മാലാഖക്കൊന്ത

പ്രാരംഭ പ്രാർത്ഥന

കർത്താവായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ, അങ്ങയെ ഞങ്ങൾ ആരാധിച്ചു സ്തുതിക്കുന്നു. മാലാഖമാരെപ്പോലെയാകേണ്ടവരായ ഞങ്ങൾ മാലാഖമാരുടെ സഹായത്തോടെ ജീവിക്കാനും അവരിലൂടെ അങ്ങു നല്കുന്ന സഹായങ്ങളും പ്രചോദനങ്ങളും സ്വീകരിക്കാനും ഞങ്ങളെ അർഹരാക്കണമേ. അനേകവൃന്ദം മാലാഖമാരുടെ സ്വർഗ്ഗീയസ്തുതിപ്പിനോടു ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നു.

മാലാഖമാരുടെ 1-ാം ഗണമായ സെറാഫിക് മാലാഖവൃന്ദത്തിനു വന്ദനം🙏🏻

ദൈവസ്നേഹാഗ്നിയാൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരേ, ഞങ്ങളിലുള്ള ബലഹീനതകളോടും പാപത്തോടും വിടപറയാൻ അനുതാപം തരികയും അവ ദൈവസ്നേഹാഗ്നിയാൽ കത്തിച്ചു നിർവീര്യമാക്കി, ദൈവസ്നേഹത്താൽ ഞങ്ങളെ ജ്വലിപ്പിക്കുകയും ചെയ്യണമേ.

പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ദൈവത്തെ അനവരതം സ്തുതിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ സ്തുതിപ്പുകളോടുചേർന്ന് എപ്പോഴും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്കും കൃപ തരണമേ.

1 ത്രിത്വ.

മാലാഖമാരുടെ 2-ാം ഗണമായ ക്രോവേൻ മാലാഖവൃന്ദത്തിനു വന്ദനം🙏🏻

ജ്ഞാനത്തിന്റെയും അറിവിന്റെയും നിറവിൽ പ്രകാശിക്കുന്ന മാലാഖമാരേ, ഞങ്ങൾക്ക് ദൈവികജ്ഞാനവും അറിവും നൽകുകയും ദൈവികസത്യങ്ങൾ മനസ്സിലാക്കിത്തരികയും ദൈവത്തിന്റെ മഹത്വവും പരിശുദ്ധിയും  ഞങ്ങളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യണമേ.

1 ത്രിത്വ.

മാലാഖമാരുടെ 3-ാം ഗണമായ ഭദ്രാസനന്മാരായ മാലാഖവൃന്ദത്തിനു വന്ദനം

ദൈവികസമാധാനവും നീതിയും അധികാരവും വിധേയത്വവും പ്രസരിപ്പിക്കുന്നവരായ നിങ്ങൾ, ഞങ്ങൾക്ക് ദൈവികസമാധാനവും നീതിയും എളിമയും അനുസരണമെന്ന പുണ്യവും പ്രാപിച്ചു തരണമേ. ദൈവത്തിന്റെ മഹത്വത്താൽ ഞങ്ങളെയും പ്രശോഭിപ്പിക്കണമേ.

1 ത്രിത്വ.

മാലാഖമാരുടെ 4-ാം ഗണമായ ആധിപത്യന്മാരും അധികാരികളുമായ  മാലാഖവൃന്ദത്തിനു വന്ദനം

ഞങ്ങളുടെ ശത്രുക്കളെയും ദുർവാസനകളെയും കീഴ്പ്പെടുത്തുവാൻ ദൈവത്തിൽനിന്നും നിങ്ങൾക്കു ലഭിച്ചിട്ടുള്ള അധികാരശക്തിയും കരുണയും ഞങ്ങളിലേക്ക് ഒഴുക്കണമേ.

1 ത്രിത്വ.

മാലാഖമാരുടെ 5-ാം  ഗണമായ  താത്വകന്മാരായ മാലാഖവൃന്ദത്തിനു വന്ദനം

അത്ഭുതങ്ങൾവഴി മനുഷ്യർക്ക് ധൈര്യവും സാമർത്ഥ്യവും ശക്തിയും നൽകുന്ന മാലാഖമാരേ, ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ശത്രുക്കളോടു പൊരുതുവാനുള്ള ശക്തിയും സാമർത്ഥ്യവും നൽകണമേ. ഞങ്ങളുടെ ബുദ്ധിയിലേക്കും മനസ്സിലേക്കും ദിവ്യപ്രകാശം പരത്തുകയും സത്യത്തിൽ നിലനിൽക്കാനുള്ള കൃപ നൽകുകയും ചെയ്യണമേ.

1 ത്രിത്വ.

മാലാഖമാരുടെ 6-ാം ഗണമായ ബലവത്തുക്കളായ മാലാഖവൃന്ദത്തിനു വന്ദനം

ഞങ്ങളെ ദൈവസ്നേഹത്തിൽനിന്നും അകറ്റുന്ന എല്ലാ ശക്തികളെയും കീഴ്പ്പെടുത്താനും ദൈവിക പദ്ധതികൾ സംരക്ഷിക്കാനും പിശാചിന്റെ പ്രവർത്തനങ്ങളെ എതിർത്ത് പീഡനങ്ങളിലും പ്രതിബന്ധങ്ങളിലും പിടിച്ചുനിൽക്കാനുള്ള ശക്തി ലഭിക്കാനും ബലവത്തുക്കളായ മാലാഖമാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1 ത്രിത്വ.

മാലാഖമാരുടെ 7-ാം ഗണമായ പ്രാഥമികന്മാരായ മാലാഖവൃന്ദത്തിനു വന്ദനം

സൃഷ്ടവസ്തുക്കളെയും രാജ്യങ്ങളെയും നേതാക്കന്മാരെയും നിയന്ത്രിക്കാൻ രാജകീയ അധികാരമുള്ള മാലാഖമാരേ, സാത്താന്റെ രാജ്യം പ്രബലപ്പെടാതിരിക്കാനും ദൈവരാജ്യം ഈ ഭൂമിയിൽ നിലനിർത്താനും സഹായിക്കണമേ. സൃഷ്ടപ്രപഞ്ചത്തിലെ രഹസ്യങ്ങളും ശാസ്ത്രീയ കാര്യങ്ങളും മനസ്സിലാക്കിത്തരണമേ.

ദൈവം ഞങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ആത്മാവിനുതകുംവിധം ജീവിച്ച് വിശ്വാസം സംരക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ. ഈ പ്രപഞ്ചത്തിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള നന്മകളെ മനസ്സിലാക്കി ഉപയോഗിക്കാനും ഞങ്ങളെ സഹായിക്കണമേ.

1 ത്രിത്വ.

മാലാഖമാരുടെ 8-ാം ഗണമായ മുഖ്യദൂതന്മാരായ മാലാഖവൃന്ദത്തിനു വന്ദനം

വിശുദ്ധ മിഖായേലിന്റെയും മറ്റു മുഖ്യദൂതന്മാരായ മാലാഖമാരുടെയും വിശുദ്ധഗണമേ, ദൈവത്തിന്റെ സൈന്യങ്ങളുടെ അധിപന്മാരേ, ദൈവത്തിന്റെ പദ്ധതിയനുസരിച്ച് മനുഷ്യരായ ഞങ്ങൾ പ്രവർത്തിക്കാനും ദുഷ്ടാരൂപികളിൽ നിന്ന് ഞങ്ങൾക്ക് പ്രത്യേകസംരക്ഷണം ലഭിക്കാനും ഞങ്ങളുടെ അനുദിനാവശ്യങ്ങളിൽ എപ്പോഴും ഞങ്ങൾക്കു സഹായമായിരിക്കണമേ.

1 ത്രിത്വ.

മാലാഖമാരുടെ 9-ാം ഗണമായ ദൈവദൂതന്മാരായ മാലാഖവൃന്ദത്തിനു വന്ദനം

ഞങ്ങളുടെ ജീവിതവഴികളിൽ ഞങ്ങളെ കാത്തുപാലിക്കാൻ പ്രത്യേകം നിയോഗിക്കപ്പെട്ട മാലാഖവൃന്ദമേ, എല്ലാവിധ അപകടങ്ങളിൽനിന്നും രോഗങ്ങളിൽ നിന്നും ദുഃഖദുരിതങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ. നിങ്ങൾ ദൈവത്തിന്റെ മുഖം സദാസമയം കണ്ടുകൊണ്ടിരിക്കുന്നതുപോലെ ഞങ്ങളുടെ സ്രഷ്ടാവായ ദൈവത്തിന്റെ തിരുമുഖം കാണാനും ദൈവസ്വരം കേൾക്കാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ജീവിതപാതയിൽ തിന്മയിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോൾ അതിൽ അകപ്പെടാതെ സംരക്ഷിക്കുകയും ഞങ്ങൾക്കുവേണ്ട മുന്നറിയിപ്പുകൾ തന്ന് നേർവഴിയിലൂടെ നടത്തുകയും ചെയ്ത് സ്വർഗ്ഗത്തിലെത്തിച്ചേരാൻ സഹായിക്കണമേ.

1 ത്രിത്വ.

സമാപന പ്രാർത്ഥന

സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ അനന്തമായ സ്നേഹത്താൽ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി കോടാനുകോടി മാലാഖമാരെ തന്നിട്ടുണ്ടല്ലോ. ആ മഹാസൈന്യത്തിന്റെ സഹായം സ്വീകരിച്ചുകൊണ്ടും അവരോടുചേർന്ന് അങ്ങേയ്ക്കു ശുശ്രൂഷ ചെയ്യാനും സ്തുതി ആരാധനകൾ സമർപ്പിച്ച്, അവിടുത്തെ സ്വർഗ്ഗീയ മഹത്വത്തിൽ എപ്പോഴും ഞങ്ങൾ ആയിരിക്കാനും  ഞങ്ങളെ അനുഗ്രഹിക്കുന്നതിനെയോർത്ത് ഞങ്ങൾ നന്ദി പറയുന്നു.

സർവ്വേശ്വരാ, സർവ്വശക്തനായ പിതാവേ, അങ്ങ് പഠിപ്പിച്ചതുപോലെ ഞങ്ങളുടെ മരണശേഷം മാലാഖമാരെപ്പോലെയായി അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുവാൻ മാലാഖമാരുടെ സഹായം ഞങ്ങൾക്കു നൽകണമേ.

മനുഷ്യവർഗ്ഗത്തെ കീഴടക്കാൻ പരിശ്രമിക്കുന്ന ഘോരസർപ്പത്തിന്റെ കുതന്ത്രങ്ങളിൽ നിന്നും  രക്ഷപ്പെടുത്തി സ്വർഗ്ഗീയസഹായത്താൽ ഞങ്ങൾ അവിടുത്തെ മക്കളായി ജീവിക്കാനും ആനന്ദിക്കാനും കൃപചെയ്യണമേ.

മരണസമയത്ത് ഞങ്ങളുടെ ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ  സ്വർഗ്ഗീയവൃന്ദങ്ങളെ അയയ്ക്കണമേ.

ആമ്മേൻ.