നല്ല മാതാവേ, മരിയേ …..

അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു   സംസാരിക്കുന്നത്.  എന്നാൽ ആ സന്ദേശങ്ങൾ  നമ്മുടെ ഈ നാളുകളിലേക്കു  വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ  ഇക്വഡോറിലെ ക്വിറ്റോയിൽ  വച്ചു  പരിശുദ്ധ അമ്മ പറഞ്ഞ ഓരോ  വാക്കും ഈ നാളുകളിൽ  നാം വീണ്ടും വീണ്ടും വായിക്കേണ്ടവയാണ്. ലോകം  എങ്ങനെയാണു  പാപത്തിൻറെ ചെളിക്കുണ്ടായി മാറുന്നതെന്നും   മുൻ നാളുകളിൽ   ഒരിക്കലും കടന്നുചെല്ലുകയില്ല എന്നു  കരുതിയിരുന്ന വിശുദ്ധസ്ഥലങ്ങളിൽപ്പോലും പാപത്തിൻറെ   ദുർഗന്ധം വ്യാപിക്കുന്നതിനെപ്പറ്റിയും  ആയിരുന്നു ആ സന്ദേശങ്ങൾ.

വരും നൂറ്റാണ്ടുകളിൽ ലോകം പതുക്കെപ്പതുക്കെ അന്ധകാരത്തിലേക്ക് വഴുതിവീഴുന്നതെങ്ങനെയെന്നതിൻറെ  വ്യക്തമായ  ചിത്രം പരിശുദ്ധ അമ്മ വരച്ചുകാണിച്ചപ്പോൾ  സിസ്റ്റർ മരിയാന  ഡി ജീസസ്  ടോറസ്  എന്ന പാവം സ്പാനിഷ് കന്യാസ്ത്രീ  സ്തബ്ധയായിപ്പോയിരിക്കണം. കാരണം ദിവ്യനാഥ  സി മരിയാനയ്ക്ക്  പ്രത്യക്ഷപ്പെടുമ്പോൾ  എല്ലാക്കാര്യങ്ങളും വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുക യായിരുന്നു.  ദൈവാലയങ്ങൾ വിശ്വാസികളെക്കൊണ്ടു   നിറഞ്ഞിരുന്നു. കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ എണ്ണമറ്റ സഭാപിതാക്കന്മാർക്കും വിശുദ്ധർക്കും സഭ ജന്മം കൊടുത്തിരുന്നു. വിശ്വാസസത്യങ്ങളിൽ ആരും  വെള്ളം ചേർത്തിരുന്നില്ല.  സംഭവിക്കാനിരുന്ന വലിയൊരു പിളർപ്പിനെ ഒഴിവാക്കാൻ വേണ്ടിപ്പോലും  അടിസ്ഥാനകത്തോലിക്കാവിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സഭ തയ്യാറായിരുന്നില്ല. ലോകത്തിൽ ധാർമികതയുടെയും  സന്മാർഗികതയുടെയും  പതാക വഹിച്ചിരുന്നത് അന്നും സഭ തന്നെയായിരുന്നു. പുറത്തുള്ള മതേതരസമൂഹവും  സ്വയം രൂപപ്പെടുത്തിയെടുത്ത   മാനദണ്ഡങ്ങളിലൂടെ  ക്രമരാഹിത്യത്തിലേക്കു വഴുതിവീഴാതെ സ്വയം സൂക്ഷിച്ചിരുന്നു. എല്ലാവരും കർശനമായി പാലിച്ചിരുന്നു എന്നു  പറയാനാകില്ലെങ്കിലും  സാമാന്യജനം പൊതുവെ ധാർമികമൂല്യങ്ങളെയും  സാന്മാർഗിക നിയമങ്ങളെയും  ആദരിച്ചിരുന്നു.

ഇതാ, എല്ലാം മാറി മറിയാൻ  പോകുന്നു. അതായിരുന്നു മരിയാനയ്ക്കു  പരിശുദ്ധ ‘അമ്മ നൽകിയ സന്ദേശങ്ങളുടെ രത്നച്ചുരുക്കം. ഇതുപോലൊരു ചെറുലേഖനത്തിൽ  അമ്മ പറഞ്ഞ എല്ലാ കാര്യങ്ങളും  ഉൾക്കൊള്ളിക്കുക സാധ്യമല്ല. അതുകൊണ്ട്  അവയിൽ പ്രധാനപ്പെട്ട ചില സന്ദേശങ്ങളെക്കുറിച്ചുമാത്രമേ നാം ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.  അതിനു മുൻപായി   ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആഗഹിക്കുന്നു.  നമുക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ള നല്ല വിജയത്തിൻറെ മാതാവിൻറെ സന്ദേശങ്ങൾ വായിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുവാൻ പോന്ന ചില കാര്യങ്ങൾ, അല്ലെങ്കിൽ ചില വാക്കുകൾ, അല്ലെങ്കിൽ  ചില സന്ദർഭങ്ങൾ  ഒക്കെ  അവയിലുണ്ടാകാൻ സാധ്യതയുണ്ട്.  ഉദാഹരണത്തിന്, സഭയുടെ നിയന്ത്രണം ഫ്രീ മേസൺ  സംഘം  കൈപ്പിടിയിലൊതുക്കുന്ന ഒരു കാലത്തെക്കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. 1717 ൽ മാത്രം രൂപം കൊണ്ട ഫ്രീമേസൺ  സംഘത്തെക്കുറിച്ചുള്ള പരാമർശം 1610 ൽ ലഭിച്ച സന്ദേശങ്ങളിൽ  ഉൾപ്പെടാനുള്ള കാരണം എന്താണ്?

ക്വിറ്റോയിലെ  പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും അവിടെ  മാതാവ്  നൽകിയ സന്ദേശങ്ങളെക്കുറിച്ചും  നമുക്ക് ഇപ്പോൾ ലഭ്യമായ ഏറ്റവും പുരാതനമായ ആധികാരികരേഖ    Fr Manuel Sousa Peirrera  എഴുതിയ  ‘The Admirable Life of Mother Mariana’  എന്ന ഗ്രന്ഥമാണ് എന്നതാണ് അതിൻറെ കാരണം.  അതാകട്ടെ പ്രത്യക്ഷീകരണത്തിനു  180 വർഷങ്ങൾക്കു  ശേഷമാണ് എഴുതപ്പെട്ടത്. ചരിത്രം പറയുന്നതു   തൻറെ മരണത്തിനും 150  വർഷങ്ങൾക്കുശേഷം 1790ൽ സി. മരിയാന, പെരേര അച്ചനു പ്രത്യക്ഷപ്പെട്ട്,  മാതാവിൻറെ സന്ദേശങ്ങൾ എഴുതി പ്രസിദ്ധീകരിക്കാൻ   പറഞ്ഞു എന്നും അതനുസരിച്ച് അദ്ദേഹം   നല്ല മാതാവിൻറെ സന്ദേശങ്ങൾ  സ്വന്തം വാക്കുകളിൽ സംഗ്രഹിച്ച് ഈ   പുസ്തകം രചിച്ചു എന്നുമാണ്.

അതിൻറെയർത്ഥം അന്നുവരെ നല്ല വിജയത്തിൻറെ മാതാവിൻറെ സന്ദേശങ്ങളെക്കുറിച്ച് ആർക്കും അറിവില്ലായിരുന്നു എന്നൊന്നുമല്ല.  സത്യത്തിൽ അമ്മ പ്രത്യക്ഷപ്പെട്ട് ഒരു വർഷത്തിനുള്ളതിൽ  1611 ഫെബ്രുവരി  രണ്ടിനു  തന്നെ അവിടുത്തെ ബിഷപ്പ് നല്ല വിജയത്തിൻറെ മാതാവിൻറെ ഒരു  തിരുസ്വരൂപം ആശിർവദിച്ച്   മാതാവ്  പ്രത്യക്ഷപ്പെട്ട സ്ഥലത്ത്  സ്ഥാപിച്ചിരുന്നു.  അന്നുമുതൽ അവിടുത്തെ ജനങ്ങൾ എല്ലാ വർഷവും ഫെബ്രുവരി രണ്ടാം തീയതി നല്ല വിജയത്തിൻറെ മാതാവിൻറെ തിരുനാളായി ആഘോഷിക്കുന്നു.  ഈ പാരമ്പര്യം കഴിഞ്ഞ നാലു  നൂറ്റാണ്ടുകളായി  തുടർന്നുകൊണ്ടേയിരിക്കുന്നു  എന്നു  മാത്രമല്ല ക്വിറ്റോ അതിരൂപതയിലെ  എല്ലാ മെത്രാന്മാരും നല്ല വിജയത്തിൻറെ മാതാവിനോടുള്ള ഭക്തിയെ   പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടുണ്ട്. 

മാതാവിൻറെ പ്രത്യക്ഷീകരണത്തിൻറെ ആധികാരികതയെക്കുറിച്ച് പഠിക്കാനായി ക്വിറ്റോയിലെ   ആർച്ച് ബിഷപ്പ് 1980 ൽ വൈദികരുടെ  ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ വൈദിക കമ്മീഷൻ  പ്രധാനമായും ഉപയോഗിച്ച മൂലരേഖ  ഫാദർ മാനുവൽ സൂസ പെരേര 1790ൽ  എഴുതിയ ‘The Admirable Life of Mother Mariana’ എന്ന ഗ്രന്ഥം തന്നെയായിരുന്നു. വിശദമായ പഠനങ്ങൾക്കും  പരിശോധനയ്ക്കുംശേഷം 1985ൽ  സമർപ്പിച്ച റിപ്പോർട്ടിൽ ഈ സഭാകമ്മീഷൻ പ്രസ്താവിക്കുന്നത് മാതാവിൻറെ പ്രത്യക്ഷീകരണങ്ങൾ ആധികാരികവും  വിശ്വസനീയവും  ആണെന്നും  അവ ഒരുവിധത്തിലും തെറ്റായി പ്രചരിപ്പിക്കപ്പെടുന്നവയല്ല  എന്നുമാണ്.

ആയതിനാൽ സി മരിയാനയെക്കുറിച്ചോ നല്ല വിജയത്തിൻറെ മാതാവിൻറെ പ്രത്യക്ഷീകരണത്തെക്കുറിച്ചോ മരിയാനയ്ക്കു  മാതാവ് നൽകിയ  സന്ദേശങ്ങളെക്കുറിച്ചോ അറിയാനുള്ള ആധികാരിക റഫറൻസ് ഗ്രന്ഥമായി ഈ ബുക്കിനെ സ്വീകരിക്കാവുന്നതാണ്.  ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഗ്രന്ഥം Msgr Luis E Cadena എഴുതിയ   ‘Prophetic Messages’ ആണ്. അദ്ദേഹം  മരിയാനയുടെ നാമകരണത്തിനുള്ള പോസ്റ്റുലേറ്റർ  ആയി ചുമതല വഹിച്ചിരുന്ന വ്യക്തി ആണ്.  ഈ ഗ്രന്ഥത്തിന്  അതിരൂപതയിലെ വികാരി ജനറാളിൻറെ ഇമ്പ്രിമാത്തൂർ ഉണ്ട് എന്നാണു  മനസ്സിലാക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികതയെക്കുറിച്ചും  അതിനോടുള്ള സഭയുടെ  അനുകൂല പ്രതികരണത്തെക്കുറിച്ചും  കൂടുതൽ പറയേണ്ടതില്ലല്ലോ.

ഇനി  നമുക്ക് അമ്മ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്നു  നോക്കാം. 

– ഇരുപതാം  നൂറ്റാണ്ടോടെ കുഞ്ഞുങ്ങളിൽ നിഷ്കളങ്കത ഉണ്ടാകില്ല

– സ്ത്രീകളിൽ അടക്കവും ഒതുക്കവും ഉണ്ടാകില്ല

-( സത്യം തുറന്നു) സംസാരിക്കേണ്ടവർ  നിശബ്ദത പാലിക്കും 

-ഫ്രീമേസൺ സംഘങ്ങൾ  കുഞ്ഞുങ്ങളെ ലക്ഷ്യം വയ്ക്കും 

-ആ കാലങ്ങളിലെ കുഞ്ഞുങ്ങൾക്കു  ദുരിതം

-എല്ലാ മതാനുഷ്ടാനങ്ങളും  അശുദ്ധമാക്കപ്പെടും

-ആ നാളുകളിൽ ലോകത്തിൽ ചാരിത്ര്യശുദ്ധി   സൂക്ഷിക്കുന്ന വ്യക്തികൾ ഉണ്ടാകില്ല എന്നു  തന്നെ പറയാം -ആ കാലങ്ങളിൽ മാമ്മോദിസാ തുടങ്ങിയ കൂദാശകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും

-കുമ്പസാരം അപൂർവമായി മാറും. അതു  കത്തോലിക്കാ സ്കൂളുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

-പരിശുദ്ധ കുർബാന അപൂർവ്വമായി  മാറും 

-ദിവ്യകാരുണ്യത്തിന് എതിരെ രഹസ്യവും പരസ്യവുമായ നിന്ദനങ്ങൾ വർധിക്കും.

-കൂദാശ  ചെയ്യപ്പെട്ട തിരുവോസ്തികൾ ദൈവദൂഷണപരമായ കാര്യങ്ങൾക്കായി മോഷ്ടിക്കപ്പെടും.

-(ദിവ്യകാരുണ്യ) ഈശോയെ നിലത്തിട്ട്  അശുദ്ധമായ  പാദങ്ങളാൽ ചവിട്ടി മെതിക്കും.

– അന്ത്യകൂദാശയ്ക്ക്   ഒരു  വിലയും കൊടുക്കില്ല.

-അനേകം പേർ അന്ത്യകൂദാശ കിട്ടാതെ മരിക്കും. അതിനു  കാരണം അവരുടെ കുടുംബാംഗങ്ങളുടെ അജ്ഞത ആയിരിക്കും 

-വിവാഹം എന്ന കൂദാശ വ്യാപകമായി ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും.

-ആ സമയത്ത് പാപത്തിൽ  ജീവിക്കുക എന്നത് എല്ലാവർക്കും വളരെ എളുപ്പമായിരിക്കും -വിവാഹബന്ധത്തിനു പുറത്തു  കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതു  വർദ്ധിക്കും

-മതനിരപേക്ഷ വിദ്യാഭ്യാസം വർദ്ധിക്കും 

-ദൈവവിളികൾ കുറയും

-പൗരോഹിത്യശുശ്രൂഷ നിന്ദിക്കപ്പെടും 

-പുരോഹിതരിൽ അനേകം പേർ  വഴി പിഴയ്ക്കും.  

അങ്ങനെ വഴിതെറ്റുന്ന പുരോഹിതർ   ക്രിസ്ത്യാനികൾക്ക് ഇടർച്ചയ്ക്കു  കാരണമാകും 

-പത്തൊമ്പതാം നൂറ്റാണ്ടിൻറെ  അവസാനം തുടങ്ങി   ഇരുപതാം നൂറ്റാണ്ടിലും  അനേകം  പാഷാണ്ഡതകൾ വ്യാപകമാവും.

-സഭയെ പൈതൃകമായ സ്നേഹത്തോടും  സൗമ്യതയോടും   ശക്തിയോടും   വിവേകത്തോടും കൂടി നയിക്കേണ്ട പിതാക്കന്മാരുടെ അഭാവം ബോധ്യപ്പെടും. 

-നല്ല ഇടയൻമാർക്കും നല്ല വൈദികർക്കും  സഹനം ഏറ്റെടുക്കേണ്ടിവരും 

– വത്തിക്കാനിൽ തടവുകാരനാക്കപ്പെടുന്ന ക്രിസ്തുവിൻറെ വികാരിയായ മാർപാപ്പയ്ക്ക്  ആരും കാണാതെ കണ്ണീരൊഴുക്കേണ്ടിവരും  

-വിശ്വാസത്തിൻറെ നിക്ഷേപങ്ങളും പുണ്യങ്ങളും രഹസ്യമായി  കാത്തുസൂക്ഷിക്കുന്ന  ഒരു ചെറിയ അജഗണം പറഞ്ഞറിയിക്കാനാവാത്ത ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കും. 

-എല്ലാം നഷ്ടപ്പെട്ടു എന്നും നിശ്ചലമായി  എന്നും  തോന്നുമ്പോൾ ഒരു പുതിയ നവീകരണത്തിൻറെ പ്രക്രിയ  ആരംഭിക്കും.

 ഈ ലിസ്റ്റ്  ഇനിയും  ദീർഘിപ്പിക്കണമോ?  ഇതുവരെ പറഞ്ഞ കാര്യങ്ങൾ തന്നെ ഏതൊരു വിശ്വാസിയെയും  പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥയുംആധികാരികതയും അടിയന്തര സ്വഭാവവും ബോധ്യപ്പെടുത്താൻ മതിയാകുന്നവയാണല്ലോ.  ഇനിയും നല്ലവിജയത്തിൻറെ മാതാവിൻറെ  സന്ദേശങ്ങളെ സംശയിക്കുന്നവരോട് എനിക്കു  വിനയത്തോടെ പറയാനുള്ളത് അവർ ലാസലറ്റിലും  ഫാത്തിമയിലും ലൂർദിലും ഒക്കെ മാതാവ്  പറഞ്ഞിട്ടുള്ള  കാര്യങ്ങൾ പരിശോധിക്കട്ടെ എന്നാണ്.  സന്ദേശങ്ങളുടെ  സാരാംശം എല്ലായിടത്തും ഒന്നുതന്നെയാണല്ലോ.  അല്ലെങ്കിൽ അവർ  ഫ്രാൻസിസ് അസീസിയെ പോലെയോ ഡോൺബോസ്കോയെ  പോലെയോ ഉള്ള വിശുദ്ധർ  നൽകിയ പ്രവചനങ്ങൾ പരിശോധിക്കട്ടെ. അവയും  ഈ സന്ദേശങ്ങളുമായി സാരാംശത്തിൽ യോജിക്കുന്നുണ്ടല്ലോ. ഇനിയും  സംശയം അവശേഷിക്കുന്നവരോട്   എനിക്കുള്ള അഭ്യർത്ഥന അവർ ഈ ദർശനങ്ങളുടെ ചരിത്രപരമായ ആധികാരികതയെക്കുറിച്ചോ ഉപയോഗിച്ചിട്ടുള്ള വാക്കുകളുടെ കൃത്യതയെക്കുറിച്ചോ   ഗവേഷണം നടത്താനുള്ള അവരുടെ ജിജ്ഞാസയെ  അവഗണിക്കണം എന്നാണ്. കാരണം ദൈവിക രഹസ്യങ്ങൾ  ഒരിക്കലും  ബുദ്ധി കൊണ്ടു  മനസിലാക്കാൻ കഴിയുന്നവയല്ല   എന്നതുതന്നെ.

ഒരു കാര്യം മാത്രം ഓർത്തിരിക്കുക.  ഈ പ്രത്യക്ഷീകരണം പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിലാണു    സംഭവിച്ചത്.  അന്നുമുതൽ വൈദികരും  അല്മായരും ഒരുപോലെ ഈ സന്ദേശങ്ങളെ  വലിയ ഗൗരവത്തോടെ കണ്ടിരുന്നു. ഈ പ്രത്യക്ഷീകരണം സ്ഥലത്തെ മെത്രാൻ അംഗീകരിച്ചിട്ടുണ്ട്. ഇരുനൂറ്റി മുപ്പതു  വർഷങ്ങൾക്കു മുൻപ് 1790 ൽ   ഭാവിതലമുറകൾക്കുവേണ്ടി  ഇക്കാര്യങ്ങൾ   ഒരു വൈദികൻ രേഖപ്പെടുത്തിവച്ചിട്ടുണ്ട്.  മാത്രവുമല്ല നല്ല വിജയത്തിൻറെ മാതാവിനോടുള്ള  ഭക്തി  നാലു  നൂറ്റാണ്ടുകളിലൂടെ  തുടർച്ചയായി  നടന്നുകൊണ്ടിരിക്കുന്നു.  ഇരുപതാം നൂറ്റാണ്ടിൻറെ   അവസാനമായപ്പോഴേയ്ക്കും സ്ഥലത്തെ മെത്രാൻ നിയമിച്ച കമ്മീഷൻ സമർപ്പിച്ച  റിപ്പോർട്ട്  നല്ല വിജയത്തിൻറെ മാതാവിൻറെ  പ്രത്യക്ഷീകരണത്തിനും സന്ദേശങ്ങൾക്കുമുള്ള    സഭയുടെ അംഗീകാരമുദ്രയുമാണല്ലോ. 

ക്വിറ്റോയിലെ  പ്രത്യക്ഷീകരണങ്ങൾ ഗൗരവമായി എടുക്കാൻ നമുക്ക് ഇത്രയും കാരണങ്ങൾ പോരേ?  നമ്മുടെ അമ്മ പ്രവചിച്ച കാലങ്ങളിലാണു   നാം ഇപ്പോൾ ജീവിക്കുന്നത്.  പാപത്തിനും അശുദ്ധിയ്ക്കും   മനുഷ്യരാശി തങ്ങളെത്തന്നെ   വിറ്റ ഒരു നൂറ്റാണ്ടിനു  നമ്മൾ സാക്ഷ്യംവഹിച്ചു കഴിഞ്ഞു. ഇപ്പോൾ നാം ജീവിക്കുന്ന ഈ നൂറ്റാണ്ട്  ധാർമികമായും ആത്മീയമായും കൂടുതൽ കൂടുതൽ അധപതിച്ചു കൊണ്ടിരിക്കുകയാണ്  എന്നും നമുക്കറിയാം.

പരിശുദ്ധ അമ്മ  നമുക്കു  സന്ദേശങ്ങൾ തരുന്നതു  നമ്മെ ഭയപ്പെടുത്താൻ  വേണ്ടിയല്ല. മറിച്ച്     സാത്താൻറെ സൈന്യവും അമ്മയുടെ സൈന്യവുമായുള്ള മഹായുദ്ധത്തിന്   അമ്മയുടെ മക്കളെ ഒരുക്കാൻ വേണ്ടിയാണത്. ആ യുദ്ധത്തിൻറെ  മുന്നണിപ്പോരാളികൾ ആയിരിക്കേണ്ടവരാണല്ലോ നാം.

 അമ്മയ്ക്ക് നമ്മോടു  പറയാനുള്ള അന്തിമ സന്ദേശം ഇതാണ്;

‘നിരന്തരം പ്രാർത്ഥിക്കുക. അക്ഷീണം യാചിക്കുക. നിങ്ങളുടെ ഹൃദയത്തിൻറെ  ഏകാന്തതയിൽ    കണ്ണുനീരോടെ വിലപിക്കുക.  എൻറെ ദിവ്യസുതൻറെ   ദിവ്യകാരുണ്യഹൃദയത്തോട്,  ദൈവികശുശ്രൂഷകരുടെ മേൽ കരുണയായിരിക്കണമേയെന്ന്  യാചിക്കുക. അസന്തുഷ്ടമായ കാലങ്ങൾ എത്രയും വേഗം കടന്നു പോകണം എന്നു  പ്രാർത്ഥിക്കുകയും ചെയ്യുക.”

 പരിശുദ്ധ കന്യകയുടെ മധ്യസ്ഥ സഹായത്താൽ ഈ നിർഭാഗ്യകരമായ കാലങ്ങളെ തരണംചെയ്തു വിജയശ്രീലാളിതരായി സനാതനസന്തോഷത്തിൻറെ നാട്ടിലേക്കു   നാം പ്രവേശിക്കും  എന്നുള്ളതാണ് നമ്മുടെ പ്രത്യാശ. നല്ല വിജയത്തിൻറെ അമ്മ തൻറെ പുത്രൻറെ കുരിശിൻറെ പതാകയ്ക്കു കീഴിൽ നമ്മെ വിജയത്തിലേക്കു നയിക്കട്ടെ.