പ്രാർത്ഥനയ്ക്കായി ഒരു ദിവസം

മെയ് 13. ഫാത്തിമ പ്രത്യക്ഷീകരണത്തിൻറെ  വാർഷികദിനം.  ഇന്നു  പ്രാർത്ഥനയിൽ ഒരുമിച്ചുചേരാനായി എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു ആത്മീയജീവിതമാണു  പരിശുദ്ധ ‘അമ്മ ഫാത്തിമയിൽ   വെളിപ്പെടുത്തിത്തന്നത്.    പാപികളുടെ  മാനസാന്തരത്തിനായും ആത്മാക്കളുടെ രക്ഷയ്ക്കായും അതിനേക്കാളും ഉപരിയായി സ്വന്തം  ആത്മരക്ഷയ്ക്കും പ്രാധാന്യം  നൽകാനാണു  മാതാവു  നമ്മോട് ആവശ്യപ്പെടുന്നത്.  ദൈവത്തിനെതിരെ  നിരന്തരമായി നടത്തപ്പെടുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി  നമ്മുടെ പ്രാർത്ഥനകളും  പരിഹാരപ്രവൃത്തികളും  കാഴ്ചവയ്ക്കാം.ജപമാല കൈകളിലെടുക്കാം. ഈയൊരു ദിവസം നമുക്ക് സാധിക്കുന്നത്രയും സമയം പ്രാർത്ഥനയിലായിരിക്കാം.

1997 മെയ് മാസത്തിൽ പരിശുദ്ധ ‘അമ്മ ഫാ.സ്റ്റെഫാനോ   ഗോബിയോട്  ഇങ്ങനെ പറഞ്ഞു. 

‘ ഫാത്തിമ സന്ദേശങ്ങൾ  നിവൃത്തിയാക്കപ്പെടേണ്ടതു  നിങ്ങളുടെ ആവശ്യമാണ്. ഭീതിദരും  മർദിതരുമായ നിങ്ങളുടെ രക്ഷയ്ക്കു  വേണ്ടി ഇതു  നിവൃത്തിയാക്കപ്പെടണം.   തിരുസഭയ്ക്കുവേണ്ടി ഇത് പൂർത്തീകരിക്കപ്പെടണം.  അപ്പോൾ രക്തരൂക്ഷിതവും  വേദനാജനകവുമായ ശുദ്ധീകരണം  വഴി സ്വർഗീയ അമ്മയെ അനുകരിച്ചു  കറയോ ചുളിവോ  ഇല്ലാതെ മനോഹരിയായി  തിരുസഭ ഉദിച്ചുയരും. ഫാത്തിമസന്ദേശങ്ങൾ സകലജനപദങ്ങളുടെയും രക്ഷയ്ക്ക് ആവശ്യമാണ്.  അപ്പോൾ സകല ജനാവലിയും  പിതൃകരങ്ങളിലേക്കു പിൻതിരിയുകയും  തങ്ങളുടെ ദൈവവുമായുള്ള ഐക്യത്തിൻറെയും സ്നേഹത്തിൻറെയും നൂതന കാലഘട്ടത്തെ അവർ   മനസിലാക്കുകയും ചെയ്യും. ഇതോടുകൂടി എൻറെ  വിമലഹൃദയം വിജയം   വരിക്കുകയും എൻറെ  ചെയ്യും

പരിശുദ്ധ അമ്മയുടെ  വിമലഹൃദയത്തിനു  സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളവരെ  തങ്ങളുടെ പ്രതിഷ്‌ഠ നവീകരിക്കാൻ ക്ഷണിക്കുന്നു.  ഇതുവരെയും വിമലഹൃദയപ്രതിഷ്ഠ നടത്തിയിട്ടില്ലാത്തവരെ   എത്രയും വേഗം അമ്മയുടെ  വിമലഹൃദയത്തിൽ അഭയം  തേടാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഓർക്കുക.  ഈ മെയ് മാസം വളരെ നിർണ്ണായകമായ  ഒരു സമയമാണ്.  മനുഷ്യവംശത്തിൻറെ  ശുദ്ധീകരണത്തിനും മാനസാന്തരത്തിനുമായി  ദൈവം  കരുണയോടെ നീട്ടിത്തരുന്ന ഓരോ നിമിഷവും  ഓരോ ദിവസവും പൂർണ്ണമായി പ്രയോജനപ്പെടുത്തുക.  

‘ കർത്താവ് അന്ധകാരം വരുത്തുന്നതിനു  മുൻപ്, നിങ്ങളുടെ  കാൽപാദങ്ങൾ   ഇരുൾ നിറഞ്ഞ  മലകളിൽ ഇടറുന്നതിനു മുൻപ്, നിങ്ങളുടെ   കർത്താവിനു മഹത്വം നൽകുവിൻ. അല്ലെങ്കിൽ നിങ്ങൾ വെളിച്ചം തേടുമ്പോൾ മരണത്തിൻറെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക. നിങ്ങൾ  അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി  രഹസ്യത്തിൽ എൻറെ ആത്മാവു കരയും’  (ജെറ. 13:16-17).

അന്ധകാരത്തിൻറെ ദിനങ്ങൾ  അടുത്തുവരുമ്പോൾ,  ജനപദങ്ങളെ കൂരിരുട്ടു വിഴുങ്ങുമ്പോൾ, മരണത്തിൻറെ നിഴലിലൂടെ ലോകം കടന്നുപോകുമ്പോൾ  പ്രാർത്ഥനയ്ക്കായി ഒരു ദിവസം മാറ്റിവയ്ക്കുക.

മെയ് 13.  നമുക്ക്  പരിശുദ്ധ അമ്മയോടൊപ്പമായിരിക്കാം. ജപമാല ചൊല്ലി, വിശുദ്ധ ഗ്രന്ഥം വായിച്ച്, പ്രാർത്ഥിച്ച്  നമുക്കൊരുങ്ങാം.  യഥാർത്ഥമായ ഒരു മാനസാന്തരത്തിലേക്കു വരാനുള്ള കൃപയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.  ഒപ്പം തന്നെ  തൊട്ടുമുൻപിലുള്ള  അനിശ്ചിതത്വത്തിൻറെ നാളുകളെ   വിശ്വാസത്തിലും പ്രത്യാശയിലും ഉറച്ചുനിന്നുകൊണ്ട് നേരിടാനുള്ള കൃപയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥന പ്രത്യേകമാം വിധം ആവശ്യമുള്ള നമ്മുടെ സഹോദരങ്ങളെയും പ്രാർത്ഥനയിൽ നമുക്ക് ഓർക്കാം.