പരിശുദ്ധ അമ്മയുടെ വിശേഷണങ്ങൾ – ലുത്തിനിയ

  1. പരിശുദ്ധ മറിയമേ

പരിശുദ്ധ അമ്മയുടെ   വണക്കമാസം എന്ന മരിയൻ ഭക്തി  കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ  പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്.  ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും  ഇപ്പോൾ മരിയഭക്തിയിൽ  പുതിയൊരു ഉണർവ് ദൃശ്യമായിട്ടുണ്ട്.   അനേകം കുടുംബങ്ങളിലും ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും മേയ് ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ  മാതാവിൻറെ വണക്കമാസ പ്രാർഥനകൾ ചൊല്ലുന്ന പതിവ് പുനരാരംഭിച്ചു കഴിഞ്ഞു എന്നതു  സന്തോഷകരമാണ്.

പരിശുദ്ധ അമ്മയുടെ ലുത്തിനിയയിൽ  നാം കന്യകാമറിയത്തെ അൻപതോളം  വ്യത്യസ്ത വിശേഷണങ്ങളിൽ അഭിസംബോധന ചെയ്യുന്നുണ്ട്.  അവയ്‌ക്കോരോന്നിനും ആഴമായ അർഥമുണ്ട് എന്നു പലപ്പോഴും  നാം മറന്നുപോകുന്നു.  മാതാവിൻറെ വണക്കമാസം ആചരിക്കുന്ന ഈ നാളുകളിൽ  അനുഗ്രഹീതയായ അമ്മയുടെ  വിശേഷണങ്ങളെക്കുറിച്ച് അല്പമൊന്നു ധ്യാനിക്കുന്നതു നന്നായിരിക്കും എന്നു കരുതുന്നു.

 ലുത്തീനിയയിലെ  മാതാവിൻറെ ആദ്യത്തെ വിശേഷണം പരിശുദ്ധ മറിയമേ എന്നാണ്.  മറിയം പരിശുദ്ധയാണ് എന്നത്  ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ സഭ വിശ്വസിച്ചുപോന്ന ഒരു  കാര്യമാണ്. പരിശുദ്ധനായ ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്വഭാവേന പരിശുദ്ധൻ ആയിരിക്കേണ്ടതായിരുന്നു. അതുകൊണ്ട് മറിയത്തിനു  പരിശുദ്ധയായിരിക്കുക സാധ്യമായിരുന്നു എന്നതിൽ ദൈവശാസ്ത്രപരമായ തർക്കങ്ങൾക്കു  സ്ഥാനമില്ല.  എന്നാൽ  മനുഷ്യൻ പാപം  ചെയ്തു   തൻറെ പരിശുദ്ധിയ്ക്ക് കളങ്കം  വരുത്തി.  അങ്ങനെ നിപതിച്ച അവസ്ഥയിൽ നിന്നു  മനുഷ്യനെ  വീണ്ടെടുക്കാനായി പരിശുദ്ധനായ ദൈവപുത്രൻ ഭൂമിയിലേക്കു വരേണ്ട  സമയം  ആഗതമായപ്പോൾ യേശുക്രിസ്തുവിൻറെ  യോഗ്യതകളെ പ്രതി  മറിയത്തെ   അമലോത്ഭവയായി  ജനനമെടുക്കാൻ ദൈവം അനുവദിച്ചു തിരുമനസായി.  പരിശുദ്ധനായ യേശു തൻറെ ശരീരം  ഏതൊരാളിൽ നിന്നു സ്വീകരിച്ചുവോ ആ മറിയവും പരിശുദ്ധ ആയിരിക്കുക എന്നതു യുക്തിസഹമാണല്ലോ.

രണ്ടാം വത്തിക്കാൻ  കൗൺസിലിൻറെ പ്രമാണരേഖയായ Lumen gentium പ്രസ്താവിക്കുന്നത് മനുഷ്യൻ എത്തിച്ചേരണമെന്നു  ദൈവം ആഗ്രഹിക്കുന്ന  പരിശുദ്ധിയുടെ യഥാർത്ഥ മാതൃക  മറിയമാണെന്നാണ്.  പരിശുദ്ധ കന്യകയിൽ  സഭ ആ പൂർണതയിൽ എത്തിയിരിക്കുന്നു എന്നും ഇക്കാരണത്താൽ  ക്രിസ്തുവിനെ അനുഗമിക്കുന്നവർ,  തെരഞ്ഞെടുക്കപ്പെട്ട സകലർക്കും പുണ്യങ്ങളുടെ മാതൃകയായി വിളങ്ങുന്ന  മറിയത്തിലേക്കു  തങ്ങളുടെ ദൃഷ്ടി  പതിപ്പിക്കണം എന്നും   സഭ  പഠിപ്പിക്കുന്നു (Lumen gentium 60). 

ദൈവവചനം തന്നെയാണല്ലോ മാംസം ധരിച്ചു  യേശുക്രിസ്തുവായി നമ്മുടെയിടയിൽ വസിച്ചത്.  വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (യോഹ. 1:14). മാംസത്തിൽ നിന്നു ജനിക്കുന്നതു  മാംസമാണ്. ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും  (യോഹ 3:6) ആയിരിക്കും എന്നു  വിശുദ്ധ ഗ്രന്ഥം പറയുന്നു.  ദൈവവചനം എന്നാൽ ആത്മാവും ജീവനും തന്നെയാണ്. നിങ്ങളോടു ഞാൻ  പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് ( യോഹ 6:63).  പരിശുദ്ധമായ ദൈവവചനത്തിനു പറന്നിറങ്ങാനുള്ള പാത്രമായി  അനാദിയിലേ   തെരഞ്ഞെടുക്കപ്പെട്ടിരുന്ന മറിയം പരിശുദ്ധ ആയിരുന്നു എന്നതിൽ  സംശയിക്കേണ്ടതില്ല.  ദൈവകൃപ നിറഞ്ഞവൾ എന്നുള്ള അഭിവാദനം മറിയം കേട്ടതു  മനുഷ്യരിൽ നിന്നല്ല, ഗബ്രിയേൽ ദൂതനിൽ നിന്നാണ്. ദൈവകൃപ നിറഞ്ഞു എന്നതിനർത്ഥം അവളിൽ യാതൊരു വിധ മാലിന്യങ്ങളും ഇല്ലായിരുന്നു എന്നാണ്.  അതുകൊണ്ടു  മറിയം പരിശുദ്ധയാണ് എന്നതു സഭയുടെ ഒരു  പഠനമോ, വിശ്വാസമോ  മാത്രമല്ല, മറിച്ച് സ്വർഗം  തന്നെ വെളിപ്പെടുത്തി തന്നിരിക്കുന്ന ഒരു സത്യമാണ് എന്ന ബോധ്യത്തോടെ നമുക്കു  നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിൻറെ മാധ്യസ്ഥം  യാചിക്കാം. പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

ക്രിസ്ത്യാനികളുടെ സഹായമായ  പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

(2) ദൈവകുമാരൻറെ പുണ്യജനനി

മറിയത്തിൻറെ രണ്ടാമത്തെ  വിശേഷണം ദൈവകുമാരൻറെ പുണ്യജനനി എന്നതാണ്.  യേശു ദൈവകുമാരനാണെന്നും യേശുവിൻറെ അമ്മ മറിയം ആണെന്നും വിശുദ്ധഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. മറിയം പുണ്യസമ്പൂർണ്ണ  ആണെന്നു നാം കണ്ടുകഴിഞ്ഞു. രക്തത്തിൽ നിന്നോ  ശാരീരികാഭിലാഷത്തിൽ നിന്നോ  പുരുഷൻറെ ഇച്ഛയിൽ  നിന്നോ അല്ലാതെ  ജനിക്കുന്ന ദൈവമക്കളെക്കുറിച്ച് യേശു തന്നെ ഒരിടത്തു സൂചിപ്പിക്കുന്നുണ്ട് (യോഹ. 1:13). പ്രകൃത്യാതീതമായ തരത്തിൽ ഒരു ശിശുവിനു  ജന്മം നൽകുക  എന്നതു   ദൈവത്തിനു സാധ്യമായ കാര്യമാണല്ലോ.  കല്ലുകളിൽ നിന്നുപോലും അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും എന്നും യേശു പറഞ്ഞിട്ടുണ്ട് ( മത്തായി 3:9). എന്നാൽ തൻറെ ഏകജാതനു ജന്മം കൊടുക്കാൻ  ഒരു സ്ത്രീ വേണമെന്നതു   ദൈവത്തിൻറെ തിരുഹിതമായിരുന്നു.

 അഗ്രെദയിലെ വാഴ്ത്തപ്പെട്ട   മറിയം പറയുന്നതു   മനുഷ്യരുടെ രക്ഷയ്ക്കായി  മറിയത്തിൻറെ മകനായി  ക്രിസ്തു ജനിക്കും എന്നതിലല്ല,   അക്കാരണത്താൽ മറിയത്തെ  വിശേഷപുണ്യങ്ങൾ  കൊണ്ടു   ദൈവം

 അലങ്കരിച്ചു എന്നതിനാലാണു  ലൂസിഫറിനു  മറിയത്തോട് അടങ്ങാത്ത പക ഉണ്ടായതെന്നാണ്.  തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻറെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകാൻ  കഴിവു  നൽകിയ  യേശു  (യോഹ  1:12) തൻറെ അമ്മയെ നമ്മുടെയും അമ്മയായി  നല്കിയിട്ടാണു ണ് സ്വർഗത്തിലേക്കു  തിരിച്ചുപോയത്.  അതുകൊണ്ടു   മറിയം ദൈവകൃമാരൻറെ എന്നതുപോലെ തന്നെ നമ്മുടെയും പുണ്യജനനിയാണ് എന്ന ബോധ്യത്തോടെ നമുക്കു പ്രാർഥിക്കാം. ദൈവകുമാരൻറെ പുണ്യജനനീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങൾക്കും നീ മാതാവാകണമേ.

(3) കന്യകകൾക്കു മകുടമായ നിർമല കന്യക

സകല കന്യകകളുടെയും മകുടവും   മാതൃകയുമാണു  മറിയം.  സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു എന്ന എലിസബത്തിൻറെ  വാക്കുകൾ മാത്രം മതി, മറിയം എല്ലാ സ്ത്രീകളെക്കാളും ഉന്നതസ്ഥാനം വഹിക്കുന്ന  സ്ത്രീരത്നമാണെന്നു  മനസിലാക്കാൻ.  കന്യകാജനനം എന്ന അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും അതിനുശേഷം സംഭവിക്കാൻ ഇടയില്ലാത്തതുമായ ഒരു അത്ഭുതകൃത്യം  നിറവേറ്റാൻ ദൈവം തെരഞ്ഞെടുത്ത മറിയം തീർച്ചയായും കന്യകകളുടെ ഗണത്തിൽ അഗ്രഗണ്യയാണ്. സമർപ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്ന സഹോദരിമാർ തങ്ങളുടെ വിശേഷ മധ്യസ്ഥയായി മറിയത്തെ തെരഞ്ഞെടുക്കാൻ കാരണം അവൾ  കന്യകകളിൽ പ്രഥമസ്ഥാനം വഹിക്കുന്നവൾ ആയതുകൊണ്ടു  തന്നെയാണ്.   കന്യക ഗർഭം  ധരിച്ച് ഒരു പുത്രനെ  പ്രസവിക്കും (ഏശയ്യാ 7:14) എന്ന പ്രവചനം മറിയം ജനിക്കുന്നതിനും ഏഴു നൂറ്റാണ്ടുമുൻപേ ബൈബിളിൽ  എഴുതപ്പെട്ടതാണ്. അതിനും എത്രയോ മുൻപുതന്നെ മറിയത്തിൻറെ നിത്യകന്യകാത്വം                 സ്വർഗത്തിൽ എഴുതപ്പെട്ടിരുന്നു!

വിശുദ്ധി എന്ന പുണ്യം പാലിക്കാനുള്ള കൃപ യാചിച്ചുകൊണ്ട് നമുക്കു പ്രാർഥിക്കാം. കന്യകകൾക്കു മകുടമായ നിർമല കന്യകേ,, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളുടെ  ആത്മാവിനെ കാത്തുകൊള്ളണമേ.

(4) മിശിഹായുടെ മാതാവ്

‘യാക്കോബ് മറിയത്തിൻറെ ഭർത്താവായ  ജോസഫിൻറെ പിതാവായിരുന്നു. അവളിൽ നിന്നു  ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു’ ( മത്തായി  1:16).

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചത് ഒരു സാധാരണ ശിശു ആണെന്നാണ്  ആ ദേശത്തെ  മഹാഭൂരിപക്ഷം ജനങ്ങളും കരുതിയത്. എന്നാൽ  വിനീതരായ കുറച്ച്  ആട്ടിടയന്മാർക്കും  കിഴക്കുനിന്നു വന്ന മൂന്നു ജ്ഞാനികൾക്കും പിന്നെ  ദൈവാലയത്തിൽ  വച്ചു കണ്ടുമുട്ടിയ  ശെമയോനും അന്നയ്ക്കും മാത്രം വെളിപ്പെടുത്തപ്പെട്ടു കിട്ടിയ രഹസ്യമായിരുന്നു   ആ കുഞ്ഞ്  മിശിഹാ- ക്രിസ്തു- ആണെന്നത്. ജനിച്ചതു  ക്രിസ്തുവാണെന്നതു  മനുഷ്യരുടെ സാക്ഷ്യമല്ല,  പിന്നെയോ  ദൈവവദൂതൻറെ സാക്ഷ്യമായിരുന്നു. ‘ ദാവീദിൻറെ  പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ  ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ 2:11).

മിശിഹായുടെ മാതാവ് എന്ന നിലയിൽ മറിയം സഭയുടെയും മാതാവാണ്. സഭ മിശിഹായുടെ മൗതികശരീരമാണല്ലോ. സഭയുടെ ശിരസ് ക്രിസ്തുവാണെന്നു  പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു. ശിരസിനെ മാത്രമായി ആരും പ്രസവിക്കാറില്ല എന്നും  ശിരസിനെ  പ്രസവിച്ചവൾ തന്നെ   മറ്റ് അവയവങ്ങളെയും  പ്രസവിക്കണം എന്നതു  പ്രകൃതി നിയമമാണെന്നും  വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നു.

താൻ മിശിഹായുടെ മാതാവാണെന്നും അതുകൊണ്ടു  സഭയുടെ ജനനവേളയിലും തനിക്കു  വലിയൊരു പങ്കു  വഹിക്കാനുണ്ടെന്നും  അറിഞ്ഞിരുന്നതുകൊണ്ടാണു  മറിയം യേശുവിൻറെ ചിതറിപ്പോയ ശിഷ്യന്മാരെയെല്ലാം സ്വർഗ്ഗാരോഹണത്തിനുശേഷം പ്രാർഥനയിൽ ഒരുമിച്ചുകൂട്ടിയത്.

മിശിഹായുടെ മാതാവ് എന്ന നിലയിലും അവിടുത്തെ ജനനം മുതൽ സ്വർഗാരോഹണം വരെ അവിടുത്തോടൊപ്പം ഉണ്ടായിരുന്ന ഒരേയൊരാൾ എന്ന നിലയിലും  യേശു ശരീരത്തിൽ അനുഭവിച്ച പീഡകൾ കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് ആത്മാവിൽ അനുഭവിച്ച വ്യക്തി എന്ന നിലയിലും  മാത്രമല്ല,  മനുഷ്യരക്ഷയ്ക്കായി ദൈവം തെരഞ്ഞെടുത്ത പെസഹാക്കുഞ്ഞാടായ യേശുവിനെ  കാൽവരിയിലെ പരമയാഗത്തിനായി വളർത്തിക്കൊണ്ടുവന്നതിനാലും   നാം മറിയത്തോടു കടപ്പെട്ടിരിക്കുന്നു. ഈയർത്ഥത്തിൽ മറിയം  സഹരക്ഷക എന്നു  വിളിക്കപ്പെടാൻ തികച്ചും യോഗ്യയുമാണ്,

മിശിഹായോടൊപ്പം ഒരിക്കൽ മഹത്വത്തിലേക്കു പ്രവേശിക്കാനിരിക്കുന്ന നമുക്കു   മിശിഹായുടെ മാതാവിനെ സ്തുതിച്ചുകൊണ്ടു  പ്രാർഥിക്കാം. മിശിഹായുടെ മാതാവേ, ഞങ്ങൾക്കു  പ്രാർഥിക്കണമേ.

സുകൃതജപം

ഉദയനക്ഷത്രമായ പരിശുദ്ധമറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂർണമാക്കണമേ.

(5) ദൈവപ്രസാദവരത്തിൻറെ മാതാവ്

കൃപ എന്നതു തന്നെയാണല്ലോ ദൈവവരപ്രസാദം.  മറിയം കൃപ നിറഞ്ഞവളായിരുന്നു. ഒരു പാത്രം നിറഞ്ഞുകഴിഞ്ഞാൽ  സ്വാഭാവികമായും അതു പുറത്തേക്കൊഴുകും. ഇക്കാരണത്താൽ വിശുദ്ധർ മറിയത്തെ  വിളിക്കുന്നത് ദൈവപ്രസാദവരത്തിൻറെ വിതരണക്കാരി എന്നാണ്.  ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകാൻ സർവേശ്വരൻറെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു  വേണ്ടി അപേക്ഷിക്കണമേ  എന്ന നമ്മുടെ അനുദിനപ്രാർത്ഥനയിൽ  നാം  അനുസ്മരിക്കുന്നത് പ്രസാദവരത്തിൻറെ അമ്മയായ മറിയത്തെയാണ്.  കാരണം ഈശോമിശിഹായുടെ  വാഗ്ദാനങ്ങളുടെ പൂർണത എന്നതു  ദൈവപ്രസാദവരത്തിൻറെ പൂർണത തന്നെയാണല്ലോ.

മറിയം പ്രസാദവര സമ്പൂർണ്ണയായിരുന്നു എന്നതിനുള്ള സാക്ഷ്യം ഗബ്രിയേൽ  ദൂതൻറെയും എലിസബത്തിൻറെയും വാക്കുകളാണ്.  തൻറെ സാമീപ്യം കൊണ്ടു തന്നെ  എലിസബത്തിനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ   മറിയത്തിനു കഴിഞ്ഞുവെങ്കിൽ മറിയം  തീർച്ചയായും പ്രസാദവരത്തിൻറെ മാതാവാണ്.

മറിയത്തിൽ നിറഞ്ഞുനിന്നിരുന്ന പരിശുദ്ധാത്മാഭിഷേകം  നമുക്കും സ്വന്തമാക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ നമുക്കു പ്രാർഥിക്കാം. ദൈവവരപ്രസാദത്തിൻറെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

മറിയത്തിൻറെ  വിമലഹൃദയമേ, ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.

+

(6) എത്രയും നിർമലയായ മാതാവ്.

അവൾ തൻറെ നിർമലതയാൽ   എല്ലാറ്റിലും വ്യാപിക്കുന്നു…… മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല  (ജ്ഞാനം 7:24-25).  മറിയത്തിൻറെ നിർമലതയോടു   തുലനം ചെയ്യാൻ മറ്റൊരു സൃഷ്ടിയും ലോകത്തിൽ ഉണ്ടായിട്ടില്ല.  നിത്യതേജസിൻറെ പ്രതിഫലനം എന്നും ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ നിർമല ദർപ്പണം എന്നും അവിടുത്തെ  നന്മയുടെ പ്രതിരൂപം എന്നും (ജ്ഞാനം  7:26) എന്നു ജ്ഞാനത്തെക്കുറിച്ചു പറയപ്പെട്ട വചനങ്ങൾ മറിയത്തെക്കുറിച്ചും പറയാൻ നാം മടിക്കേണ്ടതില്ല.  യേശുവിനു മാതാവാകാൻ വേണ്ടി സൃഷ്ഠിക്കപ്പെട്ട മറിയം അമലോത്ഭവ ആയിരുന്നു എന്നു നാം കണ്ടതാണ്. എന്നാൽ മറിയത്തിൻറെ വൈശിഷ്ട്യം അടങ്ങിയിരിക്കുന്നത് അവൾ  ഉത്ഭവപാപത്തിൻറെ കറ  കൂടാതെ ജീവിച്ചു എന്നതിലല്ല, മറിച്ച്  ജനനസമയത്തു  തന്നിലേക്കു പകർന്നുകിട്ടിയ  നൈർമല്യം മരണസമയം വരെയും കാത്തുസൂക്ഷിച്ചു എന്നതിലാണ്. മാമോദീസ സമയത്തു  തനിക്കു ലഭിച്ച  വരപ്രസാദം ഇപ്പോൾ ഇതാ ഈ മരണസമയത്തുവരെയും ഞാൻ  നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു  എന്നു വിശുദ്ധനായ   ചാവറ പിതാവ് പറയുന്നുണ്ട്. മറിയത്തിൻറെ  മക്കൾക്ക്  അവൾ  നൽകുന്ന വലിയൊരു ആനുകൂല്യമാണ്  ആത്മശരീര നൈർമല്യത്തോടെ ജീവിച്ചു  പുണ്യമരണം പ്രാപിക്കാനുള്ള അനുഗ്രഹം.

അബദ്ധത്തിൻറെയും വഷളത്തത്തിൻറെയും  കറകളൊക്കെയിൽ  നിന്നും കാത്തുരക്ഷിച്ചു  നമ്മെ   ദൈവത്തിനു സ്വീകാര്യമായ നിർമലബലിയായി അർപ്പിക്കാനുള്ള  കൃപ വാങ്ങിയെടുക്കാനായി നമുക്ക് പരിശുദ്ധമറിയത്തോടു  പ്രാർഥിക്കാം.

എത്രയും നിർമലയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

വിശുദ്ധിയുടെ വിളനിലമായ മറിയമേ! ഞങ്ങളുടെ ഹൃദയം ഈശോയുടെ  തിരുഹൃദയത്തിന് അനുരൂപമാക്കണമേ.

(7) അത്യന്തവിരക്തിയുള്ള മാതാവ്

ലോകം, പിശാച്. ശരീരം എന്നീ ത്രിവിധ ശത്രുക്കളോടുള്ള പോരാട്ടമാണല്ലോ  മനുഷ്യജീവിതം. ജഡികരായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ  മനസുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളിൽ മനസുവയ്ക്കുന്നു (റോമാ 8:5). ജഡികകാര്യങ്ങളിൽ മനസുവയ്ക്കാൻ സമയം ലഭിക്കാത്ത  വിധത്തിൽ മറിയം  ആത്മീയചിന്തകൾ  കൊണ്ടു തന്നെത്തന്നെ നിറച്ചു എന്നതാണു  സത്യം. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു  എന്നാണല്ലോ വിശുദ്ധഗഗ്രന്ഥം പറയുന്നത്. അവൾ ഹൃദയത്തിൽ സംഗ്രഹിച്ചതെല്ലാം ദൈവവചനവും  ആത്മീയകാര്യങ്ങളുമായിരുന്നു.

ജഡിക പ്രവണതകൾക്കനുസരിച്ചു  ജീവിക്കുന്നവർക്കു  ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ലല്ലോ (റോമാ 8:8). മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയവളായിരുന്നു (ലൂക്കാ 1:30) എന്നതിൻറെ അർഥം ദൈവകൃപയ്ക്കു തടസമായി നിൽക്കുന്ന എല്ലാ ചിന്തകളെയും        വികാരങ്ങളെയും വ്യാപാരങ്ങളെയും  ആത്മാവിൻറെ ശക്തിയാൽ നിഹനിച്ചവളായിരുന്നു മറിയം. ലോകത്തിൽ നിന്നുള്ള ഒന്നും അവളെ  മോഹിപ്പിച്ചില്ല. ദൈവം  അരുതെന്നു പറയുന്നതിനെ ആഗ്രഹിച്ച ഹവ്വയുടെ പാപത്തിനു പരിഹാരം ചെയ്യണമെങ്കിൽ ദൈവേഷ്ടത്തിനു പൂർണമായി വിധേയപ്പെടണമെന്നു മറിയം തിരിച്ചറിഞ്ഞു.  ലോകത്തിലൂടെയും  ശരീരത്തിലൂടെയും പിശാചു  നൽകുന്ന എല്ലാ പ്രലോഭനങ്ങളെയും മറികടക്കാനും പരിപൂർണ്ണ വിരക്തിയിൽ ജീവിച്ചുകൊണ്ട്, ആ പുണ്യം നേടുന്നതു മനുഷ്യർക്ക് അസാധ്യമായ ഒന്നല്ല എന്ന മാതൃക നല്കുന്നതിനുമായി  ദൈവം  മറിയത്തെ വിരക്തി എന്ന പുണ്യം നൽകി അനുഗ്രഹിച്ചു എന്നു  മാത്രമല്ല,  വിരക്തി ജീവിതവ്രതമായി സ്വീകരിച്ചിരുന്ന  യൗസേപ്പിനെ അവൾക്കു ഭർത്താവായി നൽകുകയും ചെയ്‌തു.

വിശുദ്ധിയ്‌ക്കെതിരെയുള്ള പാപങ്ങൾ മൂലം അനേകായിരം ആത്മാക്കൾ നിത്യനരകത്തിൽ പതിക്കുന്നു എന്നതു  പല പ്രത്യക്ഷീകരണങ്ങളിലും  മാതാവ് വേദനയോടെ പറഞ്ഞിട്ടുള്ള കാര്യമാണ്.   ശുദ്ധത എന്ന പുണ്യം പാലിക്കാൻ  പാടുപെടുന്ന എല്ലാവരെയും   പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിച്ചുകൊണ്ട് നമുക്കു പ്രാർഥിക്കാം.  അത്യന്തവിരക്തിയുള്ള മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.

സുകൃതജപം

സ്വർഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങൾക്കും  നീ രാജ്ഞിയായിരിക്കണമേ.

(8) കളങ്കഹീനയായ കന്യകയായ മാതാവ്

‘നിൻറെ ഉദരത്തിൻറെ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു’ എന്ന വാക്കുകൾ പുറപ്പെട്ടത് എലിസബത്തിൻറെ  അധരങ്ങളിൽ നിന്നായിരുന്നെങ്കിലും  അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി പരിശുദ്ധാത്മാവായിരുന്നു. കാരണം യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയണമെങ്കിൽ  പരിശുദ്ധാത്മാവു  കൂടിയേ  തീരൂ. ‘യേശു കർത്താവാണെന്നു പറയാൻ പരിശുദ്ധാത്മാവു  മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല…’ (1 കൊറി 12:3).  പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗത്തിനു മേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ടായിരിക്കണം (ഹെബ്രാ 7:26) എന്നതു ദൈവത്തിൻറെ നിശ്ചയമായിരുന്നു എന്നതിനാൽ ആ പ്രധാനപുരോഹിതനെ എപ്രകാരം ലോകത്തിലേക്ക് അയയ്ക്കണമെന്നതും  ദൈവത്തിൻറെ നിശ്ചയമായിരുന്നു.

വിശുദ്ധമായവയിൽ നിന്നു മാത്രമേ വിശുദ്ധമായവ ഉത്ഭവിക്കുകയുള്ളൂ. അതിനാൽ   ദോഷരഹിതനും നിഷ്കളങ്കനുമായ  യേശുവിനു ജന്മം നല്കാൻ ദോഷഹീനയും  കളങ്കഹീനയുമായ ഒരമ്മയെ വേണമെന്ന പ്രസ്താവന പ്രകൃതിനിയമത്തോടു ചേർന്നുപോകുന്ന വസ്തുതയാണല്ലോ.  ആദ്യപാപത്താൽ കളങ്കിതമായ മനുഷ്യപ്രകൃതിയ്ക്കു  സ്വപ്രയത്നത്താൽ  കളങ്കരഹിതനായ ഒരു രക്ഷകനെ  നൽകുവാൻ കഴിവില്ലാത്തതിനാലും, സ്വാഭാവികഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ   മനുഷ്യരുടെ ജന്മസിദ്ധമായ  പോരായ്മകൾക്കും  കുറവുകൾക്കും വിധേയപ്പെട്ടിരിക്കുന്നതിനാൽ സകല മനുഷ്യർക്കും വേണ്ടിയുള്ള മോചനദ്രവ്യവും ബലിവസ്തുവും ആകാൻ    സാധിക്കായ്കയാലും,  പെസഹാക്കുഞ്ഞാട് ഊനമറ്റ കുഞ്ഞാടായിരിക്കണം എന്ന ദൈവികനിയമം പാലിക്കപ്പെടേണ്ടിയിരുന്നതിനാലും   യേശു കന്യകയിൽ നിന്നു ജന്മമെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയും  ഇല്ലായിരുന്നു എന്നതാണു  സത്യം.

Mystical City of God എന്ന വിശ്രുത ഗ്രന്ഥത്തിൽ  അഗ്രെദയിലെ വാഴ്ത്തപ്പെട്ട മരിയ   പറയുന്നത്  ‘പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി’ (വെളി 12:2) എന്നതിൻറെ അർഥം അവൾ  പ്രസവത്തിൻറെ ശാരീരികവേദന  അനുഭവിച്ചു എന്നതല്ല എന്നാണ്.  കാരണം ഈ ദിവ്യജനനത്തിൽ  അതു സാധ്യമല്ല. പക്ഷേ, അവിടുത്തെ കന്യകോദരത്തിൻറെ രഹസ്യത്തിൽനിന്നു ദിവ്യശിശു പുറത്തുവരുന്നത്,  പീഡകൾ സഹിക്കാനും, ലോകപാപങ്ങളുടെ പരിഹാരമായി കുരിശിൽ  മരിക്കാനുമാണ് എന്നത് ആ അമ്മയെ സംബന്ധിച്ചിടത്തോളം ഒരു വലിയ സങ്കടമായിരുന്നു.  തിരുവെഴുത്തുകൾ ആഴത്തിൽ ധ്യാനിച്ചിരുന്നതിനാൽ  അവൾക്ക്  ഇതെല്ലാം മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നു. ഈശോയാകുന്ന  അമൂല്യനിധി ഒരിക്കൽ തന്നിൽ നിന്ന് അപഹരിക്കപ്പെടുമെന്ന ചിന്തയാണു   മറിയത്തെ  വേദനിപ്പിച്ചത്.      മറിയം അമലോത്ഭവയായി ജനിച്ചു  പാപരഹിതയായി  ജീവിച്ചുവെങ്കിലും  അവൾക്കുവേണ്ടി   കരുതിവച്ചിരുന്ന ശ്രേഷ്ഠമായ പ്രതിഫലത്തിനു തക്ക  അദ്ധ്വാനത്തിലും ദുഖത്തിലും വേദനയിലും  നിന്നു  ദൈവം അവളെ ഒഴിവാക്കിയില്ല എന്നാണു വിശുദ്ധർ പ്രസ്താവിക്കുന്നത്. എന്നാൽ മറിയത്തിൻറെ  പ്രസവക്ലേശങ്ങൾ  ഹവ്വായുടെ സന്തതിപരമ്പരകളിൽ ഉള്ളതുപോലെ പാപത്തിൻറെ പരിണിത ഫലമായിരുന്നില്ല, പ്രത്യുത അതു   തൻറെ പുത്രനോടുള്ള  അവളുടെ  തീവ്രവും പരിപൂർണ്ണവുമായ സ്നേഹത്തിൻറെ ഫലം ആയിരുന്നു.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ, ഈശോയ്ക്കു  വന്നുവസിക്കുവാൻ തക്ക വിധത്തിൽ കളങ്കഹീനവും  നിർമലവുമായ ഒരു ഹൃദയം  നൽകി ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

സുകൃതജപം

കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

(9) കന്യാവ്രതത്തിന്  അന്തരം  വരാത്ത മാതാവ്

മറിയം  നിത്യകന്യകയായിരുന്നു എന്നതിൽ സഭയ്‌ക്കോ സഭാമക്കൾക്കോ ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. എന്നാൽ മറിയത്തിൻറെ നിത്യകന്യകാത്വത്തെ ചോദ്യം ചെയ്ത പാഷണ്ഡികളും ശീശ്മക്കാരും വിശ്വാസത്യാഗികളും എക്കാലത്തും ഉണ്ടായിരുന്നു എന്നും നമുക്കറിയാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിൻറെ ഉത്തരം കൃപ ഉള്ളവർക്കു  മാത്രം ഗ്രഹിക്കാൻ സാധിക്കുന്ന  ഒരു രഹസ്യമാണു  മറിയത്തിൻറെ നിത്യകന്യകാത്വം എന്നതാണ്.

ബ്രഹ്മചര്യം അഥവാ കന്യകാത്വം ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കുന്ന എത്രയോ മനുഷ്യരെക്കുറിച്ചു  നാം വായിച്ചിട്ടുണ്ട്! എന്നിട്ടും മറിയം തൻറെ  കന്യകാത്വം ജീവിതകാലം മുഴുവൻ    കാത്തുസൂക്ഷിച്ചു എന്നതിനെ ചിലരെങ്കിലും വിശ്വസിക്കുന്നില്ലെങ്കിൽ അതിൻറെയർത്ഥം   ‘സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനിരിക്കുന്ന’ (വെളി  12:5) ആൺകുട്ടിയെ പ്രസവിച്ച  സ്ത്രീയെ ഒഴുക്കിക്കളയാനായി സർപ്പം തൻറെ വായിൽ നിന്നു നദി പോലെ പുറപ്പെടുവിച്ച ജലത്തിൻറെ കുത്തൊഴുക്കിൽ അവരും പെട്ടുപോയി എന്നതാണ്.   സ്‌റ്റെഫാനോ  ഗോബി എന്ന വൈദികന് അന്തർഭാഷണമായി (inner  locution) നൽകിയ സന്ദേശങ്ങളിൽ  (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു എന്ന ഗ്രന്ഥം) പറയുന്നതു           പരിശുദ്ധ കന്യകയ്‌ക്കെതിരെ  സാത്താനും അവൻറെ പിണിയാളുകളും പ്രചരിപ്പിക്കുന്ന ദുഷ്പ്രവാദങ്ങളെയാണ് ഈ വചനം സൂചിപ്പിക്കുന്നതെന്നാണ്.

ദൈവം തൻറെ ഏകജാതനു മാതാവായി തെരഞ്ഞെടുത്ത മറിയത്തിനു മറ്റു മക്കൾ ഉണ്ടായിരിക്കുക എന്നതു യുക്തിസഹമല്ല.   പുത്രനെ പ്രസവിക്കുന്നതുവരെ  അവളെ (മറിയത്തെ) അവൻ (ജോസഫ്) അറിഞ്ഞില്ല’ (മത്തായി 1:25) എന്ന വചനമാണു  മറിയത്തിൻറെ   നിത്യകന്യകാത്വത്തെ എതിർക്കുന്നവർ  ചൂണ്ടിക്കാണിക്കുന്നത്.  അതുവരെ അറിഞ്ഞില്ല എന്നതിന് അതിനുശേഷം  അറിഞ്ഞു എന്നതു  സാമാന്യാർത്ഥമാണ്. എന്നാൽ  ബൈബിളിൻറെ പശ്ചാത്തലത്തിൽ  അതുവരെ ഇല്ലായിരുന്നു എന്നതിന് അതിനുശേഷം ഉണ്ടായി എന്ന അർഥം  ഉണ്ടായിക്കൊള്ളണമെന്നില്ല.  ഉദാഹരണമായി സാവൂളിൻറെ പുത്രി  മീഖാൽ  മരണം വരെയും സന്താനരഹിതയായിരുന്നു (2 സാമു  6:23)  എന്നു ബൈബിൾ പറയുന്നു. അതിൻറെ  അർഥം മരണത്തിനുശേഷം  അവൾക്കു കുഞ്ഞുങ്ങൾ ഉണ്ടായി എന്നല്ലല്ലോ. ബൈബിളിലെ ഭാഷാശൈലിയുടെ ഒരു പ്രത്യേകത മാത്രമാണത്.

രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ മറിയത്തിൻറെ  നിത്യകന്യകാത്വത്തിൽ  സഭ വിശ്വസിച്ചിരുന്നു. AD  553  ലെ രണ്ടാം കോൺസ്റ്റാൻറിനോപ്പിൾ  സൂനഹദോസ് മറിയത്തെ  നിത്യകന്യക  എന്നർഥമുള്ള Aeiparthenos  എന്നു വിശേഷിപ്പിച്ചു. AD 649 ലെ ലാറ്ററൻ കൗൺസിലിൽ വച്ചു   മാർട്ടിൻ ഒന്നാമൻ പാപ്പ  പ്രസ്താവിച്ചത് യേശുവിൻറെ ജനനത്തിനു മുൻപും. ജനനസമയത്തും, ജനനത്തിനു ശേഷവും മറിയം  കന്യകയായിരുന്നു എന്നാണ്. കത്തോലിക്കാ സഭയ്ക്കു പുറമേ, ഓർത്തഡോക്സ്, ലൂഥറൻ, ആംഗ്ലിക്കൻ സഭകളും മറിയത്തിൻറെ നിത്യകന്യകാത്വം അംഗീകരിക്കുന്നു.  ലൂഥർ, കാൽവിൻ, വൈക്ലിഫ്,  വെസ്‌ലി  തുടങ്ങിയ  പ്രൊട്ടസ്റ്റൻറു   നേതാക്കൾക്കു പോലും മറിയത്തിൻറെ  നിത്യകന്യകാത്വം ഒരു വിവാദവിഷയമായിരുന്നില്ല.   ദൈവപുത്രൻറെ അമ്മയായ മറിയം എന്നും കന്യകയായിരിക്കുക എന്നതിനു  പ്രതീകാത്മകമായ വലിയൊരു അർഥം കൂടിയുണ്ട്. പുതിയ ആകാശത്തിൻറെയും  പുതിയ ഭൂമിയുടെയും പ്രതീകമാണു   മറിയം. ക്രിസ്തുവിൽ എല്ലാം പുതുതായി സൃഷ്‌ടിക്കപ്പെടുന്നതിൻറെയും  രക്ഷാകരചരിത്രത്തിൽ ഒരു നവയുഗം ആരംഭിക്കുന്നതിൻറെയും പ്രതീകമാണത്.

എസക്കിയേൽ പ്രവചനത്തിൽ ജെറുസലേം ദൈവാലയത്തിൻറെ കിഴക്കേ കവാടത്തെ കുറിച്ചു  പലതവണ പരാമർശിച്ചിട്ടുണ്ട്.  ഈ കവാടത്തിലൂടെയാണ് ഈശോ  ഓശാനനാളിൽ തൻറെ  രാജകീയമായ ദൈവാലയപ്രവേശനം നടത്തിയത്.  എസക്കിയേൽ പ്രവചിച്ചിരിക്കുന്നത് ആ കവാടം അടച്ചിടപ്പെടുമെന്നാണ്. കാരണം  ആ വഴിയിലൂടെ കർത്താവ് പ്രവേശിച്ചതിനാൽ മറ്റാരും അതേ  കവാടത്തിലൂടെ പ്രവേശിക്കാൻ ദൈവം അനുവദിച്ചിട്ടില്ല ( എസക്കി 44:2).  രക്ഷകനായ യേശുവിനു കടന്നുവരാൻ മാത്രമായി  ദൈവം ഒരുക്കിയ കവാടമായിരുന്നു മറിയം എന്നു പിതാക്കന്മാർ പറയുന്നു.

യേശുവിൻറെ സഹോദരന്മാരെക്കുറിച്ചു  സുവിശേഷത്തിൽ പരാമർശമുള്ളതുകൊണ്ടു  മറിയത്തിനു  വേറെയും മക്കളുണ്ടായിരുന്നു എന്നു  വാദിക്കുന്നവരുണ്ട്.  എന്നാൽ  യേശുവിൻറെ സഹോദരന്മാർ എന്നു വിളിക്കപ്പെടുന്നവർ യേശുവിൻറെ കസിൻസ് ആയിരുന്നു എന്നാണു  പണ്ഡിതമതം.  സഹോദരൻ  എന്ന പദം  ബന്ധുക്കളെ മാത്രമല്ല സുഹൃത്തുക്കളെയും ഒരേ വിശ്വാസം പങ്കിടുന്ന എല്ലാവരെയും പരാമർശിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു എന്നതിനു  പുതിയനിയമത്തിൽ തന്നെ അനേകം ഉദാഹരണങ്ങളുണ്ട്. (1 കൊറി 5:11, ഹെബ്രാ 13:1, യാക്കോബ് 4:11, മർക്കോസ് 3:35, യാക്കോബ് 2:14-18).

മറിയത്തിൻറെ നിത്യകന്യകാത്വം നമ്മെ സംബന്ധിച്ചിടത്തോളം  തീരുമാനിക്കപ്പെട്ടുകഴിഞ്ഞ വസ്തുതയാണ്. പരിശുദ്ധ കത്തോലിക്ക സഭ മറിയത്തിൻറെ നിത്യകന്യകാത്വം ഒരു വിശ്വാസസത്യമായി  പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ. നമുക്കും നമ്മുടെ  ആദിമവിശുദ്ധി അന്ത്യം വരെയും കാത്തുസൂക്ഷിക്കാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർഥിക്കാം.

സുകൃതജപം:

കന്യകാത്വത്തിന് അന്തരം  വരാത്ത മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

(10) സ്‌നേഹഗുണങ്ങളുടെ മാതാവ്

സ്നേഹം സർവോത്കൃഷ്ടമാകയാൽ  അതിനെക്കുറിച്ച് പറയാൻ പൗലോസ് ശ്ലീഹാ  കോറിന്തോസുകാർക്കെഴുതിയ ഒന്നാം  ലേഖനത്തിൻറെ  പതിമൂന്നാം അദ്ധ്യായം പൂർണമായി മാറ്റിവച്ചിരിക്കുന്നു.  കന്യകാമറിയത്തെ മനസിൽ കണ്ടുകൊണ്ടാണോ  പൗലോസ് ശ്ലീഹാ ഈ ഭാഗം എഴുതിയതെന്നു പോലും നാം സംശയിക്കത്തക്കവിധം മറിയത്തിൻറെ സ്‌നേഹഗുണഗണങ്ങൾ  ഇവിടെ പ്രതിപാദിക്കപ്പെടുന്നുണ്ട്.

സ്നേഹം  ദീർഘക്ഷമയും  ദയയുമുള്ളതാണ്. മറിയം ദീർഘക്ഷമയും ദയയും ഉള്ളവളായിരുന്നു. സ്നേഹം അസൂയപ്പെടുന്നില്ല. മറിയം ഒരിക്കലും അസൂയപ്പെട്ടിട്ടില്ല. സ്നേഹം ആത്മപ്രശംസ ചെയ്യുന്നില്ല. ആത്മപ്രശംസ മറിയത്തിനു തികച്ചും  അന്യമായിരുന്നു. സ്വയം പ്രശംസിക്കാൻ അനേകം അവസരങ്ങൾ ദൈവം അനുവദിച്ചിട്ടും അവയൊന്നും മറ്റുള്ളവരെ അറിയിക്കാൻ  മറിയം ആഗ്രഹിച്ചില്ല.

സ്നേഹം അഹങ്കരിക്കുന്നില്ല. മറിയം ഒരിക്കലും അഹങ്കരിച്ചില്ല.  ദൈവം  തന്നെ സകല മനുഷ്യരുടെയും മേൽ  ഉയർത്തുമെന്ന സദ്‌വാർത്ത കേട്ടപ്പോഴും അവൾ പറഞ്ഞത് ഇത്രമാത്രം. ‘ ഇതാ കർത്താവിൻറെ ദാസി. നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ.’

സ്നേഹം അനുചിതമായി പെരുമാറുന്നില്ല. മറിയം ഒരിക്കലെങ്കിലും അനുചിതമായി പെരുമാറിയതിനു  തെളിവുകളില്ല. മറിച്ച് കാനായിലെ കല്യാണവീട്ടിൽ എന്നതുപോലെ അവൾ എപ്പോഴും ഉചിതമായി പെരുമാറി. സ്നേഹം സ്വാർഥം അന്വേഷിക്കുന്നില്ല.  മറിയം അന്വേഷിച്ചതു  സ്വാർഥം ആയിരുന്നില്ല. എൻറെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നു  പറഞ്ഞ  യേശുവിൻറെ അമ്മയാകാനായി മറിയവും തൻറെ സ്വാർഥ താല്പര്യങ്ങൾ മാറ്റിവച്ചു.

സ്നേഹം കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. മറിയവും ഒരിക്കലും കോപിച്ചില്ല, വിദ്വേഷം പുലർത്തിയതുമില്ല. തൻറെ പ്രിയപുത്രനെ ഒറ്റിക്കൊടുത്ത യൂദാസിനെയും  തള്ളിപ്പറഞ്ഞ പത്രോസിനെയും  അന്ത്യം വരെയും കൂടെനിന്ന യോഹന്നാനെയും മറിയം ഒരേ കണ്ണുകൊണ്ടാണ് കണ്ടത്. മരിയ വാൾതോർത്തയുടെ  ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ  മറിയം യൂദാസിനോടും  പത്രോസിനോടും  എങ്ങനെയാണു പെരുമാറിയതെന്നു  ഹൃദയസ്പർശിയായ വിധത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

സ്നേഹം അനീതിയിൽ  സന്തോഷിക്കുന്നില്ല.  സകല നീതിയുടെയും പൂർത്തീകരണമായ യേശുവിൻറെ അമ്മയായ മറിയത്തിന് അനീതിയിൽ സന്തോഷിക്കാൻ കഴിയുമായിരുന്നില്ല.

സ്നേഹം  സത്യത്തിൽ  ആഹ്‌ളാദം  കൊള്ളുന്നു. മറിയത്തിൻറെ ഏറ്റവും വലിയ ആഹ്‌ളാദം  തൻറെ പ്രിയപുത്രനായ യേശുവിനോടുകൂടെ ആയിരിക്കുക എന്നതായിരുന്നു.  യേശു സത്യം തന്നെയാണല്ലോ.

സ്നേവും സകലതും സഹിക്കുന്നു. മറിയം സകലതും  സഹിച്ചു. ശിമയോൻറെ പ്രവചനം മുതൽ പീഡാനുഭവവും  കുരിശുമരണവും വരെ  സഹനത്തിൻറെ ഒരു വാൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടാണു  മറിയം ജീവിച്ചത്.

സ്നേഹം സകലതും  വിശ്വസിക്കുന്നു. മറിയം പ്രവചനങ്ങൾ സകലതും വിശ്വസിച്ചു. ‘കർത്താവ് അരുളിചെയ്തവ നിറവേറുമെന്നു  വിശ്വസിച്ചവൾ ഭാഗ്യവതി’ എന്ന എലിസബത്തിൻറെ വാക്കുകൾ  മറിയത്തിൻറെ വിശ്വാസത്തിൻറെ സാക്ഷ്യപത്രമാണ്.

സ്നേഹം സകലതും പ്രത്യാശിക്കുന്നു. പ്രത്യാശയുടെ ഉത്തമവും ഉദാത്തവുമായ മാതൃകയാണല്ലോ മറിയം. കുരിശിൽ മരിച്ചവൻ ഉയിർത്തെഴുന്നേൽക്കും എന്ന സജീവമായ പ്രത്യാശയിൽ ജീവിച്ചതുകൊണ്ടല്ലേ, അവൾ  യേശുവിൻറെ കല്ലറ  സന്ദർശിക്കാൻ ഒരിക്കലെങ്കിലും പോകാതിരുന്നത്?

സ്നേഹം സകലത്തെയും അതിജീവിക്കുന്നു.  സകലത്തെയും അതിജീവിച്ച മറിയം സഭയുടെ മാതാവും  ക്രിസ്തുവിനെ ജ്യേഷ്‌ഠസഹോദരനായി സ്വീകരിച്ചു വിശ്വസിക്കുന്നവരുടെ അമ്മയുമായി ഇന്നും ജീവിക്കുന്നു. അവസാനത്തെ ശത്രുവായ  മരണത്തെയും അവൾ അതിജീവിച്ചുകഴിഞ്ഞു.

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. മറിയം  ‘ഓരോ തലമുറയിലുമുള്ള വിശുദ്ധചേതനകളിൽ പ്രവേശിച്ച്  അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു’ (ജ്ഞാനം 7:27). മറിയത്തിൻറെ പ്രവർത്തനങ്ങൾ യുഗാന്ത്യം വരെയും തുടരണം എന്നതും ദൈവത്തിൻറെ  നിശ്ചയമാണ്.

അതിനാൽ മറിയത്തെ സ്നേഹഗുണങ്ങളുടെ മാതാവ് എന്ന് അഭിസംബോധന ചെയ്യുന്നതു  തികച്ചും ഉചിതമാണ്. സ്നേഹത്തിൻറെ  ആഴങ്ങളിലേക്ക് തീർത്ഥയാത്ര ചെയ്യാനായി മറിയത്തിൻറെ മാധ്യസ്ഥം നമുക്കു യാചിക്കാം.

സുകൃതജപം.

സ്നേഹഗുണങ്ങളുടെ മാതാവായ മറിയമേ,  അങ്ങയെ അനുകരിച്ചു  മറ്റുള്ളവരെ  ഉപാധികളില്ലാതെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

(11) അത്ഭുതത്തിനു വിഷയമായ മാതാവ്

മനുഷ്യർക്കു മറിയം ഒരു നിത്യവിസ്മയമാണ്. അതിനു കാരണം  സാധാരണ മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഔന്നത്യത്തിലായിരുന്നു ദൈവം അവളെസൃഷ്ടിച്ചതും  പരിപാലിച്ചതും  എന്നതാണ്.  മറിയത്തിൻറെ  ജീവിതത്തിലെ ഓരോ സംഭവവും മനുഷ്യദൃഷ്ടിയിൽ ഒരത്ഭുതമാണ്. ഒരു കന്യക ഗർഭം ധരിക്കുമെന്നു  ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു പറയുന്നു. ചരിത്രത്തിൽ അന്നേവരെ കേട്ടുകേൾവി പോലുമില്ലാത്ത അത്ഭുതം.  കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി അത് അതേപടി വിശ്വസിച്ചുവെന്നതാണ് അതിനേക്കാൾ വലിയ അത്ഭുതം.  ജനിക്കാൻ പോകുന്ന ശിശു ദൈവപുത്രൻ ആയിരിക്കുമെന്നത് അടുത്ത അത്ഭുതം. എന്നാൽ ആ ദൈവപുത്രനു  ജനിക്കാൻ സ്വന്തം വീടെന്നല്ല, സ്വന്തം നാടുപോലും അനുവദിക്കാൻ ദൈവം  തയ്യാറായില്ല എന്നതും  അത്ഭുതം.

കാലിത്തൊഴുത്തിൽ ദരിദ്രനായി പിറന്നുവീണ  കുഞ്ഞാണു    ലോകരക്ഷകനെന്നു  വിശ്വസിക്കാൻ  ഒരമ്മയ്ക്കു കഴിയുന്നതും  അത്ഭുതം.  സകലപ്രപഞ്ചത്തിൻറെയും നാഥനായവനെ ജീവരക്ഷാർഥം ഒരു രാജ്യത്തുനിന്നു  മറ്റൊരു രാജ്യത്തേക്കു  രായ്ക്കുരാമാനം കൊണ്ടുപോകേണ്ടിവരുന്ന മറിയത്തെയും   ജോസഫിനെയും  ദൈവം നടത്തിയ വഴികളും അത്ഭുതം.  ദൈവാലയത്തിൽ കാഴ്ചവയ്പ്പിൻറെ കൃത്യസമയത്തു തന്നെ  ശെമയോനും അന്നയും അവിടെയെത്തിയതും അത്ഭുതം.  ദൈവവചനങ്ങൾ എല്ലാം  സംഗ്രഹിക്കാൻ ഒരുക്കമുള്ള ഒരു ഹൃദയം മറിയത്തിനു ലഭിച്ചതും അത്ഭുതം.

യേശുവിൻറെ ആദ്യത്തെ അത്ഭുതത്തിനു വഴിയൊരുക്കിയതു മറിയം.   യേശുവിനു  സുബോധം നഷ്ടപ്പെട്ടുവെന്നു  വിശ്വസിച്ച ബന്ധുക്കളുടെ ( മർക്കോസ് 3:21) ഇടയിൽ  വിശ്വാസത്തോടെ ഉറച്ചുനിന്നതും മറിയം.  സംഭവിക്കാൻ പോകുന്നത് എന്തെന്നു  വ്യക്തമായി അറിഞ്ഞിരുന്നിട്ടും  സെഹിയോൻ മാളിക മുതൽ കാൽവരി വരെ  നീളുന്ന കുരിശിൻറെ വഴിയിൽ മകനെ അനുധാവനം  ചെയ്യാൻ ആ അമ്മയ്ക്കു കഴിഞ്ഞുവെന്നതും  അത്ഭുതം. ക്ഷമ കൈവിടാതെ, ആരെയും ദ്വേഷിക്കാതെ, മുറിപ്പെടുത്തുന്ന ഒരു വാക്കുപോലും   പറയാതെ മകൻറെ  കുരിശിൻ ചുവട്ടിൽ മണിക്കൂറുകൾ നിൽക്കുക എന്നതു  ലോകത്തിൽ ഒരമ്മയ്ക്കു മാത്രം സാധിക്കുന്ന മഹാത്ഭുതമല്ലേ!

സ്വർഗാരോപണത്തിനു  ശേഷം  മറിയം ചെയ്ത ആയിരക്കണക്കായ അത്ഭുതങ്ങളെക്കുറിച്ച്  നമുക്കറിയാം. മറിയം അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവാണെന്നു  പ്രസ്താവിക്കാൻ അതിൽ ഒരത്ഭുതത്തിൻറെ പോലും ആവശ്യമില്ല.  കാരണം മറിയത്തിൻറെ ജീവിതം ജനനം മുതൽ മരണം വരെയും  നീളുന്ന ഒരു മഹാത്ഭുതമായിരുന്നു.

‘അടയാളങ്ങളും  അത്ഭുതങ്ങളും  കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ ‘ ( യോഹ. 4:48) എന്ന ക്രിസ്തുവചനം  മറ്റെന്നത്തെക്കാളും കൂടുതൽ പ്രസക്തമായ ഈ നാളുകളിൽ  അത്ഭുതങ്ങൾ കൂടാതെ തന്നെ വിശ്വസിക്കാനുള്ള കൃപയ്ക്കു വേണ്ടി  പരിശുദ്ധ കന്യകയുടെ മാധ്യസ്ഥം തേടി  പ്രാർഥിക്കാം.

സുകൃതജപം:

അത്ഭുതത്തിനു  വിഷയമായിരിക്കുന്ന   മാതാവേ, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാൻ തക്കവിധമുള്ള  വ്യാജ അത്ഭുതങ്ങൾ  പ്രത്യക്ഷപ്പെടുമ്പോൾ  സത്യവും വ്യാജവും തിരിച്ചറിയാനുള്ള കൃപ  ലഭിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ.(12(12)

(12) സദുപദേശത്തിൻറെ മാതാവ്

മറിയം സദുപദേശത്തിൻറെ  മാതാവാണ്.  വ്യഗ്രതയിലും ദുഖത്തിലും  നമുക്ക് സദുപദേശവും പ്രോത്സാഹനവും  ലഭിക്കണമെങ്കിൽ ( ജ്ഞാനം 8:9) നാം സദുപദേശത്തിൻറെ മാതാവിലേക്കു  തിരിയണം. താൻ  ‘ദൈവത്തിൻറെ ദാസനും ദാസിയുടെ പുത്രനും, ദുർബലനും അല്പായുസ്സും, നീതിനിയമങ്ങളിൽ അല്പജ്ഞനും’ ( ജ്ഞാനം  9:5) ആണെന്ന് തിരിച്ചറിയുന്നവൻ  ഉപദേശത്തിനായി ‘ഇതാ കർത്താവിൻറെ  ദാസി’ എന്നു  പറഞ്ഞ നമ്മുടെ അമ്മയിലേക്കു തിരിയണം. അവളാകട്ടെ നമുക്ക് നേർവഴി കാണിച്ചുതരാൻ  സദാ   ഉത്സുകയുമാണ്. ‘ സകലതും  അറിയുന്ന  അവൾ നമ്മുടെ പ്രവൃത്തികളിൽ നമ്മെ ബുദ്ധിപൂർവം നയിക്കും ( ജ്ഞാനം 9:11).

”ജ്ഞാനി സ്വന്തം ജനത്തെ ഉപദേശിക്കും’ ( പ്രഭാ  37:23). ജ്ഞാനം തന്നെയായ പരിശുദ്ധാത്മാവു  നിറഞ്ഞ മറിയം തൻറെ സ്വന്തം മക്കളായ നമ്മെ വേണ്ടവിധം ഉപദേശിക്കാതിരിക്കുമോ? ജ്ഞാനത്തിൻറെ നിറവിലാണു  മറിയം ഇങ്ങനെ പറഞ്ഞത്.  ‘സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു  പ്രകീർത്തിക്കും’ (ലൂക്കാ 1:48).  വിശുദ്ധഗ്രന്ഥം പറയുന്നു. ‘ജ്ഞാനിയുടെമേൽ സ്തുതി കുന്നുകൂടും. കാണുന്നവരെല്ലാം അവനെ ഭാഗ്യവാനെന്നു വിളിക്കും’ (പ്രഭാ. 37:24).

‘നാം ആരുടെ അടുത്തുനിന്നാണ് ഉപദേശം തേടുന്നതെന്നതു  പ്രധാനമാണ്. ‘ഉപദേശകനെ സൂക്ഷിച്ചുകൊള്ളുക. ആദ്യം അവൻറെ ലക്‌ഷ്യം ഗ്രഹിക്കണം’ (പ്രഭാ  37:8). മറിയത്തിൻറെ ഉപദേശം തേടുന്നതിൽ നാം മടിക്കേണ്ടതില്ല. കാരണം അവളുടെ ലക്ഷ്യം നമ്മെ യേശുവിലേക്ക് അടുപ്പിക്കുക എന്നതാണ്. അവളുടെ ഉപദേശത്തിൻറെ സാരവും സംഗ്രഹവും ‘ അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ’  (യോഹ. 2:5) എന്നതു മാത്രമാണ്.

ഭൂമിയിൽ വിശുദ്ധരായവർ എല്ലാം അതിനു സ്വീകരിച്ച മാർഗം മറിയത്തിൻറെ ഉപദേശം സ്വീകരിക്കുക എന്നതായിരുന്നു. വിശുദ്ധനായ ലൂയിസ് ഡി മോൺഫോർട്ട്  ‘മറിയം വഴി യേശുവിലേക്ക്’  എന്ന കുറുക്കുവഴി നമുക്കായി നിർദേശിക്കാൻ കാരണം മറിയത്തിൻറെ ഉപദേശങ്ങൾ നമ്മെ നിത്യജീവൻറെ പാതയിൽ ഉറപ്പിച്ചു നിർത്തും എന്നതുകൊണ്ടാണ്. വിശുദ്ധ ആഗസ്തീനോസ് പറയുന്നത് ഇങ്ങനെയാണ്; ‘തിരഞ്ഞെടുക്കപ്പെട്ടവർ മനുഷ്യപുത്രനോട് അനുരൂപരാകേണ്ടതിന്, ഈ ലോകത്തിൽ ആയിരിക്കുമ്പോൾ അവർ മറിയത്തിൻറെ ഉദരത്തിൽ സൂക്ഷിക്കപ്പെടുന്നു.  അവർ സംരക്ഷണവും സഹായവും  പോഷണവും ഈ നല്ല മാതാവിൽ നിന്നു  സ്വീകരിച്ച് അവിടെ വളരുന്നു’. മറിയത്തിൻറെ സദുപദേശങ്ങളും സംരക്ഷണവുമാണ്  ആത്മീയജീവിതത്തിൽ  നമ്മെ ഏറ്റവുമധികം സഹായിക്കുന്നത്.

അന്തഃധ്യകാലവിശുദ്ധരെക്കുറിച്ചു  പറയുമ്പോൾ  വിശുദ്ധ മോൺഫോർട്ട് പറയുന്നത് അവർ മറിയത്തിൻറെ പ്രകാശത്താൽ പ്രശോഭിതരും അവളുടെ പരിപോഷണത്താൽ ശക്തരും അവളുടെ  ചൈതന്യത്താൽ  നയിക്കപ്പെടുന്നവരും  അവളുടെ ബലിഷ്ടകരങ്ങളിൽ താങ്ങപ്പെടുന്നവരും  അവളുടെ സംരക്ഷണത്തിൽ സുരക്ഷിതരും ആയിരിക്കും എന്നാണ്.   നാം വലത്തോട്ടോ  ഇടത്തോട്ടോ തിരിയുമ്പോൾ ഇതാണ് നിൻറെ വഴി, ഇതിലേ  പോവുക എന്നു  പറഞ്ഞുകൊണ്ടു  മറിയം  നേരായ വഴി നമുക്ക് ഉപദേശിച്ചു തരും.  കാരണം അവൾക്ക് ആ വഴി സുപരിചിതമാണ്.

മറിയത്തിൻറെ  ഉപദേശം  സ്വീകരിക്കുകയും അവളുടെ ശിക്ഷണത്തിൽ വളരുകയും ചെയ്യുന്നവർ പരിശുദ്ധാത്മാവിനാൽ  നിറയും.  പരിശുദ്ധ കുർബാനയെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും കർത്താവിൻറെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ  മറ്റു ശിഷ്യന്മാർക്കു ലഭിച്ചതിൽ കൂടുതൽ വെളിപ്പെടുത്തലുകൾ യോഹന്നാനു ലഭിച്ചത് അദ്ദേഹം പരിശുദ്ധ അമ്മയോട് സവിശേഷമായ ഒരു ഭക്തി പ്രകടിപ്പിച്ചിരുന്നതുകൊണ്ടായിരിക്കണം. തന്നോട്‌ചേർന്നുനിൽക്കുന്നവരെ മറിയം വിശിഷ്ടോപദേശങ്ങൾ കൊണ്ടു സമ്പന്നരാക്കുന്നു എന്നത് ആയിരക്കണക്കായ അനുഭവസാക്ഷ്യങ്ങളിലൂടെ നാം അറിഞ്ഞിട്ടുള വസ്തുതയാണ്.

ദുരുപദേശങ്ങൾ ലോകമെങ്ങും  പെരുകുന്ന  ഒരു കാലത്ത് സത്യമാർഗത്തിൽ നിന്നു വ്യതിചലിച്ചുപോകാതിരിക്കാനായി നമുക്കു മറിയത്തിൻറെ സഹായം തേടാം.

സുകൃതജപം

സദുപദേശത്തിൻറെ മാതാവേ, സത്ചിന്തകൾ കൊണ്ട് ഞങ്ങളുടെ മനസിനെ നിറയ്ക്കണമേ.

(13) സ്രഷ്ടാവിൻറെ മാതാവ്

ഒരുപക്ഷേ ലുത്തീനിയയിലെ മറിയത്തിൻറെ വിശേഷണങ്ങളിൽ  ഏറ്റവുമധികം വിവാദപരവും എതിർപ്പിന് കാരണമായിട്ടുള്ളതും സ്രഷ്ടാവിൻറെ മാതാവേ എന്ന വിശേഷണമായിരിക്കും.  സ്രഷ്ടാവിനു  മാതാവ് ഉണ്ടായിരിക്കുക എന്നത്  സാധ്യമല്ലല്ലോ എന്നതാണ്  ഈ വിശേഷണത്തെ എതിർക്കുനന്നവരുടെ ന്യായം. അഥവാ സ്രഷ്ടാവിന് മാതാവ് ഉണ്ടെന്നു സമ്മതിച്ചാൽ സ്രഷ്ടാവ് സ്രഷ്ടാവ് അല്ലാതായിത്തീരുമല്ലോ!

എന്നാൽ  ത്രിത്വം എന്ന പരമരഹസ്യത്തെക്കുറിച്ച് അറിഞ്ഞാൽ മാത്രമേ സ്രഷ്ടാവിൻറെ മാതാവ് എന്നു  മറിയത്തെ വിളിക്കാനുള്ള കാരണം മനസിലാവുകയുള്ളൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്നാളുകളായിഏറ്റുപറയപ്പെടുന്ന പരമപരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻ തമ്പുരാൻറെ   ഭൂമിയിലെ അമ്മ മാത്രമാണല്ലോ മറിയം.

എന്നാൽ യേശു സ്രഷ്ടാവുമാണ് എന്നതു വിശുദ്ധഗ്രന്ഥത്തിൽ  പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ”അവൻ അദൃശ്യനായ ദൈവത്തിൻറെ പ്രതിരൂപവും  എല്ലാ സൃഷ്ഠികൾക്കും മുൻപുള്ള ആദ്യജാതനുമാണ്.  കാരണം അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും  അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു….. എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത് (കൊളോ  1:15-16). അവനെ അവിടുന്ന് സകലത്തിൻറെയും അവകാശിയായി നിയമിക്കുകയും അവൻ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്‌തു (ഹെബ്രാ 1:2). ആദിയിൽ വചനം ഉണ്ടായിരുന്നു…..അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല (യോഹ. 1:1-3).   ആ വചനമാണു   മാംസം ധരിച്ചു  നമ്മുടെയിടയിൽ വസിച്ചതെന്നും ആ വചനം   യേശുക്രിസ്തു തന്നെയായിരുന്നുവെന്നും           തുടർന്നെഴുതുന്ന യോഹന്നാൻ  ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നു  വ്യക്തമായി തന്നെ  പ്രസ്താവിച്ചിട്ടുണ്ട് (യോഹ. 1:10). ദൈവത്തിൻറെ സൃഷ്ടികർമത്തിൻറെ  ആരംഭമായിരിക്കുന്ന ആമേൻ എന്നാണ് യേശുക്രിസ്തുവിനെ വെളിപാടു  പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത് (വെളി  3:14)

യേശുക്രിസ്തു തന്നെയാണു  സ്രഷ്ടാവായ ദൈവം എന്നതു  ക്രൈസ്തവൻറെ  ഉറപ്പുള്ള  വിശ്വാസമാണ്. താൻ അബ്രാഹത്തെക്കാൾ മുൻപുള്ളവനാണെന്ന്  യേശു തന്നെ യഹൂദരോട് പറയുന്നുണ്ട് (യോഹ 8:58).  AD 325 ലെ നിഖ്യാ സൂനഹഹദോസ്  പുത്രൻ പിതാവിനോട് കൂടെ ഏകസത്തയാണെന്നു പഠിപ്പിച്ചു.  യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ  ആൾ  തന്നെയാണ്  (ഹെബ്രാ 13:8). പിതാവിനോടുകൂടെ ഏകസത്തയായിരിക്കുന്നവനും ‘ആൽഫയും ഒമേഗയും -ഒന്നാമനും  ഒടുവിലത്തവനും- ആദിയും അന്തവും’ (വെളി  22:13) ആയിരിക്കുന്ന യേശുക്രിസ്‌തു മനുഷ്യനായിരുന്നപ്പോഴും അതേ സമയം തന്നെ  ദൈവവുമായിരുന്നു ( Hypostatic Union). ദൈവമാണെങ്കിൽ അവിടുന്നു  സ്രഷ്ടാവുമാണല്ലോ. അങ്ങനെയെങ്കിൽ മറിയം സ്രഷ്ടാവിൻറെ മാതാവുമാണല്ലോ.

പരിശുദ്ധപരമ ത്രിത്വം എന്ന  മഹാരഹസ്യം മനുഷ്യമനസിനു ഗ്രഹിക്കാവുന്നിടത്തോളം  നമുക്കു മനസിലാക്കിത്തരേണമേ എന്നു  മാറിയറ്റിൻറെ മാധ്യസ്ഥത്തിലൂടെ നമുക്കു പ്രാർഥിക്കാം.

സുകൃതജപം

സ്രഷ്ടാവിൻറെ മാതാവേ, ഞങ്ങളെ  ക്രിസ്തുവിൽ പുതിയ സൃഷ്ടികളാക്കി രൂപാന്തരപ്പെടുത്തണമേ.

(14) രക്ഷിതാവിൻറെ മാതാവ്

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ ജന്മം കൊടുത്ത  ശിശുവാണു  മനുഷ്യകുലത്തിൻറെ രക്ഷകൻ എന്നു  മനുഷ്യരേക്കാൾ മുൻപേ തിരിച്ചറിഞ്ഞതു സാത്താനായിരുന്നു.  സ്വർഗത്തിലെ യുദ്ധത്തിൽ പരാജിതനായ അവൻ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടപ്പോൾ  സ്വർഗത്തിൽ  നിന്ന് കേട്ട സ്വരം ഇപ്രകാരമായിരുന്നു. ‘ ഇപ്പോൾ നമ്മുടെ ദൈവത്തിൻറെ  രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തൻറെ അധികാരവും ആഗതമായിരിക്കുന്നു’ (വെളി  12:10). ക്രിസ്തുവിൽ വെളിപ്പെട്ട ഈ സൗജന്യരക്ഷയ്ക്കു മനുഷ്യനെ അനർഹനാക്കുക എന്നതായിരുന്നു പിന്നെ എക്കാലത്തും  ആ പുരാതനസർപ്പത്തിൻറെ പ്രധാനലക്‌ഷ്യം.അതിനുള്ള വലിയൊരു തടസം  മറിയമാണെന്നും അവൻ തിരിച്ചറിഞ്ഞു,  അതുകൊണ്ടാണ് അവൻ രക്ഷിതാവിൻറെ മാതാവിനോടും   അവളുടെ ആത്മീയസന്താനങ്ങളോടും   തൻറെ ക്രോധം പ്രകടിപ്പിച്ചത്. ‘അപ്പോൾ  സർപ്പം  സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ  ശേഷിച്ചിരുന്നവരോടു യുദ്ധം  ചെയ്യാൻ  അവൻ പുറപ്പെട്ടു’ (വെളി 12:17).

യേശുവാണു രക്ഷകൻ എന്നു  മറിയവും  മനസിലാക്കിയിരുന്നു.  ദൈവാലയത്തിൽ വച്ച് ഉണ്ണിയേശുവിനെ കൈയിലെടുത്തുകൊണ്ടു ശിമയോൻ  പറഞ്ഞ വാക്കുകൾ  യേശു രക്ഷകനാണെന്നതിൻറെ സ്ഥിരീകരണവുമായിരുന്നു.  ‘സകലജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എൻറെ  കണ്ണുകൾ കണ്ടുകഴിഞ്ഞു (ലൂക്കാ 2:31). ശിമയോനു  പിറകെ അന്നയും പറഞ്ഞത് അതുതന്നെയാണ്. ‘അവൾ അപ്പോൾ തന്നെ മുമ്പോട്ടുവന്നു   ദൈവത്തെ സ്തുതിക്കുകയും ജറുസലെമിൽ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന  എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു’ (ലൂക്കാ  2:38). എന്നാൽ അതിനു മുൻപുതന്നെ  യേശു എന്ന രക്ഷകൻ  ബെത്ലഹേമിൽ പിറന്നിരിക്കുന്നു എന്ന സദ്‌വാർത്ത ദൈവദൂതൻ   ആട്ടിടയന്മാർക്കു കൊടുത്തിരുന്നു.  ‘ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി  ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു’ (ലൂക്കാ 2:11 )

നമ്മുടെ രക്ഷയ്ക്കുവേണ്ടി  ദൈവപുത്രൻ  മനുഷ്യനായി.  മറിയത്തിലൂടെയും മറിയം വഴിയുമാണ് അതു  സംഭവിച്ചത് ( യഥാർഥ മരിയഭക്തി  എന്ന ഗ്രന്ഥത്തിൽ നിന്ന്). മറിയം രക്ഷകൻറെ ജനനത്തിനു കാരണമാകണമെന്നത് ദൈവത്തിൻറെ പൂർവനിശ്ചയമായിരുന്നു.  രക്ഷകന്റെ യോഗ്യതകളെ മുൻനിർത്തിയാണ് രക്ഷകൻറെ  ജനനത്തിനു മുൻപുതന്നെ ദൈവം മറിയത്തെ സർവകൃപകളാലും സമ്പന്നയാക്കിയത്.

മറിയത്തെക്കുറിച്ചുള്ള നാലു വിശ്വാസസത്യങ്ങൾ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.  അഞ്ചാമതൊരു വിശ്വാസസത്യം  സഭ  പ്രഖ്യാപിക്കുകയാണെങ്കിൽ  അതു മറിയം സഹരക്ഷകയാണ് എന്നതായിരിക്കുമെന്ന്  നമുക്കു പ്രതീക്ഷിക്കാം.   രക്ഷാകര ദൗത്യത്തിൽ  മറിയത്തിൻറെ സഹകരണവും പങ്കും അത്രമേൽ  മഹത്തരമായിരുന്നു. സകലമനുഷ്യരുടെയും രക്ഷയ്ക്കായി കാൽവരിയിൽ നിറവേറാനിരിക്കുന്ന  പരമയാഗത്തിലേക്കുള്ള ബലിവസ്തുവിനെ വളർത്തിയൊരുക്കിയ മറിയം ആ മുപ്പത്തിമൂന്നു വർഷങ്ങളിലും തൻറെ പുത്രൻറെ പീഡാസഹനവും കുരിശുമരണവും ആത്മാവിൽ അനുഭവിക്കുകയായിരുന്നു.   തൻറെ ജനനനിമിഷം മുതൽ  മരണനാഴിക വരെ തന്നോടൊപ്പമുണ്ടായിരുന്ന മറിയത്തെ യേശു നമുക്കും അമ്മയായി തന്നത്   നമ്മൾ  അവളെ അനുകരിച്ച്         സ്വന്തം കുരിശുമെടുത്ത്  ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നതിനുവേണ്ടിയാണ്.

രക്ഷ പൂർണമാകുന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടി  ക്രിസ്തു സഹിച്ചവയോട് നമ്മുടെ  സഹനങ്ങളും ചേർത്തുവയ്ക്കുമ്പോഴാണ്.  മറിയം അത് ചെയ്തുകഴിഞ്ഞു. സഭയ്ക്കുവേണ്ടി ക്രിസ്തു സഹിച്ച പീഡകളുടെ  കുറവ് താൻ  തൻറെ ശരീരത്തിൽ നികത്തുന്നു എന്ന് പറഞ്ഞുകൊണ്ട് പൗലോസും അതു ചെയ്തുകഴിഞ്ഞു.  സ്വന്തം ആത്മാരാക്ഷയ്ക്കുവേണ്ടി കുരിശുകൾ ക്ഷമയോടെ സഹിക്കാനുള്ള ശക്തിയ്ക്കായി മറിയത്തിൻറെ മാധ്യസ്ഥം തേടി പ്രാർഥിക്കാം.

സുകൃതജപം

രക്ഷിതാവിൻറെ മാതാവേ, ഞങ്ങളുടെ ആത്മരക്ഷയെ തടസപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ്   അവയെ പരിത്യജിക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരണമേ.

(15) വിവേകൈശ്വര്യമുള്ള  കന്യക

ജ്ഞാനത്തിൻറെയും അറിവിൻറെയും നിധിയൊക്കെയും  ഒളിഞ്ഞിരിക്കുന്നതു  യേശുകിസ്തുവിലാണ് (കൊളോ. 2:3). കാരണം   യേശുവിൽ നിറഞ്ഞുനിന്നിരുന്നത്  വിവേകത്തിൻറെ വചനവും  ജ്ഞാനത്തിൻറെ വചനവും  നൽകുന്ന പരിശുദ്ധാത്മാവായിരുന്നു ( 1 കൊറി 12:8). പരിശുദ്ധാത്മാഭിഷേകം ലഭിച്ചവർക്ക് വിവേകത്തിൻറെ  വരം സ്വാഭാവികമായും ലഭിച്ചിരിക്കും.  ഏശയ്യാ പ്രവാചകൻ പറയുന്നു. ‘കർത്താവിൻറെ ആത്മാവ് അവൻറെ മേൽ ആവസിക്കും. ജ്ഞാനത്തിൻറെയും വിവേകത്തിൻറെയും ആത്മാവ്, ഉപദേശത്തിൻറെയും ശക്തിയുടെയും  ആത്മാവ്, അറിവിൻറെയും  ദൈവഭക്‌തിയുടെയും  ആത്മാവ്….’ ( ഏശയ്യാ 11:2).

മറിയത്തിൻറെ മേൽ പരിശുദ്ധാത്മാവ്  ആവസിക്കുമെന്ന ഗബ്രിയേൽ മാലാഖയുടെ പ്രവചനം  നിറവേറി എന്നതിൻറെ അർഥം  പരിശുദ്ധാത്മാവു നിറഞ്ഞവരിൽ  ദൃശ്യമാകുന്ന വിവേകം ആദിയായ  വരങ്ങൾ മറിയത്തിൽ  സമൃദ്ധമായി ഉണ്ടായിരുന്നു എന്ന് കൂടിയാണല്ലോ. മറിയത്തിൻറെ ജീവിതം മുഴുവൻ എടുത്തുനോക്കിയാലും അവളിൽ നിന്ന് വിവേകരഹിതമായ ഒരു നോട്ടമോ വാക്കോ പ്രവൃത്തിയോ ഉണ്ടായതായി നാം കാണുന്നില്ല എന്ന് മാത്രമല്ല  വിശുദ്ധഗ്രന്ഥത്തിൽ മറിയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം തന്നെ വരച്ചുകാട്ടുന്നത് വിവേകത്തിൻറെ പൂർണ്ണതയിലെത്തിയ ഒരു  സ്ത്രീരത്നത്തിൻറെ ചിത്രമാണ്.

മറിയത്തിൻറെ മൗനം പോലും വിവേകത്തിൻറെ  പ്രവൃത്തിയായിരുന്നു. താൻ  ലോകരക്ഷകൻറെ മാതാവാകാൻ  തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന ആഹ്ളാദവാർത്ത അവൾ ആരോടും പറയാതെ ഹൃദയത്തിൽ സൂക്ഷിക്കുകയാണു ചെയ്തത്.  പുൽത്തൊഴുത്തിൽ പിറന്ന കുഞ്ഞിന് സമ്മാനമായി ജ്ഞാനികൾ      പൊന്നും മീരയും  കുന്തിരിക്കവും   കാഴ്ചവച്ചപ്പോൾ അതിൻറെ ആന്തരികാർത്ഥം മറിയത്തിനു തീർച്ചയായും മനസിലായിരിക്കണം. പക്ഷേ അവൾ  ഒന്നും പറയുന്നില്ല. കുരിശിൻ ചുവട്ടിൽ മറിയത്തിനു പറയാൻ ഒരായിരം വാക്കുകൾ ഉണ്ടായിരുന്നിരിക്കണം. എന്നാൽ അവിടെയും അവൾ  വിവേകപൂർണമായ മൗനം പാലിച്ചു.   യേശുവിനെ ഒന്നു  കാണേണ്ട ആവശ്യം വന്നപ്പോൾ അവിടുന്ന് ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മറിയം  വിവേകപൂർണമായ സംയമനം പാലിച്ചുകൊണ്ട് പുറത്തു കാത്തുനിൽക്കുകയാണ്.  കാരണം  തന്നെക്കാൾ കൂടുതലായി തൻറെ പുത്രൻറെ മേൽ അവകാശമുളളത് ആ ജനക്കൂട്ടത്തിനാണെന്ന് അവൾ  തിരിച്ചറിഞ്ഞു.

യേശുവിൻറെ സഹോദരന്മാർ പോലും അവനിൽ വിശ്വസിച്ചിരുന്നില്ല (യോഹ. 7:5). മറിയം യേശുവിൽ പൂർണമായി വിശ്വസിച്ചിരുന്നു. എന്നാൽ  യേശുവിൽ വിശ്വസിക്കാത്തവരെ പറഞ്ഞുവിശ്വസിപ്പിക്കാനൊന്നും മറിയം മിനക്കെടുന്നില്ല. കാരണം യേശുവിൻറെ സമയം ഇനിയും ആയിട്ടില്ല ( യോഹ. 7:6) എന്നതിനാൽ   യേശുവാണ്  ക്രിസ്തുവെന്ന രഹസ്യം സമയത്തിൻറെ പൂർണ്ണതയിൽ മാത്രം  മറ്റുളളവർ അറിഞ്ഞ മതി എന്ന വിവേകപൂർണമായ തീരുമാനമാണ് മറിയം എടുത്തത്.   ഇതു തന്നെ  കാനായിലെ കല്യാണവീട്ടിലും നമുക്കു കാണാം.  അവിടെ വീഞ്ഞ് തീർന്നുപോയി എന്ന കാര്യം മറിയം മകനോടു നേരിട്ടാണ് പറയുന്നത്. ആ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കിയതിനുശേഷം   മറിയം രംഗത്തുനിന്ന് നിഷ്ക്രമിക്കുകയാണ്.  മറിയത്തോടു സവിശേഷമായ ഒരാത്മബന്ധം പുലർത്തിയിരുന്ന  യോഹന്നാൻറെ സുവിശേഷത്തിൽ മാത്രമേ കാനായിലെ അത്ഭുതം രേഖപ്പെടുത്തിയിട്ടുള്ളൂ  എന്നോർക്കണം.

വിവേകം എന്ന വാക്ക് ക്രിസ്തീയ പശ്ചാത്തലത്തിൽ മനസിലാക്കേണ്ടത് ദൈവത്തിനു പ്രീതികരമായ വഴി തെരഞ്ഞെടുക്കുക  എന്ന അർഥത്തിലാണ്. ഒരു പ്രത്യേകസാഹചര്യത്തിൽ  ഒന്നിലധികം വഴികൾ തുറന്നുകിടപ്പുണ്ടെങ്കിലും, അവയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെങ്കിലും അവയിൽ നിന്ന് ഏറ്റവും ശ്രേഷ്ഠവും ദൈവത്തിനു സ്വീകാര്യവുമായ വഴി തിരഞ്ഞെടുക്കുന്നതാണ് ക്രിസ്തീയവിവേകം. ഈ പുണ്യത്തിൻറെ മകുടമായിരുന്നു മറിയം. ചെയ്ത കാര്യങ്ങളിലും  ചെയ്യാതിരുന്ന കാര്യങ്ങളിലും,  പറഞ്ഞ വാക്കുകളിലും പറയാതിരുന്ന വാക്കുകളിലും  മറിയം പ്രകടിപ്പിച്ചത്  ഈ  സ്വർഗീയവിവേകം ആയിരുന്നു. മറിയത്തിൻറെ സ്തോത്രഗീതം ആകെയെടുത്തു നോക്കിയാലും അവൾ ഒരിക്കലും എലിസബത്തിന്റെ മുൻപിൽ സ്വയം മഹത്വപ്പെടുത്തുന്നതായി കാണുന്നില്ല. മറിയം കർത്താവിൻറെ അമ്മയാകാൻ പോകുന്നു എന്ന് എലിസബത്ത് ഏറ്റുപറഞ്ഞതിനു ശേഷമാണ് മറിയം സ്തോത്രഗീതം ആലപിക്കുന്നത്.  താൻ രക്ഷകന്റെ അമ്മയാണെങ്കിലും ‘ സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ’ എന്നു  കർത്താവു തന്നെ സാക്ഷ്യപ്പെടുത്തുന്ന  സ്നാപകയോഹന്നാൻറെ അമ്മയുടെ മുൻപിൽ   ആത്മപ്രശംസ  ചെയ്യാൻ മറിയത്തിൻറെ വിവേകം അനുവദിച്ചില്ല.

‘തിന്മ അവൻറെ വിവേകത്തെ  മാറ്റിമറിക്കാതെ, വഞ്ചന മനസിനെ  പ്രലോഭിപ്പിക്കാതെ, അവൻ സംവഹിക്കപ്പെട്ടു ( ജ്ഞാനം 4:11) എന്ന വചനം  മറിയത്തെക്കുറിച്ചല്ല എങ്കിലും ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക്‌സംവഹിക്കപ്പെട്ട പരിശുദ്ധ കന്യകയ്ക്ക് തികച്ചും  അനുയോജ്യമായ വിശേഷണം തന്നെയാണ്. ക്രിസ്തീയ പൂർണത പ്രാപിക്കാൻ വിവേകം അവശ്യം ആവശ്യമാണ്.  വിവേകം ലഭിക്കാനുള്ള വഴി പ്രാർഥനയാണെന്നു വിശുദ്ധ ഗ്രന്ഥം പറയുന്നു.  ‘ ഞാൻ പ്രാർഥിച്ചു, എനിക്കു വിവേകം ലഭിച്ചു ( ജ്ഞാനം 7:7). രാജാവിൻറെ കോപം മരണത്തിൻറെ ദൂതനാണ്; വിവേകിയ്ക്ക് അതു ശമിപ്പിക്കാൻ കഴിയും’ ( സുഭാ. 16:14). ദൈവകോപത്തിൽ നിന്നും നിത്യമരണത്തിൽ നിന്നും രക്ഷപ്പെടാനായി  മിശിഹാ കഴിഞ്ഞാൽ നമുക്ക് ആശ്രയിക്കാനുള്ളത്  വിവേകപൂർണയായ മറിയത്തെയാണല്ലൊ.  ‘ അവളിൽ  ചിന്തയുറപ്പിക്കുന്നതാണ്  വിവേകത്തിൻറെ പൂർണത’  (ജ്ഞാനം 6: 15) എന്ന തിരുവചനം  ഓർത്തുകൊണ്ട് വിവേകം എന്ന പുണ്യം ലഭിക്കാനായി നമുക്ക് മാതാവിനോട് പ്രാർഥിക്കാം.

സുകൃതജപം

വിവേകമുള്ള  കന്യകയായ പരിശുദ്ധ അമ്മേ,  വിവേകം എന്ന പുണ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

(16)

സ്തുതിയ്ക്കു യോഗ്യയായ കന്യക

മറിയത്തെ നാം സ്തുതിക്കണമോ? ഇത് അനേക നൂറ്റാണ്ടുകളായി ക്രിസ്തീയവിശ്വാസികളിൽ ഭിന്നിപ്പിനു ഹേതുവായിട്ടുള്ള ഒരു വിഷയമാണ്. ‘വചനം മാത്രം’ ( Sola Scriptura) എന്ന കർശനനിലപാട് സ്വീകരിച്ചിരിക്കുന്ന ചില ക്രൈസ്തവവിഭാഗങ്ങളും  മറിയത്തെ ആദരിക്കുന്നു എന്ന് അവകാശപ്പെടുന്ന  ചില മതങ്ങളും  ഇക്കാര്യത്തിൽ  ഏകാഭിപ്രായക്കാരാണ്. അവരെ സംബന്ധിച്ചിടത്തോളം മറിയം ഉത്തമയായ ഒരു സ്ത്രീ ആയിരുന്നു. അവൾ  യേശുവിൻറെ അമ്മയായിരുന്നു.  എന്നാൽ അതിലുപരിയായി മറിയം എന്തെങ്കിലും ശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നതായി അവർ സമ്മതിക്കില്ല.  എന്നാൽ  മറിയം സ്തുതിയ്ക്കു യോഗ്യയാണ്  എന്നതിൽ   കത്തോലിക്കാസഭയ്ക്കു സംശയമേയില്ല.

മരിയസ്‌തുതികളെ എതിർക്കുന്നവരുടെ ന്യായം ആരാധനയും സ്തുതിയും  ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണെന്നതാണ്. അതു  തികച്ചും ശരിയുമാണ്. എന്നാൽ  മറിയത്തിനും  വിശുദ്ധർക്കും നാം കൊടുക്കുന്ന വണക്കം പരിശുദ്ധത്രിത്വത്തിനു കൊടുക്കുന്ന ആരാധനയ്ക്കു സമാനമോ അതിനോടു  താരതമ്യപ്പെടുത്താവുന്നതോ അല്ല  എന്ന വസ്തുത അവർ മറന്നുപോകുന്നു. ദൈവത്തിനു മാത്രം അവകാശപ്പെട്ട ആരാധനയ്ക്ക് latria   എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കുന്നത്.  വിശുദ്ധർക്കു  കൊടുക്കുന്ന വണക്കത്തെ സൂചിപ്പിക്കാൻ dulia  എന്ന പദവും ഉപയോഗിക്കുന്നു.  എന്നാൽ പരിശുദ്ധ അമ്മയോടുള്ള വണക്കത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം hyperdulia  എന്നതാണ്. ഇതു  സാധാരണ വിശുദ്ധർക്കു  നൽകുന്ന വണക്കത്തേക്കാൾ ഉയർന്നതും  ദൈവത്തിനു  മാത്രം നൽകേണ്ട ആരാധനയെക്കാൾ  താഴ്ന്നതുമാണ്.  മറിയം ദൈവമാതാവ് എന്ന സവിശേഷസ്ഥാനം അലങ്കരിക്കുന്നതുകൊണ്ടാണു   മറിയത്തിനു മറ്റു വിശുദ്ധരിൽ നിന്നു വ്യത്യസ്തമായി  ഉയർന്ന വണക്കം ( hyperdulia) നല്‍കുന്നത്.

ക്രിസ്ത്യാനികൾ   മറിയത്തെ ആരാധിക്കുകയല്ല  ചെയ്യുന്നത്, പിന്നെയോ ഒരു മനുഷ്യനു  നല്കാവുന്നതിൽ  ഏറ്റവും ഉന്നതമായ വണക്കം നൽകി അവളെ ആദരിക്കുകയാണു  ചെയ്യുന്നത് എന്നു  നാം മനസിലാക്കണം. മറിയം അത് അർഹിക്കുന്നുണ്ട്. കാരണം ഗബ്രിയേൽ ദൂതൻ മറിയത്തെ  അഭിവാദനം ചെയ്തതു ‘ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി’  എന്നായിരുന്നുവല്ലോ. വേറെ ഏതു മനുഷ്യനെയാണ് ഒരു ദൈവദൂതൻ ഇങ്ങനെ അഭിസംബോധന ചെയ്തിട്ടുള്ളത്? ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന്  ഏതു  മനുഷ്യനോടാണ് എന്നെങ്കിലും ഒരു ദൂതൻ പറഞ്ഞിട്ടുള്ളത്? അത്യുന്നതൻറെ പുത്രൻറെ മാതാവാകാൻ വേറെ ഏതു സ്ത്രീയെയാണു  ദൈവം തെരഞ്ഞെടുത്തത്?  വേറെ ഏതു  കന്യകയാണ് ഒരു കുഞ്ഞിനു ജന്മം കൊടുത്തിട്ടുള്ളത്?  ഉല്പത്തി മുതൽ വെളിപാടു  വരെയും  ഇത്രയേറെ  തവണ  പരാമർശിക്കപ്പെട്ടിട്ടുള്ള വേറെ ഏതു മനുഷ്യനാണുള്ളത്? പരിശുദ്ധാത്മാവ് നിൻറെ മേൽ വരും എന്ന് യേശുവിൻറെ ജനനത്തിനു മുൻപ്  എത്ര   പേരോടു    ദൈവദൂതൻ പറഞ്ഞിട്ടുണ്ട്? സകല തലമുറകളും ഭാഗ്യവതി എന്നു  പ്രകീർത്തിക്കുന്ന വേറെ ഏതു  സ്ത്രീയാണുള്ളത്? സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവും ആക്കാൻ അനുവാദവും അധികാരവും നൽകപ്പെട്ട വേറെ ഏതു  രാജ്ഞിയാണുളളത്? വേറെ ഏതെങ്കിലും മനുഷ്യനോടു  സാത്താൻ നിതാന്തശത്രുത പ്രഖ്യാപിച്ചിട്ടുണ്ടോ? ഏതു  സ്ത്രീയുടെ മക്കളോടാണു   സർപ്പം യുദ്ധം ചെയ്യാൻ (വെളി  12:17)   ഇറങ്ങിത്തിരിക്കുന്നത്?

മറിയം തീർച്ചയായും നമ്മിൽ നിന്ന്  ഒരു ഉയർന്ന വണക്കം അർഹിക്കുന്നു.  വിശുദ്ധർ പറയുന്നത് സ്വര്ഗഗ്ഗത്തിലെ മാലാഖമാർ പോലും മറിയത്തെ വണങ്ങുന്നു എന്നാണ്.  വിശുദ്ധനായ ബൊനവഞ്ചർ പറയുന്നത്  സ്വർഗത്തിലുള്ള സകല മാലാഖമാരും  പരിശുദ്ധ, പരിശുദ്ധ, പരിശുദ്ധയായ മറിയമേ. ദൈവാംബികയെ, കന്യകയേ,  എന്ന് ഇടവിടാതെ ഉദ്‌ഘോഷിക്കുകയും  ഓരോ ദിവസവും അവളുടെ മുൻപിൽ  പ്രണമിച്ചുകൊണ്ടു   മറിയമേ സ്വസ്തി എന്നു  കോടാനുകോടി പ്രാവശ്യം ആലപിച്ചുകൊണ്ട് എന്തെങ്കിലും  ആജ്ഞകൾ നൽകി തങ്ങളെ ബഹുമാനിക്കാൻ കനിയണമേ  എന്നു  യാചിക്കുകയും ചെയ്യുന്നു എന്നാണ്.

സ്വർഗ്ഗീയസൈന്യങ്ങളുടെ  രാജകുമാരനായ വിശുദ്ധ മിഖായേൽ പോലും  മറിയത്തെ ഏറ്റവും തീക്ഷ്ണതയോടെ ബഹുമാനിക്കുകയും  മറ്റുള്ളവരെക്കൊണ്ട് ബഹുമാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് വിശുദ്ധ ആഗസ്തീനോസ് പറയുന്നത്.  മാലാഖഹമാരും സ്വർഗവാസികളും വിശുദ്ധരും ഒന്നുപോലെ സ്തുതിക്കുന്ന മറിയത്തെ സ്തുതിക്കാൻ നാമെന്തിനു മടിക്കണം? മറിയത്തിൻറെ മഹത്വകീർത്തനങ്ങൾ പാടിക്കൊണ്ടു നമുക്കു നമ്മെത്തന്നെ അവളുടെ മാധ്യസ്ഥത്തിനു സമർപ്പിക്കാം.

സുകൃതജപം

സ്‌തുതിയ്ക്കു യോഗ്യയായ കന്യകയേ, അങ്ങയോടുള്ള ഭക്തിയിൽ നിന്ന് ഞങ്ങളെ അകറ്റുന്ന അബദ്ധപ്രബോധനങ്ങളിൽ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ.

(17)

വല്ലഭത്വമുള്ള കന്യക.

വല്ലഭത്വമുള്ള കന്യക  (Virgin most powerful) എന്ന വിശേഷണം പരിശുദ്ധ കന്യകയുടെ ശക്തിയെ സൂചിപ്പിക്കുന്ന ഒന്നാണ്.  മറിയത്തിന് എന്തെങ്കിലും ശക്തിയുണ്ടോ?  ഒരു വ്യക്തിയുടെ ശക്തിയെക്കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് ആ വ്യക്തിയുടെ ശത്രുക്കൾക്കായിരിക്കും.  സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ  കുടുംബാംഗങ്ങൾക്കോ  ഒരാളുടെ ശക്തിയെക്കുറിച്ച് വലിയ ബോധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല.  പ്രവാചകൻ സ്വന്തം  നാട്ടിൽ  ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശു തന്നെ പറഞ്ഞിട്ടുള്ള സത്യമാണ്.  ഇവൻ ആ തച്ചൻറെ മകനല്ലേ, ഇവൻറെ സഹോദരന്മാരും സഹോദരിമാരും  നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്നൊക്കെപ്പറഞ്ഞ് സ്വന്തം ജനങ്ങൾക്ക്  യേശുവിൽ  ഇടർച്ച  തോന്നാൻ കാരണം യേശുവിൻറെ ശക്തിയെക്കുറിച്ച് അവർക്കു  ബോധ്യം വരാത്തതുകൊണ്ടാണ്. എന്നാൽ യേശുവിൻറെ ശത്രുക്കളായ ഫരിസേയർക്കും സദുക്കായർക്കും  നിയമജ്ഞർക്കും പുരോഹിതർക്കും അവിടുത്തെ ശക്തിയെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു.  അതുകൊണ്ടാണല്ലോ അവർ ഏതു ഹീനമാർഗവും ഉപയോഗിച്ചിട്ടാണെങ്കിലും യേശുവിനെ ബന്ധിക്കണമെന്നും ഏറ്റവും വേദനാജനകമായ മരണം തന്നെ അവിടുത്തേയ്ക്കു  വിധിക്കണമെന്നും തീരുമാനിച്ചത്.

മറിയത്തിൻറെ കാര്യത്തിലും ഇതു  ശരിയാണ്.  അവളുടെ ശക്തിയെക്കുറിച്ച്  ഏറ്റവും കുറച്ചു ബോധ്യമുള്ളവവർ ഒരുപക്ഷേ അവളുട മക്കൾ  എന്നഭിമാനിക്കുന്ന ക്രിസ്ത്യാനികൾ ആയിരിക്കും എന്നു  തോന്നുന്നു.  എന്നാൽ മറിയത്തിൻറെ ശത്രുവായ സാത്താന് അവളുടെ ശക്തി എന്തെന്നു  കൃത്യമായി അറിയാം. ‘നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിൻറെ തല തകർക്കും’ (ഉല്പത്തി 3:15) എന്ന  പ്രവചനത്തോളം മറ്റൊന്നും  സാത്താനെ ഭയപ്പെടുത്തിയിട്ടില്ല. മറിയത്തിൻറെ  പേരു  കേൾക്കുമ്പോൾ പൈശാചികാരൂപികൾ അലറിക്കൊണ്ട് ഓടിപ്പോകുന്ന അനുഭവം  അനേകം ഭൂതോച്ഛാടകർ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.   ഒരു വലിയ ഗണം  പൈശാചികാരൂപികൾ ആവസിച്ചിരുന്ന ഒരു വ്യക്തിയ്ക്കു   പരിശുദ്ധ അമ്മയുടെ ജപമാല ഉപയോഗിച്ച് വിടുതൽ  നൽകിയ സംഭവം വിശുദ്ധ  ഡൊമിനിക്കിൻറെ ചരിത്രത്തിൽ നാം വായിക്കുന്നുണ്ട്.

യേശുക്രിസ്തു കഴിഞ്ഞാൽ തങ്ങൾ ഏറ്റവുമധികം ഭയപ്പെടുന്നത് കന്യകാമറിയത്തെ  ആണെന്നു  ദുഷ്ടാരൂപികൾ   വെളിപ്പെടുത്താൻ നിർബന്ധിതരായ അനുഭവങ്ങളും അനേകമുണ്ട്.  ഉഷസു പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും  സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവൾ ആരാണ്? (ഉത്തമഗീതം 6:10) എന്നു  മറിയത്തിൻറെ  ദർശനമാത്രയിൽ  ആരും അത്ഭുതപ്പെട്ടുപോകും വിധം അത്രയേറെ വല്ലഭത്വമുള്ള ഒരമ്മയെയാണ്  ഈശോ നമുക്കായി നൽകിയിരിക്കുന്നത് എന്നതിൽ അവിടുത്തേയ്ക്കു നന്ദി പറയാം.

ശക്തൻ ആയുധധാരിയായി തൻറെ കൊട്ടാരത്തിനു  കാവൽ നിൽക്കുമ്പോൾ  അവൻറെ വസ്തുക്കൾ  സുരക്ഷിതമാണ് ( ലൂക്കാ 11:21). അപ്പോൾ ഒരു ശത്രുവിനും അവൻറെ ഭവനം കവർച്ച ചെയ്യാൻ സാധിക്കില്ല.  നമ്മുടെ ഭവനത്തിൻറെയെന്നല്ല, ജീവിതത്തിൻറെ മുഴുവനും കാവൽ  പരിശുദ്ധ കന്യകയെ ഏൽപ്പിക്കുമെങ്കിൽ പിന്നെ നാം ഒരനർത്ഥവും ഭയപ്പെടേണ്ടതില്ല എന്നതു നിശ്ചയം. അവളുടെ ശക്തിയെക്കുറിച്ചു  ബോധ്യം  ഉള്ളവരെങ്കിൽ  കാലവിളംബം കൂടാതെ അവളുടെ മാതൃഹൃദയത്തിൽ അഭയം  തേടുകയാണു നാം ചെയ്യേണ്ടത്.

സുകൃതജപം

എത്രയും വല്ലഭത്വമുള്ള കന്യകേ,  അങ്ങയുടെ  ശക്തിയുള്ള സംരക്ഷണത്തിന് ഞങ്ങൾ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു. സാത്താൻറെ എല്ലാ ആക്രമണങ്ങളിൽ നിന്നും  അങ്ങ് ഞങ്ങളെ കാത്തുരക്ഷിക്കണമേ.

(18)

കനിവുള്ള കന്യക

പരിശുദ്ധ അമ്മയോടുള്ള പ്രാർഥനകളിൽ ഏറ്റവുമധികം പ്രചാരം സിദ്ധിച്ചിരിക്കുന്നത് ഒരുപക്ഷേ വിശുദ്ധ ബെർണാർഡിൻറെ പ്രാർഥനയായിരിക്കും. അത് ആരംഭിക്കുന്നതു തന്നെ  ‘എത്രയും  ദയയുള്ള മാതാവേ’ എന്ന്  മറിയത്തെ  അഭിസംബോധന ചെയ്തുകൊണ്ടാണ്.  ഈ ദയയുള്ള മാതാവിൻറെ സങ്കേതത്തിൽ ഓടി വന്ന്  അവളുടെ സഹായം തേടി അവളുടെ മാധ്യസ്ഥം  അപേക്ഷിച്ചവരിൽ ഒരുവനെപ്പോലും അവൾ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു വലിയ മനോശരണത്തോടെ വിശുദ്ധൻ  ഏറ്റുപറയുന്നു. ഈ ദയയുള്ള മാതാവിൻറെ  ദയാധിക്യത്തെ കാത്തുകൊണ്ട്  അവളുടെ സന്നിധിയിൽ നിൽക്കുന്ന ഭക്തൻറെ അപേക്ഷ ഉപേക്ഷിക്കാതെ  ദയാപൂർവം കേട്ടരുളണമേ  എന്ന യാചനയോടെയാണ്  ഈ പ്രാർഥന  അവസാനിപ്പിക്കുന്നത്.

എത്രയും  ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയോടൊപ്പം തന്നെ പ്രചാരമുള്ള പ്രാർഥനയാണ്  പരിശുദ്ധരാജ്ഞീ എന്ന പ്രാർത്ഥനയും. അതിൽ  മറിയത്തെ വിശേഷിപ്പിക്കുന്നത് കരുണയുള്ള മാതാവേ എന്നാണ്. ഹവ്വയുടെ പുറന്തള്ളപ്പെട്ട മക്കൾ കണ്ണുനീരിന്റെ താഴ്വരയിൽ നിന്നു വിങ്ങിക്കരയുമ്പോൾ  അമ്മയുടെ കരുണയുള്ള കണ്ണുകൾ തങ്ങളുടെ  നേരെ തിരിക്കണമേ എന്നാണ് പ്രാർഥിക്കുന്നത്. ഈ പ്രാർത്ഥന അവസാനിക്കുന്നതാകട്ടെ കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ  കന്യകാമറിയത്തെ വിളിച്ചുകൊണ്ടാണ്.

താൻ  തീർച്ചയായും നരകത്തിൽൽ പോകും എന്നുള്ള പൈശാചികമായ ചിന്ത മനസിലേക്ക് ഇട്ടുകൊടുത്തുകൊണ്ടാണ് സാത്താൻ വിശുദ്ധ  ഫ്രാൻസിസ് സാലസിനെ പീഡിപ്പിച്ചത്. ഒരു മാസം നീണ്ടുനിന്ന ആ ഇരുണ്ട കാലഘട്ടം പൊടുന്നനെ അവസാനിച്ചത് മുട്ടിന്മേൽ നിന്നുകൊണ്ട് എത്രയും ദയയുള്ള മാതാവേ എന്ന പ്രാർഥന ചൊല്ലിയപ്പോഴായിരുന്നു എന്നു വിശുദ്ധൻ എഴുതിയിട്ടുണ്ട്.

സ്വന്തം ഗര്ഭക്ലേശങ്ങങ്ങൾക്കിടയിലും  ദീർഘയാത്ര ചെയ്ത് എലിസബത്തിനെ സന്ദർശിക്കുകയും മൂന്നുമാസം അവൾക്കു ശുശ്രൂഷ ചെയ്യുകയും ചെയ്ത മറിയം അവിടെ തൻറെ കനിവിന്റെ മുഖം വെളിപ്പെടുത്തി.   വിവാഹസൽക്കാരത്തിൽ വീഞ്ഞ് തീർന്നുപോവുക  എന്ന അപമാനത്തിൽ നിന്നും  ഒരു കുടുംബത്തെ രക്ഷിക്കാൻ   അല്പം വഴിവിട്ടുപോലും  യേശുവിനോട് നിര്ദേശിക്കുന്നതും മറിയത്തിന്റെ കനിവിന്റെ പ്രകടനമല്ലേ?

വിശുദ്ധ്‌ലൂയിസ് ഡി മോൺഫോർട്ട് പ്രസ്താവിക്കുന്നത്  ഏറ്റവും നിസ്സാരനെയും ഏറ്റവും വലിയ നീചനെപ്പോലും തള്ളിക്കളയാത്ത  സ്നേഹസമ്പന്നയും  ദയാലുവുമാണ് മറിയം എന്നും അതുകൊണ്ട്  അവൾ  വഴി നാം ദൈവത്തെ സമീപിക്കുന്നത് ഉചിതമാണെന്നുമാണ്. . വിശുദ്ധ  ബെർണാർഡും ഇതുതന്നെ പറയുന്നു.  കനിവുള്ളവരുടെ മാധ്യസ്ഥം അപേക്ഷിക്കുന്നതു കൊണ്ടുമാത്രമേ  പ്രയോജനം ഉണ്ടാകുകയുള്ളൂ എന്നതു ലോകനിയമം തന്നെ.

താൻ കരുണയുടെ മാതാവാണെന്ന് പരിശുദ്ധ കന്യക വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട് ( ഡയറി 330). സ്വീഡനിലെ വിശുദ്ധ ബ്രിജീത്തിനും പരിശുദ്ധ കന്യക തൻ കരുണയുടെ മാതാവാണെന്നു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.   കരുണയുള്ളവർ ഭാഗ്യവാന്മാർ  എന്ന തിരുവചനം മറിയത്തിൻറെ  ജീവിതത്തിൽ സാര്ഥകമായി എന്നതിന് മറിയത്തിൻറെ വാക്കുകൾ തന്നെ സാക്ഷി. ‘ഇപ്പോൾ മുതൽ സകല തലമുറകളും   എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും (ലൂക്കാ  1:48). ഭാഗ്യപ്പെട്ടവളും കനിവിൻറെ നിറകുടവുമായ ആ അമ്മയെ സമീപിക്കാൻ നാം ഒരിക്കലും ഭഭയപ്പെടേണ്ടതില്ല.

സുകൃതജപം

കനിവുള്ള കന്യകേ ഞങ്ങളുടെ മേൽ അലിവായിരുന്ന്  സകല കെണികളിൽ നിന്നും സാത്താൻറെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

(19)

വിശ്വാസവതിയായ കന്യക

മറിയത്തിൽ   വിളങ്ങിനിന്ന പത്തു പുണ്യങ്ങളെക്കുറിച്ച്  വിശുദ്ധന്മാരും  സഭാപിതാക്കന്മാരും  പറയുന്നതിൽ  ഒന്ന് അവളുടെ സജീവവിശ്വാസമാണ്. ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയവളാണു മറിയം എന്ന് ഗബ്രിയേൽ മാലാഖ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 1:30). എങ്ങനെയാണ് ഒരാൾ  ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയത്? വിശുദ്ധഗ്രന്ഥം പറയുന്നത് അതിന് ഒരേയൊരു വഴിയേ ഉള്ളൂവെന്നാണ്.  അതു വിശ്വാസമാണ്.  വിശ്വാസമില്ലാതെ  ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല (ഹെബ്രാ  11:6). അതായത് മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയെങ്കിൽ അത് അവളുടെ വിശ്വാസത്തിൻറെ ഫലമായിരുന്നു എന്നു മനസിലാക്കാം.

എന്താണു വിശ്വാസം? അതു  പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന  ബോധ്യവുമാണ് ( ഹെബ്രാ  11:1). ഭക്തയായ  മറ്റേതൊരു ഹെബ്രായകന്യകയെയും പോലെ മറിയവും രക്ഷകൻ തൻറെ മകനായി ജനിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകും.  താൻ രക്ഷകൻറെ  അമ്മയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു  എന്നു  മംഗളവാർത്തയുടെ  വേളയിൽ  ദൈവദൂതൻ പറഞ്ഞപ്പോൾ  മറിയത്തിൻറെ   ഹൃദയം പ്രത്യാശാഭരിതമായി.  താൻ പ്രത്യാശിച്ച കാര്യം  തനിക്കു ലഭിക്കുമെന്ന് അവൾ ഉറപ്പായും വിശ്വസിച്ചു.

തന്നോടു   വാഗ്‌ദാനം ചെയ്തവൻ വിശ്വസ്തനാണെന്നു സാറയെപ്പോലെ (ഹെബ്രാ 11:11) മറിയവും വിശ്വസിച്ചു. ആ വിശ്വാസത്താൽ സാറ  പ്രായം കവിഞ്ഞവളായിരുന്നിട്ടും ഗർഭധാരണത്തിനുവേണ്ട ശക്തി പ്രാപിച്ചതുപോലെ  (ഹെബ്രാ 11:11) ഇതാ കർത്താവിൻറെ  ദാസി, നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന വിശ്വാസപ്രഖ്യാപനത്താൽ മറിയവും  ദൈവപുത്രനു  ജന്മം നൽകാനുള്ള ശക്തി സംഭരിച്ചു.   വിശ്വാസം മൂലം  ‘ ഒരുവനിൽ നിന്ന്, അതും മൃതപ്രായനായ ഒരുവനിൽ നിന്ന് – ആകാശത്തിലെ നക്ഷത്രജാലങ്ങൾ  പോലെയും  കടലോരത്തെ സംഖ്യാതീതമായ മണൽത്തരികൾ പോലെയും വളരെപ്പേർ ജനിച്ചുവെങ്കിൽ  (ഹെബ്രാ 11:12).  മറിയവും തൻറെ വിശ്വാസത്താൽ  തൻറെ ആദ്യജാതനായ യേശുവിലൂടെ ലോകത്തിലെ  സകല ജനതയ്ക്കും അമ്മയായി   ഭവിച്ചു.

വിശ്വാസം മൂലമാണു   പരീക്ഷിക്കപ്പെട്ടപ്പോൾ  അബ്രഹാം ഇസഹാക്കിനെ സമർപ്പിച്ചത് ( ഹെബ്രാ  11:17). വിശ്വാസത്താൽ   തന്നെയാണു  മറിയവും തൻറെ പുത്രനെ  നിർമലവും സനാതനമായ ബലിവസ്തുവായി  ഒരുക്കി ദൈവത്തിനു സമർപ്പിച്ചത്.

വിശ്വാസത്തിൻറെ രണ്ടാമത്തെ തലം  കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യമാണ്. കന്യക ഗർഭം ധരിക്കുക എന്നത്  ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അതായതു  മനുഷ്യബുദ്ധിയ്ക്കു കാണാനോ ഗ്രഹിക്കാനോ  സാധിക്കാത്ത  രഹസ്യമാണത്.  എന്നാൽ ദൃശ്യലോകം എന്നതുപോലെ അദൃശ്യലോകവും ഉണ്ട്.  നാം അതു മനസിലാക്കുന്നതു  വിശ്വാസത്തിലൂടെയാണ്. ദൃശ്യങ്ങൾ നശ്വരങ്ങളാണെന്നും അദൃശ്യങ്ങൾ അനശ്വരങ്ങൾ ആണെന്നും ( 2 കൊറി  4:18) വിശ്വാസത്തിലൂടെ മനസിലാക്കിയ മറിയം  കാണപ്പെടാത്തവ ഉണ്ട് എന്ന്  ഉറച്ചു  വിശ്വസിച്ചു.

വിശുദ്ധർ പറയുന്നത് മറിയത്തിൻറെ വിശ്വാസം എന്നതു  സകല വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും ആകെ വിശ്വാസത്തെക്കാൾ കൂടുതലാണെന്നാണ്. അങ്ങനെ പ്രസ്താവിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം  വിശുദ്ധർക്കും പുണ്യാത്മാക്കൾക്കും വിശ്വസിക്കാൻ മറിയം എന്നൊരു മാതൃക ഉണ്ടായിരുന്നു. എന്നാൽ മറിയത്തിനാകട്ടെ അങ്ങനെയൊരു മാതൃക  ഉണ്ടായിരുന്നില്ല. 

വിശ്വാസിയുടെ പ്രഥമപ്രതിഫലം സഹനമാണ്.  ക്രിസ്തുവിൽ  വിശ്വസിക്കാൻ മാത്രമല്ല,  അവനുവേണ്ടി സഹിക്കാൻ കൂടിയുള്ള അനുഗ്രഹം  അവനെ പ്രതി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു (ഫിലിപ്പി 1:29). ക്രിസ്തുവിനു വേണ്ടി സഹിക്കാനുള്ള അനുഗ്രഹം സമൃദ്ധമായി ലഭിച്ച ആദ്യത്തെ വ്യക്തി  മറിയമായിരുന്നു. അങ്ങനെ മറിയം  അവൻറെ സഹനത്തിൽ പങ്കു ചേരുന്നതിനും  അവൻറെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും ( ഫിലിപ്പി 3:10) സ്വയം  ഒരുങ്ങി.വിശ്വാസത്തിൻറെ  പരിച കൊണ്ടു  ദുഷ്ടൻറെ ജ്വലിക്കുന്ന കൂരമ്പുകളെ  കെടുത്തുന്നതിനു( എഫേ 6:16)  മറിയത്തിനു കഴിഞ്ഞതുകൊണ്ടാണ്  പീഡനത്തിൻറെയും പരീക്ഷയുടെയും   വേളയിൽ  പിടിച്ചുനിൽക്കാൻ മറിയത്തിനു കഴിഞ്ഞത്.

വാഗ്‌ദാനം നല്കപ്പെട്ടതു വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ്  (റോമാ  4:16) എന്നതുപോലെ തന്നെ വാഗ്ദാനത്തിൻറെ  പൂർത്തീകരണത്തിനും  വിശ്വാസം ആവശ്യമായിരുന്നു. ആ വിശ്വാസം സവിശേഷമായ അളവിൽ  വിളങ്ങിയിരുന്ന മറിയത്തിനാണു   വിശ്വാസത്തിൻറെയും നിയമത്തിൻറെയും പൂർത്തീകരണമായ യേശുവിനു ജന്മം കൊടുക്കാനുള്ള നിയോഗം ലഭിച്ചത്.

ഹവ്വ തൻറെ അവിശ്വാസം കൊണ്ട് നഷ്ടപ്പെടുത്തിയത് മറിയം തൻറെ വിശ്വാസം കൊണ്ടു തിരിച്ചുപിടിച്ചു എന്നാണ്  വിശുദ്ധ ഇരണേവൂസ് പറയുന്നത്.  വിശ്വാസം യുക്തിയുടെ കണ്ണുകൾ കൊണ്ടു മനസിലാക്കാൻ സാധിക്കുന്ന ഒന്നല്ല. യുക്തിയുടെ അന്ധകാരം കൊണ്ടു വിശ്വാസത്തെ നിർവീര്യമാക്കുകയല്ല, മറിച്ച് വിശ്വാസത്തിൻറെ  വെളിച്ചം കൊണ്ട്  യുക്തിയുടെ ഇരുളിനെ മറികടക്കുകയാണ് ചെയ്യേണ്ടത്. അതിനായി  മറിയത്തിൻറെ   സഹായം നമുക്കു യാചിക്കാം.

സുകൃതജപം

 വിശ്വാസവതിയായ കന്യകേ, വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരണമേ.

(20)

നീതിയുടെ ദർപ്പണം

മറിയത്തിന്റെ  ആത്മാവ് നിർമ്മലവും പരിശുദ്ധവും ആയതിനാൽ ദൈവികപ്രകാശത്തെ  കുറവെന്യേ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി അവൾ മാറി എന്നതിൽ അത്ഭുതമില്ല. കർത്താവിൻറെ നാമത്തെ ഭയപ്പെടുന്നവർക്കുവേണ്ടി  ഉദിക്കാനിരിക്കുന്ന  നീതിസൂര്യനെക്കുറിച്ച് പ്രവചിച്ചുകൊണ്ടാണ്  പഴയനിയമം അവസാനിക്കുന്നത് (മലാക്കി 4:2). ആ നീതിസൂര്യൻ യേശുവായിരുന്നുവല്ലോ.

ജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘നിത്യതേജസിൻറെ  പ്രതിഫലനമാണവൾ.  ദൈവത്തിൻറെ  പ്രവർത്തനങ്ങളുടെ നിർമലദർപ്പണം'(ജ്ഞാനം 7:26). ഈ  വചനങ്ങൾ മറിയത്തെക്കുറിച്ചും പറയുന്നതിനു നാം മടിക്കേണ്ടതില്ല. കാരണം   നിത്യതേജസെന്നതു യേശുവാണെങ്കിൽ ആ തേജസിനെ   ഒരു  കണ്ണാടിയിലെന്നതുപോലെ പ്രതിഫലിപ്പിച്ചവളാണ് മറിയം.   പരിശുദ്ധ കന്യകയുടെ വിമലഹൃദയത്തിനുള്ള പ്രതിഷ്ഠയുടെ അടിസ്ഥാനം  മറിയം വഴി  യേശുവിലേക്ക് എന്നതാണ്.  നമ്മുടെ ഹൃദയങ്ങളെ മറിയത്തിൻറെ വിമലഹൃദയമാകുന്ന പ്രിസത്തിലൂടെ  കടത്തിവിടുമ്പോൾ അത് നമ്മുടെ  അന്തിമലക്ഷ്യമായ യേശുവിൻറെ തിരുഹൃദയത്തിന് അനുരൂപമാകുന്നുവെന്ന് മരിയഭക്തരായ വിശുദ്ധർ പറയുന്നു.

ദൈവനീതിയുടെ പൂർത്തീകരണവും യേശുവാണ്.  ആ യേശുവിനെ രൂപപ്പെടുത്തിയ മൂശ മറിയമാണ്. യേശു മറിയത്തിൻറെ  ഉദരത്തിൽ ആയിരുന്ന   കാലമത്രയും  ആ ദൈവനീതിയെ പ്രതിഫലിപ്പിച്ചിരുന്നതും മറിയമാണ്.   യേശുവിനോടൊത്ത് മുപ്പതുവർഷം  ജീവിക്കാൻ ഭഭഗ്യം ലഭിച്ചവളാണ് മറിയം. നാം അടുത്തിടപഴകുന്ന  വ്യക്തികളുടെ സ്വഭാവം  നമ്മിലേക്കു പകരും എന്നതു സാമാന്യതത്വമാണല്ലോ.  അങ്ങനെയെങ്കിൽ മുപ്പതുവർഷം   നീതിസൂര്യനായ യേശുവിനോടൊപ്പം ഒരേവീട്ടിൽ ജീവിച്ച മറിയം യേശുവിൻറെ സ്വഭാവത്തെ പ്രതിഫലിപ്പിച്ചു എന്നതിൽ അത്ഭുതമില്ല. അവിടുത്തെ സ്നേഹം, കാരുണ്യം, ശാന്തത, സമാധാനം,  വിശ്വാസം, തീക്ഷ്ണത, അനുസരണം  എല്ലാം  ഒരു  കണ്ണാടിയ്ക്കു സമാനം മറിയത്തിൻറെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു.

നാം കണ്ണാടി ഉപയോഗിക്കുന്നത് ഒന്നുകിൽ സ്വന്തം കുറവുകൾ മനസിലാക്കാൻ വേണ്ടിയായിരിക്കും. അല്ലെങ്കിൽ സ്വന്തം  മേന്മകൾ മനസിലാക്കാൻ വേണ്ടിയായിരിക്കും .   ഇതു രണ്ടും  അപകടകരമായി മാറിയേക്കാം.. കുറവുകളെ പർവതീകരിച്ച്  അതിനെക്കുറിച്ച് ആകുലപ്പെടുന്നതും മേന്മകളെയോർത്ത് സ്വയം അഭിനന്ദിക്കുന്നതും                അപകടകരമാണ്. ഇതിനൊരു പരിഹാരമായിട്ടാണ് ഈശോ നമുക്ക് നീതിയുടെ നിർമല ദർപ്പണമായ മറിയത്തെ    നൽകിയിരിക്കുന്നത്. നാം നോക്കേണ്ടത് മറിയമാകുന്ന കണ്ണാടിയിലേക്കാണ്. അപ്പോൾ  നമുക്ക് മറിയത്തെ   അനുകരിക്കാനുള്ള കൃപ ലഭിക്കും.

ജനതയ്ക്കു നീതി പ്രദാനം ചെയ്യാനും വിശ്വസ്തതയോടെ നീതി പുലർത്താനും ആ നീതി സ്ഥാപിക്കപ്പെടുന്നതുവരെ പരാജിതനോ അധീരനോ ആകാതിരിക്കാനും വേണ്ടി ദൈവം  അഭിഷേകം ചെയ്ത ( ഏശയ്യാ 42:1-4) യേശുവിനെ  അതിനായി ഒരുക്കിയതു മറിയമായതു കൊണ്ട്‌ആ നീതിയുടെ പ്രതിഫലനം അവളുടെ  ആത്മാവിലും ഉണ്ടാവുക എന്നത് യുക്തമത്രേ. നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങൾ എന്നു യേശു തന്നെ പറയുന്ന നീതി,  കാരുണ്യം, വിശ്വസ്തത  എന്നിവ ( മത്തായി 23:23) അങ്ങേയറ്റം പാലിച്ച വ്യക്തിയും മറിയമായിരുന്നു.

നീതി ജലം പോലെയും സത്യം  ഒരിക്കലും വറ്റാത്ത നീർച്ചാലുപോലെയും ഒഴുകുന്ന ( ആമോസ്  5:24) ഒരു പ്രഭാതം ഉദിക്കുന്നതുവരെ   നമുക്കു മറിയമാകുന്ന നീതിയുടെ ദർപ്പണം പ്രതിഫലിപ്പിക്കുന്ന  പ്രകാശത്തിൻറെ പ്രഭയിൽ സഞ്ചരിക്കാം.

സുകൃതജപം

നീതിയുടെ ദർപ്പണമേ,  നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന നീതി പരിശീലിക്കാനും അതുവഴി  സ്വർഗ്ഗരാജ്യത്തിന് അർഹരാകാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

(21)

ബോധജ്ഞാനത്തിൻറെ സിംഹാസനം

പരിശുദ്ധ കന്യക ചൊല്ലിയതായി വിശുദ്ധഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ള  ഒരേയൊരു പ്രാർഥനയാണു  മറിയത്തിൻറെ സ്തോത്രഗീതം. അതിൽ മറിയം ഇങ്ങനെ   ഏറ്റുപറയുന്നു. ‘ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്‌തിരിക്കുന്നു’ (ലൂക്കാ 1:49).

എന്തൊക്കെയാണ് ദൈവം മറിയത്തിനു ചെയ്തുകൊടുത്ത  വലിയ കാര്യങ്ങൾ? തീർച്ചയായും അതിൽ ഒന്നാമത്തേതു   രക്ഷകൻറെ അമ്മയാകാൻ മറിയത്തെ തെരഞ്ഞെടുത്തു എന്നതാണ്.  അതോടൊപ്പം തന്നെ  ആ  ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റാനാവശ്യമായ കൃപകളും ദൈവം മറിയത്തിനു കൊടുത്തിരുന്നു. അവയിൽ പരമപ്രധാനമായിട്ടുള്ളതു ജ്ഞാനത്തിൻറെ വരമായിരുന്നു. ‘വിശക്കുന്നവരെ   വിശിഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തരാക്കുന്ന’ (ലൂക്കാ 1:53) ദൈവം ജ്ഞാനത്തിനായി വിശക്കുന്നവർക്കു ജ്ഞാനമാകുന്ന വിശിഷ്ടവിഭവം  നൽകുക തന്നെ ചെയ്യും.

മറിയം വളർന്നതു ദൈവാലയത്തിലായിരുന്നു.  സങ്കീർത്തനങ്ങളിലും പ്രവചനങ്ങളിലും അവൾ അറിവുനേടിയിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്നു വിഭിന്നമായി മറിയത്തിൽ ആ അറിവ് അതിസ്വാഭാവികജ്ഞാനമായി രൂപാന്തരപ്പെട്ടു. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും (ഏശയ്യാ 7:14)  അവൻ അനേകർക്കുവേണ്ടി തന്നെത്തന്നെ പാപപരിഹാരബലിയായി അർപ്പിക്കുമെന്നും (ഏശയ്യാ  53:10-12)  ഉള്ളതു വിശുദ്ധഗ്രന്ഥം പഠിച്ചിട്ടുള്ള ഏതു യഹൂദനും  ലഭിക്കുന്ന  സാധാരണ ജ്ഞാനം മാത്രം. എന്നാൽ ആ പുത്രനെ പ്രസവിക്കുന്നതു  താനായിരിക്കുമെന്ന  വാർത്ത കേട്ടപ്പോൾ  അതു   സംശയമില്ലാതെ സ്വീകരിക്കാൻ മറിയത്തെ സഹായിച്ചതു  സാധാരണ ജ്ഞാനമായിരുന്നില്ല, പിന്നെയോ   ദൈവം  കനിഞ്ഞു നൽകിയ അസാധാരണമായ സ്വർഗീയജ്ഞാനമായിരുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുവോളം ( ലൂക്കാ 1:45) മാത്രമല്ല  അതിനുശേഷവും അവയെക്കുറിച്ചു  മൗനം പാലിക്കാൻ മറിയത്തെ സഹായിച്ചത്   അവളുടെ ജ്ഞാനവും വിവേകവുമായിരുന്നു.

ജ്ഞാനത്തെ ഉപേക്ഷിക്കുന്നതാണു   പാപത്തിൻറെ ആദ്യത്തെ പടി.  തോട്ടത്തിൻറെ  നടുവിലുള്ള വൃക്ഷത്തിൻറെ പഴം   ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത് എന്നതു  ദൈവികജ്ഞാനത്തിൻറെ വാക്കുകളായിരുന്നു. അത് അതേപടി അനുസരിച്ചിരുന്നെങ്കിൽ ഹവ്വ പാപത്തിൽ വീഴില്ലായിരുന്നു.  ‘ജ്ഞാനത്തെ  നിരസിച്ചതിനാൽ, നന്മയെ അവർ തിരിച്ചറിഞ്ഞില്ല’ (ജ്ഞാനം 10:8). മറിയമാകട്ടെ  ജ്ഞാനത്തെ സ്നേഹിച്ചു.  അത് അവളെ ക്ലേശകാലങ്ങളിൽ സംരക്ഷിക്കുകയും ചെയ്‌തു. ‘ജ്ഞാനം തന്നെ സേവിച്ചവരെ ദുരിതങ്ങളിൽ നിന്നു രക്ഷിച്ചു’ (ജ്ഞാനം 10:9). പരിശുദ്ധാത്മാവിനെയും സ്വർഗീയജ്ഞാനത്തെയും സ്വന്തമാക്കുക എന്നതാണ് ഒരു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം.  ജ്ഞാനം നേടുന്നവനും അറിവു   ലഭിക്കുന്നവനും ഭാഗ്യവാനാണ് (സുഭാ 3:13). അതുകൊണ്ടാണല്ലോ  മറിയത്തെ സകല തലമുറകളും ഭാഗ്യവതി എന്നു  വിളിക്കുന്നത് (ലൂക്കാ 148).   ദൈവഹിതം അറിഞ്ഞു പ്രവർത്തിക്കാൻ നമ്മെ സഹായിക്കുന്നത്   പരിശുദ്ധാത്മാഭിഷേകവും  ജ്ഞാനവുമാണ്. അങ്ങു  ജ്ഞാനത്തെയും, അങ്ങയുടെ പരിശുദ്ധാത്മാവിനെയും  ഉന്നതത്തിൽ നിന്നു നൽകിയില്ലെങ്കിൽ, അങ്ങയുടെ  ഹിതം ആരറിയും’ (ജ്ഞാനം  9:18).

ഒരു വ്യക്തി ദൈവത്തിൻറെ ഹിതം അനുവർത്തിക്കുന്നുവെങ്കിൽ അതിൻറെയർത്ഥം  ആ വ്യക്തിയ്ക്ക് ഉന്നതത്തിൽ നിന്നുള്ള ജ്ഞാനം ലഭിച്ചിട്ടുണ്ട് എന്നാണ്.  ഇതാ കർത്താവിൻറെ ദാസി! നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ എന്നു  പറഞ്ഞുകൊണ്ടു   ദൈവഹിതത്തിനു കീഴ്‌വഴങ്ങാൻ മറിയത്തിനു കഴിഞ്ഞത് അവളിൽ ഈ സ്വർഗീയജ്ഞാനം സമൃദ്ധമായി ഉണ്ടായിരുന്നതുകൊണ്ടാണ്.   അതുകൊണ്ട് മറിയത്തെ  ജ്ഞാനത്തിൻറെ  സിംഹാസനം എന്നു  വിളിക്കുന്നതിൽ  അനൗചിത്യമില്ല. അവളെ  (ജ്ഞാനത്തെ)  കൈവശപ്പെടുത്തുന്നവർക്ക് അവൾ ജീവൻറെ വൃക്ഷമാണ് (സുഭാ 3:18) എന്നു  വിശുദ്ധ ഗ്രന്ഥം  പറയുന്നു. ജ്ഞാനത്തിൻറെ ഇരിപ്പിടമായ മറിയം തന്നെ ജീവൻറെ  വൃക്ഷമായിത്തീർന്നു എന്നു വിശുദ്ധർ പ്രസ്താവിക്കുന്നു.

സുകൃതജപം

ബോധജ്ഞാനത്തിൻറെ സിംഹാസനമേ, ജീവൻറെ വൃക്ഷത്തിന്മേൽ  അവകാശം ലഭിക്കുന്നതിനായി  (വെളി 22:14)  അങ്ങു ഞങ്ങൾക്കുവേണ്ടി  അപേക്ഷിക്കണമേ.

(22)

നമ്മുടെ സന്തോഷത്തിൻറെ കാരണമായ മറിയം

ലുത്തിനിയയിൽ  മറിയത്തെ ഞങ്ങളുടെ സന്തോഷത്തിനു കാരണം എന്ന്  അഭിസംബോധന ചെയ്യുന്നുണ്ട്. എന്താണ് ഇതിനു കാരണം?  മനുഷ്യരായ നമുക്കു  ലഭിച്ച  മഹാസന്തോഷത്തെക്കുറിച്ചു   ലൂക്കാ സുവിശേഷകൻ ഇങ്ങനെ  എഴുതിയിരിക്കുന്നു. ‘ഇതാ,  സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ  സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു’ (ലൂക്കാ 210). ആ വാർത്ത മറ്റൊന്നുമായിരുന്നില്ല,  ദാവീദിൻറെ പട്ടണത്തിൽ  നമുക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു എന്നതുതന്നെ.

യേശുവിൻറെ ജനനത്തിനു കാരണം മറിയത്തിൻറെ  സമർപ്പണമായിരുന്നു.  മറിയത്തിൻറെ ‘ഫിയാത്ത്’ മനുഷ്യചരിത്രത്തെ രണ്ടായി   വിഭജിച്ചു. അതുവരെ ഇരുളിലും മരണത്തിൻറെ നിഴലിലും ഇരുന്നിരുന്നവർ ( ലൂക്കാ 1:79) ഒരു പ്രകാശത്തെ കാത്തിരിക്കുകയായിരുന്നു.  ദരിദ്രർ സുവിശേഷത്തെയും ബന്ധിതർ മോചനത്തെയും  അന്ധർ കാഴ്ചയെയും അടിച്ചമർത്തപ്പെട്ടവർ  സ്വാതന്ത്ര്യത്തെയും  നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അയൽക്കാരനെ മാത്രം സ്നേഹിക്കാനും ശത്രുവിനെ  ദ്വേഷിക്കാനുമുള്ള പ്രബോധനം ( മത്തായി 5:43) അവരെ സന്തോഷിപ്പിച്ചില്ല.  കണ്ണിനു പകരം കണ്ണ്, പല്ലിനു  പകരം പല്ല് (മത്തായി  5:38) എന്ന  പ്രാകൃതനീതിയ്ക്കും അവരെ സന്തോഷിപ്പിക്കാൻ കഴിയുമായിരുന്നില്ല.

അപ്പോൾ യേശു വന്നു. പുസ്തകത്തിൻറെ ആരംഭത്തിൽ  തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ അവിടുന്ന് പറഞ്ഞു; ‘ദൈവമേ അവിടുത്തെ ഇഷ്ടം   നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു’ (ഹെബ്രാ 10:7). ദൈവത്തിൻറെ ഇഷ്ടം  മനുഷ്യരെല്ലാം സന്തോഷിക്കണം എന്നതല്ലാതെ മറ്റെന്താണ്!  ആ ഇഷ്ടം നിറവേറ്റാനായി യേശു സ്വർഗത്തിൽ വച്ചു  പിതാവിനോട്   തൻറെ സമ്മതം അറിയിച്ചപ്പോൾ തന്നെ  ഭൂമിയിൽ മറിയവും അതിനുള്ള സന്നദ്ധത അറിയിച്ചു.   മറിയത്തിൻറെ പുത്രൻ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് നിത്യമായ സന്തോഷമാണ്. ‘നിങ്ങളുടെ ആ സന്തോഷം  ആരും നിങ്ങളിൽ നിന്ന് എടുത്തു കളയുകയുമില്ല’ (യോഹ. 16:22).

മറിയത്തിലൂടെയാണ്  ക്രിസ്തുവാകുന്ന നിത്യസന്തോഷത്തെ   ദൈവം നമ്മുടെ ഇടയിലേക്ക് അയച്ചത്. അവിടുന്ന് തൻറെ കൂടാരം മനുഷ്യരോടു കൂടെ സ്ഥാപിച്ച് അവരോടൊത്തു വസിക്കാനിരിക്കുന്ന   പുതിയ ജറുസലേമിൽ  ദുഖമോ മുറവിളിയോ  വേദനയോ ഉണ്ടാവുകയില്ല (വെളി 21:4). അതിൻറെ മുന്നാസ്വാദനമായി  ഇവിടെ, ഇപ്പോൾ സന്തോഷിക്കാനുള്ള കൃപ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ നമുക്കു യാചിക്കാം.

സുകൃതജപം

 ഞങ്ങളുടെ സന്തോഷത്തിൻറെ കാരണമായ  പരിശുദ്ധ മറിയമേ, നിത്യസന്തോഷം ഞങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന യേശുക്രിസ്‌തുവിൻറെ പക്കൽ ഞങ്ങൾക്ക് ഉറപ്പുള്ള മധ്യസ്ഥ ആയിരിക്കണമേ.

  (23)

ആത്മജ്ഞാനപൂരിത പാത്രമായ മറിയം

നമുക്കു  ദൈവികജ്ഞാനത്തെയോ ലൗകികജ്ഞാനത്തെയോ ഏതെങ്കിലും ഒന്നിനെ മാത്രമേ   ഒരേസമയം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയാണു മനുഷ്യഹൃദയമാകുന്ന പാത്രം രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്.   ഈ രഹസ്യം മനസിലാക്കുന്നവർ  എന്തു വില കൊടുത്തും ആത്മീയജ്ഞാനം സ്വന്തമാക്കും.  അതിനായി മറ്റെല്ലാം ബലികഴിക്കാൻ അവർ   തയാറാവുകയും ചെയ്യും.  പൗലോസ് ശ്ലീഹാ എഴുതുന്നുണ്ടല്ലോ. ‘നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും  ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു (1  കൊറി 2:2). യഥാർത്ഥമായ ആത്മജ്ഞാനത്താൽ നിറഞ്ഞപ്പോൾ അപ്പസ്തോലൻറെ ഹൃദയത്തിൽ മറ്റൊന്നിനും സ്ഥാനമില്ലാതായി. യേശുക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതായി കരുതുകയാൽ (ഫിലിപ്പി 3:8) മറ്റെല്ലാം നഷ്ടമായി പരിഗണിക്കാനും  പൗലോസിനു  കഴിഞ്ഞു.

ജീവിതകാലത്തൊരിക്കലും യേശുവിനെ നേരിട്ടു  കണ്ടിട്ടില്ലാത്ത പൗലോസിൻറെ അനുഭവം ഇതാണെങ്കിൽ   മുപ്പത്തിമൂന്നു സംവത്സരം  യേശുവിനെ മാത്രം ധ്യാനിച്ചുകൊണ്ട്  യേശുവിനോടൊപ്പം  ജീവിച്ച പരിശുദ്ധ അമ്മയുടെ                 വിമലഹൃദയത്തെക്കുറിച്ചു ചിന്തിക്കുക. അത് ആത്മജ്ഞാനം നിറഞ്ഞ പാത്രമായതിൽ ( Spiritual vessel) അത്ഭുതമുണ്ടോ?

ആത്മീയദാനങ്ങൾ  ലൗകികമനുഷ്യനു ഭോഷത്തമായി തോന്നാം (1 കൊറി  2:14). ദൈവികരഹസ്യങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാണ്. അതു വിവേചിച്ചറിയാനും ഗ്രഹിക്കാനും   സാധിക്കാത്ത ലൗകികമനുഷ്യരാണു  മറിയത്തെ തങ്ങളെപ്പോലെ മറ്റൊരു സാധാരണ മനുഷ്യനായി മാത്രം കാണുന്നത്.  നമുക്കെന്നതുപോലെ മറിയത്തിനും കൃപാവരം ലഭിച്ചതു  ബലഹീനമായ മനുഷ്യപ്രകൃതി എന്ന മൺപാത്രത്തിലായിരുന്നു. മറിയം അതിനെ ദൈവാനുഗ്രഹം കൊണ്ടും സ്വപ്രയത്നം കൊണ്ടും കൂടുതൽ ഉജ്ജ്വലിപ്പിച്ചു എന്നു മാത്രം. നശ്വരമായ മനുഷ്യപ്രകൃതിയെ അനശ്വരമായ ദൈവകൃപ കൊണ്ടു  മറികടന്നതിൻറെ ഫലമായിരുന്നല്ലോ മറിയത്തിൻറെ സ്വർഗാരോപണം. സ്വർഗത്തിലേക്കുയരാൻ  നമുക്കുള്ള തടസം നമ്മെ ഈ ലോകത്തിലേക്കു  പിടിച്ചുവലിക്കുന്ന  കെട്ടുപാടുകളാണ്. മറിയം അങ്ങനെയുള്ള സർവ്വബന്ധനങ്ങളിൽ നിന്നും മോചിതയായിരുന്നു. കാരണം അവളുടെ ഹൃദയം  ആത്മജ്ഞാനം ഒന്നുകൊണ്ടു മാത്രം നിറഞ്ഞിരുന്നു.

ഇപ്രകാരമുള്ള ആത്മീയജ്ഞാനത്താലും കൃപകളാലും  സമ്പന്നയായിരുന്നതുകൊണ്ടു  തനിക്ക് അവളെ സ്പർശിക്കാൻ സാധിക്കില്ല എന്നു തിരിച്ചറിഞ്ഞപ്പോഴാണു  സാത്താൻ  അവളുടെ നേരെ കോപിച്ചത്. മറിയത്തോടുള്ള വിദ്വേഷവും പകയും അവൻ മറിയത്തിൻറെ മക്കളോടു തീർക്കാൻ ഒരുമ്പെടുകയാണ്. ‘അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു.  ദൈവകല്പനകൾ കാക്കുന്നവരും  യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി  അവളുടെ  സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു യുദ്ധം  ചെയ്യാൻ അതു പുറപ്പെട്ടു (വെളി  12:17).

 മറിയം ആത്മജ്ഞാനപൂരിത ആയിരുന്നുവെന്നതിൻറെ തെളിവു  സ്വർഗത്തിൽ നിന്നുള്ള സാക്ഷ്യം തന്നെയാണ്.  ‘പരിശുദ്ധാത്മാവു  നിൻറെ  മേൽ  വരും. അത്യുന്നതൻറെ  ശക്തി നിൻറെമേൽ ആവസിക്കും’ (ലൂക്കാ 1:35) എന്നു പറഞ്ഞതു മനുഷ്യരാരുമല്ല,  ദൈവദൂതൻ തന്നെയായിരുന്നു.  പരിശുദ്ധാത്മാവിൻറെ ദാനങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നത് ദൈവികജ്ഞാനമാണല്ലോ.  മാലാഖയുടെ വാക്കുകൾ കേട്ട നിമിഷം മുതൽ മറിയം തൻെറ ശരീരത്തെയും   മനസിനെയും ആത്മാവിനെയും പരിശുദ്ധാത്മാവിൻറെ  വഴിനടത്തലിനു വിട്ടുകൊടുത്തു.   അതുവഴി അവളിൽ മുൻപുതന്നെ ഉണ്ടായിരുന്ന കൃപാവരം കൂടുതൽ കൂടുതലായി  ഉജ്ജ്വലിച്ചുകൊണ്ടിരുന്നു.  അങ്ങനെ വിവേകം, നീതി, ആത്മശക്തി, മിതത്വം എന്നീ നാലു മൗലിക സുകൃതങ്ങളാൽ മറിയം അലംകൃതയായി. ഇത്രമേൽ ദൈവകൃപയ്ക്കു പാത്രമായ മറ്റൊരു സൃഷ്ടിയും ഇല്ല  എന്നു നിസ്സംശയം പറയാം. അതുകൊണ്ടു തന്നെ മറിയത്തെ ആത്മജ്ഞാനപൂരിത പാത്രം എന്നു  വിളിക്കുന്നതു തികച്ചും ഉചിതം തന്നെ.

സുകൃതജപം :

ആത്മജ്ഞാനപൂരിത പാത്രമേ, ആത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കാൻ തക്ക വിധത്തിൽ ഞങ്ങളുടെ ഹൃദയങ്ങളെ  ഒരുക്കണമേ.

(24)

ബഹുമാനത്തിൻറെ പാത്രമായ മറിയം

യോപ്പായിൽ തുകൽപ്പണിക്കാരനായ ശിമയോൻറെ വീട്ടിൽ താമസിക്കുമ്പോഴാണ് പത്രോസിന് ഒരു ദിവ്യാനുഭൂതി ഉണ്ടാകുന്നത്. സ്വർഗം തുറക്കുന്നതും എല്ലാത്തരം നാൽക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും  ഉൾക്കൊള്ളുന്ന വലിയ വിരിപ്പു  പോലുള്ള  ഒരു പാത്രം ഇറങ്ങിവരുന്നതും അവൻ കണ്ടു.  അവയെ കൊന്നു ഭക്ഷിക്കാനുള്ള സ്വർഗീയ നിർദേശം  നിരസിച്ച പത്രോസിനോട് ദൈവം പറയുന്ന മറുപടി ശ്രദ്ധിക്കണം. ‘ദൈവം വിശുദ്ധീകരിച്ചവ  മലിനമെന്നു നീ കണക്കാക്കരുത്’ (അപ്പ. 10:15). ദൈവം വിശുദ്ധീകരിച്ചവയെ അശുദ്ധമെന്നു പറയാൻ മനുഷ്യൻ ആരാണ്?  മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും പോലും  വിശുദ്ധീകരിക്കാൻ തയാറാകുന്ന  ദൈവം അതിലും എത്രയധികമായി തൻറെ സ്വന്തം  ഛായയിലും സാദൃശ്യത്തിലും  സൃഷ്ടിക്കപ്പെട്ട മനുഷ്യനെ  വിശുദ്ധീകരിക്കുകയില്ല!

അങ്ങനെയെങ്കിൽ   സർവകൃപാസമ്പൂർണയായ  മറിയം  എത്രമാത്രം വിശുദ്ധീകരിക്കപ്പെട്ടിരിക്കും എന്നു  ചിന്തിക്കുക. ഇപ്രകാരം ദൈവം അതിശ്രേഷ്ഠസ്ഥാനം നൽകി  ബഹുമാനിച്ച മറിയത്തെ  നാം ഇകഴ്ത്തിക്കാണിക്കാൻ പാടുണ്ടോ? സൂര്യനെ  വസ്ത്രം പോലെ ധരിച്ചുകൊണ്ടാണ് യോഹന്നാൻ ശ്ലീഹായുടെ ദർശനത്തിൽ മറിയം പ്രത്യക്ഷപ്പെടുന്നത്.   സർവചരാചരങ്ങൾക്കും ചൂടും പ്രകാശവും തരുന്ന സൂര്യനുപോലും  മറിയത്തിൻറെ വസ്ത്രത്തിൻറെ വിലയേ സ്വർഗം കൊടുത്തിട്ടുള്ളൂവെങ്കിൽ  കേവലം പൊടിയും ചാരവുമായ മനുഷ്യൻ ആ  മറിയത്തെ ബഹുമാനിക്കാതിരിക്കുമ്പോൾ   എത്ര വലിയ അബദ്ധമാണു ചെയ്യുന്നതെന്നു മനസിലാക്കുന്നുണ്ടോ?

എന്തുകൊണ്ടാണ് മറിയം ബഹുമാനത്തിൻറെ പാത്രമാണെന്നു പറയുന്നത്?  ‘ശക്തിയും ധനവും  ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും  സ്വീകരിക്കാൻ യോഗ്യനായവൻ  കൊല്ലപ്പെട്ട കുഞ്ഞാടായ’  (വെളി 5:12) യേശുക്രിസ്തു മാത്രമാണെന്നു വിശുദ്ധഗ്രന്ഥം  പ്രസ്താവിക്കുന്നു.  സർവ സ്തുതിയ്ക്കും  യോഗ്യനായ യേശുക്രിസ്തുവിനെ വഹിച്ച പാത്രമെന്ന  നിലയിൽ മറിയം സർവബഹുമാനത്തിനും യോഗ്യയാണ്.  ‘യേശുക്രിസ്തുവാകട്ടെ ഇന്നലെയും ഇന്നും എന്നും ഒരേ  ആൾ തന്നെയാണ്’ (ഹെബ്രാ 13:8). അതായതു മനുഷ്യാവതാരത്തിനു മുൻപു സ്വർഗത്തിൽ പിതാവിനോടൊത്തു വസിച്ചിരുന്ന അതേ  യേശു തന്നെയാണ് മറിയത്തിൻറെ പുത്രനായി ഭൂമിയിൽ ജീവിച്ചതും. അതേ  യേശു തന്നെയാണു   സർവ മഹത്വത്തിനും ഉടയവനായി  ഇപ്പോൾ   പിതാവിൻറെ വലതുഭാഗത്തു വാഴുന്നത്.

ആ യേശുവിനെ പ്രതി,  ‘ശ്രേഷ്ഠമായ ഉപയോഗത്തിനു പറ്റിയതും  ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ല കാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമായി’ മറിയം തന്നെത്തന്നെ വിശുദ്ധീകരിച്ചു. ആകയാൽ ദൈവം അവളെ   ഏറ്റവും നല്ല കാര്യത്തിന്,  മാംസം ധരിക്കുന്ന വചനത്തെ വഹിക്കുന്നതിനു തന്നെ, അനുയോജ്യമായ   ഉത്കൃഷ്ട പാത്രമായി അവളെ ഉയർത്തി.

മറിയത്തെ നാം ബഹുമാനിക്കണം എന്നതു ദൈവഹിതം തന്നെയാണ്.  Mystical City of God  എന്ന വിശിഷ്ട ഗ്രന്ഥത്തിൽ വാഴ്ത്തപ്പെട്ട അഗ്രെദയിലെ  മറിയം പറയുന്നത്,  സാത്താൻ ഏറ്റവുമധികം  രോഷാകുലനാകാൻ കാരണം   മറിയത്തെ സകല മനുഷ്യരെക്കാളുമെന്നല്ല, മാലാഖമാരെക്കാളും ഉയർന്ന സ്ഥാനത്തു ദൈവം പ്രതിഷ്ഠിച്ചു എന്നതും മറിയത്തെ വണങ്ങാൻ അവിടുന്ന് എല്ലാവരോടും  കല്പിച്ചു എന്നതുമാണെന്നാണ്.

അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു (പ്രഭാ. 3:4). അമ്മയെ അനാദരിക്കുന്നവൻ അപകീർത്തിയ്ക്കിരയാകും  (പ്രഭാ  3:11). മറിയം നമ്മുടെ അമ്മയാണല്ലോ. സ്വർഗത്തിലെ നിക്ഷേപവും അപകീർത്തിയും നമ്മുടെ മുൻപിലുണ്ട്.  ഏതുവേണമെന്നതു നമ്മുടെ തീരുമാനമാണ്. നമുക്ക് ‘ഇഷ്ടമുള്ളത് എടുക്കാം’ (പ്രഭാ. 15:16). ദൈവഭക്തനോട് ആദരം കാണിക്കുക എന്നതു   ‘കർത്താവിൻറെ കൂടാരത്തിൽ വസിക്കാനും അവിടുത്തെ വിശുദ്ധഗിരിയിൽ  വാസമുറപ്പിക്കാനും  ഒരുവനെ അർഹനാക്കും’  (സങ്കീ  15:1,4) എന്നറിഞ്ഞുകൊണ്ടു   ദൈവഭക്തരിൽ  അഗ്രഗണ്യയായ  മറിയത്തെ നമുക്ക് ആദരിക്കാം.

സുകൃതജപം

ബഹുമാനത്തിൻറെ  പാത്രമായ മറിയമേ,   അങ്ങയെ മഹത്വപ്പെടുത്തിക്കൊണ്ടു  സ്വർഗത്തിൽ  നിക്ഷേപം കൂട്ടിവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.  അതിനുള്ള കൃപ ഞങ്ങൾക്കു തരണമേ.

(25)

അത്ഭുതകരമായ ഭക്തിയുടെ പാത്രം

ദൈവഭക്തി അതിൽ തന്നെ അത്ഭുതകരമായ ഒരു പുണ്യമാണ്.   ആ പുണ്യം അത്ഭുതകരമായ രീതിയിൽ അഭ്യസിച്ചവളായിരുന്നു മറിയം. ഭക്തി ഒരു അനുഗ്രഹമാണ്. ആരും അതു  സ്വയം നേടുന്നതല്ല. പിതാവിനാൽ ആകർഷിക്കപ്പെടാതെ  ഒരുവനും തൻറെ  അടുക്കലേക്കു വരാൻ സാധിക്കുകയില്ല എന്നു യേശു തന്നെ പറയുന്നുണ്ടല്ലോ (യോഹ 6:44).  ഭക്തി  പരിശുദ്ധാത്മാവിൻറെ ദാനങ്ങളിൽ ഒന്നാണെന്നു വിശുദ്ധഗ്രന്ഥം ഉദ്ധരിച്ചുകൊണ്ടുതന്നെ സഭ  പഠിപ്പിക്കുന്നുമുണ്ട്. ദൈവികപുണ്യങ്ങളിൽ ഒന്നാമത്തേതായ വിശ്വാസവും ഭക്തിയും ഒരുമിച്ചുപോകുന്നവയാണ്.  വിശ്വാസമില്ലാത്തവനു ഭക്തി ഉണ്ടാവുക സാധ്യമല്ല.

വിശ്വാസികൾക്കെല്ലാം ഭക്തി ഉണ്ടാകും. അതിൻറെ അളവ് ഏറിയും കുറഞ്ഞും ഇരിക്കും എന്നുമാത്രം.  മറിയത്തെ മറ്റു മനുഷ്യരിൽ നിന്നു  വ്യത്യസ്തയാക്കുന്നത്  അവളുടെ ഭക്തി  മറ്റുള്ളവർക്ക് എത്തിപ്പെടാനാകാത്ത അത്ര ഉയരത്തിൽ ആയിരുന്നു എന്നതാണ്.  ദൈവം തൻറെ ഭക്തർക്കുവേണ്ടി വിപുലമായ അനുഗ്രഹങ്ങൾ ഒരുക്കിവച്ചിരിക്കുന്നു എന്നു  സങ്കീർത്തകൻ പറയുന്നു (സങ്കീ 31:19). ദൈവപുത്രനെ ഉദരത്തിൽ  വഹിക്കുക എന്ന സർവശ്രേഷ്ഠമായ അനുഗ്രഹം നൽകിയാണ്  ദൈവം തൻറെ ഭക്തരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മറിയത്തെ   മാനിച്ചത്.  സകല തലമുറകളാലും ഭാഗ്യവതി എന്നു  വിളിക്കപ്പെടാനുള്ള അനുഗ്രഹവും  ദൈവം മറിയത്തിനു  മാത്രമായി   മാറ്റിവച്ചിരുന്നു.

സഭാപ്രസംഗകൻ പറയുന്നു.  ‘പരിസമാപ്തി ഇതാണ്. എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കൽപനകൾ പാലിക്കുക; മനുഷ്യൻറെ മുഴുവൻ കർത്തവ്യവും   ഇതുതന്നെ’ (സഭാ. 12:13). ദൈവഭക്തൻ ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും എന്നതിൻറെ ഉത്തമദൃഷ്ടാന്തമായിരുന്നു മറിയത്തിൻറെ ജീവിതം.   തൻറെ മാതാവും  സഹോദരങ്ങളും എങ്ങനെയുള്ളവരായിരിക്കണം എന്നതിനെക്കുറിച്ച് ഈശോ പറഞ്ഞതും അതുതന്നെയാണ്. ‘ സ്വർഗസ്ഥനായ എൻറെ പിതാവിൻറെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എൻറെ സഹോദരനും സഹോദരിയും അമ്മയും (മത്തായി  12: 50).  ശാരീരികമായി മാത്രമല്ല, ഈ വചനം അനുസരിച്ചു പ്രവർത്തിച്ചതിൻറെ പേരിൽ കൂടി  മറിയം യേശുവിൻറെ അമ്മയായി മാറുന്നു.

മറിയത്തിൻറെ ജീവിതത്തെക്കുറിച്ച് സുവിശേഷകന്മാർ കൂടുതലൊന്നും എഴുതിയിട്ടില്ല. എന്നാൽ അവർ എഴുതിയിട്ടുള്ള ചുരുക്കം വാക്കുകൾ തന്നെ മറിയത്തിൻറെ ഭക്തിയെ തെളിയിക്കുന്നുണ്ട്. അവളുടെ ഭക്തി പ്രവൃത്തികളിലൂടെ പ്രകടമായിരുന്നു. മംഗളവാർത്തയുടെ അവസരത്തിൽ ദൈവഹിതത്തിനു കീഴ്വഴങ്ങിക്കൊണ്ട് അതു  പ്രകടമായി.  എലിസബത്തിനെ സന്ദർശിച്ചപ്പോൾ സ്നേഹമായും  ഔദാര്യമായും അതു രൂപാന്തരപ്പെട്ടു.   സ്തോത്രഗീതം  ചൊല്ലുമ്പോൾ കൃതഞ്ജതയും ദൈവസ്‌തുതിയും അവൾ  അതിൽ ഒരുമിച്ചുചേർത്തു. ദൈവാലയത്തിൽ ഉണ്ണിയേശുവിനെ  കാഴ്ച വച്ചപ്പോൾ  നിയമം അനുസരിക്കുന്നതിലൂടെ തൻറെ ഭക്തി അവൾ പ്രകടിപ്പിച്ചു. കാൽവരിയിൽ  ദൈവേഷ്ടത്തിനു പൂർണമായി വിട്ടുകൊടുത്തു കൊണ്ടാണ് അവൾ തൻറെ ദൈവഭക്തി തെളിയിച്ചത്.

‘ദൈവഭക്തി ജീവൻറെ ഉറവയാണ്. മരണത്തിൻറെ കെണികളിൽ നിന്നു രക്ഷപെടാൻ അതു  സഹായിക്കുന്നു’ (സുഭാ.  14:27) എന്ന തിരുവചനം അതിൻറെ പൂർണ അർത്ഥത്തിൽ നിറവേറിയതു  മറിയത്തിലാണ്. ജീവജാലത്തിൻറെ ഉറവയായ യേശുവിനെ ലോകത്തിനു നൽകിയതു  മറിയമാണ്. മരണത്തിൻറെ കെണികളിൽ നിന്നു നമ്മെ രക്ഷിച്ചതാകട്ടെ യേശുവും.  ആ അർഥത്തിൽ മറിയം  സഹരക്ഷകയുമാണ്. നമ്മുടെ അഭയസ്ഥാനമാണു  മറിയം എന്നു നിസംശയം പറയാൻ കാരണം മറിയത്തിൻറെ ദൈവഭക്തിയാണ്.  വിശുദ്ധ ഗ്രന്ഥം പറയുന്നു. ‘ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം; സന്താനങ്ങൾക്ക് അത്  അഭയസ്ഥാനമായിരിക്കുകയും ചെയ്യും’ (സുഭാ   14:26). മറിയത്തിൻറെ  സന്താനങ്ങളായ നമുക്കു  മറിയത്തിൻറെ  ഭക്തിയുടെ യോഗ്യതകളാൽ   അവളെ നമ്മുടെ അഭയസ്ഥാനമായി സ്വീകരിക്കാം.

ദൈവഭക്തി പരിശീലിപ്പിക്കുന്ന നല്ലൊരു ഗുരുനാഥ നമുക്കുണ്ട്.  അതു  മറിയമല്ലാതെ മറ്റാരാണ്!  ‘മക്കളേ, ഞാൻ പറയുന്നതു കേൾക്കുവിൻ, ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കാം.’ (സങ്കീ 34:11). അത്ഭുതകരമായ ഭക്തിയുടെ അന്യാദൃശ്യ ദൃഷ്ടാന്തമായ  പരിശുദ്ധ അമ്മ ദൈവഭക്തിയിൽ വളരാൻ നമ്മെ സഹായിക്കട്ടെ.

സുകൃതജപം:

അത്ഭുതകരമായ ഭക്തിയുടെ പാത്രമായ  മറിയമേ, ദൈവഭക്തി എന്ന പുണ്യം  ഞങ്ങൾക്കു ലഭിക്കാനായി അമ്മ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.

(26)

ദൈവരഹസ്യം  നിറഞ്ഞിരിക്കുന്ന പനിനീർപുഷ്പം.

 മനുഷ്യൻറെ അന്തർഗതങ്ങൾ  അവൻറെ  ആത്മാവല്ലാതെ മറ്റാരാണറിയുക? അതുപോലെ തന്നെ ദൈവത്തിൻറെ  ചിന്തകൾ ഗ്രഹിക്കുക  ദൈവാത്മാവിനല്ലാതെ  മറ്റാർക്കും സാധ്യമല്ല. നാം സ്വീകരിച്ചിരിക്കുന്നതു  ലോകത്തിൻറെ ആത്മാവിനെയല്ല; പ്രത്യുത,  ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസിലാക്കാൻ വേണ്ടി ദൈവത്തിൻറെ ആത്മാവിനെയാണ്’ (1 കൊറി 2:11-12). പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ  വലിയ  ജ്ഞാനത്തിൻറെ വാക്കുകളാണ്.  ലൗകികമനുഷ്യനു ഗ്രഹിക്കാൻ സാധിക്കാത്ത കാര്യങ്ങൾ ആത്മീയമനുഷ്യർക്ക് ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്നു.  കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യമനസു   ഗ്രഹിച്ചിട്ടില്ലാത്തതുമായ  കാര്യങ്ങൾ ദൈവം നമുക്ക് ആത്മാവ്  മുഖേന വെളിപ്പെടുത്തിത്തരുന്നു ( 1 കൊറി 2:9-10).

അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ പ്രപഞ്ചത്തിലെ  വളരെക്കുറച്ചു കാര്യങ്ങങ്ങളെക്കുറിച്ചുമാത്രമേ മനുഷ്യൻ മനസിലാക്കിയിട്ടുള്ളൂ.  ‘ഭൂമിയിലെ കാര്യങ്ങൾ ഊഹിക്കുക  ദുഷ്‌കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താൻ. പിന്നെ ആകാശത്തിലുള്ള കാര്യങ്ങൾ കണ്ടെത്താൻ  ആർക്കു കഴിയും?’ ( ജ്ഞാനം 9:16)   എന്നതു സകല മനുഷ്യരുടെയും വിലാപമാണ്.

സാധാരണ മനുഷ്യൻ ദൈവിക രഹസ്യങ്ങളുടെ  ഒരു മിന്നലൊളി, അതും വല്ലപ്പോഴുമൊരിക്കൽ, ലഭിക്കുമ്പോൾ            സന്തോഷിക്കുന്നു. എന്നാൽ യേശുവിനോടുകൂടെ ആയിരിക്കുന്നവർക്ക് ദൈവികരഹസ്യങ്ങൾ കൂടുതൽ പ്രാപ്യമാണ്.  മറ്റുളളവർക്ക് ഉപമയിലൂടെ  ലഭിക്കുന്ന രഹസ്യങ്ങൾ   അവർക്കു  നേരിട്ടു  ലഭിക്കുന്നു.  ‘ദൈവരാജ്യത്തിൻറെ രഹസ്യങ്ങൾ അറിയാൻ വരം ലഭിച്ചിരിക്കുന്നതു  നിങ്ങൾക്കാണ്. മറ്റുള്ളവർക്കാകട്ടെ അവ ഉപമകളിലൂടെ നൽകപ്പെടുന്നു’ ( ലൂക്കാ 8:10) എന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. ഇത്  കൃപയുടെ ഒരു പ്രവൃത്തിയാണ്.

തൻറെ  ശിഷ്യന്മാർക്കു വെളിപ്പെടുത്തിക്കൊടുത്തതിനെക്കാൾ എത്രയോ അധികം മടങ്ങു രഹസ്യങ്ങൾ യേശു തൻറെ പ്രിയമാതാവിനു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ടാകും!  നാം ഒരു രഹസ്യം  പറയുന്നത് അതു  രഹസ്യമായിത്തന്നെ  സൂക്ഷിക്കുമെന്ന് ഉറപ്പുള്ളവരോടാണ്.  ദൈവത്തിനു  മറിയത്തെക്കുറിച്ച്   അങ്ങനെയൊരു ഉറപ്പ് ഉണ്ടായിരുന്നു എന്നു  വിശുദ്ധഗ്രന്ഥത്തിൽ   തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ബാലനായ യേശുവിനെ ദൈവാലയത്തിൽ വച്ചു തിരിച്ചുകിട്ടിയപ്പോൾ  യേശു പറഞ്ഞ വാക്കുകൾ മറിയത്തിനും ജോസഫിനും മനസിലായില്ല. കാരണം അതൊരു ദൈവിക രഹസ്യം  ആയിരുന്നു.  സമയം എത്തുന്നതിനു മുൻപേ അതിൻറെ അർഥം മറിയം അറിയേണ്ടതില്ല എന്നു  ദൈവം തീരുമാനിച്ചു.

ലൂക്കാ സുവിശേഷകൻ  എഴുതുന്നു; ‘അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല’ (ലൂക്കാ 2:50).  അഗ്രാഹ്യമായ കാര്യങ്ങൾ കേട്ടപ്പോൾ മറിയം ചെയ്തത് അതിനെക്കുറിച്ച് ആകുലപ്പെടുകയല്ല മറിച്ച് അവയെല്ലാം ഹൃദയത്തിൽ  സൂക്ഷിച്ചുവയ്ക്കുകയാണ്.   അവൻറെ ‘അമ്മ ഇക്കാര്യങ്ങങ്ങളെല്ലാം  ഹൃദയത്തിൽ സംഗ്രഹിച്ചു  ( ലൂക്കാ 2:51). സമയത്തിൻറെ തികവിൽ മറിയം അതു മനസിലാക്കുകയും ചെയ്തു.

റോസാപ്പൂവുമായി മറിയത്തെ താരതമ്യപ്പെടുത്തുന്നത്  അനേകനൂറ്റാണ്ടുകളായി ക്രൈസ്തവസഭകളിൽ നിലവിലിരുന്ന ഒരു രീതിയാണ്. വാഴ്ത്തപ്പെട്ട  കർദിനാൾ ന്യൂമാൻ പറയുന്നതു   മറിയം എല്ലാ ആത്മീയപുഷ്പങ്ങളുടെയും റാണിയായതുകൊണ്ടാണ് അവളെ  റോസാ മിസ്റ്റിക്കാ എന്നു  വിളിക്കുന്നതെന്നാണ്. പുഷ്പങ്ങളിൽ ഏറ്ററ്വും മനോഹരി  റോസാപ്പൂ ആണെന്ന സങ്കൽപമാണിതിനു  പിന്നിൽ. ക്ലെയർവോയിലെ വിശുദ്ധ ബെർണാഡ് പറയുന്നതു  മുറിപ്പെടുത്തുകയും  മരണത്തെ കൊണ്ടുവരികയും ചെയ്യുന്ന ഒരു മുള്ളായിരുന്നു ഹവ്വ എങ്കിൽ  മറിയം  എല്ലാവരുടെയും മുറിവുണക്കുകയും  രക്ഷയുടെ ഭാഗധേയത്തെ അവർക്കു തിരിച്ചുകൊടുക്കുകയും ചെയ്യുന്ന റോസാപ്പൂ ആണെന്നാണ്.

1947 ൽ പരിശുദ്ധ ‘അമ്മ ഇറ്റലിയിലെ മോണ്ടിചിയാറി  എന്ന സ്ഥലത്ത്  Pierina Gilli  എന്ന സഹോദരിയ്ക്കു പ്രത്യക്ഷപ്പെട്ടതു ത് റോസാ മിസ്റ്റിക്കാ മാതാവിൻറെ രൂപത്തിലാണ്. അമ്മയുടെ നെഞ്ചിൽ മൂന്ന് പനിനീർപ്പൂക്കൾ ഉണ്ടായിരുന്നു. അവ യഥാക്രമം പ്രാർഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവയെ സൂചിപ്പിക്കുന്നു. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ പനിനീർപ്പൂവിന് ഒരു രഹസ്യാത്മകത കല്പിക്കപ്പെട്ടിരുന്നു. ആദിമക്രിസ്ത്യാനികൾക്ക് റോസാപ്പൂ   പറുദീസയുടെ അടയാളമായിരുന്നു എന്നു  പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അംബ്രോസും തെർത്തുല്യനും ഒക്കെ  റോസാപ്പൂവിനെ പരിശുദ്ധ അമ്മയുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട്.

മുള്ളുകൾക്കിടയിലെ പുഷ്പം എന്ന നിലയിൽ  മറിയത്തിനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമാണ് പനിനീർപ്പൂവ്. കാരണം പാപം  നിറഞ്ഞ ഈ ലോകത്തിൽ പാപത്തിൻറെ കറ  പുരളാതെ  വിടർന്നു പരിലസിച്ച  സുരഭിലകുസുമമായിരുന്നു മറിയം.  മറിയത്തെ സംബന്ധിച്ച എന്തിനും ഒരു രഹസ്യാത്മകത ഉണ്ടായിരുന്നു. ആ മറ  മറിയത്തിൻറെ ജീവിതകാലത്തൊരിക്കലും നീക്കപ്പെടരുത് എന്നതു ദൈവനിശ്ചയമായിരുന്നു.  അതുകൊണ്ട് മറിയം ദൈവരഹസ്യം നിറഞ്ഞ പനിനീർ കുസുമമായി  വിരാജിക്കുന്നു.

സുകൃതജപം

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന  പനിനീർകുസുമമേ,  ദൈവികരഹസ്യങ്ങൾ ഞങ്ങളെയും പഠിപ്പിക്കണമേ.

(27)

ദാവീദിൻറെ ഗോപുരം

ദാവീദ് സീയോൻ കോട്ട പിടിച്ചടക്കുക തന്നെ  ചെയ്തു. ………. ദാവീദ് കോട്ടയിൽ  താമസമാക്കി. അതിനു ദാവീദിൻറെ നഗരം എന്ന് പേരിട്ടു; ദാവീദ് നഗരത്തെ മില്ലോ മുതൽ  ഉള്ളിലേക്കു ചുറ്റും പടുത്തുയർത്തി.  ദാവീദ് മേൽക്കുമേൽ പ്രാബല്യം  നേടി. സൈന്യങ്ങളുടെ ദൈവമായ കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു’ (2  സാമു  5:7-10).

തൻറെ മുപ്പതാമത്തെ വയസിൽ  ഇസ്രായേൽ മുഴുവൻറെയും രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടു. തൻറെ പടയോട്ടത്തിൻറെ  ഒരു നിർണായകഘട്ടത്തിലാണ്   ജറുസലേമിലെ സീയോൻ കോട്ട കീഴടക്കാൻ ദാവീദിന് കഴിഞ്ഞത്.  അവിടെ നിന്നങ്ങോട്ട് ദാവീദിന് വിജയങ്ങൾക്കുമേൽ വിജയമായിരുന്നു. ഫിലിസ്ത്യർ ആക്രമിക്കാൻ വന്നപ്പോൾ ദാവീദ്  അഭയം തേടിയത് കോട്ടയ്ക്കുള്ളിലാണ് ( 2 സാമു 5:17). എന്നാൽ തൻറെ യാഥാർസ്ഥ അഭയസ്ഥാനം കർത്താവാണെന്ന് പലതവണ ദാവീദ് പ്രഖ്യാപിക്കുന്നുണ്ട്.  കർത്താവല്ലോ ഉന്നതശിലയും ദുർഗവും എൻറെ വിമോചകനും എനിക്ക് അഭയം തരുന്ന പറയും പരിചയും രക്ഷാശ്രുംഗവും  അഭയകേന്ദ്രവും  എൻറെ രക്ഷകനും അവിടുന്നാണ് (  2 സാമു  22:2). അങ്ങാണ് എൻറെ  രക്ഷാശിലയും കൊട്രയും വിമോചകനും  എൻറെ ദൈവവും എനിക്ക് അഭയം  തരുന്ന പറയും…. ( സങ്കീ 18:2).

ശത്രുസൈന്യത്തെ നിരീക്ഷിക്കാനും  കോട്ടയ്ക്കത്തുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്താനും വേണ്ടി ദാവീദ് കോട്ടയ്ക്കുമേൽ ഗോപുരം നിർമിച്ചു. കർത്താവിൻറെ പ്രതീകമായിരുന്നു ദാവീദ്. ദാവീദിൻറെ പുത്രൻ എന്നാണല്ലോ  യേശുവിനെ വിശേഷിപ്പിക്കുന്നത്. ദാവീദിൻറെ കുടുംബവേരുകൾ ബെത്ലഹേമിലായിരുന്നു. യേശു  ജനിച്ചതും  ബെത്ലഹേമിലായിരുന്നു. ദാവീദ് ആട്ടിടയനായിരുന്നു. യേശു തന്നെത്തന്നേ പരിച്ചയപ്പെടുത്തിയത് നല്ല ഇടയൻ എന്നായിരുന്നു. യേശുവിൻറെ പീഡാസഹനത്തെക്കുറിച്ചു നിരവധി പ്രവചനങ്ങൾ  ദാവീദിൻറെ   സങ്കീർത്തനങ്ങളിൽ ഉണ്ട്.

ദാവീദിന് സംരക്ഷണം തീർത്ത ഗോപുരം പോലെ  യേശുവിന് സംരക്ഷണം തീർത്തത് മറിയമായിരുന്നു.  ദാവീദ് ശത്രുക്കളെ തോല്പിച്ചുകൊണ്ടാണ് ഇസ്രായേലിനു വേണ്ടി   സീയോൻ  കോട്ട പിടിച്ചടക്കിയത്. മറിയം നമുക്ക് വേണ്ടി പിശാചെന്ന ശത്രുവിനെ തോല്പിക്കുന്ന   ഗോപുരമായി നിലകൊള്ളുന്നു. ആ അപ്രതിരോധ്യമായ  ഗോപുരത്തിൻറെ സുരക്ഷിതത്വത്തിൽ നമുക്ക് ആശ്വസിക്കാം. കുരിശിൻ ചുവട്ടിൽ വച്ച് മറിയത്തെ നമുക്കെല്ലാവർക്കും അമ്മയായി നൽകിയ യേശു  നമുക്ക്  ഉറപ്പുള്ള കോട്ടയും  ബലിഷ്ഠമായ  അഭയവുമായി മറിയം എന്നും നമ്മോടൊത്തുണ്ടാവുമെന്ന് വാഗ്ഗ്‌ദാനമാണ് നൽകിയത്.

ദാവീദിൻറെ യഥാർത്ഥ അഭയം  ഗോപുരമല്ല എന്നതുപോലെ  തന്നെ മറിയത്തിൻറെ അഭയവും കർത്താവു മാത്രമായിരുന്നു.   ഉയർന്ന സ്ഥലത്തു  പണിയപ്പെട്ട ജെറുസലേം നഗരത്തിൻറെ കോട്ടയിലെ ഉയർന്ന ഭാഗമായിരുന്നല്ലോ  ഗോപുരം. അതുപോലെ തന്നെ നമ്മുടെ സംരക്ഷണത്തിനായി   ഈ ലോകത്തിനു മേൽ ഉയർത്തപ്പെട്ട  ആത്മീയഗോപുരമാണ് മറിയം.   ജനതകളുടെ മാതാവായ സീയോനെക്കുറിച്ച്   (സങ്കീ 87) സകലരും  അവിടെ ജനിച്ചതാണ് എന്നു പറയും  എന്നാണ് സങ്കീർത്തകൻ എഴുതിയിരിക്കുന്നത്. സകല ജനതയ്ക്കും മാതാവായി ദൈവം തന്ന മറിയത്തെ ദൈവത്തിൻറെ നഗരമായ സീയോനോട് ഉപമിക്കുന്നതിൽ അനൗചിത്യമില്ല.

(28)

നിർമലദന്തം കൊണ്ടുള്ള കോട്ട

‘അന്തിമനാളുകളിൽ കർത്താവിൻറെ  ആലയം സ്ഥിതിചെയ്യുന്ന മല  ഗിരിശൃംഗങ്ങൾക്കു മുകളിൽ സ്ഥാപിക്കപ്പെടും; കുന്നുകൾക്കു മുകളിൽ ഉയർത്തപ്പെടും. ജനതകൾ അവിടേക്കു പ്രവഹിക്കും. വരുവിൻ, നമുക്കു  കർത്താവിൻറെ ഗിരിയിലേക്ക്, യാക്കോബിൻറെ ദൈവത്തിൻറെ ഭവനത്തിലേക്കു  പോകാം.  അവിടുന്ന് തൻറെ മാർഗങ്ങൾ നമ്മെ പഠിപ്പിക്കും. നമുക്ക് അവിടുത്തെ വഴികളിലൂടെ നടക്കാം എന്നു  പറഞ്ഞുകൊണ്ട് അനേകം ജനതകൾ വരും’ (മിക്കാ   4:1-2).

അവസാനനാളുകൾ  എന്നതു  കർത്താവിൻറെ സ്വർഗാരോഹണത്തിനു ശേഷമുള്ള കാലം എന്നു പൊതുവിലും, യുഗാന്ത്യത്തിനു മുൻപുള്ള കാലം എന്നു  പ്രത്യേകമായും ഇങ്ങനെ രണ്ടു വിധത്തിലും വിശുദ്ധഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.  അപ്പോൾ കർത്താവിൻറെ ആലയം  മറ്റെല്ലാറ്റിനും മുകളിൽ സ്ഥാപിക്കപ്പെടും.  അവിടേയ്ക്കു   ജനതകൾ ഒഴുകും.

കർത്താവിൻറെ ആലയം പോലെ തന്നെ ഈ കാലഘട്ടത്തിൽ കർത്താവിൻറെ അമ്മയായ പരിശുദ്ധ മറിയവും  ഉയർന്ന സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടും. സർവജനപദങ്ങൾക്കും, എത്ര അകലെ നിന്നുപോലും  കാണാവുന്ന  ഗോപുരമായി അവൾ സ്ഥാപിക്കപ്പെടും.  കർത്താവിൻറെ ആലയത്തിലാണു  രക്ഷ എന്നു ദൂരസ്ഥരോടും സമീപസ്ഥരോടും                വിളിച്ചറിയിക്കാനുള്ള അടയാളമായി ആ  ഗോപുരം ഉയർന്ന സ്ഥലത്തു തന്നെ  സ്ഥാപിക്കപ്പെടും.   യേശുവിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവർക്കും   ദൈവത്തിൻറെ നഗരത്തെക്കുറിച്ചു  കേട്ടിട്ടില്ലാത്തവർക്കും യേശുവിലേക്ക്  അടുക്കാനുള്ള അടയാളമായിരിക്കും  മറിയം എന്ന  ഗോപുരം. 

നക്ഷത്രം ജ്ഞാനികൾക്കു വഴികാട്ടിയതുപോലെ  മറിയം ഈ തലമുറയ്ക്കും  വഴികാട്ടുന്നു.                യോഹന്നാൻ ദർശനത്തിൽ കണ്ട സ്വർഗീയ ജെറുസലേമിലേക്കുള്ള അടയാളമായി  മറിയം പ്രശോഭിക്കുന്നു. അമൂല്യമായ രത്നത്തിനും സൂര്യകാന്തിക്കല്ലിനുമൊപ്പം  തിളക്കമുള്ളതും ദൈവത്തിൻറെ തേജസുകൊണ്ട് പ്രകാശിക്കുന്നതുമായ  (വെളി  21:11) സ്വർഗീയ ജെറുസലേമിലേക്കുള്ള വഴി കാണിച്ചുതരുന്ന മറിയത്തെ ഉപമിച്ചിരിക്കുന്നത് കല്ലോ മണ്ണോ ഇഷ്ടികയോ ഇരുമ്പോ കൊണ്ടു നിർമിച്ച ഗോപുരമായിട്ടല്ല.  മറിച്ച്‌ആനക്കൊമ്പു കൊണ്ടാണ്  അതു  നിർമ്മിച്ചിരിക്കുന്നത്.  സാധാരണ നിർമാണവസ്തുക്കളെ അപേക്ഷിച്ച് ഏറെക്കാലം  ഈടു  നിൽക്കുന്നു  എന്നതു മാത്രമല്ല ആനക്കൊമ്പിൻറെ പ്രത്യേകത. അതിന് അഗ്നിയെയും ജലത്തെയും   മറ്റു വസ്തുക്കളെക്കാൾ കൂടുതൽ  പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. അതിനേക്കാൾ ഉപരിയായി അന്നും  ഇന്നും  അമൂല്യവും  ധനവാന്മാർക്കു പോലും  ദുർലഭവുമായ   വസ്തുവാണ് ആനക്കൊമ്പ്.  ദന്തനിർമിതമായ ഗോപുരം എന്ന  പരാമർശം ഉത്തമഗീതത്തിലും (ഉത്ത 7:4) നമുക്കു   കാണാൻ കഴിയും.

മറിയം ദന്തനിർമിതമായ ഗോപുരമാണ് എന്ന  ഒറ്റ പ്രസ്താവനയിൽ മറിയത്തിൻറെ  സ്വാഭാവവൈശിഷ്ട്യങ്ങൾ എല്ലാം  അടങ്ങിയിരിക്കുന്നു. മറിയം വിശുദ്ധർക്ക്, വിശിഷ്യാ അവസാനനാളുകളിലെ വിശുദ്ധർക്കു  മാതൃകയും അടയാളവുമായി വർത്തിക്കുന്നു.  യഥാർത്ഥ മരിയഭക്തി എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു.  ‘ലെബനോനിലെ ദേവദാരു വൃക്ഷങ്ങൾ ചെറുചെടികളുടെ മുകളിൽ  തലയുയർത്തി  നിൽക്കുന്നതുപോലെ, വിശുദ്ധിയിൽ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന  വിശുദ്ധരെ, സർവശക്തൻ പരിശുദ്ധ മാതാവിനോടുകൂടെ  തനിക്കായി അക്കാലത്ത് ഉളവാക്കും.’  മാലിന്യം കലരാത്തതും  വിലയേറിയതും ദുർലഭവും  ഏറ്റവും ഉറപ്പുളളതുമായ  ആനക്കൊമ്പു    കൊണ്ടു   നിർമിക്കപ്പെട്ട ഗോപുരം  സർവഗുണങ്ങളുടെയും  മകുടമായി പ്രശോഭിക്കുന്നു. മറ്റെല്ലാം നശിച്ചുപോയാലും  മറിയം അവിടെത്തന്നെ നിലനിൽക്കും. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല ( ജ്ഞാനം  7:25). അതുകൊണ്ടാണു  മറിയത്തെ നിർമല ദന്തഗോപുരം എന്ന് വിശേഷിപ്പിക്കുന്നത്.

പാർശ്വങ്ങളിൽ ആയിരങ്ങളും  വലതുവശത്തു  പതിനായിരങ്ങളും  മരിച്ചുവീഴുമ്പോഴും (സങ്കീ 91:7) മറിയമാകുന്ന  ഗോപുരത്തിൽ അഭയം തേടിയിരിക്കുന്നവർ ഭയപ്പെടേണ്ടതില്ല.  മറിയത്തിൻറെ  ഗോപുരത്തോടു ചേർത്തു  നമ്മുടെ കൂടാരം പണിയുന്നെങ്കിൽ  ‘ഒരനർത്ഥവും  നമ്മുടെ കൂടാരത്തെ സമീപിക്കുകയുമില്ല’ (സങ്കീ 91:10).

സുകൃതജപം :

നിർമല ദന്തഗോപുരമേ, പരിശുദ്ധ അമ്മേ,   ഈ ലോകത്തിലെ സകല മാലിന്യങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിച്ച്,  വിശുദ്ധിയുടെയും പുണ്യത്തിൻറെയും   വഴിയിൽ  ഞങ്ങളെ നടത്തണമേ.

(29)

മറിയം സ്വർണാലയം

സാധാരണ മനുഷ്യരെ  സംബന്ധിച്ചിടത്തോളം   ഏറ്റവും വിലപിടിപ്പുള്ളതു  സ്വർണമാണ്. എന്നാൽ ഈശോ നമുക്കു  സ്വർണത്തേക്കാൾ വിശിഷ്ടമായ ദാനങ്ങളാണു  നൽകുന്നത്.  ഭിക്ഷയായി ഒരു  നാണയമെങ്കിലും കിട്ടിയേക്കാം  എന്ന  പ്രതീക്ഷയോടെ തങ്ങളുടെ നേരെ നോക്കിയ  മുടന്തനായ യാചകനോടു പത്രോസ് പറഞ്ഞതു  വെള്ളിയോ  സ്വർണമോ  തൻറെ  കൈയിലില്ല എന്നാണ്. എന്നാൽ അതിനേക്കാൾ ശ്രേഷ്ഠമായ ഒരു സമ്മാനം ആ മനുഷ്യനു  കൊടുക്കാൻ വേണ്ടി കർത്താവ് ഒരുക്കിവച്ചിരുന്നു. ‘നസറായനായ യേശുവിൻറെ നാമത്തിൽ എഴുന്നേറ്റു നടക്കുക’ (അപ്പ. 3:6).

കർത്താവ് അങ്ങനെയാണ്. നൽകാവുന്നതിൽ വച്ച് ഏറ്റവും നല്ല  ദാനങ്ങൾ നമുക്കു നൽകാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണു  ലോകത്തിലെ ഏറ്റവും നല്ല അമ്മയെ നമുക്ക് അമ്മയായി  തന്നത്.  മറിയത്തെ വിശേഷിപ്പിക്കാൻ  ഭൂമിയിൽ  ഉപയോഗിക്കാവുന്ന ഏറ്റവും വിലയേറിയ വസ്തു സ്വർണമാകയാലും  മറിയത്തിൽ  സർവകൃപകളും  നിറഞ്ഞുനിൽക്കുന്നതിനാലും അവളെ  സ്വർണാലയം (House of Gold)  എന്നു  വിളിക്കുന്നു.  സർവസമ്പത്തും ജഗത്തിൽ വിതയ്ക്കുന്ന സർവസമ്പന്നനായ  യേശുവിനെ സൂക്ഷിക്കാനായി ദൈവം തെരഞ്ഞെടുത്ത ആലയവും മറിയമായിരുന്നു.

സ്വർണം  കൊടുത്താലും ജ്ഞാനം കിട്ടുകയില്ല ( ജോബ്  28:15). അങ്ങനെയെങ്കിൽ  ജ്ഞാനം നിറഞ്ഞ മറിയത്തിൻറെ  മുൻപിൽ സ്വർണം നിഷ്പ്രഭമായിപ്പോകും എന്നതു  നിശ്ചയം. എങ്കിലും നമ്മുടെ മാനുഷിക പരിമിതികൾ  മൂലം നമുക്കു  മറിയത്തെ ഉപമിക്കാൻ  സ്വർണത്തെക്കാൾ  വിലയുള്ളതായി മറ്റൊന്നും കിട്ടാത്തതുകൊണ്ടുമാത്രം അവളെ  സ്വർണാലയമേ എന്നു  വിളിച്ചു നാം തൃപ്തിയടയുന്നു.

വാഴ്ത്തപ്പെട്ട കർദിനാൾ ന്യൂമാൻ പറയുന്നതു സ്വർണം മറ്റെല്ലാ  ലോഹങ്ങളെയുംകാൾ  വിലയേറിയതായതുകൊണ്ടാണു  മറിയത്തെ സ്വർണത്തോടുപമിക്കുന്നതെന്നാണ്. കാരണം മറിയത്തിൻറെ സുകൃതങ്ങൾ, പുണ്യങ്ങൾ, കൃപകൾ, ശുദ്ധത, നിഷ്കളങ്കത എല്ലാം  ഒരു അതിഭൗതികതലത്തിൽ തികഞ്ഞ പൂർണതയോടെ പ്രശോഭിക്കുന്നവയായിരുന്നു. മഹാരാജാവിൻറെ  ആലയവും ഇരിപ്പിടവും  ആയി മറിയം തെരഞ്ഞെടുക്കപ്പെടാൻ കാരണവും ഇതായിരുന്നു. ഈ പരിശുദ്ധ ഭവനത്തിലാണ് ഈശോ  ജന്മമെടുത്തത്.  ഇവിടെ നിന്നു തന്നെയാണു   തൻറെ പോഷണത്തിനാവശ്യമായവയെല്ലാം  ഈശോ  സ്വീകരിച്ചത് എന്നും അദ്ദേഹം  കൂട്ടിച്ചേർക്കുന്നു.

ഇസ്രയേലിനെ ദൈവം ഈജിപ്തിൽ നിന്നു പുറത്തുകൊണ്ടുവന്നതു  വെറും കൈയോടെയല്ലായിരുന്നു. ‘അനന്തരം അവിടുന്ന് ഇസ്രയേലിനെ സ്വർണത്തോടും വെള്ളിയോടും കൂടെ മോചിപ്പിച്ചു നയിച്ചു’ ( സങ്കീ 105:37).  പിശാചിൻറെ  അടിമത്തത്തിൽ നിന്നു തൻറെ കുരിശുമരണം വഴി നമ്മെ രക്ഷിച്ച  ഈശോയും തുടർന്നുള്ള യാത്രയിൽ നമ്മെ വെറുംകൈയോടെ അയയ്ക്കുന്നില്ല. സ്വർണത്തെയും വെള്ളിയെയും അതിശയിക്കുന്ന മറിയത്തെയാണ് അവിടുന്ന് നമ്മുടെ സഹായത്തിനായി നൽകിയിരിക്കുന്നത്.  ആത്മീയമായി ധനികനാകാനുള്ള വിദ്യ മറിയം നമുക്കു  പറഞ്ഞുതരും.   ‘നീ ധനികനാകാൻ അഗ്നിശുദ്ധി വരുത്തിയ സ്വർണം  എന്നോടു വാങ്ങുക’ (വെളി  3:18) എന്നു കർത്താവു പറഞ്ഞതിൻറെ രഹസ്യം മറിയത്തിനറിയാം.

മറിയത്തെ ദൈവത്തിൻറെ നഗരം എന്നു പല സഭാപിതാക്കന്മാരും വിളിക്കുന്നുണ്ട്.  ദൈവം മനുഷ്യനോടു  കൂടെ വസിക്കുന്ന പുതിയ  ജെറുസലേമിനെക്കുറിച്ചു  പറയുന്നതും  അതു  തനി സ്വർണം  കൊണ്ടു നിർമിക്കപ്പെട്ടതാണെന്നാണ്.   ‘നഗരം  തനി സ്വർണം കൊണ്ടു നിർമിച്ചതും സ്ഫടികതുല്യം നിർമലവുമായിരുന്നു’  (വെളി  21:18). സ്വർണാലയമായി വിളിക്കപ്പെടാനിരുന്ന മറിയത്തിൻറെ പുത്രനു  ജ്ഞാനികൾ നൽകിയ സമ്മാനങ്ങളിൽ ഒന്നാമത്തേതും സ്വർണമായിരുന്നുവല്ലോ.  അഗ്നിശോധനയെ അതിജീവിക്കുന്ന വിശ്വാസത്തിൻറെ ഉടമയായതുകൊണ്ടാണു  മറിയത്തെ അഗ്നിശുദ്ധി വരുത്തിയ  സ്വർണം  കൊണ്ടുള്ള ഭവനത്തോട് ഉപമിക്കുന്നത്.

 ഈ അഗ്നിശോധന മറിയത്തിനെന്നതുപോലെ നമുക്കെല്ലാവർക്കും ബാധകമാണ്.   ‘കർത്താവ് അരുളിച്ചെയ്യുന്നു: ദേശവാസികളിൽ മൂന്നിൽ രണ്ടുഭാഗം നശിപ്പിക്കപ്പെടും.  മൂന്നിൽ ഒരു ഭാഗം  ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ  വെള്ളിയെന്നപോലെ ഞാൻ അഗ്നിശുദ്ധി വരുത്തും.  സ്വർണമെന്നതുപോലെ  മാറ്റു പരിശോധിക്കും (സഖ. 13:8-9).  സകല ഭൂവാസികളെയും  പരിശോധിക്കാനായി  ലോകത്തിൽ ഉണ്ടാകാനിരിക്കുന്ന ഒരു പരീക്ഷണങ്ങളുടെ സമയത്തെക്കുറിച്ചു  കർത്താവ് മുന്നറിയിപ്പു  തന്നിട്ടുണ്ട് (വെളി  3:10). ആ പരിശോധനാവേളയിൽ  കർത്താവ് നമ്മുടെ മാറ്റു  പരിശോധിക്കുക തന്നെ ചെയ്യും. അപ്പോൾ നാം            പരാജയപ്പെടാതിരിക്കണമെങ്കിൽ ഇപ്പോൾ തന്നെ മറിയത്തിൻറെ   സഹായം തേടുക.

സുകൃതജപം

 പരിശുദ്ധ അമ്മേ,  സ്വർണാലയമേ,  പരീക്ഷണങ്ങളുണ്ടാകുമ്പോൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപ  ഈശോയിൽ നിന്നു വാങ്ങിത്തരണമേ.

(30)

വാഗ്ദാനത്തിൻറെ പേടകം

കരുവേലത്തടികൊണ്ട് നിർമിച്ച്,  തനി സ്വർണം കൊണ്ട് അകവും പുറവും പൊതിഞ്ഞ  പേടകത്തിൽ ഉടമ്പടിയുടെ കൽപലകയും അഹറോൻറെ തളിർത്ത വടിയും മന്നയുമാണ് ഇസ്രായേൽക്കാർ  സൂക്ഷിച്ചുവച്ചിരുന്നത്. വാഗ്ദാനപേടകം കൂടെ ഉണ്ടായിരുന്നപ്പോഴെല്ലാം അത് ഇസ്രായേലിന്   അനുഗ്രഹമായിരുന്നു.  അവർ ജോർദാൻ കടന്നതും വാഗ്ദാനപേടകത്തിൻറെ സഹായത്തോടെയായായിരുന്നു.

 ഇടക്കാലത്ത്  ഫിലിസ്ത്യർ വാഗ്‌ദാനപേടകം  പിടിച്ചടക്കി  കൊണ്ടുപോയി, അവരുടെ  ദേവനായ ദാഗോൻറെ ക്ഷേത്രത്തിൽ  പ്രതിഷ്ഠയ്ക്കു സമീപം  വച്ചു. പിറ്റേന്നു  കാലത്ത് അവർ കാണുന്നതു   ദാഗോൻറെ ബിംബം കർത്താവിൻറെ  പേടകത്തിനു  മുൻപിൽ  നിലത്തു മറിഞ്ഞുകിടക്കുന്നതാണ്. പിന്നെയങ്ങോട്ടു  ഫിലിസ്ത്യർക്കു  ദുരന്തത്തിൻറെ നാളുകളായിരുന്നു. ജനങ്ങൾ കൂട്ടത്തോടെ രോഗബാധിതരായി. അതുകൊണ്ട് അവർ പേടകം അവിടെ നിന്നെടുത്തു  മറ്റൊരു പട്ടണമായ ഗത്തിലേക്കു  കൊണ്ടുപോയി. അവിടെയും ദുരന്തം അവരെ പിന്തുടർന്നു.  പിന്നെ അവർ പേടകം എക്രോണിലേക്കയച്ചു.   അവിടെയും രോഗബാധ അവരെ പിന്തുടർന്നു. ജനങ്ങൾ പേടിച്ചു വിറച്ചു. അവസാനം അവർ പ്രായശ്ചിത്തബലിക്കുള്ള വസ്തുക്കളുമായി വാഗ്ദാനപേടകം ഇസ്രായേലിലേക്കു  തിരിച്ചയച്ചതിനു ശേഷമാണ്  അവർക്കു സമാധാനം കിട്ടിയത് ( 1 സാമു 5).

വാഗ്ദാനപേടകം  വിശുദ്ധമാണ്. വിശുദ്ധമായവ വിശുദ്ധിയോടെ തന്നെ കൈകാര്യം ചെയ്യണം. അശുദ്ധമായ സ്ഥലത്തു  വിശുദ്ധപേടകം ഇരിക്കുമ്പോൾ ആ സ്ഥലത്തിന് അനുഗ്രഹമല്ല, ദോഷമാണു  ഭവിക്കുക എന്നു  ഫിലിസ്ത്യർ അനുഭത്തിലൂടെ പഠിച്ചു.

പേടകം ഓബദ്  ഏദോമിൻറെ വീട്ടിൽ ഇരുന്ന മൂന്നുമാസക്കാലവും  കർത്താവ് അവനെയും അവൻറെ കുടുംബത്തെയും അനുഗ്രഹിച്ചു (2 സാമു 6:11). അവിടെ നിന്നു ദാവീദിൻറെ നഗരത്തിലേക്കു പേടകം കൊണ്ടുവരുമ്പോഴാണു  ദാവീദ് എല്ലാം മറന്നു പേടകത്തിൻറെ  മുൻപിൽ നൃത്തം ചെയ്തതും അതു കണ്ട അവൻറെ ഭാര്യാ മീഖാൽ അതിൻറെ പേരിൽ അവനെ നിന്ദിച്ചതും  തൽഫലമായി അവൾ  വന്ധ്യയായി തീർന്നതും  (2 സാമു 6:12-23).  വിശുദ്ധമായവയെ മാത്രമല്ല, അവയെ ആദരിക്കുന്നവരെയും   താഴ്ത്തിക്കെട്ടുന്നത്  എത്ര ദോഷകരവും കയ്‌പു  നിറഞ്ഞതുമായിരിക്കുമെന്നു മീഖാലും  തൻറെ ജീവിതം കൊണ്ടു പഠിച്ചു.

നൂറ്റാണ്ടുകൾ ദൈവസാന്നിധ്യത്തിൻറെ അനുഭവം ഇസ്രായേൽ ജനത്തിനു  നൽകിയ വാഗ്ദാനപേടകം  ബാബിലോണിയൻ പ്രവാസത്തെ മുൻപിൽ കണ്ടുകൊണ്ടു  ജെറമിയ പ്രവാചകൻ  നെബോ മലയിൽ ഒളിച്ചുവച്ചു  എന്നും  അതിൻറെ കൃത്യമായ സ്ഥാനം ആർക്കും  അറിയില്ല എന്നും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു (2 മക്ക  2:4-7). പിന്നെ വാഗ്ദാനപേടകത്തെക്കുറിച്ചു  പരാമർശമുള്ളതു  ഹെബ്രായ ലേഖനത്തിലാണ്. അതാകട്ടെ പഴയനിയമകാലത്തെ  ആരാധനാരീതികൾ വിവരിക്കുന്നതിൻറെ ഭാഗമായുള്ള പരാമർശം മാത്രമാണ്.

എന്നാൽ  വെളിപാട് പുസ്തകത്തിലേക്കു  വരുമ്പോൾ  വാഗ്ദാനപേടകത്തെക്കുറിച്ച് അതിപ്രധാനമായ ഒരു വെളിപ്പെടുത്തൽ ഉണ്ട്.  ‘അപ്പോൾ സ്വർഗത്തിൽ ദൈവത്തിൻറെ  ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നൽപിണരുകളും   ഘോഷങ്ങളും  ഇടിമുഴക്കങ്ങളും ഭൂകമ്പവും  വലിയ കന്മഴയും ഉണ്ടായി (വെളി  11:19). ഈ വചനത്തോടെ പതിനൊന്നാം  അധ്യായം അവസാനിക്കുകയാണ്. എന്നാൽ ബൈബിൾ എഴുതപ്പെട്ടത് അധ്യായം തിരിച്ചായിരുന്നില്ല (പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ് അധ്യായങ്ങൾ തിരിച്ചത്). വെളി  11:19 ൻറെ അർത്ഥവും പ്രസക്തിയും സാംഗത്യവും ഗ്രഹിക്കണമെങ്കിൽ തുടർന്നുള്ള വചനങ്ങൾ  വായിക്കണം.  വാഗ്ദാനപേടകം തുറക്കപ്പെട്ടതിനുശേഷം  സ്വർഗത്തിൽ  വലിയ  അടയാളം കാണപ്പെടുന്നതു  വിവരിച്ചുകൊണ്ടാണു  പന്ത്രണ്ടാം അധ്യായം തുടങ്ങുന്നത്. ആ അടയാളമാകട്ടെ  സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവും ആക്കിയ സ്ത്രീയാണ്. വെളിപാടിലെ സ്ത്രീ  മറിയമാണെന്നതിൽ സഭാപിതാക്കന്മാർ ഏകാഭിപ്രായക്കാരാണ്.

ദൈവസാന്നിധ്യത്തിൻറെ അടയാളമായിരുന്നു വാഗ്ദാനപേടകം.  അവിടെ ദൈവം ഉടമ്പടിപത്രികയുടെയും അഹറോൻറെ തളിർത്ത വടിയുടെയും മന്നയുടെയും പ്രതീകത്തിലാണു  വസിച്ചത്. എന്നാൽ പുതിയ വാഗ്ദാനപേടകമായ മറിയത്തിൽ സാക്ഷാൽ ദൈവപുത്രൻ സജീവനായി  വസിച്ചു.  ഇസ്രായേൽ ജനത്തോടു  ദൈവം ചെയ്ത  വാഗ്ദാനത്തിൻറെ  അടയാളമായിരുന്നു  പേടകം.  എന്നാൽ ദൈവത്തിൻറെ  ഏറ്റവും  വലിയ വാഗ്ദാനം – യേശുക്രിസ്‌തു – വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ആ വാഗ്‌ദാനം  നിറവേറിയതു  മറിയം എന്ന വിശുദ്ധപേടകത്തിലായിരുന്നു.

ദൈവം പറഞ്ഞുകൊടുത്ത അതേ രീതിയിൽ, അതേ  അളവിലാണു   മോശ വാഗ്ദാനപേടകം  പണിതത്. വാഗ്ദാനപേടകം സമാഗമകൂടാരത്തിൽ പ്രതിഷ്ഠിച്ചുകഴിഞ്ഞപ്പോൾ ഒരു  മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു എന്നും കർത്താവിൻറെ  മഹത്വം  കൂടാരത്തിൽ നിറഞ്ഞുനിന്നു എന്നും (പുറ 40:34) നാം വായിക്കുന്നു. കർത്താവിൻറെ വചനമായ പത്തുകല്പനകളും നിത്യജീവൻ നൽകുന്ന  സ്വർഗീയ   അപ്പത്തിൻറെ   പ്രതീകമായ  മന്നയും  അഭിഷേകത്തിൻറെയും അധികാരത്തിൻറെയും  അടയാളമായ  അഹറോൻറെ വടിയും സൂക്ഷിക്കാൻ  വേണ്ടി നിർമിക്കപ്പെട്ട വാഗ്ദാനപേടകത്തിൻറെ കാര്യത്തിൽ ദൈവം ഇത്രമേൽ  ശ്രദ്ധാലുവായിരുന്നുവെങ്കിൽ ആ പ്രതീകങ്ങളുടെയെല്ലാം  സാക്ഷാത്കാരമായ യേശുവിനു  വസിക്കാനായി അവിടുന്ന് തെരഞ്ഞെടുത്ത  പരിശുദ്ധ മറിയത്തെ എത്രയോ കൂടുതലായി അവിടുന്ന്  മഹത്വപ്പെടുത്തുകയില്ല!

വാഗ്ദാനപേടകം സൂക്ഷിച്ചിരുന്ന സമാഗമകൂടാരത്തെ ആവരണം ചെയ്ത  മേഘം  (പുറ 40:34-35) പരിശുദ്ധാത്മാവിൻറെ പ്രതീകമായിരുന്നു. എന്നാൽ മറിയത്തിൽ അതേ പരിശുദ്ധാത്മാവ് സത്യമായും  ഇറങ്ങിവന്ന് ആവസിക്കുന്നതു  മംഗളവാർത്തയിൽ നാം കാണുന്നുണ്ട്. പേടകത്തിൻറെ  മുൻപിൽ ദാവീദ് ആനന്ദനൃത്തമാടുകയാണ്. പുതിയ വാഗ്ദാനപേടകമായ മറിയത്തെ കാണുന്ന എലിസബത്ത്  മാത്രമല്ല അവളുടെ ഉദരത്തിലുള്ള കുഞ്ഞു പോലും  ആനന്ദിക്കുന്നു. ഓബദ് ഏദോമിൻറെ വീട്ടിൽ വാഗ്ദാനപേടകം സൂക്ഷിച്ചതു  മൂന്നു മാസമാണ്. ലൂക്കാ സുവിശേഷകൻ എഴുതുന്നു.  മറിയം അവളുടെ (എലിസബത്തിൻറെ) കൂടെ മൂന്നു മാസം താമസിച്ചു (ലൂക്കാ 1:56). യൂദയായിലെ മലനാട്ടിലായിരുന്നു ഓബദ് ഏദോമിൻറെ ഭവനം. എലിസബത്തിൻറെ ഭവനവും യൂദയായിലെ മലനാട്ടിലായിരുന്നു.

 ഇസ്രായേൽക്കാർക്കു  ദൈവികസാന്നിധ്യത്തിൻറെയും ദൈവികസംരക്ഷണത്തിൻറെയും അടയാളമായിരുന്നു വാഗ്ദാനപേടകം. പുതിയ ഇസ്രായേലായ നമുക്കു  പുതിയ വാഗ്ദാനപേടകമായ മറിയത്തിൽ ആശ്രയിക്കാം. ഈ പുതിയ പുറപ്പാടിൻറെ നാളുകളിൽ, വാഗ്ദത്ത ദേശത്തേക്കുള്ള അവസാനത്തെ  തടസമായ പാപത്തിൻറെ  ജോർദാൻ നദി കടക്കുവോളം   നമുക്കു സംരക്ഷണം  നല്കാൻ കഴിവുള്ള മറിയം എന്ന വാഗ്ദാനപേടകം നമ്മുടെ മുൻപേ പോകട്ടെ.  അങ്ങനെ നാം ഈശോമിശിഹായുടെ എല്ലാ വാഗ്ദാനങ്ങൾക്കും അർഹരായിത്തീരട്ടെ.  മറിയത്തെ നിന്ദിച്ചുകൊണ്ട്, വാഗ്ദാനപേടകത്തെ വിശുദ്ധിയോടെ കാണാൻ കഴിയാതെ   പോയ ഫിലിസ്ത്യരുടെയോ  മീഖാലിൻറെയോ  ദുരന്തം  ആർക്കും ഉണ്ടാകാതിരിക്കട്ടെ  എന്നു പ്രാർത്ഥിക്കുകയും ചെയ്യാം.

സുകൃതജപം

പരിശുദ്ധ മറിയമേ, വാഗ്ദാനപേടകമേ, ഈശോമിശിഹായുടെ  എല്ലാ വാഗ്ദാനങ്ങൾക്കും  ഞങ്ങൾ യോഗ്യരാകുവാൻ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

(31)

ആകാശമോക്ഷത്തിൻറെ  വാതിൽ

ആദിപാപത്തിനുശേഷം  പറുദീസയിൽ നിന്നു പുറത്താക്കപ്പെട്ട ആദവും ഹവ്വയും വീണ്ടും  പറുദീസയിൽ കടക്കാതിരിക്കാനും പാപം കൊണ്ട് അശുദ്ധരായ അവസ്ഥയിൽ  ജീവൻറെ  വൃക്ഷത്തിൽ നിന്നുള്ള ഫലം കഴിച്ച്, ശിക്ഷാവിധിക്ക് അർഹരാകാതിരിക്കാനും വേണ്ടി  ദൈവം  ഏദൻ  തോട്ടത്തിനു  കിഴക്ക് കെരൂബുകളെ കാവൽ നിർത്തി എന്നും  എല്ലാ വശത്തേക്കും കറങ്ങുന്നതും  തീ ജ്വലിക്കുന്നതുമായ  ഒരു വാൾ സ്ഥാപിക്കുകയും ചെയ്‌തെന്നും നാം ഉൽപത്തി പുസ്തകത്തിൽ (ഉൽ. 3:24) വായിക്കുന്നു.

പാപം മൂലം തകർന്നുപോയ ഈ  ദൈവ-മനുഷ്യബന്ധം വീണ്ടും വിളക്കിച്ചേർക്കാനാണ് യേശു വന്നത്.  ഇരുതലവാളിനേക്കാൾ  മൂർച്ചയുള്ള  (ഹെബ്രാ 4:12) വചനമാകുന്ന വാളാണ് ഈശോ അതിനുപയോഗിച്ചത്. ആ വചനമാകട്ടെ സാക്ഷാൽ അഗ്നിപോലെയും  പാറയെ തകർക്കുന്ന കൂടം പോലെയും ആയിരുന്നു (ജെറ. 23:29). ഒരിക്കൽ നമ്മുടെ  മുൻപിൽ അടയ്ക്കപ്പെട്ട  പറുദീസയുടെ വാതിൽ  ഈശോ കുരിശുമരണം വഴി               വീണ്ടും  തുറന്നുതന്നു.

മറിയത്തെ എന്തുകൊണ്ടാണു  സ്വർഗത്തിൻറെ വാതിൽ എന്നു  വിളിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. സ്വർഗത്തിൽ   വസിച്ചിരുന്ന യേശു ഭൂമിയിലേക്ക് ഇറങ്ങിവന്നതു  മറിയം എന്ന വാതിലിലൂടെയാണ്.   എസക്കിയേൽ പ്രവാചകൻ  പറയുന്നു.  ‘കർത്താവ് എന്നോട്  അരുളിച്ചെയ്തു. ‘ഈ പടിപ്പുര               (ദൈവാലയത്തിൻറെ കിഴക്കേപടിപ്പുര)  എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും  അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാൽ  ദൈവമായ കർത്താവ്  അതിലൂടെ പ്രവേശിച്ചിരിക്കുന്നു’ (എസക്കി. 44:2).  വിശുദ്ധരായ അംബ്രോസും ആഗസ്തീനോസും   അടക്കം അനേകം പുണ്യാത്മാക്കൾ   മറിയത്തെ സ്വർഗവാതിലായി പ്രകീർത്തിക്കുന്നുണ്ട്. യേശുവിലേക്കുള്ള ഉറപ്പായതും  ഋജുവായതുമായ മാർഗമായി അവർ മറിയത്തെ  വിശേഷിപ്പിക്കുന്നു.

സ്വർഗത്തിലേക്ക്  ഒരു വഴി മാത്രമേയുള്ളൂ. അതു  യേശുക്രിസ്തു തന്നെയാണെന്നു  നമുക്കറിയാം. ആ യേശുക്രിസ്തു കടന്നുവന്ന വാതിലാണു  മറിയം.  ഒരു വാതിൽ മാത്രമേ  ഉള്ളൂവെങ്കിൽ  നമുക്കു സ്വർഗത്തിലേക്കു  പോകാനും ആ വാതിൽ തന്നെ ഉപയോഗിക്കേണ്ടിവരും. മറിയം തൻറെ ഭക്തരെ സ്വർഗത്തിൽ എത്തിക്കുന്നതുവരെ  വിശ്രമിക്കുകയില്ല എന്നു നമുക്കുറപ്പിക്കാം.  മറിയമാകുന്ന വാതിൽക്കൽ മുട്ടുന്നവർക്ക് അവൾ വാതിൽ തുറന്നുകൊടുക്കുകയും   വാതിലിനപ്പുറമുള്ള സ്വർഗത്തിലേക്കുള്ള വഴി – തൻറെ തിരുക്കുമാരനെത്തന്നെ – നമുക്കു കാണിച്ചുതരികയും  ചെയ്യും. അനന്തരം അവൾ പറയും. ‘അവൻ പറയുന്നതു   ചെയ്യുക.’ സ്വർഗത്തിലേക്കുള്ള വഴിയിൽ നാം എത്തിക്കഴിഞ്ഞു എന്ന് ഉറപ്പുവരുമ്പോൾ  അവൾ നമുക്കു പിന്നിൽ വാതിൽ അടയ്ക്കുന്നു.  അങ്ങനെ നാം  കലപ്പയിൽ കൈവച്ചിട്ടു തിരിഞ്ഞുനോക്കി നഷ്ടപ്പെടുന്നവരാകാതെ  കാത്തുസൂക്ഷിക്കുന്നു. മറിയത്തിൻറെ വിമലഹൃദയപ്രതിഷ്ഠയെ   ഇതുമായി ബന്ധപ്പെടുത്തി വേണം ധ്യാനിക്കാൻ.

ദൈവദൂതൻമാർ സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുന്നതും  സ്വർഗത്തിലേക്കു കയറിപ്പോകുന്നതുമായി യാക്കോബ് കണ്ട ഗോവണി പരിശുദ്ധ അമ്മയുടെ വലിയൊരു പ്രതീകമായി സഭാപിതാക്കന്മാർ എടുത്തു പറയുന്നുണ്ട്.                സ്വർഗത്തിലേക്കുള്ള ക്ലേശമേറിയ യാത്രയിൽ  നമ്മുടെ സഹായത്തിനായിട്ടാണു  മറിയമാകുന്ന ഗോവണി  ദൈവം ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നത്.  സ്വർഗത്തെയും ഭൂമിയെയും ഒരേ സമയം സ്പർശിക്കുന്ന  ഒരേയൊരു ഗോവണി മറിയം മാത്രമാണ്. ആ ഗോവണി മാറ്റപ്പെടുന്നതിനു മുൻപായി നമുക്ക് അതിൻറെ ആദ്യത്തെ പടിയിലെങ്കിലും കയറിപ്പറ്റണം.

‘വിശ്വസ്തത പാലിക്കുന്ന  നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വേണ്ടിയാണ്  (ഏശയ്യാ  26:2) ദൈവം മറിയമാകുന്ന വാതിൽ സ്വർഗത്തിനു  മുൻപിൽ സ്ഥാപിച്ചിരിക്കുന്നത്. പുതിയ ജെറുസലേമിൻറെ താഴികക്കുടങ്ങൾ പത്മരാഗം കൊണ്ടും  വാതിലുകൾ  പുഷ്യരാഗം കൊണ്ടും  ഭിത്തികൾ രത്നം  കൊണ്ടും നിർമ്മിക്കും  ( ഏശയ്യാ  26:12) എന്നാണ്  കർത്താവ്  വാഗ്ദാനം ചെയ്‌തിരിക്കുന്നത്.      യോഹന്നാൻ ശ്ലീഹാ കണ്ട ദർശനത്തിലെ   സ്വർഗീയ ജറുസലേമിൻറെ കവാടങ്ങൾ പകൽ   സമയം അടയ്ക്കപ്പെടുന്നില്ല (വെളി  21:25).      മറിയം  പകൽ സമയം മുഴുവൻ , അതായതു  ക്രിസ്‌തുവിൻറെ പ്രകാശത്തിൽ വസിക്കുന്നിടത്തോളം കാലം മുഴുവൻ,  നമുക്കായി തുറന്നിട്ടിരിക്കുന്ന വാതിലാണ്.  ആർക്കും വേല ചെയ്യാൻ കഴിയാത്ത രാത്രി വരുന്നതിനു മുൻപായി ( യോഹ. 9:4) ആ സ്വർഗവാതിൽക്കൽ  എത്താനായി നമുക്കു  നല്ല ഓട്ടം ഓടാം (2 തിമോ  4:7). ആ വാതിലിനപ്പുറത്താകട്ടെ രാത്രി ഇല്ലതാനും’ (വെളി 21: 25).

സുകൃതജപം

സ്വർഗവാതിലേ, മരിയേ, സ്വർഗ്ഗത്തിലെത്തുവോളം ഞങ്ങളെ കാത്തുകൊള്ളണമേ.32

(32)

മറിയം ഉഷകാലനക്ഷത്രം

പ്രഭാതത്തിൻറെ വരവറിയിക്കുന്ന അടയാളമണ്   ഉഷകാല നക്ഷത്രം. രക്ഷയുടെ  ചക്രവാളത്തിൽ  ക്രിസ്തുവാകുന്ന നീതിസൂര്യൻ ഉദിക്കുന്നതിനു തൊട്ടുമുൻപേ  ആ രക്ഷയുടെ പ്രഭാതത്തെ വിളംബരം ചെയ്യുന്ന  പ്രഭാതനക്ഷത്രമായി മറിയം ഉദിച്ചു എന്നു സഭാപിതാക്കന്മാർ പറയുന്നു. ഘടികാരങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് നേരം  പുലരാനായോ  എന്നറിയാൻ മനുഷ്യർ ആശ്രയിച്ചിരുന്നതു  പ്രഭാതനക്ഷത്രത്തെയാണ്.  മലയാളത്തിൽ നാം  അതിനെ പെരുമീൻ എന്നും  വിളിക്കാറുണ്ട്.

പഴയനിയമം അവസാനിക്കുന്നതു  നീതിസൂര്യനായ ക്രിസ്തുവിൻറെ  ഉദയത്തെക്കുറിച്ചുള്ള പ്രവചനത്തോടെയാണ് (മലാക്കി 4). പുതിയ നിയമത്തിലെ ആദ്യത്തെ പുസ്തകത്തിൽ ആദ്യത്തെ അധ്യായത്തിൽ തന്നെ മറിയത്തെക്കുറിച്ച്  ഒരു ഡസനിലേറെ പരാമർശങ്ങളുണ്ട്. അതിൽ മൂന്നിടത്ത് അവളുടെ  പേരും പരാമർശിക്കുന്നുണ്ട്.  യേശുവിൻറെ പേരും മത്തായിയുടെ സുവിശേഷം  ഒന്നാം അധ്യായത്തിൽ മൂന്നു തവണയാണു രേഖപ്പെടുത്തിയിരിക്കുന്നത്.  തുടർന്നങ്ങോട്ടു വായിക്കുമ്പോൾ മറിയത്തിൻറെ പേരു  പതുക്കെപ്പതുക്കെ അപ്രത്യക്ഷമാകുന്നു, അല്ലെങ്കിൽ വിരളമായി മാത്രം കാണുന്നു.

അത് അങ്ങനെ തന്നെയാണു  സംഭവിക്കേണ്ടത്. കാരണം സൂര്യൻ ഉദിച്ചുകഴിഞ്ഞാൽ നക്ഷത്രങ്ങളുടെ  പ്രകാശം നമുക്കു ദൃശ്യമാകില്ല.   നമുക്കു നക്ഷത്രങ്ങളുടെ പ്രകാശം വീണ്ടും കാണണമെങ്കിൽ സൂര്യൻ അസ്തമിക്കണം. ക്രിസ്തുവാകുന്ന സൂര്യൻ സ്വർഗത്തിലേക്ക്‌അസ്തമിച്ചതിനുശേഷമാണു   മറിയമാകുന്ന നക്ഷത്രത്തിൻറെ പ്രഭ നാം കൂടുതലായി  മനസിലാക്കുന്നത്.

എന്നാൽ പ്രഭാതനക്ഷത്രമായി മറിയം പ്രത്യക്ഷപ്പെടുന്നതു  ക്രിസ്തുവിൻറെ വരവിനു മുൻപു  മാത്രമാണ്. അവിടുത്തെ മനുഷ്യാവതാരത്തിൽ  നാം അതു കണ്ടുകഴിഞ്ഞു. ഇനി ഒരിക്കൽ കൂടി അവിടുന്ന് മഹത്വത്തിൽ വരാനിരിക്കുന്നു. അപ്പോൾ നാം വീണ്ടും മറിയത്തെ പ്രഭാതനക്ഷത്രമായി ഒരിക്കൽ കൂടി കാണും.          യുഗാന്ത്യത്തിനും കർത്താവിൻറെ രണ്ടാം വരവിനും മുന്നോടിയായി മറിയം   കൂടുതൽ പ്രഭയോടെ മനുഷ്യരുടെയിടയിൽ പ്രവർത്തിക്കും എന്ന് അനേകം വിശുദ്ധർ പ്രവചിച്ചിട്ടുണ്ട്. വെളിപാട് പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം ഈ പ്രവചനങ്ങളെ സാധൂകരിക്കുകയും ചെയ്യുന്നു.

മറിയം കൂടുതൽ കൂടുതൽ പ്രത്യക്ഷീകരണങ്ങൾ നൽകുന്നതും ഈ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ.  ആദ്യനൂറ്റാണ്ടുകളിലും  മധ്യശതകങ്ങളിലും  മറിയത്തിൻറെ പ്രത്യക്ഷീകരണങ്ങൾ വിരളമായിരുന്നു. എന്നാൽ   പതിനേഴാം  നൂറ്റാണ്ടു മുതൽ ഇങ്ങോട്ടു  മറിയം അനേകം തവണ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. 1610 ൽ  നല്ല വിജയത്തിൻറെ മാതാവ്,  1846 ൽ ലാസലേറ്റ്, 1858 ൽ ലൂർദ്, 1917 ൽ ഫാത്തിമ,  1947 ൽ മോണ്ടിചിയാറി, പിന്നെ ഗരബന്ദാൾ, അക്കിത്ത, മെജുഗോറിയ അങ്ങനെയങ്ങനെ  നീളുന്ന മരിയൻ  പ്രത്യക്ഷീകരണങ്ങളെയെല്ലാം   ബന്ധിപ്പിക്കുന്ന പൊതുഘടകം   അവയിലെല്ലാം യുഗാന്ത്യകാലത്തേക്കുള്ള സന്ദേശങ്ങങ്ങളും മുന്നറിയിപ്പുകളും ഉൾക്കൊണ്ടിരുന്നു എന്നതാണ്.

പ്രഭാതനക്ഷത്രമായി മറിയം വീണ്ടും  പ്രത്യക്ഷപ്പെടുന്നുവെങ്കിൽ അതു      ക്രിസ്തുവിൻറെ രണ്ടാം വരവ്   വിളംബരം ചെയ്യാൻ വേണ്ടി മാത്രമാണ്.  തൻറെ സന്ദേശങ്ങളിൽ, അതിലുപരി സുവിശേഷ സന്ദേശങ്ങളിൽ, വിശ്വസിക്കാൻ വിസമ്മതിക്കുന്ന തൻറെ മക്കളെയോർത്താണ് അമ്മ  ഈ നാളുകളിൽ രക്തക്കണ്ണീരൊഴുക്കുന്നത്.  മറിയം കാലത്തിൻറെ  അടയാളമാണ്.   ആ അടയാളം മനസിലാക്കുന്നതിൽ നാം പരാജയപ്പെടാതിരിക്കട്ടെ.

സുകൃതജപം

പരിശുദ്ധ അമ്മേ, പ്രഭാത നക്ഷത്രമേ,  മഹത്വത്തോടെ മടങ്ങിവരുന്ന യേശുക്രിസ്തുവിനെ  സന്തോഷത്തോടെ സ്വീകരിക്കാൻ ഞങ്ങളെ ഒരുക്കണമേ.

(33)

രോഗികളുടെ  സ്വസ്ഥാനം മറിയം

മറിയത്തെ രോഗികളുടെ ആരോഗ്യമായി വിശേഷിപ്പിക്കുന്നുണ്ട്.  ആത്മീയമായും ശാരീരികമായും  രോഗികളായ തൻറെ  മക്കളെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന  കരുണയുള്ള അമ്മയാണു മറിയം. എന്നാൽ മറിയത്തെ രോഗികളുടെ  ആരോഗ്യമായി, അല്ലെങ്കിൽ സങ്കേതവും സമാശ്വാസവുമായി വിശേഷിപ്പിക്കാനുള്ള ആദ്യ കാരണം മറിയം യൗസേപ്പിതാവിനു   രോഗാവസ്ഥയിൽ (അഥവാ മരണവേളയിൽ) ആവശ്യമായ എല്ലാ പരിചരണങ്ങളും ചെയ്തുകൊടുത്തിരുന്നു എന്ന വിശ്വാസമാണ്. യൗസേപ്പിതാവ്  നല്ല മരണം പ്രാപിച്ചതു  മരണവേളയിൽ ഈശോയും മാതാവും അരികിൽ ഉണ്ടായിരുന്നതുകൊണ്ടും  അവരുടെ ആത്മീയ- മാനസിക- ശാരീരിക പരിചരണങ്ങൾ  അദ്ദേഹത്തിനു സാന്ത്വനം നല്കിയതുകൊണ്ടുമാണ്.

യേശുവിനെ  ദിവ്യഭിഷഗ്വരൻ  എന്നു നാം  വിളിക്കുന്നു. അവിടുന്ന്  ശരീരത്തിനു മാത്രമല്ല, മനസിനും ആത്മാവിനും  സൗഖ്യം നൽകുന്നു. യേശു നൽകിയ അനേകം രോഗശാന്തികൾക്ക് അമ്മ തീർച്ചയായും സാക്ഷിയായിരുന്നിരിക്കണം. രോഗസൗഖ്യത്തിനു  പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഫലപ്രദമാണെന്നുള്ള  ക്രിസ്തീയവിശ്വാസത്തിനു നൂറ്റാണ്ടുകൾ പഴക്കവുമുണ്ട്. നിത്യസഹായമാതാവിൻറെ നൊവേനയിലെ പ്രധാനപ്പെട്ട അപേക്ഷ തന്നെ രോഗമുക്തിയാണല്ലോ.

1524 ൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ  ആദ്യത്തെ ആശുപത്രി  മെക്സിക്കോയിൽ സ്ഥാപിക്കപ്പെട്ടപ്പോൾ അത്  അമലോത്ഭവ മാതാവിൻറെ പേരിലായിരുന്നു എന്നതിൽ അത്ഭുതമില്ല. കാരണം അതിനും എത്രയോ മുൻപു തന്നെ മറിയത്തെ  രോഗികളുടെ സ്വസ്ഥാനമായി വിശ്വാസികളും വിശുദ്ധരും  അംഗീകരിച്ചിരുന്നു.  വിശുദ്ധ ബെർണാർഡ്, വിശുദ്ധ അപ്രേം തുടങ്ങി   നിരവധി  പുണ്യാത്മാക്കൾ മറിയത്തെ രോഗികളുടെ സങ്കേതമായി വർണിച്ചിട്ടുണ്ട്.  ആതുരശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച അനേകരുടെ മാതൃകയും  പരിശുദ്ധ അമ്മയാണ്.

1531 ൽ  ഗ്വാഡലൂപ്പയിൽ   പ്രത്യക്ഷപ്പെട്ട  പരിശുദ്ധ കന്യകയോടു   ജുവാൻ ഡിയേഗോ ആവശ്യപ്പെട്ടതു തൻറെ  ഒരു   ബന്ധുവിനു രോഗസൗഖ്യം  നൽകാനായിരുന്നു. അമ്മയുടെ  മറുപടി ഇങ്ങനെയായിരുന്നു.  ‘ഈ രോഗത്തെക്കുറിച്ചോ  മറ്റെന്തെങ്കിലും ദൗർഭാഗ്യത്തെക്കുറിച്ചോ നിങ്ങൾ  വിഷമിക്കേണ്ട.  നിങ്ങളുടെ അമ്മയായ ഞാൻ  കൂടെയില്ലേ?’  ഇന്നും നമ്മുടെ സമാശ്വാസം  രോഗാവസ്ഥയിൽ അമ്മ നമ്മുടെ കൂടെയുണ്ട് എന്നതാണ്. ശാരീരിക പീഡകളിൽ നിന്നും മരണകരമായ അപകടങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ  മറിയത്തിൻറെ സഹായം  തേടി പ്രാർത്ഥിക്കുന്നത് തികച്ചും ഉചിതമാണ്. വിശുദ്ധനായ ജോൺ പോൾ പാപ്പാ, വലിയൊരു വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടതു   പരിശുദ്ധ അമ്മയുടെ  സഹായം കൊണ്ടാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ.  ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലെ ബസിലിക്ക  ആരോഗ്യമാതാവിനു  പ്രതിഷ്ടിച്ചതാണെന്നും നമുക്ക് ഓർക്കാം.

മറ്റുളളവർക്കു ശുശ്രൂഷ ചെയ്യുന്നതു  മറിയം സന്തോഷത്തോടെ ഏറ്റെടുത്തിരുന്ന ഒരു  കടമയായിരുന്നു. അതുകൊണ്ടാണല്ലോ അവൾ തൻറെ ഗർഭക്ലേശങ്ങൾക്കിടയിലും  ദീർഘയാത്ര ചെയ്ത് എലിസബത്തിൻറെ വീട്ടിലെത്തി മൂന്നു മാസം അവൾക്കു ശുശ്രൂഷ ചെയ്തത്. രോഗക്കിടക്കയിലായിരിക്കുന്ന തൻറെ മക്കളെ               അതേ  സ്നേഹത്തോടെ മറിയം  ശുശ്രൂഷിക്കാതിരിക്കുമോ?

നമ്മെ  സുഖപ്പെടുത്തുന്നതു  മരുന്നോ ലേപനൗഷധമോ അല്ല; മറിച്ച് എല്ലാവരെയും സുഖപ്പെടുത്തുന്ന ദൈവത്തിൻറെ വചനമാണ് (ജ്ഞാനം  16:12). ആ വചനം മാംസം ധരിച്ചതു മറിയത്തിലാണ്.  ഈ ലോകത്തിൽ  മറിയം തൻറെ  പുത്രനുമായി വേർപെടുത്താനാകാത്ത വിധം ആത്മീയ ഐക്യത്തിലാണു   ജീവിച്ചത്.  സ്വർഗത്തിലും  അമ്മ ക്രിസ്തുവിനോടു  ചേർന്നിരിക്കുന്നു. അപ്പോൾ  തൻറെ  ഭൂമിയിലുള്ള മക്കളുടെ  സൗഖ്യത്തിനുവേണ്ടി   സർവശക്തമായ വചനം  അയയ്ക്കാനായി അവൾ തൻറെ പ്രിയപുത്രനോടു ശുപാർശ  ചെയ്യാതിരിക്കുമോ?

സുകൃതജപം

പരിശുദ്ധ മറിയമേ, രോഗികളുടെ സങ്കേതമേ,  ആത്മീയവും ശാരീരികവും മാനസികവുമായ രോഗങ്ങളാൽ വലയുന്ന അങ്ങയുടെ  മക്കളെ തൃക്കൺപാർക്കണമേ. സൗഖ്യത്തിൻറെ വചനം അയച്ച് അവരെ സുഖമെടുത്താനായി അങ്ങയുടെ  തിരുക്കുമാരനോടു  പ്രാർഥിക്കണമേ.

(34)

പാപികളുടെ  സങ്കേതം മറിയം

വിശുദ്ധഗ്രന്ഥത്തിൻറെ ആദ്യപുസ്തകത്തിൽ തന്നെ മറിയം പാപികളുടെ സങ്കേതമായി നിയമിക്കപ്പെട്ടിരിക്കുന്നു എന്നതിൻറെ സൂചനയുണ്ട്.  പാപം സാത്താൻറെ  പ്രവൃത്തിയാണ്.   മനുഷ്യനെ  പാപത്തിലേക്കു നയിക്കുന്നതു ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനാണ്. ആദിപാപത്തിനു കാരണക്കാരനായ സർപ്പത്തോടു ദൈവം പറഞ്ഞത് , ‘നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ  ശത്രുത ഉളവാക്കും. അവൻ നിൻറെ തല  തകർക്കും. നീ അവൻറെ കുതികാലിൽ  പരുക്കേൽപ്പിക്കും’ (ഉൽ 3: 15)  എന്നായിരുന്നു. ദൈവം സൃഷ്ടിച്ച ഒരേയൊരു ശത്രുത മറിയവും പിശാചുമായിട്ടുള്ളതാണ്. അതാകട്ടെ  ജനതകളെ വഴിതെറ്റിക്കുന്ന പിശാചും അവൻറെ പിണിയാളുകളായ മൃഗവും  വ്യാജപ്രവാചകനും  ഗന്ധകാഗ്നിത്തടാകത്തിലേക്ക്  എറിയപ്പെടുന്നതുവരെ (വെളി  20:10) തുടരുകയും ചെയ്യും.

മനുഷ്യ മക്കളെ വഴിതെറ്റിച്ചു പാപത്തിൽ  വീഴിക്കാൻ തനിക്കു  ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ എന്നു സാത്താനറിയാം (വെളി  12:12). അതുകൊണ്ട് അവൻ ഏതുവിധേനയും മനുഷ്യരെ – സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ( മത്തായി 24:24)- വഴിതെറ്റിക്കാൻ  ശ്രമിക്കും. അതിനു വേണ്ടി ചെറുക്കാൻ ദുഷ്കരമായ പ്രലോഭനങ്ങൾ  അവൻ നമ്മുടെ കണ്ണിനു മുൻപിൽ എല്ലായ്‌പ്പോഴും വച്ചുതരും. അപ്പോൾ പാപത്തിൽ വീഴാതിരിക്കണമെങ്കിൽ  നാം മറിയത്തിൻറെ സഹായം തേടണം.

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥനയിൽ  നാം ഏറ്റുപറയുന്നതു  നമ്മുടെ പാപാവസ്ഥയാണല്ലോ.  പാപിയായിരിക്കുന്ന അവസ്ഥയിലും മാതാവിൻറെ  മാധ്യസ്ഥം തേടാൻ നാം ശങ്കിക്കേണ്ടതില്ല. കാരണം മറിയത്തെ പാപികളുടെ സങ്കേതമായി നിശ്ചയിച്ചുതന്നിരിക്കുന്നതു  സ്വർഗം തന്നെയാണ്.   പരിശുദ്ധ മറിയമേ, തമ്പുരാൻറെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ  മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന പ്രാർത്ഥന  ഉറച്ച ശരണത്തോടെ നമുക്കു  ചൊല്ലാം.  എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയിലും  നാം അമ്മയോടു  നമ്മുടെ പാപാവസ്ഥ ഏറ്റുപറയുന്നുണ്ടല്ലോ.

വിശുദ്ധ ജോൺ ഡമാഷീൻ  പറയുന്നതു മറിയം നിഷ്കളങ്കരുടെ മാത്രമല്ല, തന്നോടപേക്ഷിക്കുന്ന ദുഷ്ടരുടെയും   കൂടി മധ്യസ്ഥയാണെന്നാണ്. വിശുദ്ധ ബൊനവഞ്ചർ പറയുന്നതു  ലോകം  വെറുക്കുന്ന കഠിനപാപിയെപ്പോലും  മാതൃസഹജമായ സ്നേഹത്തോടെ  മറിയം ചേർത്തുനിർത്തുന്നു  എന്നും  അവൻ തൻറെ വിധിയാളനായ  യേശുവിനോടു  പൂർണമായി അനുരഞ്ജനപ്പെടുന്നതുവരെ   തൻറെയടുക്കൽ നിന്നു   പോകാൻ  അവനെ അനുവദിക്കില്ല എന്നുമാണ്.

പഴയനിയമത്തിൽ കൊലപാതകികൾക്കു വേണ്ടി ജോർദാനിക്കരെയും അക്കരെയും മൂന്നു വീതം ആകെ ആറ് അഭയനഗരങ്ങൾ  മാറ്റിവയ്ക്കണമെന്നു  ദൈവം  ഇസ്രായേൽ ജനത്തോട് ആവശ്യപ്പെടുന്നുണ്ട് (സംഖ്യ.  35:9-29). അഭയനഗരത്തിൽ ആയിരിക്കുന്ന ഒരുവനെ  പ്രതികാരാർത്ഥം വധിക്കാൻ ആർക്കും അനുവാദമില്ല. അവൻ പ്രധാനപുരോഹിതൻറെ  മരണം  വരെ ആ അഭയനഗരത്തിൽ വസിക്കണം. അതിനുശേഷം  അവനു സ്വന്തം  നാട്ടിലേക്കു മടങ്ങിപ്പോകാം. ആരും അവനെ  ഉപദ്രവിക്കുകയില്ല.

പാപികളുടെ അഭയനഗരം മറിയത്തിൻറെ മനോഹരമായ ഒരു പ്രതീകമാണ്.  ദൈവത്തിൻറെ ക്രോധം ഭയക്കുന്ന മാരകപാപികൾക്ക്  മറിയമാകുന്ന അഭയനഗരത്തിൽ  ആശ്രയം  തേടാം. അവിടെ അവൾ  അവരെ  സംരക്ഷിക്കും. പഴയനിയമത്തിൽ മഹാപുരോഹിതൻറെ മരണം വരെയായിരുന്നു ഈ അഭയനഗരത്തിലെ വാസം. എന്നാൽ പുതിയ നിയമത്തിലെ മഹാപുരോഹിതനായ യേശു മരിച്ചു കഴിഞ്ഞു.  ഇനി മറിയമാകുന്ന അഭയനഗരത്തിൽ  ആശ്രയം തേടിയിരുന്ന  പാപിയ്ക്കു ചെയ്യാനുള്ളത്  യേശുവിൻറെ കുരിശു മരണത്തിൻറെ യോഗ്യതയാൽ തൻറെ പാപങ്ങളിൽ നിന്നു  മോചനം നേടുക എന്നതാണ്.   അതു   സാധിക്കുന്നതുവരെ, അതായതു  പാപി  മാനസാന്തരപ്പെടുന്നതുവരെ മറിയം അവനെ കൈവിടില്ല എന്നു നാം ഉറച്ചു വിശ്വസിക്കണം.

മരിയഭക്തരായ വിശുദ്ധർ  പാപത്തെ ജയിക്കാനായി മറിയത്തിൻറെ സഹായമാണു   യാചിച്ചിരുന്നത്. മറിയം അവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.  അവരുടെ  ഒരു   പ്രധാന പ്രാർത്ഥനാനിയോഗം പാപികളുടെ  മാനസാന്തരം ആയിരുന്നു എന്നതിൽ വിസ്മയിക്കാനില്ല. കാരണം ഒരുവൻ പോലും നശിച്ചുപോകാതെ എല്ലാവരും രക്ഷപ്രാപിക്കണമെന്ന ക്രിസ്തുവിൻറെ  ആഗ്രഹം  മാതാവിനോടൊപ്പം അവരും  പങ്കിടുന്നു.

അശുദ്ധപാപങ്ങളിൽ മുഴുകി ജീവിച്ചിരുന്ന മഗ്ദലേനമറിയത്തെ  ഈശോ ആദ്യം തൻറെ  അമ്മയുടെ അടുക്കലേക്കാണ് അയച്ചത്  എന്നും അവൾ അമ്മയുടെ കൂടെ കുറേനാൾ ജീവിച്ചു എന്നും ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ മരിയ വാൾതോർത്ത  പറയുന്നു.  ഒറ്റിക്കൊടുത്തതിനുശേഷം   നിരാശയിൽ  വീണ യൂദാസിനെ കുറ്റബോധത്തിൽ നിന്ന് അനുതാപത്തിലേക്കും പ്രത്യാശയിലേക്കും കൊണ്ടുവരാനും കർത്താവിനെ തള്ളിപ്പറഞ്ഞ പത്രോസിനെ  തിരിച്ചുവിളിക്കാനും  അമ്മ ശ്രമിച്ചിരുന്നു എന്നും മരിയ വാൾതോർത്താ  എഴുതിയിട്ടുണ്ട്.  തൻറെ മക്കൾ പാപം ചെയ്തു എന്നറിഞ്ഞാൽ  അവരെ വീണ്ടെടുക്കുന്നതുവരെ അമ്മയ്ക്ക് വിശ്രമമില്ല. എന്നാൽ ഒരു പാപി കർത്താവിൻറെ കരുണയെ നിസാരമാക്കിക്കൊണ്ടു  പാപത്തിൽ തന്നെ തുടരാൻ തീരുമാനിക്കുമ്പോൾ അമ്മ വിലപിക്കുന്നത് അവനു വരാനിരിക്കുന്ന ദുരന്തത്തെയോർത്താണ്.

പരിശുദ്ധ മറിയത്തിൻറെ  വിമലഹൃദത്തിൽ നമ്മെ പ്രതിഷ്ഠിക്കുന്നതിൻറെ  ഉദ്ദേശം  പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും  മറിയം നമ്മെ കാത്തുരക്ഷിക്കണം എന്നതാണ്.  പാപം നിറഞ്ഞ ഈ ലോകത്തിൽ  പാപത്തിൻറെ കറയേൽക്കാതെ ജീവിക്കാൻ വിമലഹൃദയപ്രതിഷ്ഠ നമ്മെ സഹായിക്കും.  ഇനി നാം പാപം ചെയ്യാനിടയായാലും  അമ്മ നമ്മെ  ഉപേക്ഷിക്കില്ല.  അമ്മയിൽ ശരണപ്പെടുക. നാം പൂർണമായി മാനസാന്തരപ്പെടുവോളം അവൾ നമ്മെ  കാത്തുകൊള്ളും.

സുകൃതജപം

പരിശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഇതാ ഞങ്ങൾ അങ്ങേപ്പക്കൽ സഹായത്തിനായി അണയുന്നു. പാപികളായ ഞങ്ങളുടെ മേൽ അലിവായിരുന്ന്,  അങ്ങയുടെ തിരുക്കുമാരനോടു ഞങ്ങൾക്കു വേണ്ടി  പ്രാർത്ഥിക്കണമേ.

(35)

 മറിയം  – വ്യാകുലന്മാരുടെ ആശ്വാസം

കഷ്ടത  അനുഭവിക്കുന്നവരുടെ ഏറ്റവും അടുത്ത ആശ്വാസമായി മറിയത്തെ ക്രിസ്ത്യാനികൾ  കണക്കാക്കുന്നു. അതിനു കാരണം ‘കഷ്ടമേറ്റ കർത്താവോടു  കൂട്ടാളിയായ്’ മാറിയവളാണു മറിയം എന്നതാണ്.  കർത്താവിൻറെ  വ്യാകുലം നിറഞ്ഞ പീഡാനുഭവങ്ങളുടെ  മണിക്കൂറിൽ അവിടുന്ന് ശരീരത്തിൽ അനുഭവിച്ച പീഡകളെല്ലാം അമ്മ  ഹൃദയത്തിൽ അനുഭവിച്ചു.

ഹെബ്രായലേഖകൻ ഇങ്ങനെ  എഴുതുന്നു;  ‘നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു  സഹതപിക്കാൻ കഴിയാത്ത  ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്, പിന്നെയോ ഒരിക്കലൂം പാപം ചെയ്തിട്ടില്ലെങ്കിലും  എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ  പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ട സമയത്തു കരുണയും  കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിൻറെ സിംഹാസനത്തെ സമീപിക്കാം’ ( ഹെബ്രാ  4:15-16).

ഈ വാക്കുകൾ മറിയത്തെ സംബന്ധിച്ചും ശരിയാണ്. അവൾ കഠിനമായ പീഡനങ്ങളുടെയും വേദനകളുടെയും ഒറ്റപ്പെടലിൻറെയും ദുഖാദുരിതങ്ങളുടെയും നടുവിലൂടെ കടന്നുപോയവളാണ്. തൻറെ  ഹൃദയത്തെ പിളർക്കാനിരുന്ന വാൾ എന്താണെന്ന ഉത്തമബോധ്യത്തോടെ  മുപ്പത്തിമൂന്നു വർഷം  അതു  സഹിച്ചുനിന്നവളാണു.  മറിയം. ശിമയോൻറെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, ദൈവാലയത്തിൽ വച്ച് യേശുവിനെ കാണാതാകുന്നത്, കുരിശുയാത്രയിൽ ഈശോയെ കണ്ടുമുട്ടുന്നത്, ഈശോയെ കുരിശിൽ തറയ്ക്കുന്നത്, കുരിശിൽ നിന്നറക്കിയ തിരുശരീരം മടിയിൽ കിടത്തുന്നത്, ഈശോയെ സംസ്കരിക്കുന്നത് എന്നിങ്ങനെ മാതാവിൻറെ ഏഴു വ്യാകുലങ്ങളെക്കുറിച്ചു  നാം ധ്യാനിക്കാറുണ്ട്. എന്നാൽ പലപ്പോഴും നാം മറന്നുപോകുന്ന കാര്യം ഈ  ഏഴു  വ്യാകുലങ്ങളും  ഈശോയുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്.  മറിയത്തിൻറെ  വ്യാകുലങ്ങൾ അത്രയും യേശുവിനെ പ്രതിയായിരുന്നു.

ക്രിസ്തുവിനെപ്രതി സഹിക്കുന്ന വ്യാകുലങ്ങൾ കൂടുതൽ വിലയേറിയതാണ്.           അവ സഹിക്കുമ്പോൾ നാം  പരിശുദ്ധ കന്യകയെ അനുഗമിക്കുകയാണു  ചെയ്യുന്നത്. എന്നാൽ നിത്യജീവിതത്തിലെ ദുഖങ്ങളിലും മറിയം നമ്മുടെ സഹായത്തിനെത്തുന്നു. ഒരു ഗൃഹഹനാഥനെ സംബന്ധിച്ചിടത്തോളം വിവാഹവിരുന്നിൽ വീഞ്ഞ് തീർന്നുപോവുക എന്നതിനേക്കാൾ വലിയ പരീക്ഷണം വേറെ എന്തുണ്ട്? ആ വേദന ആരും പറയാതെ തന്നെ മറിയം അറിഞ്ഞു എന്നു  മാത്രമല്ല അതിനുള്ള പരിഹാരവും ആരും അറിയാതെ തന്നെ   നിർദേശിച്ചു.

വ്യാകുലമാതാവിനോടുള്ള വിശേഷഭക്തി  ക്രൈസ്തവരുടെ പ്രത്യേകതയാണ്.   കേരളത്തിലെ  ഒരു പ്രധാന ബസിലിക്കാ ദൈവാലയം (തൃശൂരിലെ  Our Lady of Dolours Basilica) വ്യാകുലമാതാവിനു പ്രതിഷ്ഠിതമാണ്.  വ്യാകുലമാതാവിനോടുള്ള പ്രാർത്ഥന പലപ്പോഴും നമ്മുടെ വ്യാകുലങ്ങളിൽ നിന്നുള്ള മോചനത്തിനു  വേണ്ടി മാത്രമാകുന്നു എന്നതു സങ്കടകരമാണ്. മാതാവിൻറെ  നൊവേനയിൽ പറയുന്നതുപോലെ  തുടർന്നു  സഹിക്കാനാണു  ദൈവതിരുമനസെങ്കിൽ അതു  ക്ഷമയോടെ സഹിക്കാനുള്ള കൃപയ്ക്കുവേണ്ടിയും നാം പ്രാർത്ഥിക്കണം.  കുരിശിൻ ചുവട്ടിലെ കഠിനവേദനയുടെ നിമിഷങ്ങളിൽ  മറിയത്തെ ആശ്വസിപ്പിക്കാൻ   എത്ര പേർ  ഉണ്ടായിരുന്നു എന്ന് ചിന്തിക്കണം.

പീഡനങ്ങളും വ്യാകുലങ്ങളും  എല്ലാം  ക്രിസ്തുവിനെ പ്രതി സഹിക്കാനുള്ള കൃപയ്ക്കു വേണ്ടി  പരിശുദ്ധ അമ്മയോടു  പ്രാർത്ഥിക്കാം.   പരീക്ഷണവേളകളിൽ നഷ്ടധൈര്യരാകാതെ അഭിമാനപൂർവം പിടിച്ചു നിൽക്കണം എന്നാണു  പത്രോസ് ശ്ലീഹാ ഉപദേശിക്കുന്നത്.  ‘ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഡസഹിക്കുന്നതെങ്കിൽ  അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി  എന്ന നാമത്തിൽ  അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ  മഹത്വപ്പെടുത്തട്ടെ’ (1 പത്രോസ് 4:16).  ആകുലവേളകളിലും  ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയുക എന്നതു  വലിയൊരു കൃപയാണ്. ആ കൃപ മറിയത്തിൽ സമൃദ്ധമായി ഉണ്ടായിരുന്നു.

സുകൃതജപം

പരിശുദ്ധ അമ്മേ,  ഞങ്ങളുടെ  കഠിനവേദനയുടെയും  വ്യാകുലങ്ങളുടെയും  നിമിഷങ്ങളിൽ പതറാതെ പിടിച്ചുനിൽക്കാനും കഷ്ടതകൾ  ദൈവമഹത്വത്തിനായി ക്ഷമയോടെ സ്വീകരിക്കാനുമുള്ള കൃപ ഞങ്ങൾക്കു വാങ്ങിത്തരണമേ.

(36)

ക്രിസ്ത്യാനികളുടെ സഹായമായ മറിയം

കത്തോലിക്കാ സഭയിൽ ചൊല്ലപ്പെടുന്ന നൊവേനകളിൽ  ഏറ്റവുമധികം പ്രചാരത്തിലുളളത് ഒരു പക്ഷേ നിത്യസഹായമാതാവിനോടുള്ള നൊവേന ആയിരിക്കും. മറിയം തങ്ങളുടെ നിത്യസഹായം  ആണെന്ന ഉറച്ച ബോധ്യം  അവളുടെ മക്കൾക്കുണ്ട്.  ആ ബോധ്യത്തിൽ  കൂടുതൽ ആഴപ്പെടാണ് വേണ്ടിയാണ് അവർ  അവർ പ്രാർഥിക്കുന്നത്.

‘നിത്യസഹായം നീ എന്നുള്ള   ബോധ്യമീ

ഞങ്ങളിലാഴമായി

വളരുവാൻ നല്ലൊരു വരമിന്നു നൽകണേ,

നിൻ മക്കൾ കേഴുന്നിതാ…’

ക്രിസ്ത്യാനികളുടെ സഹായം എന്ന വിശേഷണം  മറിയത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം തന്നെ.   എല്ലാ മരിയൻ പ്രാർത്ഥനകളിലും നാം മറിയത്തിൻറെ സഹായമാണല്ലോ യാചിക്കുന്നത്.  നന്മ നിറഞ്ഞ മറിയമേ ആണെങ്കിലും പരിശുദ്ധ രാജ്ഞി ആണെങ്കിലും  എത്രയും ദയയുള്ള മാതാവേ ആണെങ്കിലും  അതിലെ അപേക്ഷയുടെ സാരം മറിയത്തോടുള്ള സഹായാഭ്യർത്ഥന മാത്രമാണ്.

മറിയം ക്രിസ്ത്യാനികളുടെ സഹായം ആണെന്ന  സത്യം  ലോകത്തിനു മുൻപിൽ  വെളിവാക്കപ്പെട്ട  വലിയൊരു സംഭവമായിരുന്നു 1571 ലെ ലെപ്പാൻറോ  യുദ്ധം.  ക്രിസ്തീയ രാജ്യങ്ങൾ കീഴടക്കാൻ വന്ന തുർക്കികളുടെ  മഹാസൈന്യത്തെ പരാജയപ്പെടുത്തിയതു   മാർപ്പാപ്പയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ  ചൊല്ലിയ ജപമാലകളായിരുന്നു.  അതിൻറെ ഓർമ്മയ്ക്കായിട്ടാണു  യുദ്ധം ജയിച്ച ഒക്ടോബർ ഏഴാം തിയതി ജപമാലരാജ്ഞിയുടെ തിരുനാളായി ആഘോഷിക്കുന്നത്.   ലെപ്പാൻറോ യുദ്ധത്തിലെ അത്ഭുതകരമായ വിജയത്തിനുശേഷം 1576 ലാണ് ‘ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ’ (Auxilium Christianorum, ora pro nobis) എന്ന പ്രാർഥന ലുത്തിനിയയിൽ  ചേർത്തത്.

തുർക്കിയിൽ നിന്നുള്ള മുസ്ലിം സൈന്യം   1683ൽ  വീണ്ടും യൂറോപ്പിനെ ആക്രമിച്ചു.  രണ്ടുലക്ഷം  പട്ടാളക്കാരുമായി മുന്നേറിക്കൊണ്ടിരുന്ന തുർക്കികൾ ഓസ്ട്രിയയിലെ വിയന്ന പട്ടണത്തെ രണ്ടുമാസം ഉപരോധിച്ചു. ഓസ്ട്രിയൻ ചക്രവർത്തിയായിരുന്ന ലിയോപോൾഡ് ഒന്നാമൻ  ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻറെ  നാമത്തിലുള്ള  പാസാവുവിലെ ഒരു  ദൈവാലയത്തിൽ അഭയം  തേടി. ആൾബലത്തിലും  ആയുധബലത്തിലും  തുർക്കികളെക്കാൾ  വളരെ പിന്നിലായിരുന്ന  ക്രിസ്ത്യൻ സഖ്യസേനയുടെ വിജയത്തിനായി  വിശ്വാസികൾ   കരങ്ങൾ വിരിച്ചുപിടിച്ചു തീക്ഷ്ണണമായി പ്രാര്ഥിച്ചതിൻറെ ഫലമായി  തുർക്കി സൈന്യം  തോറ്റുപിന്മാറി.  അന്നു തുർക്കികൾ ജയിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ യൂറോപ്പിൽ ക്രിസ്ത്യാനികൾ പേരിനുപോലും ഉണ്ടാകുമായിരുന്നില്ല എന്നതു നിശ്ചയം. അപ്പോൾ മറിയത്തെ ക്രിസ്ത്യാനികളുടെ സഹായം എന്നു  വിളിക്കുന്നത്  എത്രയോ ഉചിതമായ കാര്യമാണ്!

1809ൽ               റോം ആക്രമിച്ച നെപ്പോളിയൻ,  പിയൂസ് ഏഴാമൻ പാപ്പയെ  ബന്ധനസ്ഥനാക്കി ഫ്രാൻസിലേക്കു  കൊണ്ടുപോയി. താൻ  സുരക്ഷിതനായി വത്തിക്കാനിൽ  തിരിച്ചെത്തിയാൽ മാതാവിൻറെ പേരിൽ ഒരു പ്രത്യേക തിരുനാൾ  സ്ഥാപിക്കും എന്ന് അദ്ദേഹം  വാഗ്ദാനം ചെയ്തു. അഞ്ചു വർഷത്തിനുശേഷം നെപ്പോളിയൻറെ പ്രതാപം അസ്തമിക്കുകയും  പാപ്പ മോചിതനായി  തിരികെ വത്തിക്കാനിൽ എത്തുകയും ചെയ്തു.  പിയൂസ് ഏഴാമൻ പാപ്പയാണു   മേയ്  24 നു ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻറെ തിരുനാൾ  സ്ഥാപിച്ചത്.

സ്‌പെയിൻ, പോർട്ടുഗൽ, യുഗോസ്ലാവിയ, റഷ്യ എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ നിരീശ്വര കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ  അതിക്രൂരമായ  പീഡനങ്ങൾ  അഴിച്ചുവിട്ടപ്പോൾ   അവിടുത്തെ വിശ്വാസികൾ  സഹായത്തിനായി ഓടിയതും  പരിശുദ്ധ അമ്മയുടെ  അടുത്തേയ്ക്കായിരുന്നു.

ഏഷ്യാ മൈനറിലെയും ഗ്രീസിലെയും ഈജിപ്തിലെയും  സഭകൾ  ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ മാതാവിനെ ക്രിസ്ത്യാനികളുട സഹായം എന്നു  വിശേഷിപ്പിച്ചിരുന്നു.  മറിയത്തോടു സഹായത്തിനായി അപേക്ഷിച്ചാൽ  അവൾ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന വിശ്വാസം ക്രിസ്ത്യാനികളുടെ  ഇടയിൽ പ്രബലമായിരുന്നു എന്നതിൻറെ തെളിവാണ് എത്രയും  ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയ്ക്ക് ലഭിച്ച സ്വീകാര്യത.  ഡോൺ ബോസ്‌കോയെപ്പോലുള്ള അനേകം വിശുദ്ധർ മറിയത്തെ ക്രിസ്ത്യാനികളുടെ സഹായം എന്നു  പ്രകീർത്തിക്കുകയും മറിയം അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തിരുന്നു.

അന്ത്യകാലത്തിലെ  വിശുദ്ധർക്കു  മറിയത്തിൽ നിന്നു ലഭിക്കുന്ന  സഹായത്തെ കുറിച്ച്  വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്  എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘അവളുടെ  പരിപോഷണത്താൽ  അവർ ശക്തരാകും. അവളുടെ ചൈതന്യത്താൽ അവർ നയിക്കപ്പെടും.  അവളുടെ  ബലിഷ്ഠകരങ്ങൾ  അവരെ താങ്ങും. അവളുടെ സംരക്ഷണത്തിൽ അവർ സുരക്ഷിതരായിരിക്കും.’ ഇപ്രകാരം  മറിയത്തിൻറെ  സഹായത്തെ പ്രകീർത്തിച്ച വിശുദ്ധനെ അദ്ദേഹത്തിൻറെ മരണസമയത്ത് ഉറപ്പുള്ള ശരണം നൽകി പരിശുദ്ധ അമ്മ അനുഗ്രഹിച്ചു.  നാല്പത്തിമൂന്നാം വയസിൽ തൻറെ മരണക്കിടക്കയിൽ ആയിരിക്കുമ്പോൾ  ക്രൂശിതരൂപവും മാതാവിൻറെ തിരുസ്വരൂപവും ചുംബിച്ചുകൊണ്ട്   അദ്ദേഹം തൻറെ അന്തിമപോരാട്ടത്തെശാന്തമായി നേരിട്ടു.  തന്നെ ക്രൂരമായി പരീക്ഷിച്ചുകൊണ്ടിരുന്ന പിശാചിനോടു  തൻറെ  മരണത്തിനു തൊട്ടുമുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. “നീ എന്നെ ആക്രമിക്കുന്നതു  വൃഥാവിലാകുന്നു. ഞാൻ യേശുവിൻറെയും മറിയത്തിൻറെയും മധ്യേയാണ്! എൻറെ ദൗത്യം ഞാൻ പൂർത്തിയാക്കി. എല്ലാം പൂർത്തിയായി.  ഇനി ഞാൻ ഒരിക്കലും പാപം ചെയ്യില്ല.”  മറിയത്തിൻറെമഹത്വകീർത്തനങ്ങൾ ജീവിതകാലം മുഴുവൻ  പ്രകീർത്തിച്ച ഒരാത്മാവിനു  മരണവേളയിൽ മറിയം നൽകുന്ന  സഹായത്തിലുള്ള ഉറച്ച പ്രത്യാശ എത്രയധികമാണെന്നു കാണുക!

മറിയം ക്രിസ്ത്യാനികളുടെ നിത്യസഹായമാണ് എന്നതുകൊണ്ട്   അവളുടെ സഹായം ഏതു നിമിഷവും, എല്ലാ നിമിഷവും നമുക്ക് അപേക്ഷിക്കാം. ഏറ്റവും പ്രശസ്തമായ മരിയൻ പ്രാർത്ഥനയാണല്ലോ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന. അതു സമാപിക്കുന്നത് ഇങ്ങനെയാണ്. ‘ഇപ്പോഴും  ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌അപേക്ഷിക്കണമേ.’   മരണത്തോടടുക്കുമ്പോൾ ഉണ്ടാകുന്ന ശക്തമായ പൈശാചിക  ആക്രമണങ്ങളെ  ചെറുക്കാൻ മാതാവിൻറെ സഹായം തേടി പ്രാർഥിക്കുന്ന പതിവ്  പണ്ടുമുതലേ സഭയിൽ ഉണ്ടായിരുന്നു. നല്ലമരണത്തിനായി  മാതാവിൻറെ  സഹായം യാചിച്ചുകൊണ്ട്  എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപായി  മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്ന  പതിവ് ഇന്നും അനേകർ  പിന്തുടരുന്നുണ്ട്.

ജീവിതം  മുഴുവനും മരണനിമിഷം വരെയും നീളുന്ന സഹായത്തിനായി നമുക്കു മറിയത്തോടു പ്രാർത്ഥിക്കാം.

സുകൃതജപം

ക്രിസ്ത്യാനികളുടെ സഹായമായ  മറിയമേ,  ഞങ്ങളുടെ ആവശ്യനേരങ്ങളിൽ വിശിഷ്യാ ഞങ്ങളുടെ  മരണസമയത്ത്  ഞങ്ങളുടെ സഹായത്തിനു വരണമേ.

(37)

മാലാഖമാരുടെ  രാജ്ഞിയായ മറിയം

മറിയത്തെ മാലാഖമാരുടെ രാജ്ഞി എന്നു വിശേഷിക്കുന്നത് എന്തുകൊണ്ടാണെന്ന സംശയം പലരുടെയും മനസിലുണ്ട്. സർവപ്രപഞ്ചത്തിൻറെയും രാജാവാണു  ക്രിസ്തു. താൻ രാജാവാണെന്ന് യേശു തന്നെ പീലാത്തോസിനോട് പറയുന്നുമുണ്ടല്ലോ (യോഹ. 18:33-37). ആ ക്രിസ്തുവിൻറെ അമ്മയെ രാജ്ഞി എന്നു  വിളിക്കുന്നതിൽ തെറ്റുണ്ടോ?  ജപമാലയിൽ മഹിമയുടെ അഞ്ചാം രഹസ്യത്തിൽ നാം  അനുസ്മരിക്കുന്നതു   സ്വർഗാരോപിതയായ മറിയം തൻറെ തിരുക്കുമാരനാൽ സ്വർഗത്തിൻറെയും ഭൂമിയുടെയും രാജ്ഞിയായി  കിരീടം ധരിക്കപ്പെട്ടതിനെയാണ്.  സ്വർഗത്തിൻറെ  രാജ്ഞി എന്നതിനർത്ഥം അവൾ മാലാഖാമാരുടെയും രാജ്ഞിയാണെന്നാണല്ലോ.

വെളിപാടു  പുസ്തകത്തിൽ സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു  വിവിധ ദൗത്യങ്ങളോടെ അയക്കപ്പെട്ട അനേകം  മാലാഖമാരെക്കുറിച്ചു  പ്രതിപാദിക്കുന്നുണ്ട് (വെളി 1:2, 5:2,7:1, 8:2 10:1, 14:6,14:8, 14:9, 14:17,15:1, 18:1) എന്നാൽ സ്വർഗത്തിൽ  നിന്നു ഭൂമിയിലേക്ക്  ഒരേയൊരു സ്ത്രീ മാത്രമേ അയയ്ക്കപ്പെട്ടിട്ടുള്ളൂ (വെളി 12). അതു  മറിയമായിരുന്നു.  സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവും ആക്കുവാൻ തക്കവിധം ശ്രേഷ്ഠമായ  സിംഹാസനത്തിലാണു  ദൈവം അവളെ  പ്രതിഷ്ഠിച്ചത്. അതു  തീർച്ചയായും മാലാഖാമാരുടേതിനേക്കാൾ ഉന്നതമായ  സ്ഥാനമാണെന്നതിൽ  സംശയമില്ല.

മറിയം ദൈവദൂതന്മാരെക്കാൾ ഉയർത്തപ്പെട്ടവളാണ്.  കാരണം മറിയം യേശുവിൻറെ രക്ഷാകരകർമത്തിൽ സഹപങ്കാളിയായിരുന്നു. എന്നാൽ ദൈവദൂതന്മാരെക്കുറിച്ചു  വിശുദ്ധഗ്രന്ഥം എന്താണു  പറയുന്നത് എന്നു  ശ്രദ്ധിക്കുക.  ‘രക്ഷയുടെ അവകാശികളായിരിക്കുന്നവർക്കു ശുശ്രൂഷ ചെയ്യാൻ അയയ്ക്കപ്പെട്ട  സേവകാത്മാക്കളല്ലേ അവരെല്ലാം?’ (ഹെബ്രാ 1:14).  മറിയം സ്രഷ്ടാവിൻറെ മാതാവായതിനാൽ സർവസൃഷ്ടികളുടെയും രാജ്ഞിയായിരിക്കാൻ യോഗ്യയാണെന്നു വിശുദ്ധ ജോൺ ഡമാഷീൻ  പറയുന്നു.

വിശുദ്ധ ഫ്രാൻസിസ് അസീസി മുൻകൈയെടുത്തു നവീകരിച്ച  Porciuncula  ദൈവാലയം  നൂറ്റാണ്ടുകൾ പഴക്കമുളളതായിരുന്നു. AD  1045 ൽ നിർമിക്കപ്പെട്ട ആ ദൈവാലയം  മാലാഖമാരുടെ രാജ്ഞിയ്ക്കു പ്രതിഷ്ഠിതമായിരുന്നു!  ഇവിടെ വച്ചു മാലാഖമാർ സ്വർഗിയ സംഗീതം ആലപിക്കുന്നത് വിശ്വാസികൾ കേട്ടു എന്നാണു  പാരമ്പര്യം പറയുന്നത്.  ഇവിടെ വച്ചു  തന്നെയാണ്  ഫ്രാൻസിസിനു  ഈശോയുടെ ദർശനം ഉണ്ടായതും  ആഗസ്റ്റ് രണ്ടാം തീയതിയിലെ Porciuncula ദണ്ഡവിമോചനം  അനുവദിക്കപ്പെട്ടതും.

ദൂതന്മാരെക്കാൾ അൽപം താണവരായിട്ടാണു  ദൈവം മനുഷ്യരെ സൃഷ്ടിച്ചതെന്നതു ശരിതന്നെ (ഹെബ്രാ 2:7). മറിയവും ജനിച്ചതു മനുഷ്യനായിട്ടാണെങ്കിലും  ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് ഉയർത്തപ്പെടുക വഴിയായി അവൾ  സാധാരണ മനുഷ്യർക്കു  മാലാഖമാരുടെ മുൻപിലുണ്ടായിരുന്ന താഴ്ന്ന സ്ഥാനത്തെ മറികടന്നു. അതുകൊണ്ടാണു  മറിയം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടപ്പോൾ മാലാഖമാർ സന്തോഷിച്ചു എന്നു  പറയുന്നത്.  യേശുവും മരണത്തെ ആശ്ലേഷിക്കാനായി  ദൂതന്മാരെക്കാൾ അല്പം താഴത്തപ്പെട്ടിരുന്നുവല്ലോ (ഹെബ്രാ 2:9). എന്നാൽ മരണത്തെ തോൽപിച്ച യേശു  മഹത്വത്തിൻറെയും ബഹുമാനത്തിൻറെയും കിരീടം  അണിയുകയും (ഹെബ്രാ 2:9) മാലാഖാമാരുടെ നാമത്തിൻറെയെന്നല്ല, പ്രപഞ്ചത്തിലെ  സകല നാമങ്ങളുടെയും ഉപരിയായ നാമം സ്വന്തമാക്കുകയും ചെയ്തു (ഫിലിപ്പി. 2:9).

അതായത്  ഒരാളുടെ ഭൂമിയിലെ  സ്ഥാനമോ അന്തസോ അല്ല സ്വർഗത്തിൽ പരിഗണിക്കുന്നത്.  നമ്മുടെ  ബുദ്ധിയ്ക്ക് അതീതമാണ് സ്വർഗത്തിൻറെ കണക്കുകൂട്ടലുകൾ.  യേശുവിൻറെ നാമത്തിനു  സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും  മുട്ടുകൾ  മടക്കും (ഫിലിപ്പി  2:10). മറിയത്തിൻറെ നാമത്തിനു മുൻപിൽ  പാതാളത്തിൽ നിന്നുള്ള ദുഷ്ടാരൂപികൾ മുട്ടു മടക്കുന്നതു ബഹിഷ്കരണശുശ്രൂഷകളിൽ നാം അനേകം തവണ കണ്ടിട്ടുള്ളതാണ്.  പല വിശുദ്ധരും പറയുന്നതു  സ്വർഗീയസൈന്യങ്ങളുടെ  രാജകുമാരനായ വിശുദ്ധ മിഖായേലടക്കം  എല്ലാ മാലാഖമാരും   തങ്ങൾക്ക് എന്തെങ്കിലുമൊക്കെ  കല്പനകൾ നൽകിക്കൊണ്ടു  തങ്ങളെ  മാനിക്കണമേ എന്ന അപേക്ഷയോടെ മറിയത്തിൻറെ മുൻപിൽ  നിൽക്കുന്നു എന്നാണ്.

ഉയിർപ്പുകാലത്രികാലജപത്തിൽ നാം   മറിയത്തെ അനുസ്മരിക്കുന്നതു സ്വർലോകരാജ്ഞിയായിട്ടാണല്ലോ. പരിശുദ്ധ രാജ്ഞീ എന്ന പ്രാർത്ഥനയിലും മറിയത്തിൻറെ രാജ്ഞീപദം നാം ഏറ്റുപറയുന്നുണ്ട്.

സ്വർഗത്തിൽ മാലാഖമാർക്കു  മേൽ ഉയർത്തപ്പെട്ട മറിയത്തിൻറെ ഔന്നത്യത്തിൻറെ പ്രഖ്യാപനമാണു     താഴെക്കൊടുത്തിരിക്കുന്ന മാലാഖമാരുടെ രാജ്ഞിയായ മറിയത്തോടുള്ള പ്രാർത്ഥന.

 ‘മഹത്വപൂർണയായ സ്വർഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിൻറെ തലയെ തകർക്കാനുള്ള  ശക്‌തിയും അധികാരവും അങ്ങേയ്ക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേയ്ക്കു ദൈവത്തിൽ നിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ  സ്വർഗീയ ദൂതഗണങ്ങളെ  ഞങ്ങളുടെ സഹായത്തിനായി അയയ്‌ക്കണമെന്നു  വിനീതമായി ഞങ്ങളപേക്ഷിക്കുന്നു. അവർ അങ്ങയുടെ  കല്പനയനുസരിച്ച് അങ്ങയുടെ ശക്തിയാൽ  നാരകീയ ശക്തികളെ പിന്തുടർന്നു പരാജയപ്പെടുത്തി നരകാഗ്നിയിൽ തള്ളട്ടെ. ദൈവത്തെപ്പോലെ ആരുണ്ട്? മാലാഖമാരേ, മുഖ്യദൂതന്മാരേ, ഞങ്ങളെ  കാത്തുരക്ഷിക്കണമേ.  കരുണയുള്ള നല്ല അമ്മേ, അങ്ങാണു   ഞങ്ങളുടെ  സ്‌നേഹവും പ്രത്യാശയും. പരിശുദ്ധ  ദൈവമാതാവേ, അങ്ങയുടെ മാലാഖമാരെ അയച്ചു  ദുഷ്ടാരൂപിയിൽ നിന്നും  ഞങ്ങളെ രക്ഷിക്കണമേ. ആമേൻ  ( 3 നന്മ.)

സുകൃതജപം

പരിശുദ്ധ അമ്മേ, മാലാഖമാരുടെ രാജ്ഞീ,  സ്വർഗത്തിലെത്തുവോളം ഞങ്ങളെ കാത്തുകൊള്ളണമേ.

(38)

മറിയം പൂർവപിതാക്കന്മാരുടെ രാജ്ഞി

അബ്രഹാം തന്നെ കണ്ടിട്ടുണ്ടെന്നു യേശു പറഞ്ഞപ്പോൾ  യഹൂദർക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അൻപതു വയസു പോലും തികയാത്ത ഒരു മനുഷ്യൻ നൂറ്റാണ്ടുകൾക്കു മുൻപു  ജീവിച്ചിരുന്ന അബ്രാഹത്തെ കണ്ടു എന്നത് ഒരു നുണയായി   അവർക്കു തോന്നിയതിൽ അത്ഭുതമില്ല.

മറിയം പൂർവപിതാക്കന്മാരുടെ രാജ്ഞി  ആണെന്നു  പറയുമ്പോഴും പലരുടെയും സംശയം  പൂർവപിതാക്കന്മാർ എല്ലാം മറിയത്തിനു മുൻപേ ജീവിച്ചവരാണല്ലോ എന്നായിരിക്കും. അതു ശരി തന്നെ.  എന്നാൽ പൂർവപിതാക്കന്മാർ ആകാംക്ഷയോടെ കാത്തിരുന്ന രക്ഷകൻറെ  ജനനത്തിനു കാരണമായതു  മറിയമായിരുന്നു. ‘നിൻറെ  ദേശത്തെയും  ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു   ഞാൻ കാണിച്ചുതരുന്ന  നാട്ടിലേക്കു പോവുക’ (ഉൽ  12:1) എന്നു ദൈവം പറഞ്ഞപ്പോൾ അബ്രഹാം അത് അതേ പടി  അനുസരിച്ചു. അതുകൊണ്ട് അബ്രഹാം തെരഞ്ഞെടുക്കപ്പെട്ട ജനത്തിൻറെ പിതാവായി. ആ ജനത്തിൽ നിന്നു വരാനിരിക്കുന്ന ക്രിസ്തുവിൻറെ അമ്മയാകാൻ തയാറാണോ എന്നു  ചോദിച്ചപ്പോൾ മറിയവും  ഇതാ കർത്താവിൻറെ  ദാസി എന്നു പറഞ്ഞുകൊണ്ടു  ദൈവത്തെ അനുസരിച്ചു. അതുകൊണ്ട്  അവൾ പുതിയ ഇസ്രായേലിൻറെ – സഭയുടെ – മാതാവായി.

അബ്രഹാം ഈജിപ്തിലേക്കു പോയതു  കാനാൻ  ദേശത്തു ബുദ്ധിമുട്ടുണ്ടായപ്പോഴാണ്. മറിയം ഈജിപ്തിലേക്കു പലായനം ചെയ്തതും  ഇസ്രായേലിൽ തുടർന്നു  താമസിക്കാൻ   പറ്റാത്ത സാഹചര്യം വന്നപ്പോഴാണ്.  അബ്രഹാം അത്യുന്നതനായ ദൈവത്തിൻറെ പുരോഹിതനായിരുന്ന മെൽക്കിസെദേക്കിനെ നേരിൽ  കണ്ടു  (ഉൽ. 14:17-20). അവൻറെ പേരിൻറെ അർഥം നീതിയുടെ രാജാവെന്നും സമാധാനത്തിൻറെ രാജാവെന്നുമാണ് (ഹെബ്രാ 7:2). ‘അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവൻറെ ദിവസങ്ങൾക്ക് ആരംഭമോ ആയുസിന് അവസാനമോ ഇല്ല’ (ഹെബ്രാ 7:3). അബ്രാഹത്തിന്                 ‘ദൈവപുത്രനു  സദൃശനും  എന്നേക്കും പുരോഹിതനുമായ ‘ (ഹെബ്രാ 7:3) മെൽക്കിസെദേക്കിനെ കാണാനുള്ള ഭാഗ്യം  ലഭിച്ചപ്പോൾ  അങ്ങനെയൊരാളെ  നിത്യപുരോഹിതനായ തൻറെ പ്രിയപുത്രനിൽ  മറിയവും  നേരിൽ കണ്ടു.

അബ്രാഹത്തിൻറെ  സന്തതികൾ കടൽത്തീരത്തെ മണൽത്തരികൾ പോലെയും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും  വർധിക്കും എന്ന ദൈവത്തിൻറെ വാഗ്ദാനം  അതേപടി നിറവേറി. മറിയത്തിൻറെ  മക്കളും  അതുപോലെതന്നെ  വർധിച്ചു  പെരുകി. വിശ്വാസത്തിലൂടെ  അനേകർക്കു പിതാവായതിനാൽ  അബ്രഹാം തൻറെ സന്തതിപരമ്പരകളിലൂടെ ഇന്നും ഓർമ്മിക്കപ്പെടുന്നു. മറിയത്തെയാകട്ടെ സകല തലമുറകളും ഭാഗ്യവതി എന്നു  പ്രകീർത്തിക്കുന്നു.

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു. അവിടുന്ന്  അത് അവനു നീതീകരണമായി കണക്കാക്കി (ഉൽ 15:6). കർത്താവ്  അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചതുകൊണ്ടാണു  മറിയവും (ലൂക്കാ 1:45) ഭാഗ്യവതിയായത്.  എട്ടാം  ദിവസം പരിച്ഛേദനം  ചെയ്യപ്പെട്ട തൻറെ പുത്രൻ ഇസഹാക്കിനെ ബലിയായി ദൈവം ആവശ്യപ്പെട്ടപ്പോൾ അബ്രഹാം അതിനു വിസമ്മതിച്ചില്ല. യേശുവും എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനായിരുന്നു.  മാനവരക്ഷയ്ക്കുവേണ്ടി യേശു കുരിശിൽ ബലിയർപ്പിക്കപ്പെടണമെന്ന ദൈവഹിതത്തോടു മറിയവും സഹകരിച്ചു.

താൻ അബ്രാഹത്തിൻറെ  സന്തതിയാണെന്നതിൽ മറിയം അഭിമാനിച്ചിരുന്നു. നമ്മുടെ പിതാക്കന്മാരായ  അബ്രാഹത്തോടും അവൻറെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചാണു  കർത്താവ്  തൻറെ ജനത്തോടു കാരുണ്യം കാണിച്ചതെന്നു  മറിയം സ്തോത്രഗീതത്തിൽ  (ലൂക്കാ 1:54-55)  പറയുന്നുണ്ടല്ലോ.

യാക്കോബിൻറെ പന്ത്രണ്ടു മക്കളിൽ നിന്നായിരുന്നു   ഇസ്രായേലിൻറെ പന്ത്രണ്ടു ഗോത്രങ്ങൾ ഉത്ഭവിച്ചത്.  യാക്കോബ് തൻറെ പന്ത്രണ്ടു മക്കളെയും  അനുഗ്രഹിച്ചതിനു  ശേഷമാണു മരിച്ചത്.  മറിയമാകട്ടെ യേശുവിൻറെ പന്ത്രണ്ടു ശിഷ്യൻമാരെയും ഒരുമിച്ചുകൂട്ടി ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹം – പരിശുദ്ധാത്മാഭിഷേകം തന്നെ – അവർക്കു വാങ്ങിക്കൊടുത്തിട്ടാണ്  അവരോടു വിടപറഞ്ഞത്.   മക്കളെ അനുഗ്രഹിച്ചതിനുശേഷം യാക്കോബിനെക്കുറിച്ചു  വളരെ ചുരുങ്ങിയ പരാമർശങ്ങളേ  ബൈബിളിലുള്ളൂ. അതാകട്ടെ അവൻറെ  മരണത്തെയും സംസ്കാരത്തെയെയും കുറിച്ചായിരുന്നു. പന്തക്കുസ്തയ്ക്കു ശേഷം മറിയത്തെക്കുറിച്ചും  നടപടി പുസ്തകത്തിൽ  ഒരു  പരാമർശം പോലുമില്ല.

യഥാർത്ഥത്തിൽ അബ്രഹാം മുതലുള്ള പൂർവപിതാക്കന്മാർ മറിയത്തിൻറെ നിഴലായിരുന്നു. തിന്മ നിറഞ്ഞ ഒരു ലോകത്തിൽ നിന്നു  ‘വേറിട്ടു ജീവിക്കുകയും  ജനതകളോട് ഇടകലരാതിരിക്കുകയും  ചെയ്യുന്ന ഒരു ജനത്തിനു’  (സംഖ്യ  23:9)   രൂപം കൊടുക്കാൻ വേണ്ടി ദൈവം അവരെ തെരഞ്ഞെടുത്തതായിരുന്നു.   ‘ജലത്താലും ആത്മാവാലും  വീണ്ടും ജനിക്കുന്ന’ ( യോഹ 3:5) പുതിയൊരു  ജനത്തിൻറെ മാതാവാകാൻ  വേണ്ടി ദൈവം മറിയത്തെയും  തെരഞ്ഞെടുത്തു.  അതിനാൽ  മറിയം അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും മറ്റെല്ലാ പൂർവ പിതാക്കന്മാരെയുംകാൾ  കൂടുതൽ ശ്രേഷ്ഠമായ  സ്ഥാനം അർഹിക്കുന്നു. ഹെബ്രായലേഖകൻ എഴുതുന്നു. ‘വിശ്വാസം മൂലം അവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും  വാഗ്‌ദാനം  ചെയ്യപ്പെട്ടതു പ്രാപിച്ചില്ല.  കാരണം നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നു കണ്ടു  ദൈവം  നമുക്കായി കുറേക്കൂടി ശ്രേഷ്ഠമായവ  നേരത്തെ കണ്ടുവച്ചിരുന്നു (ഹെബ്രാ 11:39-40). ദൈവത്തിൻറെ കുറേക്കൂടി ശ്രേഷ്ഠമായ ആ  വാഗ്‌ദാനം  നിറവേറിയതു മറിയത്തിലായിരുന്നുവല്ലോ.

സുകൃതജപം

പരിശുദ്ധ അമ്മേ, പൂർവപിതാക്കന്മാരുടെ രാജ്ഞീ, ഈശോമിശിഹായുടെ എല്ലാ വാഗ്ദാനങ്ങൾക്കും ഞങ്ങളെ യോഗ്യരാക്കണമേ.

(39)

മറിയം  ദീർഘദർശികളുടെ രാജ്ഞി

മറിയം  തൻറെ ജീവിതത്തിൽ  മൂന്നു  പ്രവാചകന്മാരെ കണ്ടുമുട്ടുന്നുണ്ട്. ജെറുസലേം ദൈവാലയത്തിൽ വച്ച് യേശുവിനെക്കുറിച്ചു  പ്രവചനങ്ങൾ നടത്തിയ ശെമയോനും അന്നായും,  കൂടാതെ ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത അവസാനത്തെ പ്രവാചകനായ സ്നാപകയോഹന്നാനും.  ഈ മൂന്നു പ്രവാചകന്മാരും  പറഞ്ഞ കാര്യങ്ങൾ  മറിയത്തോടു ദൈവദൂതൻ പറഞ്ഞതിൻറെ സ്ഥിരീകരണമായിരുന്നു. അതിനും നൂറ്റാണ്ടുകൾക്കു  മുൻപേ ഏശയ്യാ  പ്രവാചകൻ ഇങ്ങനെ എഴുതിവച്ചു. ‘കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും’ (ഏശയ്യാ  7:14). ഏശയ്യാ വീണ്ടും പറയുന്നു. ‘ ആധിപത്യം അവൻറെ  ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിൻറെ രാജാവ്  എന്ന് അവൻ വിളിക്കപ്പെടും. ദാവീദിൻറെ  സിംഹാസനത്തിലും  അവൻറെ രാജ്യത്തിലും അവൻറെ ആധിപത്യം നിസീമമാണ്. അവൻറെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും  എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാൻ തന്നെ’ (ഏശയ്യാ 9:6-8).

ജസ്സെയുടെ  കുറ്റിയിൽ നിന്നു പുറപ്പെടുന്ന  ആ രാജാവിൻറെ മേൽ  കർത്താവിൻറെ ആത്മാവ്  ആവസിക്കുമെന്നും  (ഏശയ്യാ 11:1-2) അവൻ  കർത്താവിൻറെ സഹനദാസനായി മാറ്റിനിർത്തപ്പെട്ടവനായിരിക്കമെന്നും  (ഏശയ്യാ 53)  പ്രവചിച്ചുകൊണ്ടു   രക്ഷകനെ  മനസാ ദർശിച്ച പ്രവാചകനു  രക്ഷകൻറെ അമ്മയും അപരിചിത ആയിരിക്കില്ലല്ലോ.  ‘കർത്താവ് ഭൂമിയിൽ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു’ ( ജെറ 31:22)  എന്ന് ഇസ്രായേലിൻറെ തിരിച്ചുവരവിനെക്കുറിച്ചു   പ്രവചിച്ച ജെറമിയയും   ക്രിസ്തുവിനെ പരിപാലിച്ച മറിയത്തെ മനസ്സിൽ കണ്ടിരിക്കണം.

 തന്നെക്കുറിച്ചുള്ള  പ്രവചനങ്ങൾ എല്ലാം മറിയത്തിനു ഹൃദിസ്ഥമായിരുന്നു.  പ്രവാചകന്മാരുടെ പ്രതീക്ഷയും പഴയനിയമത്തിൻറെ പൂർത്തീകരണവുമായ   യേശുവിൻറെ  വരവിനായി അവൾ ഹൃദയം കൊണ്ട് ഒരുങ്ങുകയും ചെയ്തിരുന്നു.  യേശുവിൻറെ അമ്മ എന്ന നിലയിലും പ്രവചനങ്ങൾ നിറവേററുന്നതിൽ സഹപങ്കാളി എന്ന നിലയിലും  മാത്രമല്ല  ‘ഇപ്പോൾ മുതൽ  സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും’ (ലൂക്കാ 1:48) എന്നു തന്നെക്കുറിച്ചുതന്നെ നടത്തിയ പ്രവചനത്തിൻറെ  പേരിലും   മറിയം പ്രവാചകന്മാരുടെ രാജ്ഞി എന്ന സ്ഥാനത്തിന്  അർഹയായി.

എന്നാൽ  മറിയത്തിൻറെ  പ്രവചനദൗത്യം അവിടെ അവസാനിച്ചില്ല. നാം ജീവിക്കുന്ന ഈ നാളുകളിൽ മറിയം  തൻറെ നിരവധിയായ പ്രത്യക്ഷീകരണങ്ങളിലൂടെ  തൻറെ മക്കൾക്കു  വെളിപ്പെടുത്തലുകൾ നൽകിക്കൊണ്ടിരിക്കുന്നു. ലാസലേറ്റിലും ലൂർദിലും ഫാത്തിമയിലും ഗരബന്ദാളിലും അക്കിത്തയിലും മെജുഗോറിയയിലും അടക്കം പരിശുദ്ധ അമ്മ   പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലെല്ലാം  വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള  അതിപ്രധാനമായ  പ്രവചനങ്ങൾ നൽകിയിട്ടുണ്ട്.  യുഗാന്തനാളുകളിൽ തൻറെ മക്കളെ  കർത്താവിനായി ഒരുക്കുന്നതിൽ മറിയം വലിയ പങ്കു വഹിക്കും എന്നതു  വിശുദ്ധരും സഭാപിതാക്കന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ്.  പ്രവാചകന്മാരുടെ രാജ്ഞി എന്ന തൻറെ  സ്ഥാനത്തിന്  അനുയോജ്യമായ തരത്തിൽ             ഭാവിയെക്കുറിച്ചു   നമുക്കു മുന്നറിയിപ്പു നൽകാനായി  സ്വർഗം  മറിയത്തെ ഭൂമിയിലേക്കയക്കുന്നു.  ‘അവൾക്കു ഭൂതവും ഭാവിയും അറിയാം. …. അടയാളങ്ങളും അത്ഭുതങ്ങളും അവൾ മുൻകൂട്ടി കാണുന്നു’ ( ജ്ഞാനം 8:8).

വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ പ്രവചനം നടത്തിയതു ദൈവം തന്നെയാണ്. ആ പ്രവചനമാകട്ടെ മറിയത്തെക്കുറിച്ചായിരുന്നു.  ‘നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും, അവൻ നിൻറെ തല തകർക്കും. നീ അവൻറെ കുതികാലിൽ പരുക്കേൽപിക്കും’ ( ഉൽ. 3:15). പ്രവാചകന്മാർ ജനിക്കുന്നതിനു മുൻപേ പ്രവചനങ്ങൾ ആരംഭിച്ചിരുന്നു! ആ പ്രവചനമാകട്ടെ മറിയത്തെയും അവളുടെ പുത്രനെയും കുറിച്ചുള്ളതായിരുന്നു!

വിശുദ്ധ ഗ്രന്ഥം അവസാനിക്കുന്നതും പ്രഥമപ്രവചനത്തിലെ സ്ത്രീയായ മറിയത്തിൻറെ സന്തതികളും  സർപ്പത്തിൻറെ  സന്തതികളുമായുള്ള  യുദ്ധത്തിൽ (വെളി  12)  സർപ്പം പരാജയപ്പെടുകയും നീതി നിവസിക്കുന്ന പുതിയ ആകാശവും  പുതിയ ഭൂമിയും   സ്ഥാപിക്കപ്പെടുകയും (വെളി  21) ചെയ്യുന്നതോടെയാണ്.

മറിയം പഴയനിയമത്തെയും  പുതിയ  നിയമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. പ്രവചനങ്ങളെയും  അതിൻറെ  പൂർത്തീകരണറെയും ബന്ധിപ്പിക്കുന്ന  കണ്ണിയാണ്.  പ്രവാചകന്മാരെയും അവർ ആരെക്കുറിച്ചു പ്രവചിച്ചുവോ ആ യേശുക്രിസ്തുവിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഉൽപത്തി പുസ്തകത്തിൽ തന്നെക്കുറിച്ചു  പ്രവചിക്കപ്പെട്ടിട്ടുള്ളത് ഓർത്തുകൊണ്ടും വെളിപാട് പുസ്തകത്തിൽ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയായി തന്നെ  പ്രകീർത്തിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ടും അവൾ  ദൈവത്തെ  മഹത്വപ്പെടുത്തി. ‘എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു’ (ലൂക്കാ 1:46). ആ മറിയത്തെ പ്രകീർത്തിച്ചുകൊണ്ട് നമുക്കും  അവളുടെ  മാധ്യസ്ഥം യാചിക്കാം.

സുകൃതജപം

പരിശുദ്ധ അമ്മേ, പ്രവാചകന്മാരുടെ രാജ്ഞീ,  കാലത്തിൻറെ  അടയാളങ്ങൾ മനസിലാക്കി   കർത്താവിൻറെ വരവിനായി ഒരുങ്ങാൻ ഞങ്ങളെ  സഹായിക്കണമേ.

(40)

ശ്ലീഹന്മാരുടെ  രാജ്ഞി

കർത്താവിൻറെ ശിഷ്യന്മാർക്കു കർത്താവിൻറെ ഭവനം സ്വന്തം ഭവനം പോലെ തന്നെയായിരുന്നു. അവിടുത്തെ ഗൃഹനാഥയായ മറിയത്തെ ശിഷ്യന്മാർ  അമ്മയുടെ സ്ഥാനത്താണു കണ്ടിരുന്നത്.  യോഹന്നാൻ ശ്ലീഹായെക്കുറിച്ചു  പറയുന്നത്  യേശുവിൻറെ  വീട്ടിൽ എത്തിയാൽ  ഉടൻ തന്നെ യോഹന്നാൻ മാതാവിൻറെ അടുത്തേക്കു പോകുമായിരുന്നു എന്നും സാധിക്കുന്നിടത്തോളം സമയം മാതാവിൻറെ കൂടെ ചെലവഴിക്കുമായിരുന്നു എന്നുമാണ്.

കുരിശിൽ  കിടന്നുകൊണ്ടു   തൻറെ  അമ്മയെ യോഹന്നാന് അമ്മയായി കൊടുത്ത യേശു  യോഹന്നാനെ  എല്ലാ  ശിഷ്യന്മാരുടെയും പ്രതീകമായിട്ടാണു  കണ്ടത് എന്നതിൽ സഭാപിതാക്കന്മാർ ഏകാഭിപ്രായക്കാരാണ്. സഭയും അതുതന്നെ വിശ്വസിക്കുന്നു.   കുരിശുമരണത്തിനുശേഷം ചിതറിപ്പോയ ശിഷ്യന്മാരെ തേടിപ്പിടിച്ചു  കൂട്ടിച്ചേർത്തതു  മറിയം ആയിരുന്നു. തൻറെ  ഗുരുവിനെ തള്ളിപ്പറഞ്ഞതിനെയോർത്തു  ദുഖിച്ചിരുന്ന പത്രോസിനെ ആശ്വസിപ്പിച്ചതും  പരിശുദ്ധ അമ്മയായിരുന്നുവെന്നു  ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ  പറയുന്നു.

മറിയവും യേശുവിൻറെ ശിഷ്യരുമായുള്ള ആത്മബന്ധം  യേശുവിൻറെ സ്വർഗാരോഹണത്തിനു ശേഷവും തുടർന്നു. പന്തക്കുസ്തയ്ക്കു മുൻപുള്ള ദിവസങ്ങളിൽ  ശിഷ്യന്മാരോടൊപ്പം അമ്മയുമുണ്ടായിരുന്നു.  പരിശുദ്ധാത്മാവ്  അഗ്നിനാവുകളുടെ രൂപത്തിൽ   ഇറങ്ങിവന്നപ്പോൾ മറിയവും അവിടെ സന്നിഹിതയായിരുന്നു എന്നുതന്നെ കരുതണം.  അതായതു  കർത്താവിൻറെ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ അടിത്തറമേൽ പണിയപ്പെട്ട സഭ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടുമ്പോൾ മറിയം അവരോടൊപ്പമുണ്ടായിരുന്നു. എന്നാൽ കുരിശിൻ ചുവട്ടിൽ സഭ ജന്മമെടുക്കുമ്പോൾ  അവിടെ അപ്പസ്തോലന്മാരിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ മറിയം സഭയുടെ ജനനത്തിനും സാക്ഷിയായിരുന്നു.  പത്തു ശ്ലീഹന്മാർക്കും കിട്ടാതെ പോയ ആ ഭാഗ്യം കിട്ടിയ മറിയത്തെ അപ്പസ്തോലന്മാരുടെ രാജ്ഞി എന്ന് വിശേഷിപ്പിക്കുന്നത് ഉചിതം തന്നെ.

പന്തക്കുസ്തയ്ക്കു ശേഷം മറിയത്തെക്കുറിച്ചു  കൂടുതലൊന്നും വിശുദ്ധഗ്രന്ഥം പറയുന്നില്ല. എന്നാൽ പാരമ്പര്യം അനുസരിച്ച് മറിയം യോഹന്നാൻറെ കൂടെ എഫേസോസിലേക്കു പോയി എന്നും അവിടെ തൻറെ ശിഷ്ടജീവിതം പ്രാർത്ഥനയിലും  നിശബ്ദധ്യാനത്തിലും ചെലവഴിച്ചു എന്നും  അവിടെവച്ചാണു  മറിയം സ്വർഗാരോപിതയായത്   എന്നും വിശ്വസിക്കപ്പെടുന്നു.  മറിയത്തിൻറെ  സംരക്ഷണം യേശു യോഹന്നാനെ ഏല്പിച്ചിരുന്നതിനാൽ ഈ പരമ്പരാഗതവിശ്വാസം സത്യമാകാനാണു  സാധ്യത.

ലൂക്കാ സുവിശേഷകൻ തൻറെ സുവിശേഷരചനയിൽ മറിയത്തിൻറെ സഹായം തേടിയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇതിനു കാരണം സുവിശേഷത്തിൻറെ ആരംഭത്തിലുള്ള പ്രസ്താവന തന്നെയാണ്. ‘അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി  പരിശോധിച്ചതിനുശേഷം  എല്ലാം ക്രമമായി നിനക്കെഴുതുന്നത്  ഉചിതമാണെന്ന് എനിക്കും തോന്നി’ (ലൂക്കാ 1:3).  മറിയത്തെക്കുറിച്ചും  മംഗളവാർത്തയെക്കുറിച്ചും  എലിസബത്തിനെ സന്ദർശിച്ചതിനെക്കുറിച്ചും യേശുവിൻറെയും സ്നാപകൻെറയും ജനനത്തെക്കുറിച്ചും   ആട്ടിടയന്മാർ യേശുവിനെ കാണാൻ വന്നതിനെക്കുറിച്ചുമൊക്കെ  മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത പല  വിശദാംശങ്ങളും ലൂക്കായുടെ സുവിശേഷത്തിൽ ഉണ്ടല്ലോ. അവയെല്ലാം ലൂക്കാ സുവിശേഷകൻ മറിയത്തിൽ നിന്നു  നേരിട്ടു  ചോദിച്ചു മനസിലാക്കിയ കാര്യങ്ങൾ  ആയിരിക്കണം.  അതായതു  സുവിശേഷരചനയിലും  മറിയം ശിഷ്യന്മാർക്കു ഗുരുനാഥയായിരുന്നു.

സെഹിയോൻ മാളികയിലെ പ്രാർത്ഥനയിൽ  അപ്പസ്തോലന്മാർക്കു നേതൃത്വം നൽകിയ മറിയത്തെക്കുറിച്ച് ലിയോ പതിമൂന്നാമൻ പാപ്പ പ്രസ്താവിക്കുന്നു.  ‘അത്ഭുതകരമായ ശ്രദ്ധയോടെ മറിയം ആദിമക്രിസ്ത്യാനികളെ പരിപോഷിപ്പിച്ചു.  അതു       തൻറെ വിശുദ്ധമായ ജീവിതമാതൃകകൊണ്ടും   ആധികാരികമായ ഉപദേശങ്ങൾ കൊണ്ടും   ഫലദായകമായ  പ്രാർത്ഥനകൊണ്ടുമായിരുന്നു.  അവൾ സത്യമായും  സഭയുടെ മാതാവും അപ്പസ്തോലന്മാരുടെ  രാജ്ഞിയും ഗുരുനാഥയും  ആയിരുന്നു.  കൂടാതെ അവൾ തൻറെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ദൈവികരഹസ്യങ്ങൾ വലിയൊരളവിൽ  അപ്പസ്തോലന്മാർക്കു  വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു (Pope Leo XIII in Adiutricem Populi).

മറിയത്തെ അപ്പസ്തോലന്മാരുടെ രാജ്ഞി എന്ന പേരിൽ  വണങ്ങുന്ന പാരമ്പര്യം ആദിമനൂറ്റാണ്ടുകൾ   മുതൽ തന്നെ ഉണ്ടായിരുന്നു. ഇന്നും അതു തുടരുന്നു. എന്നാൽ അപ്പസ്‌തോലന്മാരുടെ രാജ്ഞി എന്ന പദവി സവിശേഷമായ തരത്തിൽ അന്ത്യകാലഘട്ടങ്ങളിലും  മറിയത്തിന്  അനുയോജ്യമാണ്.  വിശുദ്ധ  ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത് അന്ത്യകാലത്തെ അപ്പസ്തോലന്മാരെ ഒരുക്കുന്നത് മറിയത്തിൻറെ       ഉത്തരവാദിത്വമാണെന്നാണ്.

വലതുകരത്തിൽ  കുരിശുരൂപവും ഇടതുകരത്തിൽ ജപമാലയും ധരിച്ച്, ഹൃദയത്തിൽ യേശുവിൻറെയും മറിയത്തിൻറെയും  വിശുദ്ധനാമങ്ങൾ ആലേഖനം ചെയ്തു മുന്നേറുന്ന അന്ത്യകാല അപ്പസ്തോലന്മാരുടെ സൈന്യനിരയ്ക്കു രൂപം കൊടുക്കുന്നതും  അവരെ നയിക്കുന്നതും  മറിയമായിരിക്കും എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.  ദാരിദ്ര്യത്തിലും എളിമയിലും  ഉപവിയിലും ലോകത്തോടുളള വെറുപ്പിലും യേശുക്രിസ്തുവിനെ പൂർണമായി അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന അന്ത്യകാല അപ്പസ്‌തോലന്മാരുടെ   രാജ്ഞിയായി മറിയത്തെ സ്വർഗം   നിയോഗിച്ചിരിക്കുന്നു എന്നതിൽ  നമുക്കു  ദൈവത്തിനു നന്ദി പറയാം.

സുകൃതജപം

പരിശുദ്ധ മറിയമേ,  ശ്ലീഹന്മാരുടെ രാജ്ഞീ, അങ്ങു രൂപീകരിച്ചു നയിക്കുന്ന അന്ത്യകാല അപ്പസ്തോലന്മാരുടെ  സൈന്യത്തിൽ ഞങ്ങളെയും ചേർക്കണമേ.

(41)

വേദസാക്ഷികളുടെ രാജ്ഞി

 വേദസാക്ഷികൾ  എന്നതുകൊണ്ടു  നാം ഉദ്ദേശിക്കുന്നത് സത്യവിശ്വാസത്തെ പ്രതി  ജീവൻ ത്യജിക്കാനും തയാറാകുന്ന   ക്രൈസ്തവരക്തസാക്ഷികളെയാണ്.  ആദിമക്രിസ്ത്യാനികളുടെ വിശ്വാസതീക്ഷ്ണത  എന്തെന്നറിയാൻ ആദ്യത്തെ രക്തസാക്ഷിയായ സ്തേഫാനോസ്  കല്ലെറിഞ്ഞു കൊല്ലപ്പെടും മുൻപു നടത്തിയ സുവിശേഷ പ്രസംഗം ഒന്നുമാത്രം മതി.  ന്യായാധിപസംഘത്തിൻറെ മുൻപിൽ നിൽക്കുമ്പോൾ അവൻറെ  മുഖം ഒരു ദൈവദൂതൻറെ  മുഖം പോലെ കാണപ്പെട്ടു (അപ്പ. 6:15). അത്രമേൽ പരിശുദ്ധാത്മാവിൻറെ അഭിഷേകനിറവോടെയായിരുന്നു സ്തേഫാനോസ്  തൻറെ  അവസാനനിമിഷങ്ങളെ  നേരിട്ടത്.   കർത്താവിൻറെ ശിഷ്യന്മാരിൽ  യോഹന്നാൻ ഒഴികെയുള്ളവരെല്ലാം  രക്തസാക്ഷികളായി മരിച്ചു.  യോഹന്നാനാകട്ടെ, മരണത്തേക്കാൾ  ഭയാനകമായ ഏകാന്തവാസം അനുഭവിക്കേണ്ടിവന്നു.   ക്രിസ്തുവിനെപ്രതി ജീവൻ പോലും  ബലികൊടുക്കാൻ അവരെ ധൈര്യപ്പെടുത്തിയതു  പരിശുദ്ധാത്മാവാണ്. ആ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ അവരെ പ്രാർഥിച്ചൊരുക്കിയതോ മറിയവും!

 സ്തേഫാനോസിൽ തുടങ്ങിയ രക്തസാക്ഷികളുടെ നീണ്ട നിര   ഇപ്പോഴും അവസാനിച്ചിട്ടില്ല..  ലോകത്തിൽ ഒൻപതിൽ ഒരു ക്രിസ്ത്യാനി വീതം  തൻറെ  വിശ്വാസത്തെ പ്രതി  പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണു   കണക്കുകൾ സൂചിപ്പിക്കുന്നത്.

 മറിയം രക്തസാക്ഷിയായിട്ടാണോ മരിച്ചത്? നമുക്കറിയില്ല എന്നതിനേക്കാൾ   അത് ഒട്ടും തന്നെ പ്രസക്തവുമല്ല. കാരണം മറിയം ജീവിച്ചതു രക്തസാക്ഷിയായിട്ടായിരുന്നു.  തീവ്രദുഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു (മത്തായി 26:38) എന്നു യേശു പറഞ്ഞപ്പോൾ  ആ ദുഖം മുഴുവൻ  ഹൃദയത്തിൽ അനുഭവിച്ചുകൊണ്ടിരുന്നവളാണു  മറിയം.  ക്രിസ്തീയ പാരമ്പര്യത്തിൽ മരണം വഴിയുള്ള രക്തസാക്ഷിത്വവും  (wet martyrdom) മരണമൊഴികെയുള്ള പീഡനങ്ങൾ  സഹിച്ചുകൊണ്ടുള്ള രക്തസാക്ഷിത്വവും (dry martyrdom) പ്രത്യേകമായിത്തന്നെ  പരാമർശിക്കപ്പെടുന്നുണ്ട്.  അതിക്രൂരമായ പീഡനങ്ങളോ മരണമോ നേരിടേണ്ടിവന്നവരെ ചുവന്ന രക്‌തസാക്ഷികൾ (red martyrs) എന്നും കഠിനമായ താപസചര്യകൾ  സ്വമേധയാ ഏറ്റെടുക്കുന്നവരെ  ശ്വേത രക്തസാക്ഷികൾ (white martyrs) എന്നും സാധാരണ ജീവിതം നയിച്ചുകൊണ്ടുതന്നെ  ഉപവാസവും പരിഹാരപ്രവൃത്തികളും വഴി   ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവരെ നീല അഥവാ പച്ച  രക്തസാക്ഷികൾ  (blue or green martyrs) എന്നും വിശേഷിപ്പിക്കാറുണ്ട്.

 മംഗളവാർത്തയുടെ നിമിഷം മുതൽ സഹനങ്ങൾ ഏറ്റെടുക്കുകയും ശെമയോൻറെ പ്രവചനത്തിലെ വാൾ മുപ്പത്തിമൂന്നു വർഷം ഹൃദയത്തിൽ  പ്രതീക്ഷിക്കുകയും  തൻറെ പ്രിയപുത്രനെ ബലിക്കുഞ്ഞാടാണെന്ന  തിരിച്ചറിവോടെ തന്നെ  വളർത്തുകയും ചെയ്ത മറിയം സ്തേഫാനോസിനും മുൻപേ രക്തസാക്ഷിയായവളല്ലേ? ‘എൻറെ ആയുസു ദുഖത്തിലും എൻറെ വത്സരങ്ങൾ  നെടുവീർപ്പിലും കടന്നുപോകുന്നു’ ( സങ്കീ 31:10)എന്നു ദാവീദ് വിലപിച്ചത് മറിയത്തിൻറെ കാര്യത്തിലും സത്യമായി ഭവിച്ചു.
 മറിയം രക്തസാക്ഷികളുടെ രാജ്ഞിയാകുന്നത് അവളുടെ  സഹനങ്ങൾ  മറ്റെല്ലാവരുടെയും സഹനങ്ങളെക്കാൾ കൂടുതൽ കാലം നീണ്ടു നിന്നു എന്നതുകൊണ്ടും അതിൻറെ തീവ്രത മറ്റു രക്തസാക്ഷികളുടേതിനേക്കാൾ കൂടുതലായിരുന്നു എന്നതുകൊണ്ടുമാണ്. യേശു കഴിഞ്ഞാൽ പിന്നെ മനുഷ്യരക്ഷയ്ക്കു വേണ്ടി ഏറ്റവും  കൂടുതൽ സഹിച്ച വ്യക്തിയും മറിയമായിരുന്നു.  ആരാച്ചാരുടെ വാളു  കൊണ്ടല്ല, തൻറെ തന്നെ ഹൃദയത്തിലെ കയ്പുനിറഞ്ഞ വ്യാകുലങ്ങൾ കൊണ്ടാണു  മറിയം രക്തസാക്ഷിയായതെന്നു വിശുദ്ധ ബെർണാർഡ് പറയുന്നു.

 ശരീരത്തിലേൽക്കുന്ന പീഡനങ്ങളെക്കാൾ വേദനാജനകമാണ്   ആത്മാവിലേൽക്കുന്ന പീഡനങ്ങൾ എന്ന് യേശു  തന്നെ  സിയെന്നയിലെ വിശുദ്ധ കാതറിനു   വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.  അപ്പോൾ ജീവിതകാലം മുഴുവൻ ആത്മാവിൽ വേദന സഹിച്ച മറിയത്തെ  രക്തസാക്ഷികളുടെ  രാജ്ഞി എന്നു  വിളിക്കുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?  മറ്റുളളവർ ഏതാനും നിമിഷങ്ങളോ മണിക്കൂറുകൾ തന്നെയോ അനുഭവിച്ച മരണതുല്യമായ വേദന മറിയം  ജീവിതകാലം മുഴുവൻ സഹിച്ചു എന്നതാണു സത്യം. കുഞ്ഞാടിൻറെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിൻറെ വചനം കൊണ്ടും  പിശാചിൻറെ മേൽ  വിജയം നേടുകയും അതിനുവേണ്ടി ജീവൻ ബലി  കഴിക്കാൻ  തയ്യാറാവുകയും ചെയ്യുന്ന (വെളി 12:11) രക്തസാക്ഷികളുടെ രാജ്ഞിയാണു മറിയം.  വലിയ ഞെരുക്കത്തിലൂടെ കടന്നുവരികയും  കുഞ്ഞാടിൻറെ   രക്തത്തിൽ തങ്ങളുടെ  വസ്ത്രങ്ങൾ  കഴുകി വെളുപ്പിക്കുകയും (വെളി  7:14) ചെയ്തവരെ സ്വാഗതം ചെയ്യാനായി സ്വർഗത്തിൻറെ  കവാടത്തിൽ മറിയം കാത്തുനിൽപ്പുണ്ടാകും.

 സുകൃതജപം

 രക്തസാക്ഷികളുടെ രാജ്ഞിയായ മറിയമേ,  വിശ്വാസത്തെപ്രതി രക്തം ചിന്താൻ ഞങ്ങളെ ധൈര്യപ്പെടുത്തണമേ.

 (42)

മറിയം വന്ദനീയന്മാരുടെ രാജ്ഞി

ദീർഘദർശികളുടെയും  പ്രവാചകരുടെയും അപ്പസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും  എന്നതുപോലെതന്നെ മറിയം വന്ദനീയന്മാരുടെയും രാജ്ഞിയാണ്. ജീവിതം കൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിച്ചവരെയും പ്രതികൂല സാഹചര്യങ്ങളിലും ക്രിസ്തുവിൻറെ നാമം ഉറക്കെ പ്രഘോഷിച്ചവരെയുമാണു  നാം വന്ദനീയരുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.

യേശുവിൻറെ നാമം ഏറ്റുപറയണമെങ്കിൽ  അവനിൽ വിശ്വസിക്കണം. യേശു ദൈവപുത്രനാണെന്ന് ആദ്യമേ വിശ്വസിച്ചതു  മറിയമാണ്.  ആ  വിശ്വാസം  അത്രമേൽ ഉറപ്പുള്ളതായിരുന്നതുകൊണ്ടാണു  കാനായിലെ കല്യാണവീട്ടിൽ വച്ച്  തൻറെ ദൈവികത തെളിയിക്കാൻ  അവൾ  യേശുവിനോട് ആവശ്യപ്പെട്ടത്.  തൻറെ സമയം ഇനിയും ആയിട്ടില്ല  എന്നറിഞ്ഞിരുന്നിട്ടും യേശുവിന് ആ അത്ഭുതം പ്രവർത്തിക്കേണ്ടി വന്നു.   ദൈവവചനം കേട്ട് അതു  പാലിക്കുന്നവരാണ് എൻറെ അമ്മയും സഹോദരന്മാരും എന്നു  പിന്നീടൊരിക്കൽ  പറയുംമ്പോഴും  യേശുവിൻറെ മനസിൽ ദൈവഹിതത്തിനു മുൻപിൽ സ്വയം  സമർപ്പിച്ച മറിയത്തിൻറെ  രൂപം ഉണ്ടായിരുന്നു.

എന്നാൽ അവളുടെ   വിശ്വാസത്തിൻറെ ഏറ്റവും വലിയ  പ്രകടനം കാൽവരിയിലായിരുന്നു. അന്ധകാരത്തിലാഴ്ന്ന ലോകം അതിൻറെ സ്രഷ്ടാവിനെ തള്ളിപ്പറഞ്ഞപ്പോഴും, ആ ലോകത്തോടൊപ്പം  ശിഷ്യന്മാരും യേശുവിനെ  പരിത്യജിച്ചപ്പോഴും   മറിയം   കുരിശിൻ ചുവട്ടിൽ ഉറച്ചുനിന്നു.  മരണത്തിനപ്പുറം ഒരു ഉത്ഥാനമുണ്ടെന്ന് അവൾ വിശ്വസിച്ചു. ഉത്ഥിതനായ യേശു തൻറെ റെ അമ്മയ്ക്കു പ്രത്യക്ഷനായതായി സുവിശേഷത്തിൽ എവിടെയും കാണുന്നില്ല. കാണാതെ വിശ്വസിക്കുന്ന ഭാഗ്യവാന്മാരുടെ (യോഹ 20:28) ഗണത്തിലെ പ്രഥമസ്ഥാനം മറിയത്തിനാണ്.

ഉത്ഥിതനായ യേശുവിനെ കാണാതെയും സ്പർശിക്കാതെയും വിശ്വസിച്ച മറിയമാണു   പിൽക്കാലത്തു  സഭയെ പിടിച്ചുകുലുക്കിയ എല്ലാ പാഷണ്ഡതകളെയും തകർക്കാൻ  സഹായിച്ചത്. യേശുവിൻറെ ദൈവികതയും മറിയത്തിൻറെ ദൈവമാതൃസ്ഥാനവും  തുടങ്ങി സഭ വിശ്വസിച്ചിരുന്ന പല അടിസ്ഥാനസത്യങ്ങളിലും  സംശയം  ഉയർത്തിക്കൊണ്ടുവന്ന  പാഷണ്ഡികളെ  തോൽപിച്ചത് മറിയമായിരുന്നു.

 വിശ്വാസത്തിൻറെ   മകുടം എന്ന നിലയിൽ മറിയം സ്വന്തം  നിലയിൽ തന്നെ വന്ദനീയ ആയിരുന്നു. എന്നാൽ  അവളെ ആ സ്ഥാനത്തിന് അർഹയാക്കുന്ന മറ്റൊന്നു  കൂടിയുണ്ട്.  അതു  വിശ്വാസവീരന്മാരായ  വിശുദ്ധരെല്ലാം   മരിയഭക്തരായിരുന്നു എന്നതാണ്.   ക്ലെയർവോയിലെ  ബെർണാർഡ്, ആൻസെലം, ബൊനവഞ്ചർ, പീറ്റർ ഡാമിയൻ, അൽഫോൻസ് ലിഗോരി, ലൂയിസ് ഡി മോൺഫോർട്ട് എന്നിങ്ങനെ വിശുദ്ധരും സഭാപിതാക്കന്മാരുമായ അനേകർ  ഇക്കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകൾക്കിടയിൽ ക്രിസ്തുവിലുള്ള വിശ്വാസം ഉറക്കെ പ്രഘോഷിച്ചിട്ടുണ്ട്. മറിയമായിരുന്നു  അവരുടെയെല്ലാം മാതൃക. മറ്റൊരാൾക്കുവേണ്ടി മരണം സ്വയം ഏറ്റെടുത്ത മാക്സിമില്യൻ കോൾബെയുടെ മാതൃക മറിയമായിരുന്നു. പ്രേഷിതരുടെ മധ്യസ്ഥയായ  കൊച്ചുത്രേസ്യയുടെ മാതൃക മറിയമായിരുന്നു.   കേരളസഭയെ നവീകരിച്ച ചാവറ പിതാവു   വലിയൊരു മരിയ ഭക്തനായിരുന്നു. മദർ തെരേസ, പാദ്രെ പിയോ, ജോൺ മരിയ വിയാനി, ജോസ് മരിയ എസ്ക്രിവ , ജോൺ പോൾ രണ്ടാമൻ  എന്നിങ്ങനെ നീളുന്നു, മരിയഭക്തരായ വിശുദ്ധരുടെ നിര.

‘ദൈവത്തിൻറെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു’ (സങ്കീ 87:3). ദൈവത്തിൻറെ നഗരം എന്നു  വിളിക്കപ്പെടുന്നതും  മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നതും മറിയത്തെക്കുറിച്ചാണ്.  ‘കർത്താവ് ജനതകളുടെ  കണക്കെടുക്കുമ്പോൾ  ഇവൻ അവിടെ ജനിച്ചു എന്നു  രേഖപ്പെടുത്തും’ (സങ്കീ 87:6). ജനതകളുടെ മാതാവായി ദൈവം അവരോധിച്ച മറിയം  തൻറെ മക്കളിൽ നിന്നു  സ്തുതിയും  ആദരവും അർഹിക്കുന്നു. ‘എൻറെ ഉറവകൾ നിന്നിലാണ് ( സങ്കീ 87:7) എന്നു  പറഞ്ഞുകൊണ്ടു   വന്ദനീയരായവർ മറിയത്തെ വന്ദിക്കുന്നു.

അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസിക പ്രാർത്ഥന, എല്ലാക്കാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ  ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവിക പരിശുദ്ധി    എന്നീ ദശപുണ്യങ്ങളാൽ  സകല വിശുദ്ധർക്കും, വന്ദനീയർക്കും  മാത്രമല്ല ഓരോ ക്രിസ്തീയവിശ്വാസിക്കും അനുകരിക്കാനുള്ള മാതൃക ദൈവം മറിയത്തിൽ  നമുക്കു തന്നിരിക്കുന്നു. അപ്രകാരം സകല പുണ്യങ്ങളാലും ദൈവം  അലങ്കരിച്ച മറിയത്തെ ആദരിക്കുക മനുഷ്യർക്കു കടമയത്രേ. ആ കടമ നിറവേറ്റാത്തവർ  യേശുക്രിസ്തുവിനെ പ്രീതിപ്പെടുത്തുന്നു എന്നു  പറയാനാവില്ല. ‘ദൈവമാതാവിനെ  ദ്രോഹിക്കുന്ന ഒരുവനും ദൈവകാരുണ്യം പ്രാപിക്കുമെന്നു  കരുതേണ്ടതില്ല’ എന്ന വിശുദ്ധാത്മാക്കളുടെ  അഭിപ്രായം ന്യായം തന്നെ.  സകല വിശുദ്ധരോടും വന്ദനീയരോടും  ഒപ്പം നമുക്കും മറിയത്തിൻറെ മഹത്വകീർത്തനങ്ങൾ ആലപിക്കാം.

സുകൃതജപം

പരിശുദ്ധ മറിയമേ, വന്ദനീയരുടെ രാജ്ഞീ, അങ്ങയിൽ  വിളങ്ങിയിരുന്ന പുണ്യങ്ങൾ ഞങ്ങളെയും അഭ്യസിപ്പിക്കണമേ.

(43)

മറിയം കന്യകകളുടെ രാജ്ഞി

‘കന്യക ഗർഭം ധരിച്ച്          ഒരു  പുത്രനെ പ്രസവിക്കും’ (ഏശയ്യാ  7:14)  എന്നു പ്രവചിക്കാൻ ദൈവത്തിൻറെ പ്രവാചകനു മാത്രമേ സാധിക്കുകയുള്ളൂ.  സൈന്യങ്ങളുടെ കർത്താവിൻറെ തീക്ഷ്ണത ( ഏശയ്യാ 37:32) ആ പ്രവചനം  നിവൃത്തിയാക്കി എന്നു നാം കണ്ടുകഴിഞ്ഞു. മനുഷ്യചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ആ  കന്യകാജനനത്തിനു  കാരണമായതു മറിയത്തിൻറെ  ‘ആമേൻ’ ആയിരുന്നു.   മറിയം നിത്യകന്യകയാണെന്നത് ആദിമനൂറ്റാണ്ടുകൾ മുതൽ   തന്നെ സഭയിൽ നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു.

യേശുവിനെ ഗർഭം ധരിക്കുമ്പോൾ മറിയം കന്യക ആയിരുന്നു എന്നതിനു വിശുദ്ധ ഗ്രന്ഥം തന്നെയാണു സാക്ഷി.  രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇരണേവൂസ്, ജസ്റ്റിൻ മാർട്ടിർ  തുടങ്ങിയ പിതാക്കന്മാർ യേശുവിൻറെ ജനനസമയത്തു  മറിയം കന്യക ആയിരുന്നു  എന്നു  പ്രസ്‌താവിച്ചിട്ടുണ്ട്.   ജെറോം, അംബ്രോസ്, അഗസ്റ്റിൻ, ഒറിജിൻ, അലക്സാണ്ഡ്രിയയിലെ ക്ലെമെൻറ്, റോമിലെ ഹിപ്പോളിറ്റസ്, എന്നിവരും  ദൈവമാതാവിൻറെ   നിത്യകന്യകാത്വത്തിൽ വിശ്വസിച്ചിരുന്നു. എന്തിന്, പ്രൊട്ടസ്റ്റൻറ്  നേതാക്കളായ ലൂഥർ, സ്വിങ്ലി, വൈക്ലിഫ് എന്നിവർക്കും മറിയത്തിൻറെ നിത്യകന്യകാത്വത്തിൽ സംശയം ഉണ്ടായിരുന്നില്ല.

AD  553 ലെ കോൺസ്റ്റാൻറിനോപ്പിൾ  കൗൺസിലിലും  AD  649 ലെ  ലാറ്ററൻ കൗൺസിലിലും മറിയം നിത്യകന്യകയാണ് എന്നു   സിനഡ് പിതാക്കന്മാർ   പ്രസ്താവിച്ചിട്ടുണ്ട്.  മറിയം കന്യകയായിരിക്കേ തന്നെ  യേശുവിനെ ഗർഭം  ധരിച്ചു എന്നും   കന്യാകാത്വത്തിനു  ഭംഗം വരാതെ തന്നെ  ശിശുവിനു  ജന്മം കൊടുത്തുവെന്നും അതിനുശേഷം ജീവിതാന്ത്യം വരെ കന്യകാത്വം കാത്തുസൂക്ഷിച്ചു എന്നും സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങളിൽ (അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം) അനുസരണമാണു  മറ്റു രണ്ടു വ്രതങ്ങളും  അതിൻറെ പരിപൂർണതയിൽ പാലിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നത്.   സഭയിൽ സന്യാസം രൂപപ്പെട്ടപ്പോൾ മുതൽ അതിൻറെ ചാലകശക്തിയും അനുസരണമായിരുന്നു.  ദൈവത്തെപ്രതി സ്വമനസാ കന്യാവ്രതം ഏറ്റെടുക്കുന്ന  ഓരോ വ്യക്തിയുടെയും മുന്നിലുള്ള മാതൃക മറിയമാണ്.  കന്യാവ്രതം അഭംഗുരം  കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവശ്യം  വേണ്ട പുണ്യം അനുസരണമായതുകൊണ്ടും  മറിയം ആ പുണ്യത്തിൽ അദ്വിതീയ ആയിരുന്നതുകൊണ്ടും,  അവളുടെ നിത്യകന്യകാത്വം ഒരു വിശ്വാസസത്യമായി സഭ പഠിപ്പിക്കുന്നതുകൊണ്ടും  മറിയത്തെ കന്യാസ്ത്രീകളുടെ രാജ്ഞി എന്നു വിളിക്കുന്നു.

കന്യകയായിരുന്നുകൊണ്ടു  മറിയം  ഈ ലോകത്തിലെ ഏറ്റവും വിശിഷ്ടസൃഷ്ടിയ്ക്കു   ജന്മം കൊടുത്തു. അതിനായി അവൾ   സഹിച്ച കഷ്ടതകൾ അവർണനീയമാണ്. മറിയത്തെ പിന്തുടർന്നു  ബ്രഹ്മചര്യം   പാലിക്കുന്നവരും തങ്ങളിൽ  ക്രിസ്തു രൂപപ്പെടുന്നതുവരെ ഹൃദയത്തിൽ  ഈറ്റുനോവ് (ഗലാ  4:19) അനുഭവിക്കുന്നു. അവരുടെ അമ്മയായ മറിയവും അവരിൽ ക്രിസ്തു രൂപപ്പെടുന്നതുവരെ അവരോടൊപ്പം ഈറ്റുനോവ് അനുഭവിക്കുന്നു. സന്യാസബ്രഹ്മചര്യത്തിൻറെ ശക്തി  യേശുവിൻറെ അമ്മ നിത്യകന്യകയായി തങ്ങൾക്കു മുൻപേ കടന്നുപോയി എന്ന വിശ്വാസമാണ്.

 ദൈവത്തിനുവേണ്ടി സ്വമനസാ ബ്രഹ്മചര്യം നേരുന്ന കന്യാസ്ത്രീകളെ സഭ എത്ര ആദരവോടെയാണു  കണ്ടിരുന്നതെന്നു  മനസിലാക്കാൻ    മധ്യകാലഘട്ടങ്ങളിൽ  വ്രതവാഗ്ദാനവേളയിൽ മെത്രാൻ ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന  നമ്മെ സഹായിക്കും.  ‘ഈ വ്രതവാഗ്ദാനം ചെയ്യുന്ന വ്യക്തിയെ   ദൈവവേലയിൽ നിന്ന് അകറ്റാനോ അവളുടെ സദ്ഗുണങ്ങളെ  അപഹരിക്കാനോ ഒരുമ്പെടുന്ന ഏതൊരുവനും  അവൻറെ ഭവനത്തിലും ഭവനത്തിനു പുറത്തും ശപിക്കപ്പെട്ടവനായിരിക്കട്ടെ. അവൻ നഗരത്തിലും നാട്ടിൻപുറത്തും ശപിക്കപ്പെട്ടവനായിരിക്കട്ടെ. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും  ഇരിക്കുമ്പോഴും  നടക്കുമ്പോഴും അവൻ ശപിക്കപ്പെട്ടവനായിരിക്കട്ടെ, അവൻറെ അസ്ഥിയും മാംസവും ശപിക്കപ്പെട്ടതായിരിക്കട്ടെ. ഉച്ചി മുതൽ ഉള്ളംകാൽ  വരെ അവന് ആരോഗ്യം  ഉണ്ടാകാതിരിക്കട്ടെ. അധർമത്തിൻറെ പുത്രന്മാർക്കു  മോശയുടെ നിയമത്തിൽ പറഞ്ഞിട്ടുള്ള എല്ലാ ശാപങ്ങളും അവൻറെ മേൽ പതിക്കട്ടെ.  അവൻറെ നാമം ജീവൻറെ പുസ്തകത്തിൽ നിന്നു മായ്ച്ചുകളയപ്പെടട്ടെ. അവൻറെ നാമം നീതിമാന്മാരോടു  കൂടെ എണ്ണപ്പെടാതിരിക്കട്ടെ.  അവൻറെ അവകാശവും സ്ഥാനവും  ഭ്രാതൃഘാതകനായ  കായേൻറെയും ദാത്താൻെറയും   അബിറാമിൻറെയും, അനാനിയാസിൻറെയും സഫീറയുടെയും,  മാന്ത്രികനായ ശിമയോൻറെയും,  യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിൻറെയും,  ‘ഞങ്ങളിൽ നിന്ന് അകന്നുപോവുക,  ഞങ്ങൾ  നിൻറെ മാർഗം സ്വീകരിക്കുന്നില്ല’ എന്നു ദൈവത്തോടു  പറഞ്ഞ  മറ്റെല്ലാവരുടെയും കൂടെ   ആയിരിക്കട്ടെ.  അവൻ മനസ്തപിച്ച് തൻറെ വഴികൾ  തിരുത്തുന്നില്ലെങ്കിൽ   വിധിദിവസത്തിൽ അവൻ നാശമടയട്ടെ. പിശാചിനോടും അവൻറെ ദൂതന്മാരോടുമൊപ്പം   അവനെ  നിത്യാഗ്നി വിഴുങ്ങുകയും ചെയ്യട്ടെ.  ആമേൻ.’

സന്യാസവും ബ്രഹ്മചര്യവും എല്ലാവർക്കുമുള്ളതല്ല.  യേശു തന്നെ പറയുന്നുണ്ടല്ലോ,  ‘കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല…….. സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ  ഷണ്ഡരാക്കുന്നവരുണ്ട്’ ( മത്തായി  19:11). കൃപ ലഭിച്ചതുകൊണ്ടും അതു സമൃദ്ധമായി ലഭിച്ചതുകൊണ്ടുമാണു  മറിയം തൻറെ ദൈവവിളിയിൽ സ്ഥിരതയോടെ നിലകൊണ്ടതും  ജീവിതകാലം മുഴുവൻ  കന്യകയായി  ജീവിച്ചതും.  ഓരോ  ദൈവവിളിയും കൃപയുടെ പ്രവൃത്തിയാണ്. നമ്മെ  വിളിച്ചവൻ  വിശ്വസ്തനാകയാൽ (1 തെസ   5:24)  നമ്മുടെ         വിളിയ്ക്കനുസരിച്ചു  ജീവിക്കാനുള്ള കൃപയും അവൻ തരും.  കർത്താവായ യേശുക്രിസ്തുവിൻറെ പ്രത്യാഗമനത്തിൽ  സ്വന്തം  ആത്മാവും ജീവനും  ശരീരവും അവികലവും  പൂർണവും ആയിരിക്കാൻ വേണ്ടിയാണ് (1 തെസ. 5:23)  ഓരോ സന്യാസിയും ഓരോ സന്യാസിനിയും  എന്നല്ല ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ചിട്ടുള്ള  ഓരോ വ്യക്തിയും              പ്രയത്നിക്കുന്നത്. അതിൽ അവർക്ക് എല്ലായ്‌പ്പോഴും  ഉറപ്പുള്ള ശരണവും സഹായവും കന്യാസ്ത്രീകളുടെ രാജ്ഞിയായ മറിയത്തിൻറേതാണ്.

സുകൃതജപം

കന്യകകളുടെ രാജ്ഞിയായ മറിയമേ, ശുദ്ധത എന്ന പുണ്യം കാത്തുസൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കണമേ.

(44)

മറിയം  പുണ്യവാന്മാരുടെ രാജ്ഞി

മറിയത്തെ എന്തുകൊണ്ടു  പുണ്യവാന്മാരുടെ  രാജ്ഞിയെന്നു   വിളിക്കുന്നു എന്ന  സംശയം  ഒരു  ക്രിസ്ത്യാനിയുടെയും മനസിൽ  ഉണ്ടാകില്ല.  മറിയത്തിൻറെ മറ്റെല്ലാ വിശേഷണങ്ങളെയുംകാൾ അവർക്കു മനസിലാക്കാൻ എളുപ്പമുള്ള ഒന്നാണു  വിശുദ്ധരുടെ  രാജ്ഞി എന്ന സംബോധന. അതിനു കാരണം  മറിയം സ്വന്തം നിലയിൽ തന്നെ വിശുദ്ധ ആയിരുന്നു എന്നതാണ്. എന്നാൽ സഭ മറിയത്തെ കാണുന്നത്  അനേകം വിശുദ്ധരുടെ ഇടയിൽ മറ്റൊരു വിശുദ്ധ ആയിട്ടല്ല. സത്യത്തിൽ  St.Mary (വിശുദ്ധ മറിയം) എന്ന പ്രയോഗം ആശയക്കുഴപ്പത്തിനു  കാരണമാകുന്നുണ്ട്.  മറിയത്തെ നാം അഭിസംബോധന ചെയ്യുന്നതു പരിശുദ്ധ മറിയം എന്നാണല്ലോ. അതിനു തത്തുല്യമായ   ഇംഗ്ലീഷ്  പദം Holy Mary ആണ്,  St Mary അല്ല.

മറിയം മറ്റു വിശുദ്ധരിൽ നിന്നു വ്യത്യസ്തയാണ്.  ഉത്ഭവനിമിഷത്തിൽ തന്നെ  പാപത്തിൽ നിന്നു   മോചിപ്പിക്കപ്പെട്ടവളാണ് മറിയം.   മരണനിമിഷത്തിൽ   ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക്  എടുക്കപ്പെട്ടവളാണ് മറിയം. തൻറെ തിരുക്കുമാരനാൽ സ്വർഗത്തിൻറെയും  ഭൂമിയുടെയും  രാജ്ഞിയായി കിരീടം ധരിക്കപ്പെട്ടവളും,  സാത്താൻറെ തലയെ  തകർത്തുകൊണ്ടു  മനുഷ്യരക്ഷ സാധിതമാക്കിയ മഹാപ്രവൃത്തിയിൽ   സഹപങ്കാളിയായവളും ആണു മറിയം. അതിനാൽ മറ്റു  വിശുദ്ധരും വിശുദ്ധരുടെയെല്ലാം  രാജ്ഞിയായ മറിയവും  ഒരേതരത്തിലുള്ള   വണക്കമല്ല അർഹിക്കുന്നത് എന്നു  സഭ മനസിലാക്കുന്നു.ആ  ബോധ്യത്തിൽ  നിന്നാണു  സഭ മറിയത്തിന് ഉയർന്ന വണക്കം (hyperdulia) നൽകണം എന്നു  നിഷ്കർഷിക്കുന്നത്. മറ്റു വിശുദ്ധർക്കുള്ള   വണക്കത്തെ വിളിക്കുന്നതു dulia  എന്നാണ്.  ദൈവത്തിനു മാത്രം അവകാശപ്പെട്ട ആരാധനയെ സൂചിപ്പിക്കാൻ latria എന്ന പദവും ഉപയോഗിക്കുന്നു. അതായതു ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധനയിൽ നിന്ന് ഒരു പടി താഴെയും വിശുദ്ധർക്ക് അർഹതപ്പെട്ട വണക്കത്തിൽ നിന്ന് ഒരു പടി മുകളിലുമാണു  മറിയത്തിൻറെ സ്ഥാനം എന്ന് സാരം.

ഇതത്രയും മരിയൻ ദൈവശാസ്ത്രം. എന്നാൽ മറിയത്തെ വിശുദ്ധരുടെ  രാജ്ഞി എന്നു  വിളിക്കുന്നതിനു   വേറെയും  കാരണങ്ങളുണ്ട്.  ഒന്നാമതായി അവൾ വിശുദ്ധരുടെയെല്ലാം മാതൃകയായിരുന്നു. ഏതു വിശുദ്ധനോ വിശുദ്ധയോ ഉണ്ടു  മരിയഭക്തരായിട്ടല്ലാതെ!  അപ്രേം,  ജോൺ ഡമാഷീൻ, പാദുവായിലെ ആൻറണി, കൊച്ചുത്രേസ്യ, അൽഫോൻസ് ലിഗോരി, മോൺഫോർട്ട്, മദർ തെരേസ, ബെർണാർഡ്,  ബൊനവഞ്ചർ , ജോൺ പോൾ  രണ്ടാമൻ, ജോൺ മരിയ വിയാനി, പാദ്രെ പിയോ  ഇങ്ങനെ പോകുന്നു മരിയ ഭക്തരായ വിശുദ്ധരുടെ നിര. പന്ത്രണ്ടു വയസു   പോലും തികയാത്ത പ്രായത്തിൽ   പാപം ചെയ്യുന്നതിനേക്കാൾ അഭികാമ്യം മരിക്കുന്നതാണെന്ന ബോധ്യം മരിയ ഗൊരേത്തിയ്ക്കു  കൊടുത്തത് അവൾ  നിത്യവും ചൊല്ലിയിരുന്ന ജപമാലയായിരുന്നു.

തൻറെ നാലാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ  രോഗിയായെങ്കിലും  കുഞ്ഞിനു ജീവഹാനി ഉണ്ടായേക്കും എന്ന കാരണത്താൽ ഒരു സർജറിയ്ക്കു  വിസമ്മതിച്ച Gianna Beretta Mollaയുടെ പ്രചോദനവും മറിയമായിരുന്നു.  കഠിനമായ രോഗപീഡകളിലൂടെ കടന്നുപോയിട്ടും അവൾ  ഗർഭഛിദ്രത്തിന്   അനുവദിച്ചില്ല. 1962  ഏപ്രിൽ 21നു   ദുഖശനിയാഴ്ച   അവൾ  ഒരു കുഞ്ഞിനെ പ്രസവിച്ചു.  അടുത്ത ശനിയാഴ്ച അവൾ സ്വർഗത്തിലേക്കു യാത്രയായി!  2004 ൽ  Gianna യെ  സഭ വിശുദ്ധയായി   പ്രഖ്യാപിച്ചു.

യേശുവിനു രൂപം കൊടുത്ത മറിയം തന്നെയാണ് യേശുവിൽ  മറ്റു വിശുദ്ധർക്കു രൂപം  കൊടുക്കുന്നതും. ‘ഇസ്രായേലിൽ നിൻറെ അവകാശം  സ്വീകരിക്കുക’ (പ്രഭാ  24:8) എന്നു  ദൈവം പറഞ്ഞതു മറിയത്തിനും  ബാധകമായി. അവൾ  പുതിയ ഇസ്രയേലിനെ തൻറെ അവകാശമായി സ്വീകരിക്കുകയും ‘ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളിൽ പ്രവേശിച്ച്  അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുകയും ( ജ്ഞാനം 7:27) ചെയ്യുന്നു.

വിശുദ്ധനായ ലൂയിസ് ഡി മോൺഫോർട്ട് ഇങ്ങനെ  പറയുന്നു; ‘യുഗാന്ത്യത്തിലെ ഉത്കൃഷ്ടരായ വിശുദ്ധരെ  ജനിപ്പിക്കേണ്ടതു മറിയം തന്നെയാണ്. ലോകാവസാനത്തിൽ ഉണ്ടാകാനിരിക്കുന്ന എല്ലാ മഹാവിശുദ്ധരുടെയും  രൂപവത്കരണവും   ശിക്ഷണവും സർവശക്തൻ അവൾക്കായി മാറ്റിവച്ചിരിക്കുകയാണ്.’ അങ്ങനെ മറിയത്തിൻറെ  ശിക്ഷണത്തത്തിൽ വളരുന്ന അന്ത്യകാല വിശുദ്ധർ  തങ്ങളുടെ പ്രവൃത്തിയും പ്രസംഗവും വഴി  സകല മനുഷ്യരെയും യഥാർഥ മരിയഭക്തരാക്കും എന്നു  വിശുദ്ധ വിൻസെൻറ് ഫെററിന്  യേശു  വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

 ‘ ഉഷസു  പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും  സൂര്യനെപ്പോലെ തേജസ്വിനിയും  ( ഉത്തമ. 5:10) ആയ മറിയത്തെ ഉഷകാലനക്ഷത്രമായും  സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവും  ആക്കിയവളായും ( വെളി 121) നാം  വണങ്ങുന്നു. വിശുദ്ധിയുടെ തേജസിൽ ജ്വലിച്ച്  ‘കൊടിക്കൂറകളേന്തുന്ന  സൈന്യത്തെപ്പോലെ ഭയദയായി’ ( ഉത്തമ 5:10) വിശുദ്ധരുടെ സൈന്യത്തെ  നയിച്ചുകൊണ്ടു  തനിക്കെതിരെ വരുന്ന മറിയത്തെക്കണ്ടു പിശാച് ഭയപ്പെട്ടോടുന്നു.  ഇത് യുഗാന്ത്യത്തിൽ  സംഭവിക്കാനിരിക്കുന്നു. അന്തിമനാളുകളിൽ പിടിച്ചുനിൽക്കണമെങ്കിൽ വലിയ വിശാസവും സഹനശക്തിയും വേണം എന്നു വിശുദ്ധഗ്രന്ഥം പറയുന്നു. ‘ഇവിടെയാണ് ദൈവത്തിൻറെ കല്പനകൾ പാലിക്കുന്ന  വിശുദ്ധരുടെ  സഹനശക്തിയും  വിശ്വാസവും വേണ്ടത്’ (വെളി 14.12). വിശുദ്ധർക്കൊത്ത  സഹനശക്തിയും വിശ്വാസവും  ലഭിക്കാനായി നമുക്കു മറിയത്തിൻറെ   മാധ്യസ്ഥം തേടി പ്രാർഥിക്കാം.

സുകൃതജപം

വിശുദ്ധരുടെ  രാജ്ഞിയായ പരിശുദ്ധ മറിയമേ,  വിശുദ്ധിയിൽ വളരാനും വിശ്വാസത്തെപ്രതി പീഡനങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ  പിടിച്ചുനിൽക്കാനുമുള്ള കൃപ ഈശോയിൽ നിന്നു ഞങ്ങൾക്കു  വാങ്ങിതരണമേ.

(45)

അമലോത്ഭവയായ രാജ്ഞി

മാംസത്തിൽ നിന്നു ജനിക്കുന്നതു മാംസമാണ്. ആത്മാവിൽ നിന്നു  ജനിക്കുന്നത് ആത്മാവും (യോഹ 3:6). വചനം മാംസമായിട്ടാണ് നമ്മുടെ   ഇടയിൽ  വസിച്ചത് (യോഹ. 1:14).   ആ വചനത്തെക്കുറിച്ച്  യേശു  സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്.  നിങ്ങളോടു ഞാൻ പറഞ്ഞ  വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ 6:63).

ആത്മാവും ജീവനുമായ വചനത്തിൻറെ മനുഷ്യരൂപമായ യേശുവിനു  ജന്മം നൽകാൻ  ആത്മാവു നിറഞ്ഞവർക്കല്ലേ  സാധിക്കുകയുള്ളൂ.  വിശുദ്ധമായവയിൽ നിന്നു  മാത്രമേ വിശുദ്ധമായവ പുറപ്പെടുകയുള്ളൂ.  പരമപരിശുദ്ധി തന്നെയായ  യേശുവിനു ജന്മം നൽകാൻ ദൈവം  തെരഞ്ഞെടുത്ത മറിയം പരിശുദ്ധയായിരിക്കണം  എന്നതിൽ സംശയമില്ല.  ഉത്ഭവപാപത്തിനു വിധേയ ആയിട്ടുള്ള ഒരു വ്യക്തിയിൽ നിന്നു ജനിക്കുന്ന കുഞ്ഞിലും   ആ ഉത്ഭവപാപത്തിൻറെ കറ ഉണ്ടാകുമെന്നതു നിശ്ചയം.  തൻറെ പുത്രനു ജന്മം നല്കാൻ ഉത്ഭവപാപത്തിൻറെ കറപുരളാത്ത ഒരു സ്ത്രീരത്നം വേണമെന്നു ദൈവം തൻറെ അനന്തജ്ഞാനത്തിൽ തീരുമാനിച്ച കാര്യമാണ്. അതിനോട് ആമേൻ പറയുക എന്നതു മറിയത്തിനു മാത്രമല്ല, നമുക്കും ഉചിതമത്രേ.

മറിയത്തെക്കുറിച്ചു   വിശുദ്ധഗ്രന്ഥത്തിൽ  വളരെ കുറച്ചു സൂചനകളേ ഉള്ളൂ. അതിലൊന്നും മറിയം അമലോത്ഭവ ആണെന്നു പറയുന്നില്ല.  എന്നാൽ ആദ്യ നൂറ്റാണ്ടുകൾ മുതൽ തന്നെ മറിയം അമലോത്ഭവ ആണ് എന്ന വിശ്വാസം സഭയിൽ നിലനിന്നിരുന്നു. 1854ൽ പീയൂസ് ഒൻപതാമൻ പാപ്പ  മറിയത്തിൻറെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ പുതിയ ഒരു കണ്ടുപിടിത്തം നടത്തുകയായിരുന്നില്ല ചെയ്തത്, മറിച്ചു  നൂറ്റാണ്ടുകളായി സഭ വിശ്വസിച്ചുപോന്ന ഒരു  സത്യത്തെ             ഒരിക്കൽ കൂടി  ആധികാരികമായി പ്രഖ്യാപിച്ചു എന്നേയുള്ളൂ.

നമ്മെ വിശുദ്ധീകരിക്കുന്ന കൃപയിൽ ( sanctifying grace) നിന്നും ആദിപാപം നമ്മെ അകറ്റുന്നു. ഒപ്പം തന്നെ ആ പാപത്തിൻറെ കറ (stains of original sin)  നമ്മുടെ മനുഷ്യപ്രകൃതിയെ ദുഷിപ്പിക്കുകയും നമ്മെ  വീണ്ടും   പാപത്തിലേക്കു നയിക്കുകയും ചെയ്യുന്നു. മറിയം ഈ രണ്ടു   ദോഷങ്ങൾക്കും അതീതയായി സൃഷ്ടിക്കപ്പെട്ടു.  എന്നിരുന്നാലും മറിയം ഒരു സൃഷ്ടി മാത്രമായിരുന്നു. അതിൻറെ അർഥം   മറ്റു മനുഷ്യരെപ്പോലെ തന്നെ  അവൾക്കും ഒരു രക്ഷകൻറെ  ആവശ്യം ഉണ്ടായിരുന്നു എന്നതാണ്.  എന്നാൽ യേശുവിൻറെ യോഗ്യതകൾ  മുൻകൂട്ടി കണ്ടുകൊണ്ടു  ദൈവം  മറിയത്തിന് ആവശ്യമായ കൃപകൾ  അവൾ അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ  തന്നെ നൽകി.

മറിയത്തിൽ ഈ കൃപ നിറഞ്ഞതു  മാലാഖയുടെ അഭിവാദനവേളയിലല്ല. മാലാഖ അവളെ അഭിസംബോധന ചെയ്യുന്നതുതന്നെ  ‘ദൈവകൃപ നിറഞ്ഞവളേ’ ( ലൂക്കാ 1:28) എന്നായിരുന്നുവല്ലോ.  അതായത്  മംഗളവാർത്തയുടെ മുൻപുതന്നെ മറിയം കൃപയാൽ നിറഞ്ഞിരുന്നു. ഇത് അവളുടെ അമലോത്ഭവത്തിൻറെ സൂചനയായി കണക്കാക്കപ്പെടുന്നു.

ദൈവികജ്ഞാനത്തിൻറെ നിറവാണ് യേശു.  ജ്ഞാനത്തെക്കുറിച്ചു  വിശുദ്ധഗഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു.  ‘ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല’ (ജ്ഞാനം 1:4).  അതായത് യേശുവിനു  പ്രവേശിക്കാൻ കാപട്യമില്ലാത്ത ഒരു ഹൃദയവും വസിക്കാൻ പാപത്തിന് അടിമയല്ലാത്ത ഒരു ശരീരവും വേണം. ഇതു  രണ്ടും നൽകിയാണു  പിതാവായ ദൈവം മറിയത്തെ ഭൂമിയിലേക്കയച്ചത്.  മറിയം അമലോത്ഭവ ആയിരിക്കുക എന്നതു   ദൈവികപദ്ധതിയനുസരിച്ചും   മാനുഷികയുക്തിയനുസരിച്ചും   ന്യായം തന്നെ എന്നു  കാണാം. ആ സത്യം  പിയൂസ് ഒൻപതാമൻ പാപ്പ 1854 ഡിസംബർ 8 ന്  തൻറെ  Ineffabilis Deus എന്ന പ്രമാണരേഖയിലൂടെ    ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. മൂന്നു വർഷങ്ങൾക്കുശേഷം  ലൂർദിൽ   Bernadette Soubirousനു പ്രത്യക്ഷപ്പെട്ടപ്പോൾ   താൻ  അമലോത്ഭവമാണെന്നു പ്രസ്താവിച്ചുകൊണ്ടു   സഭയുടെ  നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെയും  മാർപ്പാപ്പയുടെ      വിശ്വാസസത്യപ്രഖ്യാപനത്തെയും  മറിയം സ്ഥിരീകരിച്ചു.

സുകൃതജപം

അമലോത്ഭവയായ  പരിശുദ്ധ മറിയമേ, ഈ ലോകത്തിൻറെ  കളങ്കങ്ങൾ ഏൽക്കാതെ  ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും നിർമലമായി കാത്തുകൊള്ളാനുള്ള കൃപ ഞങ്ങൾക്കു തരണമേ.

(46)

മറിയം; സ്വർഗാരോപിതയായ രാജ്ഞി

അന്നയുടെ ഉദരത്തിൽ ഉരുവാകുന്നതിനു  മുൻപുതന്നെ  ദൈവത്തിൻറെ മനസിൽ മറിയം ജനിച്ചിരുന്നു. ലോകസൃഷ്ടിയ്ക്കു മുൻപുതന്നെ  തൻറെ  അനന്തജ്ഞാനത്തിൽ രക്ഷാകരപ്രവൃത്തിയുടെ ആവശ്യകത ദൈവം അറിഞ്ഞിരുന്നു. ദൈവത്തിനു മനുഷ്യനായി  പിറക്കാൻ   ഒരു സ്ത്രീ  വേണമെന്നും  അവിടുന്ന് അറിഞ്ഞിരുന്നു. അതിനായി ദൈവം മറിയത്തെ തൻറെ മനസ്സിൽ രൂപപ്പെടുത്തി, മാതൃത്വത്തെ തെരഞ്ഞെടുത്തു, മറിയത്തിൻറെ അസ്തിത്വം ലോകസൃഷ്ടിയ്ക്കു മുൻപേ ഉറപ്പിക്കുകയും ചെയ്‌തു. പ്രപഞ്ചത്തെ  സൃഷ്ടിക്കുന്നതിനു മുൻപുതന്നെ താൻ  സൃഷ്ടിക്കാനിരിക്കുന്ന  മനുഷ്യകുലത്തെക്കുറിച്ചുള്ള  തൻറെ പദ്ധതി പൂർത്തിയാക്കാൻ ഒരു സ്ത്രീ, ഒരമ്മ, മറിയം, വേണമെന്നു   ദൈവം അറിഞ്ഞിരുന്നു. മനുഷ്യാവതാരം ആദിപാപത്തെ തുടർന്നു  പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല. മറിച്ച് അനാദിയിൽ തന്നെ  നിഗൂഢമായി സൂക്ഷിക്കപ്പെട്ടതും ക്രിസ്തുവിൽ വെളിവാക്കപ്പെട്ടതുമായ ഒരു പദ്ധതി  ആയിരുന്നു (കൊളോ 1:26, എഫേ  3:9-12).

മറിയം  വിഭാവനം ചെയ്യപ്പെട്ടതും സൃഷ്ഠിക്കപ്പെട്ടതും  സ്വർഗത്തിലായിരുന്നു.   ആ മറിയത്തെ വളരെ ചുരുങ്ങിയ ഒരു കാലത്തേയ്ക്കു  മാത്രമായി സ്വർഗം   ഭൂമിയിലേക്കയച്ചു.  മനുഷ്യകുലത്തിൻറെ രക്ഷകന് അമ്മയായിരിക്കാനുള്ള   ഒരേയൊരു നിയോഗം  മാത്രം ഏറ്റുവാങ്ങിയാണ് അവൾ ഭൂമിയിലേക്കു  വന്നത്.   ക്രിസ്തുവിൻറെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും സ്വർഗാരോഹണവും കഴിഞ്ഞതോടെ മറിയത്തിൻറെ ദൗത്യത്തിൽ അവശേഷിച്ചിരുന്നത് ഒന്നു മാത്രം. യേശുവിൻറെ  ശിഷ്യന്മാരെ പ്രാർത്ഥനയിൽ ഒരുമിച്ചുകൂട്ടി അവർക്കു  പരിശുദ്ധാത്മാവിൻറെ  അഭിഷേകം  വാങ്ങിക്കൊടുത്ത് അവരെ  ലോകത്തിൻറെ അതിർത്തികൾ വരെയും സത്യത്തിനു സാക്ഷികളായി അയയ്ക്കുക.

അതും നിറവേറ്റിക്കഴിഞ്ഞപ്പോൾ മറിയം  നിശബ്ദമായി പിൻവാങ്ങി. തൻറെ ആത്മാവിൻറെ മരുഭൂമിയിലേക്കു പലായനം  ചെയ്ത മറിയത്തെ  പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു. ആ കാലയളവു കഴിഞ്ഞപ്പോൾ തികച്ചും  സ്വാഭാവികമായി അവൾ സ്വർഗത്തിലേക്ക്  എടുക്കപ്പെട്ടു.  മറിയം സ്വർഗാരോപിതയായി എന്നു  നാം വിശ്വസിക്കുന്നു.  അതു വെറുമൊരു വിശ്വാസമല്ല,  നൂറ്റാണ്ടുകളായി ക്രൈസ്തവർ വിശ്വസിച്ചുപോരുന്നതും  1950ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ തൻറെ Munificentissimus Deus  എന്ന പ്രമാണരേഖയിലൂടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചതുമായ വസ്തുതയാണ്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ജോൺ ഡമാഷീൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു; ‘തൻറെ കന്യകാത്വം  പ്രസവസമയത്തും  കാത്തുസൂക്ഷിച്ച മറിയത്തിൻറെ  ശരീരം  മരണത്തിനുശേഷവും ജീർണതയിൽ നിന്നു വിമുക്തമായിരിക്കുക എന്നതു  തികച്ചും ഉചിതവും ന്യായവുമത്രേ. ഒരിക്കൽ സ്രഷ്ടാവിനെ ഒരു കുഞ്ഞായി തൻറെ മാറോടു ചേർത്ത മറിയം  നിത്യതയിൽ സ്വർഗീയകൂടാരങ്ങളിൽ വസിക്കുക എന്നതും ന്യായമത്രേ.

സഭയിൽ ഏറ്റവും ആദ്യം  ആഘോഷിച്ചുതുടങ്ങിയ മരിയൻ തിരുനാൾ മാതാവിൻറെ സ്വർഗാരോഹണമാണ്. AD 451 ലെ Chalcedon  സൂനഹഹദോസിൽ വച്ച് അന്നത്തെ റോമൻ ചക്രവർത്തിയായ Marcian  ജറുസലേമിലെ പാത്രിയാർക്കീസിനോടു  മറിയത്തിൻറെ തിരുശേഷിപ്പുകൾ  കോൺസ്റ്റാൻറിനോപ്പിളിലേക്കു  കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ  മാതാവ് അപ്പസ്തോലന്മാരുടെ കാലത്തു തന്നെ മരിച്ചു സംസ്കരിക്കപ്പെട്ടുവെന്നും                പിന്നീട്   കല്ലറ തുറന്നപ്പോൾ അതു  ശൂന്യമായി കാണപ്പെട്ടു എന്നും അതുകൊണ്ട്  മറിയം ശരീരത്തോടുകൂടെ  തന്നെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടുവെന്നു  സഭ വിശ്വസിക്കുന്നു എന്നും പാത്രീയാർക്കീസ് മറുപടി പറഞ്ഞു.

പരിശുദ്ധനായ യേശു ആരിൽ നിന്നു മാംസം ധരിച്ചുവോ ആ മറിയത്തിൻറെ  ശരീരം  അഴുകിപ്പോകാൻ ദൈവം അനുവദിച്ചില്ല എന്നു  മാത്രമല്ല, ആത്മശരീരങ്ങളോടെ തന്നെ മറിയത്തെ സ്വർഗത്തിലേക്ക് എടുക്കപ്പെടാൻ അവിടുന്ന് തിരുമനസാവുകയും ചെയ്‌തു.   ജപമാലയുടെ അവസാനത്തെ രണ്ടു രഹസ്യങ്ങളിൽ നാം അനുസ്മരിക്കുന്നതു  മറിയത്തിൻറെ സ്വർഗാരോപണവും  ഭൂസ്വർഗങ്ങളുടെ രാജ്ഞിയായുള്ള കിരീടധാരണവുമാണ്.

‘സ്വർഗത്തിൽ  ദൈവത്തിൻറെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ വാഗ്ദാനപേടകം കാണായി’ (വെളി 11:19). പുതിയ വാഗ്ദാനപേടകവും  ദൈവം മനുഷ്യനായി ഇറങ്ങിവന്നു വസിച്ച ആലയവുമായ മറിയം സ്വർഗത്തിൽ  ആണുള്ളത്.  യോഹന്നാൻ അപ്പസ്തോലൻ വീണ്ടും എഴുതുന്നു. ‘സ്വർഗത്തിൽ  വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയായടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം’ (വെളി  12:1). മറിയം സ്വർഗത്തിൽ ഉണ്ട് എന്നു  മാത്രമല്ല അവൾ അവിടെ മഹത്വത്തിൽ വിരാജിക്കുകയാണ് . അവളുടെ കിരീടധാരണവും കഴിഞ്ഞിരിക്കുന്നു.

മറിയത്തിൻറെ സ്വർഗാരോപണം  നമുക്കു വലിയ പ്രത്യാശ നൽകുന്ന ഒന്നാണ്. നമ്മളും ഒരു ദിവസം സ്വർഗത്തിലേക്ക്, നമ്മുടെ അമ്മയുടെ അടുത്തേക്ക് എടുക്കപ്പെടും എന്നതാണു  നമ്മുടെ പ്രത്യാശ. ആത്മാവിൽ പുരളുന്ന പാപക്കറ ഒന്നുമാത്രമാണു  നമ്മെ സ്വർഗത്തിലേക്ക് ഉയരുന്നതിൽ  നിന്നു പുറകോട്ടുവലിക്കുന്നത്. മറിയം പാപത്തിൽ നിന്നു പൂർണ്ണമായും വിമുക്തയായിരുന്നതിനാൽ  അവൾ മരണനിമിഷത്തിൽ തന്നെ  സ്വർഗത്തിലേക്ക് എടുക്കപ്പെടുക എന്നത് എത്രയോ കൂടുതൽ ന്യായം!  മഹത്വത്തിൽ മറിയത്തെക്കാൾ താഴെയുള്ള ഏലിയാ പ്രവാചകൻ  അഗ്നിരഥത്തിലാണു                സ്വർഗത്തിലേക്ക് എടുക്കപ്പെട്ടത് എങ്കിൽ മറിയത്തെ സംവഹിക്കുവാൻ ദൈവം  മാലാഖമാരെത്തന്നെ അയച്ചതിൽ അതിശയിക്കാനില്ല.  ദൈവത്തിനു പ്രിയങ്കരനായി  ജീവിച്ച ഹെനോക്ക് മരണം കാണാതെ സ്വർഗത്തിലേക്കു  സംവഹിക്കപ്പെട്ടുവെങ്കിൽ  ഹെനോക്കിനെക്കാൾ എത്രയോ കൂടുതൽ ദൈവത്തെ  പ്രീതിപ്പെടുത്തിയ മറിയത്തിന് ആ സൗഭാഗ്യം   ദൈവം നിഷേധിക്കുമോ?

മറിയം സ്വർഗാരോപിതയാണ്. തൻറെ എല്ലാ മക്കളും സ്വർഗത്തിൽ  എത്തിച്ചേരുന്ന സുദിനത്തിനായി അമ്മ കാത്തിരിക്കുന്നു. അമ്മയുടെ മക്കളും കാത്തിരിക്കുന്നത് ആ സുദിനം തന്നെ.

സുകൃതജപം

പരിശുദ്ധ മറിയമേ, സ്വർഗാരോപിതയായ രാജ്ഞീ, സ്വർഗത്തിലേക്കുള്ള   യാത്രയിൽ മുന്നോട്ടുപോകാനാകാതെ ഞങ്ങളെ തളച്ചിടുന്ന  പാപബന്ധനങ്ങളിൽ നിന്നു  ഞങ്ങളെ മോചിപ്പിക്കണമേ

(47)

പരിശുദ്ധ ജപമാലയുടെ രാജ്ഞി

‘സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻറെ കൈയിൽ പാതാളത്തിൻറെ താക്കോലും വലിയ ഒരു ചങ്ങലയും   ഉണ്ട്. അവൻ  ഒരു ഉഗ്രസർപ്പത്തെ –  സാത്താനും പിശാചുമായ പുരാതനസർപ്പത്തെ – പിടിച്ച് ആയിരം  വർഷത്തേക്കു  ബന്ധനത്തിലാക്കി’ ( വെളി 20:1-2).

മോഷ്ടിക്കാനും  കൊല്ലാനും നശിപ്പിക്കാനുമാണു  കള്ളൻ   വരുന്നത് (യോഹ 10:10). ആദി മുതലേ കൊലപാതകിയും നുണയനും നുണയുടെ പിതാവുമായ  പിശാചു തന്നെയാണ് യേശു പറഞ്ഞ ആ കള്ളൻ.   അവൻറെ തല  തകർക്കാൻ വേണ്ടിയാണു മറിയത്തിൻറെ പുത്രൻ വന്നത്. ‘പിശാചിൻറെ പ്രവൃത്തികളെ  നശിപ്പിക്കുന്നതിനുവേണ്ടിയാണു  ദൈവപുത്രൻ  പ്രത്യക്ഷനായത് (1 യോഹ  3:8) യേശു അതു കുരിശിൽ നിർവഹിച്ചു. മറിയത്തിൻറെ ശത്രുതയും പിശാചിനോടായിരുന്നു.  എന്നാൽ ശത്രുവിനെ കീഴ്‌പ്പെടുത്താൻ  അവൾ ഉപയോഗിച്ച ആയുധം ജപമാല എന്ന ചങ്ങലയായിരുന്നു.

പ്രാർഥനകൾ എണ്ണിത്തീർക്കാനുള്ള  ഒരുപകരണമല്ല ജപമാല. അതു  പ്രാർത്ഥനയുടെ ഭാഗം  തന്നെയാണ്.  പന്ത്രണ്ട്, പതിമൂന്ന്  നൂറ്റാണ്ടുകളിൽ  സഭയെ പിടിച്ചുകുലുക്കിയ  ആൽബിജെൻസിയൻ  പാഷണ്ഡതയുടെ മുൻപിൽ നിസഹായനായി നിന്ന വിശുദ്ധ ഡൊമിനിക്കിന് അമ്മ പ്രത്യക്ഷപ്പെട്ടു നൽകിയ ആയുധമാണത്.         ആ ആയുധം കൊണ്ട് ആൽബിജെൻസിൻ പാഷാണ്ഡത മാത്രമല്ല പിന്നീടു  വന്ന മറ്റനേകം പാഷാണ്ഡതകളെയും സഭ പരാജയപ്പെടുത്തി.  ജപമാലയുടെ   ശക്തി കൊണ്ടാണ് 1571 ലെ ലെപാൻറോ  യുദ്ധത്തിൽ  യൂറോപ്പ് കീഴടക്കാൻ വന്ന  തുർക്കി ആക്രമണകാരികളെ  എണ്ണത്തിലും  ആയുധശക്തിയിലും  പിറകിലായിരുന്ന ക്രൈസ്തവർ  തോല്പിച്ചത്.

ലൂർദിൽ തുടങ്ങി ആധുനിക കാലത്തെ  പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളിൽ എല്ലായിടത്തും  തന്നെ ജപമാല ചൊല്ലേണ്ടതിൻറെ പ്രാധാന്യം മാതാവ് എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ അഞ്ചു  നൂറ്റാണ്ടിനിടയിൽ ജപമാലയുടെ പ്രാധാന്യം എടുത്തുപറയാത്ത  ഒരു മാർപ്പാപ്പ പോലുമില്ല. പരിശുദ്ധ ജപമാല രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥന ലുത്തിനിയായിൽ  ചേർത്തത് 1883 ൽ ലിയോ പതിമൂന്നാമൻ പാപ്പയാണ്.

ജപമാലയിൽ നന്മ നിറഞ്ഞ  മറിയമേ എന്ന പ്രാർത്ഥന ഭക്തിയോടും ശ്രദ്ധയോടും  വിനയത്തോടും കൂടെ     ആവർത്തിച്ച് ഉരുവിടുമ്പോൾ  അതു  പിശാചിനെ പലായനം ചെയ്യിക്കുന്ന ശത്രുവും  അവനെ ഇടിച്ചുപൊടിക്കുന്ന കൂടവുമായി മാറുന്നു  എന്ന്  ഒരു വിശുദ്ധൻ  പറയുന്നു. മറ്റു ചില വിശുദ്ധരുടെ അഭിപ്രായത്തിൽ  ആത്മാവിൻറെ വിശുദ്ധിയും, മാലാഖമാരുടെ സന്തോഷവും, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗാനവും, പുതിയനിയമത്തിലെ സങ്കീർത്തനവും, മറിയത്തിൻറെ  ആനന്ദവും, പരിശുദ്ധ ത്രിത്വത്തിൻറെ മഹത്വവും ആണു ജപമാല.  ആത്മാവിനെ ഫലപുഷ്ടമാക്കുവാൻ സ്വർഗത്തിൽ നിന്നു പെയ്യുന്ന മഞ്ഞുതുള്ളിയാണു  നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന. മറിയത്തിനു നാം നൽകുന്ന പരിപാവനവും  സ്നേഹനിർഭരവുമായ  ചുംബനമാണത്. നാം അവൾക്കു സമ്മാനിക്കുന്ന ചെമന്നതും പ്രകാശിക്കുന്നതുമായ റോസാ പുഷ്പവും അമൂല്യരത്നവും  ദൈവിക പീയുഷം നിറച്ച ചഷകവുമാണത് (യഥാർത്ഥ മരിയ ഭക്തിയിൽ നിന്ന്).

തീർച്ചയായും നമ്മുടെ രാജ്ഞിയായ മറിയത്തിനു നല്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിച്ചതും മറിയം ഏറ്റവും വിലമതിക്കുന്നതുമായ ഉപഹാരമാണു  ജപമാല. സാത്താനെ  ബന്ധിക്കാനായി അമ്മ നമുക്കു തന്നിരിക്കുന്ന ശക്തിയേറിയ ആയുധവുമാണത്.  ആ ആയുധം  കൈയിലുണ്ടായിട്ടും ഉപയോഗിക്കാതിരിക്കുന്നത് എത്രയോ വലിയ ദുരന്തമാണ്!

ജപമാല പാപത്തിനും പാപത്തിലേക്കു നയിക്കുന്ന പ്രലോഭനത്തിനും എതിരെ വലിയൊരു സംരക്ഷണക്കോട്ടയാണ്. ഒരുവൻ മാരകപാപത്തിലേക്കു വീഴുന്നതിനു മുൻപായി അവൻ ജപമാല ചൊല്ലുന്ന പതിവ് ഉപേക്ഷിച്ചിരിക്കും എന്നതു   തികച്ചും  സത്യമായ വസ്തുതയാണ്. ജപമാല ചൊല്ലുന്ന തൻറെ മക്കളെ മറിയം ഒരിക്കലും ഉപേക്ഷിക്കില്ല എന്നതു  നാം ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ സത്യമാണല്ലോ. അന്ത്യനാളുകളിൽ നമ്മുടെ  – മറിയത്തിൻറെയും- ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു  ചുറ്റിനടക്കുമ്പോൾ (1 പത്രോസ് 5:8) സാത്താനേ ദൂരെപ്പോവുക  എന്നു  പറയാൻ  നമുക്കു കഴിയണമെങ്കിൽ നമ്മുടെ കൈയിൽ ജപമാല ഉണ്ടായിരിക്കണം. അപകടങ്ങൾ നിറഞ്ഞ ആ കാലഘട്ടത്തിൽ  തിരുസഭാനൗകയ്ക്ക്  ആശ്രയിക്കാവുന്നതു  പരിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും മാത്രമായിരിക്കുമെന്ന വെളിപ്പെടുത്തൽ വിശുദ്ധ ഡോൺ ബോസ്‌കോയ്ക്ക് കിട്ടിയിട്ട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കാൻ ജപമാലപ്രാർത്ഥനയേക്കാൾ നല്ല മാർഗം  വേറെ എന്താണുള്ളത്?

വാഴ്ത്തപ്പെട്ട അലൻ ഡിലാ റോഷിനു  മാതാവ് വെളിപ്പെടുത്തിക്കൊടുത്തതു   മാലാഖയുടെ ‘ നന്മ  നിറഞ്ഞ മറിയമേ’ എന്ന അഭിവാദനത്തിലാണു  ലോക രക്ഷ ആരംഭിച്ചത് എന്നും അതു ചൊല്ലുവാൻ വെറുപ്പും മന്ദോഷ്ണതയും  അനാസ്ഥയും കാണിക്കുന്നതു നിത്യനാശത്തിൻറെ  വ്യക്തവും സുനിശ്ചിതവുമായ അടയാളമാണ്  എന്നുമായിരുന്നു.  പാഷാണ്ഡതക്കാരും അവിശ്വാസികളും നിരീശ്വരരും  ലൗകായതികരും   ജപമാലയെ വെറുക്കുന്നതിൻറെ കാരണം ഇതുതന്നെയാണ്. അതുവഴി അവർ തിരസ്കൃതരാവുകയും ചെയ്യുന്നു. എന്നാൽ  ദൈവകല്പനകൾ കാക്കുന്നവരും യേശുവിനു സാക്ഷ്യം  വഹിക്കുന്നവരുമായി  അവളുടെ  സന്താനങ്ങളിൽ ശേഷിച്ചിരുന്നവരോടു  യുദ്ധം ചെയ്യാനായി പിശാച് ഒരുമ്പെടുമ്പോഴെല്ലാം  (വെളി  12:17)  മറിയം കൈയിൽ ജപമാലയുമായി നമ്മുടെ  സഹായത്തിനെത്തുന്നു  എന്നതാണു  നമ്മുടെ എക്കാലത്തെയും  പ്രത്യാശയും സമാശ്വാസവും.

സുകൃതജപം

പരിശുദ്ധ അമ്മേ, സാത്താനെ  ബന്ധിക്കുന്ന ചങ്ങലയായ ജപമാലയുടെ രഹസ്യങ്ങൾ ഭക്തിയോടെ ധ്യാനിക്കാനും   അതുവഴി പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും അകന്നുനിൽക്കാനുമുള്ള കൃപ ഞങ്ങൾക്കു  വാങ്ങിത്തരണമേ.

(48)

കർമലസഭയുടെ അലങ്കാരമായ രാജ്ഞി

മറിയവും കർമലസഭയുമായുള്ള ബന്ധം കർമലസഭയുടെ തുടക്കം മുതലുള്ളതാണ്.  പതിമൂന്നാം നൂറ്റാണ്ടിൽ പലസ്തീനയിലെ കാർമൽ മലയിലായിരുന്നു   കർമലീത്താസഭയുടെ ആരംഭം.  മറ്റു സന്യാസസഭകളിൽ നിന്നു വ്യത്യസ്തമായി കർമലീത്താ ആധ്യാത്മികതയുടെ  മാതൃക അവരുടെ സ്ഥാപകനായിരുന്നില്ല, മറിച്ച് ഏലിയാ പ്രവാചകനായിരുന്നു. കർമലമലയിൽ ഏലിയാ ബാലിൻറെ പ്രവാചകന്മാരോട് ഏറ്റുമുട്ടിയ സ്ഥലത്തും അതിൻറെ പരിസരങ്ങളിലുമാണ് ആദ്യത്തെ കർമ്മലീത്താ ആശ്രമങ്ങൾ തുടങ്ങിയത്. ഈ സ്ഥലം ഇപ്പോഴത്തെ ഇസ്രായേലിൽ  ഹൈഫ തുറമുഖത്തിനടുത്താണ്. ക്രമേണ  പരിശുദ്ധ അമ്മയോടുള്ള ഭക്തി സഭയിൽ കൂടുതൽ വ്യാപകമായി.

മെഡിറ്ററേനിയൻ കടലിന് അഭിമുഖമായി നിൽക്കുന്ന പ്രധാന കർമലീത്താ  ആശ്രമത്തിനു നല്ലിയ പേരു  തന്നെ സമുദ്രതാരം (Stella Maris) എന്നായിരുന്നു.  ഇതു സഭയുടെ ആഗോള  മാതൃഭവനമായി അറിയപ്പെടുന്നു. കുറച്ചുകാലങ്ങൾക്കുശേഷം  മുസ്ലിം ആക്രമണകാരികൾ  ആ പ്രദേശങ്ങൾ കീഴടക്കിയപ്പോൾ  കർമലീത്താസന്യാസികളിൽ ഭൂരിപക്ഷവും യൂറോപ്പിലേക്കു  പലായനം ചെയ്തു. കാർമൽ മല  വിട്ടുപോകാത്തവരെ മുസ്ലിം സൈന്യം കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

‘യൂദയയെയും ജെറുസലേമിനെയും കുറിച്ച് ആമോസിൻറെ പുത്രനായ ഏശയ്യായ്ക്കുണ്ടായ  അരുളപ്പാട്. അവസാനനാളുകളിൽ  കർത്താവിൻറെ  ആലയം സ്ഥിതിചെയ്യുന്ന പർവതം എല്ലാ പർവ്വതങ്ങൾക്കും  മുകളിൽ ഉയർന്നു നിൽക്കും.  എല്ലാ ജനതകളും അതിലേക്ക് ഒഴുകും’ (ഏശയ്യാ 2:1-2).  സമുദ്രതീരത്ത്  ഉയർന്നു നിൽക്കുന്ന കാർമൽ മലയിൽ നിന്നും ആരംഭിച്ച കർമലീത്താ ആത്മീയചൈതന്യം ഇന്നു  സഭയെ കൂടുതൽ ധന്യമാക്കുന്നു.

സഭയുടെ ഒരു വിഷമഘട്ടത്തിൽ കർമലീത്താ സഭാംഗമായ സൈമൺ സ്റ്റോക്കിനു  പരിശുദ്ധ അമ്മ നൽകിയ  ഉത്തരീയം  (വെന്തിങ്ങ) ക്രമേണ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചുരപ്രചാരം സിദ്ധിച്ചു.   ഉത്തരീയം  നൽകുമ്പോൾ മാതാവ് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: ‘എൻറെ പ്രിയ മകനേ,  നിൻറെ സഭയ്ക്കായുള്ള ഈ ഉത്തരീയം സ്വീകരിക്കുക. നിനക്കും കാർമലിൻറെ  മക്കൾക്കുമായി ഞാൻ വാങ്ങിത്തന്നിരിക്കുന്ന   പ്രത്യേകാനുകൂല്യത്തിൻറെ   അടയാളമാണിത്. ഇതു  രക്ഷയുടെ അടയാളവുമാണ്.  അപകടങ്ങളിൽ  ആശ്രയവും  സമാധാനത്തിൻറെ വാഗ്ദാനവും  കാലങ്ങളുടെ അവസാനം വരെയുള്ള പ്രത്യേക സംരക്ഷണവും ആണിത്. ഈ ഉത്തരീയം ധരിച്ചുകൊണ്ടു മരിക്കുന്നവർ നിത്യാഗ്നിയിൽ പതിക്കുകയില്ല.’  സഭയ്ക്കു മാതാവിൻറെ സംരക്ഷണത്തിൻറെ   അടയാളമായ  ഉത്തരീയം  നൽകപ്പെട്ടതു  കർമലീത്താസഭയിൽ കൂടിയാണ് എന്നറിയുമ്പോൾ  കർമല സഭയുടെ രാജ്ഞീ എന്ന അഭിസംബോധന എത്രയോ  അനുയോജ്യമായിരിക്കുന്നു!

പതിനഞ്ചാം നൂറ്റാണ്ടിൽ സ്ത്രീകൾക്കുവേണ്ടിയുള്ള കർമലീത്താസന്യസസഭകൾ ആരംഭിച്ചു. ആവിലായിലെ അമ്മത്രേസ്യയും ലിസ്യുവിലെ കൊച്ചുത്രേസ്യയും കർമലീത്താ സഭയിൽ അംഗങ്ങളായിരുന്നു. ഫാത്തിമയിലെ ദർശകയായ സിസ്റ്റർ ലൂസിയും കർമലീത്താസഭാംഗമായിരുന്നു. ഫാത്തിമയിലെ ഒരു ദർശനത്തിൽ പരിശുദ്ധജനനി പ്രത്യക്ഷപ്പെട്ടതു  കർമല  മാതാവിൻറെ രൂപത്തിൽ ഉത്തരീയവും കൈയിൽ പിടിച്ചുകൊണ്ടാണ്. സിസ്റ്റർ ലൂസി അതേക്കുറിച്ചു  പിന്നീടൊരിക്കൽ  പറഞ്ഞതു  ജപമാലയും ഉത്തരീയവും പരസ്പരം വേർപെടുത്താൻ സാധിക്കില്ല എന്നാണ്.

സഭയിലെ  മഹാവിശുദ്ധരിൽ പലരും കർമലീത്താ സന്യാസികളായിരുന്നു.  കുരിശിൻറെ വിശുദ്ധ യോഹന്നാനും  മേരി മഗ്ദലീൻ  പാസിയും ഈഡിത്ത് സ്റ്റെയിനും  മുതൽ എവുപ്രാസ്യമ്മയും ചാവറ പിതാവും  വരെ ആ  പട്ടിക നീളുന്നു. കർമലീത്താ സഭയുടെ ആധ്യാത്മികത എന്നതു  മറിയത്തിൻറെ ആന്തരിക ജീവിതത്തെ  മാതൃകയാക്കിക്കൊണ്ടുള്ള ഒന്നാണ്. ശുദ്ധീകരണ സ്ഥലത്തുള്ള  ആത്മാക്കളുടെ സഹായകയായും  കർമലമാതാവിനെ വിശേഷിപ്പിക്കുന്നു. കർമലിലെ സുന്ദരപുഷ്പവും  ഫലസമ്പൂർണയായ മുന്തിരിയുമായ  മറിയത്തിൻറെ പ്രിയമക്കളായ കർമലീത്താ സഭാംഗങ്ങളാണ്  പലപ്പോഴും  സഭയുടെ നവീകരണത്തിനു   മുന്നിട്ടിറങ്ങിയത് എന്നതിൽ നമുക്കു   മറിയത്തിനു നന്ദി പറയാം. 

സുകൃതജപം

പരിശുദ്ധ അമ്മേ, കർമലറാണീ, അങ്ങയുടെ ആന്തരികജീവിതമാതൃക അനുകരിക്കാൻ ഞങ്ങളെ  പഠിപ്പിക്കണമേ.

(49)

സമാധാനത്തിൻറെ രാജ്ഞി  

പരമ്പരാഗതമായി മാതാവിൻറെ ലുത്തിനിയ സമാപിക്കുന്നത് സമാധാനത്തിൻറെ രാജ്ഞീ എന്ന അഭിസംബോധനയോടെയാണ്. 1917 ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പയാണ് സമാധാനത്തിൻറെ രാജ്ഞി എന്ന വിശേഷണം ലുത്തിനിയയിൽ ചേർത്തത്. ഒന്നാം ലോകമഹായുദ്ധ കാലത്തു  സമാധാനത്തിൻറെ മാതാവിൻറെ തിരുസ്വരൂപം നിർമിച്ച പാപ്പ യുദ്ധം കഴിഞ്ഞപ്പോൾ അതു റോമിലെ Mary Majo ബസിലിക്കയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

ലോകത്തിനു സമാധാനം നൽകിയതു മറിയമാണ്.  കാരണം ആരെക്കുറിച്ചാണോ അവൻ നമ്മുടെ സമാധാനമാണ്  (എഫേ  2:14) എന്നു പറയപ്പെട്ടിരിക്കുന്നത് ആ യേശുവിനെ ലോകത്തിനു നൽകിയതു മറിയമാണ്. ഉത്ഥാനശേഷം ശിഷ്യന്മാർക്കു [പ്രത്യക്ഷപ്പെട്ട ക്രിസ്തു അവരോട് ആദ്യം പറഞ്ഞതും നിങ്ങൾക്കു  സമാധാനം (യോഹ 20:19) എന്നായിരുന്നുവല്ലോ.   അതിനു മുൻപ് തന്നെ താ ൻ നല്കാൻ പോകുന്ന ശാശ്വതമായ സമാധാനത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു.  ‘ഞാൻ നിങ്ങൾക്കു  സമാധാനം  തന്നിട്ടു  പോകുന്നു. എൻറെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്’ ( യോഹ. 14:27).

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതു  സമാധാനത്തിൽ ജീവിക്കാൻ വേണ്ടിയായിരുന്നു. പാപം  ചെയ്യുന്നതുവരെയും ആദവും ഹവ്വയും തികഞ്ഞ സമാധാനത്തിലായിരുന്നു ജീവിച്ചിരുന്നതും.   മരണമെന്നതുപോലെ  അസമാധാനവും  ‘പിശാചിൻറെ അസൂയ നിമിത്തമാണു ‘ (ജ്ഞാനം 2:24) ഭൂമിയിൽ പ്രവേശിച്ചത്. അവൻറെ പക്ഷക്കാർ ഇന്നും അത് അനുഭവിക്കുന്നു ( ജ്ഞാനം 2:24). ഹവ്വയ്ക്കു  തൻറെ പാപത്തിൻറെ പ്രതിഫലമായി കിട്ടിയ അസമാധാനവും അശാന്തിയും അവൾ തൻറെ  പിൻ തലമുറകളിലേക്കും പകർന്നു.  അതിൻറെ ചരിത്രം കായേൻ മുതൽ തുടങ്ങുന്നു.

സത്യത്തിൽ ക്രിസ്തുവിൻറെ സമാധാനമാണു  നമ്മുടെ ഹൃദയങ്ങളെ ഭരിക്കേണ്ടിയിരുന്നത് (കൊളോ  3:15). അവൻറെ പേരു തന്നെ സമാധാനത്തിൻറെ രാജാവ് (ഏശയ്യാ 9:6) എന്നാണല്ലോ. അവൻറെ സമാധാനം അനന്തമായിരിക്കുമെന്നും പ്രവാചകൻ പറയുന്നു (ഏശയ്യാ  9:7). ആ സമാധാനത്തിൻറെ അവകാശികൾ ഭൂമിയിൽ ദൈവകൃപ ലഭിച്ചവർ മാത്രമായിരിക്കും എന്നു ,മാലാഖമാർ പാടി.   ‘ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം’ ( ലൂക്കാ  2:14). ഹവ്വാ നഷ്ടപ്പെടുത്തിയ സമാധാനം അതിനുശേഷം അതിൻറെ പൂർണമായ അർത്ഥത്തിൽ അനുഭവിച്ച ആദ്യത്തെ വ്യക്തി മറിയമായിരുന്നു. മറിയത്തെ  ദൈവകൃപ നിറഞ്ഞവളേ എന്നു ദൈവദൂതൻ വിളിക്കുന്നതിൻറെ അർഥം അതാണ്.

പരിശുദ്ധാത്മാവിൻറെ  ഫലങ്ങളിൽ ഒന്നാണു സമാധാനം (ഗലാ  5:22). അത് ആവോളം ആസ്വദിച്ചവളാണു മറിയം. നമ്മുടെ ദൈവം സമാധാനത്തിൻറെ ദൈവമാണ്. സമാധാനത്തിൻറെ ദൈവം  ഉടൻ തന്നെ  പിശാചിനെ നിങ്ങളുടെ കാൽക്കീഴിലാക്കി തകർത്തുകളയും  (റോമാ  16:20) എന്ന് പൗലോസ് ശ്ലീഹാ എഴുതിയതും  സ്ത്രീയുടെ സന്തതി പിശാചിൻറെ തല തകർക്കുമെന്ന ഉല്പത്തി പുസ്തകത്തിലെ പ്രവചനവും  (ഉൽ 3:15) ഒരുമിച്ചു ധ്യാനിക്കുന്നതു നല്ലതാണ്.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളിൽ അനേക തവണ ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണു  സമാധാനം.  1981 ജൂണിൽ ആരംഭിച്ച മെജുഗോറിയയിലെ  പ്രത്യക്ഷീകരണങ്ങളിൽ  പരിശുദ്ധ കന്യക സമാധാനത്തിൻറെ അമ്മയായി സ്വയം വെളിപ്പെടുത്തി. ലോകം അതിൻറെ തെറ്റായ വഴികൾ തിരുത്തി ദൈവത്തിലേക്ക് അടുക്കുന്നില്ലെങ്കിൽ  മനുഷ്യർക്ക്  ഒരിക്കലും സമാധാനം അനുഭവിക്കാൻ സാധിക്കില്ല എന്നു മാത്രമല്ല   യുദ്ധങ്ങൾ, ദുരന്തങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിങ്ങനെ സമാധാനം കെടുത്തുന്ന  അനേകം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നും അമ്മ പല തവണ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ഫാത്തിമയിലും അമ്മ ആവശ്യപ്പെട്ടതു സമാധാനത്തിനു വേണ്ടി പ്രാർഥിക്കാനാണ്. സമാധാനത്തിനുള്ള മാർഗമായി തൻറെ  വിമലഹൃദയത്തോടുള്ള ഭക്തി അമ്മ നിർദേശിക്കുകയും ചെയ്‌തു.

നമ്മുടെ യാത്ര ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കുന്ന (ഏശയ്യാ 11:6) ദൈവരാജ്യത്തിലേക്കാണ്. ആ ദൈവാരാജ്യമാകട്ടെ   ‘നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും’ ( റോമാ  14:17) അല്ലാതെ മറ്റൊന്നുമല്ല.   നമുക്കായി സകല നീതിയും പൂർത്തിയാക്കുകയും സമാധാനം നമുക്കു വാഗ്ദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ നമ്മുടെ മേൽ അയയ്ക്കുകയും ചെയ്തുകൊണ്ട് ദൈവരാജ്യത്തിൻറെ വിത്തുകൾ  ക്രിസ്തു നമ്മുടെ ഹൃദയത്തിൽ വിതച്ചിരിക്കുന്നു.

ആ വിത്തു  വഴിയരികിലോ പാറപ്പുറത്തോ മുൾച്ചെടികളുടെ ഇടയിലോ വീണു നഷ്ടപ്പെടാതെ,  ഉത്കൃഷ്ടമായ ഹൃദയത്തിൽ വീഴാനും  വളർന്നു നൂറുമേനി ഫലം പുറപ്പെടുവിക്കാനുമായി സമാധാനത്തിൻറെ രാജ്ഞിയുടെ മാധ്യസ്ഥം തേടി നമുക്ക് അപേക്ഷിക്കാം.

സുകൃതജപം

 ഈശോമിശിഹായുടെ വാഗ്ദാനമായ സമാധാനത്തിനു  ഞങ്ങൾ യോഗ്യരാകുവാൻ, സമാധാനത്തിൻറെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.