വിമലഹൃദയ പ്രതിഷ്ഠ – ആറാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ഹൃദയങ്ങൾ ഒന്നാക്കി, എൻ്റെ അടുക്കൽ വരുവിൻ. എൻ്റെ ക്ഷണം സ്വീകരിച്ച നിങ്ങൾക്ക് ഒരു ലക്ഷ്യം മാതമേയുള്ളൂ ത്രിയേക ദൈവത്തെ ആദരിക്കുക, സ്നേഹിക്കുക, സേവിക്കുക, എന്നതുമാത്രം. ഞാൻ നിങ്ങൾ ഏവരേയും സ്നേഹിക്കുന്നു. നിങ്ങൾക്കു നന്മയും സന്തോഷവും ഭവിക്കട്ടെ !

ഓരോ ദിവസവും കടന്നുപോകുമ്പോൾ വളരെ വലിയ കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കും. നിങ്ങൾ ഒരു യുദ്ധത്തിനു തയ്യാറാകുവിൻ ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള യുദ്ധത്തിന്. സർവ്വശക്തനായ പിതാവ് ലോകസമാധാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആകയാൽ ഒറ്റക്കെട്ടായി ശക്തിയോടെ നിലകൊള്ളുവിൻ. നിങ്ങൾ സമർപ്പണം ചെയ്തുകഴിഞ്ഞുവല്ലോ. അതു സ്വീകരിക്കപ്പെട്ടും കഴിഞ്ഞു. ദൈവം മാനസാന്തരം കാത്തിരിക്കുന്നു. ഓരോ ഹൃദയവും സ്വന്തമാക്കാനും ദൈവരാജ്യം കൊണ്ട് ഓരോ ആത്മാവിനെയും നിറയ്ക്കാനും ദൈവം ആഗ്രഹിക്കുന്നു. സംശയിക്കുകയോ, ഭയപ്പെടുകയോ അരുത്. എൻ്റെ കയ്യിൽ പിടിച്ച് എന്നോടൊപ്പം ഓടുക, ഈ ദൗത്യത്തിൽ നിങ്ങൾ മുഴുവനായി ഉൾചേരുക, മാനസാന്തരപ്പെടുക. കുട്ടികളെ, നിങ്ങളിൽത്തന്നെ സ്നേഹത്തിൻ്റെ സ്ഫുലിംഗങ്ങൾ ജ്വലിപ്പിക്കുക. ഈ സ്നേഹം നിങ്ങൾ പങ്കുവയ്ക്കുകയും വേണം. അനേകർ ഒത്തുചേരുമ്പോഴാണ് കൂട്ടായ്മ ഉണ്ടാകുന്നത്. നിങ്ങളും, നിങ്ങളുടെ ചുറ്റുപാടുള്ളവരേയും ചേർക്കുക. അവരുടെ ഹൃദയങ്ങൾ നിങ്ങളുടേതുമായി ഒന്നാകട്ടെ. നിങ്ങളിൽ ദൈവം പ്രതിബിംബിക്കുമ്പോൾ മാനസാന്തരം ഉണ്ടായി എന്നു മനസ്സിലാക്കാം.

വഴികാട്ടി

സമർപ്പണം നടക്കുമ്പോൾ നമ്മുടെ അമ്മ പല കൃപകൾ നല്കുന്നതായി ആത്മാവിനു ബോധ്യമാകും. യാചനയ്ക്കും , മധ്യസ്ഥപ്രാർത്ഥനയ്ക്കും, നേർവഴികാട്ടുവാനും, ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുവാനും ആണ് ഈ കൃപകൾ. നമ്മിൽ നിന്നും ദൈവം പ്രതിഫലം ആവശ്യപ്പെടുന്നുണ്ട്. മാതാവും അത് ആവശ്യപ്പെടുന്നുണ്ട്. ഇത് മനസ്സിലാക്കി അമ്മയുടെ കയ്യിൽ പിടിച്ചുവേണം നാം മുന്നേറാൻ.

പ്രവൃത്തിപഥം

എല്ലാ നന്മയും ദൈവത്തിൻ നിന്നും വരുന്നു. കൃപയില്ലാതെ ദൈവനാമം ഉച്ചരിക്കുവാൻ പോലും നമുക്ക് സാധ്യമല്ല. ആകയാൽ നാം എല്ലാം കാര്യത്തിലും ദൈവകൃപയെ ആശ്രയിക്കുന്നു. രക്ഷാകരദൗത്യത്തിൽ നമ്മുടെ പങ്കു നാം വഹിക്കണമെന്നും ദൈവവുമായി സഹകരിക്കണമെന്നും ദൈവം കൽപിക്കുന്നു. വളരെപ്പേർ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനായി അധ്വാനിക്കുവാനും കഷ്ടപ്പെടുവാനും അവർ തയ്യാറാകുന്നില്ല. നിത്യമഹത്വം ദൈവദാനമായി കിട്ടുമെന്ന് വൃഥാ അവർ അഭിലഷിക്കുന്നു. ദൈവീകനിയമം ഇതാണ്, ആത്മാവ് വിശുദ്ധിയിൽ ഉയരാൻ ദൈവവും മനുഷ്യരും സഹകരിക്കണം. ദൈവവും മനുഷ്യരും ചേർന്നു വഹിക്കേണ്ട ഭാരമാണിത്. സമർപ്പണത്തിൻ്റെ ഫലം നിത്യമായ സന്തോഷമാണ്. വിശുദ്ധിക്കു തടസ്സമായ നമ്മുടെ ഇച്ഛകളെ നാം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തണം.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമേ , ദൈവത്തിൻ്റെ അനന്ത കരുണയിൽ ഞാൻ ശരണപ്പെടുന്നു. അമ്മയെ എൻ്റെ മുഴുഹൃദയത്തോടെ സ്നേഹിക്കുവാനുള്ള കൃപയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ സ്വീകരിക്കുന്ന കൃപകളെല്ലാം അമ്മയുടെ മാദ്ധ്യസ്ഥതയിലൂടെയാണ് എന്നിലേക്കു ഒഴുകിയെത്തിയത്. മനസ്സിൻ്റെ നന്മയും നല്ല ആഗ്രഹങ്ങളും ദൈവീകമായ പ്രകാശവും എനിക്ക് ഇപ്രകാരമാണ് ലഭിച്ചത്. സ്നേഹമുള്ള അമ്മേ, എനിക്കു വേണ്ടി തുടർന്നും പ്രാർത്ഥിക്കണമേ. ഞാൻ വിശുദ്ധി പ്രാപിക്കാൻ എന്നോടൊത്ത് പ്രാർത്ഥിക്കണമേ. അങ്ങനെ ദൈവം ആഗ്രഹിക്കുന്ന സ്ഥിതിയിൽ ഞാൻ എത്തിച്ചേരട്ടെ ! അമ്മയിലൂടെ ഞാൻ ഈശോയ്ക്കു നടത്തിയ സമർപ്പണം പരിപൂർണ്ണമാകട്ടെ ! എൻ്റെ ഈ പ്രാർത്ഥന ഫലമണിയട്ടെ !

വചനം

“ മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ” ( മത്താ 5:16 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!