അന്ത്യനാളുകളിൽ സത്യവിശ്വാസത്തിൻറെ കോട്ട സംരക്ഷിക്കാനുള്ള രണ്ട് ആയുധങ്ങൾ പരിശുദ്ധ കുർബാനയോടുള്ള ഭക്തിയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ആണെന്നാണ് വിശുദ്ധ ഡോൺ ബോസ്കോയ്ക്കു ലഭിച്ച ദർശനങ്ങളിൽ നിന്നു നമുക്കു മനസിലാകുന്നത്. നാലുഭാഗത്തുനിന്നും ശത്രുവിൻറെ കപ്പലുകളാൽ ആക്രമിക്കപ്പെട്ട തിരുസഭാനൗകയെ സത്യവിശ്വാസസംരക്ഷകനായ മാർപ്പാപ്പ തിരുവോസ്തിയുടെയും അമലോത്ഭവകന്യകയുടെയും രൂപം പതിച്ചിരിക്കുന്ന രണ്ടു തൂണുകളുടെ നാടുവിലേക്കു സുരക്ഷിതമായി നയിക്കുന്നതാണല്ലോ ഡോൺ ബോസ്കോ കണ്ടത്.
ഇതേ കാരണത്താൽ തന്നെയാണു സഭ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പരിശുദ്ധകുർബാനയോടും ജപമാലയോടും ചേർന്നു നിൽക്കാൻ നമ്മെ .ആഹ്വാനം ചെയ്യുന്നതും. എന്നാൽ നമ്മിൽ എത്ര പേർക്കു പരിശുദ്ധ കുർബാന ഒരു അനുഭവമായി മാറുന്നുണ്ട്? പരിശുദ്ധകുർബാനയിൽ ജീവിക്കുന്ന ദൈവത്തിൻറെ പുത്രനായ ക്രിസ്തുവിനെ കാണാൻ സാധിക്കുന്നവർ അനുഗ്രഹീതർ. എന്നാൽ മറ്റു പലർക്കും പരിശുദ്ധ കുർബാന എന്നതു വെറുമൊരു അപ്പം മുറിക്കൽ ചടങ്ങായി മാറിക്കഴിഞ്ഞു.
മാലാഖമാരുടെ അപ്പം സ്വീകരിച്ചു പുറത്തിറങ്ങിയാലുടൻ അതേ നാവുകൊണ്ടു കള്ളം പറയാൻ നാം തയ്യാറാകുന്നുവെങ്കിൽ, ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവും പാപം ചെയ്യുന്നതിൽ നിന്നു നമ്മുടെ കരങ്ങളെ നാം വിലക്കുന്നില്ലെങ്കിൽ, ദൈവാലയത്തിൽ നിന്നിറങ്ങിയതിനുശേഷം അരുതാത്ത ഇടങ്ങളിലേക്കു പായാൻ നമ്മുടെ പാദങ്ങൾ വെമ്പൽ കൊള്ളുന്നുവെങ്കിൽ, നമുക്കായി ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിനെ നേരിൽ കണ്ട കണ്ണുകൾ അതിനുശേഷം അരുതാത്ത കാഴ്ചകളിലേക്കു വീണ്ടും തിരിയുന്നുവെങ്കിൽ, സ്വർഗീയഗണങ്ങളുടെ ഹല്ലേലൂയഗീതം കേട്ട കാതുകൾ അശുദ്ധമായ വാക്കുകൾക്കായി വീണ്ടും തുറന്നുവയ്ക്കുന്നുവെങ്കിൽ, സ്വർഗീയവിരുന്നാസ്വദിച്ച ഹൃദയം വീണ്ടും ലോകസുഖങ്ങളിലേക്കു മടങ്ങുന്നുവെങ്കിൽ, സ്വർഗീയകാര്യങ്ങൾ അറിയാൻ ഭാഗ്യം ലഭിച്ചിട്ടും നാം വീണ്ടും ഭൗതികവിജ്ഞാനത്തിൻറെ പിറകെ പോകുന്നുവെങ്കിൽ അതിൻറെയർത്ഥം നമുക്കു പരിശുദ്ധകുർബാന ഇതുവരെയും ഒരു അനുഭവമായി മാറിയിട്ടില്ല എന്നാണ്.
അതിനുള്ള മറുമരുന്നു നമ്മുടെ ബലഹീനത ദിവ്യകാരുണ്യനാഥനോട് ഏറ്റുപറയുക എന്നതുതന്നെയാണ്. അതോടൊപ്പം ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം ഈ കൊച്ചുപ്രാർത്ഥനയും നമുക്കു ചൊല്ലാം.
‘ഓ യേശുവേ, അങ്ങ് എന്നിൽ വസിക്കുന്നതിനാൽ
അങ്ങയുടെ ഇഷ്ടം നിറവേറ്റുന്ന ഉപകരണം മാത്രമായി എന്നെ മാറ്റണമേ.
അങ്ങേയ്ക്കിഷ്ടമുള്ളതു മാത്രം കാണാനായി എൻറെ കണ്ണുകളെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം കേൾക്കാനായി എൻറെ ചെവികളെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം സംസാരിക്കാനായി എൻറെ അധരങ്ങളെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം രുചിക്കാനായി എൻറെ നാവിനെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം ചെയ്യാനായി എൻറെ കൈകളെയും
അങ്ങേയ്ക്കിഷ്ടമുള്ളിടത്തു മാത്രം പോകാനായി എൻറെ കാലുകളെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം ചിന്തിക്കാനായി എൻറെ ഹൃദയത്തെയും
അങ്ങേയ്ക്കിഷ്ടമുള്ളതുമാത്രം അറിയാനായി എൻറെ ബുദ്ധിയെയും
അങ്ങ് അനുഗ്രഹിച്ച്, വിശുദ്ധീകരിച്ച്, വേർതിരിക്കണമേ, ആമേൻ’.