മരണ സമയം
1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു – ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ പീഡനം; ഒന്നുകിൽ സന്തോഷകരമായ ഒരു ജീവിതം, അല്ലെങ്കിൽ ദുരിതപൂർണമായ ഒരു ജീവിതം. അതിനാൽ, ഈ ജീവിതത്തിൽ നികൃഷ്ടമായ ഒരു നിമിഷനേരത്തെ സുഖത്തിനുവേണ്ടി ഒരു ദുഷിച്ച അന്ത്യത്തിനു കാരണമാകാവുന്ന അപകടത്തിൽ ചാടുന്നതും, ഒരിക്കലും അവസാനിക്കാത്ത ദുരിതജീവിതം ആരംഭിക്കുന്നതും എന്ത് വിഡ്ഢിത്തമായിരിക്കണം! ഓ ദൈവമേ! എൻറെ ജീവിതത്തിൻറെ അവസാന നിമിഷത്തിൽ എനിക്ക് എന്തു സംഭവിക്കും? ഓ, എൻറെ രക്ഷയ്ക്കുവേണ്ടി മരിച്ച യേശുവേ! എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകാതിരിക്കാൻ എന്നെ സഹായിക്കണമേ; എൻറെ ഏക നന്മയായ അങ്ങയെ നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ.
2. ദൈവമേ! തങ്ങളുടെ വിധി തെരഞ്ഞെടുക്കാനായി നറുക്കിടാൻ വിധിക്കപ്പെട്ട നിർഭാഗ്യവാന്മാരായ കുറ്റവാളികൾ, അവർ ജീവിക്കുമോ അതോ മരിക്കുമോ എന്നു തീരുമാനിക്കപ്പെടാനുള്ള പകിട എറിയുമ്പോൾ എത്രമാത്രം വിറയ്ക്കും! ക്രിസ്ത്യാനീ, എന്നോടു പറയുക, നീ അത്തരമൊരു അവസ്ഥയിലായിരുന്നുവെങ്കിൽ, അതിൽ നിന്നു മോചിതനാകാൻ നീ എന്തെല്ലാം ചെയ്യും? എന്നാൽ നിൻറെ നിത്യജീവിതമോ നിത്യമരണമോ തീരുമാനിക്കപ്പെടുന്ന ആ അവസാന നിമിഷത്തിൽ ഒരു ദിവസം നീ
എത്തുമെന്നു വിശ്വാസം നിന്നെ പഠിപ്പിക്കുന്നു. അപ്പോൾ നീ പറയും, “കഷ്ടമേ! ഞാൻ ഇപ്പോൾ ഒന്നുകിൽ ദൈവത്തോടൊത്ത് എന്നേക്കും സന്തുഷ്ടനായിരിക്കണം, അല്ലെങ്കിൽ ദൈവത്തെക്കൂടാതെ എന്നെന്നേക്കുമായി നിരാശനായിരിക്കണം.” ഇല്ല, എൻറെ ദൈവമേ, ഞാൻ അങ്ങയെ നഷ്ടപ്പെടുത്തുകയില്ല; ഞാൻ ഇതുവരെ അങ്ങയുടെ സൗഹൃദം നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ അതിൽ ഖേദിക്കുന്നു, അതിൽ ആത്മാർത്ഥമായി അനുതപിക്കുന്നു; ഇനി ഒരിക്കലും ഞാൻ അങ്ങയെ നഷ്ടപ്പെടുത്തുകയില്ല.
3. ഒന്നുകിൽ നാം വിശ്വസിക്കുന്നു, അല്ലെങ്കിൽ നാം വിശ്വസിക്കുന്നില്ല. ഒരു നിത്യത ഉണ്ടെന്നും നാം ഒരിക്കൽ മാത്രമേ മരിക്കുകയുള്ളു എന്നും നാം പാപാവസ്ഥയിൽ മരിച്ചാൽ അതിൻറെ ഫലം പരിഹാരത്തിന് ഒരു സാധ്യതയുമില്ലാത്ത നിത്യതയായിരിക്കുമെന്നും നാം വിശ്വസിക്കുന്നെങ്കിൽ, ആത്മനാശത്തിൻറെ എല്ലാ അപകടങ്ങളിൽ നിന്നും നാം നമ്മെത്തന്നെ വിടുവിക്കുന്നതിനും സന്തോഷകരമായ ഒരു മരണം ഉറപ്പിക്കുന്നതിനും നമ്മുടെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിനും നാം എന്തുകൊണ്ടു തയാറാവുന്നില്ല? നിത്യതസുരക്ഷിതമാക്കാൻ മിവേണ്ടി ചെയ്യുന്ന ഒന്നും അധികപ്പറ്റാവില്ല. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും മരണത്തിനു മുൻപേ നമ്മുടെ കണക്കുകൾ നേരെയാക്കാൻ സമയം തന്നുകൊണ്ടു ദൈവം അനുവദിക്കുന്ന അനുഗ്രഹങ്ങളാണ്. നമുക്കു നഷ്ടപ്പെടുത്താൻ സമയമില്ലാത്തതിനാൽ ഒട്ടും വൈകരുത്.
ഓ ദൈവമേ, എന്നെ കടാക്ഷിക്കണമേ! രക്ഷിക്കപ്പെടാൻ ഞാൻ എന്തു ചെയ്യണമെന്ന് എന്നോടു പറയണമേ, അങ്ങ് എന്നോടു ആവശ്യപ്പെടുന്നതെല്ലാം ഞാൻ ചെയ്യും. ഞാൻ അങ്ങയോടു മറുതലിച്ചു. അതിനെയോർത്തു ഞാൻ വളരെയധികം ഖേദിക്കുന്നു, അങ്ങനെ ചെയ്തതിൽ ദുഃഖത്തോടെ മരിക്കാനും ഞാൻ തയ്യാറാണ്. കർത്താവേ, എന്നോടു ക്ഷമിക്കണമേ. ഇനി മേലിൽ അങ്ങയെ ഉപേക്ഷിക്കാൻ എന്നെ അനുവദിക്കരുതേ. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഇനിയൊരിക്കലും അങ്ങയെ സ്നേഹിക്കുന്നതു ഞാൻ നിർത്തുകയില്ല. കന്യകമാരുടെ കന്യകയായ പരിശുദ്ധ മറിയമേ, പുണ്യത്തിൽ നിലനിൽക്കാനുള്ള കൃപ എനിക്കു നേടിത്തരണമേ.