നമുക്കെല്ലാവർക്കും സുപരിചിതമായ ഈ ഗാനം കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാകില്ല. എത്ര മനോഹരവും അർത്ഥസമ്പുഷ്ടവുമായ വരികളാണവ! കല്ലുകളും മുള്ളുകളും കടന്ന് എന്നെ തേടിവരുന്ന യേശു, എൻറെ മുറിവുകളും വ്രണങ്ങളും സൗഖ്യപ്പെടുത്തുന്ന യേശു, എന്നെ തോളിലേറ്റുന്ന യേശു, സ്വന്തജീവൻ തന്നുപോലും എന്നെ പാലിക്കുന്ന യേശു! ആ നല്ല ഇടയനെക്കുറിച്ച് എത്ര പാടിയാലും മതിവരില്ല.
അതേ, സ്വന്തം ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ല ഇടയനാണ് യേശു. യോഹന്നാൻറെ സുവിശേഷം പത്താം അധ്യായത്തിൻറെ ഒന്നു മുതൽ പതിനാറു വരെയുള്ള വാക്യങ്ങളിലൂടെ യേശു വരച്ചിടുന്ന നല്ല ഇടയൻറെ ചിത്രം ഹൃദയത്തിൽ എല്ലായ്‌പ്പോഴും സൂക്ഷിക്കുന്നവനാണു നല്ല ക്രിസ്ത്യാനി. കാരണം അവനറിയാം; ‘ഇസ്രായേലിൻറെ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല’ (സങ്കീ. 121:4). കണ്ണിമ ചിമ്മാതെ കാവലിരിക്കുന്ന ഇടയനുള്ളപ്പോൾ തനിക്കു ചെന്നായ്ക്കളെ ഭയപ്പെടാതെ ഉറങ്ങാൻ കഴിയും എന്ന് അവനറിയാം.
എന്താണു നല്ല ഇടയനെയും കൂലിക്കാരനെയും തിരിച്ചറിയാനുള്ള വഴി? യേശു പറയുന്നത് ശ്രദ്ധിക്കുക. “ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവൻ ഓടിപ്പോകുന്നത് കൂലിക്കാര നായതുകൊണ്ടും ആടുകളെപ്പറ്റി താല്പര്യമില്ലാത്തതുകൊണ്ടുമാണ്. ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എൻറെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും” ( യോഹ. 10:11-16).
കർത്താവ് സ്വർഗാരോഹണം ചെയ്യുന്നതിനു മുൻപു തന്നെ തൻറെ ശുശ്രൂഷ ഭൂമിയിൽ തുടർന്നുകൊണ്ടുപോകാനായി പൗരോഹിത്യം സ്ഥാപിച്ചുവെന്നു നമുക്കറിയാം. ഓരോ പുരോഹിതനും യേശുക്രിസ്തുവിൻറെ നിത്യ പൗരോഹിത്വത്തിൽ പങ്കുപറ്റുന്നവരാണ്. അവരെല്ലാം ദൈവജനത്തിൻറെ ഇടയന്മാരാണ്. സഭയുടെ ശുശ്രൂഷയ്ക്ക്, അതായത് മാർപ്പാപ്പ മുതൽ കർദിനാൾമാരും മെത്രാൻമാരും വൈദികരും വരെയുള്ളവർ ചെയ്യുന്ന ദൈവവേലയ്ക്ക്, അജപാലന ശുശ്രൂഷ എന്നു പേരു വിളിക്കാൻ കാരണം അവരുടെ പ്രഥമവും പ്രധാനവുമായ കടമ ദൈവത്തിൻറെ ആട്ടിൻപറ്റത്തെ നേർവഴിക്കു നയിക്കുക എന്നതായതുകൊണ്ടാണ്.
‘കർത്താവാണ് എൻറെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു’ എന്നും ‘മരണത്തിൻറെ നിഴൽ വീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്ന തെങ്കിലും അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല എന്നും ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ വായിക്കുന്ന വിശ്വാസിയുടെ മനസിൽ മിഴിവോടെ തെളിഞ്ഞുവരുന്നതു നല്ല ഇടയനായ കർത്താവിൻറെ മാതൃക പിന്തുടർന്നു തങ്ങൾക്കാവശ്യമായ ആത്മീയശുശ്രൂഷകൾ എല്ലാം ചെയ്തുതരുന്ന വൈദികരെയാണ്.
എഴുപത്തെട്ടു വയസുള്ള, കാൻസർ രോഗിയും പ്രമേഹബാധിതനുമായ ഒരു വൈദികൻ അർപ്പിച്ചുകൊണ്ടിരുന്ന പരിശുദ്ധ കുർബാനയിൽ കഴിഞ്ഞ ഒരു വർഷം മുഴുവൻ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ ലേഖനം എഴുതുന്നത്. എപ്പോൾ വേണമെങ്കിലും കുമ്പസാരിപ്പിക്കാൻ തയ്യാറായിരുന്ന ഈ വൃദ്ധ വൈദികനു നാവിൽ കുർബാന തരുന്നതിനും യാതൊരു ഭയവും ഉണ്ടായിരുന്നില്ല. എഴുപത്തഞ്ചു വയസിനു മുകളിൽ പ്രായമുള്ളതും വിവിധ രോഗങ്ങളാൽ വലയുന്നവരുമായ മൂന്നു വൈദികർ ഒരുമിച്ച് എല്ലാ ദിവസവും പരിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഒരു ആശ്രമദൈവാലയത്തിൽ പോകാനുള്ള ഭാഗ്യവും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലഭിച്ചു. ഇടവക ദൈവാലയം അടച്ചിട്ടപ്പോൾ അവർ ചെയ്തത് ആശ്രമത്തിലെ കുർബാനകളുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. ഇടവകയിൽ കുമ്പസാരം ഇല്ലാതായപ്പോൾ ഈ വൈദികർ തങ്ങളുടെ ആശ്രമത്തിൻറെ വാതിലുകൾ കുമ്പസാരത്തിനായി വരുന്ന എല്ലാവർക്കുമായി തുറന്നിട്ടു.
ദിവസം ഒൻപതു കുർബാന വരെ അർപ്പിച്ച ദൈവാലയങ്ങൾ, ഇടവകാ തിർത്തിയിൽ എല്ലായിടത്തും ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വൈദികർ, ദൈവാലയത്തിൽ കുർബാന അർപ്പിക്കാൻ പറ്റാതായപ്പോൾ ആരെയും കാത്തിരിക്കാതെ യു ട്യൂബിലൂടെ കുർബാന സംപ്രേക്ഷണം ചെയ്ത വൈദികർ, കുമ്പസാരസൗകര്യം ലഭ്യമാണ് എന്നു വാട്ട്സ് ആപ്പ് പോസ്റ്റിട്ട വൈദികർ എന്നിങ്ങനെ നല്ല ഇടയന്മാരുടെ നൂറുനൂറ് ഉദാഹരണങ്ങൾ കാണാൻ കഴിഞ്ഞ ഒരു വർഷമാണു കടന്നുപോയത്.
അങ്ങനെയുള്ള നല്ല ഇടയന്മാരെ ലഭിച്ച ദൈവജനവും ദേശവും അനുഗ്രഹിക്കപ്പെട്ടവ. അങ്ങനെയുള്ള മെത്രാന്മാരെ ലഭിച്ച രൂപതകൾ അനുഗ്രഹിക്കപ്പെട്ടവ. അങ്ങനെയുള്ള ഇടയന്മാർ അനുഗ്രഹീതർ. അവരുടെ എണ്ണം ഇനിയും വർധിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
എന്നാൽ ഇടയനല്ലാത്തവരും കൂലിക്കാരുമായ വൈദികരും നമ്മുടെയിടയിലുണ്ട് എന്ന ദുഃഖസത്യം മറച്ചുവച്ചിട്ടു കാര്യമില്ല. നല്ല ഇടയനാകാനുള്ള പരീക്ഷയിൽ, അഥവാ പരീക്ഷണത്തിൽ ദയനീയമായി പരാജയപ്പെട്ട ചില വൈദികരെയെങ്കിലും നാം കണ്ടുമുട്ടിയിട്ടുണ്ട്. അവരെ തിരിച്ചറിയാനുള്ള വഴി കർത്താവു പറഞ്ഞതു തന്നെയാണ്. അവർ ചെന്നായ് വരുന്നതു കാണുമ്പോൾത്തന്നെ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. എന്തുകൊണ്ടാണ് അവർ ഓടിപ്പോകുന്നത്? ഉത്തരവും കർത്താവു തന്നെ പറഞ്ഞിട്ടുണ്ട്; അവർ കൂലിക്കാരായതുകൊണ്ടും ആടുകളെപ്പറ്റി താല്പര്യമില്ലാത്തുകൊണ്ടും തന്നെ.
അപ്പോൾ രണ്ടുതരം വൈദികർ (മെത്രാന്മാരും) ഉണ്ടെന്നു നമുക്കു മനസിലാക്കാം. ഒന്ന് ദൈവജനത്തിൻറെ കാര്യത്തിൽ അതീവശ്രദ്ധ കൊടുക്കുന്ന വിശുദ്ധരായ നല്ല ഇടയന്മാർ. അവർക്കു പൗരോഹിത്യം ഒരു ശുശ്രൂഷയാണ്. രണ്ടാമത്തേത് വൈദികവൃത്തിയെ ഒരു ജോലി മാത്രമായി കാണുന്നവർ. അവർക്ക് ആ ജോലിയിൽ നിന്നു കിട്ടുന്ന പ്രതിഫലത്തെ ക്കുറിച്ചല്ലാതെ അവരുടെ യാഥാർത്ഥ കടമയെക്കുറിച്ച് ഒരു താല്പര്യവുമില്ല. പ്രതിഫലം എന്നതു സാമ്പത്തികം എന്ന തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പദവിയും സ്ഥാനമാനങ്ങളും ഒക്കെ അതിൽപ്പെടും. എൻറെ വാക്കുകൾ പരുഷമായിപ്പോകുന്നുണ്ടെകിൽ ഉദ്ദേശശുദ്ധിയോർത്തു മാപ്പുതരിക.
ഒരു ആപത്ഘട്ടത്തിൽ ക്രൈസ്തവർ ആശ്വാസത്തിനും സംരക്ഷണത്തിനുമായി പോകുന്നത് അവരുടെ ദൈവാലയങ്ങളിലേക്കാണ്. കുമ്പസാരത്തിനും പരിശുദ്ധ കുർബാനയ്ക്കും രോഗീലേപനത്തിനും വൈദികർ തന്നെ വേണമല്ലോ. കോവിഡ് രോഗം പടർന്നുപിടിച്ചപ്പോൾ ദൈവാലയങ്ങൾ അടച്ചിടാൻ അമിതാവേശം കാണിച്ച പുരോഹിതരെ നമുക്കറിയാം. സർക്കാർ അനുവദിച്ച നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു നടത്തിക്കൊടുക്കാവുന്ന ആത്മീയശുശ്രൂഷകൾക്കുപോലും വിസമ്മതിച്ച പുരോഹിതരെയും നമുക്കറിയാം. തങ്ങളുടെ ഇടവകയിലെ ദൈവജനത്തിന് ഒരു വർഷക്കാലമോ അതിലധികമോ കുമ്പസാരം എന്ന കൂദാശ നൽകാതിരുന്ന വൈദികരും നമ്മുടെയിടയിലുണ്ട്. പരിശുദ്ധ കുർബാന നാവിൽ കൊടുക്കാതിരിക്കാൻ കോവിഡിനെ മറയാക്കിയവരുണ്ട്.
എന്നാൽ ഇവരിൽ പലരും തങ്ങളുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലെല്ലാം, അത് എസ്റ്റേറ്റ് നടത്തിപ്പായാലും ഫർണിച്ചർ കച്ചവടമായാലും സ്‌കൂൾ നടത്തിപ്പായാലും ആശുപത്രി ഭരണമായാലും അതുമല്ല വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനിസ്ട്രേറ്റർ എന്ന ഭാരിച്ച ഉത്തരവാദിത്വമായാലും, ഒരു മുടക്കവും വരുത്തിയിട്ടില്ല. വിശ്വാസികളുടെ ആത്മീയോർക്കർഷത്തിന് ഒരു വിധത്തിലും ഉതകാത്ത വീഡിയോകൾ പടച്ചുണ്ടാക്കി അവ യൂട്യൂബിലൂടെ പ്രചരിപ്പിക്കുന്നതാണു തങ്ങളുടെ മുഖ്യശുശ്രൂഷയെന്നു കരുതുന്ന വൈദികരുമുണ്ട്. ‘ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു’ എന്നു നെഞ്ചത്തു കൈവച്ചു പറയാൻ കഴിയുന്ന വൈദികരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതും കാണാതിരിക്കരുത്.
ഇതെല്ലം ചേർത്തുവായിക്കുമ്പോൾ അപ്രിയകരമായ ഒരു സത്യം നമുക്കു മുൻപിൽ തെളിഞ്ഞുവരും. അതു മറ്റൊന്നുമല്ല. തങ്ങളെക്കൊണ്ട് ഏറ്റവുമധികം ആവശ്യമുള്ള സമയത്തുതന്നെ തങ്ങളെ ഏല്പിച്ചിരിക്കുന്ന ആട്ടിൻപറ്റത്തെ ഉപേക്ഷിച്ചുപോകാൻ യാതൊരു മടിയും കാണിക്കാത്ത ചില പുരോഹിതരെങ്കിലും നമ്മുടെ ഇടയിലുണ്ട്. അവരുടെ എണ്ണമല്ല പ്രധാനം. നല്ല ഇടയന്മാരാകേണ്ടവരിൽ ചിലരെങ്കിലും വെറും കൂലിക്കാരെപ്പോലെയും ആടുകളുടെ കാര്യത്തിൽ താല്പര്യമില്ലാത്തവരെപ്പോലെയും പെരുമാറുന്നു എന്നതാണു നമ്മെ വേദനിപ്പിക്കുന്ന കാര്യം.
പകർച്ചവ്യാധിയുടെ ഈ നാളുകളിൽ ആത്മീയശുശ്രൂഷയിൽ താല്പര്യമില്ലാത്ത വൈദികർ എന്നത് സംഭവിച്ചുതന്നെ തീരേണ്ട മറ്റൊരു മഹാമാരി യായിരിക്കാം. സഖറിയാ പ്രവാചകൻറെ വാക്കുകൾ നമുക്ക് ഓർക്കാം. ‘ കർത്താവ് എന്നോട് കൽപിച്ചു; നീ ഇനി നീചനായ ഒരു ഇടയൻറെ വേഷം എടുക്കുക. ഞാൻ ദേശത്തേക്ക് ഒരു ഇടയനെ അയയ്ക്കും. അവൻ നശിക്കുന്നവയെ രക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുക യോ ചെയ്യാതെ, കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു. ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന എൻറെ നീചനായ ഇടയനു ദുരിതം. വാൾ അവൻറെ കൈ ഛേദിക്കട്ടെ; വലതുകണ്ണ് ചൂഴ്‌ന്നെടുക്കട്ടെ. അവൻറെ കൈ പൂർണ്ണമായും ശോഷിച്ചുപോകട്ടെ. അവൻറെ വലതുകണ്ണു തീർത്തും അന്ധമാകട്ടെ’ (സഖ. 11:15-17).
തനിക്കുശേഷം വരാനിരിക്കുന്ന എല്ലാ സഭാശുശ്രൂഷകരെയും മുന്നിൽ കണ്ടുകൊണ്ട് ആദ്യത്തെ മാർപ്പാപ്പ ഇപ്രകാരം എഴുതിവച്ചു. ‘ ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിൻറെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിൻറെ പങ്കുകാരനും എന്ന നിലയിൽ ഞാൻ നിങ്ങളുടെയിടയിലെ ശ്രേഷ്‌ഠന്മാരെ ഉപദേശിക്കുന്നു; നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിൻറെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധം മൂലമായിരിക്കരുത്. ദൈവത്തെ പ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിൻറെമേൽ ആധിപത്യം ചുമത്തി ക്കൊണ്ടായിരിക്കരുത്, സൻമാതൃക നൽകിക്കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവൻ പ്രത്യക്ഷപ്പെടുമ്പോൾ മഹത്വത്തിൻറെ ഒളിമങ്ങാത്ത കിരീടം നിങ്ങൾക്കു ലഭിക്കും’ (1 പത്രോസ് 5:1-4). തകർച്ചയുടെ നാളുകളിൽ ദൈവാലയം താഴിട്ടുപൂട്ടി അതിനു കാവലിരിക്കുന്നതാണു പുരോഹിതധർമ്മം എന്ന തെറ്റിദ്ധാരണ പരന്നുകൊണ്ടിരിക്കുന്ന ഈ നാളുകളിൽ വായിക്കാനായി ജോയേൽ പ്രവാചകൻറെ പുസ്തകം കൈയിലെടുക്കണം. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘കർത്താവിൻറെ ശുശ്രൂഷകരായ പുരോഹിതന്മാർ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേ നിന്നു കരഞ്ഞുകൊണ്ടു പ്രാർത്ഥിക്കട്ടെ’ (ജോയേൽ 2: 17)
സഖറിയാ പ്രവാചകൻ പറഞ്ഞ നീചനായ ഇടയനാകാതെ, പത്രോസ് ശ്ലീഹാ പറഞ്ഞ ശ്രേഷ്‌ഠനായ ഇടയനാകാനുള്ള കൃപ നമ്മുടെ എല്ലാ വൈദികർക്കും മെത്രാന്മാർക്കും സഭാധികാരികൾക്കും ലഭിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം. അവർക്കു നമ്മുടെ പ്രാർത്ഥന ഏറെ ആവശ്യമുണ്ടെന്നു നമുക്കുമുൻപേ തിരിച്ചറിഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയോടൊപ്പം നമുക്കും ഇങ്ങനെ പ്രാർത്ഥിക്കാം.
‘ഓ യേശുവേ, അങ്ങേ വൈദികർക്കായി, പ്രത്യേകിച്ചും വിശ്വസ്തരും തീക്ഷ്ണതയുള്ളവരുമായ വൈദികർക്കും, അവിശ്വസ്തരും മന്ദഭക്തരുമായ വൈദികർക്കും വേണ്ടിയും, സ്വദേശത്തോ വിദൂരദേശങ്ങളിലോ സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുന്ന അങ്ങേ വൈദികർക്കായും, പ്രലോഭനങ്ങൾ നേരിടുന്ന അങ്ങേ വൈദികർക്കായും, ഏകാന്തതയും ശൂന്യതാബോധവും അലട്ടുന്ന അങ്ങേ വൈദികർക്കായും, അങ്ങേ യുവവൈദികർക്കായും മരണാസന്നരായ അങ്ങേ വൈദികർക്കായും, ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന അങ്ങേ വൈദികർക്കായും ഞാൻ പ്രാർത്ഥിക്കുന്നു. സർവോപരി എനിക്കു മാമോദീസ നൽകിയ വൈദികൻ, പാപമോചനം നൽകിയ വൈദികർ, ഞാൻ പങ്കെടുത്ത പരിശുദ്ധകുർബാനകൾ അർപ്പിക്കുകയും അങ്ങയുടെ തിരുശരീരവും തിരുരക്തവും എനിക്കു നൽകുകയും ചെയ്ത വൈദികർ, എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത വൈദികർ, ഏതെങ്കിലും തരത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്ന വൈദികർ ( പ്രത്യേകിച്ച്……………) എന്നിങ്ങനെ എനിക്കു പ്രിയപ്പെട്ടവരായ എല്ലാ വൈദികർക്കായും ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു. ഓ യേശുവേ, അവരെയെല്ലാം അങ്ങേ തിരുഹൃദയത്തോടു ചേർത്തുനിർത്തുകയും ഇപ്പോഴും നിത്യതയിലും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമേൻ.