അപ്പസ്തോലന്മാരുടെ അപ്പസ്തോല

യേശുവിൻറെ ജീവിതകാലത്ത് അവിടുത്തെ ഏറ്റവും കൂടുതൽ മനസിലാക്കിയ വ്യക്തി ആരായിരുന്നു?  തീർച്ചയായും അതു  പരിശുദ്ധ കന്യകാമറിയം ആയിരുന്നു.   യേശു ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയും പരിശുദ്ധ അമ്മയായിരുന്നു.  മറിയം എന്ന പേര്  യേശുവുമായി  അത്രയധികം ചേർന്നുനിൽക്കുന്ന ഒന്നാണ്.  അതുകൊണ്ടായിരിക്കാം കാൽവരിയിൽ കുരിശിൻറെ ചുവട്ടിൽ നിന്നിരുന്ന നാലു സ്ത്രീകളിൽ മൂന്നു പേരുടെയും  പേരു മറിയം എന്നായത്.

‘യേശുവിൻറെ കുരിശിനരികെ അവൻറെ അമ്മയും  അമ്മയുടെ സഹോദരിയും  ക്ളോപ്പാസിൻറെ  ഭാര്യ മറിയവും മഗ്ദലേനാമറിയവും നിൽക്കുന്നുണ്ടായിരുന്നു’ (യോഹ.19:26)  എന്നെഴുതിയത് യേശു ഏറ്റവുമധികം   സ്നേഹിച്ചിരുന്ന ശിഷ്യൻ തന്നെയാണ്. യേശുവിൻറെ  അമ്മയെക്കുറിച്ചും   അമ്മയ്ക്ക് യേശു  ഏല്പിച്ചുകൊടുത്ത മകനെക്കുറിച്ചും  നാം  ഒരുപാടു വായിച്ചിട്ടുണ്ട്. എന്നാൽ   അമ്മ കഴിഞ്ഞാൽ യേശുവിനെ ഏറ്റവും കൂടുതൽ മനസിലാക്കിയ  മഗ്ദലക്കാരി മറിയത്തെക്കുറിച്ചു    നമുക്കുള്ള അറിവു  തുലോം പരിമിതമാണ്.

നാം ജീവിക്കുന്ന ഈ  കാലഘട്ടത്തിൽ മഗ്ദലനമറിയത്തിൻറെ പ്രസക്തി വളരെ വലുതാണ്. കാരണം ഇന്ന് ഏറ്റവുമധികം ആത്മാക്കളെ നരകത്തിലേക്കു വലിച്ചുകൊണ്ടുപോകുന്നതു   ശുദ്ധതയ്‌ക്കെതിരായ പാപങ്ങളാണ്. തിരിച്ചുവരവ് അസാധ്യമെന്നു തോന്നിപ്പിക്കും വിധം അശുദ്ധപാപങ്ങളുടെ ചെളിക്കുഴിയിൽ വീണുകഴിഞ്ഞ  ഒരു തലമുറയ്ക്കു  മുൻപിൽ   വിശുദ്ധജീവിതത്തിൻറെ മാതൃകയായി മഗ്ദലനാമറിയം ഉയർന്നുനിൽക്കുന്നു.  ക്രിസ്തുവിൻറെ  സ്നേഹത്തിൻറെ  നീളവും വീതിയും ആഴവും ഉയരവും   ഏറ്റവുമാദ്യം, ഏറ്റവുമധികം മനസിലാക്കിയ  മറിയം   തനിക്കു യേശു നൽകിയ അനുഗ്രഹങ്ങളുടെ    കടം വീട്ടിയതു   തുടർന്നങ്ങോട്ട്  അവൾ പിന്തുടർന്ന വിട്ടുവീഴ്ചയില്ലാത്ത പുണ്യജീവിതം  കൊണ്ടായിരുന്നു. മറ്റുള്ളവരോടു സുവിശേഷം പ്രസംഗിക്കുന്നവൻ  തന്നെ  തിരസ്കൃതനാകാതിരിക്കുന്നതിനു വേണ്ടി   തൻറെ ശരീരത്തെ കർശനമായി നിയന്ത്രിച്ചുനിർത്തുന്നു എന്നു  താർസോസുകാരൻ  പൗലോസ്  എഴുതിവയ്ക്കുന്നതിനും എത്രയോ മുൻപു മഗ്ദലക്കാരി മറിയം    അതു  സ്വന്തം ജീവിതം കൊണ്ടു  സാക്ഷ്യപ്പെടുത്തിയിരുന്നു.  പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്താനുള്ളതാണെന്നും പാപത്തെ ജയിക്കാനുള്ളതാണെന്നും ജീവിതത്തിൽ വിലയേറിയതെന്ന് ഒരു കാലത്തു   തോന്നുന്നതൊക്കെ യേശുവിനു വേണ്ടി  സമർപ്പിക്കാനുള്ളതാണെന്നും  മറിയം നമുക്കു  പറഞ്ഞുതരുന്നു.

കുറ്റബോധത്തിൻറെ ഉമിത്തീയിൽ നീറിപ്പുകഞ്ഞ്  സ്വയം നശിക്കാതെ,  പശ്ചാത്താപത്തിൻറ കണ്ണീരുകൊണ്ട്  പാപം കഴുകിക്കളയാൻ നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നാളുകൾ കടന്നുപോകുന്നതിനുമുൻപേ, ഒരാവർത്തിയെങ്കിലും മഗ്ദലനമറിയത്തെക്കുറിച്ച് വായിക്കുക.  പാപിനിയിൽ നിന്നു പുണ്യവതിയിലേക്ക്  ഒരു കുമ്പസാരക്കൂടിൻറെ ദൂരമേയുള്ളൂ എന്നു തിരിച്ചറിയുക. 

മഗ്ദലനമറിയത്തിൻറെ ജീവിതം വായനക്കാർക്കു പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക്  ഏറെ സന്തോഷമുണ്ട്.   നിരവധി തടസ്സങ്ങളും  പ്രതിബന്ധങ്ങളും  തരണം ചെയ്ത്   ഈ ഗ്രന്ഥത്തിൻറെ  രചന നിർവഹിച്ച ശ്രീ റെജി  അമ്പാട്ടുകുഴിയിലിനെ  ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.   ഏതാനും ദിവസങ്ങൾ കൊണ്ട്  ഇതു  ഖണ്ഡശ്ശ   പ്രസിദ്ധീകരിക്കാം എന്നാണു  കരുതുന്നത്.  ആദ്യഭാഗം നാളെ പോസ്റ്റു ചെയ്യുന്നതാണ്.

ഈ സദ്ഗ്രന്ഥത്തിൻറെ  പാരായണം ഏവർക്കും  വലിയൊരു  ആത്മീയാനുഭവമായിത്തീരട്ടെ  എന്നും    മഗ്ദലനമറിയത്തെപ്പോലെ  നമ്മുടെ കർത്താവിൻറെ  പാദാന്തികത്തിൽ ഇരുന്നു   വചനം ശ്രവിക്കാനും അങ്ങനെ ‘ നല്ല ഭാഗം   തെരഞ്ഞെടുക്കാനും’  ഈ ഗ്രന്ഥം   സഹായകമാകട്ടെ എന്നും ആശംസിക്കുന്നു.

പ്രാർത്ഥനയോടെ 

ഡിവൈൻ മേഴ്‌സി ചാനൽ ടീം