‘സ്വർഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിയ്ക്കു തുല്യം. അതു കണ്ടെത്തുന്നവർ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു’
(മത്തായി 13:44).
ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ വളരെ എളുപ്പത്തിൽ ഇങ്ങനെ നിർവചിക്കാം. അത് അമൂല്യമായ ഒരു നിധി ഒളിച്ചുവച്ചിരിക്കുന്ന വയൽ സ്വന്തമാക്കാനുള്ള നിരന്തര പരിശ്രമമാണ്. അതിന് അവൻ കൊടുക്കേണ്ട വില തനിക്കുള്ളതെല്ലാം വിറ്റുകിട്ടുന്ന പണമാണ്.
സ്വർഗരാജ്യത്തിൻറെ മുന്നാസ്വാദനമാണ് പരിശുദ്ധാത്മാവിലുള്ള ജീവിതം. ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ തന്നെ സ്വർഗരാജ്യം എന്ന അമൂല്യനിധിയിലേക്ക് എത്തിനോക്കാൻ കഴിയുന്നതു പരിശുദ്ധാത്മാവിൻറെ സഹായത്തോടെയാണ്. എന്നാൽ പരിശുദ്ധാത്മാവിനെ കിട്ടണമെങ്കിലും നാം വലിയൊരു വില കൊടുക്കണം. അതു സ്വർഗരാജ്യത്തിനുവേണ്ടി നാം കൊടുക്കുന്ന അതേ വില തന്നെയാണ്. അതായത് നമുക്കുള്ളതെല്ലാറ്റിൻറെയും ആകെ വില തന്നെയാണ് ഇവിടെയും നാം കൊടുക്കേണ്ടത്.
ഒരാൾക്കും ഒരേസമയം രണ്ടു യജമാനന്മാരെ സേവിക്കാൻ കഴിയില്ല എന്നു കർത്താവു പറയുന്നതിൻറെ അർത്ഥവും ഇതുതന്നെയാണ്. പരിശുദ്ധാത്മാവിനെയും അശുദ്ധാത്മാവിനെയും ഒരുമിച്ചു കൊണ്ടുനടക്കാൻ തക്കവിധമല്ല മനുഷ്യാത്മാവിനെ ദൈവം രൂപകൽപന ചെയ്തിരിക്കുന്നത്. ഏലിയാ പ്രവാചകൻ ഇസ്രായേൽക്കാരോടു ചോദിച്ച ചോദ്യം തന്നെയാണു കർത്താവ് ഇന്നു നമ്മോടും ചോദിക്കുന്നത്. ‘ നിങ്ങൾ എത്ര നാൾ രണ്ടുവഞ്ചിയിൽ കാൽ വയ്ക്കും? കർത്താവാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാലാണു ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ’ ( 1 രാജാ 18:21). ഏലിയായുടെ ചോദ്യത്തിനു ജനം മറുപടി ഒന്നും പറഞ്ഞില്ല എന്നാണു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.
ജീവിതത്തിലെ പരമപ്രധാനമായ ചോദ്യമാണ് ആരാണു നിൻറെ ദൈവം എന്നത്. സത്യദൈവത്തെ അനുഗമിക്കുക എന്നുപറഞ്ഞാൽ അതിൻറെ അർഥം അതുവരെ നമ്മെ ഭരിച്ചിരുന്ന വ്യാജദൈവങ്ങളെ ഉപേക്ഷിക്കുക എന്നതാണ്. ലോകത്തിൻറെ വഴികളിലൂടെ ഏറെ നാൾ സഞ്ചരിച്ചു സത്യദൈവത്തെ മറന്നുപോയ ഒരു തലമുറയ്ക്ക് ഈ ചോദ്യത്തിനുള്ള ഉത്തരം പെട്ടെന്നു നൽകാൻ കഴിഞ്ഞെന്നുവരില്ല. നിത്യജീവൻ പ്രാപിക്കാൻ അതിയായി ആഗ്രഹിച്ചുകൊണ്ടു യേശുവിനെ സമീപിച്ച ഒരു യുവാവിൻറെ അനുഭവം സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. എല്ലാ പ്രമാണങ്ങളും അനുസരിച്ചിട്ടും നിത്യജീവനിലേക്കു പ്രവേശിക്കാൻ തനിക്കു മുൻപിൽ എന്തോ തടസമുണ്ടെന്നു അവനു മനസിലായിരുന്നു. അതുകൊണ്ടാണ് അവൻ യേശുവിനോട് ഉപദേശം തേടുന്നത്. തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുത്തതിനുശേഷം വന്ന് യേശുവിനെ അനുഗമിക്കാനുള്ള ഉപദേശം അവന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു. അവനും മറുപടി പറയാതെ തിരിച്ചുപോവുകയാണ്.
ധനത്തെ ദൈവമായി കാണുന്നവനു ദൈവത്തെ ധനമായി കാണാൻ കഴിയില്ല. സുഖത്തെ ദൈവമായി കാണുന്നവനു ദൈവത്തെ സുഖമായി കാണാനാകില്ല. അധികാരത്തെ ദൈവമായി കാണുന്നവനു ദൈവത്തെ അധികാരമായി കാണാൻ കഴിയില്ല. അശുദ്ധാത്മാവിനെ പരിശുദ്ധമായി കാണുന്നവനു പരിശുദ്ധാത്മാവിനെ അറിയാനും കഴിയില്ല.
പരിശുദ്ധാത്മാവിനെ കിട്ടാൻ നാം കൊടുക്കേണ്ട വില നമ്മുടെ ആത്മാവിൻറെ വില തന്നെയാണ്. പലപ്പോഴും നാം മറ്റുള്ളവർക്കിടുന്ന അതേ വില തന്നെയാണ് നമ്മുടെ വിലയെന്നു തിരിച്ചറിയാൻ സാധിക്കാത്തതാണ് ദുരന്തം. യൂദാസ് കരുതിയതു മുപ്പതു വെള്ളിക്കാശ് യേശുവിൻറെ വിലയാണെന്നായിരുന്നു. എന്നാൽ ആ മുപ്പതു വെള്ളിക്കാശു കൊണ്ട് അവൻ തൻറെ തന്നെ ഭാവി തെരഞ്ഞെടുക്കുകയായിരുന്നു എന്നു മനസിലാക്കിയപ്പോഴും മടങ്ങിവരണമെന്നു ചിന്തിക്കാൻ കഴിയാത്ത വിധം അവൻ ഇരുട്ടിലായിരുന്നു. അതങ്ങനെയേ ആകാൻ തരമുള്ളൂ. കാരണം ചരിത്രത്തിലെ ആദ്യത്തെ പരിശുദ്ധകുർബാനയിൽ പങ്കെടുത്തതിനുശേഷം അവൻ പുറത്തേക്കിറങ്ങിയപ്പോൾ രാത്രിയായിരുന്നു എന്നു യോഹന്നാൻ സുവിശേഷകൻ എഴുതിവെച്ചിട്ടുണ്ട് . ആ ഇരുട്ടിൽ നിന്നു കരകയറാൻ അവനു കഴിഞ്ഞില്ല.
വില കൊടുക്കണം . കൊടുത്തേ തീരൂ. ഇങ്ങോട്ടുകിട്ടിയതിൻറെ നാലിരട്ടിയാണ് സക്കേവൂസ് വിലയായി കൊടുത്തത്. ശരീരത്തിൻറെ എല്ലാ സുഖങ്ങളുമനുഭവിച്ച് ഒരു രാജകുമാരനെപ്പോലെ ജീവിക്കാനുള്ള അവസരമാണ് അസ്സീസിയിലെ ഫ്രാൻസിസ് വിലയായികൊടുത്തത്. തൻറെയും രണ്ടു മക്കളുടെയും ജീവനാണ് ഗ്രഹാം സ്റ്റെയിൻസ് വിലയായി കൊടുത്തത്. വള്ളവും വലയും മാത്രമല്ല തങ്ങൾക്കുണ്ടായിരുന്നതെല്ലാം വിലയായി കൊടുത്താണു യോനായുടെ പുത്രനായ ശിമയോൻ, കേപ്പയും പത്രോസും ആയി മാറിയത്. അവൻറെ നിഴൽ പതിച്ചവർ പോലും സുഖം പ്രാപിച്ചുവെങ്കിൽ യേശുവിനേയും അവിടുത്തെ ആത്മാവിനെയും സ്വന്തമാക്കാൻ അവൻ കൊടുത്ത വില കൂടുതലൊന്നുമായിരുന്നില്ല.
സത്യത്തിൽ പരിശുദ്ധാത്മാവിനെ ലഭിക്കാൻ കൊടുക്കേണ്ട വിലയ്ക്കു കൃത്യമായ കണക്കൊന്നുമില്ല. നമുക്കുള്ളതു കൊടുക്കുക, അത്രമാത്രം. പതിനായിരം താലന്ത് കൈയിലുള്ളവൻ അതു കൊടുക്കണം. നൂറു ദനാറ മാത്രം കൈയിലുള്ളവൻ അതു കൊടുത്താൽ മതി. എന്നാൽ കൈയിലുള്ളതു മുഴുവൻ കൊടുക്കണം എന്ന കാര്യത്തിൽ പരിശുദ്ധാത്മാവിനു നിർബന്ധമാണ്. അങ്ങനെ ഒരു കണ്ടീഷൻ ഉണ്ടെന്നറിയാതെ പോയ രണ്ടുപേരെക്കുറിച്ച് അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. തങ്ങൾക്കുള്ളതിൽ നിന്ന് ആരുമറിയാതെ അല്പം ചിലതു പിടിച്ചുവച്ചു എന്നതായിരുന്നു അനനിയാസിനും സഫീറയ്ക്കും പറ്റിയ അബദ്ധം.
നാം മറ്റൊരു ശിമയോനെയും പരിചയപ്പെടുന്നുണ്ട്. പരിശുദ്ധാത്മാവിനു സ്വയം വിലയിട്ട ആ ഭോഷനായ മനുഷ്യനോടു പത്രോസ് പറയുന്നത് ഇപ്രകാരമാണ്. ” നിൻറെ വെള്ളിത്തുട്ടുകൾ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാൽ ദൈവത്തിൻറെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. നിനക്ക് ഈ കാര്യത്തിൽ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കില്ല. കാരണം നിൻറെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമല്ല. അതിനാൽ നിൻറെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും കർത്താവിനോടു പ്രാർത്ഥിക്കുകയും ചെയ്യുക. ഒരുപക്ഷെ, നിൻറെ ഈ ദുഷ്ടവിചാരത്തിനു മാപ്പുലഭിക്കും. നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാൻ മനസിലാക്കുന്നു” (അപ്പ. 8:20-25).
വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമുള്ളവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുക സാധ്യമല്ല. സ്വയം നിശ്ചയിക്കുന്ന വില കൊടുത്താൽ കിട്ടുന്ന ഒന്നല്ല പരിശുദ്ധാത്മാവ് എന്നറിഞ്ഞിരിക്കണം. അതിനുള്ള വില ദൈവം ഇട്ടതുതന്നെയാണ്. അത് അന്നും ഇന്നും ഒന്നുതന്നെ. തനിക്കുള്ളതെല്ലാ വിറ്റ് അതുകൊണ്ടു വാങ്ങേണ്ട അമൂല്യനിധിയാണു പരിശുദ്ധാത്മാവ്. സ്വയം പരിത്യജിക്കാതെ ആർക്കും തൻറെ ശിഷ്യനാകുക സാധ്യമല്ലെന്നു പറഞ്ഞുകൊണ്ടു നമ്മുടെ കർത്താവു തന്നെ ഇതു സ്ഥിരീകരിക്കുന്നുണ്ട്.
നാം അളന്നുകൊടുക്കുന്ന വില കൊണ്ട് അളന്നുവാങ്ങാവുന്ന ഒന്നല്ല പരിശുദ്ധാത്മാവ്. കാരണം ദൈവം ആത്മാവിനെ അളന്നല്ല കൊടുക്കുന്നത് എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
നമുക്കു ദൈവത്തിൻറെ മുൻപിൽ എളിമപ്പെടാം. നമുക്കുള്ളതെല്ലാം പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കാം. അതിനുശേഷം പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം. തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ നൽകുന്ന കാര്യത്തിൽ ഔദാര്യവാനാണു ദൈവം എന്ന് യേശുക്രിസ്തു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആ വിശ്വാസത്തോടെ നമുക്കു പ്രാർത്ഥിക്കാം.
‘പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങേ വെളിവിൻറെ കതിരുകൾ ആകാശത്തിൻറെ വഴിയേ അയച്ചരുളണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ നൽകുന്നവനേ, ഹൃദയത്തിൻറെ പ്രകാശമേ, എഴുന്നള്ളിവരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമുള്ള വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളിവരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തിൻറെ ഉള്ളുകളെ അങ്ങു നിറയ്ക്കണമേ. അങ്ങേ വെളിവുകൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകണമേ. വാടിപ്പോയതു നനയ്ക്കണമേ. മുറിവേറ്റിരിക്കുന്നതു സുഖപ്പെടുത്തണമേ. രോഗപ്പെട്ടതു പൊറുപ്പിക്കണമേ. കടുപ്പമുള്ളതു മയപ്പെടുത്തണമേ. ആറിപ്പോയതു ചൂടുപിടിപ്പിക്കണമേ. വഴിതെറ്റിപ്പോയതു നേരേയാക്കണമേ. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ നൽകണമേ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്നു ഞങ്ങൾക്കു കൽപിച്ചരുളേണമേ. ആമേൻ.