ആദ്യത്തെ ക്രിസ്‌മസ്‌, അവസാനത്തെ ക്രിസ്‌മസ്‌

സകലജനത്തിനും വേണ്ടിയുള്ള  വലിയ സന്തോഷത്തിൻറെ സദ്‌വാർത്ത  എന്നാണ് യേശുവിൻറെ ജനനത്തെ വിശുദ്ധഗ്രന്ഥം വിവരിക്കുന്നത്.  ആ വാർത്ത ആദ്യം അറിയിച്ചതാകട്ടെ ആ പ്രദേശത്തെ വയലുകളിൽ  തങ്ങളുടെ ആട്ടിൻകൂട്ടത്തെ രാത്രി കാത്തുകൊണ്ടിരുന്ന  ഇടയന്മാരോടായിരുന്നു. ഇന്നും തണുത്തരാത്രികളിൽ പുറത്തുള്ള  വയലുകളിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തോടൊപ്പം ചെലവഴിക്കുന്ന ഇടയന്മാർക്കാണ്   സദ് വാർത്ത  ആദ്യം ലഭിക്കുന്നത്.   ഇതാ യേശുവിൻറെ  ആഗമനം സമാഗതമായിരിക്കുന്നു എന്ന  സന്ദേശം അവർക്കു  കൃത്യമായി ലഭിക്കുകതന്നെ ചെയ്യും. അങ്ങനെയുള്ള ഇടയന്മാരുടെ  എണ്ണം  വർധിക്കട്ടെ എന്നു  പ്രാർത്ഥിക്കാം.

ക്രിസ്‌മസ്‌ എന്നാൽ മനുഷ്യവംശത്തോടുള്ള ദൈവത്തിൻറെ   സ്നേഹം എന്നാണർത്ഥം. ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി  പരിഗണിക്കാതെ തന്നെത്തന്നെ  ശൂന്യനാക്കിക്കൊണ്ടു  ദാസൻറെ  രൂപം സ്വീകരിച്ച്    മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീരാൻ  (ഫിലിപ്പി. 2:6-7)  യേശുവിനെ നിർബന്ധിച്ചത്  ആ സ്നേഹമായിരുന്നു.  മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി  തന്നെത്തന്നെ താഴ്ത്തിയതുവഴിയായി  പിതാവായ ദൈവം അവിടുത്തേക്ക്‌ എല്ലാ നാമങ്ങൾക്കും ഉപരിയായ നാമംനൽകുകയും ചെയ്തു. ഇത് യേശുവിൻറെ നാമത്തിനു മുന്നിൽ സ്വർഗ്ഗത്തിലും ഭൂമിയിലും  പാതാളത്തിലുമുള്ള സകലരും മുട്ടുകൾ  മടക്കുന്നതിനും, യേശുക്രിസ്തു കർത്താവാണെന്നു  പിതാവായ ദൈവത്തിൻറെ മഹത്വത്തിനായി  ഏറ്റുപറയുന്നതിനും വേണ്ടിയാണ് (ഫിലിപ്പി 2:10-11) എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

യേശുവിലൂടെ വെളിപ്പെട്ട ദൈവത്തിൻറെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത്  അവസാന നാൾ, അവസാനവിനാഴിക വരെ തുടർന്നുകൊണ്ടേയിരിക്കും.  ക്രിസ്‌മസ്‌ വർഷത്തിലൊരിക്കൽ  വന്നുപോകുന്ന അതിഥിയല്ല. മറിച്ച്  ജറുസലെമിനടുത്തുള്ള ഒരു പട്ടണമായ ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ തുടങ്ങി  കാലത്തിൻറെ അന്ത്യത്തിൽ വെളിപ്പെടാനിരിക്കുന്ന  പുതിയ ജറുസലേമിലെത്തിനിൽക്കുന്ന ഒരു നൈരന്തര്യത്തിൻറെ    പേരാണു  ക്രിസ്‌മസ്‌. അവിടെ ക്രിസ്തു  മഹത്വത്തിലും  പ്രഭയിലും രാജാവായി വാഴുന്നു. പഴയ  ബെത്ലഹേമിനെയും പുതിയ ജറുസലേമിനെയും       ബന്ധിപ്പിക്കുന്ന കണ്ണിയാണ് ക്രിസ്‌മസ്‌. ആദ്യത്തെ ക്രിസ്‌മസിൽ  അവിടുത്തെ  ദൈവത്വം മനുഷ്യത്വത്താൽ മറയ്ക്കപ്പെട്ടിരുന്നെങ്കിൽ  രണ്ടാമത്തെ വരവിൽ ദൈവത്വത്തിൻറെ ശോഭയിൽ അവിടുത്തെ മനുഷ്യത്വം മൂടപ്പെട്ടിരിക്കും എന്നാണ് അവൻറെ ‘അമ്മ – നമ്മുടെയും ‘അമ്മ – പറയുന്നത്. 

ഒരുപക്ഷേ, നൂറ്റാണ്ടുകൾക്കുശേഷം ഇതാദ്യമായിട്ടായിരിക്കും  നാം മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിൽ നിന്നു വിലക്കപ്പെടുന്നത്. ക്രിസ്‌മസ്‌ കുർബാനയിൽ, അതു പാതിരാത്രിയിലോ  പ്രഭാതത്തിലോ  ആയിക്കൊള്ളട്ടെ, പങ്കെടുക്കാൻ കഴിയുമെന്ന് ഒരുറപ്പുമില്ലാത്ത അനേകം ക്രിസ്ത്യാനികളുടെ മുഖത്തെ  ദൈന്യത  നമുക്കു  കാണാൻ കഴിയുന്നുണ്ട്. വിശ്വാസികൾ  ഒരുമിച്ചുകൂടുന്നതിനും ആരാധിക്കുന്നതിനും എന്തിന്, പാട്ടുപാടുന്നതിനും പോലും നിയന്ത്രണങ്ങൾ പലയിടത്തും വന്നുകഴിഞ്ഞു. ക്രിസ്ത്യാനികളുടെ ആരാധനാസ്വാതന്ത്ര്യമാണു  കോവിഡ്  കാലത്തെ  ഏറ്റവും വലിയ  അത്യാഹിതം  എന്നതിൽ സംശയമില്ല.

നിങ്ങൾ എങ്ങനെയാണ് ഈ ക്രിസ്‌മസ്‌ ആഘോഷിക്കാൻ പോകുന്നത്?  പാതിരാക്കുർബാന ഉണ്ടെങ്കിലും ഇല്ലെങ്കിലും, കരോൾഗാനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും,  പുൽക്കൂടൊരുക്കിയാലും ഇല്ലെങ്കിലും  നാം ക്രിസ്‌മസ്‌ ആഘോഷിക്കുകതന്നെ ചെയ്യുമെന്നു  നമുക്കുറപ്പുണ്ട്. കാരണം ക്രിസ്‌മസ്‌ എന്നതു  ബാഹ്യമായി നാം കാണുന്നതല്ല.   തണുത്തുവിറങ്ങലിച്ച   നമ്മുടെ  ഹൃദയങ്ങളിൽ  ഉണ്ണി യേശു   പിറക്കുന്ന സുന്ദരമുഹൂർത്തമാണ് ക്രിസ്‌മസ്‌. ഓരോ ക്രിസ്‌മസും  ബെത്ലഹേമിലെ  തിരുപ്പിറവിയുടെ അനുസ്മരണമാണ്. അതേ സമയം തന്നെ അതു   നമ്മുടെ ഇടയിൽ തൻറെ രാജ്യം സ്ഥാപിക്കാനായി വരാനിരിക്കുന്ന  യേശുവിൻറെ അന്തിമ ആഗമനത്തിലേക്കുള്ള  കൈച്ചൂണ്ടിയുമാണ്. ക്രിസ്‌മസ്‌ കഴിഞ്ഞുപോയ കാര്യങ്ങളുടെ  വെറുമൊരു അനുസ്മരണം മാത്രമല്ല; അതോടൊപ്പം വരാനിരിക്കുന്ന കാര്യങ്ങളുടെ  അടയാളവും കൂടിയാണ്.

നാം നൂറ്റാണ്ടുകളായി ക്രിസ്‌മസ്‌ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. എല്ലാവർഷവും അത് ആത്മീയമായും  ഭൗതികമായും  സമൃദ്ധിയുടെ   ഉത്സവമായിരുന്നു.  ഇത്തവണത്തെ ക്രിസ്‌മസ്‌  ആത്മീയമായി സമ്പന്നമെങ്കിലും മറ്റുതരത്തിൽ ദരിദ്രമായിരിക്കും എന്നു നാം ഇപ്പോഴേ  മനസ്സിൽ കുറിച്ചിടണം. എന്നാൽ   നമ്മെ സംബന്ധിച്ചിടത്തോളം  വരാൻ  പോകുന്ന ക്രിസ്‌മസിൻറെ  ഏറ്റവും  മനോഹരമായ ഭാഗം അതായിരിക്കണം.  ആദ്യത്തെ ക്രിസ്‌മസ്‌ മുതൽ നാളിതുവരെ നാം കടന്നുപോന്ന നാഴികക്കല്ലുകളും, മറികടന്ന തടസ്സങ്ങളും,  അതിജീവിച്ച പരീക്ഷണങ്ങളും  ഇവയ്‌ക്കെല്ലാം നടുവിലും സ്ഥിരോത്സാഹത്തോടെ  പിടിച്ചുനിൽക്കാൻ നമ്മെ സഹായിച്ച ദൈവകൃപയും നാം അറിയുന്നു.   ഇതിനെല്ലാം ഇടയിലൂടെ ദിവ്യശിശുവിനെയും അവിടുത്തെ വിശുദ്ധ മാതാപിതാക്കളെയും  ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ടു  നൂറ്റാണ്ടുകൾ കടന്നുപോന്ന  മാനവരാശിയുടെ യാത്രയുടെ ഓർമ്മയാണ് ക്രിസ്‌മസ്‌.

ഇതാ, ക്രിസ്‌മസ്‌ അടുത്തെത്തിയിരിക്കുന്നു. ഉണ്ണിയേശുവിനെ എങ്ങനെയാണു സ്വാഗതം   ചെയ്യേണ്ടതെന്നു  നമുക്കാർക്കും  സംശയമില്ല.  നമ്മുടെ ഹൃദയത്തിൽ ഒരുക്കിയിട്ടുള്ള പുൽത്തൊട്ടിയിലെ ഇളംചൂടിലേക്കു  നാം അവനെ സ്വീകരിക്കുക  തന്നെ ചെയ്യും.   നമ്മെ സംബന്ധിച്ചിടത്തോളം അതു  പതിവുപോലെ  ‘ ശാന്ത രാത്രി…… തിരുരാത്രി’  ആയിരിക്കും. എന്നാൽ  നമ്മുടെ ഹൃദയങ്ങളിൽ നാം  യേശുവിൻറെ  സമാധാനം ആസ്വദിക്കുമ്പോൾ, പുറംലോകം  സമാധാനത്തിനായി വേറെയെവിടെയൊക്കെയോ   തിരയുകയാണ്. അവർ ആ പ്രയത്നത്തിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു.  ലോകം ഇപ്പോൾ ഒരു ടൈം ബോംബിൻറെ മുകളിലാണിരിക്കുന്നത്. അത്  ഏതുനിമിഷവും പൊട്ടിത്തെറിക്കാം. മഹത്തായ  പുനർനിർമ്മാണം  (great reset)   എന്നും  നന്നായി പുതുക്കിപ്പണിയുക ( build back better) എന്നുമൊക്കെയുള്ള ആകർഷകമായ മുദ്രാവാക്യങ്ങളിലൂടെ ഒരു  നവലോകം  ഉണ്ടാക്കിയെടുക്കാമെന്നുള്ള വായ്ത്താരി നാം കേട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അവർ പറയുന്നതു  വിശ്വസിച്ചാൽ പോലും അതു  കർത്താവു  വാഗ്ദാനം ചെയ്തതിൻറെ അടുത്തെങ്ങും  എത്തുന്നില്ല എന്നു നാം ഓർക്കണം.  തന്നോടു ചേർന്നു    നിൽക്കുന്നവർക്കായി അവിടുന്ന് ഒരുക്കിവച്ചിരിക്കുന്നത്  ഒരു പുതിയ ആകാശവും പുതിയ  ഭൂമിയുമാണ്.

അവസാനത്തെ ക്രിസ്മസിനെക്കുറിച്ചു   ധ്യാനിക്കാനുള്ള അവസരമാണു  കടന്നുപോകുന്ന ഓരോ ക്രിസ്‌മസും.  ഇനിയെത്ര ക്രിസ്‌മസുകൾ  ആഘോഷിക്കാൻ  ബാക്കിയുണ്ടാകുമെന്നു  നമുക്കറിയില്ല. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പായും അറിയാം. യേശുക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ രണ്ടാം  വരവ്  എന്ന അവസാനത്തെ ക്രിസ്‌മസിന്   സമയവും ചരിത്രവും അതിൻറെ പരിപൂർണ്ണതയിലെത്തും എന്നതാണത്.  രണ്ടായിരം വർഷം  മുൻപ് അവൻ ആദ്യമായി വന്നപ്പോൾ  ഒരു രാജാവും, ഒരു പ്രഭുവും, ഒരു പുരോഹിതനും ഒരു  കുലീനനും  അവനെ തിരിച്ചറിഞ്ഞില്ല. അത് അങ്ങനെ ആയേ  തീരുമായിരുന്നുള്ളൂ. കാരണം അവൻ വന്നതു  നമ്മുടെ പാപങ്ങൾ ഏറ്റെടുക്കാനായിരുന്നല്ലോ. ഏശയ്യാ പ്രവചിച്ചതുപോലെ  അവൻ  വേദനയുടെ മനുഷ്യനാകേണ്ടിയിരുന്നു. ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ ഇല്ലാത്ത ഒരാൾ. കണ്ടവർ കണ്ടവർ മുഖം തിരിച്ചുകളഞ്ഞവർ. മനുഷ്യരാൽ നിന്ദിക്കപ്പെട്ടവൻ. കാൽവരിക്കുന്നിൽ നാട്ടിയ കുരിശിൽ പരമയാഗമായി അർപ്പിക്കപ്പെടേണ്ട   കുഞ്ഞാടിൻറെ  ജനനത്തിൻറെ നിമിഷമാണ് ആദ്യത്തെ ക്രിസ്‌മസ്‌.

‘ നമ്മുടെ  അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ  അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവൻറെ മേലുള്ള ശിക്ഷ നമുക്കു  രക്ഷ നൽകി.അവൻറെ ക്ഷതങ്ങളാൽ നാം  സൗഖ്യം പ്രാപിച്ചു'( ഏശയ്യാ  53:5).  കൊല്ലാൻ  കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവൻറെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും നിശ്ശബ്ദനായിരിക്കാൻ സ്വയം  തീരുമാനിച്ച അവൻറെ ജനനം  ഒരു മഹാ സംഭവമായിരുന്നിരിക്കില്ലല്ലോ.

എന്നാൽ കാലചക്രം ഒരുവട്ടം പൂർണ്ണമായി കറങ്ങിയെത്തുമ്പോൾ, കർത്താവിൻറെ മഹാദിനം ആഗതമാകുമ്പോൾ,  നാം യേശുക്രിസ്തുവിനെ  മഹത്വത്തിലും പ്രഭയിലും കാണാനിരിക്കുന്നു. പ്രപഞ്ചം അതിൻറെ ചരിത്രത്തിൽ   ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ  മഹത്തരമായ ഒരനുഭവമായിരിക്കും രണ്ടാമത്തെ ക്രിസ്‌മസ്‌. നമ്മുടെ ദൃഷ്ടികൾ എത്തേണ്ടത് ആ  അവസാനത്തെ ക്രിസ്‌മസിലേക്കാണ്, തൊട്ടുമുൻപിലുള്ള ക്രിസ്‌മസിലേക്കല്ല. ആ ക്രിസ്‌മസിൻറെ സന്തോഷം നമ്മിൽ നിന്നു  കവർന്നെടുക്കാൻ ആർക്കും സാധിക്കുകയില്ല. കാരണം രണ്ടാമത്തെ വരവിൽ ‘കർത്താവായ യേശു തൻറെ വായിൽ നിന്നുള്ള  നിശ്വാസം കൊണ്ട് അവനെ (ക്രിസ്തുവിൻറെ ശത്രുവിനെ) സംഹരിക്കുകയും തൻറെ പ്രത്യാഗമനത്തിൻറെ  പ്രഭാപൂരത്താൽ അവനെ നാമാവശേഷമാക്കുകയും ചെയ്യും ( 2 തെസ. 2:8). എന്നാൽ  പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും പ്രവേശിക്കാൻ ഭാഗ്യം ലഭിക്കുന്നവർക്കോ?  “അവിടുന്ന് അവരുടെ മിഷികളിൽ നിന്നു  കണ്ണീർ തുടച്ചുനീക്കും. ഇനിമേൽ മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി’ ( വെളി. 21:4)  

നിങ്ങൾ ഏത് ക്രിസ്‌മസ്‌ ആഘോഷിക്കാനാണ് ഒരുങ്ങുന്നത്?  അടുത്ത ക്രിസ്‌മസോ  അതോ അവസാനത്തെ ക്രിസ്‌മസോ?  അവസാനത്തെ ക്രിസ്‌മസാണു  നിങ്ങളുടെ  മനസിലുള്ളതെങ്കിൽ  തുടർന്നു  വായിക്കുക. യേശുവിൻറെയും  നമ്മുടെയും ‘അമ്മ  പറയുന്നത് ഇങ്ങനെയാണ്.

“പ്രിയപുത്രന്മാരേ, അവൻറെ രണ്ടാമത്തെ വരവ് ആദ്യത്തേതുപോലെയായിരിക്കും. ….. ലോകം മുഴുവൻ അന്ധകാരത്തിൽ മൂടപ്പെടും… ദൈവനിഷേധത്തിൻറെയും മർക്കടമുഷ്ടിയോടെ  ലോകം നടത്തുന്ന ദൈവനിരാകരണത്തിൻറെയും സ്നേഹത്തിൻറെ പ്രമാണത്തിനെതിരെയുള്ള പ്രക്ഷോഭണത്തിൻറെയും  അന്ധകാരം ലോകത്തെ ആവരണം ചെയ്യും. വിദ്വേഷ ശൈത്യം ഈ ലോകത്തിൻറെ തെരുവീഥികളെ വിജനപ്രദേശങ്ങളാക്കും . അവനെ സ്വീകരിക്കാൻ മിക്കവാറും ആരും തന്നെ സന്നദ്ധരായിരിക്കുകയില്ല. 

വലിയവർ അവനെ ഓർക്കുകപോലുമില്ല.  ധനികർ തങ്ങളുടെ കവാടങ്ങൾ അവനുനേരെ അടച്ചുകളയും. അവൻറെ സ്വന്തക്കാർ  തങ്ങളെത്തന്നെ അന്വേഷിക്കുന്നതിലും സ്വാഭിപ്രായങ്ങൾ ഊന്നിപ്പറയുന്നതിലും വ്യാപൃതരായിരിക്കും.  മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? അവൻ അപ്രതീക്ഷിതമായി വരും,  അപ്പോൾ അവനെ സ്വീകരിക്കാൻ ലോകം  സന്നദ്ധമായിരിക്കുകയില്ല. ന്യായവിധിയ്ക്കായി അവൻ വരും.  അപ്പോൾ മനുഷ്യൻ അതു  നേരിടാൻ ഒരുങ്ങിയിരിക്കുകയില്ല.’

ഈ രണ്ടാമത്തെ ആഗമനത്തിൽ പോലും പുത്രൻ തൻറെ  അമ്മയിലൂടെയായിരിക്കും നിങ്ങളുടെ പക്കലേക്കു വരിക. നിങ്ങളുടെ  പക്കലേക്കു വരാൻ പിതാവിൻറെ വചനം  എൻറെ കന്യകോദരം ഉപാധിയാക്കിയതുപോലെ, നിങ്ങളുടെയിടയിൽ വരുന്നതിനും നിങ്ങളെ ഭരിക്കുന്നതിനും യേശു എൻറെ വിമലഹൃദയത്തെ ഉപകരണമാക്കും. ഇത് എൻറെ വിമലഹൃദയത്തിൻറെ സമയമത്രേ. കാരണം യേശുവിൻറെ മഹത്വപൂർണ്ണമായ സ്നേഹവാഴ്ചയുടെ  വരവിന് ഇപ്പോൾ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. (സന്ദേശം 166.  ഫാദർ സ്‌റ്റെഫാനോ  ഗോബിയ്ക്കു  മാതാവ് നൽകിയ സന്ദേശങ്ങൾ – ‘നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു – To The Priests, Our Lady’s Beloved Sons – എന്ന ഗ്രന്ഥത്തിൽ നിന്ന്)

വാനമേഘങ്ങളിൽ എഴുന്നള്ളിവരാൻ  പോകുന്ന അവിടുത്തെ  സ്വീകരിക്കുന്നതിനായി നിങ്ങൾ സ്വയം ഒരുങ്ങുന്ന ഈ കാലയളവിൽ ദ്വിതീയാഗമനം എന്ന രഹസ്യത്തെയാണു  നിങ്ങൾ ധ്യാനവിഷയമാക്കേണ്ടത്. കാലം അതിൻറെ പൂർണ്ണതയിൽ എത്തുമ്പോൾ  നിങ്ങളുടെ സ്വർഗീയ അമ്മയുടെ  വിമലഹൃദയത്തിൻറെ  സുനിശ്ചിതമായ വിജയവും സാധിതമാകും.(സന്ദേശം 603)

പരിശുദ്ധ ‘അമ്മ  ക്രിസ്‌മസ്‌ സന്ദേശമായി  ഇതു  നമ്മോടു പറയുന്നത്, വരാൻ പോകുന്ന ആ മഹാസംഭവത്തിനായി ഒരുങ്ങുവാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടിയാണ്. അമ്മയുടെ ഓമനമക്കളായ നമുക്ക് അമ്മയുടെ ആഹ്വാനം സ്വീകരിച്ച്, വരാനിരിക്കുന്ന ക്രിസ്‌മസിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം  അവസാനത്തെ ക്രിസ്‌മസിനായി നമ്മെത്തന്നെ ഒരുക്കുകയും ചെയ്യാം. 

യേശുക്രിസ്തുവിൻറെ ആഗമനം അന്നെന്നപോലെ ഇന്നും സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ് വാർത്തയാണ്.  എന്നാൽ ആ സദ്‌വാർത്ത     ഭയത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്ന  ഒരു  വിഭാഗവും അന്നത്തേതുപോലെ തന്നെ ഇന്നും ഉണ്ടെന്ന കാര്യം നാം  മറക്കരുത്.  അവസാനത്തെ ക്രിസ്‌മസിനു  മുൻപായി  അവരെല്ലാവരും യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി  തിരിച്ചറിഞ്ഞ് ഏറ്റുപറയാനുള്ള കൃപയ്ക്കായി നമുക്കു  പ്രാർത്ഥിക്കാം.