ആദ്യശനിയാഴ്ച ആചരിക്കുന്നതെന്തിന്?

നമ്മിൽ പലരും ആദ്യശനിയാഴ്ചകൾ മാതാവിൻറെ പ്രത്യേകവണക്കത്തിനായി മാറ്റിവയ്ക്കുന്നവരാണ്.  എന്നാൽ  ആദ്യശനിയാഴ്ചകൾ മാതാവിന് പ്രതിഷ്‌ഠിക്കുന്നതിൻറെ ഉദ്ദേശമെന്തെന്നു   പലർക്കും അറിയില്ല.

ശനിയാഴ്ചകൾ  മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി   മാറ്റിവയ്ക്കുന്ന പതിവ്  നൂറ്റാണ്ടുകൾക്കുമുൻപേ  സഭയിലുണ്ടായിരുന്നു.  ചുരുങ്ങിയത് എട്ടാം നൂറ്റാണ്ടുമുതലെങ്കിലും ഈ  ഭക്തി നിലനിന്നുപോന്നിരുന്നതായി ചരിത്രരേഖകളുണ്ട്.

മാതാവിൻറെ അമലോത്ഭവഹൃദയത്തോടു ചെയ്യുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി ശനിയാഴ്ചകൾ  ഭക്ത്യാദരപൂർവ്വം  ആചരിക്കുന്ന പതിവ്  1889 ൽ ഇറ്റലിയിൽ വ്യാപകമായി.  1905  ജൂലൈ ഒന്നാം തിയതി പത്താം  പീയൂസ് പാപ്പാ   ശനിയാഴ്ചകളിലെ  മരിയൻ ഭക്തി അംഗീകരിക്കുകയും തുടർച്ചയായി പന്ത്രണ്ട്  ആദ്യശനിയാഴ്ചകൾ  മാതാവിൻറെ അമലോത്ഭവത്തിൻറെ വണക്കത്തിനായി ആചരിക്കുന്നവർക്ക് ദണ്ഡവിമോചനം അനുവദിക്കുകയും ചെയ്തു.

എന്നാൽ ആദ്യശനിയാഴ്ചയാചരണത്തിൻറെ  പ്രസക്തി വർധിച്ചത്  ഫാത്തിമദർശനങ്ങൾക്കുശേഷമാണ്.  ഫാത്തിമയിലെ ദർശകയായ ലൂസിയയ്ക്ക്   1925   ഡിസംബർ പത്താം  തിയതി  പരിശുദ്ധ ‘അമ്മ പ്രത്യക്ഷപ്പെട്ടു.   അപ്പോൾ ലൂസിയ  സ്പെയിനിലെ പൊന്തേവേദ്ര എന്ന സ്ഥലത്തുള്ള ഒരു കന്യാസ്ത്രീമഠത്തിൽ   പരിശീലനം നേടുകയായിരുന്നു.  അമ്മ  വന്നത് വന്നത്  ഉണ്ണീശോയെയും കൊണ്ടായിരുന്നു. 

 ഇനി അമ്മയുടെ വാക്കുകൾ :

” എൻറെ മകളേ,  മനുഷ്യർ അനുനിമിഷം  ചെയ്യുന്ന ദൈവദൂഷണങ്ങളും കൃതഘ്നതയുമാകുന്ന മുള്ളുകൾ കൊണ്ട്  കുത്തിത്തുളയ്ക്കപ്പെടുന്നതും   വലയം ചെയ്യപ്പെട്ടിരിക്കുന്നതുമായ   എൻറെ ഹൃദയത്തിലേക്ക് നോക്കുക.  നീ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിപ്പിക്കുകയെങ്കിലും ചെയ്യുക. അതുകൊണ്ട് ഞാൻ  പ്രഖ്യാപിക്കുന്നു:  തുടർച്ചയായ അഞ്ചു മാസങ്ങളിലെ ആദ്യശനിയാഴ്ചകളിൽ  എനിക്കുള്ള പരിഹാരം എന്ന നിയോഗത്തോടെ  കുമ്പസാരിക്കുകയും പരിശുദ്ധ കുർബാന സ്വീകരിക്കുകയും  ഒരു   ജപമാല  ചൊല്ലുകയും അതിനുപുറമേ  ജപമാലയുടെ പതിനഞ്ചു രഹസ്യങ്ങളും ( സന്തോഷം, ദുഃഖം, മഹിമ) ധ്യാനിച്ചുകൊണ്ട് പതിനഞ്ചു മിനിറ്റെങ്കിലുംഎന്നോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നവരെ അവരുടെ മരണസമയത്ത്  ആത്മരക്ഷയ്ക്കാവശ്യമായ  കൃപ നൽകി  സഹായിക്കുന്നതാണെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു”.

എത്ര മഹത്തായ വാഗ്ദാനമാണ് അമ്മ നമുക്കു  നൽകിയിരിക്കുന്നതെന്ന് നോക്കുക.  തുടർച്ചയായ അഞ്ച് ആദ്യശനിയാഴ്ചകളിൽ  കുമ്പസാരിച്ച് ( എട്ടുദിവസങ്ങൾക്കു മുൻപോ പിൻപോ  കുമ്പസരിച്ചാലും മതിയാകുന്നതാണ്), പരിശുദ്ധ കുർബാന സ്വീകരിച്ച്, ഒരു ജപമാല ചൊല്ലുകയും  അതിനുപുറമേ  പതിനഞ്ചു രഹസ്യങ്ങളും ധ്യാനിച്ചുകൊണ്ട് പതിനഞ്ചു മിനിറ്റ് അമ്മയോടൊപ്പം ധ്യാനത്തിലായിരിക്കുകയും ചെയ്യുക മാത്രമാണ് അമ്മ ആവശ്യപ്പെടുന്നത്.  മാതാവിൻറെ അമലോത്ഭവഹൃദയത്തോടു മനുഷ്യർ ചെയ്യുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരമായി  ഇവ കാഴ്ചവയ്ക്കുകയാണെങ്കിൽ മരണസമയത്ത്  ആത്മരക്ഷയ്ക്കാവശ്യമായ കൃപ ഈശോയിൽ നിന്നു വാങ്ങിത്തരും എന്ന പരിശുദ്ധ അമ്മയുടെ വാഗ്ദാനത്തിൽ വിശ്വസിക്കുന്നുവെങ്കിൽ  ആദ്യശനിയാഴ്ച ആചരണം  ഉടനെ തന്നെ തുടങ്ങുക. 

ഇത്ര വലിയൊരു വാഗ്‌ദാനം നമ്മുടെ  അലംഭാവം കൊണ്ട് നഷ്ടമാക്കിക്കളയരുതേ എന്ന്  അപേക്ഷിക്കുന്നു.

ദൈവകരുണയുടെ മാതാവ്  തൻറെ മധ്യസ്ഥസഹായത്താൽ നമ്മെയെല്ലാവരെയും എല്ലാ സമയത്തും പ്രത്യേകിച്ചും മരണസമയത്തും   സംരക്ഷിക്കട്ടെ.