പരിശുദ്ധ കന്യകാമറിയം – പ്രതീകങ്ങൾ


ബൈബിളില്‍ ഉല്പത്തിമുതല്‍ വെളിപാടുവരെ ആദ്യന്തം നിറസാന്നിദ്ധ്യമായി മറിയം നിലകൊള്ളുന്നുണ്ട്‌. പിതാക്കന്മാര്‍ ഈ സത്യം തിരിച്ചറിഞ്ഞിരുന്നു. വിശുദ്ധ അല്‍ഫോന്‍സ്‌ ഡാരെ പറയുന്നു: ‘പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷമായോ പരോക്ഷമായോ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ അദ്ധ്യായത്തിലും ഓരോ വാക്യത്തിലുമുണ്ട്‌. ഈ പ്രതികങ്ങളെല്ലാം മറിയം ആരെന്നും അവളുടെ ദൗത്യം എന്തെല്ലാമെന്നും നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. യുഗാന്തസഭയില്‍ മറിയം ഇനിയും കുടുതലായി വെളിപ്പെടാനിരിക്കുന്നു. വരും നാളുകളില്‍ മറിയം ചെയ്യാന്‍ പോകുന്ന മഹത്തായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ വിശുദ്ധഗ്രന്ഥ പ്രതികങ്ങള്‍ നമ്മെ സഹായിക്കും.


മറിയം: പറുദീസയും രണ്ടാം ഹവ്വയും കൃപാവരത്തിന്റെ നദിയും ജീവവൃക്ഷവും


എല്ലാത്തരം ഫലവൃക്ഷങ്ങളും നിറഞ്ഞ്‌ അനുഗൃഹീത തോട്ടമായ പറുദീസയാണ്‌ മറിയം. ആത്മാവിന്റെ എല്ലാ ഫലങ്ങളും അവളില്‍ പൂർണതയില്‍ കുടികൊള്ളുന്നു. ദൈവം തന്റെ സാന്നിദ്ധ്യം മനുഷ്യനു നല്കിയ ഇടമാണു പറുദീസ. പുതിയ പറുദീസയായ മറിയത്തില്‍ വന്നു പിറന്ന്‌ ദൈവം മനുഷ്യനോടൊപ്പമായിരിക്കുന്നു. കൃപാവരത്തിന്റെ നദികള്‍ അവളിലൂടെ പ്രവഹിക്കുന്നു. അവള്‍ ചുറ്റും കോട്ടകളാല്‍ സംരക്ഷിക്കപ്പെട്ട ഏദന്‍ തോട്ടമാണ്‌. ‘എല്ലാ വശത്തു നിന്നും അടച്ചു പൂട്ടപ്പെട്ടതും വഞ്ചനാത്മകമായ ഗൂഢാലോചനകളാല്‍ നശിപ്പിക്കപ്പെടാനാവാത്തതുമായ ഉദ്യാനമാണ്‌ (ഉത്ത 4:12) മറിയമെന്ന്‌ പിതാക്കന്മാര്‍ ധ്യാനിച്ചു’ (ഒന്‍പതാം പിയുസ്‌ പാപ്പ, അവരര്‍ണനിയനായ ദൈവം).ദൈവപിതാവ്‌ അനാദിയിലെ രൂപപ്പെടുത്തിയതാണ്‌ മറിയമെന്ന പറുദീസ. അവിടെ സര്‍പ്പത്തിന്‌ പ്രവേശനമില്ല. വിശുദ്ധ ലൂയി മോണ്‍ഫോര്‍ട്ട്‌ പറയുന്നു: ‘ദൈവപുത്രന്‍ അവളുടെ കന്യകോദരത്തില്‍ പുതിയ ആദം ഭൗമിക പറുദീസയില്‍ പ്രവേശിച്ചാലെന്നപോലെ ഇറങ്ങി വന്ന്‌ അവിടെ ആനന്ദം കണ്ടെത്തി.”


ആദിമ പറുദീസായില്‍ ആദത്തില്‍നിന്ന്‌ ഹവ്വയെ രൂപപ്പെടുത്തിയെങ്കില്‍ പുതിയ പറുദീസയില്‍ രണ്ടാം ഹവ്വയായ മറിയത്തില്‍നിന്ന്‌ രണ്ടാം ആദമായ മിശിഹായെ രൂപപ്പെടുത്തി. മറിയം രണ്ടാം ഹവ്വയാണ്‌. രക്ഷിക്കപ്പെട്ട മുഴുവന്‍ മാനവരാശിയുടെയും അമ്മയാണവള്‍. വിശുദ്ധ അഗസ്റിന്‍ പറയുന്നു: ‘ഹവ്വ തന്റെ അനുസരണക്കേടുവഴി വരുത്തിയ തിന്മയെ രണ്ടാം ഹവ്വയായ മറിയം അനുസരണത്താല്‍ പരിഹരിച്ചു.” വിശുദ്ധ എഫ്രേം പിതാവ്‌ ധ്യാനിക്കുന്നു: ‘ ഹവ്വ സര്‍പ്പത്തിന്റെ വാക്കുകള്‍ കാതുകളിലൂുടെ കേട്ട്‌ പാപത്തെ പ്രസവിച്ചു. മറിയം ദൈവദൂതന്റെ വാക്കുകള്‍ കാതുകളിലൃടെ കേട്ട്‌ രക്ഷയെ പ്രസവിച്ചു.” വിശുദ്ധ ഇരണേവസ്‌ സാക്ഷ്യപ്പെടുത്തുന്നു: ‘ഹവ്വയുടെ അനുസരണക്കേടിന്റെ കെട്ട്‌ മറിയത്തിന്റെ അനുസരണം വഴി അഴിക്കപ്പെട്ടു; കന്യകയായ ഹവ്വ അവിശ്വാസം മൂലം ബന്ധിച്ചത്‌ മറിയമെന്ന കന്യക വിശ്വാസം വഴി അഴിച്ചു.” ‘പാപത്തിന്റെ കെട്ടുകളഴിച്ചുകൊണ്ട്‌ മറിയം ജീവിക്കുന്നവരുടെയെല്ലാം മാതാവായിത്തീര്‍ന്നു’ എന്ന്‌ എപ്പിഫാനിയൂസ്‌ സാക്ഷിക്കുന്നു. വിശുദ്ധ ജറോം പറയുന്നു: മരണം ഹവ്വ വഴി, ജീവന്‍ മറിയം വഴി’ (രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍, തിരുസ്സഭ 56).


മറിയം നവീന പറുദീസയും രണ്ടാം ഹവ്വയും മാത്രമല്ല, അവള്‍ തന്നെയാണ്‌ ജീവന്റെ വൃക്ഷവും. അവളില്‍നിന്നുണ്ടായ ഫലമാണ്‌ നിത്യജീവന്‍ പ്രദാനം ചെയ്യുന്ന മിശിഹാ. മറിയമാകുന്ന ജീവ വൃക്ഷത്തിന്റെ ജീവദായക കനിയാണ്‌ ഈശോ. അവള്‍ തന്നെയാണ്‌ സ്വര്‍ഗ്ലീയ ജറുസലേമില്‍ നില്ക്കുന്ന ഇലകൊഴിയാത്ത വൃക്ഷം. ഒന്‍പതാം പിയുസ്‌ പാപ്പയുടെ വാക്കുകളില്‍ ‘അവളാണ്‌
നിര്‍മല പറുദീസ, ദൈവം തന്നെ നട്ടതും വിഷസര്‍പ്പത്തിന്റെ കെണിയില്‍നിന്ന്‌ സംരക്ഷിക്കപ്പെട്ടതുമായ അമര്‍ത്യതയുടെ വൃക്ഷം. അവളാണ്‌ എന്നും നിര്‍മലവും പരിശുദ്ധാത്മ ശക്തിയാല്‍ മുദ്രിതവുമായ നീരുറവ, ഏറ്റം പരിശുദ്ധമായ ദൈവാലയം, അമര്‍ത്യതയുടെ നിക്ഷേപം, ജീവന്റെ പുത്രി, ദൈവകൃപയുടെ വാടാത്തതും ഇലകൊഴിയാത്ത തുമായ വൃക്ഷം’ (ഒന്‍പതാം പിയുസ്‌ പാപ്പ, അവര്‍ണനിീയനായ ദൈവം). ലെയോ പതിമുന്നാം പാപ്പായുടെ വാക്കുകളില്‍ ‘പറുദീസയിലെ മിസ്റ്റിക്കല്‍ റോസ്‌ ആണ്‌ മറിയം’ (ലെയോ 13, ദൃഢവിശ്വാസവും
ഭക്തിയും 2).

ആദിമ പറുദീസയുടെ പൂര്‍ത്തികരണമാണ്‌ മറിയമെങ്കില്‍ നിശ്ചയമായും അവള്‍ക്ക്‌ വരാനിരിക്കുന്ന സ്വര്‍ഗ്ഗീയ ജറുസലേമിനോട്‌ അവിഭാജ്യമായ ബന്ധമുണ്ട്‌ എന്നതു
തീര്‍ച്ച.


നോഹയുടെ രക്ഷാപേടകവും സമാധാനത്തിന്റെ പ്രാവും ഉടമ്പടിയുടെ മഴവില്ലും മറിയം തന്നെ


പ്രളയനാളുകളില്‍ ദൈവം നല്കിയ രക്ഷാകേന്ദ്രമാണ്‌ നോഹയുടെ പേടകം. പാപം പെരുകുകയും പ്രപഞ്ചം ദുരിതത്തിലാവുകയും ചെയ്യുമ്പോള്‍ മാനവരാശിക്ക്‌ രക്ഷാസാധ്യതയാണ്‌ മറിയം. അന്ത്യകാലം നോഹയുടെ ദിവസങ്ങള്‍ പോലെ ആയിരിക്കും എന്ന്‌ ഈശോ മുന്നറിയിപ്പു നല്കിയിരിക്കുന്നു. അന്ത്യനാളുകളില്‍ ദൈവം നല്കുന്ന രക്ഷാ പേടകമായിരിക്കും മറിയം. മറിയമാകുന്ന പെട്ടകത്തില്‍ അഭയം ഗമിക്കുന്നവര്‍ സുരക്ഷിതരായിരിക്കും. നോഹയുടെ പെട്ടകം ഒരിക്കലും തകരാത്തതും ജീര്‍ണത ഏല്ക്കാത്തതുമായ ഓഫേര്‍ മരം കൊണ്ടുള്ളതായിരുന്നു. ഇപ്രകാരം പാപത്തിന്റെ ജീര്‍ണത ഏല്ക്കാതെ നിലകൊള്ളുന്നവളാണ്‌ മറിയം. നോഹയുടെ പെട്ടകം എല്ലാത്തരം ജീവജാലങ്ങളെയും ഉള്‍ക്കൊണ്ടു. പേടകത്തില്‍ അവയൊക്കെയും പരസ്പരം കലഹിച്ചില്ല, ആക്രമിച്ചില്ല, സ്നേഹത്തില്‍ വസിച്ചു. സ്നേഹ കൂട്ടായ്മയായ പറുദീസാനുഭവത്തിലായിരുന്നു അവയൊക്കെയും കഴിഞ്ഞിരുന്നത്‌. മറിയം എല്ലാവരെയും, ക്രൂരരും കഠിനഹൃദയരുമായ പാപികളെപ്പോലും ഉള്‍ക്കൊള്ളുന്നവളാണ്‌. ഐക്യത്തിന്റെ പ്രതിക മായി മറിയം നിലകൊള്ളും. അവളാണ്‌ എക്യുമെനിസത്തിന്‌ വേദിയായിത്തിരുന്നവള്‍. നോഹയുടെ പെട്ടകം എല്ലാ മനുഷ്യരെയും ഉള്‍ക്കൊണ്ടില്ല. എന്നാല്‍ മറിയമാകട്ടെ മാനവരാശി മുഴുവനെയും ഉള്‍ക്കൊള്ളുന്നവളാണ്‌. അവളുടെ മാതൃത്വം എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നു.


നോഹയ്ക്ക്‌ സദ്വാര്‍ത്തയുമായി പറന്നെത്തിയ പ്രാവാണ്‌ മറിയം. പ്രാവ്‌ ഒലിവിന്‍കമ്പ്‌ കൊത്തിപ്പിടിച്ചിരുന്നു! ഒലിവിന്‍ശിഖരം സമാധാനത്തിന്റെ പ്രതികമാണ്‌. മറിയത്തിന്റെ പുത്രനായ മിശിഹായാണ്‌ സമാധാനരാജാവ്‌. സമാധാനരാജാവിനെ നല്കിയവളാണ്‌ മറിയം. ശിക്ഷയുടെ കാലം അവസാനിച്ചു, സുരക്ഷിതസമയം വന്നുചേര്‍ന്നു എന്നറിയിക്കുകയായിരുന്നു പ്രാവ്‌. മറിയം നിര്‍വഹിച്ചതും ഇതുതന്നെ. വിശുദ്ധ ബെനവ ഞ്ചൂര്‍ പറയുന്നു: ‘ലോകത്തിന്‌ സമാധാനവും രക്ഷയും നഷ്ടപ്പെട്ടപ്പോള്‍ ദൈവത്തിന്റെ കൃപാസനത്തിങ്കല്‍ മധ്യസ്ഥത വഹിച്ച്‌ കൃപനേടിയെടുത്ത വിശ്വസ്തയായ പ്രാവാണ്‌ മറിയം.” വിശുദ്ധ എഫ്രേം പറയുന്നു: ‘ലോകം മുഴുവന്റെയും സമാധാന സംസ്ഥാപകയാണ്‌ മറിയം.” ഇതേവിധം തന്നെ വിശുദ്ധ ബേസിലും പറയുന്നു: ‘ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിലുള്ള സമാധാന സംസ്ഥാപകയാണ്‌ മറിയം. ദൈവം നോഹയുമായി ചെയ്ത ഉടമ്പടിയുടെ അടയാളമായിരുന്നു മഴവില്ല്‌. ആ ഉടമ്പടിയാകട്ടെ സകല ജനപദങ്ങളുമായുള്ള ഉടമ്പടിയായിരുന്നു. ഭൂവാസികളേവര്‍ക്കും ശാശ്വതരക്ഷയുടെ ഉടമ്പടിയുടെ അച്ചാരമായി ആകാശവിതാനത്ത്‌ വിരാജിക്കുന്ന മഴവില്ലാണ്‌ മറിയം. അവള്‍ സപ്തവര്‍ണങ്ങളാലും അലംകൃതയാണ്‌. പരിശുദ്ധാത്മാവിന്റെ ഏഴു വിശിഷ്ടദാനങ്ങളാണ്‌ ഈ സപ്തവര്‍ണരാജികള്‍. ശിക്ഷ അവസാനിച്ചതിന്റെയും ദൈവം കാണിച്ച കാരുണ്യ ത്തിന്റെയും അടയാളമായി മഴവില്ലും മറിയവും നിലകൊള്ളുന്നു. സിയന്നായിലെ വിശുദ്ധ ബര്‍ണാദിന്‍ പറയുന്നു: ‘ദൈവം നോഹയുമായി നടത്തിയ ഉടമ്പടിയുടെ അടയാളമായി സ്ഥാപിച്ച മഴവില്ല്‌ മറിയം തന്നെ. യോഹന്നാന്‍ സ്ലീഹായ്ക്കു ലഭിച്ച സ്വര്‍ഗദര്‍ശനത്തില്‍ സ്വര്‍ഗ്ഗീയ സിംഹാസനത്തിനു ചുറ്റും പ്രത്യക്ഷമായ മഴവില്ല്‌ (വെളി 4:3) മറിയത്തെ പ്രതിബിംബിപ്പിക്കുന്നു.


മറിയമാണ്‌ നവിന സമാഗമകൂടാരം


പുറപ്പാട്‌ ഗ്രന്ഥം 33:7ല്‍ നാം വായിക്കുന്ന സമാഗമകൂടാരത്തെക്കുറിച്ചുള്ള വിവരണം മറിയത്തെ പ്രതിഫലിപ്പിക്കുന്നു. കര്‍ത്താവ്‌ പ്രത്യക്ഷപ്പെടുന്നിടം, കര്‍ത്താവ്‌ തന്റെ ഹിതം ജനത്തെ അറിയിക്കുന്നിടം, ദൈവസാന്നിദ്ധ്യം കുടികൊള്ളുന്ന മഹനീയസ്ഥലം ഇവജയെല്ലാമായിരുന്നു പഴയനിയമത്തില്‍ സമാഗമകൂടാരമെങ്കില്‍ പുതിയനിയമത്തില്‍ അത്‌ മറിയം തന്നെയാണ്‌. കൂടാരത്തില്‍ ദൈവസാന്നിദ്ധ്യത്തിന്റെ മേഘം ആവരണം ചെയ്യുന്നതുപോലെ മറിയത്തില്‍ പരിശുദ്ധാത്മാവ്‌ ആവരണം ചെയ്തു വന്നിറങ്ങി. പഴയനിയമത്തില്‍ അത്യുന്നതന്‍ ജനത്തോടൊപ്പം വസിക്കാന്‍ കൂടാരം തീര്‍ത്തെങ്കില്‍ പുതിയ നിയമത്തില്‍ പരിശുദ്ധ കന്യകാമറിയത്തിലാണ്‌ ദൈവം കുടാരം തീര്‍ത്ത്‌ വസിച്ചത്‌. കൂടാരത്തിലുള്ള ദൈവസാന്നിദ്ധ്യം താത്ക്കാലികവും, വരികയും പോവുകയും ചെയ്യുന്നതുമായിരുന്നെ ങ്കില്‍ മറിയത്തെ അവിടുന്ന്‌ സ്ഥിര വാസസ്ഥലമാക്കി. ക്രീറ്റിലെ വിശുദ്ധ ആന്‍ഡ്രൂ പറയുന്നു: ‘ദൈവം പഴയ നിയമത്തില്‍ കൂടാരത്തില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിച്ചതുപോലെ ഇന്ന്‌ മറിയമാകുന്ന കൂടാരത്തില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കുന്നു.

അഗ്നിജ്വലിച്ചിട്ടും കത്തിയെരിയാത്ത മുള്‍പ്പടര്‍പ്പാണ്‌ മറിയം


ഹോറെബിലെ മുള്‍പ്പടര്‍പ്പില്‍ ദൈവം അഗ്നിയുടെ രൂപത്തില്‍ മോശയ്ക്ക്‌ ദര്‍ശനം നല്കി ഇസ്രായേലിന്റെ വിമോചന സന്ദേശം അറിയിച്ചു. മുള്‍പ്പടര്‍പ്പിന്റെ മധ്യേ അഗ്നി ജ്വലിച്ചിട്ടും മുള്‍പ്പടര്‍പ്പ്‌ കത്തിയെരിഞ്ഞില്ല (പുറ 3: 1-10).. ഇപ്രകാരം ദൈവസാന്നിദ്ധ്യം നിറഞ്ഞിട്ടും എരിയാതെ നിന്നവളാണ്‌ മറിയം. അവളിലുടെയാണ്‌ മാനവരാശിയുടെ വിമോചനദൗത്യം ദൈവം നിര്‍വഹിക്കുന്നത്‌. അവള്‍ പരമ പരിശുദ്ധയായിരിക്കുകയാല്‍ അഗ്നിയെ സമീപിക്കാന്‍ യോഗ്യതയുളളവളായിരുന്നു “പാപത്തിന്റെ ചെരിപ്പ്‌ അഴിച്ചുമാറ്റാന്‍ അവളില്‍ പാപമില്ലായിരുന്നു! ഒന്‍പതാം പിയൂസ്‌ പാപ്പ പ്രസ്താവിക്കുന്നു: ‘മോശ വിശുദ്ധ സ്ഥലത്തുകണ്ട മുള്‍പ്പടര്‍പ്പിലും പിതാക്കന്മാര്‍ മറിയത്തിന്റെ പ്രതിരൃപം കണ്ടു. ആ മുള്‍പ്പടര്‍പ്പ്‌ എല്ലാ വശത്തും കത്തി ജ്വലിക്കുന്നതായിരുന്നു. അതാകട്ടെ അഗ്നിയില്‍ ദഹിച്ചില്ല’ അവര്‍ണനീയനായ ദൈവം).


മറിയം: അഗ്നിസ്തംഭവും മേഘവിരിപ്പും


ഇസ്രായേല്‍ ജനത്തിന്‌ മരുഭൂമിയിലൂടെ കാനാന്‍ നാട്ടിലേയ്‌ക്കുള്ള യാത്രയില്‍ സംരക്ഷണമായി ദൈവം നല്കിയ അഗ്നിസ്തംഭവും മേഘവിരിപ്പും മറിയത്തിന്റെ പ്രതീകമാണ്‌. രാത്രിയില്‍ അവര്‍ക്കു വഴി തെറ്റാതെ അഗ്നിസ്തംഭമായി മേഘം മുന്‍പേ പോയിരുന്നു. പകല്‍ അവര്‍ക്ക്‌ സുസൂര്യതാപമേല്ക്കാതെ മേഘവിരിപ്പായി തണലേകി. പുതിയ ദൈവജനത്തിന്‌ മറിയം ഈ വിധം സംരക്ഷണം നല്കുകയും വഴി കാണിക്കുകയും ചെയ്യുന്നു.


സെന്റ്‌ ലോറന്‍സിലെ റിച്ചാര്‍ഡ്‌ ഇങ്ങനെ കുറിക്കുന്നു: ‘പകല്‍ മേഘമായും രാത്രി അഗ്നിയായും പ്രത്യക്ഷപ്പെട്ട്‌ ഇസ്രായേലിനെ നയിച്ച സ്തംഭം പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതീകമാണ്‌. മേഘവിരിപ്പുപോലെ നിന്നു കൊണ്ട്‌ അവള്‍ ദൈവനീതിയുടെ കഠിന ചൂടില്‍നിന്ന്‌ നമുക്ക്‌ സംരക്ഷണം നല്കുന്നു. അഗ്നിപോലെ അവള്‍ പിശാചുക്കള്‍ക്കെതിരെ നിന്ന്‌ നമ്മെ പ്രതിരോധിക്കുന്നു.’


മറിയമാണ്‌ നവീന വാഗാനപേടകം


ദൈവജനത്തോടൊപ്പം ദൈവം വസിച്ചിരുന്ന ഇടമായിരുന്നു വാഗ്ദാനപേടകം. അതിലാണ്‌ പത്തുകല്ലനകള്‍ എഴുതിയ ഫലകങ്ങളും അഹറോന്റെ പൌാരോഹിത്യദണ്ഡും സ്വര്‍ഗീയ മന്നയും സൂക്ഷിക്കപ്പെട്ടിരുന്നത്‌. ദൈവവും ഇസ്രായേലും തമ്മിലുള്ള ഉടമ്പടിയുടെ അടയാളവുമായിരുന്നു പേടകം.


മറിയമാണ്‌ നവിനപേടകം.

അവളില്‍ വചനം മാംസമുടുത്ത്‌ ദൈവം വാസം ചെയ്തു. അവള്‍ ന്യായപ്രമാണങ്ങളുടെ പൂര്‍ത്തികരണങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച്‌ സൂക്ഷിച്ചു. വചനം തന്നെയായ മിശിഹായെ ഉദരത്തില്‍ സൂക്ഷിച്ചു. അഹറോനെക്കാള്‍ ശ്രേഷ്ഠനായ പുതിയനിയമപുരോഹിതനെ അവള്‍ ഉദരത്തില്‍ വഹിച്ചു. അവള്‍ പുതിയ രക്ഷാസാന്നിദ്ധ്യവും ഉടമ്പടിയുടെ അടയാളവുമാണ്‌. മന്നയ്ക്കു പകരം ജീവദാതാവായ ദിവ്യകാരുണ്യ നാഥനെ അവള്‍ വഹിച്ചു.


ഒരിക്കലും അഴുകാത്ത കരുവേലകമരം കൊണ്ട്‌ നിര്‍മ്മിതമായിരുന്നു വാഗ്ദാന പേടകം. മറിയം ജീര്‍ണത അറിയാത്തവളായി, അമലോത്അഭവയായി, നിത്യകന്യകയായി, സ്വര്‍ഗാരോപിതയായി നിലകൊള്ളുന്നു. ഓബദ്‌ ഏദോമിന്റെ ഭവനത്തെ കര്‍ത്താവിന്റെ വാഗ്ദാനപേടകം സന്ദര്‍ശിച്ചപ്പോള്‍ ഒട്ടനവധി അനുഗ്രഹങ്ങളാല്‍ ആ ഭവനത്തെ സമ്പന്നമാക്കി. മറിയത്തിന്റെ സാന്നിധ്യം ദൈവാനുഗ്രഹങ്ങള്‍ എത്തിച്ചുതരുന്നതാണ്‌. സഖറിയായുടെയും എലിസബത്തിന്റെയും ഭവനം അവളുടെ ദിവ്യസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമായി.


ഇസ്രായേല്‍ ജനം വാഗ്ദാനപേടകവും വഹിച്ചുകൊണ്ട്‌ സൈന്യനിരകളെ നേരിട്ടു. യുദ്ധത്തില്‍ വിജയം നേടി. ജറിക്കോ കോട്ട തകര്‍ത്തു. പുതിയ ദൈവജനത്തിന്‌ ശത്രുക്കളെ, സാത്താന്റെ കോട്ടകളെ തകര്‍ക്കാനുള്ള ഉറപ്പാര്‍ന്ന സാന്നിദ്ധ്യമാണ്‌ മറിയം. അവളിലൂടെ സഭ യുഗാന്തയുദ്ധത്തില്‍ വിജയം വരിക്കും. കൊര്‍ണേലിയൂസ്‌ ലാപ്പിഡേ പ്രസ്താവിക്കുന്നു: ‘പിശാചുക്കളുടെമേലും ശത്രുസൈന്യങ്ങളുടെമേലും വിജയം വരിക്കുന്ന അനുഗൃഹിതകന്യകയായ മറിയമാകുന്ന പേടകത്തിലാണ്‌ ക്രിസ്തുവാകുന്ന മന്ന സൂക്ഷിക്കപ്പെട്ടിരിക്കുന്നത്‌.


‘കര്‍ത്താവിന്റെ പേടകം എന്റെ അടുത്തുവന്നാല്‍ എന്തു സംഭവിക്കും? എന്ന്‌ ഭയവും ഉത്കണ്ഠയും നിറഞ്ഞ്‌ ദാവിദു ചോദിച്ചെങ്കില്‍ മറിയം ഭവനത്തിലെത്തിയപ്പോള്‍ എലിസബത്ത്‌ ഉദ്‌ഘോഷിച്ചു: “കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” മൂന്നു മാസ ക്കാലം വാഗ്ദാനപേടകം ഓബദ്‌ ഏദോ മിന്റെ ഭവനത്തിലായിരുന്നതുപോലെ മറിയം മൂന്നു മാസക്കാലം സഖറിയായുടെ ഭവനത്തില്‍ അനുഗ്രഹമായി വസിച്ചു. (2 സാമു 6:9-11; ലൂക്കാ 1:39-56). ദാവിദ്‌ കര്‍ത്താവിന്റെ പേടകത്തിനുമുമ്പില്‍ ആനന്ദനൃത്തം ചെയ്തു, മറിയത്തിന്റെ സന്ദര്‍ശനവേയില്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു സന്തോഷത്താല്‍ കുതിച്ചുചാടി. ഈ വിധം മറിയം യഥാര്‍ത്ഥ വാഗ്‌ദത്ത പേടകമായി നിലകൊള്ളുന്നു.


ഇസ്രായേല്‍ജനത്തിന്‌ ജോര്‍ദാന്‍ നദി കടക്കാന്‍ പുരോഹിതന്മാര്‍ വാഗ്ദാനപേടകം വഹിച്ചുകൊണ്ട്‌ ജോര്‍ദ്ദാനില്‍നിന്നു; ജനം സുരക്ഷിതമായി മറുകരയെത്തി. യുഗാന്തസഭ മറിയമാകുന്ന വാഗ്ദാനപേടകത്തോടൊപ്പമായിരിക്കണം സ്വാർഗീയയാത്ര ചെയ്യാന്‍ എന്നു വ്യക്തം. യോഹന്നാ൯ന്‍ശ്മീഹാ വെളിപാടു ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നതു പോലെ സ്വര്‍ഗീയ ജറുസലേമില്‍ പ്രത്യക്ഷമാകാനിരിക്കുന്ന പുതിയ വാഗ്ദാന പേടകം മറിയം തന്നെ.


വിശുദ്ധനഗരവും സിംഹാസനവും സിയോന്‍ പുത്രിയും ദൈവാലയവും
മറിയംതന്നെ


‘കര്‍ത്താവ്‌ വിശുദ്ധ നഗരിയില്‍ തന്റെ നഗരം സ്ഥാപിച്ചു. യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സിയോന്റെ കവാടങ്ങളെ അവിടുന്ന്‌ സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു. സകലരും ഇവിടെ ജനിച്ചവരാണ്‌ എന്ന്‌ സിയോനെ പറ്റി പറയും. അത്യുന്നതന്‍തന്നെയാണ്‌ അവളെ സ്ഥാപിച്ചത്‌… എന്റെ ഉറവകള്‍ നിന്നിലാണ്‌ എന്ന്‌ ഗായകരും നര്‍ത്തകരും ഒന്നുപോലെ പാടും’ (സങ്കി 87:1-7|). ഈ തിരുവചനത്തിന്റെ പൂര്‍ത്തികരണം നാം മറിയത്തില്‍ ദര്‍ശിക്കുന്നു.


കര്‍ത്താവു സ്ഥാപിച്ചു നഗരമാണ്‌ മറിയം. അവളാണ്‌ സിയോന്‍. മഹത്തായ കാര്യങ്ങള്‍ അവളെക്കുറിച്ചാണ്‌ പറയപ്പ്പെട്ടിരിക്കുന്നത്‌.


‘എല്ലാ തലമുറയും ഭാഗ്യവതി എന്ന്‌ പ്രകീര്‍ത്തിക്കുന്നത്‌ അവളെയാണ്‌. എല്ലാവരും അവളില്‍നിന്നു ജനിച്ചവരാണ്‌. അവളെ സുസ്ഥാപിതയും മഹനീയയുമാക്കിയത്‌ ദൈവം തന്നെയാണ്‌. ജറുസലേമിന്റെ അനുഗൃഹിത പുത്രിയാണ്‌ മറിയം. കൃപാവരത്തിന്റെ നിർദ്ധരികൾ അവളില്‍നിന്നാണ്‌ പ്രവഹിക്കുന്നത്‌. രാജാവിന്‌ ഇരിപ്പിടമായി നിലകൊള്ളുന്ന സിംഹാസനവും മറിയം തന്നെ.


ദൈവത്തിന്റെ വാസസ്ഥലമായി സോളമന്‍ നിര്‍മിച്ച ആലയം മറി യത്തിന്റെ പ്രതീകമാണ്‌. അവളിലാണ്‌ ദൈവമഹത്വം നിഴല്‍വിരിച്ചത്‌. അവളാണ്‌ വിശ്വാസത്തില്‍ ജനപദങ്ങളെ
ചേര്‍ത്തുനിര്‍ത്തുന്നത്‌. വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പറയുന്നു: ‘ഓ ദൈവപുത്രാ അവിടുത്തെ കൂടാരങ്ങള്‍ എത്ര മധുരതരം! കുരുവി അതിനു വസിക്കാന്‍ ഒരു വീടും ചെങ്ങാലി തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു കൂടും കണ്ടെത്തി (സങ്കി 84:1). മറിയമാകുന്ന ഭവനത്തില്‍ വസിക്കുന്ന മനുഷ്യന്‍ എത്ര ഭാഗ്യവാന്‍. ദൈവമേ അങ്ങാണല്ലോ അവിടെ ആദ്യമായി വസിച്ചത്‌. അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം. അത്യുന്നതന്റെ വാസസ്ഥലം പരിശുദ്ധമാകുന്നു,
അത്‌ മറിയമാകുന്നു.’


ഒന്‍പതാം പിയൂസ്‌ പാപ്പ പ്രസ്താവിക്കുന്നു: “വിശുദ്ധ പര്‍വതങ്ങളില്‍ അടിസ്ഥാനമുറപ്പിച്ച, തിളങ്ങുന്ന ദൈവനഗരമാണ്‌ മറിയം എന്ന്‌ പിതാക്കന്മാര്‍ കണ്ടു’ (സങ്കി 87:1-7).


ഏറ്റം പരിശുദ്ധ ദൈവലായത്തിലും അവര്‍ മറിയത്തിന്റെ പ്രതീകം ദര്‍ശിച്ചു. ദൈവാലയം ദൈവികവപ്രഭകൊണ്ട്‌ പ്രകാശം ചൊരിയുന്നതും ദൈവമഹത്വം കൊണ്ട്‌ നിറഞ്ഞതുമായിരുന്നു’ (ഏശ 6:1-4). (അവര്‍ണനിയനായ ദൈവം)


ഭൂസ്വര്‍ഗങ്ങളെ തൊട്ടുനില്ക്കുന്ന ഗോവണിയും സ്വര്‍ഗകവാടവുമാണ്‌ മറിയം


ഭൂമിയില്‍നിന്നുയര്‍ന്ന്‌ സ്വര്‍ഗത്തെ തൊട്ടുനില്ക്കുന്ന ഗോവണിയാണ്‌ പരിശുദ്ധ കന്യകാമറിയം. അവളിലൂടെ ദൈവപുത്രന്‍ ഭൂമിയിലേയ്ക്കിറങ്ങി. അവളിലൂടെ മനുഷ്യമക്കള്‍ സ്വര്‍ഗത്തിലേയ്ക്ക്‌ കയറുകയും ചെയുന്നു. ‘യാക്കോബു കണ്ടതും ഭൂമിയില്‍നിന്ന്‌ സ്വര്‍ഗത്തില്‍ മുട്ടിനില്ക്കുന്നതുമായ ഗോവണിയില്‍ സഭാ പിതാക്കന്മാര്‍ മറിയത്തിന്റെ പ്രതിരൂപം കണ്ടു. ആ ഗോവണിയുടെ പടികളിലൂടെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. അതിന്റെ മുകളില്‍ കര്‍ത്താവുതന്നെ ചാരിക്കിടക്കുകയും ചെയ്തിരുന്നു’ ഒന്‍പതാം പിയുസ്‌, അവര്‍ണനിയനായ ദൈവം). വിശുദ്ധ അത്തനാസിയൂസ്‌ പ്രഘോഷിക്കുന്നു: ‘അമ്മേ അങ്ങ്‌ കൃപ നിറഞ്ഞവളാണ്‌. ഞങ്ങള്‍ക്ക്‌ അങ്ങ്‌ രക്ഷയുടെ മാര്‍ഗമാണ്‌. സ്വര്‍ഗത്തിലേയ്ക്കു കയറാനുള്ള
ഗോവണിയാണ്‌.’ വിശുദ്ധ പിറ്റര്‍ ഡാമിയന്റെ വാക്കുകള്‍ ഇങ്ങനെ: ‘പരിശുദ്ധ കന്യകാമറിയം സ്വര്‍ഗത്തിന്റെ ഗോവണിയാണ്‌. മനുഷ്യര്‍ ആ ഗോവണിയിലൂടെ സ്വര്‍ഗപ്രവേശനം സാധ്യമാക്കുന്നു. ദൈവം സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേയ്ക്കിറങ്ങിയതും അവളിലൂടെത്തന്നെ.’ വിശുദ്ധ ലോറന്‍സ്‌ ജസ്റ്റീനിയന്‍ പ്രസ്താവിക്കുന്നു: ‘പരിശുദ്ധ കന്യ കാമറിയം ദൈവകൃപ നിറഞ്ഞവളായിരിക്കുകയാല്‍ അവള്‍ പറുദിസയുടെ ഗോവണിയും ലോകത്തിന്റെ അഭിഭാഷകയും ദൈവതിരുമുമ്പില്‍ മനുഷ്യരുടെ മധ്യസ്ഥയുമാണ്‌.’


മറിയം ഗോവണിമാത്രമല്ല, സ്വര്‍ഗരഥവും സ്വര്‍ഗകവാടവും കൂടിയാണ്‌. വിശുദ്ധ ബര്‍ണാര്‍ഡ്‌ പറയുന്നു: ‘പരിശുദ്ധ മറിയം ഗോവണി മാത്രമല്ല, അവള്‍ സ്വര്‍ഗരഥം കൂടിയാണ്‌. മരിയഭക്തര്‍ ആ രഥത്തില്‍ സ്വര്‍ഗത്തിലേയ്ക്ക്‌ പ്രവേശിക്കുന്നു.” വിശുദ്ധ അംബ്രോസ്‌ പഠിപ്പിക്കുന്നു: ‘ഓ പരിശുദ്ധ മറിയമേ, സ്വര്‍ഗിയ കവാടങ്ങള്‍ ഞങ്ങള്‍ക്കായി തുറക്കണമേ, അല്ല, അങ്ങുതന്നെയാണല്ലോ സ്വര്‍ഗകവാടം.” യുഗാന്തസഭ യ്ക്ക്‌ സ്വര്‍ഗത്തിലേയ്ക്ക്‌ പ്രവേശനം സാധ്യമാക്കുന്ന ഗോവണി മറിയമായിരിക്കും.


മറിയമാണ്‌ ചന്ദ്രന്‍, മറിയമാണ്‌ പ്രകാശതാരം,മറിയം തന്നെ സൂര്യനും

‘ദൈവം രണ്ടു മഹാദീപങ്ങള്‍ സ്ഥാപിച്ചു. പകലിനെ ഭരിക്കാന്‍ വലുത്‌, സൂര്യന്‍;
രാത്രിയെ ഭരിക്കാന്‍ ചെറുത്‌, ചന്ദ്രന്‍’ (ഉല്ല 1:16). ഇതിനെക്കുറിച്ച്‌ കര്‍ദ്ദിനാള്‍ ഹ്യൂഗോ പറയുന്നു: ‘ദൈവകൃപയില്‍ ജീവിക്കുന്ന നീതിന്മാരെ പ്രകാശിപ്പിക്കുന്ന സൃര്യന്‍ ഈശോമിശിഹാ തന്നെ. പാപാന്ധകാരത്തില്‍ കഴിയുന്ന പാപികള്‍ക്ക്‌ പ്രകാശം പകരുന്ന മറിയത്തിന്റെ പ്രതിരൂപമാണ്‌ ചന്ദ്രന്‍.” വിശുദ്ധ ബെനവഞ്ചൂര്‍ പറയുന്നു: ‘എന്തെന്നാല്‍ അവള്‍ ചന്ദ്രനെപ്പോലെ സൌയന്ദര്യവതിയാണ്‌’എന്ന ഉത്തമഗീത ത്തിലെ വചനം (ഉത്ത 6:10) മറിയത്തെക്കുറിച്ചാണ്‌. ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ ആയിരിക്കുന്നതുപോലെ മറിയം ദൈവത്തിനും പാപികളായ നമുക്കുമിടയില്‍ നിന്നുകൊണ്ട്‌ ദൈവകോപം ശമിപ്പിക്കുന്നു.”


മറിയം ഉഷകാലതാരമാണ്‌. പ്രഭാതത്തിനുമുമ്പ്‌ ആകാശവിതാനത്തില്‍
ഉദിച്ചുയര്‍ന്ന്‌ അത്‌ സൂര്യന്റെ ആഗമനം അറിയിക്കുന്നതുപോലെ ഈശോമിശിഹായാകുന്ന നിതിസൃര്യന്റെ ആഗമനം അറിയിച്ച്‌ മുന്‍പേ വന്നവളാണ്‌ മറിയം. ഓരോ ആത്മാവിന്റെ കാര്യത്തിലും വിശ്വാസത്തിന്റെയും വിശുദ്ധീകരണ ത്തിന്റെയും മേഖലയില്‍ ഈ വസ്തുത സത്യമാണ്‌. ഈശോ ഉദയം ചെയ്യുന്നതിനുമുന്‍പ്‌ മറിയം വരണം.


മറിയം സമുദ്രതാരമാണ്‌. സമുദ്രസഞ്ചാരികള്‍ക്ക്‌ ദിശ അറിയിച്ചുകൊണ്ട്‌ വഴികാട്ടിയായി നില്ക്കുന്ന നക്ഷത്രമാണ്‌ മറിയം. വിശുദ്ധ ബര്‍ണാര്‍ഡ്‌ ഉദ്‌ബോധിപ്പിക്കുന്നു: ‘കൊടുങ്കാറ്റിനാല്‍ തകര്‍ക്കപ്പെടാന്‍ നീ ആഗ്രഹിക്കു ന്നില്ലെങ്കില്‍ പരിശുദ്ധ മറിയമാകുന്ന ഈ നക്ഷത്രത്തിനു നേരെ തിരിഞ്ഞ്‌ സഹായം അപേക്ഷിച്ചുകൊള്ളുക.’


മറിയം സൂര്യന്‍തന്നെ!

വിശുദ്ധ പീറ്റര്‍ ഡാമിയന്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ‘സൃര്യന്‍ അതിന്റെ ശോഭയില്‍ നക്ഷത്രങ്ങളെ പിന്നിലാക്കുന്നതു വഴി സൂര്യന്റെ സാന്നിദ്ധ്യത്തില്‍ നക്ഷത്രങ്ങള്‍ കാണപ്പെടാത്തതുപോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മഹനീയ വിശുദ്ധി സ്വര്‍ഗനഭസ്സിലെ എല്ലാ താരാഗണങ്ങളെയും അതിശയിക്കുന്നു.


വിശുദ്ധ ബര്‍ണാര്‍ഡിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘സൃര്യന്‍ ഈ ലോകത്ത്‌ ഉദിച്ചുയരുന്നില്ലെങ്കില്‍ അന്ധകാരത്തിന്റെയും ഭീകരതയുടെയും അരക്ഷിതാവസ്ഥയിലല്ലാതെ ലോകം മറ്റെന്തിലെങ്കിലും ആയിരിക്കുമോ? ഈ സൗരയുഥം എടുത്തുമാറ്റിയാല്‍ അന്ധകാരമല്ലാതെ വേറെ എന്താണ്‌ അവശേഷിക്കുന്നത്‌? ഒരാത്മാവിന്‌ പരിശുദ്ധമറിയത്തോടുള്ള ഭക്തി നഷ്ടപ്പടുമ്പോള്‍ ആ ആത്മാവ്‌ പൂര്‍ണമായും അന്ധകാരത്തിന്റെ തടവറയിലായിരിക്കും.


യുഗാന്തസഭയ്ക്ക്‌ മറിയം പ്രകാശതാരവും സുര്യനും ചന്ദ്രനുമായിരിക്കും.
അവളായിരിക്കും സഭയ്ക്ക്‌ ഇരുളിന്റെ ദിനങ്ങളില്‍ മാര്‍ഗദീപമായി വര്‍ത്തിക്കുക.

മറിയം: ഒരിക്കലും വറ്റാത്ത നീരുറവ


കൃപാവരം ആത്മാവിലേയ്ക്ക്‌ ഒഴുക്കാന്‍ കഴിവുള്ള നീര്‍ച്ചാലാണ്‌ മറിയം. ലെയോ പതിമൂന്നാം പാപ്പ ഉദ്ബോധിപ്പിക്കുന്നു: ‘ദൈവത്തിന്റെ പദ്ധതി പ്രകാരം ഉദ്ഭവിച്ച നിരുറവയേ നിനക്കു സ്വസ്തി. നിന്നില്‍നിന്നുള്ള നദികള്‍ സത്യ വിശ്വാസത്തിന്റെ ശുദ്ധവും അപങ്കിലവുമായ തിരമാലകള്‍ക്കുമീതെ പ്രവഹിച്ചുകൊണ്ട്‌ അബദ്ധ വിശ്വാസത്തിന്റെ സൈന്യനിരകളെ ആട്ടിപ്പായിക്കുന്നുവല്ലോ.’ പുറപ്പാടു ഗ്രന്ഥത്തില്‍ നാം കാണുന്നതുപോലെ ഹോറെബിലെ പാറയില്‍നിന്നു പുറപ്പെട്ട ഉറവയാണ്‌ മറിയം. കര്‍ത്താവ്‌ നില്ക്കുന്ന പാറയായിരുന്നു അത്‌. കര്‍ത്താവു ജലംനല്കുന്ന പാറയുമാണത്‌. (പുറ 17:6-8). മറിയത്തിന്റെ പ്രതീകമാണ്‌ ഈ പാറ. ഇതാ മറ്റൊരുദ്ദാഹരണം: ബര്‍ത്തൃവിയ നഗരത്തിന്റെ അധികാരം സ്വന്തമാ ക്കാനായി അതിലേയ്ക്കുള്ള നീര്‍ച്ചാല്‍ നശിപ്പിക്കാനായി കല്പന കൊടുത്ത ഹോളോഫര്‍ണസിനെപ്പോലെ പിശാചുക്കള്‍ മരിയഭക്തി ആത്മാക്കളില്‍നിന്ന്‌ കെടുത്താന്‍ എല്ലാ ശക്തിയും ഉപയോഗിക്കും. എന്തെന്നാല്‍ കൃപയുടെ നീര്‍ച്ചാല്‍ അടയ്ക്കപ്പെട്ടാല്‍ സാത്താന്‍ ആത്മാക്കളുടെമേല്‍ എളുപ്പം ആധിപത്യം ഉറപ്പിക്കാന്‍ കഴിയും.


അഭയനഗരമാണ്‌ മറിയം


അജ്ഞതയാല്‍ മാരകപാപം ചെയ്തവരെ ദൈവജനത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താനായി മോശ കല്ലിച്ചപ്രകാരം അഭയനഗരങ്ങള്‍ അഥവാ സങ്കേതനഗരങ്ങൾ സ്ഥാപിക്കുകയുണ്ടായി (സംഖ്യ
35: 95-15; നിയമ 19: 1-10). ദൈവജനത്തിന്റെ വിശുദ്ധി പാലിക്കാന്‍വേണ്ടിയായിരുന്നു ഇപ്രകാരം പാപികളെ അകറ്റി നിര്‍ത്തിയത്‌. ഈ അഭയനഗരങ്ങള്‍ മറിയത്തിന്റെ പ്രതികമാണ്‌. അവളാണ്‌ പാപികളുടെ സങ്കേതം.


വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പഠിപ്പിക്കുന്നു: “മറിയം നമുക്ക്‌ അഭയ നഗരമാണ്‌. എല്ലാവിധ പാപികള്‍ക്കും അവളില്‍ അഭയം കണ്ടെത്താന്‍ കഴിയുന്നു.” അദ്ദേഹം തുടരുന്നു: ‘നമ്മള്‍ കര്‍ത്താവിനോട്‌ കൃപയും പാപമോചനവും യാചിക്കാന്‍ ഭയവും ലജജയുമുള്ളവരാണെങ്കില്‍ മറിയമെന്ന സങ്കേതത്തില്‍ പ്രവേശിച്ച്‌ നിശബ്ദരായിരുന്നാല്‍ മതി. അവള്‍ നമുക്കു വേണ്ടി സംസാരിച്ചുകൊള്ളും.’ ജറെമിയ 8:14ല്‍ നാം ഇതു വായിക്കുന്നു: ‘നിങ്ങള്‍ ഒരുമിച്ചുകൂടുവിന്‍. പ്രതിരോധിക്കപ്പെട്ട പട്ടണത്തില്‍ നമുക്കു പ്രവേശിക്കാം. അവിടെ നമുക്ക്‌ നിശബ്ദരായിരിക്കാം.’ ഇത്‌കന്യക മറിയമാകുന്ന നഗരത്തെക്കുറിച്ചാണെന്ന്‌ വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ട്‌ മാഗനുസ്‌ അഭിപ്രായപ്പെടുന്നു. ആകയാല്‍ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയോടു ചേര്‍ന്നു പറയാം: ‘ഓടുക, ആദമേ, ഓ ഹവ്വയേ ഓടുക. ദൈവത്തെ മുറിവേല്പിച്ച അവരുടെ മക്കളേ ഓടുക. മരച്ചുവട്ടിലേയ്ക്കല്ല, കന്യകാമറിയത്തിന്റെ മടിത്തട്ടിലേയ്ക്ക്‌ ഓടിക്കയറി അഭയം പ്രാപിക്കുക


റബേക്ക, റൂത്ത്‌, തെക്കോവയിലെ സ്ത്രീ,
മക്കബായ സ്ത്രീ


പഴയനിയമത്തില്‍ റബേക്ക പരിശുദ്ധ മറിയത്തെ പ്രതിഫലിപ്പിച്ചു നില്ക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ വിശുദ്ധ ബര്‍ണാര്‍ഡ്‌ പറയുന്നതു കേള്‍ക്കുക: ‘അമ്മേ അങ്ങ്‌ റബേക്കയേക്കാള്‍ ഓദാര്യവതിയാണ്‌. അവള്‍ അബ്രാഹത്തിന്റെ ഭൃത്യര്‍ക്കുമാത്രമല്ല ഒട്ടകങ്ങള്‍ക്കും ദാഹജലം നല്കി. എന്നാല്‍ അങ്ങ്‌ അബ്രാഹത്തിന്റെ സന്തതികള്‍ക്കുമാത്രമല്ല പാപികളായ ഏവര്‍ക്കും കരുണയുടെ ജലം പ്രദാനം ചെയുന്നു.”

വിശുദ്ധ ബെനവഞ്ചൂര്‍, റൂത്തിൽ മറിയത്തിന്റെ പ്രതീകം കാണുന്നു. കൊയ്ത്തുകാലത്ത്‌ കാലാപെറുക്കാനെത്തിയവളായിരുന്നു റൂത്ത്‌. ബോവാസ്‌ ഭൃത്യരോട്‌ പറഞ്ഞു: ‘അവള്‍
കറ്റകളുടെ ഇടയില്‍നിന്നു ശേഖരിച്ചു കൊള്ളട്ടെ. അവളെ ശകാരിക്കരുത്‌. കറ്റകളില്‍നിന്ന്‌ കുറേശ്ശെ വലിച്ചൂരി അവള്‍ക്ക്‌ പെറുക്കാന്‍ ഇടണം.അവളെ ശാസിക്കരുത്’
(റൃത്ത്‌ 2: 15). ഇപ്രകാരം പരിശുദ്ധ കന്യകാമറിയം സുവിശേഷവേലക്കാരുടെ അദ്ധ്വാനം സ്വീകരിക്കാതെ കഴിയുന്ന പാപികളെ രക്ഷിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്‌. ‘മാത്രവുമല്ല, റൂത്ത് എന്ന വാക്കിനര്‍ത്ഥം തന്നെ ‘കാണുക’, തിടുക്കത്തില്‍ പോവുക’ എന്നതാണ്‌. മറിയം നമുക്ക്‌ കൃപയുടെ സമയം തിടുക്കത്തിലാക്കുന്നവളാണ്‌. അവള്‍ നമ്മുടെ വേദനകളും ആവശ്യങ്ങളും കാണുന്നവളാണ്‌. കാനായിൽ അവള്‍ ആ ഭവനത്തിന്റെ ആവശ്യം കണ്ട്‌, കൃപ തിടുക്കത്തിലാക്കിയതുപോലെ ഓരോ വ്യക്തിജീവിതത്തിലും അത്‌ നിര്‍വഹിക്കുന്നു


വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി തെക്കോവയിലെ സ്ത്രീയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതീകം കാണുന്നു. സാമുവേലിന്റെ രണ്ടാം പുസ്തകത്തിലെ സംഭവം ഉദ്ധരിച്ചു
കൊണ്ട്‌ അദ്ദേഹം അതു വിവരിക്കുന്നു. ‘തെക്കോവയിലെ സ്ത്രീ വന്ന്‌ ദാവിദിനോട്‌ ഇങ്ങനെ അപേക്ഷിച്ചു: ഓ രാജാവേ, എനിക്ക്‌ രണ്ടു മക്കളുണ്ടായിരുന്നു. എന്റെ നിര്‍ഭാഗ്യംകൊണ്ട്‌ ഒരാള്‍ മറ്റേയാളെ കൊന്നു. തന്മൂലം എനിക്ക്‌ ഒരു പുത്രന്‍ നഷ്ടമായി. രാജനീതിപ്രകാരം എന്റെ അവശേഷിക്കുന്ന മകന്‍ വധ ശിക്ഷ അര്‍ഹിക്കുന്നു. ഈ ദരിദ്രയായ അമ്മയ്ക്ക്‌ രണ്ടു മക്കളും നഷ്ടപ്പെടുന്ന അവസ്ഥയായിരിക്കുന്നു. ദയവായി കരു ണത്തോന്നി, പാപിയെങ്കിലും ജീവിച്ചിരിക്കുന്ന മകനെ രക്ഷിക്കണമേ’ (2സാമു 14:4-18). ദാവിദ്‌ കരുണതോന്നി ആ സ്ത്രീയുടെ പാപിയായ മകനെ വിമോചിപ്പിച്ച്‌ അമ്മയ്ക്ക്‌ ഏല്പ്പിച്ചു കൊടത്തു. പരിശദ്ധമറിയം ദൈവസന്നിധിയില്‍ ഇപ്രകാരം യാചിക്കുന്നു: ‘എനിക്ക്‌ രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഒന്ന്‌ ഈശോയും മറ്റൊന്ന്‌ മനുഷ്യനും.


മനുഷ്യന്‍ എന്റെ ഈശോയെ കുരിശില്‍ തറച്ചു കൊന്നു. അവിടുത്തെ നീതിപ്രകാരം മനുഷ്യന്‍ മരണശിക്ഷയ്ക്ക്‌ അര്‍ഹനാണ്‌. ദൈവമേ, എന്റെ ഈശോ മരിച്ചു. എന്റെ മറ്റേ മകനായ മനുഷ്യനും എനിക്ക്‌ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്‌. എന്നോട്‌ അലിവായി
മനുഷ്യനെ രക്ഷിക്കണമേ.


മക്കബായ ഗ്രന്ഥത്തില്‍ നാം കാണുന്ന ധീരരക്തസാക്ഷിണിയായ സ്ത്രീ മറിയത്തിന്റെ പ്രതിരൃപമാണ്‌. തന്റെ ഏഴുമക്കളുടെ മരണം കാണുന്ന സ്ത്രീ ഏഴു വ്യാകുലങ്ങളാല്‍ ഹൃദയം പിളര്‍ക്കപ്പെട്ട മറിയത്തിനെ പ്രതീകമാണ്.

‘നിന്റെ അഭിഷേകതൈലം സുരഭിലമാണ്‌. നിന്റെ നാമം പകര്‍ന്ന തൈലം പോലെയാണ്‌’ (ഉത്ത 1:3) എന്ന വചനം മറിയത്തില്‍ അന്വര്‍ത്ഥമായിരിക്കുന്നു. മറിയമാണ്‌ സുരഭില തൈലം. വാഴ്ത്തപ്പെട്ട അലന്‍ പറയുന്നു: ‘അമ്മയുടെ നാമം സൗഖ്യദായകമായ തൈലം പോലെയാണ്‌. അത്‌ സൗരഭ്യമേറിയതാണ്‌. അത്‌ പാപികളെ സുഖപ്പെടുത്തുന്നു. ഹൃദയങ്ങളെ ആനന്ദിപ്പിക്കുന്നു.’ ‘മറിയം നിരപ്പായ സമതലത്തില്‍ നില്ക്കുന്ന ഒലിവുമരമാണ്‌.’ ഒലിവുമരത്തില്‍നിന്ന്‌ അഭിഷേകതൈലത്തിനുള്ള എണ്ണ ലഭിക്കുന്നു. പരിശുദ്ധ മറിയം എണ്ണ നല്കുന്നു. പുതിയനിയമ പുരോഹിതനെ ജനിപ്പിച്ച മറിയം അവിടുത്തെ രക്തത്തോടു ചേര്‍ത്ത്‌ തന്റെ കണ്ണിര്‍കണങ്ങള്‍ കലര്‍ത്തി ബലിയായി അര്‍പ്പിച്ചു. അതുവഴി രക്ഷയും സൗഖ്യവും സാധ്യമായി. സൗഖ്യവും വിശുദ്ധികരണവും നല്കുന്ന എണ്ണ മറിയത്തെ സൂചിപ്പിക്കുന്നു.


മറിയം വിവേകവതിയായ കന്യക എന്നതിലുപരി വിവേകപമൂര്‍ണയായ കന്യക കൂടിയാണ്‌. ഏവര്‍ക്കും യഥേഷ്ടം എണ്ണ നല്കിയാലും അവളുടെ പക്കലുള്ള എണ്ണ തീരുകയില്ല. എല്ലാ വിളക്കുകളും നിറയ്ക്കാന്‍ ദൈവകൃപയുടെ എണ്ണ പകരാന്‍ ഈ കന്യകയ്ക്കു കഴിയും. വിശുദ്ധ അംബ്രോസ്‌ പറയുന്നു: ‘ദൈവ കൃപയുടെ പരിമളം ശ്വസിക്കുന്ന മാധുര്യമേറിയ തൈലമാണ്‌ അങ്ങയുടെ ഏറ്റം മാധുര്യമേറിയ നാമം. രക്ഷയുടെ ഈ ലേപനം ഞങ്ങളുടെ ആത്മാവിന്റെ ഉള്ളറകളിലേക്ക്‌ ആഴ്ന്നിറങ്ങട്ടെ.’ വാഴ്ത്തപ്പെട്ട ഹെന്‍റി സൂസോ കീര്‍ത്തിക്കുന്നു: ഓ മാധുര്യമേറിയ നാമമേ, പരിശുദ്ധ മറിയമേ, നിന്റെ നാമംതന്നെ
ഇത്രയേറെ മാധുര്യമേറിയതും ഓദാര്യപൂര്‍വകവുമാണെങ്കില്‍ നി എന്തുതന്നെയായിരിക്കും?”


വാഗ്ദാന നാടായ കാനാന്‍ ദേശത്തിന്റെ ഐശ്വര്യസമൃദ്ധിയെക്കുറിച്ചുള്ള സൂചനയാണ്‌ “തേനും പാലും ഒഴുകുന്ന കാനാന്‍ദേശം’ എന്ന വിവരണത്തിലുള്ളത്‌. ഇത്‌ ദൈവം നല്കുന്ന രക്ഷയുടെ സമൃദ്ധിയുടെയും കൃപാവരങ്ങളുടെയും സൂചനയാണ്‌. മറിയമാണ്‌ പുതിയ വാഗ്‌ദത്തനാടായ കാനാന്‍. മറിയമാണ്‌ തേനും പാലും എണ്ണയും. വിശുദ്ധ ബര്‍ണാര്‍ഡ്‌ പറയുന്നു: ‘ദൈവം വാഗ്ദാനം ചെയ്ത തേനും പാലും ഒഴുകുന്ന വാഗ്‌ദത്ത നാടാണ്‌ മറിയം.” വാഗ്ദാനദേശം ദൈവരാജ്യത്തെ സൂചിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ ആഗമനം വിളിച്ചറിയിച്ചുകൊണ്ട്‌ മറിയം നല്കുന്ന അടയാളമാണ്‌ തേനും പാലും എണ്ണയും. തേന്‍ കരുണയെയും, പാല്‍ മാതൃ സഹജമായ സ്നേഹത്തെയും വിശുദ്ധിയിയെയും ദൈവവരപ്രസാദത്തെയും, എണ്ണയും തൈലവും സൗഖ്യത്തെയും പൗരോഹിത്യത്തെയും സൂചിപ്പിക്കുന്നു. മറിയത്തിന്റെ സാന്നിദ്ധ്യം ഇവയെല്ലാമാണ്.


മറിയം: സര്‍വാംഗ സുന്ദരി


വിശുദ്ധ അന്തോനീസ്‌ ഇങ്ങനെ പഠിപ്പിക്കുന്നു: ‘പിതാവായ ദൈവം വെള്ളത്തെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ‘കടല്‍’ എന്നു പേരിട്ടു അതുപോലെ അവിടുന്ന്‌ തന്റെ കൃപാവരത്തെ മുഴുവന്‍ സമാഹരിച്ച്‌ മറിയം എന്നു പേരിട്ടു. ഉത്തമഗീതം 1:12ല്‍ നാം വായിക്കുന്നു: രാജാവ്‌ ശയ്യയിലായിരിക്കെ, എന്റെ ജടാമഞ്ചി തൂമണം തൂകി.” വിശുദ്ധ അന്തോനീസ്‌ ഈ വചനഭാഗം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘നല്ല സൗരഭ്യം തരുന്ന ഈ സസ്യം പരിശുദ്ധ മറിയത്തിന്റെ പ്രതീകം തന്നെ. നിത്യപിതാവിന്റെ മടിത്തട്ടാകുന്ന ശയ്യയിലായിരുന്ന രാജാവായ ദൈവപുത്രന്‍ കന്യകയുടെ ഉദരത്തിലേയേക്ക് വന്നത്‌ ആ സൗരഭ്യത്താലാണ്‌. എളിമയുടെ സൗരഭ്യം തൂകുന്ന അനുഗ്രഹീത കന്യകയായ മറിയത്തിന്റെ പ്രതീകമാണ്‌ ജടാമഞ്ചി.’


പ്രഭാഷകവചനം 24:19ല്‍ കാണുന്ന ‘നദീ തടത്തിലെ വൃക്ഷം പോലെ ഞാന്‍ പുഷ്ടിപ്രാപിച്ചു’ എന്ന വചനവും 24:17ല്‍ കാണുന്ന ‘മുന്തിരിച്ചെടി പോലെ എന്റെ മുകുളങ്ങള്‍ക്ക്‌ ഞാന്‍ സൗന്ദര്യം പകര്‍ന്നു’ എന്ന വചനവും മറിയത്തെക്കുറിച്ചുള്ള പരാമര്‍ശമാണ്‌ എന്ന്‌ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോ രിയും തനോഗ്രുസിലെ വിശുദ്ധ ഗ്രിഗരിയും വ്യാഖ്യാനിക്കുന്നു. മുന്തിരി ഏതു മരത്തിലാണോ പടര്‍ന്നു കയറുന്നത്‌ ആ വൃക്ഷത്തിന്റെ ഉയരത്തിനനുസരിച്ച്‌
അതു വളരുന്നു. അതുപോലെയാണ്‌ അനുഗൃഹീത കന്യകയും” എന്ന്‌ വിശുദ്ധ ലിഗോരി. “എല്ലായ്പ്പോഴും പുഷ്ടിപ്പെടുന്ന മുന്തിരിയേ സ്വസ്തീ’ എന്ന്‌ വിശുദ്ധ ഗ്രിഗരി.


‘സമുദ്രത്തിന്‌ അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും വിദഗ്‌ധ ശില്പിയെപ്പോലെ ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു’ (സുഭാ 8:30) എന്ന വചനം പരിശുദ്ധ കന്യകയെ സൂചിപ്പിക്കുന്നുവെന്ന്‌ വിശുദ്ധ ബെനവഞ്ചൃര്‍. ‘എണ്ണമറ്റ കന്യകമാര്‍ ഉണ്ട്‌. എന്നാല്‍ എന്റെ മാടപ്രാവ്‌, എന്റെ പൃൂര്‍ണവതി ഒരുവള്‍ മാത്രം’ (ഉത്ത 6: 8-9) എന്നത്‌ മറിയത്തെക്കുറിച്ചാണ്‌ എന്ന്‌ പണ്ഡിതമതം. ‘മീറയും കുന്തിരിക്കവും കൊണ്ട്‌, വ്യാപാരിയുടെ സകല ചൂര്‍ണ്ണങ്ങളും കൊണ്ട്‌, പരിമളം പരത്തുന്ന ധൂമസ്തംഭം പോലെ മരുഭൂമിയില്‍നിന്ന്‌ ആ വരുന്നതെന്താണ്‌’ (ഉത്ത
3:60) എന്നത്‌ മറിയത്തില്‍ പൂര്‍ത്തിയായിരിക്കുന്നു. ‘എന്റെ ആത്മനാഥന്‍ എന്റേതാണ്‌. ഞാന്‍ അവന്റേതും’ (ഉത്ത 2:16) എന്നു പറയാന്‍ കഴിയുന്നവളും മറിയംതന്നെ.


വിശുദ്ധ ജോണ്‍ ഡമ ഷിന്‍ പറയുന്നു: ‘പരിശുദ്ധ മറിയം സൈപ്രസ്‌ മരമാണ്‌. സിയോന്‍ പര്‍വതത്തിലെ സൈപ്രസാണ്‌ മറിയം. അവള്‍ ലെബനോനിലെ ദേവദാരുവാണ്‌. അവള്‍ ഒലിവുമരമാണ്‌.’ ‘എന്റെ പ്രിയേ നീ സുന്ദരിയാണ്‌; നി അതീവ സുന്ദരി തന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്‌’ (ഉത്ത 4:10 എന്ന വചനത്തെക്കുറിച്ച്‌ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പ്രസ്താവിക്കുന്നു: “എളിമയും ലാളിത്യവുമുള്ള കണ്ണുകളിലൂടെ പരിശുദ്ധ മറിയം ദൈവത്തെ നോക്കുകവഴിയായി അവള്‍ ദൈവത്തെ തന്റെ ആത്മീയ
സൗന്ദര്യത്തിലേയ്ക്ക്‌ ആകര്‍ഷിച്ചു.” ‘ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെ പ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയപ്രദയും ആയ ഇവള്‍ ആരാണ്‌? എന്ന വചനവും (ഉത്ത 6:10) ‘ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നുവരുന്ന ഇവള്‍ ആരാണ്‌ ‘ എന്ന വചനവും (ഉത്ത 8:5) മറിയത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ പിതാക്കന്മാര്‍ ധ്യാനിക്കുന്നു. ‘രാത്രിയില്‍ അവളുടെ വിളക്ക്‌ അണയുന്നില്ല” എന്ന സുഭാഷിത വചനം (സുഭാ 31:18) മറിയത്തില്‍ പൂര്‍ത്തികരിക്കുന്നതായി പിതാക്കന്മാര്‍ ധ്യാനിച്ചു.


ദാവിദിന്റെ ഗോപുരം, ലെബനോനിലെ ദേവദാരു,
വ്യപാരിയുടെ കപ്പല്‍


‘നിന്റെ കഴുത്ത്‌ ആയുധശാലയായി നിര്‍മ്മിച്ച ദാവിദിന്റെ ഗോപുരം പോലെയാണ്‌. വീരന്മാരുടെ പരിചകള്‍ തുക്കിയിട്ടിരിക്കുന്നതു പോലെ നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു’ (ഉത്ത 4:4). ഈ വചനം പരിശുദ്ധ കന്യകാമറിയത്തില്‍ നിറവേറിയിരിക്കുന്നു. മറിയത്തിന്റെ ഭക്തര്‍ നാരകീയശത്രുക്കളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഉറപ്പുള്ള പടച്ചട്ടയും കവചങ്ങളും എല്ലാവിധ ആയുധങ്ങളും മറിയത്തില്‍ കണ്ടെത്തുന്നു. ‘ശത്രുവിന്റെ മുമ്പിലുള്ളതും എന്നാല്‍ ആര്‍ക്കും പ്രവേശിക്കാനാവാത്തതുമായ ഗോപുരത്തില്‍ പിതാക്കന്മാര്‍ മറിയത്തിന്റെ പ്രതീകം കണ്ടു. ആ ഗോപുരത്തില്‍ ആയിരം പരിചകളും തലവന്മാരുടെ പടച്ചട്ടയും തൂങ്ങിക്കിടക്കുന്നു (‘ഒന്‍പതാം പിയൂസ്‌,
അവര്‍ണനിയനായ ദൈവം).


മറിയം ലെബനോനിലെ ദേവദാരുവാണ്‌. പ്രഭാഷകന്റെ പുസ്തകത്തില്‍ നാം വായിക്കുന്നു: ‘ലെബനോനിലെ ദേവദാരുപോലെയും ഹെര്‍മോനിലെ സരളമരംപോലെയും ഞാന്‍ ഉയര്‍ന്നു’ (പ്രഭാ 24:13). ഇത്‌ മറിയത്തില്‍ പൂര്‍ത്തികരിക്കുന്നതായി കാര്‍ഡിനല്‍ ഹ്യൂഗോ പറയുന്നു: ‘ദേവദാരു അഴുകാതെ നില്ക്കുന്നതുപോലെ മറിയം പാപത്താല്‍ മലിനമാക്കപ്പെടാതെ കഴിയുന്നു. ദേവദാരുവിന്റെ സൗരഭ്യംവഴി പുഴുക്കളെയും കീടങ്ങളെയും അത്‌ അകറ്റുന്നതുപോലെ മറിയം തന്റെ വിശുദ്ധിയാല്‍ പിശാചുക്കളെ ഓടിയ്ക്കുന്നു.’ ‘വിശിഷ്ടമായ മീറപോലെ ഞാന്‍ സൗരഭ്യം വീശി, നറും വശ, ചന്ദനം, കുങ്കുമം, ദേവാലയത്തിലെ കുന്തുരുക്കം എന്നിവപോലെയും ഞാന്‍ സുഗന്ധം പ്രസരിപ്പിച്ചു’ (പ്രഭാ 24:15) എന്ന വചനവും മറിയത്തില്‍ നിറവേറിയിരിക്കുന്നു.


പരിശുദ്ധ കന്യകാമറിയം വ്യാപാരിയുടെ കപ്പല്‍ പോലെയാണ്‌. തിരുവചനത്തില്‍
എഴുതപ്പപെട്ടിരിക്കുന്നു: ‘അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെ നിന്ന്‌ ആഹാരസാധനങ്ങള്‍ കൊണ്ടു വരുന്നു'(സുഭാ 31: 14. വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി ഈ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ടു പറയുന്നു: ‘സ്വര്‍ഗീയ അപ്പമായ ഈശോമി ശിഹായെ സ്വര്‍ഗത്തില്‍നിന്ന്‌ കൊണ്ടു വന്ന കപ്പല്‍ പരിശുദ്ധ കന്യകാമറിയമാണ്.


നിധി ഒളിഞ്ഞിരിക്കുന്ന വയലും സിക്കമൂര്‍ വൃക്ഷവും മറിയംതന്നെ


ക്രിസ്തുവാകുന്ന നിധി ഒളിഞ്ഞിരിക്കുന്ന വയലാണ്‌ മറിയം. നിധി കണ്ടെ ത്തിയവന്‍ വയല്‍ വാങ്ങി സ്വന്തമാക്കുന്നു. മറിയത്തെ സ്വന്തമാക്കിക്കൊണ്ടാണ്‌ നിധിയാകുന്ന ക്രിസ്തുവിനെ നേടിയെടുക്കേണ്ടത്‌. വിശുദ്ധഅല്‍ഫോന്‍സ്‌ ലിഗോരി പഠിപ്പിക്കുന്നു:
‘നിധി ഒളിഞ്ഞിരിക്കുന്ന വയലാണ്‌ മറിയം.’ വിശുദ്ധ ബെനവഞ്ചൃര്‍ ഇതേ ആശയം അവതതരിപ്പിക്കുന്നു: ‘മഹാനിധിയായ ഈശോമിശിഹാ ആരിലാണോ ഉള്ളത്‌, അത്‌ പരിശുദ്ധ കന്യകാമറിയം തന്നെയാണ്‌. അവളാണ്‌ നിധിയുള്ള വയല്‍.” ദിവ്യസ്നേഹം നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കനകക്കലവറയുടെ താക്കോല്‍ (ഉത്ത 13) ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നത്‌ മറിയത്തെയാണ്‌ എന്ന്‌ ആത്മിയാചാര്യന്മാര്‍ സാക്ഷിക്കുന്നു. മറിയം സിക്കമൂർ മരമാണ്‌. സക്കേവൂസ്‌ സിക്കമൂര്‍ മരത്തില്‍ കയറിയിരുന്ന്‌ ഈശോയെ കണ്ടു. ഈശോയെ കാണാന്‍ കയറിയിരിക്കേണ്ട വൃക്ഷമാണ്‌ മറിയം.


ഈ വിധം ഒട്ടനവധി പ്രതികങ്ങളിലൂടെ അവതതരിപ്പിക്കപ്പെട്ട മറിയം അവളുടെ ദൗത്യം ഇന്നും സഭയില്‍ തുടരുകയും യുഗാന്ത്യത്തില്‍ അത്‌ പൂര്‍ത്തീകരിക്കുകയും ചെയ്യും. അവള്‍ ആരെന്ന്‌ പൂര്‍ണതയില്‍ വെളിപ്പെടുന്നതും യുഗാന്തത്തിലായിരിക്കും. അവളുടെ യുഗാന്ത ദൗത്യത്തിലേയ്ക്കും മഹത്വത്തിലേയ്ക്കും വിരല്‍ചചുണ്ടുന്നതാണ്‌ ഈ പ്രതികങ്ങളോരോന്നും. ആകയാല്‍ മറിയത്തിന്റെ യുഗാന്ത ദൗത്യത്തെ ഗ്രഹിക്കാന്‍ ഈ
പ്രതീകങ്ങള്‍ സഹായകമാണ്‌.