പ്രാർത്ഥനയ്ക്കായി കാത്തിരിക്കുന്നവർ

പൗരോഹിത്യവും  പുരോഹിതരും എന്നത്തേക്കാളും അധികമായി നിന്ദിക്കപ്പെടുന്ന ഇക്കാലത്തു  വൈദികർക്കു   വേണ്ടി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം നാം മറന്നുപോകരുത്. റോമിലേക്കുള്ള  ഒരു  തീർത്ഥയാത്രയ്ക്കിടയിലാണ്  വൈദികർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിൻറെ  ആവശ്യകത  വിശുദ്ധ കൊച്ചുത്രേസ്യയ്ക്കു ബോധ്യപ്പെട്ടത്. അവർക്കായി വിശുദ്ധ കൊച്ചുത്രേസ്യ രചിച്ച  ഈ പ്രാർത്ഥന നമ്മുടെ പ്രിയപ്പെട്ട വൈദികർക്കു  വേണ്ടി ദിവസത്തിൽ ഒരു തവണയെങ്കിലും ചൊല്ലാമോ? ലിസ്യുവിലെ ചെറുപുഷ്പത്തെ പോലെ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാൻ സന്നദ്ധതയുള്ളവരെയാണ്  ഈ നാളുകളിൽ ദൈവം അന്വേഷിക്കുന്നത് 

വിശുദ്ധ കൊച്ചുത്രേസ്യയുടെ വൈദികർക്ക് വേണ്ടിയുള്ള പ്രാർത്ഥന

————————————————————————————————————–

യേശുവേ, അങ്ങേ  വൈദികർക്കായി, പ്രത്യേകിച്ചും വിശ്വസ്തരും തീക്ഷ്ണതയുള്ളവരുമായ വൈദികർക്കും  അവിശ്വസ്തരും മന്ദഭക്തരുമായ  വൈദികർക്കും  വേണ്ടിയും സ്വദേശത്തോ  വിദൂരദേശങ്ങളിലോ  സുവിശേഷ വേലയിൽ  ഏർപ്പെട്ടിരിക്കുന്ന അങ്ങേ വൈദികർക്കായും, പ്രലോഭനങ്ങൾ  നേരിടുന്ന അങ്ങേ  വൈദികർക്കായും,  ഏകാന്തതയും ശൂന്യതാബോധവും  അലട്ടുന്ന അങ്ങേ വൈദികർക്കായും,  അങ്ങേ യുവവൈദികർക്കായും മരണാസന്നരായ അങ്ങേ വൈദികർക്കായും, ശുദ്ധീകരണസ്ഥല ത്തായിരിക്കുന്ന അങ്ങേ  വൈദികർക്കായും  ഞാൻ പ്രാർത്ഥിക്കുന്നു. 

സർവ്വോപരി എനിക്കു  മാമോദിസ നൽകിയ വൈദികൻ, പാപമോചനം നൽകിയ  വൈദികർ, ഞാൻ പങ്കെടുത്ത പരിശുദ്ധ കുർബാനകൾ അർപ്പിക്കുകയും അങ്ങയുടെ തിരുശരീരവും തിരുക്തവും എനിക്കു  നൽകുകയും ചെയ്ത വൈദികർ, എന്നെ  പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത വൈദികർ, മറ്റേതെങ്കിലും തരത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്ന  വൈദികർ( പ്രത്യേകിച്ച് ……..) എന്നിങ്ങനെ എനിക്കു  പ്രിയപ്പെട്ടവരായ എല്ലാ വൈദികർക്കും വേണ്ടി  ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു.

 യേശുവേ അവരെയെല്ലാം അങ്ങയുടെ തിരുഹൃദയത്തോടു  ചേർത്തു നിർത്തുകയും ഇപ്പോഴും നിത്യതയിലും  സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ ആമേൻ