ആർക്കും വേല ചെയ്യാൻ കഴിയാത്ത കാലം

അങ്ങനെയൊരു കാലം വരുന്നുണ്ടെന്നു   കർത്താവ് പറഞ്ഞുവച്ചിട്ടുണ്ട് ( യോഹ. 9:4). ആ  കാലത്തിൻറെ  കുളമ്പടി ശബ്ദം കേട്ടുതുടങ്ങിയിട്ടു കുറച്ചുനാളായി. ആർക്കും വേലചെയ്യാൻ  കഴിയാത്ത കാലമെന്നൊക്കെ പറയുമ്പോൾ നിങ്ങൾ  വിചാരിക്കും ലോക്ക് ഡൗൺ കൊണ്ട് ജോലിക്കുപോകാൻ പറ്റാത്ത ഒരാളുടെ വിലാപമാണതെന്ന്.  അങ്ങനെയല്ല.  ലോക്ക് ഡൗൺ  ഇന്നല്ലെങ്കിൽ നാളെ പിൻവലിക്കും.

ഞാൻ പറഞ്ഞുവരുന്നതു  കർത്താവിൻറെ  വേല ചെയ്യാൻ സാധിക്കാത്ത  ഇരുണ്ട നാളുകളെപ്പറ്റിയാണ്.  ആരെങ്കിലും അതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ  എന്നറിയില്ല. ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ  കൊറോണ രോഗഭീതിയാണു  മുന്നിട്ടുനിൽക്കുന്നത്. ആത്മരക്ഷയെക്കാൾ ശരീരത്തിൻറെ  രക്ഷയാണു  പ്രധാനം എന്ന വ്യാജം  പലരുടെയും മനസിലേക്കിട്ടുകൊടുക്കുന്നതിൽ സാത്താൻ വിജയിച്ചുകഴിഞ്ഞിരിക്കുന്നു.

പലരാജ്യങ്ങളിലും കൊറോണയ്ക്കിടയിൽ ആദ്യം  നിരോധിച്ചതു  പരിശുദ്ധകുർബാനയാണ്.  ആദ്യം അടച്ചതു  ക്രൈസ്തവദൈവാലയങ്ങളാണ്. ലോക്ക് ഡൗൺ ലംഘിച്ചതിൻറെ  പേരിൽ ആദ്യം അറസ്റ് ചെയ്യപ്പെട്ടതു  വൈദികരാണ്.   അപ്പോഴെല്ലാം ജനങ്ങൾ  മറ്റു പല കാര്യങ്ങൾക്കും പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്തിരുന്നു.  ബാറുകളും വിനോദകേന്ദ്രങ്ങളും ബീച്ചുകളും  കടകളും  തുറന്നുപ്രവർത്തിച്ചിരുന്നു. രാഷ്ട്രീയക്കാരടക്കം പലരും  പരസ്യമായി  ലോക്ക്‌ഡൗൺ  വ്യവസ്ഥകൾ ലംഘിച്ചു കറങ്ങിനടന്നിരുന്നു. ലോക്ക് ഡൗണിൻറെ  മറവിൽ ആദ്യം  പാസാക്കിയെടുത്തത് ഉദരത്തിലുള്ള  കുഞ്ഞുങ്ങളെ  കൊല്ലുന്നതു  കൂടുതൽ എളുപ്പമാക്കുന്ന  നിയമങ്ങളാണ്. മറുവശത്ത് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുകയോ പരിമിതപ്പെടുത്തുകയോ  ചെയ്യുന്ന  ഉത്തരവുകൾ  പുറത്തിറങ്ങുന്നുണ്ടായിരുന്നു.

 ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള  സ്‌പോർട്സ്  താരങ്ങളടക്കം ആയിരക്കണക്കിനാളുകൾ  വന്നുചേരുന്ന ഒളിമ്പിക്‌സ് മത്സരങ്ങളുടെ വേദിയായ ടോക്കിയോയിലെ മെത്രാപ്പോലീത്ത  ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിർദേശിച്ചത് ഒളിമ്പിക്‌സിനു വരുന്ന കത്തോലിക്കർ ദൈവാലയങ്ങളിൽ വരുന്നത് ഒഴിവാക്കണം എന്നായിരുന്നു.   വാക്സിൻ എടുക്കാത്ത ആരെയും  അങ്ങോട്ട് അടുപ്പിക്കുന്നില്ല എന്നു  നമുക്കറിയാം. എന്നിട്ടും ഒളിമ്പിക്‌സിലൂടെ പകരാത്ത കോവിഡ് ദൈവാലയത്തിലൂടെ പകരും എന്നു  ചില  സഭാധികാരികൾ   വിശ്വസിക്കുന്നു.  

അതിൽ അത്ഭുതപ്പെടേണ്ടതില്ല. കർത്താവിൻറെ  വേല  ചെയ്യുന്നതിനു  മാത്രമേ   ഇത്ര  തടസ്സമുണ്ടായിട്ടുള്ളൂ.  ഒരു പുരോഹിതനും വിശ്വാസിയും മാത്രം പങ്കെടുക്കുന്ന കുമ്പസാരം നിരോധിച്ചപ്പോഴും  ആഘോഷങ്ങൾക്കായി ഒത്തുചേരുന്ന ആയിരക്കണക്കിനു  ജനങ്ങൾ  പല  നഗരങ്ങളിലെയും പതിവുകാഴ്ചയായിരുന്നു. മദ്യവില്പനശാലയിലും സൂപ്പർ മാർക്കറ്റിലും  ഒരു മീറ്റർ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്   പോകാൻ ജനങ്ങൾക്ക് അനുവാദമുണ്ടായിരുന്നപ്പോൾ  പള്ളികളിൽ രണ്ടുമീറ്റർ അകലത്തിൽ പോലും  നിൽക്കാൻ വിശ്വാസികളെ അനുവദിക്കില്ല എന്നതു  നിർബന്ധമായിരുന്നു.  പള്ളികൾ അടച്ചിടാൻ ഗവൺമെൻറു  പറയുന്നതിനുമുൻപേ തന്നെ പള്ളികൾ അടച്ചിട്ടുകൊണ്ട്,  മുൻപേ  പറക്കുന്ന  പക്ഷികളാണു  തങ്ങളെന്നു  തെളിയിച്ച മതമേലധ്യക്ഷന്മാരെക്കുറിച്ചും നാം വായിച്ചു.  പള്ളികൾ അടച്ചിടേണ്ടതില്ല  എന്നു തീരുമാനിച്ച  ബ്രിട്ടീഷ് ഗവൺമെന്റിനോടു  സ്വകാര്യപ്രാർത്ഥനയ്‌ക്കായിപോലും   പള്ളികൾ തുറന്നിടുന്നത്  അപകടമാണെന്നു  പറഞ്ഞുബോധ്യപ്പെടുത്തിയത്  അവിടുത്തെ  സഭയുടെ പ്രതിനിധിയായിരുന്നു.

ഇത് ഒരു തുടക്കം മാത്രം. ഇനിയങ്ങോട്ടുള്ള കാലങ്ങൾ  സുവിശേഷം പറയാൻ സാധിക്കുമോ എന്നുതന്നെ സംശയം.  കൊറോണ വരുന്നതിനുമുമ്പുതന്നെ  പല രാജ്യങ്ങളിലും സത്യസുവിശേഷം പറയുന്നതു  പലരുടെയും (എന്നുവച്ചാൽ പരസ്യമായി മ്ലേച്ഛപാപങ്ങളിൽ ജീവിക്കുന്നവരുടെയും ക്രിസ്തു ദൈവപുത്രനാണെന്നതു  നിഷേധിക്കുന്നവരുടെയും)  വികാരങ്ങളെ  വ്രണപ്പെടുത്തുമെന്നതിനാൽ  കർശനമായ നിബന്ധനകൾക്കു   വിധേയമായിരുന്നു.

ഞാൻ പറയുന്നത് ക്രിസ്ത്യാനികൾ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളുടെ കാര്യംതന്നെയാണ്. അബോർഷനും  സ്വവർഗലൈംഗികബന്ധവും തെറ്റാണെന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും ആ രാജ്യങ്ങളിലെ  ക്രിസ്തീയസഭകൾക്കില്ല. പല സഭകളും  മ്ലേച്ഛപാപങ്ങൾ അംഗീകരിച്ചുകഴിഞ്ഞു. പ്രൈമറി ക്ലാസുകൾ മുതലേ LGBT അനുകൂലകാര്യങ്ങൾ സിലബസിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നു  സർക്കാർ പറഞ്ഞപ്പോൾ അതിനെ ഏറ്റവും കൂടുതൽ അനുകൂലിച്ചത് അവിടുത്തെ പ്രധാനപ്പെട്ട രണ്ടു ക്രിസ്തീയസഭകളാണെന്നു  പറഞ്ഞത്   ഇംഗ്ലണ്ടിലെ സർക്കാരിൻറെ  വക്താവുതന്നെയാണ്.

സുവിശേഷപ്രഘോഷകരെ മാത്രമല്ല, പേരുകൊണ്ടു  ക്രിസ്ത്യാനിയാണെന്നു തിരിച്ചറിയാൻ കഴിയുന്നവരെയൊക്കെ  കല്ലെറിയുകയും വധിക്കുകയും ചെയ്യുന്നതു   പല രാജ്യങ്ങളിലും പതിവുസംഭവമാണ്. ലോകത്ത്  ഏറ്റവുമധികം പീഡിക്കപ്പെടുന്ന മതവിഭാഗം ക്രിസ്ത്യാനികളാണെന്നു  പറഞ്ഞാൽ  കേരളത്തിലെ ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും   അതു  വിശ്വസിക്കില്ല. എന്നാൽ സത്യം അതാണ്. സത്യം അറിയാൻ താല്പര്യമില്ലാത്ത  ഒരു ജനതയായി ക്രിസ്ത്യാനികൾ മാറിയിരിക്കുന്നു.

 ഓപ്പൺ ഡോർസിൻറെ   2020 ലെ റിപ്പോർട്ട്  അനുസരിച്ചു   ലോകത്താകമാനം 26 കോടി ക്രിസ്ത്യാനികൾ  ക്രിസ്തുവിലുള്ള വിശ്വാസത്തിൻറെ  പേരിൽ മാത്രം  പീഡിപ്പിക്കപ്പെടുന്നു. അതായത് ആകെയുള്ള ക്രിസ്ത്യാനികളിൽ  എട്ടിലൊന്നും മതപീഡനത്തിൻറെ  ഇരകളാണ്.   തൊട്ടുമുൻപത്തെ വർഷം ഇത് 24.50  കോടിയായിരുന്നു. ഒരു വർഷത്തിനുള്ളിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ നിരയിലേക്ക് ഒന്നരക്കോടി പേർ  കൂടി ചേർന്നു എന്നു  സാരം.  ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി മാത്രം ഒരു ദിവസം  എട്ടു പേർ കൊല്ലപ്പെടുകയും 23 പേർ  ബലാൽസംഗത്തിനോ ലൈംഗികപീഡനത്തിനോ ഇരയാവുകയും ചെയ്യുന്ന ഒരു കാലത്താണു  നാം ജീവിക്കുന്നത്.  ഒരാഴ്ചയിൽ 182 ക്രൈസ്തവ ദൈവാലയങ്ങളോ ആരാധനാസ്ഥലങ്ങളോ ആക്രമിക്കപ്പെടുന്നു എന്നതും  102   ക്രിസ്ത്യൻ ഭവനങ്ങളോ സ്ഥാപനങ്ങളോ ആക്രമണത്തിനിരയാവുന്നു എന്നതും    നമുക്കു  വെറും സ്ഥിതിവിവരക്കണക്കുകൾ   മാത്രമാകാതെ ഒരു ഓർമ്മപ്പെടുത്തൽ   കൂടിയാകണം. ഒരു മാസം 309 ക്രിസ്ത്യാനികൾ   ക്രിസ്തുവിൽ  വിശ്വസിച്ചു എന്ന  കുറ്റത്താൽ ജയിലിലടക്കപ്പെടുന്ന ഈ ലോകത്തിൽ രണ്ടായിരം വർഷമായി  ദേഹത്ത്  ഒരു മണൽത്തരി പോലും വീഴാതെ കേരളത്തിലെ ക്രിസ്ത്യാനികളെ  ദൈവം കാത്തുസംരക്ഷിച്ചത് അവസാനമണിക്കൂറുകളിലെ സുവിശേഷവേലക്കു  വേണ്ടി മാത്രമല്ലേ?

ക്രിസ്തുവിൻറെ  മഹത്വപൂർണ്ണമായ രണ്ടാം വരവിൻറെ  പടിവാതിൽക്കലാണു    മനുഷ്യകുലം നിൽക്കുന്നതെന്ന്  അറിയാവുന്നവർക്ക്  ഇതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല. കാരണം കർത്താവിൻറെ  രണ്ടാം വരവിൻറെ  പ്രധാന അടയാളങ്ങളിലൊന്നു  വ്യാപകമായ വിശ്വാസത്യാഗവും  ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനവുമാണ്.

ഈ അന്തിവെളിച്ചത്തിൽ  ചെയ്യാവുന്നത്രയും വേലചെയ്യുക. പകൽ കഴിയാറായി. രാത്രി സമീപിച്ചിരിക്കുന്നു.

ആർക്കും വേലചെയ്യാൻ കഴിയാത്ത രാത്രികാലം തന്നെ. അതുകൊണ്ടു   പതിനൊന്നാം മണിക്കൂറിൽ കർത്താവിനു വേണ്ടി കൊയ്ത്തിനിറങ്ങുന്നവർ  അവശേഷിക്കുന്ന ഒരുമണിക്കൂർ കൊണ്ട് ഒരു ദിവസത്തെ വേല ചെയ്തുതീർക്കണം  എന്ന ദൃഢനിശ്ചയത്തോടെ  പ്രവർത്തിക്കട്ടെ.