. അവരെല്ലാവരും ചേർന്ന്   യോവാന്നയുടെ വീട്ടിലേക്കു പുറപ്പെട്ടു.

മഗ്ദലേനാമറിയം    അരണ്ട വെളിച്ചത്തിൽ ധൈര്യപൂർവം നടക്കുകയാണ് .  ഏതാണ്ടു  കല്ലറയുടെ അടുത്തെത്തി എന്നായപ്പോൾ   പെട്ടെന്നു ശക്തിയായ കാറ്റും ഭൂകമ്പവും ഉണ്ടായി. അതിൻറെ ശക്തിയിൽ  അവൾ  നിലംപതിച്ചു. അപ്രതീക്ഷിതമായ ഈ  സംഭവത്തിൽ അവൾ  തെല്ലൊന്നു പകച്ചു. എങ്കിലും അവൾ ഭയപ്പെട്ടില്ല. ഏതോ ഒരു അദൃശ്യശക്തി അവളെ താങ്ങുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. അലൗകികമായ ഒരു  സമാധാനം അവളുടെ ആത്മാവിൽ നിറഞ്ഞു.  ആ നിർവൃതിയിൽ ലയിച്ച് അവൾ ഏതാനും നിമിഷം അവിടെത്തന്നെ കിടന്നു.  പെട്ടെന്നു അവൾക്കു സുബോധമുണ്ടായി. താൻ എവിടെയാണെന്ന് അവൾക്കു മനസിലായി. അവൾ എഴുന്നേറ്റ്,  ആവുന്നത്ര ശക്തി സംഭരിച്ചുകൊണ്ടു  കല്ലറയിങ്കലേക്ക് ഓടി.

കല്ലറയുടെ മുൻപിൽ ചെന്നപ്പോൾ കണ്ട കാഴ്ച….! കല്ലറ അടച്ചിരുന്ന വലിയ കല്ലു  തട്ടിമാറ്റിയിട്ടിരിക്കുന്നു.  കാവൽക്കാരെല്ലാം മരിച്ചതുപോലെ  നിലത്തു വീണുകിടക്കുന്നു. അവൾ കബറിടത്തിലേക്കു നോക്കി  മുട്ടുകുത്തിനിന്ന് ഏങ്ങലടിച്ചുകൊണ്ടു  കരയാൻ തുടങ്ങി.. ” അവർ അവനെ എടുത്തുകൊണ്ടുപോയി…. ഇനി  ഞാൻ എന്തുചെയ്യും?….”

അവൾ തിരിച്ചു പത്രോസിൻറെയും യോഹന്നാൻറെയും അടുത്തേക്കു  പോയി. അവൾ നടക്കുകയല്ല. അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. അവരെ കണ്ടതും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.  ” കർത്താവിനെ അവർ കല്ലറയിൽ നിന്നു മാറ്റിയിരിക്കുന്നു. എന്നാൽ അവനെ അവർ എവിടെവച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ”  അവൾ കിതയ്ക്കുന്നുണ്ട്. ശ്വാസം എടുക്കാൻ  വല്ലാതെ ബുദ്ധിമുട്ടുന്നുമുണ്ട്. വീഴാതിരിക്കാൻ ഭിത്തിയിൽ പിടിച്ചാണ് അവൾ നിൽക്കുന്നത്. മേരി പറഞ്ഞതു മനസിലാക്കിയെടുക്കാൻ  പത്രോസിനും യോഹന്നാനും  അല്പം സമയമെടുത്തു. അങ്ങനെയൊരു കാര്യം അവരുടെ  ചിന്തയിൽ  ഒരിക്കലും  ഉണ്ടായിരുന്നില്ലല്ലോ. അവർ രണ്ടുപേരും  വിറയ്ക്കുന്ന ശബ്ദത്തിൽ ഒരുമിച്ചു  ചോദിച്ചു.; “എന്ത്?.. നീ  എന്താണ് പറയുന്നത്!”. അവൾ  നേരെനിന്നു ശ്വാസമെടുത്തതിനുശേഷം പറഞ്ഞു; “ഞാൻ മുൻപേ കല്ലറയിങ്കലേക്കു പോയി. കാവൽക്കാർക്കു  പണം കൊടുക്കാൻ.  അല്ലെങ്കിൽ അവർ നമ്മളെ കടത്തിവിടില്ല  എന്ന് എനിക്കറിയാമായിരുന്നു…. എന്നാൽ ഞാൻ ചെല്ലുമ്പോൾ  കാവൽക്കാരെല്ലാവരും മരിച്ചതുപോലെ നിലത്തുവീണുകിടക്കുന്നു…  കല്ലറ തുറന്നുകിടക്കുന്നു……  വാതിൽക്കൽ വച്ചിരുന്ന  ആ വലിയ കല്ല് ആരോ തട്ടിമാറ്റിയതുപോലെ ദൂരെക്കിടക്കുന്നു….”

ഇപ്പോൾ പത്രോസും യോഹന്നാനും ശരിക്കും ഭയപ്പെട്ടു: ” ആര്…. ആരാണതു  ചെയ്തത്? വരൂ…. നമുക്കു  പോയി നോക്കാം”.  അവർ കല്ലറയിങ്കലേക്ക് ഓടി.  അവരുടെ പിറകേ മറിയവും. അവർ അവിടെ എത്തുന്നതിനു മുൻപുതന്നെ   യോവാന്നയും മറ്റു സ്ത്രീകളും അവിടെ എത്തിയിരുന്നു.  കാവൽക്കാർ വീണുകിടക്കുന്നതും കല്ലറയുടെ  വാതിൽ തുറന്നുകിടക്കുന്നതും  കണ്ട അവർ ഭയപ്പെട്ടുപോയി.  ഒരു ദൈവദൂതൻ അവരോടു സംസാരിച്ചു… വിവരങ്ങൾ എല്ലാം പറഞ്ഞു… എന്നാൽ പേടിച്ചരണ്ടുപോയതിനാൽ  ദൈവദൂതൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ അവർക്കു കഴിഞ്ഞില്ല   അവർ മറ്റൊരു വഴിയിലൂടെ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു.

പത്രോസും യോഹന്നാനും   കല്ലും മുള്ളും നിറഞ്ഞ ആ വഴിയിലൂടെ ഓടി. പ്രായാധിക്യം കൊണ്ടു  പത്രോസ് പിറകിലായിപ്പോയി, യുവാവായ യോഹന്നാൻ  പത്രോസ് എത്തുന്നതിനുമുൻപേ തന്നെ കല്ലറയുടെ മുൻപിലെത്തി. തൊട്ടുപിറകേ പത്രോസും ഓടിക്കിതച്ചെത്തി. അവർക്കു പിന്നിലായി മറിയവും എത്തി.. യോഹന്നാൻ പത്രോസിനെ കല്ലറയുടെ ഉള്ളിലേക്കു   കയറ്റിവിടുന്നതു മറിയം   കണ്ടു.  അവൻറെ പിന്നാലെ  യോഹന്നാനും ഉള്ളിൽ പ്രവേശിച്ചു. അകത്തെല്ലാം പരിശോധിച്ചതിനുശേഷം അവർ പറഞ്ഞു. “അവൻറെ ശരീരം ഇവിടെയില്ല.  നമുക്കു  തിരിച്ചുപോകാം”.

എന്നാൽ ,മറിയം അതിനു തയ്യാറായിരുന്നില്ല.  അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞു; ” ഞാൻ വരുന്നില്ല. ഞാൻ ഇവിടെത്തന്നെ ഇരിക്കാൻ പോവുകയാണ്..യേശുവിൻറെ അമ്മ പറഞ്ഞത് ഓർമ്മയുണ്ടോ?  അവനെ   സംസ്കരിച്ച  ഈ സ്ഥലത്തെ  വായു ശ്വസിക്കുന്നതുപോലും നമുക്ക് ആശ്വാസം തരും”. കബറിടത്തിനു വെളിയിൽ ഇരുന്നു കരയുന്ന അവളെ അൽപനേരം  നോക്കിനിന്നിട്ടു  പത്രോസും  യോഹന്നാനും തിരിച്ചുപോയി.

കരച്ചിലിനിടെ അവൾ ഇടയ്ക്കിടെ  കല്ലറയിങ്കലേക്കു നോക്കുന്നുണ്ട്. അപ്പോൾ അതാ  രണ്ടു ദൈവദൂതന്മാർ. ഒരുവൻ കല്ലറയിൽ ശരീരം വച്ചിരുന്ന  പീഠത്തിൻറെ തലയ്ക്കലും അപരൻ കാൽക്കലും   ഇരിക്കുന്നു. അവരെ കണ്ടപ്പോൾ  അവളുടെ  കരച്ചിലിനു ശക്തി കൂടി.  ദൂതന്മാരിലൊരാൾ  അവളോടു  ചോദിച്ചു; ” സ്ത്രീയേ, എന്തിനാണു  നീ കരയുന്നത്?”  അവൾ പറഞ്ഞു; “എൻറെ  കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി. അവർ അവനെ എവിടെയാണു  വച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ”.

ദൈവദൂതന്മാർ പുഞ്ചിരി തൂകുന്നുണ്ടെങ്കിലും  അതൊന്നും മറിയം ശ്രദ്ധിക്കുന്നതേയില്ല. പെട്ടെന്നു  ദൂതന്മാർ കല്ലറയുടെ പുറത്തേക്ക്, മറിയം  ഇരുന്നിരുന്നതിൻറെ പിറകിലേക്കു  നോക്കുന്നതു കണ്ടപ്പോൾ അവളും തിരിഞ്ഞു  പുറകോട്ടു നോക്കി. അവിടെ അവളെത്തന്നെ നോക്കിക്കൊണ്ട് ഒരാൾ നിൽക്കുന്നു. അതു  തോട്ടക്കാരനാണെന്നാണ് അവൾ കരുതിയത്.  യേശുവിൻറെ ശരീരം കല്ലറയിൽ നിന്ന് എടുത്തുമാറ്റിയതു  തോട്ടക്കാരൻ ആയിരിക്കാമെന്ന ചിന്ത അപ്പോൾ അവളുടെ മനസിലേക്കു  കടന്നുവന്നു.   അവിടെ നിന്ന ആൾ 

മറിയത്തോടു  ചോദിച്ചു; ” സ്ത്രീയേ, നീ എന്തിനാണ് കരയുന്നത്?”  മറുപടിയായി അവൾ യാചിക്കുകയാണ്. “ദയവുചെയ്ത് എൻറെ കർത്താവിൻറെ ശരീരം എവിടെയാണെന്ന് പറയൂ.  ഞാൻ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം .നിങ്ങൾക്കു  പണമാണു  വേണ്ടതെങ്കിൽ അതും ഞാൻ തരാം…”   അതുവരെ ആരുടെ മുൻപിലും തല താഴ്ത്തിയിട്ടില്ലാത്ത   തൻറേടിയായ  മറിയം  തൻറെ  നാഥൻറെ  ശരീരത്തിനുവേണ്ടി കെഞ്ചുകയാണ്. തൻറെ നാഥൻറെ ദിവ്യശരീരം വിട്ടുകിട്ടുന്നതിനായി അവൾ ഭൂമിയോളം താഴുന്നു….  താണുവീണു കേണപേക്ഷിക്കുന്നു.

യേശു അവളെ ‘ മറിയം” എന്നു  വിളിച്ചു. അവൾക്കു  തൻറെ  കർത്താവിൻറെ ശബ്ദം  പെട്ടെന്നു  മനസിലായി. സ്നേഹവും കരുണയും നിറഞ്ഞ ആ സ്വരം എത്രയോ വട്ടം താൻ  കേട്ടിരിക്കുന്നു!  ഏത് ഉറക്കത്തിലും ആ സ്വരം കേട്ടാൽ അവൾക്കു  മനസിലാകും.  യേശുവിൻറെ  വിളി കേട്ട നിമിഷത്തിൽ തന്നെ  അവളെ ബാധിച്ചിരുന്ന അന്ധകാരത്തിൻറെ നിഴൽ മാറി. അവളുടെ ആത്മാവ് പ്രകാശിതമായി.  അവളുടെ ഹൃദയം ജ്വലിച്ചു. 

അവൾക്കു വിശ്വസിക്കാനായില്ല. ഇതാ തൻറെ ഗുരു തൻറെ മുൻപിൽ.  അവളുടെ ആത്മാവിൽ നിന്നുയർന്ന  ആനന്ദത്തിൻറെ  പ്രകടനമായിരുന്നു അവളുടെ  ‘ റബ്ബോനി ‘ എന്ന ഉച്ചത്തിലുള്ള വിളി.  പിന്നെ  അവൾ പൊട്ടിക്കരഞ്ഞു. സന്തോഷത്തിൻറെ, സമാധാനത്തിൻറെ, ആശ്വാസത്തിൻറെ  കണ്ണുനീർതുള്ളികൾ  അവളുടെ  മിഴികളിൽ നിന്ന് അടർന്നുവീണു.

അവൾ യേശുവിൻറെ പാദം  ചുംബിക്കാനായി  ഓടിയടുത്തു.  എന്നാൽ യേശു പെട്ടെന്നു  മാറിനിന്നുകൊണ്ടു  തൻറെ ദൈവികഭാവം അവൾക്കു വെളിപ്പെടുത്തി. അതോടൊപ്പം  ആദ്യത്തെ പ്രേഷിതദൗത്യവും അവളെ ഏൽപ്പിച്ചു. അതിനുശേഷം അവൻ അവളുടെ  മുൻപിൽ നിന്ന് അപ്രത്യക്ഷനായപ്പോൾ മാത്രമാണ് അവൾക്കു  സ്ഥലകാലബോധം തിരികെ ലഭിച്ചത്. 

യേശു പ്രത്യക്ഷപ്പെട്ടതിനുശേഷം മറഞ്ഞുപോയ  ആ  സ്ഥലത്ത് അവൾ വീണ്ടും വീണ്ടും ചുംബിച്ചു.  തൻറെ രക്ഷകനും  ദൈവവുമായ അവൻറെ തൃപ്പാദങ്ങൾ പതിഞ്ഞ    പുണ്യഭൂമി!  സമാധാനത്തോടെയും അതിലേറെ ആനന്ദത്തോടെയും അവൾ എഴുന്നേറ്റു. ഉത്ഥാനം  ചെയ്ത  ദൈവപുത്രനെ ആദ്യം കണ്ട ശിഷ്യ. അവൻ ഉയിർക്കുമെന്ന്   ആദ്യം വിശ്വസിച്ച ശിഷ്യ…  യേശു സത്യമായും ഉയിർത്തെഴുന്നേറ്റുവെന്ന സന്ദേശം ലോകത്തെ അറിയിക്കാനുള്ളവൾ….  അവൾ ഓടി… എല്ലാവരോടും അവൾ ഉദ്ഘോഷിച്ചു. പക്ഷെ അത് കേട്ടവരിൽ പലരും  അത്  അവളുടെ  ഭാവനയാണെന്നേ കരുതിയുള്ളൂ. പലരും അവളെ തെറ്റിദ്ധരിച്ചു.. സംശയിച്ചു.. ഒറ്റപ്പെടുത്തി…പരിഹസിച്ചു.. അവൾ  അതെല്ലാം  ക്ഷമിച്ചു. കാരണം അവളുടെ അനുഭവം  അവളുടേതുമാത്രമാണ്. മറിയം  നേരെ പോയതു പരിശുദ്ധ അമ്മയുടെ  അടുത്തേക്കാണ്.  അവിടെ അമ്മയുടെ  മാറിൽ  ചാരിക്കിടന്നുകൊണ്ട് അവൾ  താൻ  കണ്ടതെല്ലാം അമ്മയോടു  പറഞ്ഞു. എല്ലാം അറിയുന്ന അമ്മ അവളെ  ആശ്വസിപ്പിച്ചു.

 മറിയം അറിഞ്ഞിരുന്നില്ല…  സ്നേഹം തന്നെയായ യേശു തന്നെ ഇത്രമേൽ  സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവൾക്കു   നൽകിയ ഏറ്റവും  വലിയ കൃപയാണു  ക്രിസ്തുവിൻറെ  പുനരുത്ഥാനത്തിൻറെ ദൗത്യവാഹക എന്ന .സ്ഥാനം…അതേ …….. അപ്പസ്‌തോലന്മാരെപ്പോലും  ഒരുക്കുവാനുള്ള അപ്പസ്തോല എന്ന സ്ഥാനം..

 ഇന്നും യേശു  എല്ലാവരെയും മാറിമാറി വിളിക്കുന്നു. എന്നിൽ വിശ്വസിക്കുക… എന്നെ സ്നേഹിക്കുക.. എങ്കിൽ നിങ്ങളെ  ഞാനെൻറെ പ്രിയശുശ്രൂഷകരാക്കും ….. നിങ്ങളായിരിക്കും  ഇനി എൻറെ സദ്വാർത്ത ലോകമെങ്ങും അറിയിക്കുന്നവർ… എൻറെ  സാക്ഷികൾ… എൻറെ  യാഥാർത്ഥശുശ്രൂഷകർ….

 ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ  നിന്ന്      

‘അങ്ങനെ മഗ്ദലേനക്കാരി മറിയത്തിൻറെ  ജീവിതം  മുഴുവൻ നീ  കണ്ടുകഴിഞ്ഞിരിക്കുന്നു. അവൾ മരണത്തിൽ നിന്നു  ജീവനിലേക്കു  വരുന്നതുവരെ. എൻറെ   സുവിശേഷത്തിൽ  പുനരുത്ഥാനത്തിലേക്കു കടന്നുവരുന്നവരായി പറയപ്പെട്ടിട്ടുള്ളവരിൽ ഏറ്റവും ശ്രേഷ്ഠ അവൾ തന്നെ.  ഏഴു മരണങ്ങളിൽ നിന്നാണ് അവൾ ഉയിർപ്പിക്കപ്പെട്ടത്. അവൾ വീണ്ടും ജനിച്ചു.  അവളിലെ പുതിയ പുഷ്പത്തിൻറെ തണ്ട്  ഭൂമിയിലെ   മാലിന്യങ്ങൾക്കെല്ലാം മീതെ ഉയർന്നുനിൽക്കുന്നതും   നീ കണ്ടു   അവൾ എനിക്കായി വിടർന്ന്, എനിക്കായി  സൗരഭ്യം പരത്തി,  എനിക്കായി മരിച്ചു. അവൾ പാപിനിയായിരുന്നപ്പോൾ നീ അവളെക്കണ്ടു. പിന്നീട് ദാഹിച്ചപ്പോൾ അവൾ  ജീവജാലത്തിൻറെ ഉറവയിലേക്കു വന്നതും അവൾ അനുതപിച്ചപ്പോൾ  പാപപ്പൊറുതി ലഭിച്ചതും പിന്നീടു  സ്നേഹിക്കുന്നവളായും  അനന്തരം ക്രൂശിക്കപ്പെട്ട തൻറെ നാഥൻറെ  ശരീരത്തിന്മേൽ വീണുകിടക്കുന്ന അനുകമ്പയുള്ള സ്ത്രീയായും പിന്നീട്  എൻറെ അമ്മയുടെ  ഒരു ദാസിയായും, എൻറെ അമ്മയായതുകൊണ്ട്  അവളെ സ്നേഹിക്കുന്നവളായും, അവസാനം  പറുദീസയുടെ വാതിൽക്കൽ എത്തിയിരിക്കുന്ന അനുതപിക്കുന്ന ആത്മാവായും അവളെ നീ കണ്ടു.

ഓ! ഭയപ്പെട്ടിരിക്കുന്ന     ആത്മാക്കളേ,  മഗ്ദലേനമേരിയുടെ  ജീവിതചരിത്രം വായിച്ച്, എന്നെ ഭയപ്പെടാതിരിക്കാൻ പഠിക്കൂ. ഓ ! സ്നേഹിക്കുന്ന ആത്മാക്കളേ, സ്രാപ്പേന്മാരുടെ   തീക്ഷ്ണതയോടെ  സ്നേഹിക്കേണ്ടതെങ്ങനെയെന്ന്  അവളിൽ നിന്ന് പഠിക്കുക.  പാപത്തിൽ വീണ ആത്മാക്കളേ,  നിങ്ങളെ സ്വർഗത്തിനായി ഒരുക്കുന്ന  വിദ്യ അവളിൽ നിന്നു പഠിക്കുവിൻ’.

                                                                +++++++++++++++++

മഗ്ദലനാമറിയത്തിൻറ ജീവിതത്തെക്കുറിച്ചും , അവൾ എങ്ങനെ യേശുവിനെ സ്നേഹിച്ചു എന്നതിനെക്കുറിച്ചും ,പാപമാലിന്യങ്ങളിൽ നിന്നും യേശു അവളെ എങ്ങനെ മോചിപ്പിച്ചു എന്നതിനെക്കുറിച്ചും  അവൾ എങ്ങനെ ക്രിസ്തുവിൻറെ ജീവിക്കുന്ന സാക്ഷിയായി മാറി എന്നതിനെക്കുറിച്ചും വിവരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമായിരുന്നു  ഈ പുസ്തകം.  ഏതു  കഠിനപാപിയ്ക്കും  ഏതുസമയത്തും ഓടിയണയാവുന്ന  അഭയസങ്കേതമാണ് യേശുവിൻറെ തിരുഹൃദയം എന്ന തിരിച്ചറിവു  വായനക്കാരിൽ  ജനിപ്പിക്കാൻ ഈ ഗ്രന്ഥത്തിൻറെ  പാരായണം  സഹായിച്ചുവെങ്കിൽ   ഞങ്ങൾ കൃതാർത്ഥരായി. 

മ്ലേച്ഛജീവിതവും അശുദ്ധപാപങ്ങളും  അനേകം ആത്മാക്കളെ  നരകത്തിലേക്കു  കൊണ്ടുപോയേക്കുമെന്നു   നാം ഭയപ്പെടുന്ന ഇക്കാലത്ത്    ഏഴു ദുഷ്ടാത്മാക്കളിൽ നിന്നും യേശുവിൻറെ കരുണയാൽ  മോചിതയായ മഗ്ദലനാമറിയത്തിൻറെ ജീവിതം നമുക്കു  പ്രചോദനമാകട്ടെ എന്നു  പ്രാർഥിക്കുന്നു. പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും  വിടുതൽ ആഗ്രഹിക്കുന്നവർ വിശുദ്ധ മഗ്ദലനാമറിയത്തിൻറെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നതു   വളരെ ഫലപ്രദമാണെന്ന ഉറച്ച ബോധ്യമാണ് ഇത്തരമൊരു സംരംഭത്തിനു ഞങ്ങളെ പ്രേരിപ്പിച്ചത്.  പിന്നിട്ട പാപവഴികളെ ഓർത്തു നിരാശപ്പെട്ടിരിക്കാതെ, മഗ്ദലനാമറിയത്തിൻറെ മാതൃക അനുസരിച്ച്  യേശുവിൻറെ അടുത്തേയ്ക്ക് ഓടിവരാനും അവിടുന്നു  നൽകുന്ന പാപമോചനവും  സമാധാനവും  രക്ഷയും സ്വന്തമാക്കാനും ഏവരേയും ക്ഷണിക്കുന്നു.   ഏറെ ത്യാഗങ്ങൾ സഹിച്ച്, തടസങ്ങൾ തരണം ചെയ്ത്, ഈ വിശിഷ്ടഗ്രന്ഥത്തിൻറെ  രചന പൂർത്തിയാക്കിയ ശ്രീ റെജി അമ്പാട്ടുകുഴിയിലിനെ  ഡിവൈൻ  മേഴ്‌സി ചാനൽ ടീം നന്ദിയോടെ സ്മരിക്കുന്നു.  

വിശുദ്ധ മഗ്ദലനാമറിയത്തോടുള്ള  നൊവേനയും പ്രാർഥനയും   നാളെ പോസ്റ്റ് ചെയ്യുന്നതാണ്. മഗ്ദലനാമറിയത്തെ പാപത്തിൽ നിന്നു കരകയറ്റി  അനുഗ്രഹിച്ചുയർത്തിയ യേശു  നമ്മെയോരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു   പ്രാർഥിക്കുന്നു.