എണ്ണയും വീഞ്ഞും

‘മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്  കള്ളൻ വരുന്നത്’

 (യോഹ.10:10). എന്നാൽ യേശു വന്നിരിക്കുന്നത് നമുക്കു  ജീവനുണ്ടാകാനും അതു  സമൃദ്ധമായി ഉണ്ടാകാനുമാണ്. മോഷ്ടാവിൻറെ  ഉദ്ദേശം തന്നെ  തൻറെ  ഇരകളുടെ പക്കലുള്ളതു  കവർന്നെടുക്കുക എന്നതാണ്. ആ ശ്രമത്തിനിടയിൽ അവൻ വസ്തുവകകൾ നശിപ്പിക്കുകയോ ഒരുപക്ഷേ മറ്റുള്ളവരെ കൊല്ലുക തന്നെയോ ചെയ്തേക്കാം. 

മോഷണം നടത്താനുള്ള ഉദ്ദേശത്തോടെ വരുന്ന ഒരു കള്ളൻ എന്താണ് ആഗ്രഹിക്കുക? സ്വാഭാവികമായും ഏറ്റവും വിലപിടിപ്പുള്ളതും  കൊണ്ടുപോകാൻ എളുപ്പമുള്ളതും ആയ വസ്തുക്കൾ ആയിരിക്കും അവൻ നോട്ടമിടുക.  അതുകൊണ്ടാണു  വീടുകളിൽ കയറുന്ന കള്ളന്മാർ പണവും സ്വർണവും  മോഷ്ടിക്കാൻ കൂടുതൽ  താല്പര്യം കാണിക്കുന്നത്.  പണ്ടുകാലങ്ങളിൽ  വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കവർച്ച ചെയ്യുന്ന കൊള്ളസംഘങ്ങൾ  ധാരാളമുണ്ടായിരുന്നു.  അവരും ഉന്നം വച്ചിരുന്നത് യാത്രക്കാരൻറെ  കൈയിലുള്ള പണമോ സ്വർണ്ണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള  വസ്തുക്കളോ ആയിരുന്നു.

എന്നാൽ ബൈബിളിൽ നാം വളരെ പ്രത്യേകതകളുള്ള ഒരു കൂട്ടം കവർച്ചക്കാരെ  കണ്ടുമുട്ടുന്നുണ്ട്.  ലൂക്കായുടെ സുവിശേഷം പത്താം അധ്യായത്തിലെ നല്ല സമരിയക്കാരൻറെ  ഉപമ നമുക്കെല്ലാം സുപരിചിതമാണ്.  ജറുസലേമിൽ നിന്നു  ജെറിക്കോവിലേക്കു  പോകുകയായിരുന്ന  ഒരുവൻ  കവർച്ചക്കാരുടെ കൈയിൽ അകപ്പെടുന്നു. കവർച്ചയ്ക്കു  ശേഷം അർദ്ധപ്രാണനായി  വഴിയരികിൽ കിടക്കുന്ന അവനെ അതിലേ  കടന്നുപോയ പുരോഹിതനും ലേവായനും അവഗണിച്ചപ്പോൾ  അതിനുശേഷം വന്ന സമരിയക്കാരൻ  അവനെ പരിചരിക്കുകയും സത്രത്തിൽ കൊണ്ടുചെന്നാക്കി അവനു വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും  ചെയ്യുന്ന  ഉപമ പറഞ്ഞതിനുശേഷം  യേശു പറയുന്നത്  ‘ നീയും പോയി അതുപോലെ ചെയ്യുക’ എന്നാണ് ( ലൂക്കാ 10:37). പരസ്നേഹത്തിൻറെ യഥാർത്ഥ ക്രിസ്തീയ മാതൃകയായി എല്ലാവരും  ചൂണ്ടിക്കാണിക്കുന്ന ഉപമയാണിത്.  പല  ഭാഷകളിലും  നല്ല സമരിയക്കാരൻ ( Good  Samaritan) എന്ന പ്രയോഗം തന്നെ അങ്ങനെയാണു  വന്നത്.

എന്നാൽ  ഹതഭാഗ്യനായ ആ വഴിയാത്രക്കാരനെ  ആക്രമിച്ചവർ  കവർച്ചയ്ക്കിടയിൽ ചെയ്ത ഒരു കാര്യം   നാം പലപ്പോഴും ശ്രദ്ധിക്കാറില്ല.  ‘ അവർ അവൻറെ  വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ച്‌  അർദ്ധപ്രാണനാക്കിയിട്ടു  പൊയ്ക്കളഞ്ഞു’  (ലൂക്കാ 10:30) എന്നാണ് സുവിശേഷത്തിൽ നാം  വായിക്കുന്നത്.  മർദനത്താൽ  അവശനായ  ആ മനുഷ്യനെ നഗ്നനായി   വഴിയിൽ  ഉപേക്ഷിച്ചു പോകുകയാണ് അവർ ചെയ്യുന്നത്.

എന്തിനായിരിക്കാം  കവർച്ചക്കാർ ആ  പാവത്തിനെ  ആക്രമിച്ചത്?  അതു തീർച്ചയായും അവൻറെ കൈയിലുള്ള  വിലപിടിപ്പുള്ള വസ്തുക്കൾ  കൊള്ള ചെയ്യാൻ വേണ്ടിയിട്ടായിരിക്കണം.  എന്നാൽ   ആ വഴിയാത്രക്കാരൻറെ  വസ്ത്രം ഉരിഞ്ഞെടുത്തിട്ട് കവർച്ചക്കാർക്ക് എന്തു  നേട്ടമാണ് ഉണ്ടായിട്ടുണ്ടാകുക?   അതു  മനസ്സിലാകണമെങ്കിൽ  യേശുവിൻറെ  പ്രബോധനരീതിയെക്കുറിച്ചറിയണം. യേശു എല്ലാക്കാര്യങ്ങളും ഉപമകളിലൂടെയാണു  പഠിപ്പിച്ചിരുന്നത്. ഉപമകളിലൂടെയല്ലാതെ അവൻ  ഒന്നും പഠിപ്പിച്ചിരുന്നില്ല എന്നു  സുവിശേഷങ്ങളിൽ രേഖപ്പെടുത്തത്തക്കവിധം അത്രയധികമായി യേശു  ഉപമകളെ  ആശ്രയിച്ചിരുന്നു. എന്നാൽ  ശിഷ്യന്മാരോടൊപ്പം തനിച്ചായിരിക്കുന്ന അവസരങ്ങളിൽ  എല്ലാം അവർക്കു  വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

യേശു പറഞ്ഞ എല്ലാ ഉപമകൾക്കും  ആദ്യവായനയിൽ മനസ്സിലാകുന്ന  അർത്ഥത്തിനു പുറമേ ആത്മീയതലത്തിലുള്ള മറ്റൊരു അർത്ഥവും ഉണ്ടായിരുന്നു. നല്ല സമരിയക്കാരൻറെ  ഉപമയും അതുപോലെതന്നെയാണ്.   കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട മനുഷ്യൻ ജറുസലേമിൽ നിന്നു  ജെറിക്കോവിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത് എന്നു  നമുക്കറിയാം. ജെറുസലേം ഇസ്രയേലിൻറെ  ദൈവമായ കർത്താവിൻറെ    ആലയം സ്ഥിതിചെയ്തിരുന്ന  മഹാനഗരമായിരുന്നു. അതായതു   ദൈവസാന്നിധ്യം  പ്രകടമായിരുന്ന വിശുദ്ധസ്ഥലം.  ജെറിക്കോയാകട്ടെ എല്ലാ തിന്മകളുടെയും  അസാന്മാർഗികതയുടെയും  പ്രതീകമായി ബൈബിളിൽ  ചിത്രീകരിക്കപ്പെട്ടിരുന്ന  നഗരമാണ്. ഇസ്രായേൽക്കാർ  ജെറിക്കോ പട്ടണം കീഴടക്കുമ്പോൾ  അവിടെനിന്ന് ഒരു വസ്തുപോലും എടുക്കരുതെന്നു  ജോഷ്വാ ജനങ്ങളോടു പറഞ്ഞിരുന്നു.  അതു  ലംഘിച്ച ആഖാൻറെ  പാപം മൂലം ഇസ്രായേൽക്കാർക്ക്   ആയ്‌  നിവാസികളോടുള്ള യുദ്ധത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു എന്നു  നാം വായിക്കുന്നുണ്ട്. 

ദൈവസന്നിധിയിൽ നിന്ന്  അകന്നുപോകുന്ന മനുഷ്യൻറെ  പ്രതീകമാണു  ജറുസലേമിൽ നിന്നു  ജെറിക്കോവിലേക്കു   യാത്രചെയ്യുന്നവൻ. ആ യാത്ര തുടങ്ങുമ്പോൾ  അവനു സംരക്ഷണമായി ആകെ ഉണ്ടായിരുന്നത് അവൻറെ  വസ്ത്രമായിരുന്നു.  ദൈവസാന്നിധ്യത്തിലായിരുന്നിടത്തോളം കാലം  അവനെ പൊതിഞ്ഞു സംരക്ഷിച്ച  ദൈവകൃപയല്ലാതെ മറ്റെന്താണ് ആ വസ്ത്രം?  മാമോദീസയിൽ നമുക്കു  ലഭിക്കുന്ന വെള്ളവസ്ത്രം  ദൈവകൃപയുടെ പ്രതീകമാണല്ലോ.  ‘വിജയം വരിക്കുന്നവനെ   വെള്ളവസ്ത്രം ധരിപ്പിക്കും’

(വെളി .3:5) എന്നു   സാർദീസിലെ സഭയോടും  ‘നിൻറെ  നഗ്നത മറ്റുള്ളവർ കണ്ടു   നീ ലജ്ജിക്കാതിരിക്കുന്നതിനു  ശുഭ്രവസ്ത്രങ്ങൾ എന്നോടു  വാങ്ങുക’  (വെളി. 3:18) എന്നു  ലവോദീക്യയിലെ  സഭയോടും  കർത്താവു  പറയുന്നതിൻറെ   അർത്ഥവും അതുതന്നെയാണ്.   പാപം ചെയ്തു   ദൈവകൃപ നഷ്ടപ്പെടുത്തിയ ആദത്തിനും ഹവ്വായ്‌ക്കും തോലുകൊണ്ട് ഉടയാടയുണ്ടാക്കി കൊടുക്കുന്ന ദൈവത്തെ നാം ഉല്പത്തി പുസ്തകത്തിൽ കാണുന്നുണ്ട്.  തിരഞ്ഞെടുക്കപ്പെട്ടവർ ധരിക്കുന്ന ശോഭയേറിയതും നിർമലവുമായ മൃദുലവസ്ത്രത്തെക്കുറിച്ചു  വെളിപാടു  പുസ്തകത്തിലും പരാമർശിക്കുന്നുണ്ട്.

സ്വമേധയാ ദൈവത്തെ ഉപേക്ഷിച്ചുപോകുന്നവനിൽ ദൈവകൃപയ്ക്കു  പ്രവർത്തിക്കാനാവില്ലല്ലോ.  ദൈവികസംരക്ഷണത്തിൽ നിന്ന് അവൻ പുറത്തുകടന്നപ്പോൾ  (അതായത് ജെറുസലേം നഗരം പിന്നിട്ടപ്പോൾ) അവനെ ആക്രമിക്കാൻ വന്ന കവർച്ചക്കാർ പൊടുന്നനെ പൊട്ടിമുളച്ചവരൊന്നുമല്ല.  ദൈവം തീർത്ത സംരക്ഷണവലയത്തിനുള്ളിൽ നിന്നു  നാം ഒരു നിമിഷത്തേക്കെങ്കിലും പുറത്തുകടക്കുന്നതും നോക്കി    സാക്ഷാൽ  കവർച്ചക്കാരനായ പിശാചു   കാത്തുനിൽക്കുന്നുണ്ട് എന്ന് എപ്പോഴും നാം ഓർക്കണം.

എങ്കിലും കരുണാമയനായ ദൈവം  ആരെയും  തള്ളിക്കളയുന്നില്ല. തൻറെയടുക്കൽ നിന്ന് അകന്നുപോകുന്നവരെയും   സ്നേഹത്തോടെ വാരിയെടുത്തു   പരിചരിക്കുന്നവനാണവിടുന്ന്.  പാപത്താൽ മുറിവേറ്റവരുടെ മുറിവുകൾ  എണ്ണയും വീഞ്ഞുമൊഴിച്ചു    വച്ചുകെട്ടുന്ന നല്ല സമരിയക്കാരനായി അവിടുന്ന് കടന്നുവരുന്നു. മുടിയനായ പുത്രൻറെ  പിതാവിനെപ്പോലെ മേത്തരം വസ്ത്രങ്ങൾ കൊണ്ടുവന്നു ധരിപ്പിക്കുകയും ചെയ്യുന്നു. അതായത്, പാപം മൂലം  നമുക്കു  വന്നുചേർന്ന എല്ലാ കഷ്ടനഷ്ടങ്ങളെയും അവിടുന്നു  പരിഹരിക്കുന്നു. നല്ല സമരിയക്കാരൻ  ആ അപരിചിതനെ ശുശ്രൂഷിക്കുന്നതു  തൻറെ   സ്വന്തം പണവും സമയവും ചെലവഴിച്ചാണ്. കവർച്ചക്കാരുടെ കൈയിലകപ്പെട്ട  മനുഷ്യന് ഒരു ചെലവുമില്ലാതെയാണു  സൗഖ്യവും സാന്ത്വനവും ലഭിക്കുന്നത് എന്നർത്ഥം. അതുപോലെ തന്നെ  അനുരഞ്ജനകൂദാശയും പരിശുദ്ധകുർബാനയും വഴി യേശു  എണ്ണയും വീഞ്ഞും ഒഴിച്ചു   നമ്മുടെ മുറിവുകൾ വച്ചുകെട്ടുകയും കൃപാവരത്തിൻറെ  പുതുവസ്ത്രം നമ്മെ ധരിപ്പിക്കുകയും ചെയ്യുന്നു. നാം  ചെയ്യേണ്ടത് ഒന്നു  മാത്രം. പാപത്താൽ മുറിവേറ്റുകിടക്കുന്ന അവസ്ഥയിൽ  നല്ല സമരിയക്കാരൻറെ   വേഷത്തിൽ യേശു വന്നു വിളിക്കുമ്പോൾ നാം  മറുതലിക്കരുത്. 

സമരിയക്കാരൻറെ ഔദാര്യത്തിൽ  സൗഖ്യം പ്രാപിച്ച  വഴിയാത്രക്കാരൻ അതിനുശേഷം എന്ത് ചെയ്തുവെന്നു  യേശു പറയുന്നില്ല.  അവൻ തിരിച്ചു ജെറുസലേമിലേക്കു പോയിരിക്കാനാണു  സാധ്യത. കാരണം  ജെറിക്കോവിലേക്കു താൻ എന്തുദ്ദേശത്തോടെ പോയോ അത്  നിവർത്തിക്കാനുള്ള കഴിവും താൽപര്യവും ആ കവർച്ചയോടെ   അവനു നഷ്ടപ്പെട്ടിരിക്കും. നിസ്വനും മുറിവേറ്റവനുമായ ആ   മനുഷ്യൻ താൻ  വിട്ടുപോന്ന ദൈവത്തിൻറെ നഗരത്തിലേക്കു   തന്നെ  തിരിച്ചുപോയിരിക്കണം. 

പാപത്താൽ മുറിവേറ്റ അവസ്ഥയിൽ നമ്മെ കണ്ടെത്തി, നമ്മുടെ ആത്മാവിനെ  സുഖപ്പെടുത്തുന്ന യേശു നമ്മോടു പറയുന്നതും ദൈവസന്നിധിയിലേക്കു തിരിച്ചുനടക്കാനാണ്. പാപത്തിൻറെ നഗരത്തിലേക്കു യാത്ര ചെയ്യുന്നവൻ പാതിവഴിയിൽ  ദൈവത്തിൻറെ നഗരത്തിലേക്കു തിരിച്ചുനടക്കുന്നതിനാണല്ലോ നാം  മാനസാന്തരം എന്ന് പറയുന്നത്.  അത് അനുഭവിച്ചുതന്നെ അറിയേണ്ട ഒന്നാണ്. ശത്രുവാകുന്ന  സാത്താൻ നമുക്കു ചെയ്ത ദ്രോഹങ്ങൾക്കൊക്കെയും പരിഹാരം  സ്വന്തം  രക്തം കൊണ്ടു ചെയ്തു തീർത്ത  യേശു  എത്ര നല്ലവനാണെന്നു രുചിച്ചുതന്നെ അറിയുക. ജറുസലേമിലേക്കുള്ള മടക്കയാത്രയിൽ  നമുക്ക് ആശ്രയിക്കാവുന്ന  ഒരേയൊരു കൂട്ടുകാരനും യേശു തന്നെ. അവിടുന്നു  കൂടെയുള്ളപ്പോൾ ഇനിയൊരു കവർച്ചക്കാരനും നമ്മെ സമീപിക്കില്ല.  ഒന്നോർത്താൽ ജെറിക്കോവിലേക്കുള്ള  യാത്രയിൽ   വിശ്വസിക്കാവുന്ന ഒരു  കൂട്ടുകാരൻ  കൂടെയില്ലാതിരുന്നതാണല്ലോ ആ  പാവം വഴിയാത്രക്കാരൻറെ  ദുരന്തത്തിനു കാരണവും.

‘ കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ.  അവിടുത്തെ ആശ്രയിക്കുന്നവൻ  ഭാഗ്യവാൻ ( സങ്കീ.34:8)