സുവിശേഷവേലയ്ക്കായി സ്പെയിനിലേക്കു പോയ യാക്കോബ് ശ്ലീഹായ്ക്കു പ്രത്യക്ഷപ്പെട്ടുകൊണ്ട് ആരംഭിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ചരിത്രം പഠിക്കുമ്പോൾ നമുക്ക് ഒരുകാര്യം മനസിലാക്കാൻ കഴിയും. അമ്മയ്ക്ക് മക്കളോട് എന്തൊക്കെയോ പറയാനുണ്ട്. തൻറെ ജീവിതകാലത്ത് എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചിരുന്ന പരിശുദ്ധ ‘അമ്മ പിൽക്കാലത്തുള്ള തൻറെ എല്ലാ പ്രത്യക്ഷീകരണങ്ങളിലൂടെയും ഉദ്ദേശിക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. ലോകത്തെ തൻറെ പുത്രനിലേക്ക് അടുപ്പിക്കുക എന്നതാണത്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾക്കിടയിൽ സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മരിയൻ പ്രത്യക്ഷീകരണങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അമ്മയുടെ പ്രത്യക്ഷീകരണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല അമ്മ നൽകുന്ന സന്ദേശങ്ങൾ അടിയന്തരസ്വഭാവമുള്ളവയുമാണ് എന്നതാണത്.
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മരിയൻ പ്രത്യക്ഷീകരണം മൂന്നാം നൂറ്റാണ്ടിൽ നിയോ സിസേറിയയിലെ മെത്രാനും അത്ഭുതപ്രവർത്തകനുമായിരുന്ന വിശുദ്ധ ഗ്രിഗറിയ്ക്കുണ്ടായതാണ്. AD 335 ൽ കേരളത്തിലെ കുറവിലങ്ങാട് മാതാവ് പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് എത്രപേർക്കറിയാം? ആധുനികകാലഘട്ടത്തിലേക്കു കടന്നാൽ 1531 ലെ ഗ്വാഡലൂപ്പ ദർശനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ലോകത്തിൽ ഏറ്റവുമധികം തീർത്ഥാടകർ എത്തിച്ചേരുന്ന മരിയൻ പ്രത്യക്ഷീകരണസ്ഥലവും ഗ്വാഡലൂപ്പയാണ്. 1831 ൽ കാതറിൻ ലബോറയ്ക്ക് പ്രത്യക്ഷപ്പെട്ട മാതാവു നൽകിയതാണ് അത്ഭുതമെഡൽ. 1846ൽ ലാസലേറ്റിൽ രണ്ടു കുട്ടികൾക്കു പ്രത്യക്ഷപ്പെട്ട ‘അമ്മ സാബത്തിനെ ആദരിക്കാത്തതിനെയും കർത്താവിന്റെ നാമത്തെ അവഹേളിക്കുന്നതിനെയും ഓർത്തു കണ്ണീരൊഴുക്കി. ലൂർദിൽ 1858 ൽ ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക താൻ അമലോത്ഭവമാണെന്നു പ്രഖ്യാപിച്ചു. അയർലണ്ടിലെ നോക്കിൽ 1879 ൽ അഞ്ചുവയസിനും എഴുപത്തഞ്ചു വയസിനും ഇടയിൽ പ്രായമുള്ള 15 പേർക്ക് ഒന്നര മണിക്കൂർ വരെ നീളുന്ന ദർശനം നൽകിയ ‘അമ്മ അവിടെ ഒരു സന്ദേശവും നൽകിയില്ല. ഈശോയും യൗസേപ്പിതാവും വിശുദ്ധ യോഹന്നാനുമൊപ്പമാണു മാതാവു നോക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഫാത്തിമയിലെ 1917 ലെ ദർശനങ്ങളെപ്പറ്റി നമുക്കറിയാം. ഒരേ സമയം 70000 പേർ നേരിട്ടു വീക്ഷിച്ച സൂര്യാത്ഭുതത്തോടെ സമാപിച്ച ഫാത്തിമാദർശനങ്ങളിൽ നൽകിയ സന്ദേശങ്ങൾ നരകത്തിൻറെ യാഥാർഥ്യം, ആത്മാക്കളെ രക്ഷിക്കാനായി പരിത്യാഗ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യേണ്ടതിൻറെ ആവശ്യകത, രണ്ടാം ലോകമഹായുദ്ധവും റഷ്യയെ മാതാവിൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാനുള്ള
ആഹ്വാനവും വരും നാളുകളിൽ സഭ നേരിടാൻ പോകുന്ന വലിയ പീഡനങ്ങളും ഉൾപ്പെടുന്നു. ഫാത്തിമദർശനത്തിനു ശേഷമുള്ള ഒൻപതു മാർപ്പാപ്പാമാരും ഫാത്തിമ സന്ദേശങ്ങളിൽ വിശ്വസിക്കുന്നു എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1947ൽ ഇറ്റലിയിലെ മോണ്ടി ചിയാരിയിൽ പിയെറിന ഗെല്ലിയ്ക്ക് റോസാ മിസ്റ്റിക്കാ മാതാവു പ്രത്യക്ഷപ്പെട്ടു നൽകിയ സന്ദേശങ്ങൾ മനുഷ്യകുലത്തെ പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവയിലേക്കു ക്ഷണിക്കുന്നതായിരുന്നു.
പോണ്ട്മെയിൻ ( ഫ്രാൻസ്), ക്വിറ്റോ (ഇക്വഡോർ ), ലൗസ് ( ഫ്രാൻസ്), ബ്യൂറിങ്ങ് ( ബെൽജിയം), ചാമ്പ്യൻ (അമേരിക്ക), ആംസ്റ്റർഡാം (ഹോളണ്ട്), വേളാങ്കണ്ണി, ഗരബന്ദാൽ ( സ്പെയിൻ), മെജുഗോറിയ ( ബോസ്നിയ)
കിബഹോ ( റുവാണ്ട), സൈത്തൂൺ ( ഈജിപ്ത്) എന്നിങ്ങനെ അനേകമനേകം ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക തൻ്റെ പുത്രൻറെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുകയായിരുന്നു എന്ന കാര്യം മറന്നുകൊണ്ടു നമ്മൾ മരിയൻ പ്രത്യക്ഷീകരണങ്ങളെ മറ്റൊരു ആഘോഷമാക്കി മാറ്റുകയാണ്.
1981-83 കാലഘട്ടത്തിൽ കിബഹോയിൽ പ്രത്യക്ഷപ്പെട്ട ‘അമ്മ റുവാണ്ടയിൽ നടക്കാനിരിക്കുന്ന അതിഭീകരമായ വംശഹത്യയെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. പതിനൊന്നു വർഷങ്ങൾക്കു ശേഷം റുവാണ്ടയിലുണ്ടായ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു ദശലക്ഷത്തിലധികമാണ്.
ഏറ്റവുമധികം പേർ നേരിട്ടുകണ്ട മരിയൻ ദർശനം ഫാത്തിമയിലേതാണെന്നാണു നമ്മുടെ ധാരണ. എന്നാൽ അതല്ല സത്യം. ഈജിപ്തിലെ സൈത്തൂണിൽ 1968 – 1971 കാലഘട്ടത്തിൽ സംഭവിച്ച മരിയൻ പ്രത്യക്ഷീകരണങ്ങൾക്കു നേരിട്ടു സാക്ഷികളായതു പതിനായിരങ്ങളാണ്. അക്കൂട്ടത്തിൽ ഓർത്തഡോക്സുകാരും കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും മുസ്ലിങ്ങളും ഉൾപ്പെടുന്നു. ഈജിപ്തിലെ പ്രസിഡണ്ടായിരുന്ന നാസ്സർ അവിശ്വാസിയായിരുന്നെങ്കിലും അദ്ദേഹവും മാതാവിൻറെ പ്രത്യക്ഷീകരണം നേരിൽ കണ്ടു എന്നതാണു ചരിത്രം. സൈത്തൂൺ ദർശനങ്ങളുടെ പ്രത്യേകത മൂന്നുവർഷക്കാലയളവിനുള്ളിൽ മാതാവ് ഒരു സന്ദേശം പോലും നൽകിയില്ല എന്നതായിരുന്നു. മൗനമാണ് ഒരുവനെ യേശുവിലേക്കടുപ്പിക്കുന്നത് എന്നു തൻറെ നിശബ്ദതയിലൂടെ പറഞ്ഞുതരികയായിരുന്നു ‘അമ്മ.
എന്തുകൊണ്ടാണ് ‘നമ്മുടെ കാലഘട്ടത്തിൽ ‘അമ്മ ഇത്രയധികം തവണ പ്രത്യക്ഷപ്പെടുന്നത്? അതിനുത്തരം തേടുമ്പോൾ ചെന്നെത്തുന്നത് യേശുവിൻറെ ആസന്നമായ രണ്ടാം വരവിലാണ്. മനുഷ്യവംശത്തിൻറെ രക്ഷകനായ യേശുവിനെ ഭൂമിയിലേക്കയയ്ക്കാൻ പിതാവായ ദൈവം തിരഞ്ഞെടുത്തതു പരിശുദ്ധ കന്യകാമറിയത്തെയായിരുന്നെങ്കിൽ അവിടുത്തെ മഹത്വപൂർണ്ണമായ രണ്ടാം വരവിനു ലോകത്തെ ഒരുക്കുന്നതിലും അമ്മയ്ക്കു വലിയൊരു പങ്കുണ്ട് എന്നതു നിസ്തർക്കമാണ്.
സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയ സ്ത്രീയെക്കുറിച്ചു വെളിപാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. ആ സ്ത്രീ ]ഉൽപത്തി 3:15ൽ പറയുന്ന പിശാചിൻറെ തലയെ തകർക്കുന്ന സ്ത്രീ തന്നെയാണ്. അവസാനനാളുകളിലെ യുദ്ധം ദൈവത്തിൻറെ സൈന്യവും സാത്താൻറെ സൈന്യവും തമ്മിലാണെന്നു നമുക്കറിയാം. എന്നാൽ അതേ സമയം തന്നെ അതു മറിയത്തിൻറെ സന്താനങ്ങളും സാത്താനുമായുള്ള യുദ്ധവുമാണ്. ‘അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു’ ( വെളി .12:17) എന്നു വായിക്കുമ്പോൾ അന്തിമയുദ്ധത്തിൽ മറിയത്തിൻറെ മക്കളുടെ പങ്കു മനസിലാകും.
എങ്ങനെയാണു നാം മറിയത്തിൻറെ മക്കളാകുന്നത്? യേശു നമ്മുടെ ജ്യേഷ്ഠസഹോദരനായതുകൊണ്ടും അവിടുന്ന് കുരിശിൽ കിടന്നുകൊണ്ടു തൻറെ അമ്മയെ നമുക്കെല്ലാവർക്കും അമ്മയായി നല്കിയതുകൊണ്ടും നാം മറിയത്തിൻറെ മക്കളാകൻ യോഗ്യത നേടി. മക്കളെങ്കിൽ അവകാശികളുമാണല്ലോ. മറിയത്തിൻറെ അവകാശികൾ എന്നു പറഞ്ഞാൽ അവളുടെ പുണ്യങ്ങളുടെയെല്ലാം അവകാശികൾ എന്നാണർത്ഥം. അമ്മയ്ക്കു തൻറെ പുണ്യയോഗ്യതകളല്ലാതെ മറ്റൊരു സമ്പത്തും ഈ ലോകത്തിൽ ഉണ്ടായിരുന്നില്ല. എന്തൊക്കെയായിരുന്നു അമ്മയുടെ പുണ്യങ്ങൾ? വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നതനുസരിച്ച് അവ അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസികപ്രാർത്ഥന, എല്ലാക്കാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം,ദൈവികജ്ഞാനം, ദൈവികപരിശുദ്ധി എന്നിവയാണ്.
മറിയത്തിൻറെ മക്കളും അവകാശികളുമാകണമെങ്കിൽ നാം നമ്മെത്തന്നെ പൂർണ്ണമായി മറിയത്തിനു സമർപ്പിക്കണം. അതിനുള്ള മാർഗമാണു മറിയത്തിൻറെ വിമലഹൃദയത്തിനുള്ള പ്രതിഷ്ഠ. ‘മറിയത്തിലൂടെ യേശുവിലേക്ക്’ എന്നത് ഈ അവസാനനാളുകളിൽ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള ഉത്തമമാർഗമാണ്. അതുതന്നെയാണ് വിമലഹൃദയ പ്രതിഷ്ഠ കൊണ്ട് ഉദ്ദേശിക്കുന്നതും.
വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നിർദേശിക്കുന്നതു 33 ദിവസത്തെ ഒരുക്കത്തിനു ശേഷമുള്ള മരിയൻ പ്രതിഷ്ഠയാണ്. അദ്ദേഹത്തിൻറെ ‘ യഥാർത്ഥ മരിയഭക്തി’ എന്ന ഗ്രന്ഥം ഇക്കാര്യത്തിൽ നമ്മെ സഹായിക്കും. ബഹു. ജോസ് ഉപ്പാണിയച്ചൻ എഴുതി പ്രസിദ്ധീകരിച്ച ‘കൃപയ്ക്കു മേൽ കൃപ’ എന്ന വിശിഷ്ടഗ്രന്ഥവും പ്രാർത്ഥനാപൂർവം ഒരുങ്ങി മരിയൻ പ്രതിഷ്ഠ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപകരിക്കും. ശ്രീ ജോർജ് ജോസഫ് രചിച്ച ‘പരിശുദ്ധ കന്യകാമറിയത്തിൻറെ വിമലഹൃദയപ്രതിഷ്ഠ ‘ എന്ന ചെറുഗ്രന്ഥവും വിമലഹൃദയപ്രതിഷ്ഠയ്ക്കായി ഉപയോഗിക്കാവുന്നതാണ്.
അന്ത്യകാലഅപ്പസ്തോലന്മാരായ നമുക്ക് അവശ്യം ആവശ്യമായ ഒന്നാണ് വിമലഹൃദയപ്രതിഷ്ഠ. വെറുമൊരു ചടങ്ങു മാത്രമാക്കാതെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങി വിമലഹൃദയപ്രതിഷ്ഠ നടത്തുന്നവർക്ക് അന്ത്യകാലത്തിൻറെ അടയാളങ്ങൾ വിവേചിച്ചറിയാനുള്ള ദൈവികജ്ഞാനം ലഭിക്കും എന്നുറപ്പാണ്. അതിനായി ഏവരേയും ക്ഷണിക്കുന്നു. പരമ്പരാഗതമായി തന്നെ വിമലഹൃദയപ്രതിഷ്ഠ നടത്തുന്നത് മാതാവിൻറെ ഏതെങ്കിലുമൊരു തിരുനാൾ ദിവസമാണ്. അമലോത്ഭവമാതാവിൻറെ തിരുനാൾ ദിവസമായ ഡിസംബർ എട്ടാം തിയതി പ്രതിഷ്ഠ നടത്താൻ ആഗ്രഹിക്കുന്നവർ നവംബർ അഞ്ചാം തിയതി ഒരുക്ക പ്രാർത്ഥനകൾ തുടങ്ങണം. അതിനു സഹായകമായ തരത്തിൽ അഞ്ചാം തിയതി മുതൽ ഓരോ ദിവസത്തെയും പ്രാർത്ഥനാഭാഗങ്ങൾ പോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു.
വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻറെയോ ജോസ് ഉപ്പാണിയച്ചൻറെയോ പുസ്തകം കൈയിലുള്ളവർക്ക് അതുപയോഗിച്ചുതന്നെ ഒരുങ്ങാവുന്നതേയുള്ളൂ. വിമലഹൃദയപ്രതിഷ്ഠയ്ക്ക് സഹായിക്കുന്ന പുസ്തകങ്ങൾ ഒന്നും കൈയിലില്ലാത്തവർക്കുവേണ്ടി മാത്രമാണ് അനുദിന പ്രാർത്ഥനകൾ ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു.
എല്ലാവർക്കും അനുഗ്രഹങ്ങൾ നിറഞ്ഞ 33 ദിവസത്തെ ഒരുക്കം ആശംസിക്കുന്നു. മാതാവിൻറെ സൈന്യത്തിൽ അംഗമാകാനുള്ള ദൃഢനിശ്ചയത്തോടെ നമുക്ക് മുന്നോട്ടുപോകാം. ‘അവസാനം എൻറെവിമലഹൃദയം വിജയം വരിക്കും’ എന്ന മാതാവിൻറെ പ്രവചനത്തിൻറെ പൂർത്തീകരണം നമുക്ക് പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയും ചെയ്യാം.