അപ്പസ്തോലന്മാരുടെ അപ്പസ്തോല 1

 

മുഖമൊഴി 

എന്നുമുതലാണു   വിശുദ്ധ മഗ്ദലേനമറിയത്തോടു  സ്നേഹം തുടങ്ങിയത് എന്നു  കൃത്യമായി  പറയാൻ കഴിയില്ല. എങ്കിലും  ‘ ദൈവമനുഷ്യൻറെ  സ്നേഹഗീത’ എന്ന  വിശിഷ്ടഗ്രന്ഥം  വായിക്കാൻ തുടങ്ങിയപ്പോൾ  മുതൽ ആ സ്നേഹം  എനിക്കു കൂടുതലായി അനുഭവപ്പെട്ടുതുടങ്ങി. അതോടൊപ്പം അണക്കര മരിയൻ  ധ്യാനകേന്ദ്രത്തിൽ ബഹുമാനപ്പെട്ട ഡൊമിനിക്കച്ചൻറെ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന സമയത്തെല്ലാം  ആ  വിശുദ്ധയുടെ ശക്തമായ സാന്നിധ്യം  എനിക്ക് അനുഭവിക്കാൻ  കഴിഞ്ഞിട്ടുണ്ട്.  അതാണു  വിശുദ്ധ മഗ്ദലേന മറിയത്തെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും  ആഗ്രഹം തോന്നാൻ കാരണം.  അതിനുവേണ്ടി  ആ വിശുദ്ധയെക്കുറിച്ചുള്ള  കൃതികളും   വിശുദ്ധയുടെ ചിത്രങ്ങളും    തേടിപ്പിടിക്കാനുള്ള ശ്രമമായിരുന്നു   പിന്നീടുള്ള കുറച്ചുനാളുകൾ. 

 തുടർന്നുള്ള കാലങ്ങൾ  അത്ഭുതത്തിൻറെയും അതോടൊപ്പം വേദനയുടെയും  നാളുകളായിരുന്നു. പാപത്തിൻറെ ചെളിക്കുണ്ടിൽ നിന്ന്  യേശു രക്ഷിച്ചെടുക്കുന്ന  മഗ്ദലയിലെ മറിയത്തിൻറെ  പിന്നീടങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ച് അത്ഭുതം എന്നല്ലാതെ എന്താണു  പറയുക?   വേദനയുടെ  കാരണം  നമ്മുടെ കാലഘട്ടത്തിൽ അവളെ  ആരും വേണ്ട വിധം  മനസിലാക്കുന്നില്ലല്ലോ  എന്നതായിരുന്നു.

യേശു  പാപമോചനവും ( ലൂക്കാ 7:47) ഏഴു ദുഷ്ടാത്മാക്കളിൽ നിന്നു  വിടുതലും കൊടുത്ത ആളാണെന്നോ( ലൂക്കാ 8:2,  മർക്കോസ് 16:9)  കുരിശിൻചുവട്ടിൽ  യേശുവിൻറെ കാൽവരി ബലിക്കു സാക്ഷിയാകാൻ ഭാഗ്യം  ലഭിച്ച അപൂർവം ചിലരിൽ ഒരാളാണെന്നോ ( മത്തായി 27:56,  മർക്കോസ്  15:40,  യോഹ.  19:25) ഉത്ഥിതനായ യേശു തന്നെത്തന്നെ ആദ്യമായി  വെളിപ്പെടുത്തിക്കൊടുത്ത വ്യക്തി ആണെന്നോ (  മർക്കോസ് 16:9, യോഹ. 20:11-18) ചിന്തിക്കാതെ  എവിടെയും തഴയപ്പെടുന്ന  ഒരു വിശുദ്ധയാണ് അവളെന്ന് എനിക്കു  ബോധ്യമായ നാളുകളായിരുന്നു അവ,

ക്രൈസ്തവസമൂഹത്തിൻറെ ഈ പൊതുകാഴ്ചപ്പാടിൻറെ  ഫലമായി  പലരും ചോദിക്കുന്നതു  കേട്ടിട്ടുണ്ട്, മഗ്ദലേനാമറിയം  ശരിക്കും വിശുദ്ധയാണോ എന്ന്!.  കാലമേറെ കടന്നുപോയിട്ടും  പല എഴുത്തുകാരും ആ വിശുദ്ധയെ വ്യഭിചാരിണിയായി ചിത്രീകരിക്കുന്നു. ചില വികലചിത്തർ അവളെ  യേശുവിൻറെ കാമുകിയായി മുദ്രകുത്തുന്നു.  സുവിശേഷത്തിൽ പരാമർശിക്കുന്ന പിടിക്കപ്പെട്ട വ്യഭിചാരിണി   മറിയം ആണെന്നു  വിശ്വസിക്കുന്ന ധാരാളം പേർ ഇന്നുമുണ്ട്. അവളുടെ രൂപങ്ങളോ ചിത്രങ്ങളോ ആണെങ്കിൽ പലതും  ഒരു വിശുദ്ധയ്ക്കു    ചേർന്ന വിധത്തിലുള്ളവയല്ല താനും. അതിലും ഖേദകരമായ  വസ്തുത  ഒരു ദൈവാലയത്തിനോ , സഭാമക്കളുടെ കൂട്ടായ്‌മയ്‌ക്കോ പോലും   ഈ വിശുദ്ധയുടെ പേരിടാൻ ദൈവജനം  ധൈര്യപ്പെടുന്നില്ല എന്നതാണ്.  എഴുപതു വർഷം മുൻപു  തിരുവനന്തപുരത്തിനടുത്ത്  ഒരു കടലോരഗ്രാമത്തിൽ മഗ്ദലേനമറിയത്തിൻറെ  നാമധേയത്തിൽ ഒരു ഇടവക ദൈവാലയം ഉണ്ടായിരുന്നുവെന്നതും  ആ സ്ഥലത്താണു  പിന്നീടു  തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഉയർന്നതെന്നതും  പഴയ   ചരിത്രം.  വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മരട് – മൂത്തേടം ഇടവക ദൈവാലയവും പാലാ  രൂപതയുടെ  കീഴിൽ നരിയങ്ങാനത്തുള്ള  ഇടവക ദൈവാലയവും മഗ്ദലേന മറിയത്തിൻറെ നാമധേയത്തിൽ ആണു സ്ഥാപിതമായിരിക്കുന്നത് എന്നതു  മറക്കുന്നില്ല.

മഗ്ദലേനാമറിയത്തിൻറെ പേരിലുള്ള ഒരു ദൈവാലയത്തിൻറെ മുൻപിൽ കൂടി നടന്നുപോകുമ്പോൾ ‘ കയറി പ്രാർത്ഥിക്കുക’ എന്ന  ഉൾവിളി ലഭിച്ചതുകൊണ്ടുമാത്രം  ജീവിതം തിരിച്ചുപിടിച്ച ഒരു വ്യക്തിയുടെ അനുഭവം നേരിട്ടറിഞ്ഞപ്പോൾ  വിശുദ്ധയോടുള്ള സ്നേഹം ഒന്നുകൂടി വർധിച്ചു.  അശുദ്ധപാപങ്ങളുടെ ചെളിക്കുണ്ടിൽ മുങ്ങി, നിരാശയ്ക്കടിപ്പെട്ട്,  ആത്മഹത്യ ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു    ആ വ്യക്തിയ്ക്ക് ജീവിതത്തിലേക്കുള്ള  പിൻവിളി ലഭിച്ചത്.  എന്തു  പ്രാർത്ഥിക്കണമെന്നറിയില്ല, എങ്ങനെ പ്രാർത്ഥിക്കണമെന്നറിയില്ല.  എങ്ങോട്ടെന്നില്ലാതെ ബസിൽ കയറിയ ആ വ്യക്തി ചെന്നെത്തിയതു  കിലോമീറ്ററുകൾ ദൂരെ  വചനപ്രഘോഷണം നടന്നുകൊണ്ടിരുന്ന ഒരു ദൈവാലയത്തിൽ. അവിടെ  കേട്ടത്  ആത്മാവിനു സൗഖ്യവും വിടുതലും നൽകുന്ന വചനങ്ങൾ!

 ക്രിസ്ത്യാനികൾ ഒരിക്കലൂം മറക്കാൻ പാടില്ലാത്ത  ഈ വിശുദ്ധയെ നാം നേരാംവണ്ണം മനസിലാക്കിയിട്ടില്ല എന്ന വസ്തുതയാണ്  ഈ പുണ്യചരിതയ്ക്കു   ദൈവസന്നിധിയിലുള്ള  ശ്രേഷ്‌ഠമായ സ്ഥാനവും  അവളുടെ അത്ഭുതകരമായ മധ്യസ്ഥശക്തിയും ലോകത്തോടു മുഴുവൻ വിളംബരം  ചെയ്യാനുള്ള ആഗ്രഹത്തിൻറെ പിറകിലുള്ള കാരണം.

അങ്ങനെയിരിക്കെയാണ് 2016 ജൂൺ 3ന്    യേശുവിൻറെ തിരുഹൃദയത്തിൻറെ തിരുനാൾ ദിവസം വത്തിക്കാനിലെ Congregation for Divine Worship and the Discipline of the Sacraments   അതിപ്രധാനമായ ഒരു  രേഖ പുറപ്പെടുവിച്ചത്.   ഈ വിജ്ഞാപനം വഴിയായി സഭ   മഗ്ദലേനാമറിയത്തെ   ‘അപ്പസ്തോലന്മാരുടെ അപ്പസ്തോല’  ( Apostolorum Apostola) ആയി പ്രഖ്യാപിക്കുകയും ജൂലൈ 22  ആ വിശുദ്ധയുടെ തിരുനാൾ ദിനമായി ആചരിക്കാൻ  നിർദേശിക്കുകയും  ചെയ്തു.

അഞ്ചു   വർഷങ്ങൾക്കിപ്പുറവും  ഈ വിശുദ്ധയെക്കുറിച്ചു  നമുക്കുള്ള അറിവു  പരിമിതമാണ്. വളരെ കുറച്ചുപേർ മാത്രമേ  വത്തിക്കാനിൽ നിന്നുള്ള ഈ വിജ്ഞാപനത്തിൻറെ കാലികപ്രസക്തി മനസിലാക്കിയിട്ടുള്ളൂ  എന്ന തിരിച്ചറിവിൽ നിന്നാണ്  ഈ  ചെറുപുസ്തകത്തിൻറെ  ജനനം. അതനുസരിച്ചു   ‘ദൈവമനുഷ്യൻറെ  സ്നേഹഗീത’  എന്ന ഗ്രന്ഥത്തിൽ  നിന്നു  കിട്ടിയ ആശയങ്ങളും  മറ്റു സ്രോതസ്സുകളിൽ നിന്നു സമാഹരിച്ച   വിവരങ്ങളും  ചേർത്തുവയ്ക്കുമ്പോൾ ലഭിക്കുന്ന     മഗ്ദലേനമറിയം  എന്ന വ്യക്തിയുടെ ചിത്രത്തോടു നീതി  പുലർത്തിക്കൊണ്ട് ഈ സംരംഭത്തിനു തുടക്കം കുറിക്കാൻ ദൈവം  കൃപ നൽകി. എന്നാൽ ആരംഭം മുതൽ തന്നെ ഈ ഉദ്യമത്തെ  സാത്താൻ  പലവിധത്തിലും തടസ്സപ്പെടുത്തിയിരുന്നു.  ജഡികപാപങ്ങളുടെ അതിപ്രസരം ലോകത്തെ മുഴുവൻ, വിശിഷ്യാ നമ്മുടെ യുവജനങ്ങളെ, നിത്യനാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു   നമുക്കേറ്റവും ആവശ്യമായിരിക്കുന്ന  വിശുദ്ധജീവിതത്തിൻറെ   ഉത്തമ മാതൃകയായ  മഗ്ദലേനാമറിയത്തിൻറെ   ജീവിതകഥ പ്രചരിപ്പിക്കപ്പെടുന്നതു സാത്താന് ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ലല്ലോ.

പല വ്യക്തികളുടെയും  പ്രാർത്ഥനാസഹായം കൊണ്ടും   അതോടൊപ്പം അനേകം വൈദികർ  ഈ നിയോഗാർത്ഥം   പരിശുദ്ധകുർബാന   അർപ്പിച്ചതു കൊണ്ടും കൂടിയാണ്  ഇതിൻറെ രചന പൂർത്തിയാക്കാൻ സാധിച്ചത്. അവർക്കെല്ലാം പ്രത്യേകം നന്ദി പറയുന്നു.  ബഹു. ഡൊമിനിക്ക് വാളന്മനാൽ  അച്ചനെ  ഇത്തരുണത്തിൽ പ്രത്യേകം  സ്മരിക്കുന്നു. അച്ചൻറെ പ്രേരണയും  പ്രോത്സാഹനവും പ്രാർത്ഥനയുമാണ്  ഈ പുസ്തകം  പ്രസിദ്ധീകരിക്കാൻ എനിക്ക്  ഏറ്റവുമധികം സഹായകമായത്.

ഇക്കാലമത്രയും നമ്മുടെ ദേശത്തു  വിസ്മരിക്കപ്പെട്ടുപോയ ഒരു വിശുദ്ധയെ   പരിചയപ്പെടുത്താൻ സഹായിക്കും എന്ന പ്രതീക്ഷയോടെ ഈ ചെറുഗ്രന്ഥം    പരിശുദ്ധ ദൈവമാതാവിൻറെ  വിമലഹൃദയത്തിൻറെ മാധ്യസ്ഥം  തേടിക്കൊണ്ടു  സുമനസ്സുകളുടെ മുൻപിൽ സമർപ്പിക്കുന്നു.

റെജി അമ്പാട്ടുകുഴിയിൽ 

1. മറിയം  എന്ന പൂമ്പാറ്റ 

————————————–

 ‘എല്ലാറ്റിനും ഒരു സമയമുണ്ട്, ആകാശത്തിൻ കീഴുള്ള  സമസ്തകാര്യത്തിനും ഒരവസരമുണ്ട്.  ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം. നടാനൊരു  കാലം. നട്ടതു പറിക്കാൻ ഒരു കാലം. കൊല്ലാൻ  ഒരു കാലം, സൗഖ്യമാക്കാൻ ഒരു കാലം. തകർക്കാൻ ഒരു കാലം,  പണിതുയർത്താൻ ഒരു കാലം. കരയാൻ ഒരു കാലം, ചിരിക്കാൻ ഒരു കാലം. വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം……. ……’ ( ജ്ഞാനം 3:1-8)

റോമാ സാമ്രാജ്യത്തിൻറെ ഭാഗമായ  സിറിയാ ദേശത്തെ ഗവർണ്ണറുടെ അതിമനോഹരമായ വീട്.  റോമൻ  വാസ്തുശില്പരീതിയിൽ  പണികഴിപ്പിച്ചിരിക്കുന്ന   ആഡംബരസൗധം. കല്ലുപാകിയ വഴികൾ, മനോഹരമായ പൂന്തോട്ടങ്ങൾ, കുതിരകളെ കെട്ടിയിരിക്കുന്ന  ലായങ്ങൾ, പരിചാരകർക്കായുള്ള  താമസസ്ഥലങ്ങൾ  എല്ലാം ആ ഭവനത്തിൻറെയും  അവിടെ താമസിക്കുന്നവരുടെയും രാജകീയപ്രൗഢി വിളിച്ചുപറയുന്നുണ്ട്.

സമയം സന്ധ്യയോടടുക്കുന്നു.  വീട്ടിനകത്തുനിന്ന് അധികാരവും ആജ്ഞയും കലർന്ന  ഒരു സ്വരം മുഴങ്ങുന്നു; “നിങ്ങളോടാണു  പറയുന്നത്. വേഗം പുതുവസ്ത്രങ്ങളണിഞ്ഞ് എൻറെ  കൂടെ വരുവിൻ”.  ആരും പ്രതികരിക്കാത്തതിനാൽ  വീണ്ടും അതേ  ആജ്ഞാസ്വരം മുഴങ്ങിക്കേൾക്കുന്നു. അപ്പോഴതാ മറുപടിയായി വളരെ ഇമ്പമുള്ള കുലീനമായ ഒരു  സ്ത്രീശബ്ദം  ഉയരുന്നു; ” ഇല്ല. കർത്താവിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചുകൊണ്ട്  വീട്ടിലിരിക്കേണ്ട   ഈ  ത്രിസന്ധ്യാസമയത്ത്  ഞാനും കുട്ടികളും  എങ്ങോട്ടും വരുന്നില്ല”.

എന്നാൽ അമ്മയുടെ വാക്കുകൾക്കു  പിറകെ വീട്ടിനുള്ളിൽ  നിന്ന്  ഒരു പെൺകുട്ടിയുടെ മൃദുസ്വരം; ” ഞാൻ വരുന്നു, ഡാഡീ. എന്നെയും കൊണ്ടുപോകണം”.  അപ്പോൾ ആരോ അവളെ തടസ്സപ്പെടുത്തുന്നതു  കേൾക്കാം. ” മറിയം,  നീ പോകരുത്. ഈ വിരുന്നുകളും വെറിക്കൂത്തുകളും  ഒന്നും നമുക്കു  ചേർന്നതല്ല”. 

മറിയത്തിന്  അതു  തെല്ലും ഇഷ്ടപ്പെട്ടിട്ടില്ല എന്നത്  അവളുടെ സ്വരത്തിൽ നിന്നു  തന്നെ വ്യക്തമാണ്;

 ”  മാർത്താ, എന്നെ തടയരുത്. ഞാൻ  ഡാഡിയുടെ കൂടെയാണു പോകുന്നത്. നീയും ലാസറും കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നാൽ മതി. അപ്പോൾ അമ്മയ്ക്കു  സന്തോഷമായിക്കൊള്ളും. ഡാഡീ, വാ, നമുക്കു  പോകാം”.

സ്വർണ്ണത്തലമുടിയുമായി  ഒരു പൂമ്പാറ്റയെപ്പോലെ ഉന്മേഷവതിയായ  മറിയം  പുറത്തേക്കുവരുന്നു. അവളുടെ മുടി ഒതുക്കിക്കെട്ടാൻ   ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണം കൊണ്ടുള്ള പിന്നുകൾ അവളുടെ  പിതാവിൻറെ സമ്പത്തിൻറെ തെളിവാണ്. ഗ്രീക്ക് ശൈലിയിൽ ചിത്രത്തുന്നലുകളുള്ള ഇറക്കമുള്ള ഒറ്റയുടുപ്പ്. അതിന് ഇടക്കെട്ടായി സ്വർണ്ണം കൊണ്ടുള്ള അരപ്പട്ട. വിലകൂടിയ പാദരക്ഷകൾ.  ആ വേഷത്തിൽ മറിയം  ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.

മേരിയുടെ പിതാവ് തെയോഫിലോസ് നടന്നുവരുന്നു. അദ്ദേഹത്തിനും മകൾക്കും കയറാൻ വേണ്ടി അത്യാകർഷകമായി അണിയിച്ചൊരുക്കിയ കുതിരവണ്ടിയുമായി  ഭൃത്യൻ കാത്തുനിൽക്കുന്നുണ്ട്.  വണ്ടി അകന്നകന്നുപോകുമ്പോൾ സങ്കടത്തോടെ തൻറെ  ഭർത്താവിനെയും  മകളെയും   നോക്കി  നിൽക്കുന്ന യൂക്കേറിയ. അവരുടെ പിന്നിൽ   മ്ലാനവദരരായി  മാർത്തയും ലാസറും.  എന്തെന്നില്ലാത്ത  ആഹ്ളാത്തോടെ ‘അമ്മയെയും സഹോദരങ്ങളെയും  നോക്കി കൈവീശിക്കാണിച്ചുകൊണ്ടു മറിയം   ആ യാത്ര ആസ്വദിക്കുകയാണ്.  കുതിരവണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ അവർ മൂന്നുപേരും നോക്കിനിൽക്കുന്നു. പിന്നെ തിരിച്ചുവന്ന്, വാതിലുകൾ അടച്ച്, വിരികൾ താഴ്ത്തി പ്രാർത്ഥനാമുറിയിലേക്കു പോകുന്നു.

അമ്മ സങ്കീർത്തനം ഉറക്കെപാടുന്നു. മക്കൾ അത് ഏറ്റുപാടുന്നു.

” കർത്താവേ, സഹായിക്കണമേ………..

ദൈവഭക്തർ   ഇല്ലാതായിരിക്കുന്നു………

മനുഷ്യമക്കളിൽ  വിശ്വസ്തരാരും ഇല്ലാതായി……..”

                 കർത്താവേ, ഞങ്ങളെ കാത്തുകൊള്ളണമേ…..

                 ഈ തലമുറയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ…..”

(തുടരും)