കാവൽ മാലാഖയോടുള്ള പ്രാർത്ഥനകൾ

കാവൽ മാലാഖയോടുള്ള ജപം

എന്നെ കാക്കുന്ന മാലാഖയെ! എന്നെ വിട്ടുപിരിയാത്ത എത്രയും ഉറപ്പുളള തുണയെ, ഞാൻ ചെയ്തിരിക്കുന്ന പാപങ്ങളെല്ലാം കണ്ടറിഞ്ഞ് സങ്കടപ്പെടുകയും എൻ്റെ സ്വഭാവദൂഷ്യം അറിഞ്ഞിട്ടും എന്നെ കൈവിടാതെ കാത്തു രക്ഷിക്കുകയും ചെയ്തുവരുന്നുവല്ലോ! ആയതിനാൽ ഇപ്പോൾ ഞാൻ ചെയ്യാൻ പോകുന്ന കുമ്പസാരം കഠിനവിധിക്ക് ഹേതുവാകാതെ എൻ്റെ പാപങ്ങൾക്ക് പൊറുതിയും എൻ്റെ ആത്മീയ വ്യാധികൾക്ക് ശാന്തതയും എൻ്റെ ദുരിഛകൾക്ക് അടക്കവും ഉണ്ടാകുന്നതിനും എനിക്കുവേണ്ടി അപേക്ഷിച്ചുകൊള്ളണമെന്ന് നിന്നോട് ഞാൻ പ്രാര്ത്ഥിക്കുന്നു. 1 നന്മ

കാവൽ മാലാഖയോടുള്ള മനസ്താപ ജപം

ആരാധനയ്ക്ക് യോഗ്യമായിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയമേ, ഞാൻ നിരൂപണയാലും വചനത്താലും പ്രവൃത്തിയാലും ചെയ്തിരിക്കുന്ന സകല ആക്രമണങ്ങളെയും ദ്രോഹങ്ങളെയും അങ്ങുന്ന് കണ്ടറിഞ്ഞതിനാലല്ലയോ പൂങ്കാവനത്തിൽ കഠിന വ്യസനം അനുഭവിച്ച് ദുഃഖസാഗരത്തിൽ മുങ്ങി അങ്ങേ സർവ്വാംഗത്തിൽ നിന്നും ചോര വിയർത്തതും, എൻ്റെ പാപങ്ങളൊക്കെയും ചുമന്നുകൊണ്ട് അവയ്ക്ക് പരിഹാരം ചെയ്യുന്നതിനുവേണ്ടി എത്രയും അധിക സങ്കടം അനുഭവിക്കുകയും, കഠിനമായി അടിക്കപ്പെടുകയും അന്യായമായി മുൾമുടി ധരിക്കപ്പെടുകയും അപമാനമായി കുരിശു ചുമപ്പിക്കപ്പെടുകയും കടശി അങ്ങേ തിരുപ്രാണനെക്കുടെ വിട്ടുപിരിയുകയും ചെയ്ത കർത്താവേ ! എൻ്റെ പാപങ്ങൾ നിമിത്തം അങ്ങുന്ന് അനുഭവിച്ച നിന്ദാപമാന പീഡകളെയും, നല്ല മനസ്സോടു കൂടെ കൈക്കൊണ്ട് മരണത്തേയും ഓർത്ത്, എൻ്റെ ഹൃദയം ഉത്തമ മനസ്താപം എന്ന വാളാൽ പിളർക്കപ്പെടുകയും ഇനി ഒരിക്കലും ഇപ്രകാരമുള്ള പാപങ്ങൾ ചെയ്യാതെ കഴിഞ്ഞ പാപങ്ങൾക്കുവേണ്ടി തപസ്സ് ചെയ്യാനും കൃപ ചെയ്യണമേ കർത്താവേ, ആമ്മേൻ.

നവവൃന്ദം മാലാഖമാരോടുളള നൊവേന

ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, മഹത്വമേറിയ സിംഹാസനത്തിൽ വാഴുന്ന രാജാധിരാജനായ കർത്താവേ, ഞങ്ങൾ അങ്ങയെ സ്തുതിച്ച് ആരാധിക്കുന്നു. പരിശുദ്ധ കീർത്തനങ്ങളാൽ അവിടുത്തേയ്ക്ക് സ്വർഗ്ഗത്തിൽ മഹത്വം നൽകുകയും അനശ്വരതയിൽ യഥോചിതം അവിടുത്തെ സ്തുതിച്ചാരാധിക്കുകയും ചെയ്യുന്ന നവവ്യന്ദം മാലാഖമാരോടു ചേർന്ന് ഞങ്ങളും അവിടുത്തെ വാഴ്ത്തുന്നു.

രക്ഷയുടെ അവകാശികളായിരിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യാൻ അവിടുന്ന് നിയോഗിച്ചിരിക്കുന്ന ഈ സേവകാത്മാക്കളുടെ സ്വർഗ്ഗീയ സഹായത്തിനായി ശരണപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.

കാവൽ മാലാഖയുടെ നൊവേന

കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻ്റെ ഈശോയേ ! എൻ്റെ സ്നേഹത്തിൽ നീയല്ലാതെ വേറെ ആരും എനിക്കുണ്ടാകരുത്. എൻ്റെ കാവൽ മാലാഖയെ ! എൻ്റെ പ്രാണനാഥൻ്റെ വരവിന് എൻ്റെ ഹൃദയത്തെ തനിക്ക് ഇഷ്ടമാകും വണ്ണം ആസ്തമാക്കേണമേ. എൻ്റെ പരിശുദ്ധ അമ്മേ ! നിൻ്റെ തിരുക്കുമാരനും എൻ്റെ മണവാളനുമായ ഈശോ ഹൃദയംകൊണ്ട് മറക്കുന്നതിനായി വരികയും നിൻ്റെ ഹൃദയം എൻ്റെ മണവാളൻ എന്നിൽ നിന്ന് പോകുന്നതുവരെ തന്നെ ആരാധിച്ചുകൊണ്ട് നിലയ്ക്കയും ചെയ്യട്ടെ.

മിഖായേൽ, റപ്പായേൽ, ഗബ്രിയേൽ എന്നീ മാലാഖമാരും എൻ്റെ പേരിന് കാരണമായിരിക്കുന്ന പുണ്യവാളനും കൂടി, എൻ്റെ മോക്ഷമണവാളനെ കൈക്കൊള്ളുന്നതിന് എന്നെ സഹായിക്കേണമേ. എൻ്റെ ഒമ്പത് വൃന്ദം മാലാഖമാരെ, അങ്ങേ ആരാധിച്ചു കൊണ്ട് നിങ്ങൾ എൻ്റെ അരികെ നിൽക്കേണമേ. എൻ്റെ പന്ത്രണ്ട് ശ്ലീഹന്മാരെ, എൻ്റെ മണവാളനെ രത്നങ്ങൾകൊണ്ട് എതിരേറ്റു വരേണമേ. എൻ്റെ കാവൽ മാലാഖയെ, തന്നെ കൈക്കൊള്ളുന്നതിനായി തൻ്റെ അരികിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകേണമേ. 1. ത്രിത്വ

എത്രയും ശുദ്ധമാക്കപ്പെട്ട കന്യാസ്ത്രീ മറിയമേ ! നിൻ്റെ ദിവ്യകുമാരനും എൻ്റെ പ്രിയം നിറഞ്ഞ കർത്താവുമായിരിക്കുന്ന ഈശോമിശിഹായെ, ശുദ്ധമാന കുർബാന വഴിയായി കൈക്കൊള്ളുവാൻ ഞാൻ എത്രയും ആഗ്രഹിക്കുന്നതിനാലെ എല്ലാവക പോരായ്മകളും എന്നിലുണ്ടായിരുന്നാലും എല്ലാവക യോഗ്യതകളാലും നിറഞ്ഞിരിക്കുന്ന അങ്ങേ ഹൃദയത്തേയും അതിലെ യോഗ്യതകളെയും എനിക്കു തന്നുകൊണ്ട് എന്നെ ആസ്തമാക്കുകയും അങ്ങേ പക്കലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യണമേ. പറുദീസായുടെ മന്നയും മാലാഖമാരുടെ അപ്പവും നിൻ്റെ വയറ്റിന് ഫലവുമായ ഈശോയെ നീ തന്നെ എൻ്റെ നാവിന്മേൽ വച്ച് തരികയും ചെയ്യണമേ. പരിശുദ്ധ ദൈവമാതാവേ, നീ ഇഹത്തിലായിരിക്കുകയിൽ എല്ലാ ശുദ്ധമാക്കപ്പെട്ടവരേക്കാൾ അധിക ഭക്തിയോടും ഒരുക്കത്തോടും കൂടെ കുർബാന ഉൾക്കൊണ്ടുവല്ലോ! ആ ഭക്തിയും ആസ്തപ്പാടും ഇപ്പോൾ ഈ വിശുദ്ധ കുർബാന കൈക്കൊള്ളുവാൻ പോകുന്ന എനിക്കായി തരണമെന്ന് അപേക്ഷിച്ചു കൊണ്ടും, എൻ്റെ അല്പമായ പുണ്യപ്രവൃത്തികളെ കാഴ്ച്ച വച്ചുകൊണ്ടും നിന്നെ വണങ്ങി എൻ്റെ ഹൃദയദാഹത്തോടെ ക്ഷണിക്കുന്നു. ആമേൻ.

കാവൽ മാലാഖയുടെ നൊവേന II

1. പ്രിയം നിറഞ്ഞ ഞങ്ങളെ കാക്കുന്ന മാലാഖമാരെ, ഞങ്ങൾ പിറന്ന നാൾ മുതൽ ഇതുവരെയും ഞങ്ങളുടെ ആത്മകാര്യങ്ങളെ വിചാരിച്ച് നടത്തി വരുന്ന നിങ്ങളുടെ വിശേഷതാല്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് ഞങ്ങൾ സ്തോത്രം ചെയ്യുന്നു. ആകാശമോക്ഷത്തിൻ്റെ ഉന്നത പ്രഭുക്കളായിരിക്കുന്ന നിങ്ങളുടെ സൂക്ഷത്തിന് ഞങ്ങളെ ഏല്പിക്കാൻ തിരുമനസ്സായ ദൈവാനുഗ്രഹത്തിന് ഞങ്ങളുടെ പേർക്കായിട്ട് സ്തുതിയും സ്തോത്രവും ചെയ്യണമെന്ന് നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 1. സ്വർഗ 1. നന്മ 1. ത്രിത്വ

2. എത്രയും പ്രിയമുള്ള ഞങ്ങളുടെ കാവല്ക്കാരായ മാലാഖമാരേ, നിങ്ങളുടെ നല്ല ഉപദേശങ്ങളെയും കുറ്റപ്പാടുകളെയും കൂട്ടാക്കാതെ നിങ്ങളുടെ മുൻപാകെ തന്നെ ഞങ്ങൾ ദൈവത്തിന് വിരോധമായ കുറ്റങ്ങൾ ചെയ്തതിനാൽ നിങ്ങൾക്ക് വരുത്തിയ നിന്ദാപമാനങ്ങൾ എല്ലാറ്റിനെക്കുറിച്ചും പൊറുതി അപേക്ഷിക്കുന്നു. കൂടാതെ കഴിഞ്ഞ ജീവിതത്തിലെ കുറ്റങ്ങൾക്ക് തക്ക പ്രായശ്ചിത്തം എടുപ്പാനും എത്രയും വലിയ എരിവോടു കൂടെ ദൈവത്തിന് ശുശ്രൂഷ ചെയ്യുവാനും നിലനില്പിസ്തോത്രവും മാതാവിനോട് എപ്പോഴും മഹാ ഭക്തിയായിരിപ്പാനും ദൈവത്തോട് നിങ്ങൾ പ്രാർത്ഥിച്ച് അനുഗ്രഹം തരുവി ക്കണമെന്ന് നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 1. സ്വർഗ 1. നന്മ 1. ത്രിത്വ

3. പ്രിയം നിറഞ്ഞ ഞങ്ങളുടെ കാവൽ മാലാഖമാരേ; പുണ്യവഴിയിലുണ്ടായ വിഘ്നങ്ങളെല്ലാം നീക്കി അതിൽ വർദ്ധിക്കുന്നതിനും, ഞങ്ങളുടെ ആത്മാക്കളെ ഞെരുക്കുന്ന ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുവാനും വേണ്ടി, ഞങ്ങളുടെ നേരെ നിങ്ങൾക്കുണ്ടായിരിക്കുന്ന താല്പര്യത്തെ ഇരട്ടിപ്പിക്കണമെ. നിങ്ങളുടെ സന്നിധിയിൽ വേണ്ടുന്ന ആചാരം ഒരിക്കലും ഞങ്ങൾ മുടക്കാതിരിക്കട്ടെ. നിങ്ങളുടെ കുറ്റപ്പാടുകളെ ഭയപ്പെട്ടുകൊണ്ടും നിങ്ങളുടെ ശുദ്ധമാകപ്പെട്ട ഉപദേശങ്ങളെ അനുസരിച്ചുകൊണ്ടും ദൈവദ്രോഹികളായ മാലാഖമാർക്ക് പൊയ്പ്പോയ സിംഹാസനങ്ങളിൽ ഞങ്ങൾ കരേറുന്നതിനും അവിടെ വച്ച് നിങ്ങളോടുകൂടെ ദൈവാനുഗ്രഹങ്ങൾ എന്നന്നേയ്ക്കുമായി പാടുന്നതിനും യോഗ്യരാകുവാൻ കൃപ ലഭിച്ചു തരണമെ. ആമേൻ. 1. സ്വർഗ 1. നന്മ 1. ത്രിത്വ

പ്രാർത്ഥിക്കാം

ഞങ്ങളെ കാക്കുന്ന കർത്താവിൻ്റെ മാലാഖമാരെ, ദൈവത്തിൻ്റെ കൃപയാൽ നിങ്ങളുടെ പക്കൽ ഏല്പിച്ചിരിക്കുന്ന ഞങ്ങളെ ഈ ദിവസത്തിലും കാത്തുകൊള്ള ണമേ. ആമേൻ