എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

ഈ വരികൾ എഴുതിയതു  ദാവീദ് രാജാവാണ്.  പിന്നീടൊരിക്കൽ  യേശു കുരിശിൽ കിടന്നുകൊണ്ട് ആ വാക്കുകൾ ഉച്ചരിക്കുകയും ചെയ്തു.   തീവ്രവേദന  നിറഞ്ഞ ഈ പ്രാർത്ഥനയ്ക്കു   സ്ഥലകാലങ്ങൾക്കതീതമായി ഒരു സാർവത്രികമാനം ഉണ്ട്.  നാമോരോരുത്തരും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിലൊക്കെ   ദൈവം പോലും   നമ്മെ കൈവിട്ടു എന്നു  ചിന്തിച്ചുപോയ  അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും.  എന്നാൽ അപ്പോഴൊക്കെയും   ദൈവം തൻറെ അനന്തകരുണയാൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിക്കൊണ്ട് നമ്മെ താങ്ങിനിർത്തി.  അതിൻറെ തെളിവു  മറ്റൊന്നുമല്ല; നാം ഇന്നും ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ്. വിശുദ്ധ ഫൗസ്റ്റീനയെപ്പോലെ നാമും  പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം നൽകിയ സഹായത്തെ ഏറ്റുപറയണം. ‘സർവശക്തനായ ദൈവം എന്നെ താങ്ങിയില്ലായിരുന്നുവെങ്കിൽ  ഞാൻ മരിച്ചുപോകുമായിരുന്നു’ എന്നു   ഫൗസ്റ്റീന  പറഞ്ഞതു  മനുഷ്യനു  സഹിക്കാവുന്നതിനപ്പുറമുള്ള കാഴ്ചകൾക്കു സാക്ഷിയായപ്പോഴാണ്.

ഫൗസ്റ്റീനയ്ക്കു  കൃത്യസമയത്തു തന്നെ  കർത്താവിൻറെ  സഹായം ലഭിച്ചു. നമുക്കും ആ സഹായം  കിട്ടുന്നുണ്ട്.  എന്നാൽ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ തൻറെ പ്രാർത്ഥന കേൾക്കപ്പെടാതെ പോയ  ഒരു മനുഷ്യൻ ഉണ്ടായിരുന്നു എന്നു  നാമോർക്കണം. അത് യേശുവായിരുന്നു. അതുതന്നെയാണ്  യേശുവിനെ അനന്യനാക്കുന്നത്.  പിതാവുമായി ഗാഢബന്ധം പുലർത്തിയിരുന്നിട്ടും (യോഹ  1:18) യേശുവിൻറെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല. അതിന് ഒരു കാരണമുണ്ട്. നിർഭാഗ്യവശാൽ  യേശുവിൻറെ പീഡാസഹനങ്ങളെ  ധ്യാനിക്കുമ്പോൾ പോലും നാം ആ കാരണം മറന്നുപോകുന്നു. നമ്മുടെ ഏറ്റവും ഭ്രാന്തമായ സ്വപ്നങ്ങളിൽ പോലും കർത്താവിൻറെ  സഹനത്തിൻറെ  തീവ്രത  ഓർത്തെടുക്കുക എന്നതു ബുദ്ധിമുട്ടാണെന്നല്ല, അസാധ്യം തന്നെയാണ്.

പലപ്പോഴും നാം കർത്താവിൻറെ ശാരീരികസഹനങ്ങൾക്കു   കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നതിൽ പിശാച്  ഒരുപക്ഷേ  സന്തോഷിക്കുന്നുണ്ടാകും. കാരണം  ക്രിസ്തുവിൻറെ  യഥാർത്ഥ സഹനം അവൻ ആത്മാവിൽ അനുഭവിച്ച പീഡകൾ ആണെന്നു  തിരിച്ചറിയുന്നവരെ  ക്രിസ്തുവിൽ നിന്നകറ്റാൻ ഒരിക്കലും സാധ്യമല്ല എന്നു   പിശാചിനറിയാം. കർത്താവിൻറെ വേദനയുടെ ആഴം എത്രയായിരുന്നുവെന്നറിയാൻ   ‘എൻറെ ആത്മാവ് മരണത്തോളം ദുഖിതമായിരിക്കുന്നു’ ( മാർക്കോസ് 14:34)  എന്ന ഒരേയൊരു വചനം  മാത്രം മതി.  അപ്പോൾ അവിടുന്ന് ആഗ്രഹിച്ചതു   തൻറെ പ്രിയപ്പെട്ടവർ തന്നോടൊപ്പം ഉണർന്നിരിക്കണം  എന്നു  മാത്രമായിരുന്നു. എന്നാൽ ആ ആഗ്രഹം  പോലും ദൈവം അനുവദിച്ചുകൊടുത്തില്ല.  

യേശു കുരിശിൽ മരണത്തെ ആശ്ലേഷിക്കുന്നതിനു മുൻപുതന്നെ  അവിടുന്ന് ആത്മാവിൽ പീഡ അനുഭവിച്ചുതുടങ്ങിയിരുന്നു. കർത്താവിൻറെ ആത്മീയപീഡകളെക്കുറിച്ചു  ധ്യാനിക്കുന്ന ഏതൊരാളും വിശുദ്ധരായിത്തീരും.  അതു  തുടർന്നും ധ്യാനിക്കുന്ന വിശുദ്ധർ കൂടുതൽ നല്ല വിശുദ്ധരായിത്തീരും.  വിശുദ്ധ ബെർണാർഡ് പറയുന്നത്  നമ്മുടെ മനസാക്ഷിയെ   സുഖപ്പെടുത്താനും  ആത്മാവിനെ വിശുദ്ധീകരിക്കാനും  അതിനെ  പൂർണതയിലേക്ക് ഉയർത്താനും  കർത്താവിൻറെ പീഡാസഹനത്തെക്കുറിച്ചുള്ള നിരന്തരധ്യാനത്തേക്കാൾ നല്ല മറ്റൊരുവഴിയും ഇല്ല എന്നാണ്.

 ക്രിസ്തുവിനെ അനുകരിക്കാൻ  വിലയേറിയ അനേകം  പ്രയോഗികപാഠങ്ങൾ  നമുക്കു നൽകിയ തോമസ്  അക്കെമ്പിസ്  പറയുന്നു; ‘നമ്മുടെ കർത്താവിൻറെ വിശുദ്ധജീവിതത്തെയും   പീഡാനുഭവത്തെയും തീക്ഷ്ണതയോടെയും   ഭക്തിയോടെയും  ധ്യാനിക്കുന്ന  സന്യാസി തനിക്കാവശ്യമുള്ളതും ഉപയോഗപ്രദവുമായ  കാര്യങ്ങളെല്ലാം  അവിടെ സമൃദ്ധമായി  കാണും’  (ക്രിസ്താനുകരണം   Book 1  അധ്യായം 25).

നമ്മുടെ ആത്മീയവളർച്ചയ്ക്കു   കർത്താവിൻറെ  പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനം  വളരെയധികം സഹായകമാണെന്നതിൽ വിശുദ്ധരെല്ലാം ഏകാഭിപ്രായക്കാരാണ്.  എന്നാൽ അവർ നിർദേശിക്കുന്നതു   കർത്താവിൻറെ ശാരീരികപീഡകളെക്കുറിച്ചുള്ള  അനുഷ്ഠാനപരമായ  ധ്യാനമല്ല, മറിച്ച് അവിടുന്ന് നമ്മുടെ  രക്ഷയ്ക്കുവേണ്ടി സഹിച്ച  ആത്മീയപീഡകളുടെ ആഴങ്ങളിലേക്കുള്ള   ഒരു യാത്രയാണ്. കർത്താവിൻറെ  പീഡാനുഭവം ആരംഭിച്ചതു  ഗെത് സെമെൻ  തോട്ടത്തിലാണ്. മനുഷ്യകുലത്തിൻറെ   മുഴുവൻ പാപങ്ങളുടെയും  ഭാരം  അനുഭവിച്ചറിയാൻ വേണ്ടി അവിടുന്ന് അവിടെ  ഏകനായി  ഉപേക്ഷിക്കപ്പെട്ടു.  ആ പീഡകൾ  മനുഷ്യനു  ഗ്രഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നാൽ പീഡാസഹനവേളയിലൊക്കെയും  യേശു നമ്മെപ്പോലെ വെറുമൊരു സാധാരണ മനുഷ്യനായിരുന്നു!

സത്യത്തിൽ  കർത്താവ്  ആത്മാവിൽ സഹിച്ച പീഡകളാണു  നമുക്കു  രക്ഷ നേടിത്തന്നത്.  കാരണം  പാപം ആത്മാവിനെ ബാധിക്കുന്ന  ഒരു രോഗമായതിനാൽ  അതിൻറെ   പ്രതിവിധിയും  ആത്മീയമായിരിക്കണമല്ലോ. ഒരു പാപി  നിത്യതയിൽ സഹിക്കേണ്ടിവരുന്ന  വേദനയും ആകുലതയും ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും ദൈവത്തിൽ നിന്നുള്ള വേർപിരിയലും എല്ലാം യേശു സഹിച്ചു. അവിടുന്ന് നമ്മെ പാപത്തിൽ നിന്നു  മോചിപ്പിച്ചത്  ‘ക്ഷമിച്ചു’ എന്ന ഒറ്റ വാക്ക് ഉച്ചരിച്ചുകൊണ്ടല്ല, പിന്നെയോ  നമ്മുടെ ആത്മാവിൻറെ പാപത്തിൽ നിന്നുള്ള  വിടുതൽവില  കൊടുത്തുകൊണ്ടാണ്. കർത്താവ്  നമുക്കായി  കൊടുത്ത  ആ വില ആത്മീയമാണ്.  

യേശു  ഗെത് സെമെനിൽ  തുടങ്ങി കാൽവരിയിലെ കുരിശിൽ വരെ  അനുഭവിച്ച  പീഡകൾ  വിവരിക്കുക  മനുഷ്യനാൽ  അസാധ്യമാണ്. കാരണം  ഇന്നു  ഭൂമിയിൽ ജീവിച്ചിരിക്കുന്ന   ഒരു മനുഷ്യനും ആ പീഡകൾ അനുഭവിച്ചിട്ടില്ല.  നമുക്കു മുൻപു  ജീവിച്ചവരാകട്ടെ  ആ അനുഭവം  പറഞ്ഞുതരാൻവേണ്ടി   തിരിച്ചുവരികയുമില്ല. കുരിശിൽ കിടന്ന മൂന്നു മണിക്കൂർ  യേശു അനുഭവിച്ചതു   പാപത്തിൽ  മരിക്കുന്ന ഒരു വ്യക്തി നിത്യകാലം അനുഭവിക്കേണ്ടിവരുന്ന  നരകയാതനകൾ തന്നെയായിരുന്നു.   അവൻറെ മേലുള്ള ശിക്ഷ  നമുക്ക് രക്ഷ നൽകി എന്നും  (ഏശയ്യാ 53:5) അവൻ അവരുടെ തിന്മകളെ വഹിക്കും എന്നും ( ഏശയ്യാ 53:11) അനേകരുടെ പാപഭാരം അവൻ പേറി  എന്നും  ( ഏശയ്യാ 53:12) പ്രവാചകൻ എഴുതിവച്ചത്  യേശു കുരിശിൽ സഹിക്കാൻ പോകുന്ന അതിദാരുണമായ  പീഡകൾ  മുന്നിൽ കണ്ടുകൊണ്ടാണ്.  നരകത്തിലെ ഏറ്റവും വലിയ വേദന  ദൈവവുമായുള്ള പൂർണ്ണമായ  വേർപെടലാണല്ലോ.  ആ വേദനയാണു   ദൈവവുമായി പൂർണമായി  ചേർന്നിരുന്ന യേശു നമുക്കുവേണ്ടി സഹിച്ചത്. നമുക്കു  വേണ്ടി മാത്രമല്ല, ആദം മുതൽ ഈ ഭൂമിയിലെ അവസാനത്തെ മനുഷ്യൻ വരെയുള്ള എല്ലാവരുടെയും പാപഭാരമാണ്  യേശു ആ മൂന്നു മണിക്കൂറിൽ  ഏറ്റെടുത്തത്.  ആ പീഡാസഹനം മുഴുവൻ അവിടുന്ന് ഏറ്റെടുത്തത് തൻറെ ആത്മാവിലാണ്. അവിടുത്ത ശാരീരികപീഡകൾ ആ ആത്മീയപീഡകളോടു  ചേർന്ന് അതിനെ പൂർണ്ണമാക്കി എന്നു  മാത്രം.

അതുകൊണ്ടാണു   നാം കർത്താവിൻറെ ആത്മീയസഹനത്തെക്കുറിച്ചു  കൂടുതൽ ധ്യാനിക്കണം എന്നു  പറയുന്നത്. വിശുദ്ധരായ   സ്വീഡനിലെ ബ്രിജീത്ത, ഹിൽഡേഗാർഡ്, സിയെന്നായിലെ  കാതറൈൻ, കൊച്ചുത്രേസ്യ, വാഴ്ത്തപ്പെട്ട ആൻ  കാതറൈൻ എമ്മെറിക്ക്  ഇങ്ങനെ പലർക്കും  ഈശോയുടെ ആത്മീയസഹനങ്ങൾ വെളിപ്പെടുത്തിക്കൊടുത്തപ്പോൾ  അത് അവരുടെ ജീവിതം മുഴുവൻ മാറ്റിമറിയ്ക്കാൻ പോന്ന അനുഭവമായിരുന്നു.

ഈ വിശുദ്ധവാരത്തിൽ  നമ്മുടെ ആത്മീയജീവിതം  മുഴുവനും കർത്താവിൻറെ പീഡാസഹനത്തെ കേന്ദ്രീകരിച്ചായിരിക്കട്ടെ.   സാധാരണ ചെയ്യുന്നതുപോലെ  അവിടുത്തെ ശാരീരീരികപീഡകളെക്കുറിച്ച് ഒരു വഴിപാടുപോലെ  ധ്യാനിച്ചു  കടന്നുപോകാതെ  അവിടുത്തെ ആത്മീയസഹനത്തെക്കുറിച്ചു  ധ്യാനിക്കാനും അതിൻറെ  അവസാനം  ഉയിർപ്പിൻറെ മഹത്വത്തിൽ പങ്കുചേരാനും നമുക്കിടയാകട്ടെ.  

പീഡാസഹനത്തെക്കുറിച്ചു ധ്യാനിക്കാത്ത  ഏതൊരാളുടെയും  ഈസ്റ്റർ അർഥശൂന്യമാണ്. കാരണം  കർത്താവ് ഉയിർത്തെഴുന്നേറ്റതു  പീഡാസഹനത്തിനും കുരിശുമരണത്തിനും ശേഷമാണ്. ‘അവനിൽ വസിക്കുന്നെന്നു  പറയുന്നവൻ  അവൻ നടന്ന അതേ  വഴിയിൽ കൂടി നടക്കേണ്ടിയിരിക്കുന്നു’ (1  യോഹ. 2:6) എന്ന് എഴുതപ്പെട്ടിരിക്കുന്നു.  പീഡ സഹിച്ച ക്രിസ്തുവുമായി ആത്മാവിലുള്ള പങ്കുചേരലാണ് അവിടുത്തെ  ആത്മീയപീഡാസഹനത്തെക്കുറിച്ചുളള  ധ്യാനം. ‘ആത്മാവാണ് ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല’ (യോഹ  6:63).

‘എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ട്  അങ്ങ് എന്നെ ഉപേക്ഷിച്ചു?’ (മത്തായി 27:46) എന്ന കർത്താവിൻറെ നിലവിളി കേട്ടവർക്കു  മനസിലായത് അവൻ എലിയായെ വിളിക്കുകയാണെന്നാണ്.  (മത്തായി 27:46). എല്ലാറ്റിനെയും മാനുഷികമായി  വിലയിരുത്തുക എന്നതു  നമ്മുടെ സഹജസ്വഭാവമാണ്; അതുകൊണ്ടുതന്നെയാണ്   യേശുവിൻറെ പീഡാസഹനം ധ്യാനിക്കുമ്പോൾ നാം അതിൻറെ  ശാരീരിക  വശത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും. യേശുവിൻറെ  നിലവിളിയുടെ   അർഥം ശരിയായി മനസിലാക്കിയതു  പിതാവായ ദൈവം മാത്രമായിരുന്നു. അവിടുന്നാകട്ടെ അതിനു മറുപടിയും കൊടുത്തില്ല! തൻറെ ഹിതം നിറവേറ്റാനായി സ്വപുത്രനെ തനിയെ  വിടുകയാണ്  അവിടുന്ന് ചെയ്തത്.  ‘അവനു ക്ഷതമേൽക്കണമെന്നതു  കർത്താവിൻറെ ഹിതമായിരുന്നുവല്ലോ’ (ഏശയ്യാ  53:9).

 ‘അവൻ പ്രവചിച്ചതു  സംഭവിക്കുവോളം  കർത്താവിൻറെ വചനം  അവനെ പരീക്ഷിച്ചു’ (സങ്കീ 105:19) എന്ന വചനം ജോസഫിൻറെ  ജീവിതത്തിൽ എന്നപോലെതന്നെ  യേശുവിൻറെ ജീവിതത്തിലും നിറവേറിയ  ആ  മണിക്കൂറുകളിൽ  അവിടുന്ന് ആഗ്രഹിച്ചത് തൻറെ പ്രിയപ്പെട്ടവർ തന്നോടൊപ്പം ഉണ്ടാവണം എന്നായിരുന്നു.  ഗെത്  സെമെനിൽ  ശിഷ്യന്മാർ ഉറങ്ങിപ്പോയെങ്കിലും  കാൽവരിയിൽ യോഹന്നാനും യേശുവിൻറെ അമ്മയും  അമ്മയുടെ സഹോദരിയും മറിയം എന്നു  പേരുള്ള വേറെ രണ്ടു സ്ത്രീകളും  ഉണ്ടായിരുന്നു. യേശുവിൻറെ  പീഡകളിൽ ആത്മീയമായിക്കൂടി  പങ്കെടുത്ത അതിലൊരു മറിയത്തിനാണ്   ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യം കാണാൻ  ഭാഗ്യം ലഭിച്ചത് എന്നതുതന്നെയാണു  പീഡാനുഭവധ്യാനത്തിൽ നിന്നു നാം പഠിക്കേണ്ട പാഠം.  

 ഈ വിശുദ്ധവാരത്തിൽ ‘ അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്നു നമുക്കു പ്രാർഥിക്കാം. നമ്മുടെ  കർത്താവീശോമിശിഹായുടെ  ആത്മീയപീഡാസഹനത്തെക്കുറിച്ച് ആഴത്തിൽ ധ്യാനിച്ചുകൊണ്ടു   പിതാവായ ദൈവത്തിൻറെ  ഹിതം  ഈ ഭൂമിയിൽ നിറവേറ്റാനുള്ള  ഉപകരണങ്ങളായി നമ്മെത്തന്നെ  സമർപ്പിക്കുകയും  ചെയ്യാം.

(www.divinemercychannel.com)