പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്.

2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. എന്തെന്നാൽ അങ്ങ് എന്റെ കർത്താവാണ്, എന്റെ സൂക്ഷിപ്പുകാരനാണ്, എന്റെ ശക്തിയാണ്, എന്നെ നയിക്കുന്നവനാണ്, എന്റെ ശ്രോതസ്സാണ്, എന്റെ ജ്ഞാനമാണ്, എന്റെ ആരോഗ്യമാണ്, എന്റെ മഹത്വമാണ്, എന്റെ സംരക്ഷകനാണ്, എന്റെ ജീവനാണ്, എന്റെ സംഭാരകനാണ്.

3. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, എന്തെന്നാൽ നീ എന്റെ സഹായകനാണ്. നീ എന്റെ ഉപദേഷ്ടാവാണ്. എന്റെ അഭിഭാഷകനാണ്, എന്റെ ആശ്വാസദായകനാണ്, എന്റെ കാവൽക്കാരനാണ്, എന്റെ കൂട്ടുകാരനാണ്, എന്റെ മാദ്ധ്യസ്ഥനാണ്.

4. ഓ, പരിശുദ്ധാത്മാവേ അങ്ങ് ത്രിയേക ദൈവത്തിലെ മൂന്നാമത്തെ വ്യക്തിയാണ്. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന അങ്ങ് സത്യത്തിന്റെ ആത്മാവാണ്, സ്നേഹത്തിന്റെ ആത്മാവാണ്, വിശുദ്ധിയുടെ ആത്മാവാണ്.

5. പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന എല്ലാ കാര്യങ്ങളിലും അവർക്ക് സമനാണ്. പൂർണ്ണ ഹൃദയത്തോടെ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു. ആരാണോ എന്നെ സൃഷ്ടിച്ചത്, ആർക്കുവേണ്ടിയാണോ ഞാൻ സൃഷ്ടിക്കപ്പെട്ടത് ആ ദൈവത്തെ അന്വോഷിക്കുവാനും, അറിയുവാനും എന്നെ പഠിപ്പിക്കണമേ. ആ ദൈവത്തോടുള്ള വലിയ സ്നേഹത്തിലും, ദൈവഭയത്താലും എന്റെ ഹൃദയത്തെ നിറയ്ക്കണമേ. അനുതാപവും ക്ഷമയും എനിക്കു നൽകണമേ. പാപത്തിൽ വീഴാൻ എന്നെ അനുവദിക്കരുതേ.

6. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്തെന്നാൽ നിന്റെ സാന്നിദ്ധ്യവും ശക്തിയും എപ്പോഴും എന്നോടു കൂടെയുണ്ട്. നന്ദി കർത്താവേ എന്തെന്നാൽ അങ്ങയുടെ സാന്നിദ്ധ്യവും, ശക്തിയും, കരുണയും, കൃപയും, അനുഗ്രഹവും എന്നെ വിട്ടുപോയിട്ടില്ല.

7. പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് നന്ദിപറയുന്നു. എന്തെന്നാൽ എന്റെ ശരീരം സമ്പൂർണ്ണമായും അങ്ങയുടെ ആലയമാണ്, അങ്ങയുടെ സാന്നിദ്ധ്യം എന്നിൽ സമൃദ്ധമായി വസിക്കുകയും ചെയ്യുന്നു.

8. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവിൽ നിന്നു ലഭിച്ച കൃപയുടെ സമൃദ്ധിയാണ്, നീതിയുടെ ദാനമാണ്.

9. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു, എന്തെന്നാൽ നിന്റെ സാന്നിദ്ധ്യവും ശക്തിയും എന്നിൽ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ നീതിയിലും, ചട്ടങ്ങളിലും നടക്കാനും; ന്യായവിധികൾ ചെയ്യാനും പ്രേരിപ്പിക്കുന്നു.

10. പരിശുദ്ധാത്മാവേ ഞാൻ അങ്ങേയ്ക്കു നന്ദിപറയുന്നു, എന്തെന്നാൽ ദൈവത്തോടും മനുഷ്യരോടും സ്നേഹത്തിൽ നടക്കുന്നതിന് ശ്രദ്ധാലുക്കളാക്കുന്നു.

11. പരിശുദ്ധാത്മാവേ ഇന്നത്തെ ദിവസം എന്നെ സഹായിക്കണമേ. പരിശുദ്ധാത്മാവേ എന്റെ ഭാവനകളെയും ചിന്തകളെയും നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണമേ.

12.പരിശുദ്ധാത്മാവേ, എന്റെ തിരഞ്ഞെടുപ്പുകളും, പ്രവർത്തനങ്ങളും, വികാരങ്ങളും, സ്വഭാ വങ്ങളും ആഗ്രഹങ്ങളും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യണമേ. പരിശുദ്ധാത്മാവേ, – എന്റെ ചുവടുകളെ ക്രമീകരിക്കുകയും ഞാൻ പോകേണ്ട വഴിയിലൂടെ എന്നെ നയിക്കുകയും ചെയ്യണമേ. പരിശുദ്ധാത്മാവേ, നിന്റെ സ്വരം തിരിച്ചറിയുവാനും, അനുസരിക്കുവാനും എന്നെ സഹായിക്കണമേ.

13.പരിശുദ്ധാത്മാവേ, നിന്റെ സ്വരം മനസിലാക്കാനും അനുസരിക്കുവാനും എന്നെ പ്രേരിപ്പിക്കണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

14.പരിശുദ്ധാത്മാവേ, ഇന്ന് സ്വർഗ്ഗം എന്നോട് എന്താണ് പറയുന്നത് എന്ന് അറിയാൻ എന്നെ സഹായിക്കണമേ.

15. എന്റെ ചിന്തകളെല്ലാം വിശുദ്ധമാക്കേണ്ടതിന് പരിശുദ്ധാത്മാവേ എന്നിൽ നിശ്വസിക്കുക. എന്റെ പ്രവർത്തനങ്ങളെല്ലാം വിശുദ്ധമാക്കേണ്ടതിന് പരിശുദ്ധാത്മാവേ എന്നിൽ ചലിക്ക ണമേ . വിശുദ്ധമായവയെ മാത്രം സ്നേഹിക്കുവാൻ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തെ ആകർഷിക്കണമേ. വിരുദ്ധമായവയെ പ്രതിരോധിക്കുവാൻ പരിശുദ്ധാത്മാവേ എന്നെ ശക്തിപ്പെടുത്തണമേ. ഞാൻ എപ്പോഴും വിശുദ്ധമായിരിക്കുവാൻ പരിശുദ്ധാത്മാവേ എന്നെ സംരക്ഷിക്കണമേ.

16. പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് നന്ദിപറയുന്നു. എന്തെന്നാൽ എന്നിലുള്ള അങ്ങയുടെ സാന്നിദ്ധ്യവും ശക്തിയും ദുഷ്ടതയിൽ നിന്നും എന്നെ സംരക്ഷിക്കുന്നു. എനിക്ക് എതിരായി ഉണ്ടാക്കിയിട്ടുള്ള ഒരായുധവും ഫലദായകമാവുകയില്ല.

17.പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. കാരണം, ദൈവത്തിന്റെ പ്രകാശം എന്നെ വലയം ചെയ്തിരിക്കുന്നു, ദൈവസ്നേഹം എന്നെ പൊതിയുന്നു, ദൈവശക്തി – എന്നെ സംരക്ഷിക്കുന്നു, ദൈവസാന്നിദ്ധ്യം എന്നെ നിരീക്ഷിക്കുന്നു. ഞാൻ എവിടെയായാലും എവിടെ പോയാലും ദൈവം എന്റെ കൂടെയുണ്ട്.

18. അല്ലയോ, പരിശുദ്ധാത്മാവേ, എന്റെ ആത്മാവിന്റെ ആത്മാവേ, ഞാൻ അങ്ങയെ ആരാ ധിക്കുന്നു. എന്നെ ബോധദീപ്തമാക്കണമേ, നയിക്കണമേ, ശക്തിപ്പെടുത്തണമേ. ഞാൻ എന്തു ചെയ്യണമെന്ന് എന്നോട് പറയണമേ. അതു ചെയ്യാൻ എന്നോട് കൽപിക്കണമേ. എന്റെ ജീവിതത്തിൽ സംഭവിക്കാൻ അനുവദിക്കുന്ന എല്ലാറ്റിനും കീഴ്വഴങ്ങുമെന്ന് ഞാൻ ഉറപ്പേകുന്നു. അങ്ങയുടെ തിരുവിഷ്ടം മാത്രം എനിക്കു കാണിച്ചു തരണമേ.

19. പരിശുദ്ധാത്മാവേ, എനിക്ക് അനുതാപവും പാപബോധവും നല്കണമേ. വിശുദ്ധിയിൽ എന്നെ സന്ദർശിക്കണമേ. യേശുനാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

20. പരിശുദ്ധാത്മാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു, പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു, പരിശുദ്ധാത്മാവേ, ഞാൻ അങ്ങേയ്ക്ക് യേശുക്രിസ്തുവിന്റെ ശക്തമായ നാമത്തിൽ നന്ദിപറയുന്നു. ആമ്മേൻ