സ്വർഗം തുറന്നിരിക്കുകയാണ്. വിശ്വസിക്കാൻ പ്രയാസമാണല്ലേ? സ്വർഗം തുറന്നിരിക്കുകയാണെന്നതു തികച്ചും സത്യമായ കാര്യമാണ്. വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു; ‘അതിൻറെ കവാടങ്ങൾ പകൽ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും’ ( വെളി. 21:25). അതുകൊണ്ട് സ്വർഗം തുറന്നിരിക്കുകയാണെന്നത് ‘വിശ്വാസയോഗ്യവും സത്യവുമാണ്’. എന്നാൽ തുറന്നിരിക്കുന്ന സ്വർഗം കാണാൻ നമുക്കു കഴിയുന്നുണ്ടോ? സ്വർഗത്തിൻറെ ദർശനം ലഭിക്കുക എന്ന കാര്യം ശരീരത്തിലായിരിക്കുന്നിടത്തോളം കാലം മനുഷ്യൻറെ കഴിവിനപ്പുറമുള്ളതാണെന്ന വസ്തുതയോടു നാം പൊരുത്തപ്പെട്ടുകഴിഞ്ഞു. അതു സത്യം തന്നെ. എന്നാൽ നമ്മെ നയിക്കുന്നതു ശരീരമല്ല, മറിച്ച് , ആത്മാവാണല്ലോ. ശരീരത്തിനു എത്തിപ്പെടാൻ കഴിയാത്ത ഉന്നതങ്ങളിൽ യഥേഷ്ടം കടന്നുചെല്ലാൻ ആത്മാവിനു കഴിയും. ‘ആത്മാവാണു ജീവൻ നൽകുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല’ ( യോഹ.6:63) എന്നതിൻറെ അർത്ഥവും അതുതന്നെയാണ്. ഒന്നിനും ഉപകരിക്കാത്ത ഈ ശരീരം കൊണ്ടു സ്വർഗത്തിൻറെ മഹത്വം കാണാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലുമില്ല.
എന്നാൽ ഭൂമിയിലായിരിക്കുമ്പോൾ തന്നെ സ്വർഗത്തിൻറെ ദർശനം ലഭിച്ച മനുഷ്യർ ഉണ്ടായിരുന്നു. ഇന്നു നാം ചിന്തിക്കുന്നത് അത്തരമൊരു മനുഷ്യനെക്കുറിച്ചാണ്. അത് ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്തെഫാനോസാണ്. പരിശുദ്ധാത്മാവു നിറഞ്ഞ ഒരു മനുഷ്യൻ! ‘ എന്നാൽ അവൻറെ സംസാരത്തിൽ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല ( അപ്പ.6:10). അത്രയധികമായിരുന്നു സ്തെഫാനോസിൻറെ മേലുണ്ടായിരുന്ന പരിശുദ്ധാത്മ അഭിഷേകം. ‘സംഘത്തിലുണ്ടായിരുന്നവർ അവൻറെ നേരെ സൂക്ഷിച്ചുനോക്കി. അവൻറെ മുഖം ഒരു ദൈവദൂതൻറെ മുഖം പോലെ കാണപ്പെട്ടു’ (അപ്പ. 6:15).
പരിശുദ്ധാത്മാവ് സ്തെഫാനോസിലൂടെ വെളിപ്പെടുത്തുന്നത് കേൾക്കാനുള്ള ക്ഷമയോ സന്നദ്ധതയോ അവർക്കുണ്ടായിരുന്നില്ല. വിശുദ്ധഗ്രന്ഥം അവരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്; “മർക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങൾ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെയാണു നിങ്ങളും’ ( അപ്പ 7:51). പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്ന ഒരാൾക്കും യഥാർത്ഥമായ ദൈവാനുഭവം ഉണ്ടാവില്ല എന്നതു സത്യം. കുറച്ചുകഴിയുമ്പോൾ നാം കാണുന്നത് യഹൂദന്മാർ ഒത്തുചേർന്നു സ്തെഫാനോസിനെ കല്ലെറിഞ്ഞുകൊല്ലുന്നതാണ്. രക്തസാക്ഷിത്വം എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ഇഷ്ടമനുസരിച്ചു ലഭിക്കുന്ന ഒരു കാര്യവുമല്ല അത്. രക്തസാക്ഷിത്വം ഒരു വരവും ദൈവത്തിൽ നിന്നുള്ള ദാനവുമാണ്.
പീഡനത്തിലും മരണത്തിൻറെ നിഴലിലും കഴിയുന്ന ക്രിസ്ത്യാനികളും തങ്ങളുടെ രക്തസാക്ഷിത്വത്തിൻറെ നാളുകൾ എണ്ണിക്കൊണ്ടിരിക്കുന്ന വിശ്വാസികളും അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകം ഏഴാമധ്യായം, പ്രത്യേകിച്ച് അതിൻറെ അവസാനഭാഗം, മനസിരുത്തി വായിക്കണം. അത് അവർക്ക് അവസാനം വരെ പിടിച്ചുനിൽക്കാനുള്ള ശക്തി നൽകും. യേശുവിനെ പ്രതി ജീവൻ നഷ്ടപ്പെടുത്തേണ്ടിവരും എന്നു ചിന്തിക്കുമ്പോൾ തന്നെ ഭയന്നുവിറയ്ക്കുന്നവരും അവരുടെ വിശ്വാസം ബലപ്പെടുത്താനായി ഇതു വായിച്ചിരിക്കണം. സത്യവിശ്വാസത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കുന്നതു മണ്ടത്തരമാണെന്നു കരുതുന്നവരുന്നവരും ഇതു വായിക്കണം. വിശ്വാസത്തിൻറെ അർത്ഥമെന്തെന്നും വിശ്വാസം രക്തസാക്ഷിത്വത്തിലേക്കു നയിക്കുന്നതെങ്ങെനെയെന്നും രക്തസാക്ഷികൾ സ്വർഗത്തിൽ കിരീടം ധരിപ്പിക്കപ്പെടുന്നതെ ങ്ങനെയെന്നും അപ്പോൾ അവർക്കു തിരിച്ചറിയാൻ സാധിക്കും. സ്തെഫാനോസ് എന്ന ഗ്രീക്ക് വാക്കിൻറെ അർഥം തന്നെ കിരീടം എന്നോ ശ്രേഷ്ഠസ്ഥാനത്തിൻറെ അടയാളം എന്നോ ഒക്കെയാണ്.
ആശ്ചര്യത്തോടെയല്ലാതെ സ്തെഫാനോസിൻറെ അന്ത്യനിമിഷങ്ങളെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥഭാഗം വായിച്ചുതീർക്കാൻ നമുക്കു കഴിയില്ല. ഈ ലോകത്തിൽ വച്ചുള്ള രക്തസാക്ഷിത്വത്തെ ദൈവം എത്രയധികം വിലമതിക്കുന്നു എന്നു സ്തെഫാനോസിൻറെ അന്ത്യനിമിഷങ്ങൾ നമുക്കു പറഞ്ഞുതരും.
‘അവർ ഇതുകേട്ടപ്പോൾ അവൻറെ നേരെ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാൽ അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്ക് നോക്കി, ദൈവത്തിൻറെ മഹത്വം ദർശിച്ചു. ദൈവത്തിൻറെ വലതുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു. അവൻ പറഞ്ഞു; ” ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിൻറെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു.” അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ചെവിപൊത്തുകയും അവൻറെ നേരെ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരു യുവാവിൻറെ കാൽക്കൽ അഴിച്ചുവച്ചു. അനന്തരം അവർ സ്തെഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർത്ഥിച്ചു; “കർത്താവായ യേശുവേ, എൻറെ ആത്മാവിനെ കൈക്കൊള്ളണമേ”. അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു. ” കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്”. ഇതുപറഞ്ഞ് അവൻ മരണനിദ്ര പ്രാപിച്ചു’ ( അപ്പ. 7:54-60)
ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട്, തൻറെ അന്തിമപരീക്ഷണങ്ങളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോൾ, കല്ലെറിഞ്ഞു കൊല്ലപ്പെടുക എന്ന അതിക്രൂരവും ഭയാനകവുമായ ശിക്ഷയുടെ കഠിനവേദന സഹിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് സ്തെഫാനോസ് കണ്ണുകളുയർത്തി സ്വർഗത്തിലേക്കു നോക്കിയത്. അവിടെ അവൻ കാണുന്നതു സ്വർഗം തുറന്നിരിക്കുന്നതാണ്. ദൈവത്തിൻറെ മഹത്വവും സ്വർഗത്തിൻറെ തേജസ്സും അവൻ കണ്ടു. തീർന്നില്ല, പിതാവിൻറെ വലതുഭാഗത്തുനിൽക്കുന്ന തൻറെ രക്ഷകനും കർത്താവുമായ യേശുവിനെയും അവൻ കണ്ടു. താൻ കണ്ടവയ്‌ക്കെല്ലാം അവൻ അന്തിമസാക്ഷ്യവും നൽകി. തൻറെ അന്തിമവചസുകൾ ഉച്ചരിക്കാൻ സ്തെഫാനോസിനെ ശക്തനാക്കിയത് ഈ സ്വർഗദർശനമായിരുന്നു. തന്നെ കുരിശിൽ തറച്ച ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച തൻറെ ഗുരുവിനെപ്പോലെ സ്തെഫാനോസും തന്നെ പീഡിപ്പിച്ചവർക്കു മാപ്പുകൊടുക്കണമേ എന്ന പ്രാര്ഥനയോടെയാണു തൻറെ ആത്മാവിനെ ദൈവകരങ്ങളിലേക്കു സമർപ്പിച്ചത്.
സ്വർഗം ഇപ്പോഴും തുറന്നാണിരിക്കുന്നത്. നാം അതു കാണുന്നുണ്ടോ? നമുക്കു കണ്ണുകളുയർത്തി സ്വർഗത്തിലേക്കു നോക്കാൻ കഴിയുന്നില്ലെങ്കിൽ ചുറ്റും നിൽക്കുന്ന ശത്രുസൈന്യത്തെ കണ്ടു നാം ഭയപ്പെടും എന്നു തീർച്ച. പീഡനങ്ങളുടെ കാലത്തു നമ്മെ സംരക്ഷിക്കാനായി അയയ്ക്കപ്പെടുന്നവരെ കാണാനായി നമ്മുടെ കണ്ണുകൾ തുറക്കണമേ എന്നു നമുക്കു പ്രാർത്ഥിക്കാം.
ഭൂമിയിലേക്കു നോക്കിയ എലീഷായുടെ ഭൃത്യനു കാണാൻ കഴിഞ്ഞതു കുതിരകളും രഥങ്ങളുമായി അതിവേഗം പാഞ്ഞടക്കുന്ന ശത്രുസൈന്യത്തെയാണ്. എന്നാൽ സ്വർഗത്തിലേക്കു നോക്കിയ എലീഷാ കണ്ടതു തനിക്കു ചുറ്റും സംരക്ഷണത്തിനായി സ്വർഗത്തിൽ നിന്നു നിയോഗിക്കപ്പെട്ടിരിക്കുന്ന കുതിരകളെയും ആഗ്നേയരഥങ്ങളെയുമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ പ്രവാചകനായ എലീഷാ വെറുമൊരു സാധാരണ മനുഷ്യനായ തൻറെ ഭൃത്യനുവേണ്ടി പ്രാർത്ഥിക്കുകയാണ്; “കർത്താവേ, ഇവൻറെ കണ്ണുകൾ തുറക്കണമേ; ഇവൻ കാണട്ടെ” (2 രാജാ. 6:17). അപ്പോഴാണു ദൈവത്തിൻറെ ദാസനായ പ്രവാചകനു സംരക്ഷണം തീർക്കാനായി സജ്ജരായി നിൽക്കുന്ന സ്വർഗീയസൈന്യത്തിൻറെ മഹനീയ ദർശനം ഭൃത്യനു ലഭിക്കുന്നത്.
ഒരു രക്തസാക്ഷിയുടെ ജീവിതം എവിടെയും എന്നും ഒരുപോലെതന്നെയാണ്. തങ്ങളുടെ പീഡനത്തിൻെറയും മരണത്തിൻറെയും നിമിഷങ്ങളിൽ അന്നത്തെ രക്ഷസാക്ഷികൾ സ്വർഗത്തിലേക്കു കണ്ണുകളുയർത്തിയെങ്കിൽ, നമുക്കും വ്യത്യസ്തരാകാൻ കഴിയില്ല. അവർണ്ണനീയമായ പീഡനങ്ങൾക്കിടയിലും അവർ തങ്ങളുടെ പീഡകർക്കുവേണ്ടി പ്രാർത്ഥിച്ചെങ്കിൽ, നമുക്കും വ്യത്യസ്തരാകാൻ കഴിയില്ല. സ്തെഫാനോസ് എല്ലാ ക്രിസ്ത്യാനികൾക്കും മാതൃകയായിരിക്കണം. കാരണം ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് ഒരു രക്തസാക്ഷിയാകാൻ വേണ്ടിയാണ്.
നമുക്ക് പ്രാർത്ഥിക്കാം:
.
വിശുദ്ധ സ്തെഫാനോസേ, ദൈവമഹത്വത്തെക്കുറിച്ചുള്ള തീക്ഷ്ണതയാൽ നിറഞ്ഞവനേ, ആത്മാക്കളെ രക്ഷിക്കാനുള്ള ഞങ്ങളുടെ ഈ ദൗത്യത്തിൽ പരിശുദ്ധാത്മാവ് ഞങ്ങളെ അനുനിമിഷം നവീകരിക്കട്ടെ. സ്വർഗത്തിൽ യേശുവിനോടൊത്തു നിത്യമായി വാഴുന്ന വിശുദ്ധ സ്തെഫാനോസേ, അവസാനം വരെ പിടിച്ചുനിൽക്കാനുള്ള കൃപ ഞങ്ങൾക്കു ലഭിക്കുന്നതിനായി അങ്ങു പ്രാർത്ഥിക്കണമേ. ആമേൻ.