കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ വച്ചു തന്നെ ഉപേക്ഷിച്ചുപോയ ആദത്തിനും ഹവ്വയ്ക്കും തോലുകൊണ്ട് ഉടയാട ഉണ്ടാക്കിക്കൊടുത്തുകൊണ്ട് അവിടുന്നു പ്രദർശിപ്പിച്ച കാരുണ്യം നോഹയിലൂടെ, അബ്രാഹത്തിലൂടെ, ഇസഹാക്കിലൂടെ, യാക്കോബിലൂടെ, മോശയിലൂടെ, ദാവീദിലൂടെ, പ്രവാചകന്മാരിലൂടെ ഒക്കെ അവിടുന്നു തുടർന്നുകൊണ്ടേയിരുന്നു. അതിൻ്റെ പരകോടിയിലാണ് അവിടുന്നു തൻ്റെ സ്വപുത്രനെ നമുക്കുവേണ്ടി മോചനദ്രവ്യമായി തന്നത്. ആദം മുതൽ കർത്താവിൻ്റെ കുരിശുമരണം വരെയുള്ള കാലത്തു ജീവിച്ചിരുന്ന എല്ലാ മനുഷ്യർക്കും വേണ്ടി മാത്രമല്ല, അതിനുശേഷം ജനിക്കാനിരിക്കുന്ന ഓരോ മനുഷ്യവ്യക്തിയ്ക്കു വേണ്ടിയും ഉള്ള വിടുതൽ വില യേശുക്രിസ്തു കൊടുത്തുകഴിഞ്ഞു. അതുകൊണ്ട് പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നാം ഇനിമേൽ അന്യരോ പരദേശികളോ അല്ല. ദൈവത്തിൻ്റെ മാറ്റമില്ലാത്ത വാഗ്ദാനത്തിൻ്റെ അവകാശികളത്രേ.
കർത്താവിൻ്റെ കരുണ നിസ്സീമമാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഒന്നാം മണിക്കൂറിൽ ജോലി തുടങ്ങിയവനു നൽകിയ അതേ വേതനം പതിനൊന്നാം മണിക്കൂറിൽ വന്നവനും നല്കുന്നവനാണവിടുന്ന്. വിളിക്കപ്പെട്ടവർ വരാൻ മടിച്ചപ്പോൾ വഴിക്കവലകളിൽ കണ്ടുമുട്ടുന്ന എല്ലാവരെയും തൻ്റെ വിരുന്നിലേക്കു ക്ഷണിച്ചു കൊണ്ടുവന്നവനാണവിടുന്ന്. പന്നിക്കൂട്ടിൽ നിന്നു കയറിവരുന്ന ധൂർത്തപുത്രനെ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ ആശ്ലേഷിച്ചു സ്വീകരിക്കുന്ന കരുണാമയനാണ് നമ്മുടെ കർത്താവ്. ‘അവളെ കല്ലെറിയുക’ എന്നു ജനക്കൂട്ടം ആർത്തുവിളിക്കുമ്പോഴും അവളെ വിധിക്കാതെ നിലത്തെഴുതിക്കൊണ്ടിരുന്ന യേശുവാണ് നമ്മുടെ ദൈവം. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്നു പറഞ്ഞതും അവിടുന്നു തന്നെ. മഹോദരരോഗിയോടു കരുണ കാണിക്കാൻ അവിടുത്തേക്കു സാബത്തു തടസമായിരുന്നില്ല. അനുതപിച്ച കള്ളനു സ്വർഗം വാഗ്ദാനം ചെയ്യുന്നിടത്തോളം കരുണ കാണിക്കാൻ കുരിശുമരണത്തിൻ്റെ ഭീകരവേദന അവിടുത്തെ തടഞ്ഞതുമില്ല.
നമ്മുടെ കർത്താവു കാരുണ്യവാനാണ്. കരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് നൽകിയ സന്ദേശങ്ങളിലൂടെ ഒരാവർത്തി കടന്നുപോയാൽ നമ്മോടു കരുണ കാണിക്കാനായി കാത്തിരിക്കുന്ന ഒരു കർത്താവിനെ കണ്ടെത്താൻ കഴിയും. വിതയ്ക്കുകയോ കൊയ്യുകയോ കലവറകളിൽ ശേഖരിക്കുകയോ ചെയ്യാത്ത കാക്കകളെയും നൂൽ നൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യാത്ത ലില്ലികളെയും പരിപാലിക്കുന്ന കർത്താവിൻ്റെ കാരുണ്യം അനന്തമാണ്. ‘കരുണയുള്ളവർ ഭാഗ്യവാന്മാർ. അവർക്കു കരുണ ലഭിക്കും’ എന്നു പറഞ്ഞുകൊണ്ടു നമുക്കു കരുണ ലഭിക്കാനുള്ള വ്യവസ്ഥയും അവിടുന്നു നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇത്രയധികം കാരുണ്യവാനായ ഒരു ദൈവം ഉണ്ടെങ്കിൽ പിന്നെ നാമെന്തിനു പേടിക്കണം? തികച്ചും ന്യായമായ ചോദ്യമാണത്. അതിൻ്റെ മറുപടി പറയുന്നതിനുമുൻപായി ആരൊക്കെയാണു നരകത്തിൽ പോകുന്നത് എന്നതിനെപ്പറ്റി ഒരു വിശുദ്ധൻ ( സെൻറ് അഗസ്റ്റിൻ ആണെന്ന് തോന്നുന്നു) പറയുന്നതു ശ്രദ്ധിക്കുക ; “രണ്ടുകൂട്ടരാണ് നരകത്തിൽ പോകുന്നത്; ദൈവം കരുണ കാണിക്കില്ല എന്നു കരുതി അനുതപിക്കാതിരിക്കുന്നവരും ദൈവം കരുണ കാണിക്കുമല്ലോ എന്നു കരുതി പാപത്തിൽ തുടരുന്നവരും”.
ദൈവകരുണയുടെ സ്വഭാവം ഈ വാക്കുകളിൽ നിന്നു വ്യക്തമാണ്. അനുതപിക്കുന്ന പാപിയോടു ദൈവം കരുണ കാണിക്കും എന്നതിൽ സംശയമില്ല. ദൈവം കരുണ കാണിക്കും എന്നു കരുതിക്കൊണ്ട് അനുതപിക്കാതെ പാപത്തിൽ തുടരുന്നവർക്കു ദൈവത്തിൻ്റെ കരുണ അനുഭവിക്കാൻ കഴിയുകയുമില്ല.
ദൈവകരുണയുടെ മറുവശമാണ് ദൈവനീതി. വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറഞ്ഞതു നീതി വിധിയാളനായി വരുന്നതിനു മുൻപേ ഇതാ ഞാൻ കരുണയുടെ രാജാവായി വരുന്നു എന്നാണ്. ദൈവത്തിൻ്റെ കരുണയുടെ വാതിലിലൂടെ കടക്കാൻ വിസമ്മതിക്കുന്നവർ അവിടുത്തെ നീതിയുടെ വാതിലിലൂടെ കടന്നുപോകേണ്ടിവരും എന്നും അവിടുന്നു ഫൗസ്റ്റീന വഴി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ദൈവനീതിയുടെ വാതിലിലൂടെ സ്വർഗത്തിൽ പ്രവേശിക്കാൻ യോഗ്യതയുള്ളവർ ആരുണ്ട് ഈ ഭൂമിയിൽ?
ദുർഘടം നിറഞ്ഞതും ഇടുങ്ങിയതുമായ വഴിയിലൂടെ സ്വപ്രയത്നം കൊണ്ടുമാത്രം മുന്നേറി സ്വർഗ്ഗത്തിലെത്തിച്ചേരാം എന്ന ചിന്ത തന്നെ ഭോഷത്തമാണ്. ദൈവത്തിൻ്റെ മുൻപിൽ തന്നെത്തന്നെ ന്യായീകരിക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല. സൂര്യൻ്റെ അതുല്യതേജസ്സിനു മുൻപിൽ തിളങ്ങിനിൽക്കാൻ മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടത്തിനു കഴിയുമോ?
ദൈവകരുണയെക്കുറിച്ചു നാം ചിന്തിച്ചുതുടങ്ങിയത് ഉല്പത്തി പുസ്തകത്തിൽ നിന്നാണ്. ദൈവനീതിയെക്കുറിച്ചു ചിന്തിക്കുന്നതും അവിടെ നിന്നു തന്നെയാകുന്നതാണ് ഉചിതം. ദൈവം മനുഷ്യനെ തൻ്റെ ഛായയിലും സാദൃശ്യത്തിലും ആണു സൃഷ്ഠിച്ചിരിക്കുന്നത് എന്നു തിരുവചനം പറയുന്നു. അങ്ങനെ സൃഷ്ടിച്ച മനുഷ്യനു ദൈവം നൽകിയ അമൂല്യദാനമാണു സ്വതന്ത്രമായ മനസ്. മനുഷ്യനെ സൃഷ്ടിച്ച്, അവനെ ഭൂമിയുടെ മേൽനോട്ടക്കാരനും മറ്റെല്ലാ ജീവജാലങ്ങളുടെയും മേൽ അധികാരിയുമായി നിയമിച്ചതിനുശേഷം അവൻ്റെ തീരുമാനങ്ങളിലൊന്നും ദൈവം ഇടപെടുന്നതായി നാം കാണുന്നില്ല. അതിനു കാരണം ദൈവം തൻ്റെ തന്നെ സാദൃശ്യത്തിലാണു മനുഷ്യനെ സൃഷ്ടിച്ചത് എന്നതാണ്. ദൈവം ഒരു കാര്യം ചെയ്യുമ്പോൾ ആരോടും അഭിപ്രായമോ ഉപദേശമോ ചോദിക്കാറില്ലല്ലോ. ഈ ദൈവികസ്വഭാവം മനുഷ്യനും പകർന്നുകിട്ടി എന്നിടത്താണ് ദൈവനീതിയുടെയും ഉത്ഭവം.
സ്വന്തമായി തീരുമാനമെടുക്കാൻ അധികാരമുള്ളവന് ആ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ബാധ്യതയുമുണ്ട് എന്നു നമുക്കറിയാം. ഒരു ഉദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാം. ഒരു സർക്കാരുദ്യോഗ്യസ്ഥൻ ചെയ്യുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആ വ്യക്തിക്കു മാത്രമാണ്. അദ്ദേഹം നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ അതിൻ്റെ ശിക്ഷ അനുഭവിച്ചേ തീരൂ. അതു മാറ്റമില്ലാത്ത ലോകനിയമമാണ്. എന്നാൽ ഉത്തമവിശ്വാസത്തോടെ തൻ്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൻ്റെ ഭാഗമായി ചെയ്യുന്ന പ്രവൃത്തികൾക്കു നിയമം പരിരക്ഷ നൽകുന്നുണ്ട്. ഉദാഹരണത്തിനു മറ്റൊരാളുടെ ഭവനത്തിൽ അയാളുടെ അനുവാദമില്ലാതെ കയറുന്നതു കുറ്റകരമാണെന്ന് നമുക്കറിയാം. എന്നാൽ ഒരു പോലീസുകാരൻ കേസന്വേഷണത്തിൻ്റെ ഭാഗമായി ഏതെങ്കിലും ഭവനത്തിനുള്ളിൽ കയറുന്നതു കുറ്റകരമല്ല. അതായതു സ്വഭാവത്താൽ തന്നെ കുറ്റകരമായ ഒരു പ്രവൃത്തി കുറ്റകരമായി ഗണിക്കപ്പെടാതിരിക്കത്തക്കവണ്ണം ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമം അതിനു വിശേഷാൽ പരിരക്ഷ നൽകുന്നു എന്നു സാരം.
ലോകനിയമങ്ങളെപ്പറ്റി സൂചിപ്പിച്ചതുപോലെ ദൈവികനിയമങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ദൈവതിരുമുൻപിലും അതിനു കണക്കു കൊടുക്കേണ്ടിവരും. അതു മാറ്റമില്ലാത്ത ദൈവികനിയമമാണ്. മാനുഷിക നിയമത്തിൻ്റെ കാര്യത്തിലെന്നതുപോലെ തന്നെ ചെയ്ത തെറ്റിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നു വിടുതൽ നേടാൻ ദൈവത്തിൻ്റെ നിയമത്തിലും ഒരു വകുപ്പുണ്ട്. അതു നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ കുരിശിലെ ബലി വഴിയായി നമുക്കു നേടിത്തന്ന പാപമോചനവും രക്ഷയുമാണ്. അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ എന്നും കർത്താവു കുറ്റം ചുമത്താത്തവനും ഹൃദയത്തിൽ വഞ്ചനയില്ലാത്തവനും ഭാഗ്യവാൻ എന്നും കർത്താവു തെരഞ്ഞെടുത്തവൻ്റെ മേൽ ആരു കുറ്റം വിധിക്കും എന്നുമൊക്കെയുള്ള തിരുവചനങ്ങൾ ഈ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വത്തിൽ നിന്നു വിടുതൽ പ്രാപിക്കാൻ മനുഷ്യന് ഈ ഒരു മാർഗം മാത്രമേ ദൈവം തുറന്നുതന്നിട്ടുള്ളൂ. അതുകൊണ്ടാണു ‘വഴിയും സത്യവും ജീവനും ഞാനാണെന്നും എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തിച്ചേരുകയില്ല’ എന്നും യേശു പ്രസ്താവിക്കുന്നത്.
യേശുവിൻ്റെ കാൽവരിബലി വഴി മനുഷ്യകുലത്തിനു തുറന്നുകിട്ടിയ രക്ഷയുടെ മാർഗമാണു കരുണയുടെ വാതിൽ. താല്പര്യമുള്ളവർക്ക് അതു തെരഞ്ഞെടുക്കാം. ദൈവം ആരെയും നിർബന്ധിക്കുന്നില്ല. കാരണം തനിക്കുവേണ്ടി തീരുമാനമെടുക്കാനുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ അവിടുന്ന് എപ്പോഴും മാനിക്കുന്നു. അതോടൊപ്പം ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടിവരും എന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
ദൈവത്തിൻ്റെ മുൻപിൽ തന്നെത്തന്നെ ന്യായീകരിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളവർ കരുണയുടെ വഴി തേടേണ്ടതില്ല. പക്ഷെ അങ്ങനെ ആരുണ്ട്? ജീവിക്കുന്ന ദൈവത്തിൻ്റെ കൈയിൽ ചെന്നുപെടുക എന്നതു ഭയാനകമാണ് എന്നു തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. കരുണ യാചിക്കാത്തവന് അതു കൊടുക്കാൻ ദൈവത്തിന് മറ്റൊരു വലിയൊരു ബുദ്ധിമുട്ടുമുണ്ട്. ‘നന്മകളൊപ്പം തിന്മകളും നോക്കി വിധിക്കും വേള യതിൽ’ കരുണ അർഹിക്കാത്ത ഒരുവനോടു ദൈവം കരുണ കാണിച്ചാൽ നമ്മുടെ പാപങ്ങളുടെ കണക്കുപുസ്തകവുമായി അവിടെ സന്നിഹിതനായിരിക്കുന്ന സാത്താനും അതേ ആനുകൂല്യം ദൈവത്തോടു ചോദിക്കുമെന്നു തീർച്ച. അഹങ്കാരിയായ അവൻ്റെ പ്രശ്നവും എളിമപ്പെടാനും മാപ്പുചോദിക്കാനും കരുണയ്ക്കായി യാചിക്കാനുമുള്ള വൈമനസ്യമാണല്ലോ. സ്വയം നീതികരണമാണു സാത്താൻ്റെ മാർഗം. അതു തെരഞ്ഞെടുത്ത ഫരിസേയനേക്കാൾ ദൈവത്തിൻ്റെ കരുണ യാചിച്ചുകൊണ്ടു കണ്ണീരോടെ പ്രാർത്ഥിച്ച ചുങ്കക്കാരൻ കൂടുതൽ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
എപ്പോഴാണ് ദൈവകരുണ അവസാനിക്കുകയും ദൈവനീതി ആരംഭിക്കുകയും ചെയ്യുന്നത് എന്നതാണ് പലരെയും അലട്ടുന്ന ചോദ്യം. തീർച്ചയായും ദൈവകരുണ അവസാനിക്കുന്ന ഒരു നിമിഷമുണ്ട്. ഓരോ മനുഷ്യൻ്റെയും മരണത്തോടെ ദൈവത്തോടു കരുണ യാചിക്കാനുള്ള അവൻ്റെ സമയം അവസാനിക്കുന്നു എന്നു നമുക്കറിയാം. അതു വ്യക്തിപരമായ കാര്യം. ലോകചരിത്രത്തിലും ഇതുപോലെ മനുഷ്യവംശത്തിനു ദൈവകരുണ അനുഭവിക്കാൻ സാധിക്കാതെ വരുന്ന ഒരു കാലഘട്ടം ഉണ്ടാകും എന്നാണു നാം മനസിലാക്കുന്നത്. അത് യേശുവിൻ്റെ രണ്ടാംവരവിനു തൊട്ടുമുൻപുള്ള കാലഘട്ടമായിരിക്കും. തൻ്റെ പാപം ഗൗരവമേറിയതാകയാൽ ദൈവം തന്നോടു ക്ഷമിക്കില്ല എന്ന വ്യാജം പിശാച് മനുഷ്യൻ്റെ മനസിൽ ഇട്ടുകൊടുക്കുന്ന കാലമാണത്. മനുഷ്യൻ ദൈവത്തോടു മറുതലിച്ചുകൊണ്ടു ദൈവകരുണയെ നിസാരമാക്കുന്ന ഒരു കാലഘട്ടമായിരിക്കും അത്. പാപംചെയ്യുക എന്നതു മനുഷ്യപ്രകൃതിയ്ക്കു സ്വാഭാവികമാണെന്നും അതിൽ വിഷമിക്കാനൊന്നുമില്ല എന്നും പഠിപ്പിക്കുന്ന വ്യാജതത്വശാസ്ത്രങ്ങൾ പെരുകുന്ന കാലം. അല്ലെങ്കിൽ ദൈവം കരുണാമയനാകയാൽ നമ്മുടെ എല്ലാ പാപങ്ങളും ദൈവം ഓട്ടോമാറ്റിക്കായി ക്ഷമിക്കും എന്ന തലതിരിഞ്ഞ സുവിശേഷം പ്രചരിക്കുന്ന കാലം.
തുടക്കത്തിൽ പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി ഓർത്തെടുക്കാം. ദൈവം എല്ലാം ക്ഷമിക്കുമെന്നോർത്തു പാപത്തിൽ തുടരുന്നവർക്കും ദൈവം എന്നോടു ക്ഷമിക്കില്ല എന്നോർത്ത് അനുതപിക്കാൻ മടിക്കുന്നവർക്കും ആശ്രയിക്കാൻ മറ്റൊന്നുമില്ല. ദൈവം നീതിമാനായതുകൊണ്ടു ദൈവത്തിൻ്റെ നീതിയല്ലാതെ മറ്റൊന്നും അവർക്കു കാത്തിരിക്കാനുമില്ല.
വിളക്കുമെടുത്തു മണവാളനെ കാത്തിരുന്നതിനിടയിൽ പത്തുകന്യകകളും ഉറങ്ങിപ്പോയിരുന്നു. മണവാളൻ വരുന്നതിൻ്റെ സൂചന ലഭിച്ചയുടനെ അതിൽ അഞ്ചുപേർ വിളക്കുമെടുത്തു തയ്യാറായി. വിളക്കിൽ എണ്ണയെടുക്കാൻ മറന്നുപോയവർ എണ്ണ വാങ്ങാൻ പോയ സമയത്തു മണവാളൻ വന്നു. വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. എണ്ണയും വാങ്ങി ഓടിക്കിതച്ചെത്തിയ അഞ്ചുപേരോടു മണവാളൻ പറയുന്നത്
‘ഞാൻ നിങ്ങളെ അറിയുന്നില്ല’ എന്നാണ്. കരുണയുടെ വാതിൽ അടഞ്ഞുകഴിഞ്ഞതിനുശേഷം എത്ര മുട്ടിയിട്ടും കാര്യമില്ല.
അതുകൊണ്ട് ദൈവവചനം പറയുന്നു; ‘കർത്താവിലേക്കു തിരിയാൻ വൈകരുത്. നാളെ നാളെ എന്ന് മാറ്റിവയ്ക്കുകയുമരുത്’. കർത്താവിലേക്കു തിരിയേണ്ട സമയം ഇന്നുതന്നെയാണ്. ‘ഇതാണു സ്വീകാര്യമായ സമയം; ഇതാണ് രക്ഷയുടെ ദിനം’ . ദൈവകരുണയുടെ വാതിൽ അടഞ്ഞാൽ ദൈവനീതിയുടെ വാതിൽ മാത്രമേ അവശേഷിക്കുകയുള്ളൂ എന്നതു മറക്കരുത്.
ഇത്രയുമൊക്കെ പറഞ്ഞിട്ടും ദൈവനീതിയെക്കുറിച്ചു സംശയിക്കുന്നവരുണ്ടെങ്കിൽ അവർ പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കട്ടെ. കാരണം ‘ പരിശുദ്ധാത്മാവു വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ( യോഹ.16:8) എന്നാണ് യേശു പറഞ്ഞിരിക്കുന്നത്. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ടു നിർത്തട്ടെ. “അവിടുത്തെ നിസീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻ്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? എന്നാൽ ദൈവത്തിൻ്റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻ്റെ ദിനത്തിലേക്കു നീ നിൻ്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്'( റോമാ. 2:4-5).